Monday, December 01, 2014

ഭൂമിഗീതം

വസന്തം അങ്ങു ദൂരെയായിത്തീർന്നിരിക്കുന്നു.
നോക്കെത്താ ദൂരത്ത്....

അവിടെ എവിടെയോ നിന്നും പതുക്കെ
ഒരുപാടുദൂരം ഒരു കുളിർത്തെന്നലായ്
ഇവിടെ ഒഴുകിയൊഴുകിയെത്തമ്പോൾ
വേനലിനെ വകഞ്ഞുമാറ്റിയേതോ ഒരു
സാന്ത്വനവികാരമാകുന്ന ശൈത്യം,
ഭൂമിയ്ക്കു വേണ്ടി ഒരു സുപ്രഭാതം കൊണ്ട്
വസന്തത്തിന്റെ
ഒരായിരം ഓർമ്മത്തൂവലുകളാലൊരു 
മഞ്ഞുകൂടാരമാണുണ്ടാക്കിയത്.  

കൂടാരത്തിനകത്തും പുറത്തും മഞ്ഞാണ്.
അതിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ഓരോ
വെൺതൂവലും ഓരോ ഓർമ്മക്കൂടാകുന്നു.
ശക്തി കുറഞ്ഞ വെയിലിന്റെ ഇളം ചൂടിൽ പോലും
എപ്പൊ വേണമെങ്കിലും ഉരുകിയൊലിക്കാവുന്ന
വെറുമൊരു മഞ്ഞിന്റെ കൂടാരത്തിന്നുള്ളിൽ
മഞ്ഞുരുകിയാൽ, മിനുസമാർന്ന തൂവലുകൾ മാത്രം ബാക്കിയാവുന്ന,
അടർത്തിമാറ്റിയാലും വിട്ടുപോകാത്ത
ഓർമ്മകൾ തീർക്കുന്ന ഒരു വസന്തകാലമുണ്ട്.

എന്നാലും മഞ്ഞിന് വെണ്മയുടെ വിശുദ്ധിയുണ്ടെന്നും
ഓരോ മഞ്ഞുകണത്തിലും
കുളിർമ്മയേകുന്ന അതിന്റെ ബാഷ്പം 
ഈ ലോകത്തിലെ ഏറ്റവും വലിയ സത്യങ്ങളിൽ ഒന്നാണെന്നും
ഭൂമി മഞ്ഞിനോട് പറഞ്ഞുകൊണ്ടേ ഇരുന്നു.

ചെയ്തുതീർക്കാനുള്ള തിരക്കുകളേറയുണ്ടായിട്ടും
മഞ്ഞുവന്നു പൊതിയുന്ന ആ പ്രഭാതത്തിൽ
കിടക്കയിൽ നിന്നും പൊന്താതെ
വസ്ത്രങ്ങളുടെ കെട്ടുപാടുകളില്ലാതെ, പുതയ്ക്കാതെ
ഇളംവെയിൽ പകരുന്ന ചെറുചൂടിൽ
അലസമായി മയങ്ങിക്കിടക്കുന്ന
ഭൂമിയുടെ കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും
തുറന്ന മാറിലേയ്ക്കും, മറയ്ക്കാത്ത പൊക്കിൾക്കുഴിയിലേയ്ക്കും
മഞ്ഞു തുള്ളികൾ ഇറ്റിറ്റായി വീണുകൊണ്ടുമിരുന്നു...

അങ്ങിനെ ഭൂമി നിർത്തിവെച്ചിരുന്ന ഒരു പാട്ട്
വീണ്ടും മഞ്ഞിന്റെ നാദത്തിൽ പുറത്തുവന്നു...
ഭൂമി മുഴുവൻ, വീണുടയുന്ന മഞ്ഞുകണങ്ങളാൽ പൂത്തുലഞ്ഞു...
മണ്ണിനോടു പറ്റിയിരിക്കുന്ന ഒരു പുൽക്കൊടിത്തുമ്പു മുതൽ
ആകാശം മുട്ടെ നിൽക്കുന്ന വൃക്ഷത്തലപ്പു വരെ.

മഞ്ഞുതുള്ളികളാൽ നനഞ്ഞു
മയങ്ങിക്കിടക്കുന്ന ഭൂമിയെ
തൊടാതെ, അന്നാദ്യമായി
കാർമേഘങ്ങൾക്കിടയിൽ നിന്നും ഒളിഞ്ഞുനോക്കിക്കൊണ്ട്
സൂര്യൻ മഴത്തുള്ളികളിലേയ്ക്കലിഞ്ഞുചേർന്നു...

മഴത്തുള്ളികളാൽ കനം വെച്ച ആകാശത്തട്ടിനു താഴെ
ഭൂമി അപ്പോഴും ഉണരാതെ മയങ്ങിക്കിടന്നു...
ഭൂമിയെ പൊതിഞ്ഞിരുന്ന മഞ്ഞുതുള്ളികൾ അപ്പോഴേയ്ക്കും
കാറ്റത്ത് വറ്റിപ്പോയിരുന്നു.

നഗ്നമായ ഭൂമിയുടെ ഉടലിലേയ്ക്ക്
പുതുമഴ ആരവത്തോടെ പെയ്തിറങ്ങിയത് പൊടുന്നനെയായിരുന്നു...
ഭൂമിയുടെ ഉടലിൽ വീണ്ടുമൊരു വസന്തം കിളിർക്കുവാൻ
അപ്രതീക്ഷമായി പെയ്ത
ആ ഒരൊറ്റ മഴയുടെ ആരവം മാത്രം മതിയായിരുന്നു...

ലോകത്തെ മുഴുവൻ
ഉടലിന്മേൽ കിളിർത്ത വസന്തത്തിലേയ്ക്ക്
ചുരുക്കിയൊതുക്കുവാൻ
ഭൂമിയ്ക്ക് ആ ഒരൊറ്റ മഴയുടെ സ്പർശം മാത്രം മതിയായിരുന്നു...

പൂത്തുലഞ്ഞു സൗരഭ്യം വിതറുന്ന ആ വസന്തത്തിലേയ്ക്ക്
ചോദിയ്ക്കാതെ കയറിവന്ന പക്ഷികളും ചിത്രശലഭങ്ങളും
തേനുണ്ടാക്കാൻ വന്നുചേർന്ന തേനീച്ചകളും, പട്ടുനൂൽപ്പുഴുക്കളും
പട്ടുടയാട കൊണ്ടുടലാകെ പുതപ്പിയ്ക്കുമ്പോൾ
ഭൂമി സ്വന്തം ശബ്ദത്തിൽ മനസ്സുതുറന്നു
ആ പാട്ടു പാടുകയായിരുന്നു....

ഭൂമിയെ ഭൂമിയാക്കുന്ന ഭൂമിയുടെ പാട്ട്!


2 comments:

ajith said...

ഭൂമിഗീതം കൊള്ളാം

സൗഗന്ധികം said...

ഭൂമിയെ ഭൂമിയാക്കുന്ന ഭൂമിയുടെ ഭംഗിയുള്ള പാട്ട്

നല്ല വരികൾ


ശുഭാശംസകൾ....