Wednesday, January 23, 2008

സ്നേഹിയ്ക്കുന്നത്..


ചിലര്‍ സ്നേഹിച്ചു തുടങ്ങിയിട്ടാണ്
പറയുന്നത്, ‘ഇഷ്ടമായി’ എന്നെങ്കിലും.
സ്നേഹം ഭ്രാന്താവുമ്പോള്‍ മാത്രം
ഗത്യന്തരമില്ലാതെ
“നിന്നെ ഞാന്‍ സ്നേഹിയ്ക്കുന്നു”വെന്നും
പറഞ്ഞൊപ്പിയ്ക്കുന്നു.
എന്നിട്ടവസാനം ഇക്കൂട്ടര്‍
സ്നേഹിച്ചങ്ങ് കൊല്ലും.


ചിലര്‍ക്കൊറ്റ സ്നേഹമേ ഉണ്ടാകൂ..
തുടക്കം മൊതല്‍ക്കേ,
ഭ്രാന്ത് പിടിച്ച ഒരൊറ്റ സ്നേഹം മാത്രം.
ഒരു ഭ്രാന്തന്‍ സ്നേഹം.

ഇനിയും ചിലര്‍
തലയും വാലുമില്ലാതെ,
മേലും കീഴും നോക്കാതെ
തലങ്ങും വിലങ്ങും കണ്ണുമടച്ചങ്ങ്
സ്നേഹിച്ചു കളയും.
അന്ധമായി.

വേറെയൊരു കൂട്ടരുണ്ട്.
സ്നേഹസാഗരം.
സ്നേഹിയ്ക്കുന്നുവെന്ന്
പറയാതെ, ഉച്ചരിയ്ക്കാതെ,
സ്വയമറിയുക പോലും ചെയ്യാതെ
ജീവശ്വാസമായി ജീവിച്ച്, മണ്ണോടു ചേര്‍ന്ന്,
ഒടുവില്‍ സ്നേഹം
മണ്ണിനു വളമാക്കി, പുല്‍നാമ്പുകളായി,
പ്രാണവായുവായി
വീണ്ടും കോരിച്ചൊരിയുന്നവര്‍.
പ്രകൃതിയായി, അമ്മയായി
.

അതിനെ മഹത്തായ സ്നേഹം എന്നു വിളിച്ചാല്‍ മതിയോ?









അടിക്കുറിപ്പ് :
‘പികാസ്സ‘യില്‍ നിന്നും കിട്ടിയ ഈ ‘മരത്തോ‍ട്’ വല്ലാത്ത ഒരു സ്നേഹം തോന്നി.
നിയന്ത്രണം വിട്ടു പോയി.

ചിത്രത്തിന് കടപ്പാട് : ഗൂഗ് ള്‍ പികാസ്സ.

8 comments:

കണ്ണൂരാന്‍ - KANNURAN said...

അവസാനത്തെ ഖണ്ഡിക വളരെ നന്നായിരിക്കുന്നു. prakr^thi - പ്രകൃതി ഇങ്ങനെയെഴുതാം.:)

ശ്രീ said...

"സ്നേഹിയ്ക്കുന്നുവെന്ന്
പറയാതെ, ഉച്ചരിയ്ക്കാതെ,
സ്വയമറിയുക പോലും ചെയ്യാതെ
ജീവശ്വാസമായി ജീവിച്ച്, മണ്ണോടു ചേര്‍ന്ന്,
ഒടുവില്‍ സ്നേഹം
മണ്ണിനു വളമാക്കി, പുല്‍നാമ്പുകളായി,
പ്രാണവായുവായി
വീണ്ടും കോരിച്ചൊരിയുന്നവര്‍.
പ്രകൃതിയായി, അമ്മയായി..."

വളരെ നന്നായിരിയ്ക്കുന്നു, ചേച്ചീ... അങ്ങനെയുള്ളവരാകട്ടെ എല്ലാവരും.
:)

ചീര I Cheera said...

കണ്ണൂരാനേ, തിരുത്തി.
ശ്രീയേ.. :)

ഗീത said...

പലതരം സ്നേഹത്തെ കുറിച്ചെഴുതിയിരിക്കുന്നത് നന്നായിരിക്കുന്നു.

എന്റെ അറിവില്‍ മിക്ക സ്നേഹങ്ങളും തന്‍ കാര്യ ലാഭത്തിനായി മാത്രം....

പിന്നെ അപൂര്‍വം ചിലര്‍ പി.ആര്‍. അവസാനം വിവരിച്ചതുപോലെ ആയേയ്ക്കാം........


ആദ്യമായാണിവിടെ............

ഹരിശ്രീ said...

സ്നേഹിയ്ക്കുന്നുവെന്ന്
പറയാതെ, ഉച്ചരിയ്ക്കാതെ,
സ്വയമറിയുക പോലും ചെയ്യാതെ
ജീവശ്വാസമായി ജീവിച്ച്, മണ്ണോടു ചേര്‍ന്ന്,
ഒടുവില്‍ സ്നേഹം
മണ്ണിനു വളമാക്കി, പുല്‍നാമ്പുകളായി,
പ്രാണവായുവായി
വീണ്ടും കോരിച്ചൊരിയുന്നവര്‍.
പ്രകൃതിയായി, അമ്മയായി.

മനോഹരം...

ആശംസകള്‍

ചീര I Cheera said...

ഗീതാഗീതികള്‍, ഹരിശ്രീ..
നന്ദി.
സത്യത്തില്‍ അവസാന ഘണ്ടിക ആ മരത്തെ ഉദ്ദേശ്ശിച്ചു കൊണ്ടായിരുന്നു, അതേറ്റില്ലല്ലേ..
:)

പ്രയാസി said...

ചേച്ചിയേ.. എന്തായിത്..
ഒടുക്കത്തെ സ്നേഹം കലക്കീല്ലൊ..:)

Malayali Peringode said...

നന്നായിട്ടുണ്ട് :)