Saturday, December 23, 2006

വൈകി വന്ന തണലില്‍...

ആ മുറിയുടെ നാലു ചുമരുകള്‍ അവള്‍ക്ക്‌ നല്‍കിയിരുന്ന ആശ്വാസം വല്ലാത്തതായിരുന്നു.പുറത്ത്‌ മറ്റുള്ളവരെ സന്തോഷിപ്പിയ്ക്കുവാനും, അവരുടെ പ്രതീക്ഷകള്‍ക്കൊത്ത്‌ പെരുമാറുവാനുമുള്ള അവളുടെ ശ്രമങ്ങള്‍ വെറും അഭിനയമാകുന്നുണ്ടോ എന്നവള്‍ സംശയിച്ചു.അതവള്‍ക്ക്‌ ഒരു അദ്ധ്വാനമായി തുടങ്ങിയിരുന്നു.ആ അദ്ധ്വാനത്തിന്റെ ക്ഷീണമകറ്റാന്‍,ആശ്വാസത്തോടെ ഒന്നു തല ചായ്ക്കാന്‍ അവള്‍ക്ക്‌ കിട്ടിയ ഒരു 'മാളമായിരുന്നു" ആ മുറി.അവളും അവളുടെ ചിന്തകളും സാധനങ്ങളും മാത്രമുള്ള ആ നാലു ചുമരുകള്‍ക്കുള്ളിലെ ലോകം അവള്‍ ഏറെ ഇഷ്ടപ്പെട്ടു തുടങ്ങി.ആ ഏകാന്തതയെ അവള്‍ താലോലിച്ചു.അങ്ങിനെ അടച്ചു പൂട്ടിയ പുറം ലോകത്തില്‍ നിന്നും,ആ മാളത്തിലേയ്ക്ക്‌ ചുരുങ്ങി ചുരുങ്ങി,തന്റെ ലോകം ചെറുതാക്കി,ആരുമറിയാതെ അവളതിലിരുന്ന് ആനന്ദിച്ചു.

"മോളെ,, ഉറങ്ങിയൊ,പാല്‌ വേണ്ടേ..?"
വാതില്‍ തട്ടുന്ന ശബ്ദം.അവള്‍ക്ക്‌ വാതില്‍ തുറക്കുവാനൊ,എന്തെങ്കിലും മറുപടി നല്‍കുവാനൊ തോന്നിയില്ല.പുതപ്പ്‌ ശരീരത്തിലേയ്ക്ക്‌ വലിച്ചിട്ട്‌, മനസ്സിനെ സ്വൈരവിഹാരത്തിനയച്ച്‌,അവള്‍ ഉറക്കം കാത്ത്‌ തിരിഞ്ഞു കിടന്നു.

പതിവ്‌ പോലെ കോളേജ്‌ വിട്ട്‌ വീട്ടിലേയ്ക്ക്‌ കയറി ചെന്നപ്പോള്‍ അവിടെ ഒരു ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതു പോലെ തോന്നി.അവളകത്ത്‌ കയറിയതും റീത്താന്റി ചിരിച്ച മുഖവുമായി അടുത്തേയ്ക്ക്‌ വരുന്നു - ഒരു നിമിഷം, അവളന്തം വിട്ടു പോയി-
"ആന്റി എത്ര സുന്ദരിയായിരിയ്ക്കുന്നു! മഞ്ഞയില്‍ ബ്രൗണ്‍ കസവിട്ട പട്ട്‌ സാരിയില്‍ ആന്റിയുടെ മുഖം ശോഭിയ്ക്കുന്നു.കഥ പറയുന്ന കണ്ണുകള്‍,വളഞ്ഞെഴുന്നേറ്റു നില്‍ക്കുന്ന പുരികക്കൊടികള്‍,ചുകന്ന [ ചുകപ്പിച്ച] റോസാപ്പൂവിന്റെ ഇതള്‍ പോലത്തെ ചുണ്ടുകള്‍.."
ആന്റി അടുത്തു വന്നപ്പോള്‍ തല പെരുപ്പിയ്ക്കുന്ന പെര്‍ഫ്യൂമിന്റെ "രൂക്ഷഗന്ധവും" അമിതമായ മെയ്ക്കപ്പും അവരുടെ സൗന്ദര്യം കുറയ്ക്കുന്നുണ്ടെന്ന് അവള്‍ക്ക്‌ തോന്നി.
"മോളെ,പെട്ടെന്ന് ഫ്രഷ്‌ ആയി പുതിയ ഉടുപ്പൊക്കെ ഇട്ട്‌ സുന്ദരിയായി വാ.ഇന്നിവിടെ ചെറിയൊരു പാര്‍ട്ടി വെച്ചിട്ടുണ്ട്‌.ജസ്റ്റ്‌ ഒരു ഫ്രണ്ട്സ്‌ ഗെറ്റുഗെതര്‍.പെട്ടെന്ന് റെഡിയായി വന്നേക്കണേ" ആന്റിയുടെ ആങ്കലേയത്തിന്റെ ചുവയുള്ള മലയാളം.
തന്റെ അനിഷ്ടം മുഖത്ത്‌ പ്രതിഫലിയ്ക്കുന്നത്‌ നിയന്ത്രിയ്ക്കുവാന്‍ ശ്രമിച്ചു കൊണ്ട്‌ ,ഒന്നും മിണ്ടാതെ അവള്‍ മുകളിലേയ്ക്ക്‌ കുതിച്ചു കയറി, തന്റെ മുറിയില്‍ വാതിലടച്ച്‌, ബാഗും മറ്റും ഒരു മൂലയിലേയ്ക്ക്‌ വലിച്ചെറിഞ്ഞ്‌ കട്ടിലില്‍ ചാടിക്കയറി ഇരുന്നു.
"ശ്ശൊ,ഇതെന്തു പാര്‍ട്ടി ദൈവമേ,കഴിഞ്ഞ ആഴ്ചയില്‍ ഒന്ന് കഴിഞ്ഞതേയുള്ളു,ഇന്നിനി ഗെറ്റുഗെതര്‍ പോലും.ഇനി ഉടുത്തൊരുങ്ങി ആന്റീടെ പുറകെ എല്ലാവര്‍ക്കും ഷേക്‌ ഹാന്റും കൊടുത്ത്‌ ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത്‌ മസ്സിലും പിടിച്ച്‌..ഹൊ! ഓര്‍ക്കാന്‍ പോലും വയ്യ.."
കുറച്ചു നേരത്തെയ്ക്കെങ്കിലും ഇഷ്ടമല്ലാത്ത ഒരു വേഷം കെട്ടി, ആടി തീര്‍ക്കേണ്ട ഗതികേടാലോചിച്ച്‌ അവള്‍ക്ക്‌ ആന്റിയോട്‌ ഒരല്‍പം അമര്‍ഷം തന്നെ തോന്നി പോയി.ഏറെ നേരത്തെ ഇരുപ്പിനു ശേഷം തന്റെ ഉള്ളിലെ അതൃപ്തിയെ തൃപ്തിപ്പെടുത്താനെന്നോണം,ആരോടൊ വാശി തീര്‍ക്കുന്ന മട്ടില്‍,അധികം ആകര്‍ഷകമല്ലാത്ത ഒരു വസ്ത്രം തന്നെ എടുത്തിട്ട്‌,പേരിനു മാത്രം മുടിയൊന്നൊതുക്കി വെച്ച്‌ പതുക്കെ അവള്‍ താഴത്തേയ്ക്ക്‌ ഇറങ്ങി.


വീട്‌ നിറയെ പരിചയമില്ലാത്ത മുഖങ്ങള്‍.എല്ലാ കണ്ണുകളും തന്റെ ശരീരത്തിലേയ്ക്ക്‌ തന്നെ തുളഞ്ഞു കയറുന്നതായി തോന്നിച്ചു.മുഖത്ത് ആര്‍ക്കൊ വേണ്ടി പുഞ്ചിരി വരുത്തുന്നത്‌ വളരെ ആയാസകരമായി തോന്നി.അകത്ത്‌ നിന്നും എന്തൊക്കെയൊ മസാലകളുടേ മണം, പുറത്ത്‌ നിന്നും മദ്യത്തിന്റെ മണം,ആ അന്തരീക്ഷം അവളെ ശ്വാസം മുട്ടിച്ചു. ആ ആള്‍ക്കൂട്ടത്തില്‍ നിന്നും തന്റെ മാളത്തിലേയ്ക്ക്‌ ഓടിയൊളിയ്ക്കുവാന്‍ അവള്‍ കൊതിച്ചു.പക്ഷെ ആന്റിയ്ക്കായി തന്റെ സാന്നിധ്യം ഇവിടെ ആവശ്യമാണെന്ന ബോധം അവളുടെ പിരിമുറുക്കം കൂട്ടി.നിമിഷങ്ങള്‍ എണ്ണിയെണ്ണി അവള്‍ തിരക്കില്‍ നിന്നും അകന്നു മാറി നിന്നു.അവളുടെ കണ്ണുകള്‍, "തേനീച്ചക്കൂട്ടത്തിലെ റാണി" എന്ന പോലെ,ആള്‍ക്കൂട്ടത്തില്‍ ഒരാകര്‍ഷക ബിന്ദുവായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന ആന്റിയെ തേടിപിടിച്ചു-ആ തിരക്കും ബഹളവും ആസ്വദിച്ചു കൊണ്ട്‌, എല്ലാവരോടും ഒരേപോലെ കുശലം പറയാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട്‌, പ്രായം ഒട്ടും ബാധിയ്ക്കാത്ത ഊര്‍ജ്ജം നിറഞ്ഞു തുളുമ്പുന്ന മനസ്സുമായി,ആന്റി ശോഭിയ്ക്കുന്നു.
അവള്‍ക്കെന്തുകൊണ്ടൊ അസൂയ കലര്‍ന്ന ഒരു "ഈര്‍ഷ്യയാണ്‌" അപ്പോള്‍ അവരോട്‌ തോന്നിയത്‌.
അവള്‍ ആലോചനയിലാണ്ടു.
"ഇതിനേക്കാളും ഹോസ്റ്റലാണ്‌ നല്ലത്‌.നാളെ തന്നെ അമ്മയെ വിളിച്ചു പറയണം.പക്ഷെ എന്തു കാരണം പറയും?ആന്റിയെ ഇഷ്ടപ്പെട്ടിലെന്നൊ,ഇവിടുത്തെ രിതികള്‍ ഇഷ്ടപ്പെട്ടില്ലെന്നൊ?ആന്റി ചെയ്തു തന്നിട്ടുള്ള സഹായങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത അമ്മയോട്‌ എന്തു പറയാന്‍?
നഗരത്തിലെ കോളേജില്‍ അഡ്മിഷന്‍ ഉറപ്പായപ്പോള്‍,എന്തുകൊണ്ടും ഹോസ്റ്റലിനേക്കാളും സുരക്ഷിതം തന്റെ ഉറ്റസുഹൃത്തായ, റീത്താന്റിയുടെ വീട്ടിലാവുമെന്ന് അമ്മ വിശ്വസിച്ചു.അതിന്‌ ആന്റിയുടെ സ്നേഹം കലര്‍ന്ന സ്വീകരണം കൂടിയായപ്പോള്‍ അമ്മയുടെ വിശ്വാസം ഇരട്ടിച്ചു.നാട്ടില്‍ റീത്താന്റിയെ കുറിച്ചു നല്ല മതിപ്പാണ്‌.ഭര്‍ത്താവ്‌ മരിച്ച ശേഷം നഗരത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ അവര്‍ക്ക്‌ തന്റെ ജന്മ നാട്ടിലെ കുട്ടികള്‍ തന്നെയായിരുന്നു സ്വന്തം കുട്ടികള്‍.അവര്‍ക്ക്‌ എല്ലാവരേയും ഒരുപോലെ സ്നേഹിയ്ക്കാനും സഹായിയ്ക്കാനും ഉള്ള വലിയ ഒരു മനസ്സുണ്ടെന്ന് അമ്മയും മറ്റുള്ളവരും പറയുന്നത്‌ അവള്‍ കേട്ടിട്ടുണ്ട്‌.ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ ഉള്ളിലെ ചിത്രവും,നേരിട്ടു കണ്ടപ്പോള്‍ പതിഞ്ഞ ആന്റിയുടെ രൂപവും ഭാവവും തമ്മില്‍ വല്ലാത്ത പൊരുത്തക്കേട്‌.
അവിടെ പേയിങ്ഗെസ്റ്റ്സ്‌ ആയി താമസിയ്ക്കുന്ന മറ്റ്‌ കുട്ടികളേക്കാളും സ്നേഹവും പരിഗണനയും ആന്റി സ്വകാര്യമായി തനിയ്ക്കു തരുന്നുണ്ടെന്ന് പലതവണ തോന്നിയിട്ടുണ്ട്‌.പാര്‍ട്ടികള്‍ക്കും,പുറത്തേയ്ക്കും മറ്റും തന്നെ കൂടെ കൊണ്ട്‌ നടക്കാന്‍ ആന്റിയ്ക്ക്‌ വലിയ ഇഷ്ടമാണ്‌.പക്ഷെ ആ സ്നേഹവും ശ്രദ്ധയും പലപ്പോഴും തന്നെ വിമ്മിഷ്ടപ്പെടുത്തുകയായിരുന്നു."
അവര്‍ നല്‍കുന്ന സ്നേഹം തിരിച്ച്‌ അതേ അളവില്‍ കൊടുക്കുന്നില്ലെന്ന ബോധം അവളില്‍ തെല്ലൊരു കുറ്റബോധം ഉണര്‍ത്തി.


കോളേജിലേയ്ക്ക്‌ ഇറങ്ങുന്നതിന്റെ കൃത്യം പത്ത്‌ മിനിറ്റ്‌ മുന്‍പ്‌ മാത്രമാണ്‌ അവള്‍ തന്റെ "മാള'ത്തില്‍ നിന്നും പുറത്ത്‌ വന്നത്‌.താഴെ എത്തിയതും ആന്റി അവളെ പ്രാതല്‍ കഴിയ്ക്കാനായി അകത്തേയ്ക്ക്‌ വിളിച്ചു.അറച്ചറച്ച്‌ ഒന്നും പറയാതെ അവള്‍ കസേരയില്‍ ചെന്നിരുന്നു.
"വല്ലാത്ത മണം", ചമ്മന്തിയിലെ വെളുത്തുള്ളിയുടെ കുത്ത്‌ അവളെ മനം പുരട്ടിച്ചു.ദോശയും ചമ്മന്തിയും കഴിയ്ക്കേണ്ടെന്ന് തീരുമാനിച്ച്‌ അടുത്തു വെച്ചിട്ടുള്ള ഗ്ലാസ്സിലെ ചായ കുടിയ്ക്കാനൊരുങ്ങി."ഹൊ! ഇതിനു എന്തൊരു കയ്പ്‌"!.ഒന്നും തൊടാതെ അവള്‍ പുറത്തേയ്ക്ക്‌ ഇറങ്ങി.
"മോള്‌ ഒന്നും കഴിച്ചില്ലല്ലൊ,വിശപ്പില്ലെ.." ആന്റി വിളിച്ചു ചോതിയ്ക്കുന്നത്‌ കേള്‍ക്കാത്ത മട്ടില്‍ അവളോടിക്കളഞ്ഞു.
അമ്മയെ വിളിച്ചെന്തു പറയണമെന്ന ചിന്തയില്‍ സ്ഥലകാലബോധം മറന്ന് റോടിലൂടെ നടക്കുമ്പോള്‍,പെട്ടെന്ന് തലയിലേയ്ക്ക്‌ എന്തൊക്കെയൊ ഇരച്ചു കയറുന്ന പോലെ..കണ്ണുകളില്‍ ഇരുട്ട്‌ കയറി കൂടുന്നു.."തല ചുറ്റുന്നുണ്ടോ" എന്ന സംശയിച്ചതും അവള്‍ റോട്ടില്‍ തളര്‍ന്നു വീണു.പാതി തുറന്ന കണ്ണുകളില്‍ കൂടി അവള്‍, ചുളിച്ച മുഖവുമായി പാഞ്ഞടുക്കുന്ന ഒരു ലോറിയെ അവ്യക്തമായി കണ്ടു.

കണ്ണു തുറന്നപ്പോള്‍,വലതു കയ്യില്‍ ആകെ മരവിപ്പ്‌..തലയില്‍ നനവുണ്ടോ..ശരീരമാകെ വേദന.ആശുപത്രി കിടക്കയിലാണെന്ന് വൈകാതെ മനസ്സിലാക്കി,ഉണ്ടായത്‌ ആലോചിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍,തൊട്ടടുത്തു നിന്നും ഒരു നേര്‍ത്ത ശബ്ദം-
"മോളെ," എന്നു വിളിച്ചു കൊണ്ട്‌ ഒരു കയ്യില്‍ ചൂടുള്ള ചായയും മറുകയ്യില്‍ ദോശയും ചമ്മന്തിയുമായി ആന്റി ചിരിച്ചു കൊണ്ട്‌ നില്‍ക്കുന്നു!
"ഡോണ്ട്‌ വറി,മോള്‍ക്ക്‌ ആങ്ക്സൈറ്റി കാരണം ഒരു ക്ഷീണം- ചെറിയ പനിയുമുണ്ട്‌.ഗിഡ്ഡിനസ്സ്‌ വന്ന് മോള്‍ റോട്ടില്‍ വീണപ്പോള്‍ ആള്‍ക്കാര്‍ നമ്പര്‍ കണ്ട്‌ എന്നെ ഇന്‍ഫോം ചെയ്തു.ഉടനെ ഞാന്‍ വന്ന് ആശുപത്രിയില്‍ കൊണ്ടുവന്നതാണ്‌.ലക്കിലീ വേറെയൊന്നും ഉണ്ടായില്ല,രാവിലെ ഒന്നും കഴിയ്ക്കാതെ അല്ലെ ഇറങ്ങിയത്‌?“
ആന്റി ചായയും ദോശയും മുന്‍പിലേയ്ക്കു വെച്ചു.
"നൊ പ്രോബ്ലം",അവര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു-"ആദ്യമായല്ലെ അമ്മയെ പിരിഞ്ഞു നില്‍ക്കുന്നത്‌?കുറച്ച്‌ കഴിഞ്ഞാല്‍ ഈ ഹോംസിക്നസ്സ്‌ ഒക്കെ മാറിക്കോളും".ചുമലില്‍ തട്ടി കൊണ്ട്‌ അവര്‍ തുടര്‍ന്നു-"ആന്റിയൊണ്ടല്ലൊ മോളെ നോക്കാനായി,ഒന്നും പേടിയ്ക്കണ്ട-ഓക്കെ?"
അവര്‍ അവളെ എഴുന്നേല്‍പ്പിച്ചു ഇരുത്തുമ്പോള്‍ അവള്‍ അമ്പരപ്പോടെ അവരുടെ മുഖത്തേയ്ക്ക്‌ നോക്കുകയായിരുന്നു.
അവര്‍ സ്നേഹത്തോടെ ഒഴിച്ചു കൊടുത്ത ചായയ്ക്ക്‌ നല്ല മധുരം തോന്നി അവള്‍ക്ക്‌.അതിന്റെ ചൂടും ചായപ്പൊടിയുടെ ചെറിയ കയ്പ്പും,പഞ്ചസാരയുടെ മധുരവും എല്ലാം കൂടി ആസ്വദിച്ചു വലിച്ചു കുടിയ്ക്കുമ്പോള്‍ അവള്‍ ആലോചിച്ചു.
"ശ്ശെ,ആന്റിയോട്‌ ഒന്നും പറയാതെ രാവിലെ ഇറങ്ങി പോന്നിട്ട്‌, ഇപ്പോള്‍,ആന്റി തന്നെ എല്ലാം..."അവള്‍ മുഖം താഴ്ത്തിയിരുന്നു.പെട്ടെന്ന് മനസ്സില്‍ ഭയത്തിന്റെ ഒരു ഇടിവാള്‍ മിന്നി- മുഖം ചുളിച്ചു പാഞ്ഞു വരുന്ന ലോറിയെ അവളോര്‍ത്തു.
"ദൈവമെ..പരിചയമില്ലാത്ത ഈ നഗരത്തില്‍,ആ റോട്ടില്‍ എങ്ങാനും ആരുമറിയാത്ത ഒരു അനാഥശവമായി കിടന്നിരുന്നെങ്കിലൊ..??? അവളുടെ മനസ്സ്‌ ഒരു നിമിഷം പിടഞ്ഞു.അവള്‍ തീരുമാനിച്ചു. "വേണ്ട..ഇനി അമ്മയോട്‌ തല്‍ക്കാലം ഒന്നും പറയാന്‍ പോണ്ട".

തൊട്ടടുത്തു നില്‍ക്കുന്ന പെര്‍ഫ്യൂമിന്റെ മണമുള്ള റീത്താന്റിയുടേ സാമീപ്യം പകര്‍ന്നു കൊടുത്തിരുന്ന പേരറിയാത്ത ഒരാശ്വാസത്തിന്റെ തണലില്‍ അവള്‍ രുചിയോടെ ആ ദോശയും ചമ്മന്തിയും കഴിച്ചു തുടങ്ങി.
"ചമ്മന്തിയില്‍ വെളുത്തുള്ളി ഉണ്ടായിരുന്നില്ലെ?" ഒറ്റയിരുപ്പില്‍ അതു മുഴുവനും കഴിച്ചു തീര്‍ത്ത അവള്‍ അതിശയത്തോടെ ഓര്‍ത്തു!

5 comments:

P.R said...

ജീവിത സാഹചര്യങളുടെ മാറ്റങളില്‍ പെട്ടുഴലുന്ന ഒരു നിഷ്കളങ്കയുടെ ചില “പിരിമിറുക്കങള്‍” ഒപ്പിയെടുക്കുവാനുള്ള ഒരു ശ്രമം.

എല്ലാ വായനക്കാര്‍ക്കും,ബ്ലോഗ്ഗര്‍ക്കും എന്റെ ക്രിസ്ത്മസ്,പുതുവത്സര ആശംസകള്‍.

സു | Su said...

ഇവിടെ ഒരു കമന്റ് ഇട്ടിരുന്നു എന്നായിരുന്നു ഓര്‍മ്മ.
പോസ്റ്റ്, പിന്നെയും എഡിറ്റ് ചെയ്തിരുന്നോ?

എന്താ ഒന്നും എഴുതാത്തത്? നന്നായിട്ടുണ്ടല്ലോ ഇത്.
സ്നേഹം.

സു | Su said...

ബ്ലോഗിന്റെ പേര് നിറങ്ങള്‍ എന്നു വേണ്ടേ? നിറങള്‍ എന്നേ ഉള്ളൂ. ശരിയാക്കുമെന്ന് കരുതുന്നു.

qw_er_ty

P.R said...

su,
I didn't see this comment at all..
but I have not done any changes also..
Thanks a lot for ur comment, just now I saw this comment..these r just my trials..
also now my mozhi stopped working, I don't know what happened.
Thanks.

ശ്രീ said...

P.R.ജീ...

ഈ കൊച്ചു കഥയും ഇഷ്ടമായി.
മനസ്സു കൊണ്ട് അംഗീകരിക്കാന്‍‌ കഴിയുന്ന മാറ്റങ്ങളേ നമുക്ക് ആസ്വദിക്കാനും കഴിയുന്നുള്ളൂ എന്നതാണ്‍ കാര്യം.
:)