Tuesday, October 22, 2013

ദ്വീപുകളുടെ സാദ്ധ്യതകൾ

ആൾത്താമസമില്ലാത്ത
ദ്വീപുകളുടെ ഹൃദയസംഗീതം
ജലസാന്ദ്രതയിലൂടെ കേട്ടുകൊണ്ടാവണം
ഭൂമിയെന്നുമുറങ്ങുന്നത്.

ആ ഏകാന്തതകളുടെ മുകളിലുള്ള
മറ്റൊരു ഏകാന്തമായ ആകാശം നോക്കിയാവും
ഭൂമിയെന്നുമുറക്കമുണരുന്നതും.

ദ്വീപുകളിലെ ഏകാന്തതകളെന്നും
അവയ്ക്കു മാത്രം സ്വന്തമായുള്ളതാണ്,
വെളിച്ചത്തിനും ഇരുട്ടിനുമല്ലാതെ
മറ്റാർക്കും എളുപ്പത്തിൽ പ്രവേശനമില്ലെന്ന്
ദ്വീപുകളുടെ കരയിലേയ്ക്കു വന്നടിച്ചു കൊണ്ടിരിയ്ക്കുന്ന
തിരയൊച്ചകൾ നടത്തുന്ന ഒരു പ്രഖ്യാപനം പോലെ.

ദ്വീപുകൾ എന്നും ഒറ്റയ്ക്കു
മിടിച്ചുകൊണ്ടിരിയ്ക്കുന്ന
സമുദ്രത്തിന്റെ ഇടക്കാലാശ്വാസകേന്ദ്രങ്ങളാകുന്നു.
ആരും കാണാതെ അതിന്റെ തീരത്തുവന്ന്
തലതല്ലി ചത്തൊടുങ്ങുവാനുള്ള
അഭയകേന്ദ്രങ്ങളാകുന്നു.
ഒരുപക്ഷേ ഭൂമിയുടേയും...

ഭൂമി രചിച്ചിടുന്ന
ഭൂമിയുടെ തന്നെ ഒരാവിഷ്ക്കരണമായ
ദ്വീപുകൾ,
ഭൂമി കീറിയെടുത്തു ജലത്തിൽ വെയ്ക്കുന്ന
ഒരു ഹൃദയത്തുണ്ടാണെന്നു
സമുദ്രം അറിയുന്നുണ്ടാവുമോ?

പരാജയഭീതിയിലകപ്പെടുമ്പോൾ
ഭൂമിയ്ക്കുവേണ്ടി മാത്രം
മരത്തണലുകൾക്കിടകളിൽ വരച്ചിടുന്ന
വെയിലുകഷ്ണങ്ങളാണീ ദ്വീപുകളെന്ന്
സമുദ്രത്തിനാലോചിച്ചു നോക്കാനാവുമോ?

അഥവാ
ഭൂമിയെ എന്നും പുതിയതായി കാണുവാനുള്ള
കണ്ണുകളുണ്ടാവാനുള്ള ഒരു സാദ്ധ്യത ,
ഒരൊറ്റയാലിംഗനത്തിൽ ഭൂമിയുടെ കരയെ മുഴുവൻ
സ്വന്തമാക്കി ഇതര ലോകമുണ്ടാക്കുന്ന കെല്പിനുള്ള
മറ്റൊരു സാദ്ധ്യത
ഈ ഏകാന്തദ്വീപുകളോളം
വേറെയാർക്കാണുള്ളതെന്ന്
സമുദ്രം എപ്പൊഴെങ്കിലും നടുങ്ങുന്നുണ്ടാവുമോ?










5 comments:

ബൈജു മണിയങ്കാല said...

അഭയത്തിന്റെ അപാര പ്രതീക്ഷകൾ

Riyas Nechiyan said...

കൊള്ളാം ... :)

ഏകാന്തത എനിക്കും ഇഷ്ട്ടമാണ് അതിനെക്കുറിച്ച് ആരെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍......

ശ്രീ said...

"ഒരൊറ്റയാലിംഗനത്തിൽ ഭൂമിയുടെ കരയെ മുഴുവൻ
സ്വന്തമാക്കി ..."

ഹെന്റമ്മോ‌‌‌!!!


തിരുത്ത് > "തല തല്ലി"

ajith said...

ഓരോരുത്തരും ഒരു ദ്വീപും എല്ലാരും ചേര്‍ന്നൊരു ദ്വീപ് സമൂഹവും!!

ചീര I Cheera said...

:)

Sree- thiruthi. :)