Sunday, July 01, 2007

അപ്പു.

രഘു എന്നാണ്‌ ഈ പത്ത്‌ വയസ്സുകാരന്റെ പേര്‌. എന്നാല്‍ സ്കൂളിലും വീട്ടിലും, എല്ലാവരും വിളിയ്ക്കുന്നത്‌ അപ്പു എന്നും. എത്ര ചീകി ഒതുക്കി വെച്ചാലും, അനുസരണയില്ലാതെ ഉയര്‍ന്നു തന്നെ നില്‍ക്കുന്ന അവന്റെ കുറ്റിമുടിയെ ഇനി കളിയാക്കുവാന്‍ ബാക്കി ആരുമില്ല. അവന്റെ ഓമനത്തം വിട്ടുമാറാത്ത മുഖത്തിനു മുകളില്‍ കുറ്റിമുടികള്‍ ഉയര്‍ന്നെണീറ്റു നിന്നു, എപ്പോഴും.

അവന്റെ വയസ്സിന്റെ അമിതോര്‍ജ്ജം വല്ലവിധേനയുമൊന്ന് പുറത്തേയ്ക്കു തിരിച്ചു വിടാനുള്ള എല്ലാ വിക്രിയകളും അവന്‍ ചെയ്തുകൂട്ടുമായിരുന്നെങ്കിലും, അവന്റെയുള്ളിലെ സങ്കടങ്ങളും, സംശയങ്ങളും, ഇഷ്ടാനിഷ്ടങ്ങളും എല്ലാം പങ്കുവെയ്ക്കുന്നത്‌ അവന്‍ അമ്മയോടു മാത്രമാണ്‌. അമ്മയാണ്‌ അവന്റെ വഴികാട്ടി, തന്റേതായ ശരികളും തെറ്റുകളും ഒക്കെ മനസ്സില്‍ കണക്കുകൂട്ടുന്നതും അമ്മയിലൂടെ തന്നെ. പക്ഷെ അമ്മയോടു ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരാഗ്രഹം ഉണ്ടവന്‌.. എന്തുകൊണ്ടോ അതു പറയാന്‍ കഴിഞ്ഞിട്ടില്ല അവനിതുവരെ.

അപ്പുവിന്‌ സ്കൂളില്‍ ധാരാളം കൂട്ടുകാരുണ്ടെങ്കിലും, എതിരാളികളും കുറവല്ല.

അന്നവന്‍, ഉണ്ട കൈ കഴുകി പൈപ്പിനടുത്ത്‌ തന്നെ കയ്യില്‍ ചോറുപാത്രവുമായി നില്‍ക്കുമ്പോള്‍, ഗ്രൗണ്ടില്‍ എല്ലാവരും കളിയ്ക്കാന്‍ തുടങ്ങിയത്‌ കണ്ടിരുന്നു...
അന്നു വെള്ള്യാഴ്ച ആയിരുന്നു. വെള്ള്യാഴ്ച ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞാലും കുറെ നേരം അധികം കിട്ടും കളിയ്ക്കാന്‍..എന്നാലും അവനന്നെന്തോ കളിയ്ക്കാന്‍ കൂടാനൊരു ഉത്സാഹക്കുറവ്‌.

അവിടെ ഗോപി എല്ലാവരുടേയും നേതാവായി നിന്ന്, കളിയ്ക്കു വേണ്ട നിര്‍ദ്ദേശ്ശങ്ങള്‍ കൊടുക്കുകയാണ്‌. അവനതാണെപ്പോഴും ഇഷ്ടം. അപ്പപ്പോള്‍ തോന്നുന്ന തീരുമാനങ്ങള്‍ അതേപടി നടപ്പിലാക്കാനുള്ള ഒരു പ്രത്യേക ധൈര്യം, ഒരു കൂസലില്ലാതെ, ഭയമില്ലാതെ വളരെ ലാഘവത്തോടെ എന്തും ചെയ്യാനും, ചെയ്യിയ്ക്കാനുമുള്ള മിടുക്ക്‌.. എല്ലാവരേയും തന്നിലേയ്ക്ക്‌ ആകര്‍ഷിച്ചെടുക്കാനുള്ള ഒരു കാന്തിക ശക്തിയുണ്ടവനില്‍.

അന്നവന്‍ പതിവിലും കൂടുതല്‍ സന്തോഷവാനായിരുന്നു. വല്ല്യച്ഛന്‍ (അപ്പൂന്റെ വല്ല്യച്ഛന്റെ മകനാണ്‌ ഗോപി.) ജോലിസ്ഥലത്തു നിന്നും ഒഴിവിനു വന്നിതിന്റെയാവും. പുതിയൊരു ഷര്‍ട്ടും നിക്കറുമൊക്കെയിട്ട്‌ എല്ലാം മറന്ന് ആസ്വദിയ്ക്കുകയാണ്‌ അവന്‍, കൂടെ എല്ലാവരും.. രാവിലെ, സ്കൂളിലേയ്ക്ക്‌ അവന്‍ പോയതിനു ശേഷം, പിന്‍ വശത്തു കൂടി പോന്ന്‌, വീട്ടില്‍ വെച്ച്‌ വല്ല്യച്ഛന്റെ കണ്ണില്‍ പെടാതെ കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്‌ അപ്പു, അന്ന്.

അപ്പുവും ഗോപിയും അധികം ചേരാറില്ല, കളി തുടങ്ങി അധികം കഴിയുന്നതിനു മുന്‍പേ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു തുടങ്ങും രണ്ടു പേര്‍ക്കുമിടയില്‍, പിന്നെ അത്‌ ഒരു കയ്യാംകളിയിലെ അവസാനിയ്ക്കൂ. എന്തോ, അപ്പുവിനെന്നും അവന്റെ തീരുമാനങ്ങളോട്‌ വിയോജിപ്പാണുണ്ടാവാറ്‌.

ഗോപി അപ്പൂനെ നീട്ടി വിളിച്ചു. അവന്റെ പിന്നില്‍ പതുങ്ങി നില്‍ക്കുന്ന ബാലനെ നോക്കാതെ അപ്പു അങ്ങോട്ട്‌ നടന്നു. ബാലനെ അപ്പുനിഷ്ടാണ്‌, കൂടാതെ അവന്‍ താമസിയ്ക്കുന്നത്‌ തൊട്ടടുത്തും.. പക്ഷെ സ്കൂളിലെത്തിയാല്‍ അവന്‍ പതുക്കെ ഗോപിയുടെ കൂടെ കൂടും, അവനങ്ങനെയാണ്‌. മണ്ണില്‍ കാലു കൊണ്ട്‌ നീട്ടി ഒരു വര വരയ്ക്കുന്നുണ്ട്‌ ഗോപി, അപ്പു നില്‍ക്കുന്നയിടം വരെ. എന്തോ കളിയ്ക്കുള്ള പുറപ്പാടാണെന്ന് അപ്പുവിനും മനസ്സിലായി.

"ഡാ അപ്പൂ... ഈ വര കണ്ടോ? ഇതിന്റെ ഈ അറ്റം നിന്റച്ഛന്റെ മൂക്കാണെന്ന് വിചാരിച്ചോ, ആ അറ്റം ഇവന്റെ അച്ഛന്റെ മൂക്കും." അവന്‍ ബാലനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു.

"ഇനി, മല്‍സരം എന്താന്നറിയോ? ധൈര്യം നോക്കലാണ്‌."
"ധൈര്യംള്ള ആള്‌ മേറ്റ്‌ ആള്‍ടച്ഛന്റെ മൂക്കില്‍ ചവിട്ടും! ബാലാ, നീയാ അറ്റത്ത്‌ പോയി നിക്ക്‌. എങ്ങനെണ്ട്‌ കളി?"
അപ്പു ഒന്നു ശങ്കിച്ചു. "ഇന്നിവന്‌ ഉഷാറ്‌ കൂടുതലാണ്‌."

"ആ, എല്ലാരും വരിന്‍, മത്സരം തൊടങ്ങായി.. ആര്‍ക്ക ധൈര്യമ്ന്ന് നോക്കാം.." ഗോപിയ്ക്ക്‌ അതുപറയുമ്പോള്‍ ഉത്സാഹം കൂടി വന്നു.

ആര്‍ക്കായിരിയ്ക്കും കൂടുതല്‍ ധൈര്യം?.. എല്ലാവരും ചുറ്റും കൂടി.

അപ്പൂന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയാണ്‌."ബാലന്‍ ഒരു പാവാണ്‌."
അവന്റെ അച്ഛനും അപ്പൂന്റെയച്ഛനും വലിയ കൂട്ടുകാരായിരുന്നുവെന്നത്‌ അപ്പൂനറിയാം. ഇപ്പോഴും ബാലന്റെയച്ഛന്‍ തന്നെ കാണുമ്പോള്‍ എന്തെങ്കിലും വാങ്ങിത്തരാറുള്ളതും അപ്പു ഓര്‍ത്തു, ഒരു നിമിഷം..

എല്ലാവരും ഉച്ചത്തില്‍ പ്രോത്സാഹനങ്ങള്‍ കൊടുത്തു തുടങ്ങി രണ്ടു പേര്‍ക്കും.
പക്ഷെ അപ്പൂന്റെ കണക്കുകൂട്ടലുകളെ തകര്‍ത്തുകൊണ്ട്‌, ബാലന്‍ വളരെ ലാഘവത്തോടെ അവന്റെയടുത്തു വന്നു നിന്ന്‌, വരയുടെ അറ്റത്ത്‌ ആഞ്ഞോരു ചവിട്ട്‌.
അപ്പുവിന്‌ രണ്ടാമതൊന്നാലോചിയ്ക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ്‌, ഗോപി ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു കൊണ്ട്‌ പ്രഖ്യാപനം നടത്തി. അവന്റെ കണ്ണുകളില്‍, ആഗ്രഹിച്ചത്‌ നടന്നതിന്റെ തിളക്കം.

"ബാലന്‍ ജയിച്ചേ, ബാലന്‍ ധൈര്യവാനാണേയ്‌, അവന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌.."
എല്ലാവരും ബാലന്റെ അടുത്തേയ്ക്ക്‌ ഓടുകയാണ്‌. അവന്‍ ചിരിച്ചു കൊണ്ട്‌ നില്‍ക്കുകയാണ്‌, ധൈര്യവാനായി, വിജയശ്രീലാളിതനായി...
"ബാലന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌" എന്നുറക്കെ കൂട്ടത്തോടെ ഗോപിയെ പിന്താങ്ങുന്നുണ്ട്‌ എല്ലാവരും.

അപ്പൂവിന്റെ കൈകാലുകള്‍ തരിച്ചു. അവന്‌ ദേഷ്യം കഠിനമായി വന്നു. ബാലന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല, കയ്യിലുള്ള ചോറുപാത്രം എറിഞ്ഞു, അതു നേരെ ചെന്നു കൊണ്ടത്‌ ബാലന്റെ നെറ്റിയില്‍. ഓടി ചെന്നവനെ തള്ളി വീഴ്ത്തി. ശക്തിയായി ചവുട്ടി. ബാലന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട്‌ അപ്പുവിനെ മാറ്റാനായി പാഞ്ഞടുത്ത ഗോപിയേം അവന്‍ തള്ളിയിട്ടു. ഗോപി വീണ്ടും എണീറ്റുവന്ന്, അപ്പുവിനോടെതിര്‍ത്തു. അപ്പു ബാലനെ വിട്ട്‌ ഗോപിയ്ക്കു നേരെ തിരിഞ്ഞു. രണ്ടു പേരും മണ്ണില്‍ കിടന്നുരുണ്ടു. ഒരിന്ധനമായി ദേഷ്യവും സങ്കടവും അവന്റെയുള്ളിലെ ശക്തിയെ ആളിക്കത്തിച്ചു. അവന്‍ സകല ശക്തിയും എടുത്ത്‌ ഗോപിയുടെ നെഞ്ചില്‍ കയറിയിരുന്ന് ആഞ്ഞടിച്ചു. ഷര്‍ട്ട്‌ വലിച്ചു കീറി.

അവന്റെ മുഖത്തെ ചുവപ്പു നിറം മറ്റു കുട്ടികളെ മാറ്റി നിര്‍ത്തി. എല്ലാവരും അമ്പരന്നു നിന്നു. ഗോപിയുടെ നിലവിളി പുറത്തേയ്ക്കു വന്നു തുടങ്ങി.. അന്തരീക്ഷം മുറുകി വരുന്നത്‌ മനസ്സിലാക്കിയ ഏതോ ഒരു കുട്ടി, മാഷിനെ വിളിയ്ക്കാനായി ഓടി.

"എന്താ അപ്പൂ ദ്‌?" വേണു മാഷും വേറെ പലരും ഓടിവന്ന് അപ്പുവിനെ മാറ്റുകയാണ്‌.
"ഈ ചെക്കന്മാര്‍ക്കൊക്കെ എന്തിന്റെ കേടാണാവോ, ദന്നെ പണി ഏതു നേരോം.." ആരൊ പറയുന്നുണ്ട്‌.

അപ്പുവിനാണെങ്കില്‍ കിതച്ചിട്ട്‌ ഒന്നും പറയാന്‍ വയ്യ. ഉള്ളില്‍ എന്തൊക്കെയൊ പതഞ്ഞു പൊങ്ങുകയാണ്‌.

ഗോപിയെ വാരിയെടുത്ത്‌ മാഷ്‌ ക്ലാസ്സിനകത്തേയ്ക്ക്‌ കൊണ്ടുപോയി ബെഞ്ചില്‍ കിടത്തി. വെള്ളം കൊടുത്തു. അവന്റെ ചുണ്ടില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. കുട്ടികളെല്ലാവരും അവന്റെ ചുറ്റും കൂടി എന്തൊക്കെയോ പരസ്പരം പിറുപിറുത്തു.

അപ്പു ഒന്നും മിണ്ടാതെ ക്ലാസ്സിലേയ്ക്കു കയറി ബെഞ്ചിലിരുന്നു. ഡെസ്ക്കില്‍ കൈമുട്ടു വെച്ച്‌ തല താങ്ങി കിതച്ചുകൊണ്ട്‌. തരിപ്പു മാറാത്ത കൈകാലുകള്‍ വിറച്ച്‌..
ഉള്ളിലെ ബാക്കിയുള്ള ദേഷ്യവും സങ്കടവും പുറത്തേയ്ക്ക്‌ കുതിയ്ക്കുവാന്‍ വീര്‍പ്പുമുട്ടിയ്ക്കുകയാണ്‌. "ബാലന്‍ അപ്പൂന്റച്ഛന്റെ മൂക്കില്‍ ചവിട്ടിയേയ്‌"... ഒരാരവം മുഴങ്ങുന്നു കാതില്‍..അവന്റെ മുഖം, വിയര്‍പ്പില്‍ ചുകന്ന നിറത്തില്‍ ജ്വലിച്ചു.

********************* ******************************* ***********************

രാത്രി ഉറങ്ങാറാകുമ്പോള്‍ മാത്രമേ അപ്പൂന്‌ അമ്മയെ അടുത്ത്‌ കിട്ടാറുള്ളു. എല്ലാ പണിയും കഴിച്ച്‌, മേലുകഴുകി, മുഷിഞ്ഞ വേഷം മാറ്റി വന്ന് വാതിലടച്ച്‌ കെടക്കുമ്പോഴേയ്ക്കും അപ്പു മയക്കത്തിലായീട്ടുണ്ടാകും.
ഇന്നിപ്പോള്‍ അമ്മയ്ക്ക്‌ തെരക്ക്‌ കൂടുതല്‍. വല്ല്യച്ഛനെ കാണാന്‍ വിരുന്നുകാരുടെ തിരക്കായിരുന്നു ഇന്ന്. അമ്മ വാതിലടച്ച്‌ വന്നപ്പോഴേയ്ക്കും കുറെ നെരം വൈകിയിരുന്നു.

"അപ്പൂ നീയൊറങ്ങീല്ല്യെ? ദെന്താ ങനെ ആലോച്ച്‌ കെടക്കണേ?" അമ്മ മുടി കെട്ടി വെച്ച്‌, ജനാല തുറന്നിട്ട്‌ അപ്പൂന്റെയടുത്ത്‌ വന്നു കിടന്നു.
ജനാലയിലൂടെ നല്ല നിലാവിന്റെ വെളിച്ചം അകത്തേയ്ക്കു ഒലിച്ചിറങ്ങി, ഒപ്പം ചെറിയൊരു കുളിരും..

"അമ്മേ.. നമ്മള്‍ എന്നാ ഇവിട്ന്ന് നമ്മള്‍ടെ വീട്ടിലേയ്ക്ക്‌ പോവ?"അപ്പു അമ്മയുടെ പുതപ്പിനുള്ളിലേയ്ക്ക്‌ നീങ്ങി കിടന്നു കൊണ്ട്‌ ചോതിച്ചു.

"ഉം? എന്തിനാ പ്പൊ?"

"എനിയ്ക്കതാ ഇഷ്ടം. അച്ഛനല്ലേ അതുണ്ടാക്കീത്‌..." ഉള്ളിലെ ആഗ്രഹം അന്നറിയാതെ പറഞ്ഞുപോയി അവന്‍.

"അപ്പൂ, ഇന്ന് വല്ല്യച്ഛന്‍ നെന്നേ അന്വേഷിച്ചു. എന്താ നീ കാണാന്‍ പോവാഞ്ഞേ?"
"ദാ നെനക്ക്‌ കുപ്പായൊക്കെ കൊടന്നിട്ട്ണ്ട്‌"

"എനിയ്ക്ക്‌ വേണ്ട അത്‌".

"നീയെന്താ അപ്പൂ ഇങ്ങനെ? നെന്റെ വല്ല്യച്ഛനല്ലെ? ആ, പിന്നെയ്‌, ന്ന് സ്കൂളില്‍ ഗോപ്യായിട്ട്‌ വഴക്കു കൂടിയോ? ഗോപീടെ ചുണ്ട്‌ പൊട്ടീ, നല്ല വേദനണ്ട്ന്നൊക്കെ വല്ല്യമ്മ പരാതി പറഞ്ഞൂലോ"

"അതിന്‌ അവനാ തൊടങ്ങീത്‌, ഞാനൊന്ന്വല്ല.."

" നീയെന്തിനാ തിരിച്ച്‌ തല്ലാന്‍ പോണത്‌ അപ്പൂ.. നീയെന്തിന അവന്റെ ഷര്‍ട്ടൊക്കെ വലിച്ചു കീറിയേ?

"എനിയ്ക്കു ദേഷ്യം വന്നു. അവന്‍ എന്നേം ബാലനേം വഴക്കു കൂടിയ്ക്കാന്‍ നോക്കീതാ.."

"എന്താ അപ്പൂ നീയിങ്ങനെ?നീ നല്ല കുട്ടിയായി പഠിയ്ക്കണതാണ്‌ അമ്മയ്ക്കിഷ്ടം, അല്ലാതെ വഴക്കു കൂടി നടക്കണതല്ല.. പഠിച്ച്‌ അച്ഛനെ പോലെ വലിയ ആളാവണത്‌ കാണണം അമ്മയ്ക്ക്‌. നെനക്കാരോടാ ഇത്ര ദേഷ്യം?" അമ്മയുടെ ശബ്ദം ഒന്നുയര്‍ന്നു.

"ഞാനൊന്നല്ല തൊടങ്ങീത്‌. ബാലനെന്തിനാ ഗോപി പറേണത്‌ കേക്കാന്‍ പോണ്‌ എപ്പഴും? എനിയ്ക്കിഷ്ടല്ല ഗോപിയെ.. പിന്നെ, വല്ല്യമ്മേം, വല്ല്യച്ഛനേം ഒന്നും ഇഷ്ടല്ല." അവന്റെ ശബ്ദവും ഉയര്‍ന്നു പൊങ്ങി. കൈകാലുകളില്‍ തരിപ്പുണര്‍ന്നു വന്നു..

"അപ്പൂ..!!" അമ്മ ഒച്ചയിട്ടു.
"നീയെന്തൊക്ക്യാ പറേണേ? ഇങ്ങനൊക്കെ പറയാന്‍ പാടുണ്ടോ? നെന്റെ അച്ഛന്റെ ഏട്ടനാണ്‌ വല്ല്യച്ഛന്‍.. ഗോപീം, വല്ല്യമ്മേം ഒക്കെ ആരാ നെന്റെ? അവരെന്താ നെന്നോട്‌ ചെയ്ത്‌?"

"വല്ല്യമ്മ എന്തിനാ എപ്പഴും അമ്മെക്കൊണ്ട്‌ പണി ഇടുപ്പിയ്ക്കണേ? ഗോപിയാണെങ്കി എപ്പഴും വഴക്കു കൂടാന്‍ വരും, അവനെപ്പഴും അച്ഛനെ പറ്റി ഓരോന്നു പറയും.. വല്യച്ഛനാണെങ്കില്‍ ഗൊപ്യെ ആണ്‌ ഏറ്റവും ഇഷ്ടം. പിന്നെന്തിനാ നമ്മളിവിടെ താമസിയ്ക്കണ്‌?".

അമ്മ അവന്റെ മുഖത്തേയ്ക്ക്‌ നോക്കി. മുഖത്ത്‌ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

"അപ്പൂ.. ങനൊക്ക്യാണോ നീ വിചാരിച്ച്‌ നടക്കണേ?"
"നമ്മള്‍ക്ക്‌ ആരോടും ദേഷ്യം വേണ്ട. മറ്റുള്ളോര്‌ ചെയ്യുന്നത്‌ ഇഷ്ടായില്ലെങ്കില്‍, നീയവരോടത്‌ നേരിട്ട്‌ തുറന്ന് പറഞ്ഞാല്‍ പോരെ?. അല്ലെങ്കില്‍ മാഷോട്‌ പറയാമല്ലോ.. പിന്നെ അപ്പൂന്‌ അമ്മല്ല്യെ.. അച്ഛനും നമ്മടെ കൂടെ തന്നെണ്ട്‌. അവരെന്തെങ്കിലും അരുതാത്തത്‌ ചെയ്താല്‍ അതവര്‍ക്കറിയാത്തോണ്ടാണ്‌, അല്ലാതെ അവര്‍ ചീത്ത ആയതോണ്ടല്ല. തമ്മ്ത്തല്ല് കൂട്യാലോ ഉപദ്രവിച്ചാലോ അവര്‌ പിന്നേം അതന്നെ ചെയ്യേള്ളൂ.. നേരെ മറിച്ച്‌ നീയവരോട്‌ സ്നേഹായിട്ട്‌ പെരുമാറി നോക്ക്‌, വഴക്കു കൂടാന്‍ പോവാതെ നെനക്ക്‌ തോന്നണത്‌ പറഞ്ഞു നോക്ക്‌, പതുക്കെ അവരും ഒക്കെ സമ്മതിയ്ക്കാന്‍ തൊടങ്ങും..."
"നമുക്കു ശരീന്ന് തോന്നണത്‌ ചെയ്യാനും, അല്ലാന്ന് തോന്നണത്‌ ആരോടും തൊറന്നു പറയുവാനും ആണ്‌ നമ്മുക്ക്‌ ശക്തീം, ധൈര്യോം ഒക്കെ വേണ്ടത്‌, അല്ലാതെ വഴക്കു കൂടാനോ, ഗുസ്തി പിടിയ്ക്കാനോ അല്ല, അതോണ്ട്‌ കാര്യല്ല്യ അപ്പൂ..."
"അതിന്‌ നമ്മള്‍ ചെയ്യണ്ടതെന്താന്നറിയോ? ദിവസോം പ്രാര്‍ഥിയ്ക്കണം. അതിനുള്ള ധൈര്യോം ശക്തീം എന്നും ഉണ്ടാവണേ.. എന്ന്. നമുക്കെന്തിനാ ആരോടെങ്കിലും ദേഷ്യം, എല്ലാവരേം ഇഷ്ടായാല്‍ പോരേ? അതാണച്ഛനും ഇഷ്ടം, അതറിയൊ നെനക്ക്‌?"..
"അമ്മയ്ക്ക്‌ ഇവിടെ എല്ലാരേം ഇഷ്ടാണ്‌. വല്ല്യമ്മേം ഗോപിയേം ഒക്കെ ഇഷ്ടാണ്‌, പിന്നെ അപ്പൂനെ കൊറേയധികം ഇഷ്ടവും.. നീയും അങ്ങനെ ആവണം.. അച്ഛനപ്പഴാ സന്തോഷം ണ്ടാവ ട്ടൊ"..

അവന്‌ പിന്നേം എന്തൊക്കെയോ സംശയങ്ങള്‍ ചോദിയ്ക്കാന്‍ വന്നെങ്കിലും, കെട്ടിപ്പിടിച്ച്‌ അമ്മയ്ക്കൊരു ഉമ്മ കൊടുത്തു.

"അമ്മേ.. അച്ഛന്‍ നമ്മളെ കാണുന്നുണ്ടവോ?"

"ഉം.. പിന്നെന്താ സംശയം? അച്ഛന്‍ നമ്മടെ കൂടെതന്നെണ്ട്‌"

"എനിയ്ക്ക്‌ ചെലപ്പൊ അച്ഛനെ കാണാന്‍ തോന്നും..."

"അപ്പൂ.. നമ്മളും കൊറെ കാലം കഴിഞ്ഞാല്‍ അച്ഛന്റടുത്തയ്ക്ക്‌ പോവും.. ന്നിട്ട്‌ അവടെ അച്ഛന്റെ ഒപ്പം സുഖായി താമസിയ്ക്കും, ഒരിയ്ക്കലും പിരിയാതെ.."
"പക്ഷെ അതിനിനീം സമയണ്ട്‌. നീ വഴക്കൊന്നും കൂടാതെ നന്നായി പഠിച്ച്‌, ജോലി വാങ്ങി, വലിയ ആളാവണം ആദ്യം.. ന്നിട്ടെ പറ്റൂ.. പ്പൊ വേഗം ഒറങ്ങിക്കോ, നാളെ സ്ക്കൂള്‌ള്ളതല്ലേ.." അമ്മയുടെ കൈകള്‍ കുറ്റിമുടികളെ മാടിയൊതുക്കി വെയ്ക്കാന്‍ ശ്രമിച്ചു.

"സ്കൂള്‍ പൂട്ടിയാല്‍ നമ്മടെ വീട്ടില്‍ക്ക്‌ പോവാ അമ്മേ..?"
ഉത്തരം പറയാതെ അമ്മ അവനെ കൈകള്‍ക്കുള്ളില്‍ പൊതിഞ്ഞു. പതിഞ്ഞ സ്വരത്തില്‍ അവനേറ്റവും ഇഷ്ടമുള്ള പാട്ടു പാടിക്കൊടുത്തു, കൊച്ചു മുതുകില്‍ പതുക്കെ താളമിട്ടു കൊണ്ട്‌,

"ഓമനകുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെ കൂടെ കൂടാതെ..
കാമിനീ മണി അമ്മതന്‍ നങ്ക
സീമനി ചെന്നു കേറീനാന്‍..
അമ്മയുമപ്പോള്‍ മാറോടണച്ചി-
ട്ടുമ്മ വെച്ചു കിടാവിനേ,
അമ്മിഞ്ഞ നല്‍കിയാനന്ദിപ്പിച്ചു
ചിന്മയനപ്പോളോതീനാന്‍...
..................
..................

ചോദ്യങ്ങളും സംശയങ്ങളും തൊണ്ട വരെ വന്നുനിന്നെങ്കിലും അമ്മയുടെ കൈകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി കിടന്നു അവന്‍-
അമ്മയുടെ പാട്ടു കേട്ട്‌ ആകാശത്ത്‌ അവനും അമ്മയ്ക്കും മാത്രം അവകാശപ്പെട്ട ഒരു നക്ഷത്രത്തെ തിരഞ്ഞ്‌.. കൈകാലുകളിലെ തരിപ്പ്‌ വിട്ടകലുന്നതറിഞ്ഞ്‌...

അവന്റെ അടഞ്ഞ കണ്ണുകള്‍ തുടരെത്തുടരെ ചലിച്ചു. അമ്മയുടെ പതിഞ്ഞ സ്വരത്തിലുള്ള പാട്ടിലേയ്ക്കു കയറി വരുന്ന പതര്‍ച്ചയെ, കാതുകള്‍ പെറുക്കിയെടുത്തു. നനയ്ക്കുന്ന ചുടുനീരിന്റെ കനം നെറ്റി ഒപ്പിയെടുത്തു.

സ്വപ്ന ലോകത്തെ നക്ഷത്രങ്ങളില്‍ അച്ഛന്റെ മുഖം തേടി കണ്ടുപിടിയ്ക്കുമ്പോള്‍ ചോദിയ്ക്കുവാന്‍ ചോദ്യങ്ങളും സംശയങ്ങളും വാരിയെടുത്ത്‌ അവന്‍ പതുക്കെ യാത്ര പുറപ്പെട്ടു. പതറുന്ന സ്വരത്തിന്റെയലയടികള്‍ നയിയ്ക്കുന്ന നീണ്ട പാതയിലൂടെ ഒറ്റയ്ക്കവന്‍ അകലേയ്ക്ക്‌ ലക്ഷ്യം വെച്ച്‌ തലയുയര്‍ത്തിപ്പിടിച്ച്‌ നടന്നു, എന്തു വന്നാലും ഒരുനാള്‍ അച്ഛനുണ്ടാക്കിയ വീട്ടിലേയ്ക്ക്‌ അവനും അമ്മയ്ക്കും തിരിച്ചു പോവണമെന്ന ദൃഢനിശ്ചയത്തോടെ...

.................
.................
നറുനെയ്‌ കൂട്ടിയുരുട്ടീട്ടും നല്ലൊ-
രുറതൈര്‍ കൂട്ടിയുരുട്ടീട്ടും,
വറുത്തൊരുപ്പേരി പതിച്ചിട്ടുള്ളീ-
രണ്ടുരുളയും പിന്നെ മുരളിയും..
തരികയെന്നങ്ങു തരത്തില്‍ ചാഞ്ചാടി
തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു...

കുറിപ്പ്‌ : പാട്ടിലെ വരികള്‍ ആരുടെയെന്നറിയില്ല. നാട്ടില്‍ പാടികേട്ടിട്ടുള്ളതും, അമ്മൂനും അനീത്തികുട്ടിയ്ക്കും ഇപ്പോഴും പാടിക്കൊടുക്കാറുള്ളതുമാണീ വരികള്‍. വരികള്‍ പൂര്‍ണ്ണമല്ല.

4 comments:

Kiranz..!! said...

സംഗീതത്തില്‍ ബിയേയും എമ്മേയുമൊക്കെ എടുത്തിട്ട് ഒരു പോഡ്കാസ്റ്റിംഗ് തുടങ്ങാത്തത് കഷ്ടമാണല്ലോ,സംഗീതമറിയാത്ത ഞാഞ്ഞൂലുകള്‍ ഇവിടെയുള്ളപ്പോള്‍ നേരായ വഴി പറഞ്ഞു തരികയെങ്കിലുമാവാം മാഷേ..!

ചീര I Cheera said...

കിരന്‍സേ...
സത്യത്തില്‍ നിങ്ങളുടെയൊക്കെ പാട്ടൊന്നു നേരാവണ്ണം കേള്‍ക്കാന്‍ പറ്റിയിട്ടില്ല.. എന്തോ എന്റെ പി.സി യുടെ പ്രശ്നമാണോ എന്നറിയില്ല, വിട്ടുവിട്ടാണ് കേള്‍ക്കുന്നത്. അതുകൊണ്ടു തന്നെ ആ വഴിയ്ക്കൊന്നും ഇതുവരെ തിരിഞ്ഞില്ലെന്നു മാത്രം.
എന്തായാലും, പറഞ്ഞതിനു സന്തോഷം ട്ടൊ..

വല്യമ്മായി said...

നല്ല കഥ.കാണാന്‍ പറ്റുന്നുണ്ട് അപ്പൂന്റെ മനസ്സ്.

ചീര I Cheera said...

വല്യമ്മായീ..
അഭിപ്രായത്തിനു നന്ദി, സന്തോഷം.