Saturday, October 31, 2015

ഞാൻ കാത്തിരിക്കുകയാണ് ...

നക്ഷത്രമണികൾ വീണുമണ്ണടിയുന്ന രാവുകളേ ...
പകലുകൾ സമ്മാനിക്കുന്ന സ്വപ്നങ്ങളെ 
നിങ്ങൾ നിക്ഷേപിക്കുന്നതെവിടെയാണു ?
സ്വപ്നഭാരവും പേറി, ഒരു പൂമ്പാറ്റച്ചിറകിൽകയറി 
നിങ്ങളയച്ചു തന്നെ കാറ്റിലൂടെ പറന്നുവന്നാൽ 
എനിക്കവിടെയെത്താനാകുമോ? 

എന്നിട്ട് വീണ്ടും
അകലങ്ങളിലേയ്ക്കോടി മറഞ്ഞ് 
പകലുകളുടെ ഉദയത്തിലേയ്ക്കാണ്ടു പോകുന്ന
പകലുകളുടെ ഉദയത്തിലേയ്ക്ക്
തുളച്ചുകയറുന്ന, വ്യാപരിക്കുന്ന
പകലിലെ ഓരോ അണുവിലും ഒളിച്ചിരിക്കുന്ന 
നിങ്ങളോടൊപ്പം എന്നെയും കൂട്ടാമോ?

ഞാൻ കാത്തിരിക്കുകയാണ് ...


Wednesday, October 28, 2015

ചുകന്നു പോകുന്ന വീഥികൾ

താണിരിക്കണം, കടലാഴങ്ങളിൽ
മറഞ്ഞിരിക്കണം, മേഘപടലങ്ങളിൽ
കാത്തിരിക്കണം, രാവിന്നിരുൾപ്പാളികളിൽ
ഒളിച്ചിരിക്കണം, ഇരുളുമോർമ്മക്കൂടുകളിൽ

ചാടിയോടണം, സ്വപ്നങ്ങൾ ജീവിക്കുന്നയിടം വരെ
നീന്തിത്തിമർക്കണം, പുഴമിടിപ്പുകൾ കേൾക്കും വരെ
നെഞ്ചിൻഭാരമതടക്കിപ്പിടിച്ചകന്നു മാറണം, തേടിവിളികളരികിലെത്തും വരെ
മിണ്ടാട്ടമില്ലായ്മകളെ മിണ്ടിക്കണം, മിണ്ടിമരിക്കും വരെ.

ഈ ഭൂമിയിലെ വീഥികൾക്കിരുവശത്തുമുള്ള മരച്ചുവടുകളൊക്കെയും    
ചുകന്ന പൂക്കൾവീണു,
ചുകന്നുപോകുന്ന നാളെത്തും വരെ 
ഈ ജനാലച്ചില്ലുപാളികളെ തിടച്ചുമിനുക്കിവെക്കണം.
തുടച്ചുമിനുക്കിയ ജനാലവെളിച്ചത്തിൽ ആ ചുകന്ന പൂക്കളെ കാണണം. 
ആ ചുകന്ന പൂക്കളിന്മേൽ കറുത്തമുടികുടഞ്ഞിട്ടു
ഓരോ മരച്ചുവടുകളിൽ നിന്നുമുറങ്ങിയെഴുന്നേൽക്കണം. 
ചുകന്നുപോകുന്ന വീഥികളെ സ്വന്തമാക്കണം. 
അകലങ്ങളെ തമ്മിലടുപ്പിക്കുന്ന ചുകന്ന വീഥികളിലൂടൊറ്റക്ക് നടക്കണം. 
മോഹിക്കണം. മണക്കണം. ശ്വസിക്കണം.
ആവോളം മുകരണം.
വിരിഞ്ഞുമലരണം.