Tuesday, August 28, 2007

ഒരോണക്കുറിപ്പ്.

"കുട്ടികള്‍ക്ക്‌ ഓണം എന്നാല്‍ എന്തെന്നും, പൂക്കളമെന്തെന്നും എല്ലാം പറഞ്ഞു കൊടുക്കണം. അതൊക്കെ അറിഞ്ഞ്‌ വളരണം" - അമ്മ.

ശരിയാണ്‌, ഞങ്ങള്‍ക്കും അതു തോന്നാറുണ്ട്‌. ഓണമായാലും, വിഷുവായാലും, ഇനി വിജയദശമി ആയാലും, തിരുവാതിര ആയാലും എല്ലാം, പോരാതെ ക്രിസ്തുമസ്‌ ആയാലും റംസാന്‍ ആയാലും ഒരെണ്ണത്തിനെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ ശ്രമിയ്ക്കാറുണ്ട്‌.

അങ്ങനെ ഇത്തവണത്തെ ഓണവും എത്തി."അമ്മേ.. നമുക്കും പൂവിടണ്ടേ?..." ടി.വി യിലേയ്ക്കു നോക്കി അമ്മൂന്റെ ചോദ്യം.
"പിന്നെന്താ, പൂവ്‌ ഇന്നു തന്നെ പോയി വാങ്ങാലോ നമുക്ക്‌." എന്ന് ഞാനും സന്തോഷത്തോടെ പറഞ്ഞു. എന്തൊക്കെയായാലും അവള്‍ക്ക്‌ തോന്നീലോ, പൂവിടണം എന്നെങ്കിലും, ആഹ്ലാദം തോന്നി.

"പിന്നമ്മേ.. നാളെ ഹോളിഡേ ഹോം വര്‍ക്ക്‌ ചെയ്ണില്ല ട്ടൊ, ഓണല്ലേ, അതോണ്ടാ..." അതും കൂടി കേട്ടപ്പോള്‍ എന്റെ സന്തോഷം ഇരട്ടിച്ചു. ഓണം അവളുടെ മനസ്സിലേയ്ക്ക്‌ കുടിയേറിയിട്ടുണ്ടല്ലോ..

അങ്ങനെ, പൂവ്‌ വാങ്ങുക എന്ന ഭഗീരഥ പ്രയത്നം അടുത്തത്‌ - രാത്രി പതിനൊന്ന് മണി വരെ, ലുലു, അല്‍ഫല, എമിരേയ്റ്റസ്‌ ജനറല്‍ മാര്‍ക്കറ്റ്‌, എന്നുവേണ്ട എല്ലായിടത്തും ഞങ്ങളെത്തിയപ്പോഴേയ്ക്കും പൂവൊക്കെ "ഭാഗ്യം" കടാക്ഷിച്ചവര്‍ കൊണ്ടു പോയി കഴിഞ്ഞിരുന്നു... അച്ഛനും അനീത്തിക്കുട്ടിയും ഒരു ദിക്കിലേയ്ക്ക്‌, അമ്മുവും ഞാനും കൂടി മറ്റൊരു ദിക്കിലേയ്ക്ക്‌.. അങ്ങനെ സംഘം സംഘമായാണ്‌ "പൂവിറുക്കല്‍" ചടങ്ങിനു പോയത്‌. പക്ഷെ രണ്ടു കൂട്ടര്‍ക്കും നിരാശ തന്നെയായിരുന്നു ഫലം. ജോലി കഴിഞ്ഞ്‌ വന്ന് ഒരു ചായ ഒക്കെ കുടിച്ച്‌ പൂ പെറുക്കാന്‍ പോയപ്പോഴേയ്ക്കും, പൂവൊക്കെ കഴിഞ്ഞു, ഇനിയെന്തു ചെയ്യും?അമ്മൂനൊരിത്തിരി സങ്കടം..

"അമ്മേ, എന്നാല്‍ ഒരു കാര്യം ചെയ്യാം, നമുക്കു നമ്മുടെ ചെടിച്ചട്ടിയിലെ പൂവു കൊണ്ട്‌ പൂക്കളം ഉണ്ടാക്കാം, പിന്നെ പുറത്തുള്ള മരത്തിന്റെ എലകളും പറിയ്ക്കാലോ.." അവളൊരു വഴി കണ്ടു പിടിച്ചു.

പൊരിവെയിലത്ത്‌ വാടിയ മുഖവുമായി മുറ്റത്ത്‌ ആകെ ബാക്കിയുള്ള ഒരു കടലാസു പൂവിന്റെ ചെടിയുടെ കാര്യമാണ്‌ അവളീ പറയുന്നത്‌. ഓണത്തിന്റെ പൂക്കാലം മാത്രം മനസ്സിലുള്ള എനിയ്ക്കതൊട്ടും കണ്ണില്‍ പിടിച്ചില്ല, എങ്കിലും അവളുടെ ഉത്സാഹം കളയേണ്ടെന്നു കരുതി ഒന്നും പറയാന്‍ പോയില്ല..
എന്നാലും ഒരു സമാധാനം കിട്ടിയത്‌, ഊണ്‌ കഴിയ്ക്കാന്‍ ഇല കിട്ടിയെന്നതിലായിരുന്നു, കുട്ടികള്‍ക്ക്‌ ഇലയില്‍ ഊണു കഴിയ്ക്കാനുള്ള ഒരവസരം, മുടങ്ങിയില്ലല്ലോ..അങ്ങനെ, ഒരിത്തിരി നിരാശയോടെ തന്നെ ഞങ്ങള്‍ മടങ്ങി.

രാവിലെ നേര്‍ത്തെ എണീയ്ക്കണം എന്നൊക്കെ പറഞ്ഞു തന്നെയാണ്‌ അമ്മുവും അനീത്തിക്കുട്ടിയും കിടന്നത്‌, പക്ഷെ തലേ ദിവസത്തെ ചൂടിലുള്ള അലച്ചില്‍ കാരണമാവാം, രാവിലെ ആയിട്ടും രണ്ടു പേരും നല്ല ഉറക്കം.. എനിയ്ക്കാണെങ്കില്‍ വിളിയ്ക്കാന്‍ മനസ്സു വന്നില്ല, കാരണം വിളിച്ചുണര്‍ത്തിയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.. എന്നാലും.. വിളിയ്ക്കാതെ എങ്ങനെ, ഓണമായിട്ട്‌ രാവിലെ ഇങ്ങനെ കിടന്നുറങ്ങിയാല്‍ എങ്ങനെ.. ഓണത്തിന്റെ സന്തോഷം അവരറിയുന്നതെങ്ങനെ..
"ഛേ, വെക്കേഷന്‌ നാട്ടില്‍ പോയാല്‍ മതിയായിരുന്നു. കുട്ടികള്‍ക്ക്‌ നല്ലൊരവസരമായിരുന്നു..." ആകെ ഒരസ്വസ്ഥത ആയി പിന്നെ.. ഒരു സന്തോഷവും ഉത്സാഹവും ഒന്നും വരുന്നില്ല...ആരുമൊട്ടു വിളിയ്ക്കുന്നുമില്ല, വിളിയ്ക്കാനും വയ്യ, എല്ലാവരും ഓഫീസ്സിലാവും, രാത്രിയാവാതെ വിളിച്ചിട്ടു കാര്യമില്ല.. എന്നാല്‍ മൊബെയിലില്‍ എസ്സമ്മസ്സുകളുടെ ഒരു പ്രവാഹം, ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്‌, എല്ലാവരും അവരവരുടെ ഡ്യൂട്ടി ഭംഗിയായി കഴിച്ചു. ഇനി ഇതിനൊക്കെ മറുപടി കുത്തിക്കുത്തി ഉണ്ടാക്കേണ്ടത്‌ ബാക്കിയുള്ളവരുടെ തലയിലും.. സന്ദേശങ്ങളുടെ ആ പ്രവാഹം കണ്ടപ്പോള്‍ അങ്ങനെയാണ്‌ ആ മൂഡില്‍ തോന്നിയത്‌.
വേണ്ട, പതുക്കെ എല്ലാവരേയും വിളിയ്ക്കാം, എസ്സമ്മസ്സിലൂടെ ഓണാശംസ പറയുമ്പോള്‍ അതില്‍ "മനസ്സും" കൂടിയൊപ്പം വെയ്ക്കാന്‍ പറ്റില്ലെന്നു തോന്നി, വെറുതെ വാക്കുകള്‍ മാത്രമായിട്ടെന്തിന്‌.. ഓണായിട്ട്‌ ചിരിച്ച ശബ്ദത്തിലൂടെ, സ്നേഹത്തോടെ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ്‌, ഒരാശംസ പറയുന്നതിലും കേള്‍ക്കുന്നതിലും ഉള്ള സുഖം ഈ "സ്പീഡ്‌ മെസ്സേജസ്സ്‌" തരുന്നുണ്ടോ? എന്തായാലും അതും വേണ്ടെന്നു വെച്ചു.

ശരി, എന്നാലിനി അടുക്കളയിലേയ്ക്കു തന്നെ കയറാം എന്നു തീരുമാനിച്ചു. വൈകീട്ട്‌ ചങ്ങാതിയും ഭാര്യയും കുട്ടികളും ഓണം കൂടാന്‍ വരാമെന്നു പറഞ്ഞിട്ടുണ്ട്‌, അവര്‍ക്കോണം കാര്യമായി ഇല്ലത്രേ, രണ്ടു പേര്‍ക്കും ജോീയ്ക്കു പോണം...പിന്നെ അടുക്കളയില്‍ തിരക്കിലായി, അസ്വസ്ഥത അപ്പോഴും ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു.
ഏതായാലും കുറച്ചു നേരത്തെ ഉറക്കച്ചടവിനു ശേഷം അമ്മുവും അനീത്തിക്കുട്ടിയും ടി.വി വെയ്കാന്‍ തീരുമാനിച്ചു. ദിലീപിന്റെ സി.ഐ.ഡി വേഷം അവര്‍ക്കു വല്ലാത്ത ഇഷ്ടമായി, ചിരിയൊടു ചിരി.. തമാശയൊക്കെ മനസ്സിലാക്കി തന്നെയാണോ, എന്തോ.. അറിയില്ല, എന്തായാലും കുട്ടികള്‍ ഒന്നു ചിരിച്ചു കണ്ടപ്പോള്‍ മനസ്സിലും ഒരു കുളിര്‍മ വീശി. ഒന്നും ചെയ്യാനില്ലാതെ, വെറുതെ ഇരിയ്ക്കലല്ലോ.. അതിലെ ദിലീപിന്റെ കൂടെയുള്ള അര്‍ജ്ജുന്‍ എന്ന ഒരു ഗംഭീരന്‍ നായയെ അവര്‍ക്ക്‌ വലിയ ഇഷ്ടമായി. അമ്മു ഇടയ്ക്കിടെ അടുക്കളയിലേയ്ക്ക്‌ വന്ന്, എനിയ്ക്ക്‌ മിസ്സ്‌ ആകുന്ന തമാശകളൊക്കെ ഡെമോണ്‍സ്റ്റ്രേറ്റ്‌ ചെയ്തു തന്നു കൊണ്ടിരുന്നു. അവള്‍ ഈ ആറാം വയസ്സില്‍ തന്നെ ദിലീപിന്റെ വലിയൊരു ആരാധികയായി മാറിയോ എന്നൊരു സംശയം തോന്നി എനിയ്ക്ക്‌.

ഒരു കൊച്ചു ഓണ സദ്യ റെഡിയാക്കി, എണ്ണത്തിന്‌ എല്ലാം, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിയിഞ്ചി, വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, ഉപ്പിലിട്ടത്‌, പപ്പടം, ഇഞ്ചിത്തൈര്‌, സാംബാറ്‌ ഇത്രയും , പിന്നെ പാലടയും. അധികം വിസ്തരിച്ചില്ല. ഇനി അച്ഛന്‍ എത്തുകയേ വേണ്ടൂ.. കുളിച്ച്‌, പുതിയ ഉടുപ്പൊക്കെ ഇട്ട്‌, സുന്ദരികള്‍ രണ്ടു പേരും കാത്തിരുപ്പായി, അച്ഛനാണെങ്കില്‍ അന്ന് ഇല്ലാത്ത തിരക്കാണത്രേ - ഓഫീസ്സില്‍ - അതു പിന്നെ പറയണ്ടല്ലോ, എന്നെങ്കിലും നേര്‍ത്തെ വരണമെന്ന് മനസ്സില്‍ ഒരാശയെങ്കിലും തോന്നിയാല്‍, പിന്നെ അന്ന് ഇതുവരെ ഇല്ലാത്ത തിരക്കാവും.. അവസാനം കാത്തിരുന്ന്, ദിലീപിന്റെ തമാശ കണ്ട്‌ ചിരിച്ച്‌ ക്ഷീണിച്ച്‌ കുട്ടികള്‍ രണ്ടു പേരും ഉറങ്ങിപ്പോയി.. അസ്വസ്ഥതയ്ക്കൊരല്‍പം കുളിര്‍മ കിട്ടിയ എന്റെ മനസ്സ്‌ വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങി.

ഏതായാലും, ഒടുവില്‍ അച്ഛന്‍ എത്തി, ഒരു സന്തോഷ വാര്‍ത്തയും കൊണ്ട്‌, "ഹാഫ്‌ ഡേ ലീവ്‌ എടുത്തേയ്‌..." എന്ന് ഞങ്ങളോട്‌ പറയാനുള്ള ധൃതിയോടെ...
എന്നാല്‍ വീട്ടിലെത്തിയപ്പോള്‍, ആകെ ഒരു തണുപ്പന്‍ പ്രതികരണം.. കുട്ടികള്‍ രണ്ടു പേരും ഉറങ്ങുന്നു... ടി.വി ആര്‍ക്കോ വേണ്ടി ഓടുന്നു.. ഹാളില്‍ നിറയെ, പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍.. നിറയെ കവറുകള്‍.. പോരാത്തതിന്‌ ഈയുള്ളവളുടെ ഉരുണ്ടു കെട്ടിയ മുഖവും...
പിന്നീട്‌ അച്ഛന്റെ ഉത്സാഹത്തോടെ കുട്ടികളെ വിളിച്ചുണര്‍ത്തി, ഹാളെല്ലാം വൃത്തിയാക്കി, ഇലയൊക്കെ തുടച്ച്‌, വിഭവങ്ങളെല്ലാം വിളമ്പി, ഞങ്ങളെല്ലാവരും കൂടി ഊണു കഴിച്ചു, ഹാഫ്‌ ഡേ ലീവിന്റെ സന്തോഷത്തില്‍...
ഇതായിരുന്നു ഞങ്ങളുടെ "ഉച്ചയോണം".

പിന്നെ വൈകീട്ട്‌, ചങ്ങാതിയും കുടുമ്പവും വന്നപ്പോള്‍, കുറച്ചു കൂടി ഉഷാറായി, കുട്ടികള്‍ എല്ലാം മറന്നു കളിച്ചു. രാത്രി നാട്ടില്‍ നിന്നും എല്ലാവരും വിളിച്ചു. മുത്തശ്ശിമാരോട്‌ സംസാരിച്ചു, അവര്‍ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നു, നാട്ടിലെ ബഹളം ഫോണിലൂടെ കേട്ടാസ്വദിച്ചു, ഇവിടെത്തെ കൂടുകാരേയും, ബന്ധുക്കളേയും വിളിച്ചു, എല്ലാവരുടേയും ശബ്ദത്തിലെ ചിരിയും സ്നേഹവും പ്രത്യേകം തൊട്ടറിഞ്ഞു. രാത്രി കുറേ നേരം മതി വരുവോളം, കുട്ടികള്‍ ഭക്ഷണം പോലും നേരാവണ്ണം കഴിയ്ക്കാതെ കളിയില്‍ മുഴുകുന്നതു കണ്ടപ്പോളാണ്‌ സത്യത്തില്‍ ഞങ്ങളുടെ മനസ്സു നിറഞ്ഞത്‌. അതായിരുന്നു അവരുടെ ഓണം.

ഞങ്ങള്‍ അച്ഛനമ്മമാര്‍, ഹാളിലിരുന്ന് പരസ്പരം കുട്ടിക്കാലങ്ങളും, നാട്ടിലെ കാര്യങ്ങളും എല്ലാം പങ്കു വെച്ച്‌, തമാശ പറഞ്ഞ്‌, ഒരു കൊച്ചോണസദ്യ കഴിച്ച്‌, ഇവിടത്തെ പരിമിതികളെ കുറിച്ച്‌ ഓര്‍ക്കുക പോലും ചെയ്യാതെ, നല്ല കുറച്ചു സമയം ആസ്വദിച്ചു, അത്‌ ഞങ്ങളുടെ ഓണവും ആയി മാറി.

അതിനിടയില്‍ എപ്പോഴോ അമ്മു പെട്ടെന്ന് വന്നൊരു ചോദ്യം -

"അമ്മേ, പൂവിടാന്‍ എങ്ങനെയാ ചാണകം കയ്യോണ്ട്‌ തേയ്ക്കുക? അത്‌ പശൂന്റെ അപ്പിയല്ലേ..???"

"ഈശ്വരാ ഈ കുട്ടി ഇനിയും പൂവിടുന്നതിന്റെ കാര്യം മറന്നില്ലേ..." എന്നാണാദ്യം മനസ്സില്‍ കൂടി പോയത്‌.

പിന്നെ രാത്രി കിടക്കുമ്പോള്‍, മറക്കാതെ പൂക്കളത്തിന്റേയും, ചാണകം മെഴുകലിന്റേയും, കുട്ടിക്കാലങ്ങളുടേയും കഥകള്‍ പറഞ്ഞു കൊടുത്തു. അതുകേട്ടു അവളുറങ്ങി.. രാവിലെയുണ്ടായിരുന്ന അസ്വസ്ഥത നീങ്ങി, എങ്ങനെയോ എപ്പോഴോ, നിറഞ്ഞ്‌ കിട്ടിയ മനസ്സോടെ ഞാനും..

3 comments:

ശ്രീ said...

P.R.ജീ...


“വേണ്ട, പതുക്കെ എല്ലാവരേയും വിളിയ്ക്കാം, എസ്സമ്മസ്സിലൂടെ ഓണാശംസ പറയുമ്പോള്‍ അതില്‍ "മനസ്സും" കൂടിയൊപ്പം വെയ്ക്കാന്‍ പറ്റില്ലെന്നു തോന്നി, വെറുതെ വാക്കുകള്‍ മാത്രമായിട്ടെന്തിന്‌.. ഓണായിട്ട്‌ ചിരിച്ച ശബ്ദത്തിലൂടെ, സ്നേഹത്തോടെ എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ്‌, ഒരാശംസ പറയുന്നതിലും കേള്‍ക്കുന്നതിലും ഉള്ള സുഖം ഈ "സ്പീഡ്‌ മെസ്സേജസ്സ്‌" തരുന്നുണ്ടോ? എന്തായാലും അതും വേണ്ടെന്നു വെച്ചു.“

ഇതും വളരെ ശരി തന്നെ. ഞാനും ആര്‍‌ക്കും sms ഓണാശംസ അയച്ചില്ല. പകരം കഴിയുന്നത്ര പേരെ വിളിച്ചു സംസാരിച്ചു.

ഈ ഓണാനുഭവം വായിച്ചപ്പോള്‍‌ സന്തോഷമായി. ഓണത്തെയും കേരളത്തനിമയെയും സ്നേഹിക്കുന്നവര്‍‌ ഇനിയും ബാക്കിയുണ്ടല്ലോ...

:)

മന്‍സുര്‍ said...

പീ ആര്‍ ജീ......

വളരെ നല്ല ഓര്‍മ്മകുറിപ്പ്
ഓര്‍മ്മകളില്‍ മയാത്ത ആ ശന്തിയുടെ,സമധാനത്തിന്‍റെ
നന്‍മ നിറഞ ഓണം ...മായുകില്ല മാലോകര്‍ ഉള്ള കാലം വരെയും

ആഘോഷങ്ങള്‍ക്കായ് പണം വിതറുന്ന സംഘടനകള്‍
വഴിയോരങ്ങളില്‍ ഒരു നേരത്തെ അന്നത്തിനായ് തെരുവ് നായകളോട്
അടിപിടികൂടുന്ന നാം ഭ്രാന്തന്‍,മാനസിക രോഗി എന്നൊക്കെ നാമകരണം ചെയ്ത ആ പാവങ്ങള്‍ക്ക് ഒരു ഓണസദ്യ നല്‍കിയെങ്കില്‍ ആ മാവേലി മന്നന്‍ എത്ര സന്തോഷിചേനെ......


നന്‍മകള്‍ നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

സഹയാത്രികന്‍ said...

അമ്മൂനോടും അവളുടെ അനീത്തികുട്ട്യോടും അടുത്ത വര്‍ഷം നാട്ടില്‍ പോയി പൂക്കളം ഇടാന്നു പറയണം... അമ്മ പറഞ്ഞപോലെ..."കുട്ടികള്‍ക്ക്‌ ഓണം എന്നാല്‍ എന്തെന്നും, പൂക്കളമെന്തെന്നും എല്ലാം പറഞ്ഞു കൊടുക്കണം. അതൊക്കെ അറിഞ്ഞ്‌ വളരണം"

പി. ആര്‍.ജി താങ്കള്‍ക്കും കുടുംബത്തിനും ആശംസകള്‍ നേരുന്നു...