Tuesday, October 23, 2007

പനിനീര്‍പൂ

"അമ്മേ,അമ്മേ.. തങ്കൂട്ടിയ്ക്ക്‌ മാത്രം സ്കൂളില്‌ പോണ്ട ട്ടൊ.. ഏട്ടന്‍ വേണങ്കില്‍ പൊക്കോട്ടെ.. ഇനിയ്ക്ക്‌ വീട്ടിലിര്‌ന്നാല്‍ മതി, ട്ടൊ അമ്മേ.. അമ്മേ ട്ടൊ.....ട്ടോ..."



മൂന്നര വയസ്സുള്ള തങ്കക്കുട്ടി അമ്മയുടെ സമ്മതത്തിന്റെ മൂളല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടി. രണ്ട്‌ രണ്ടര വയസ്സാകുമ്പോഴേയ്ക്കും തന്നെ നന്നായി സംസാരിയ്ക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു അവള്‍, തങ്കം - അമ്മയുടേയും അച്ഛന്റേയും അഞ്ചില്‍ പഠിയ്ക്കുന്ന ഏട്ടന്റേയും തങ്കൂട്ടി -



ഇത്‌ പലതവണ ആവര്‍ത്തിച്ചപ്പോള്‍ അമ്മ ഉറപ്പിച്ചു, " ഉം... ഇവള്‍ സ്കൂളില്‍ പോകാറായാല്‍ വാശി പിടിയ്ക്കും എന്നതിന്‌ ഒരു സംശയവും വേണ്ട".. അമ്മ മാനസികമായും ശാരീരികമായും തയ്യാറെടുത്തു തുടങ്ങി. ബന്ധു മിത്രാദികളോട്‌ മുന്‍ കൂട്ടി പറഞ്ഞു വെച്ചു, "തങ്കം കരയുമെന്ന് ഉറപ്പാ.."



അങ്ങനെ തങ്കൂട്ടിയെ നേര്‍സറിയില്‍ ചേര്‍ക്കാനുള്ള സമയം അടുത്തെത്തിയപ്പോഴേയ്ക്കും അമ്മ ഒരു യുദ്ധത്തിനു വേണ്ട തയ്യാറെടുപ്പെടുത്തു കഴിഞ്ഞിരുന്നു. എന്തൊക്കെയാ വേണ്ടി വരാന്നറിയില്ലല്ലോ..



എന്നാല്‍, തങ്കക്കുട്ടി ഉത്സാഹത്തോടെ പുതിയ വാട്ടര്‍ബോട്ടിലും, ലഞ്ച്‌ ബോക്സും ഒക്കെ കടയില്‍ നിന്നും തിരഞ്ഞെടുത്തു. പുതിയ ബാഗില്‍ ബാര്‍ബിയുടെ ചിത്രം കണ്ട്‌ അവളുടെ മനസ്സ്‌ പൂത്തുലഞ്ഞു. അവളത്‌ നിലത്ത്‌ വെയ്ക്കാതെ കൊണ്ടു നടന്നു. വെള്ളം കുടി എപ്പോഴും പുതിയ വാട്ടര്‍ബോട്ടിലില്‍ നിന്നുമാക്കാന്‍ തീരുമാനിച്ചു. "തങ്കം, അത്‌ ഇപ്പൊ തന്നെ കേടു വരുത്തണ്ട" എന്ന അമ്മയുടെ സ്നേഹ ശാസനയൊന്നും ആ കുഞ്ഞു ചെവിയിലൂടെ പോയതേയില്ല. പുതിയ യൂണിഫോം തുന്നിച്ച്‌ അച്ഛന്‍ കൊണ്ടു വന്നപ്പോള്‍ സന്തോഷം കൊണ്ട്‌ തുളിച്ചാടി, "ഇപ്പൊ തന്നെ ഇത്‌ ഇടണം" എന്ന് പറഞ്ഞ്‌ അമ്മയുടെ പിന്നാലെ നടന്നു.



തങ്കക്കുട്ടിയുടെ സന്തോഷം അമ്മയുടെ മനസ്സിനെ ഒന്നയച്ചു വിട്ടു - "പുതിയ സാധനങ്ങളൊക്കെ കണ്ട്‌ മയങ്ങിയ സ്ഥിതിയ്ക്ക്‌ അവളിനി കരയില്ലായിരിയ്ക്കും..." ഒരു വ്യാമോഹം ഉള്ളില്‍ മൊട്ടിട്ടു.



ചേരലൊക്കെ കഴിഞ്ഞ്‌ നേര്‍സറിയില്‍ പോകേണ്ട ആദ്യ ദിവസമായി. തങ്കക്കുട്ടി ബാര്‍ബി ബാഗും, വാട്ടര്‍ ബോട്ടിലും, ലഞ്ച്‌ ബോക്സും, ഷൂസും സോക്സും ഒക്കെ എടുത്ത്‌ തയ്യാറായി. അമ്മയുടെ ഹൃദയ മിടിപ്പ്‌ വേര്‍തിരിച്ച്‌ കേള്‍ക്കാന്‍ തുടങ്ങി, "ഇപ്പൊ കരയും, ഇപ്പൊ കരയും" എന്ന് അമ്മ ഓരോ നിമിഷവും കാതോര്‍ത്തു. പക്ഷെ, അമ്മയുടെ വിരല്‍ത്തുമ്പ്‌ പിടിച്ചു കൊണ്ട്‌ സന്തോഷത്തോടെ തങ്കക്കുട്ടി ഗെയ്റ്റിനു പുറത്തു കടക്കുകയാണുണ്ടായത്‌.





സ്കൂളില്‍ ചെന്നപ്പോള്‍ സ്ഥിതി അതി ദയനീയം. കുട്ടികളുടെ അലമുറയിടല്‍ പുറത്തേയ്ക്ക്‌ കേള്‍ക്കാം. ടീച്ചര്‍മാരും ആയമാരും കുട്ടികളെ അകത്തേയ്ക്ക്‌ ബലമായി പിടിച്ചു കൊണ്ടു പോയി വാതിലടയ്ക്കുന്നു. അച്ഛനമ്മമാര്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തരായി, പുറത്ത്‌ തന്നെ നിലയുറപ്പിയ്ക്കുന്നു. ഒരു കൊച്ചു കുട്ടി നിലത്ത്‌ കിടന്നുരുണ്ട്‌ കരയാനുള്ള ശേഷി പോലും നഷ്ടപ്പെട്ട്‌, തേങ്ങല്‍ മാത്രം ബാക്കിയായി തുടുത്ത മുഖവുമായി മണ്ണില്‍ കിടക്കുന്നു. ആയ അവനെ പതുക്കെ എടുത്തു കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ട്‌, കുട്ടിയുടെ മാതാപിതാക്കളോട്‌ കണ്‍ വെട്ടത്ത്‌ നിന്നും മാറി നില്‍ക്കുവാന്‍ ആജ്ഞാപിയ്ക്കുന്നു.. അലിയുന്ന മനസ്സോടെ അച്ഛനമ്മമാര്‍ അവിടെ നിന്നും മാറി നില്‍ക്കുന്നു. അമ്മയുടെ വിരലിലെ കുഞ്ഞു കയ്യിന്റെ പിടി മുറുകി. അമ്മ സ്വയമറിയാതെ തന്നെ തങ്ക കുട്ടിയെ ഒക്കത്തെടുത്തു വെച്ചു പോയി. അവള്‍ അമ്മയുടെ തോളില്‍ തല ചായ്ച്ചു, ഭയത്തോടെ.



ഒരു ടീച്ചര്‍ വന്ന് അവളെ അമ്മയുടെ കയ്യില്‍ നിന്നും വാങ്ങി ക്ലാസ്സിലേയ്ക്ക്‌ കൊണ്ടു പോയി. അമ്മയുടെ ഹൃദയഭാരം വല്ലാതെ കൂടി, ഭാവപകര്‍ച്ചകളോടെ അമ്മ അവളെ തുളുമ്പുന്ന സ്നേഹവാല്‍സല്യങ്ങളോടെ നോക്കി.. തങ്കക്കുട്ടി ടീച്ചറുടെ തോളില്‍, അമ്മയെ നോക്കി മിണ്ടാതെ കിടക്കുന്നു!



അമ്മയ്ക്ക്‌ സമാധാനവും അഭിമാനവും ഒരുപോലെ തോന്നി, ആ രംഗം കണ്ടിട്ട്‌. മറ്റ്‌ മാതാപിതാക്കളും അദ്ഭുതത്തോടെ തന്നെ നോക്കുന്നുണ്ടെന്ന് അമ്മയ്ക്ക്‌ മനസ്സിലായി. "മോള്‍ക്ക്‌ ഒരു വാശിയുമില്ല ട്ടൊ, ഷി ഈസ്‌ പെര്‍ഫക്റ്റ്‌ ലി ആള്രൈറ്റ്‌.." ടീച്ചര്‍ അമ്മയോട്‌ പറഞ്ഞു, ക്ലാസ്സ്‌ കഴിഞ്ഞ്‌ തങ്കക്കുട്ടിയെ അമ്മയെ ഏല്‍പ്പിയ്ക്കുമ്പോള്‍. അന്ന് തങ്കക്കുട്ടിയ്ക്ക്‌ രണ്ട്‌ കവിളും നിറച്ച്‌ ഉമ്മകള്‍ കിട്ടി, അമ്മ വക.



മറ്റു മാതാപിതാക്കളുടെ 'കഷ്ടപ്പാടുകള്‍' അമ്മ ശ്രദ്ധാപൂര്‍വം കേട്ടു, ഉള്ളിലെ സന്തോഷം മറച്ചു വെച്ചു കൊണ്ട്‌. "മോള്‍ക്ക്‌ കരച്ചിലൊന്നുമില്ലേ.." തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ "ഏയ്‌ ഒട്ടുമില്ല" എന്ന് ഉത്സാഹത്തോടെ മറുപടി പറഞ്ഞു. തന്റെ ബന്ധുക്കളോടും അവര്‍ തെല്ലും ശങ്കകളില്ലാതെ സന്തോഷത്തോടെ പറഞ്ഞു, "തങ്കത്തിനൊട്ടും മടിയില്ല നേര്‍സറിയില്‍ പോകാന്‍" എന്ന്.





അങ്ങനെ തങ്കക്കുട്ടി അമ്മയുടെ മിടുക്കി കുട്ടിയായി ദിവസവും നേര്‍സറിയില്‍ പോയി വന്നു. രാവിലെ ചുറുചുറുപ്പോടെ എണീറ്റ്‌, പല്ലൊക്കെ തേച്ച്‌, ഒരു വാശിയും ബഹളവുമില്ലാതെ, ബസ്സില്‍ കേറി അമ്മയ്ക്ക്‌ റ്റാറ്റ കാണിച്ച്‌ ചിരിച്ചുകൊണ്ട്‌ പോവുകയും, ഉച്ചയ്ക്ക്‌ മിടുക്കിയായി അമ്മയുടെ അരികിലേയ്ക്ക്‌ ബസ്സില്‍ നിന്നും ഇറങ്ങി ഓടിയണയുകയും ചെയ്തു. അമ്മയ്ക്ക്‌ പുതിയ പുതിയ "റൈംസ്‌" ഒക്കെ പാടി കേള്‍പ്പിച്ചു കൊടുത്തു, അത്‌ മാത്രമല്ല, വീട്ടില്‍ വരുന്നവര്‍ക്കും വഴിയില്‍ പോകുന്നവര്‍ക്കും ഫോണിലും എന്നുവേണ്ട എല്ലാവര്‍ക്കും അവള്‍ ഉത്സാഹത്തോടെ റൈംസ്‌ പാടി കൊടുത്ത്‌, അവരുടെയൊക്കെ പ്രശംസ പിടിച്ചു പറ്റി. "സ്കൂളില്യ്ക്ക്‌ പോവാന്‍ തൊടങ്ങ്യോ"? എന്ന ചോദ്യങ്ങള്‍ക്ക്‌, "സ്കൂളില്യ്ക്കല്ല, തങ്കൂട്ടി നേര്‍സറീല്യ്ക്കാ പോണത്‌" എന്ന് തിരുത്തി കൊടുക്കന്നത്‌ കേട്ട്‌ അമ്മയ്ക്ക്‌ അവളോടുള്ള വിശ്വാസവും വര്‍ദ്ധിച്ചു വന്നു.



അപ്പോഴും മറ്റു പല കുട്ടികളും കരച്ചിലും വാശിയും തുടര്‍ന്നു കൊണ്ടിരുന്നു, അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാടുകളും. അമ്മയ്ക്കാണെങ്കിലോ, തയ്യാറാക്കി വെച്ചിരുന്ന 'യുദ്ധ സന്നാഹങ്ങള്‍' ഒരോന്നായി വലിച്ചെറിഞ്ഞ്‌, ആശ്വാസത്തോടെ ഇനി ഒന്നു കാലു നീട്ടിയിരിയ്ക്കാമല്ലോ എന്ന മട്ട്‌.





അങ്ങനെയിരിയ്ക്കെ, എല്ലാം ശാന്തമായപ്പോളാണ്‌ ഒരു ദിവസം തങ്കക്കുട്ടിയ്ക്ക്‌ ഒന്നിടയാന്‍ തോന്നിയത്‌. യോണിഫോമും ഷൂസും എല്ലാം ഇട്ട്‌ ബാഗും കയ്യില്‍ പിടിച്ച്‌ നില്‍ക്കുമ്പോള്‍, പെട്ടെന്ന് ഒരു ബോധോദയം."ഇനിയ്ക്കിന്ന് നേര്‍സറീല്‌ പോണ്ട " എന്നൊരൊറ്റ പിടിവാശി, അച്ഛന്റെ ചാരുകസേരയില്‍, കാലില്‍ന്മേല്‍ കാലും വെച്ചു കൊണ്ട്‌ ചാരി ഒറ്റയിരുത്തം. കാരണമൊന്നും കാണാനില്ല. അമ്മയും അച്ഛനും മാറി മാറി പലതും പറഞ്ഞു നോക്കി. തങ്കക്കുട്ടി ഇരുന്നിടത്തു നിന്നും ഒരിഞ്ചനങ്ങുന്നില്ല. "പോരെ പൂരം".. ഇനി ഇതെന്തൊക്കെ പൊല്ലാപ്പാണാവോ, എന്നായി അമ്മയ്ക്ക്‌. കാര്യം, "മടി തീരെയില്ലാന്ന്" എല്ലാവരോടും മേനി പറേം ചെയ്തു, കുട്ടിയാണെങ്കി ഒരിഞ്ചനങ്ങുന്നുമില്ല, സ്കൂള്‍ ബസ്സ്‌ വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയും..



ഒന്നു നിര്‍ബന്ധിച്ചെടുത്തു കൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ഉറക്കെ കരഞ്ഞ്‌, മുഖത്തെ കന്മഷിയും പൊട്ടും ഒക്കെ പരത്തി വില്ലു പോലെ വളഞ്ഞ്‌, അമ്മയുടേയും അച്ഛന്റേയും മനസ്സിനെ ഒന്നാട്ടിയുലച്ചു, ആ കൊച്ചു മിടുക്കി. രക്ഷയില്ലാതെ അച്ഛന്‍ അവളെ ചാരുകസേരയില്‍ തന്നെയിരുത്തി. അച്ഛന്റേയും അമ്മയുടേയും മുഖത്ത്‌ സംഭ്രമം.



അമ്മ ഇടയ്ക്കിടെ പുറത്ത്‌ എത്തി നോക്കി വന്നു കൊണ്ടിരിയ്ക്കുകയാണ്‌, സ്കൂള്‍ ബസ്സ്‌ ഏകദേശം വരാറായി. തങ്കക്കുട്ടി അമ്മടെ മുഖത്തേയ്ക്ക്‌ തന്നെ സൂക്ഷിച്ച്‌ നോക്കിയിരുപ്പും, മുഖവും വീര്‍പ്പിച്ച്‌. "ഇനി ഞാന്‍ സ്കൂളില്‍ പോവേ ഇല്ല" എന്നൊരു കടുത്ത തീരുമാനം ആ മുഖത്ത്‌ തറച്ച്‌ നിന്നു.



അവസാനം അമ്മയും അച്ഛനും കൂടി തങ്കക്കുട്ടിയുമായി ഒരനുനയത്തിലൂടെ കാര്യങ്ങള്‍ക്ക്‌ തീര്‍പ്പുണ്ടാക്കാമെന്ന് തീരുമാനിച്ചു. "ഇന്നു പോണില്ലെങ്കില്‍ പോണ്ട, പക്ഷെ നാളെ പോകണം... എന്താ പറ്റ്വോ?"

അച്ഛന്‍ തങ്കക്കുട്ടിയെ മടിയിലിരുത്തി ചോദിച്ചു. അമ്മ ശ്വാസം അടക്കി പിടിച്ച്‌ ക്ലോക്കിലേയ്ക്കും നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ ബസ്സ്‌ വന്നു നിന്നു, വൈകാതെ ഹോണടി തുടങ്ങി, ഡ്രൈവറംകിള്‍. അമ്മ ഓടി പോയി ഡ്രൈവറോട്‌ പറഞ്ഞു, തങ്കത്തിനെ ഇന്ന് വിടിണില്ല്യ എന്ന്.



പകുതി ആശ്വാസത്തോടെ അമ്മ അകത്തേയ്ക്ക്‌ കയറി വന്നപ്പോഴുണ്ട്‌ തങ്കകുട്ടി കസേരയില്‍ ഇരുന്ന് കുടുകുടാ ചിരിയ്ക്കുന്നു. അച്ഛന്‍ ഓഫീസിലേയ്ക്ക്‌ പോകാന്‍ തയ്യാറെടുത്തു കൊണ്ടിരിയ്ക്കുന്നു..



ബാഗ്‌ മടിയില്‍ വെച്ചു കൊണ്ട്‌, കുഞ്ഞിക്കൈകള്‍ കൊട്ടിക്കൊണ്ട്‌, കിന്നരിപല്ലുകള്‍ കാണിച്ചു കൊണ്ട്‌ അമ്മയുടെ മുഖത്തെ പിരിമുറുക്കം അയഞ്ഞു വരുന്നതും നോക്കിക്കൊണ്ട്‌ തങ്കക്കുട്ടി വിളിച്ചു പറഞ്ഞു -



"അയ്യേ.. തങ്കൂട്ടി പറ്റിച്ചേ, പറ്റിച്ചേ, നേര്‍സറീല്‌ പോണ്ടാന്ന് അമ്മെ പറ്റിയ്ക്കാന്‍ പറഞ്ഞതാണേ... അയ്യേ, പറ്റിച്ചേ, പറ്റിച്ചേ.."

ഒരു കിലുക്കാം പെട്ടി പോലെ അവള്‍ ചിരിച്ചു കൊണ്ടേയിരുന്നു, അമ്മ നില്‍ക്കണ നില്‍പും നോക്കി!



അപ്പൊഴേയ്ക്കും ആ ഓമന മുഖം ഒരു പനിനീര്‍ പൂ പോലെ ചുകന്നിരുന്നു!

13 comments:

ചീര I Cheera said...

ബഹുമാനിച്ച് എന്നെ ഒരു ‘വഴിയ്ക്കാക്കുന്ന’, സാര്‍വബ്ലോഗ്സഞ്ചാരികളായ, സഹയാത്രികനും (തലക്കെട്ടിന്) ശ്രീയ്ക്കും (അത് കാണിച്ചു തന്നതിന്) ഹ്ര്‌ദയത്തിന്റെ ഭാഷയില്‍ ഒരു താങ്ക്സ്!

ഇവര്‍ രണ്ടു പേരും ഒരമ്മ പെറ്റ മക്കളാണെന്ന് വിചാരിച്ചു ഞാനാദ്യം!
:)
സ്നേഹം
പി.ആര്‍

കുഞ്ഞന്‍ said...

തങ്കൂട്ടി മിടുക്കി...!

ഇക്കണക്കിന് പൂരം തുടങ്ങുമ്പോള്‍ എന്തായിരിക്കും സ്ഥിതി..?

ശ്രീ said...

ചേച്ചീ...
(ഇനിയിപ്പോ ‘ജീ’ ചേര്‍‌ത്തു വിളിച്ചൂ, അമിതമായി ബഹുമാനിച്ചൂ എന്നൊന്നും പരാതി വേണ്ടല്ലോ. അവസാനം ‘ചേച്ചീ’ എന്ന വിളിയിലുറപ്പിക്കുവാണേ...വിരോധമുണ്ടേലും ഇപ്പ പറഞ്ഞേക്കണം)

തങ്കൂട്ടി ആളു മിടുമിടുക്കി തന്നെയാട്ടോ. നല്ല സ്നേഹപൂര്‍‌വ്വമായ വിവരണവും... നന്നായി.

ഓ.ടോ.
“ഇവര്‍ രണ്ടു പേരും ഒരമ്മ പെറ്റ മക്കളാണെന്ന് വിചാരിച്ചു ഞാനാദ്യം!”

അങ്ങനെ വിചാരിക്കുന്നതിലും തെറ്റില്യാട്ടോ. ഒന്നൂലേലും നമ്മളോക്കെ ഈ ബൂലോക കൂടപ്പിറപ്പുകളാണല്ലോ.
:)

സു | Su said...

:)

വേണു venu said...

പനിനീര്‍‍ പൂവു് തന്നെ.:)

മയൂര said...

മിടുക്കി:)

സഹയാത്രികന്‍ said...

ഹ ഹ ഹ... അത് രസായി...

തങ്കൂട്ടീ...മിടുക്കി..മിടുമിടുക്കി...

രസായി വിവരണം... :)

ഓ:ടോ:ടോ: ശ്രീ എന്നാപിന്നെ ചേച്ചിന്നാവാല്ലേ വിളി... അപ്പൊ ചേച്ച്യേ...അതിന് എന്തേലും പ്രശ്നണ്ട്ച്ചാല്‍ അറിയിക്കണ്ടാ.... ഇനി അങ്ങനേയേ വിളിക്കൂ...
:)

ചേച്ചി ഞങ്ങള്‍ രണ്ടും ‘ഒരമ്മ‘ പെറ്റ മക്കള് തന്ന്യാ...

അവനെ പെറ്റത് ‘ഒരമ്മ‘... എന്നെ പെറ്റത് വേറെ ‘ഒരമ്മ‘... ഹി..ഹി..ഹി... എങ്ങനിണ്ട്..എങ്ങനിണ്ട്.... !

ശ്രീ എന്റെ ബൂലോക കൂടപ്പിറപ്പേ...എനിക്ക് വയ്യ...!
:)

പ്രയാസി said...

സഹാ..ശ്രീ..നിങ്ങ ബ്രാദേറ്സ് ആയല്ലെ..:(
അപ്പ ഞാനാരാടാ..പണ്ടെ പ്രയാസി..! വേണ്ട ഞാനൊന്നും പറയുന്നില്ല..
ഇതു നിങ്ങട ച്യേച്ചി ആണെങ്കി എന്റേം ച്യേച്ചിയാടാ..
ച്യേച്ചീ.. തങ്കൂട്ടി വാവൂട്ടി മാളൂട്ടി പൊന്നൂട്ടി സന്തോഷം കൊണ്ടു സങ്കടം സഹിക്കാന്‍ പറ്റണില്ലാ..
പനിനീര്‍പൂ പോലെ മനോഹരം..:)

വല്യമ്മായി said...

വളരെ നല്ല കഥ

ഹരിശ്രീ said...

നല്ല വിവരണം

ആശംസകള്‍....

ശ്രീ said...

ചേച്ചീ...
ഇപ്പൊ കണ്ടോ?

ഞാനൊന്നു ചേച്ചീന്നു വിളിച്ചു തുടങ്ങിയേയുള്ളൂ... എത്ര അനിയന്മാരായീന്നു നോക്ക്യേ?


സഹയാത്രികാ,പ്രയാസീ... പിന്നല്ലാതെ, ഇനീപ്പോ ചേച്ചി നമ്മളോട് ചേച്ചീന്ന് വിളിക്കണ്ടാ എന്നു പറഞ്ഞാലും നമുക്കു ചേച്ചീ ചേച്ചീ എന്നു തന്നെ വിളിക്കാം ... അല്ലേ?
എന്താ ചേച്ചീ? ഹിഹി.

ചീര I Cheera said...

കുഞ്ഞന്‍,സൂ,വേണൂ ജീ,മയൂരാ,വല്യമ്മായി,ഹരിശ്രീ,പിന്നെ എന്റെ മൂന്ന് അനിയന്മാരേ !...
പരീക്ഷണങ്ങളെ ക്ഷമയോടെ വായിയ്ക്കുന്നുണ്ടെന്നറിഞ്ഞതില്‍ വലിയ സന്തോഷം..
:)

ഉപാസന || Upasana said...

എല്ലാവരും കുഞ്ഞുമനസ്സിന്റെ വഴിയേ...
പീയാറും.
നന്നായി തങ്കൂട്ട്യിയുടെ ഭാവങ്ങള്‍
:)
ഉപാസന