Monday, May 28, 2007

അവളെവിടെ ?

പോയിമറഞ്ഞ കാലത്തിലൊരിയ്ക്കല്‍
അകത്തു ചുരുണ്ടു കൂടി
അര്‍ത്ഥങ്ങളറിയാതെ വളരുമ്പോഴും
കേട്ടിരുന്നു ഞാനവളുടെ കാലൊച്ചകള്‍.

അപ്പോളവള്‍ അമ്മയുടെ രക്തത്തിലായിരുന്നു.
പിന്നെയച്ഛന്റെ വിരല്‍തുമ്പിലൂടേയും,
അമ്മൂമ്മയുടെ താരാട്ടിലൂടേയുമൊഴുകി വന്നെ-
ന്നെയോമനിച്ചുറക്കിത്തുടങ്ങിയവള്‍.

ഞാന്‍ വളരുമ്പോള്‍, എന്നോടൊപ്പമവള്‍
‍മുത്തശ്ശിമാരിലൂടേയും, അംഗനവാടിയിലൂടേയും
കളിച്ചു നടന്നൊരു കളിത്തോഴിയായി,
പുസ്തകത്താളുകളിലൂടേയും വന്നെന്നെ പഠിപ്പിച്ചു.

ഞാന്‍ വളര്‍ന്നപ്പോള്‍, 'യാഥാര്‍ത്ഥ്യ'ത്തോടെയവളെ കണ്ടു-
മുട്ടിയിട്ടും എപ്പോഴോ, മറന്ന് മെല്ലെയകന്നുപോയ എന്റെ
വഴിത്തിരിവുകളില്‍, ഞാനറിയാതെ, എന്റെ ഗീതങ്ങള്‍ക്കര്‍ത്ഥമായി
വന്നവളെന്റെ മനസ്സിനെ തൊട്ടുണര്‍ത്തി, പലപ്പോഴും.

അവളെവിടെ? എന്റെ മനസ്സ്‌ കാത്തിരുന്നു.

കാലമെത്തിച്ചൊരീ വഴിയരികില്‍ മേയുന്ന ഞാനിന്ന്,
നിനച്ചിരിയ്ക്കാതെ, വീണ്ടുമാ കാലൊച്ചകള്‍ കേട്ടു - എന്റെ രക്തത്തില്‍.
എന്റെ ഭാവങ്ങള്‍ തുടിച്ചു.
വിരലുകള്‍ ആ സ്പന്ദനമറിഞ്ഞു.
അവളപ്പോഴുമെങ്ങോ മറഞ്ഞിരുന്നു.
വിരല്‍ത്തുമ്പില്‍ നിന്നും വഴുതിയകന്നു.
എന്നോടു ചേരുവാന്‍ മടിച്ചു നിന്നു.
എന്തുകൊണ്ടോ... അവളിലേയ്ക്കു ഞാനും!

അവളെവിടെ? എന്റെ വിരല്‍ത്തുമ്പ്‌ ചോതിച്ചു.

ഉത്തരമില്ലാത്ത വരണ്ടുണങ്ങിയ എന്റെയടിത്തട്ടിലെ,
തുടിപ്പുകള്‍, കീറിയകന്ന വിള്ളലുകളില്‍ കുടുങ്ങി
ദിശയറിയാതെ വറ്റിയൊടുങ്ങുമ്പോള്‍,
ഒരുനാളേതോ ഉണര്‍വ്വിന്റെ നിമിഷത്തിലെന്നുള്‍ ഭിത്തിയില്‍
പൊട്ടിയൊലിച്ചൊരുറവനീരില്‍ കുതിര്‍ന്ന്, അവയൊഴുകി-
ത്തുടങ്ങി ദിശ തെറ്റാതെ അര്‍ത്ഥത്തിലേയ്ക്ക്‌..
തെളിഞ്ഞ വാക്കുകളിലൂടെ...

എന്റെ വിരലുകളെഴുതി മുഴുമിപ്പിച്ചപ്പോള്‍,
അതില്‍ കണ്ടുവത്രേ അവരവളെ!
അവരുടെ സ്പന്ദനങ്ങളെ..
അര്‍ത്ഥമായ എന്റെ ഭാവങ്ങളെ..
അവരതിനെ 'കവിത'യെന്നു വിളിച്ചു.
അവരുടെ 'കവിതയായി', മനസ്സുകളോടര്‍ത്ഥം പറഞ്ഞു അത്.
എന്റെ മനസ്സായി, എന്റെ ഭാവത്തിന്റെ ആത്മാവായി..

വിരലുകളെന്നെ നോക്കി ചിരിച്ചു! ഞാനവളെ നോക്കിയും..


കുറിപ്പ് : സൂവിന്റെ ‘കവിത പറഞ്ഞത്’‘ വായിച്ചപ്പോള്‍, എന്റെ മനസ്സിലേയ്ക്കു വന്ന, കവിതയെ കാണുന്ന ഒരു ഭാവം കുത്തിക്കുറിയ്ക്കാന്‍ തോന്നി.

9 comments:

P.R said...

ഇതൊരു കവിതയാണോ, എനിയ്ക്കറിയില്ല.
മനസ്സിലേയ്ക്കു കയറി വന്ന്, എന്റെ സ്വര്യം കെടുത്തിയപ്പോള്‍, കുത്തിക്കുറിച്ചിട്ട ചില തോന്നലുകള്‍... എന്നു മാത്രം പറയുന്നു.
പ്രചോദനമായത്, സൂവിന്റെ ‘കവിത പറഞ്ഞത്’ കേട്ടപ്പോള്‍.

സു | Su said...

നന്നായിട്ടുണ്ട്. അവസാനം തിരിച്ചുകിട്ടിയപ്പോള്‍, മനസ്സിലെ ഭാവം അവളായി ഒഴുകിയപ്പോള്‍, വിരലുകള്‍ മാത്രമല്ല, അവളെ കണ്ടവരൊക്കെ ചിരിച്ചിട്ടുണ്ടാകണം. കാത്തിരിപ്പിന്റെ വിജയത്തിനുള്ള ചിരി.

P.R said...

സൂ, ഈ പറഞ്ഞതെന്നെ ഏറെ സന്തോഷിപ്പിയ്ക്കുന്നു..
നന്ദി ട്ടൊ.

വല്യമ്മായി said...

നന്നായി കവിത,ഉള്ളില്‍ ഉറങ്ങികിടന്നവള്‍ക്ക് എഴുന്നേല്‍ക്കാതിരിക്കാനാവില്ല :).ഇനിയവളെ ഇടയ്ക്കിടക്ക് ഉണര്‍ത്തണേ

P.R said...

വല്ല്യമ്മായീ..
ഇനിയും ഒരു സാഹസം വേണോ എന്ന ചിന്തയിലാണു ഞാന്‍...
അഭിപ്രായത്തിനു നന്ദിയും സന്തോഷവും.

വല്യമ്മായി said...

സാഹസത്തിലൂടെയാണ് ലോകം പലതും നേടിയിട്ടുള്ളത്.സംഗീതാഭിരുചി കൂടിയുള്ളത് കൊണ്ട് എഴുത്തിനൊരൊഴുക്കും ഉണ്ടാകും.

P.R said...

വല്യമ്മായീ!
ഈ പ്രോത്സാഹനം ഞാന്‍ സൂക്ഷിച്ചു വെയ്ക്കുന്നു.
ഒരിടവേളയ്ക്കു ശേഷം സംഗീതത്തിനെ കണ്ടെടുക്കുകയാണു ഞാനിന്ന്, എന്നിലെ തന്നെ.. അതാണെന്റെ ഊര്‍ജ്ജവും..

നിമിഷ::Nimisha said...

അവരുടെ സ്പന്ദനങ്ങളെ..
അര്‍ത്ഥമായ എന്റെ ഭാവങ്ങളെ..
അവരതിനെ 'കവിത'യെന്നു വിളിച്ചു

നല്ല വരികള്‍, കവിത നന്നായിട്ടുണ്ട് :)

Ardra said...

Is she an errant muse who is playing hide and seek with u? Is she enjoying making you look for her? enjoying taking u thru lanes and bylanes, nooks and corners...enjoying ur frustration when u dont find her...sometimes she playfully peeks in and u see a glimpse of her but when u try to get her into your hold- she slips away again...
but here u've finally managed to clasp her- hold on and don't let her slip away...she is a part of you- she cant stay away for too long...:-)