Monday, May 07, 2007

പൂജാപുഷ്പങ്ങള്‍.

പകല്‍ചൂട്‌ അസഹ്യമായി തുടങ്ങിയിരുന്നെങ്കിലും, വെളുപ്പാന്‍ കാലത്തെ കുളിര്‌ അപ്പോഴും നഷ്ടപ്പെട്ടിരുന്നില്ല..
ആ കുളിരില്‍, അവളുടെ മനസ്സ്‌ വര്‍ത്തമാനത്തിലേയ്ക്കു മടങ്ങി വരുവാന്‍ മടിച്ചു നിന്നു..

അവള്‍ ഉണര്‍ന്നു തന്നെയാണ്‌ കിടന്നിരുന്നത്‌, ഓരോ നിമിഷവും സിദ്ധാര്‍ഥിന്റെ വിളി പ്രതീക്ഷിച്ചു കൊണ്ട്‌..
അതിനിടയില്‍, പലപ്പോഴായി, നിയന്ത്രണമില്ലാത്ത ഒരു കൊച്ചുകുട്ടിയെ പോലെ, മനസ്സ്‌, ഭൂതകാലത്തില്‍ ചുറ്റി കറങ്ങിക്കൊണ്ടേയിരുന്നു..

വലിയൊരു കണക്കായി വര്‍ഷങ്ങളെ എണ്ണിപ്പെറുക്കുവാനില്ലെങ്കിലും, എത്രയോ കാലങ്ങളായി സിദ്ധാര്‍ഥിനോടൊപ്പം ഒരുമിച്ചു ജിവിച്ചു വരുന്ന പോലെ.., എത്രയോ കാലങ്ങളായി അയാളെ അറിയാവുന്നതു പോലെ, തോന്നി അവള്‍ക്ക്‌.

"ഇന്നെന്തായാലും അമ്പലത്തില്‍ പോണം.." അവരുടെ ജീവിതത്തില്‍ എല്ലാം കൊണ്ടും പ്രാധാന്യം അര്‍ഹിയ്ക്കുന്ന ദിവസം.

വീര്‍ത്തിരുന്ന കണ്‍പോളകള്‍ തുടച്ചു കൊണ്ട്‌, അവളെഴുന്നേറ്റ്‌, ലൈറ്റിട്ട്‌, കണ്ണാടിയില്‍ തന്റെ മുഖം സൂക്ഷിച്ചു നോക്കി.
"കണ്ണുകള്‍ക്കു താഴെ, കറുപ്പു നിറം പരന്നിട്ടുണ്ട്‌. ചിലപ്പോള്‍ രാത്രിയിലെ ഉറക്കം ശരിയാവാത്തതു കൊണ്ടായിരിയ്ക്കും." രാത്രികളിലെ ഉറക്കം തന്നെ വിട്ടകന്നിട്ട്‌, ഒരു വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നുവെന്നവള്‍ അദ്ഭുതത്തോടെ ഓര്‍ത്തു.
അവള്‍ കണ്ണാടിയിലെയ്ക്ക്‌ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

"ഞാന്‍ മാറിയിരിയ്ക്കുന്നുവോ, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ആദ്യമായി കാണാന്‍ വന്ന സിദ്ധാര്‍ഥിനു മുന്‍പില്‍ "പരിഭ്രമിച്ച്‌" നിന്നിരുന്ന ആ പെണ്‍കുട്ടിയില്‍ നിന്നും, ഇപ്പോള്‍ ഈ കണ്ണാടിയില്‍ കാണുന്ന "സ്ത്രീ" എന്ന രൂപത്തിലേയ്ക്ക്‌ ബഹുദൂരം സഞ്ചരിച്ചു വന്നിരിയ്കുന്നു ! അതെ, ഇന്നിപ്പോള്‍ ഞാനൊരു സ്ത്രീ ആണ്‌. കൂടെയുള്ളവര്‍ക്കെല്ലാം, ഒരത്താണിയായി വര്‍ത്തിയ്ക്കേണ്ടുന്ന ഒരു "സ്ത്രീ". ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കാനും, സ്നേഹസാന്ത്വനങ്ങള്‍ പകര്‍ന്നു കൊടുക്കുവാനും, പക്വമായ ഒരു മനസ്സ്‌ അവശ്യം വേണ്ടുന്ന, ഒരു സ്ത്രീ.." ഒരു ഉള്‍ഭയത്തോടെ അതവള്‍ ഒന്നുകൂടി മനസ്സില്‍ കെട്ടിട്ടുറപ്പിച്ചു.

ജനാല തുറന്ന്, പുറത്തേയ്ക്ക്‌ വറുതെ നോക്കി. വെളിച്ചം വീണിട്ടില്ല ഇനിയും, അറ്റത്ത്‌ ഒരു മഞ്ഞ വെളിച്ചം ആകാശത്ത്‌ പരത്തുവാനായി പുറപ്പെട്ടു തുടങ്ങിയിട്ടേയുള്ളു. സൂര്യന്‍ തന്നെ പോലെ തന്നെ, ഉദിയ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന പോലെ..

അവള്‍ ആകാശത്തേയ്ക്കു നോക്കി..കടും നീല നിറം വാരി വിതറി, അതില്‍ ഇനിയും മാഞ്ഞു പോകാതെ നില്‍ക്കുന്ന ചന്ദ്രക്കല. അവിടെയവിടെയായി തിളങ്ങുന്ന നക്ഷത്രങ്ങള്‍..
പട്ടണം ഞായറാഴ്ചയുടെ ആലസ്യത്തിലാണ്‌.. വെളുപ്പാന്‍ കാലത്തെ കുളിരിനെ ആസ്വദിച്ചുകൊണ്ട്‌...

"ഇന്നെന്തു പറ്റി സിദ്ദ്വേട്ടന്‌.. രാവിലെ നേര്‍ത്തെ വിളിയ്ക്കാമെന്നു പറഞ്ഞിരുന്നതാണല്ലൊ.."
"നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ എത്തിയില്ലായിരിയ്ക്കും, അല്ലെങ്കില്‍ പാവം കിടന്നുറങ്ങിക്കാണും.."

നിറയുന്ന ആശങ്കയോടെ, കിടയ്ക്കക്കടിയില്‍ ഭദ്രമായി വെച്ചിട്ടുള്ള ഡയറി എടുത്ത്‌, അന്നത്തെ തീയ്യതി അടിച്ചിട്ടുള്ള ഒരു പുതിയ താളില്‍, അവള്‍ ഒന്നിനു പുറകെ ഒന്നായി കുറിച്ചിടുവാന്‍ തുടങ്ങി -
ഒഴിവു ദിവസത്തേയ്ക്കായി നീക്കി വെച്ചിട്ടുണ്ടായിരുന്ന കുറേയധികം കാര്യങ്ങളാണ്‌ എല്ലാം..

"ഇന്നെല്ലാം ചെയ്തു തീര്‍ക്കണം, ഒന്നും ഇനി പിന്നേയ്ക്കായി മാറ്റിവെയ്ക്കരുത്‌."

'ബാങ്കില്‍ പോണം.
അമ്മയുടെ കുഴമ്പ്‌ വാങ്ങണം, അച്ഛന്റെ കുട ശരിയാക്കാന്‍ കൊടുക്കണം.
സിദ്ദ്വേട്ടന്റെ വീട്ടില്‍ പോണം, അവിടെ അമ്മയ്ക്കും കുറച്ചു പൈസ മറക്കാതെ കൊടുക്കണം.
അവിടെ സഹായത്തിനു നില്‍ക്കുന്ന സ്ത്രീയ്ക്ക്‌ എന്തെങ്കിലും വാങ്ങിക്കൊടുക്കണം.'

പിന്നെയും അവളെന്തൊക്കെയോ ഓര്‍ത്തെടുത്ത്‌ ഡയറിയില്‍ കുറിച്ചു വെച്ചു; ഒന്നും വിട്ടുപോകാതിരിയ്ക്കാന്‍.
അവസാനം എല്ലാം ഒന്നുകൂടി വായിച്ചു നോക്കി -
"നോക്കുമ്പോള്‍, എല്ലാം എത്ര നിസ്സാരം, പക്ഷെ മറന്നാല്‍, സമാധാനക്കേടിന്‌ അതു ധാരാളം.."

അവളെഴുതി പിന്നേയും.. തുറന്ന മനസ്സ്സോടെ..
"സിദ്ദ്വേട്ടന്‍ പോയിട്ട്‌ ഇന്നേയ്ക്ക്‌ ഒരു വര്‍ഷം. അവിടെ അമ്മയും അച്ഛനും ഒറ്റയ്ക്ക്‌, ഇവിടെ ഞാനും അമ്മയും അച്ഛനും ഒറ്റയ്ക്ക്‌, ഇങ്ങനെ ജീവിയ്ക്കാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞു !

“ഈശ്വരാ, എനിയ്ക്കിനിയും പിടിച്ചു നില്‍ക്കാനുള്ള ശക്തി തരണേ..
എന്തിനും ഓടിനടക്കുവാന്‍, എല്ലാവര്‍ക്കും ഇപ്പോളത്തെ ആശ്രയം ഞാന്‍ മാത്രം. സിദ്ദ്വേട്ടന്റെ അമ്മയ്ക്കും അച്ഛനുമടക്കം.. പകരക്കാരിയാവില്ലെങ്കിലും, കഴിയുന്ന പൊലെ, കുറഞ്ഞത്‌ സ്നേഹിയ്ക്കാനാളുണ്ട്‌ എന്നൊന്നറിയിയ്ക്കാനെങ്കിലും, അങ്ങോട്ടുള്ള പോക്കും, ഇടയ്ക്കുള്ള തങ്ങലും ഒരു കാരണവശാലും ഇനിയും മുടങ്ങാതെ നോക്കണം.. എന്റേയും കൂടി സന്തോഷമാണത്‌.“

"സത്യത്തില്‍ ഈ ഓട്ടവും ഉത്തരവാദിത്തങ്ങളും എല്ലാം ഒരു തരത്തില്‍ എനിയ്ക്കു സന്തോഷം തരുന്നു, സംതൃപ്തി തരുന്നു, എനിയ്ക്കു മാത്രം സ്വന്തമായ ദുഃഖങ്ങളെ അത്‌ ചെറുതാക്കുന്നു...
പക്ഷെ...“

"അതു മാത്രം മതിയോ എനിയ്ക്ക്‌?..." അവളാലോചിച്ചു...
എന്നിട്ട്‌ വീണ്ടും എഴുതി തുടങ്ങി.

"പക്ഷെ, ഒരറ്റവും കാണാതെയുള്ള, കേവലം ഓട്ടം മാത്രമാകുന്ന ഈ ജിവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ എനിയ്ക്കു പലപ്പോഴും പറ്റുന്നില്ല ... ഞാന്‍ പതറിപ്പോകുന്നു..

പലപ്പോഴായി, ഉള്ളില്‍ അടിഞ്ഞു കൂടുന്ന എന്റെ നൂറായിരം സംശയങ്ങളേയും, സംഘര്‍ഷങ്ങളേയും, ദേഷ്യത്തേയും, സന്തോഷങ്ങളേയും, എല്ലാം ഒന്നു തിരിച്ചു വിടുവാന്‍, 'ജീവിതം ഇങ്ങിനെയൊക്കെയല്ലേ' എന്നൊന്നു കേട്ടാശ്വസിയ്ക്കുവാന്‍, ഉറപ്പിയ്ക്കുവാന്‍, എനിയ്ക്കു വിശ്വാസമുള്ള, ഞാന്‍ ചെന്നു കയറി കണ്ടിട്ടുള്ള, എന്നെ സ്നേഹിയ്ക്കുന്ന ആ മനസ്സിന്റെ സാമീപ്യം..

എനിയ്ക്കതല്ലേ വേണ്ടത്‌.. അതെ, എനിയ്ക്ക്‌ വേണ്ടത്‌ അതാണ്‌. ആ സാമീപ്യം. എന്നിട്ടെനിയ്ക്ക്‌ സ്നേഹിയ്ക്കണം, ആ മനസ്സിനെ ആവോളം സ്നേഹിയ്ക്കണം... പുതിയ അര്‍ത്ഥങ്ങളെ കണ്ടു പിടിയ്ക്കണം.. പക്ഷേ.......”

എഴുതുവാനുള്ള താളിലെ വരകള്‍ പതുക്കെ അവ്യക്തമായിക്കൊണ്ടിരുന്നു..

........

"ഈശ്വരാ.. ഞാനൊരു സ്വാര്‍ത്ഥയായി മാറുകയാണോ?.."

അവളെഴുത്തു നിര്‍ത്തി, മനസ്സിനെ അതിന്റെ പിടി വിട്ടൊഴുകുവാന്‍ അനുവദിച്ചു കൊണ്ട്‌..

.....................

എഴുതി വെച്ച താളിലേയ്ക്ക്‌ മുഖം അമര്‍ത്തി.. അടക്കുന്ന തേങ്ങലില്‍ അതു നനഞ്ഞു കുതിര്‍ന്നു..

മനസ്സൊന്നയഞ്ഞപ്പോള്‍, യാന്ത്രികമായി, അവള്‍ ഡയറി മടക്കി കിടയ്ക്കക്കടിയില്‍ തന്നെ ഭദ്രമായി വെച്ചു.

വീര്‍ത്ത മുഖം അമര്‍ത്തി തുടച്ച്‌, കിടയ്ക്കയുടെ വിരി മാറ്റിയിട്ടു. പെട്ടെന്നു തന്നെ പോയി കുളിച്ച്‌, ഈറന്‍ മുടിയിലെ തോര്‍ത്തഴിച്ചു മാറ്റി, ലൈറ്റ്‌ കെടുത്തി, വിളക്കു കൊളുത്തി വെച്ചു. മുറിയില്‍ സുഗന്ധം പരത്താന്‍ ചന്ദനത്തിരികളും. കുങ്കുമം കൊണ്ട്‌, നെറ്റിയില്‍ വൃത്തിയുള്ള ഒരു പൊട്ടു തൊട്ടു. നിറുകയില്‍ സിന്ദൂരം തൂകി. മുണ്ടും നേരീതും, വളരെ ശ്രദ്ധാപൂര്‍വം ഉടുത്തു. ഇടറുന്ന മനസ്സോടെ, അമ്പലത്തിലേയ്ക്ക്‌ പോവാനൊരുങ്ങി.

"ഇനി, പോയ സമയത്തെങ്ങാനും, സിദ്ദ്വേട്ടന്‍ വിളിയ്ക്കുമോ.."

സംശയിച്ച്, അവസാനം എന്തിനെന്നറിയാതെ, ചുവരില്‍ തൂക്കിയിട്ടിരുന്ന ആ ഫോട്ടോയുടെ അടുത്തേയ്ക്കു ചെന്ന്, വെറുതെ നോക്കി നിന്നു അവള്‍..
ഫോട്ടോയിലെ ആ മുഖത്ത്‌ എന്നും കാണാറുള്ള കൗതുകം, അപ്പോള്‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങി..
അവളും പതുക്കെ സംസാരിച്ചു തുടങ്ങി..

"അതേയ്‌, ഇന്നത്തെ ദിവസം മറന്നു പോയോ"?,
മാറിലേയ്ക്ക്‌ തൂങ്ങി കിടക്കുന്ന താലിയെ തൊട്ടു കാണിച്ചു കൊണ്ടവള്‍ തുടര്‍ന്നു -

"ഇന്നാണ്‌ വാര്‍ഷികം, പക്ഷെ, എനിയ്ക്ക്‌ ഒരുപാടു ജോലിയുണ്ട്‌, അതുകൊണ്ട്‌ സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല..."
അവള്‍ കൗതുകം വിടാതെ നോക്കി കൊണ്ട്‌, ഫോട്ടോഫ്രെയ്മില്‍ പിടിച്ചു കൊണ്ട്‌, പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു -
"എല്ലാം നമ്മള്‍ ഒരിയ്ക്കല്‍ പറഞ്ഞു കഴിഞ്ഞതല്ലെ.., പോരാഞ്ഞ്‌, ദിവസവും ഇവിടെ വന്നു നിന്ന് ഞാനെന്തൊക്കെയോ പറയുന്നുമുണ്ട്‌, ഒന്നും ബാക്കി വെയ്ക്കാതെ, ഒരു മറുപടിയും പ്രതീക്ഷിയ്ക്കാതെ, എന്നാലും, പക്ഷെ.. ഇന്നത്തെ ദിവസം... എന്തെങ്കിലും... ഞാന്‍..എന്താ പറയാ?"
അവള്‍ ഒന്നുകൂടി അടുപ്പിച്ചു നിന്നു.

ആ കണ്ണുകളില്‍ അപ്പോളുണ്ടായിരുന്ന തിളക്കം അവളുടെ മനസ്സിനെ ശാന്തമാക്കി. അതിലൊന്നു തൊട്ടു നോക്കുവാനാഞ്ഞ കൈകളെ പിന്തിരിപ്പിച്ചു കൊണ്ട്‌,
കണ്ണുകളടച്ച്‌ നിമിഷങ്ങളോളം അവളങ്ങനെ.., മനസ്സിനേയും, ശരീരത്തേയും ഒരുപോലെ ഏകാഗ്രമാക്കി, നിന്നു..

....................

ഫോട്ടോയിലെ, വിടര്‍ന്നു നില്‍ക്കുന്ന മയില്‍പ്പീലികള്‍ക്കു ചുവടെയുള്ള, ആ മുഖത്തെ, ഓടക്കുഴലിലമര്‍ന്നിരിയ്ക്കുന്ന, ചുകന്ന ചുണ്ടിലപ്പോള്‍ എല്ലാമറിയുന്ന ഒരു കള്ളച്ചിരി, ആ വിളക്കിന്റെ കൊച്ചു പ്രകാശത്തില്‍, ചന്ദത്തിരികളുടെ പുകച്ചുരുളുകള്‍ക്കിടയിലൂടെ മനോഹരമായി വിടരുന്നത്‌ കാണാനാവുമായിരുന്നു !.

നന്ദിയുടേയും, പ്രാര്‍ത്ഥനകളുടേയും, സംതൃപ്തികളുടേയും കണങ്ങള്‍ തുടിയ്ക്കുന്ന പൂജാപുഷ്പങ്ങളായി ഉതിര്‍ന്നു വീണ്‌, കണ്ണിലെ തുള്ളികള്‍ അവളുടെ കൂപ്പുകൈകളെ നനച്ചു കൊണ്ടിരുന്നു..

അപ്പുറത്ത്‌ ഫോണ്‍ അടിച്ചു കൊണ്ടിരിയ്ക്കുന്നത്‌ പോലും കേള്‍ക്കാതെ..

8 comments:

P.R said...

ഇന്ന് അവളാണെങ്കില്‍, നാളെ ആ സ്ഥാനത്ത് ഒരുപക്ഷെ ഞാനുമാവാം..
അങ്ങിനെയൊരു ചിന്തയുടെ ബാക്കികളെ,
വെറുതെ ഒന്ന്...

സു | Su said...

നല്ല കഥ.

എന്നാലും, നൊമ്പരപ്പെടുത്തുന്നത്.

എഴുത്ത് നന്നായിട്ടുണ്ട്.

ചേച്ചിയമ്മ said...

കഥ ഇഷ്ടപ്പെട്ടു.

അപ്പൂസ് said...

നോവിച്ചു, ഇഷ്ടമായി..

വല്യമ്മായി said...

:(

P.R said...

സൂ.. ഇതെങ്ങനെ ഇത്ര വേഗം കണ്ടു പിടിച്ചു..എന്ന് ഒരതിശയം തോന്നുന്നുണ്ട് ട്ടൊ..
അഭിപ്രായം പറഞ്ഞതില്‍, നന്ദിയും സന്തോഷവും..

ചേച്ചിയമ്മേ, അപ്പുസ്സേ, വല്ല്യമ്മായീ..
എല്ലാവര്‍ക്കും നന്ദി...

Ardra said...

വേറ്പാടിന്റെ വേദന ചിലപ്പോള്‍ അസഹ്യം തന്നെ. ആ നിമിഷങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ മയില്പീലി ചൂടിയ കണ്ണന്‍ മാത്രമാണു ഒരു ആശ്വാസം...

:: niKk | നിക്ക് :: said...

നൈസ് :)

“അപ്പുറത്ത്‌ ഫോണ്‍ അടിച്ചു കൊണ്ടിരിയ്ക്കുന്നത്‌ പോലും കേള്‍ക്കാതെ...”

ഹലോ ഹലോ..കേള്‍ക്കുന്നുണ്ടോ? കമ്പിളിപ്പുതപ്പേയ് ക...