Tuesday, August 21, 2007

എന്നിട്ടും..

അയാള്‍ ഒരിയ്ക്കലും അതു തുറന്നു പറഞ്ഞില്ല, എന്നാലും അവളതറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലതവണ അവള്‍ ഒഴിഞ്ഞു മാറി. സംസാരം കുറച്ചു. അയാളോടൊപ്പം തനിയെ കിട്ടുന്ന നിമിഷങ്ങളെ ഒഴിവാക്കി, മനഃപൂര്‍വമായിരുന്നില്ല, അങ്ങനെ ചെയ്തു പോകുന്നതായിരുന്നു. പക്ഷെ പലപ്പോഴും സംശയിച്ചു, തന്റെ ഊഹം ശരിതന്നെയോ, അതോ തോന്നുന്നതോ.. പക്ഷെ വെറുതെ എന്തിനു തോന്നണം, അപ്പോള്‍ അതിന്റെ അര്‍ത്ഥമെന്ത്‌? എന്തോ...

അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാനാവാതെ, സുഹൃത്ത്‌ പിന്നേയും അതിനെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നെങ്കിലും അവളൊന്നും കേട്ടില്ല. തന്റെ ഊഹം ശരിയെന്ന് അറിഞ്ഞതിന്റെ ആഹ്ലാദം, പക്ഷെ ഇനിയെങ്ങനെ അവനെ അഭിമുഖീകരിയ്ക്കും എന്നതിന്റെ ഒരു ജാള്യത, അവനെ എന്തു പറഞ്ഞു മനസ്സിലാക്കും എന്ന സംഘര്‍ഷം എല്ലാം ഒരുമിച്ച്‌ അവളുടെ ഉള്ളില്‍ ബഹളം കൂട്ടുകയായിരുന്നു അപ്പോള്‍.

"ഇതെല്ലാം പറഞ്ഞിട്ടു വേണോ പരസ്പരം മനസ്സിലാവാന്‍?" എന്നവന്‍ ചോദിച്ചത്രേ, ആത്മവിശ്വാസത്തോടെ തന്നെ. അപ്പോള്‍ അവനെന്തൊക്കെയോ മനസ്സിലാക്കി വെച്ചിട്ടുണ്ട്‌ തന്നെ കുറിച്ച്‌. അവള്‍ മന്ദഹസിച്ചു.

"എനിയ്ക്കതിനു സാധിയ്ക്കില്ലെന്നു നീ തന്നെ പറഞ്ഞു മനസ്സിലാക്കണം" അവള്‍ പെട്ടെന്നു പറഞ്ഞു തന്റെ സുഹൃത്തിനോട്‌, അയാളെ അറിയിയ്ക്കാനുള്ള വാചകങ്ങള്‍.

അയാളെ പിന്നീട്‌ കണ്ടതേയില്ല. ഒരിയ്ക്കലും കാണാനും വന്നില്ല. ഉള്ളില്‍ സമാധാനമോ അതോ അസ്വസ്ത്ഥതയോ, അവള്‍ക്കും സംശയമായി. എന്നും കാണാന്‍ വരാറുള്ള അയാളുടെ മുഖം, ഒളിച്ചു വെയ്ക്കാനില്ലാതെ, പൊതിയാതെ, പലപ്പോഴായി നേരിട്ടു, പരസ്യമായി തന്നെ എന്തിനൊക്കെയോ ഒരു സമ്മാനമെന്നോണം തന്നിട്ടുള്ള കുറേ കൊച്ചു രൂപങ്ങള്‍, തന്റെ സംസാരവും ദേഷ്യവും സംഘര്‍ഷങ്ങളും എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു നില്‍ക്കാറുള്ള ആ മനസ്സ്‌.. അനുജത്തിയ്ക്കും അമ്മയ്ക്കും തന്നെ കുറിച്ചറിയാമെന്ന് ഒരിയ്ക്കല്‍ പറഞ്ഞത്‌... ഓരോന്നായി ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു.. പക്ഷെ, എന്തുതന്നെയായാലും അതവള്‍ക്കുള്ള വഴിയല്ലെന്ന തോന്നല്‍ അപ്പോഴും ഉണ്ടായി. താന്‍ പറഞ്ഞയച്ച വാചകങ്ങള്‍ ശരി തന്നെയെന്നവള്‍ വിശ്വസിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ആ മുഖവും മനസ്സും കളഞ്ഞു പോയതായി അവള്‍ കരുതി. മനസ്സിലൊന്നും ഉടക്കി നില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തി.


അവിചാരിതമായിരുന്നു അത്‌. ദൂരെ ആള്‍ക്കൂട്ടത്തിന്റെ നടുക്കില്‍ അയാളുടെ നില്‍പ്‌. സ്റ്റേജില്‍ നിന്നും പറന്നു വന്നു കൊണ്ടിരിയ്ക്കുന്ന പിയാനോയുടെ കുസൃതി നിറഞ്ഞ സ്വര സഞ്ചാരങ്ങളില്‍ അയാളുടെ മുഖം മങ്ങിയിട്ടുണ്ടെന്നവള്‍ക്കു തോന്നി. സ്റ്റേജില്‍ പിയാനോ വായിച്ചു കൊണ്ടിരിയ്ക്കുന്ന ആള്‍ പരിസരം തന്നെ മറന്നു പോയിട്ടുണ്ടെന്ന് കണ്ടാല്‍ മനസ്സിലാവും. അയാളുടെ വിരല്‍ത്തുമ്പില്‍ നിന്നും സ്വരങ്ങള്‍ ഓരോ കീയിലേയ്ക്കും പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.. അത്‌ അന്തരീക്ഷം മുഴുവനും ചിത്രശലഭങ്ങളെ പോലെ പാറി പറന്നുകൊണ്ടിരുന്നു..
അയാളുടെ സിഗരറ്റിന്റെ രൂക്ഷഗന്ധം ആ ദൂരത്തിലും തന്റെ മൂക്കിലേയ്ക്കടിച്ചു വരുന്നുണ്ടെന്നു തോന്നി. അയാള്‍ വീണ്ടും വലിച്ചു തുടങ്ങിയിട്ടുണ്ട്‌. തന്നെ കണ്ടിട്ടും മനഃപൂര്‍വം അകന്നു നില്‍ക്കുന്നത്‌ അവള്‍ക്ക്‌ മനസ്സിലായി. കാരണവും അവള്‍ ഊഹിച്ചു.

പക്ഷെ...

എന്തിനിതിങ്ങനെ വലിച്ചു കൂട്ടുന്നതെന്നോ, വെറുതെ ഓരോ അസുഖങ്ങള്‍ വരുത്തി വെയ്ക്കണോ എന്നോ, പിന്നെ.. ഇത്രയും വേഗത്തിലിങ്ങനെ ബൈക്കോടിയ്ക്കുന്നതെന്തിനെന്നോ, അസുഖങ്ങള്‍ വരാതെ നോക്കണമെന്നോ, പിന്നെ.. അമ്മയെ കുറിച്ചോ, കൊച്ചനിയത്തിയെ കുറിച്ചോ ഒന്നും ചോദിയ്ക്കുവാനോ, പറയാനോ.. പിന്നേയും എന്തും പറയാന്‍ ബാക്കി വെച്ചിട്ടുള്ള ആ പഴയ സ്വാതന്ത്ര്യമോ അധികാരമോ ഇനി തനിയ്ക്കില്ലെന്നവള്‍ക്കു തോന്നി. തനിയ്ക്കതിനു ഇനി സാധിയ്ക്കില്ലെന്ന് തെല്ലൊരു വേദനയോടെ തിരിച്ചറിഞ്ഞു. അവയുടെ ആ പഴയ മുഖം മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

ആരുമല്ലെന്നറിയാമായിരുന്നിട്ടും, ഏതൊക്കെയോ അധികാരങ്ങള്‍ അയാളോടുണ്ടായിരുന്നു, അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പക്ഷെ അതിന്റെയൊക്കെ ഉറവിടങ്ങള്‍ തേടി ഒരിയ്ക്കലും അവളലഞ്ഞിരുന്നില്ല. അയാളുടെ കണ്ണുകളിലെ തിളക്കം കാണുമ്പോഴും, അയാള്‍ ഒരിയ്ക്കലും ഉച്ചരിയ്ക്കാത്ത സ്നേഹം എന്ന വാക്കിന്റെ ആവരണം, ആ സാമീപ്യത്തിലൂടെ തന്നെ പൊതുയുന്നുണ്ടെന്നു തോന്നിയപ്പോഴും, ഒക്കെ തോന്നിയിരുന്ന ഒരിഷ്ടത്തിന്റെ നിര്‍വചനങ്ങളും അന്വേഷിച്ചിരുന്നില്ല. പക്ഷെ ഇപ്പോളവള്‍ക്കു വേദനിച്ചു. ഉള്ള്‌ പിടച്ചു. ആ വേദനയുടെ അര്‍ത്ഥം ഇപ്പോള്‍ തിരിച്ചറിയുന്നു, ഈ അകല്‍ച്ചയുടെ ദൂരത്തില്‍... കണ്ടിട്ടും കാണാതിരിയ്ക്കുന്ന ഈ നിമിഷങ്ങളില്‍... വേദനയുടെ പിടച്ചിലില്‍..

പെട്ടെന്ന് അയാളും ഒന്നു നോക്കിയോ? മനസ്സിലേയ്ക്ക്‌ ചിത്രശലഭങ്ങളായി പാറിയെത്തുന്ന പിയാനോയുടെ സ്വര സഞ്ചാരങ്ങള്‍, രാഗ കൂട്ടില്ലാതെ, താളനിബദ്ധമല്ലാതെ, ഏതൊക്കെയോ ചേര്‍ച്ചകളില്‍ അലിഞ്ഞു ചേര്‍ന്ന് ഈ ദൂരം കുറയ്ക്കുന്നുവോ? ഈ നിമിഷങ്ങളെ നിറയ്ക്കുന്നുവോ? വേദനയ്ക്കും സുഖം പകരുന്നുവോ?
കുറയുന്ന ഈ ദൂരമാണോ പ്രണയം? നിറയുന്ന ഈ നിമിഷങ്ങളാണോ പ്രണയം? സുഖമുള്ള ഈ വേദനയാണോ പ്രണയം? അവള്‍ ആശ്ചര്യത്തോടെ അയാളെ നോക്കിനിന്നു.

എന്നാല്‍ അവിടെ നിന്നും വേഗത്തില്‍ തിരിഞ്ഞു നടന്നു അവള്‍, പിടയുന്ന മനസ്സ്‌ വിട്ടു പോകാതിരിയ്ക്കാന്‍..., ഇനിയൊരിയ്ക്കലും അയാളെ കാണാനിട വരരുതേയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌, പിന്നില്‍ നിന്നും ആരും വിളിയ്ക്കരുതേയെന്നാശിച്ചു കൊണ്ട്‌... എങ്കിലും ആ വഴിയുടെ അവസാനം അവളറിയാതെ ഒന്നു തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടത്തിനിടയില്‍ പോലും തനിയ്ക്കു വേണ്ടി അപ്പോഴും എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്ന ആ കണ്ണുകളിലെ ഭാവം മനസ്സിലാക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടേണ്ടി വന്നില്ല. ആദ്യമായി പ്രണയമെന്ന ഭാവം അവിടെ കണ്ടു! മനസ്സിലെ ചിത്രശലഭങ്ങളുടെ അകമ്പടിയോടെ!
ഒന്നു തിരിഞ്ഞു നടന്നാല്‍, ഓടിയടുത്തെത്തിയാല്‍.. അത്ര മാത്രം മതി.. ഒന്നുകില്‍ നഷ്ടപ്പെട്ടു പോയിയെന്നു കരുതിയ ആ പഴയ സ്വാതന്ത്ര്യവും അധികാരവും ഓടിചെന്ന് വീണ്ടെടുക്കുവാനൊരവസരം ... അല്ലെങ്കില്‍ അടുത്തു ചെന്ന് രണ്ടു വാക്കില്‍ ഒരു യാത്ര പറയാനുള്ള അവസരം.. വെറും നിമിഷങ്ങള്‍ കൊണ്ടളന്നെടുക്കാവുന്ന ദൂരത്തില്‍ തന്നെ.. അവളവിടെ തന്നെ നിന്നു, ചിത്രശലഭങ്ങള്‍ പറന്നു..

എന്നിട്ടും ..

ഒരു പതര്‍ച്ചയോടെ ആ നിമിഷങ്ങളെ അവള്‍ വെറുതെ വിട്ടു കളഞ്ഞു. അതാണു ശരിയെന്നും അവള്‍ വിശ്വസിച്ചു. ആ ശരിയിലൂടെ പിന്നെ തിരിഞ്ഞു നോക്കാതെ അവളവിടെ നിന്നും മുന്നോട്ട്‌ സഞ്ചരിച്ചുകൊണ്ടിരുന്നു.. കാലത്തെ മറികടന്ന്, മറവിയിലേയ്ക്കുള്ള ദൂരം എളുപ്പത്തില്‍ താണ്ടാനുള്ള കൊതിയോടെ... ആ പതര്‍ച്ചകളെ അവിടെയിട്ട്‌ കുഴിച്ചു മൂടുവാനുള്ള ധൃതിയോടെ... എന്തിനൊക്കെയോ വേണ്ടി, ആര്‍ക്കൊക്കെയോ വേണ്ടി..

19 comments:

P.R said...

ഇങ്ങനേയും ഒരു പ്രണയം..
പക്ഷെ എഴുതി വന്നപ്പോള്‍ ആയിപ്പോയത് ഒരു പ്രണയ ദുരന്തം..

ശ്രീ said...

P.R. ജീ...
സംഭവം കഥ ആയാലും അനുഭവമായാലും വിവരണം നന്നായി. അതു പോലെ പ്രണയ ദുരന്തമാണെങ്കില്‍‌ കൂടിയും എടുത്ത തീരുമാനം ‘ശരി’ തന്നെ ആയിരിക്കട്ടേ എന്ന് ആശംസിക്കുന്നു.

പക്ഷേ, ഒന്നുണ്ട്... ആ ഒരൊറ്റ നിരസിക്കല്‍‌ മൂലം നഷ്ടപ്പെട്ടത് ഒരു നല്ല സൌഹൃദം കൂടെയല്ലേ?
(നല്ല സൌഹൃദങ്ങളെ സ്നേഹിക്കുന്നതു കൊണ്ടു മാത്രം സൂചിപ്പിച്ചതാണ്‍,ട്ടോ!)

സഹയാത്രികന്‍ said...

പി.ആര്‍.ജി.... പല പ്രണയങ്ങളും പരസ്പരം അറിയാതെ പോകുന്നു... അറിഞ്ഞവര്‍ തന്നെ പ്രണയിക്കുന്നു എന്നു സമ്മതിക്കുന്നവരും ചുരുക്കം...
ശ്രീ പറഞ്ഞതു പോലെ ഒരു പക്ഷേ ഈ തിരുമാനം നല്ലതിനായിരിക്കാം... അല്ലെങ്കില്‍ ആ നിമിഷത്തിന്റെ നഷ്ടമെന്തെന്ന് അവളറിയാതെ പോകട്ടെ...

P.R said...

ശ്രീ..
അയ്യോ.. പ്രണയാനുഭവമോ??.. പ്രണയം എന്നൊന്ന് കൂട്ടിവായിയ്ക്കാന്‍ പോലും ധൈര്യം ഇല്ലായിരുന്നു, സത്യത്തില്‍!! ഇപ്പോള്‍ പിന്നെ വയസ്സായില്ലേ.. ഇനിയെന്ത് പ്രണയം..
എന്നാലും ഉള്ളില്‍ ബാക്കിയുള്ള പ്രണയത്തെ ഒന്നു കുത്തിക്കുറിച്ചിട്ടു നോക്കി..

പിന്നെ, പ്രണയമാണെന്ന് രണ്ടുപേരും തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക്, ഇനി സൌഹ്ര്‌ദത്തില്‍ നടക്കുക ബുദ്ധിമുട്ടല്ലേ എന്നു കരുതീട്ടാവും ചിലപ്പോള്‍, അവള്‍ അങനെ.. ആ, അറിയില്ല..

സഹയാത്രികന്‍..അതെ അതവള്‍ക്കൊരു നഷ്ടമാകാതിരിയ്ക്കട്ടെ, ഭാവിയില്‍.. അല്ലേ...

ദ്രൗപതി said...

അവളാണ്‌ ശരി...
ഉള്ളിലൊരുപാട്‌ ചിന്തിച്ചിട്ടുണ്ടാവും..
ചില നിസ്വനങ്ങള്‍
അവളെ മോഹങ്ങളില്‍ നിന്നും
പറിച്ചെറിഞ്ഞിട്ടുണ്ടാവും...

ഒരിക്കലെന്തായാലും
നഷ്ടപ്പെടുമുള്ള
ബോധം മനസിലെ വരിഞ്ഞുമുറുക്കുമ്പോള്‍
പിന്തിരിയാനാവാത്ത
വിധം
സ്വപ്നങ്ങള്‍ പടര്‍ന്നുപന്തലിച്ചിട്ടുണ്ടാവും...
അതിലും നല്ലത്‌ ഇതുതന്നെയല്ലേ..?

അവനെക്കാളുംമിഷ്ടമായത്‌..
അവളെയാണ്‌...
കാരണം..
അവളാണ്‌ ശരി...

..വീണ.. said...

ആരാണു ശരിയെന്നു പറയാനാവുന്നില്ല.. എങ്കിലും കഥ ഇഷ്ടമായി..

qw_er_ty

P.R said...

ദ്രൌപതീ.. ആ പറഞ്ഞതില്‍ സന്തോഷം തോന്നി..
വീണേ.. :)
എല്ലാവര്‍ക്കും നന്ദി, സന്തോഷം..

സഹയാത്രികന്‍ said...

ഓണാശംസകള്‍

ജാസു said...

P R ന്റെ കഥകളിലെല്ലാം (ഞാന്‍ വായിച്ചവയില്‍) ഒരു വിഷാദഭാവം നിഴലിച്ചു കാണാം...
ഒന്നു വിഷമിക്കണമെന്നു തോന്നുന്നുമ്പോള്‍ P R ന്റെയും പടിപ്പുരയുടെയുമൊക്കെ ബ്ലോഗുകള്‍ വായിക്കാന്‍ തോന്നും...:)

ഈ കഥ ഇഷ്ട്ടമായി...ഇനിയും എഴുതൂ...

sandoz said...

പീയാറേ......ഇത്‌ ദുരന്തമല്ലാ...
ഇതിനെ കോമണ്‍സെന്‍സ്‌ എന്നു പറയും.
സ്വാതന്ത്ര്യം തന്നെ അവിടേം പ്രശ്നം....
പിന്നെ ഇത്തിരി വിഷമിച്ചാലും...

ഒരു മുടിഞ്ഞ ഓഫ്‌;
ജാസൂ..മാഷ്‌ ഒരു വിഷമം തേടി നടക്കുന്ന കോടീശ്വരന്‍ ആണോ....
അതോ വിഷമിക്കുന്ന കോടീശ്വരനോ...

ജാസു said...

അല്ല മാഷേ ഞാന്‍ വേദനിക്കുന്ന കോടീശ്വരിയാകുന്നു..:)
എപ്പൊഴും ചിരിച്ചു നടന്നാലെങ്ങനെയാ...ഇടക്കൊന്നു വിഷമിക്കണ്ടേ മാഷേ . :)

P.R said...

ജാസൂ... ഹ,ഹ.. അതെനിയ്ക്കിഷ്ടമായി ...
പിന്നെ, അതങ്ങിനെ ആയി പോകുന്നു, എന്തെങ്കിലും മനസ്സില്‍ തോന്നി, അതു വിരലിലേയ്ക്ക് വാക്കായി വരുമ്പോള്‍ മാത്രമേ എഴുതാറുള്ളൂ.. [ഇതൊരു വലിയ സംഭവമൊന്നുമല്ല ട്ടൊ, :)]അതുകൊണ്ടാകാം ചിലപ്പോള്‍..
സാന്റോസ്.. ഹ,ഹ...ശരിയാണ്..

sandoz said...

ഓഫ്‌..ഓഫോട്‌ ഓഫ്‌....
അയ്യോ ജാസു കോടീശ്വരി ആയിരുന്നോ.....ഞാന്‍ കരുതി ഈശ്വരന്‍ ആണെന്ന്....
പ്രൊഫയില്‍ നോക്കിയതുമില്ല...
ജാസു എന്നൊക്കെ കണ്ടപ്പോള്‍ വല്ല വാസൂന്റെ അനിയനും ആണെന്ന് കരുതി....
കര്‍ത്താവേ ഷമി..ഷമി..ഞാന്‍ അറിഞ്ഞില്ലല്ലോ.....
അറിയാനൊട്ട്‌ ശ്രമിച്ചുമില്ലല്ലോ...
ക്രൂരനാണു ഞാന്‍......

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

ജാസു,
രാവിലെ തന്നെ വായിച്ചിരുന്നു. പിന്നെ പ്രണയം എന്ന് പറയുന്നത് എന്താ എന്ന് അറിയാത്തത് കൊണ്ട് കമന്റിടാന്‍ ഒരു അങ്കലാപ്പ്. അത്രേ ഉള്ളൂ.

ഓടോ: സാന്റോ.. നീ സീരിയലുകളില്‍ ഡയലോഗ് എഴുതാറുണ്ടോ?

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

അയ്യൊ ആള് മാറി കമന്റ് വായിച്ച ഹാങ്ങോവറാ. ജാസുവല്ല പീ ആര്‍. :-)

:: niKk | നിക്ക് :: said...

പ്രണയിക്കുകയായിരുന്നൂ നാം
ഓരോരൊ ജന്മങ്ങളില്‍...

:: niKk | നിക്ക് :: said...

ഓ.ടോ.

ഡേയ് സാന്റോസ്, ഈ ‘പി’ യുടേയും ‘ആര്‍’ ന്റെയും നടുവില്‍ ഒരു ‘വി’ നഷ്ടപ്പെട്ടിട്ടില്ലേ?

യേത്? ;)

PVR Palarivattom :P

sandoz said...

ശരിയാണു നിക്കേ...
ഞാന്‍ അതിനെതിരെ ഒരു പ്രതിഷേധകൊടുങ്കാറ്റ്‌ തന്നെ അഴിച്ച്‌ വിടണം എന്നോര്‍ത്തിരുന്നതാ....
പീയാര്‍ നടുക്ക്‌ വി കൂടി ചേര്‍ക്കണം എന്നും പറഞ്ഞ്‌...
പിന്നെ വേണ്ടാന്നു വച്ചു...
ഇന്നലെ ഒരു ഈശ്വരിയെ കേറി ഈശ്വരന്‍ എന്നു വിളിച്ച്‌ വാലുമുറിഞ്ഞ്‌..
ഒരു വിധത്തിലാ അവിടുന്ന് തലയൂരി പോന്നത്‌...

Ardra said...

ചില സ്നേഹബന്ധങ്ങള്‍ക്കു നാമകരണം ആവശ്യമില്ല, അവ നിര്‍വചനങ്ങള്‍ക്കതീതമാണു ...ജീവിതത്തിന്റെ എതൊ വഴിത്തിരിവില്‍ കണ്ടുകിട്ടിയ ചില അസുലഭ നിമിഷങ്ങള്‍- simply some precious moments of mutual unspoken affection to be cherished forever with gratitude- ...എങ്കിലും വിവേകവും,വിവേചനവും ഉപയോഗിച്ചു കൈവിട്ടു പോകെണ്ടിവരുന്ന ചില ആത്മബന്ന്ധങ്ങള്‍- I think there is no need to analyse or rationalise the reasons behind the thoughts, feelings and emotions..
ചില ഏകാന്ത നിമിഷങ്ങളില്‍ ഓര്‍മമകളുടെ മണിച്ചെപ്പു തുറന്നു, ആ മുത്തുകള്‍ പുറത്തെടുത്തു, പൊടി തട്ടി, തുടച്ചു മിനുക്കി, അതിന്റെ നേര്‍ത്ത സുഗന്ധം നുകര്‍ന്നു, തിരിച്ചു മനസ്സിന്റെ ഒരു കോണില്‍ സൂക്ഷിച്ചു വെക്കുക... ഒരു കുളിരായി, ഒരു തണലായി,ഒരു സാന്ത്വനമായി, ഒരു മധുര നൊമ്പരമായി...

പിന്നെ, പി.ആര്‍, പ്രണയത്തിനു പ്രായം ബാധകമല്ലെന്നാണു എനിക്കു തോന്നുന്നതു.
:-)