മരുന്നുകളുടേയോ രോഗങ്ങളുടേയോ ഗന്ധമല്ല, ചിരപരിചതമായ ചന്ദനത്തിന്റെയും കുംകുമത്തിൽന്റേയും സുഗന്ധം ശ്വസിച്ചുകൊണ്ടാണ് ആ ആശുപത്രി മുറിയിലേയ്ക്കയാൾ സധൈര്യം കടന്നുചെന്നത്.
ഒരു പ്രാർത്ഥനാമുറിയിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴുള്ള അതേ അനുഭൂതിയോടെ അയാൾ ആർക്കും മുഖം കൊടുക്കാതെ യന്ത്രസാമഗ്രികളാൽ ചുറ്റപ്പെട്ട ആ കട്ടിലിനു നേരെ സാവധാനം നടന്നു ചെന്നു.
ഓർമ്മ നഷ്ടപ്പെട്ട, ചേതനയറ്റ ശരീരവുമായി കിടക്കുന്ന ഒരു രൂപത്തെയായിരുന്നില്ല, സ്വബോധത്തോടെ, മുഴുവനും വെളുക്കാൻ കുറച്ചുകൂടി ബാക്കി വെച്ചിട്ടുള്ള, കെട്ടിവെച്ച മുടിയുമായി കിടക്കുന്ന ഒരു രൂപത്തെയാണയാളവിടെ കണ്ടത്.
ഉള്ളിൽ ഒരു മുന്നറിയിപ്പേതുമില്ലാതെ തിങ്ങിവിങ്ങി ഉടലെടുത്തുകൊണ്ടിരിയ്ക്കുന്ന പാപബോധങ്ങളെ അയാൾ സ്വയം അറിയുന്നില്ലെന്നു നടിച്ചു.
പക്ഷേ അപ്രതീക്ഷിതമെന്നവണ്ണം താൻ തിരിച്ചറിയപ്പെടുന്നത് അയാൾ തെല്ലൊരു വിസ്മയത്തോടെ നോക്കി നിന്നു.
ഒരു പ്രേരണയാലെന്നപോലെ പതുക്കെ അടുത്തു ചെന്നിരുന്നു. തലങ്ങും വിലങ്ങും ട്യൂബുകളാൽ ബന്ധിപ്പിയ്ക്കപ്പെട്ട ശുഷ്കിച്ചു ചുളിഞ്ഞ ശരീരത്തെ പുതപ്പിച്ചിരുന്ന തുണിയിൽ അയാളുടെ ശരീരം പതുക്കെ സ്പർശിച്ചു.
പുതുക്കിപ്പുതുക്കി, തെളിമയോടെ, കേടുപാടുകളേൽപ്പിയ്ക്കാതെ, പത്തെൺപതു വർഷക്കാലമായി കൊണ്ടുനടക്കുന്ന, ഓർമ്മകളുടെ തകരുന്ന കൂടുകളിൽ നിന്നും ഒഴിഞ്ഞ തൂവലുകൾ അയാൾ ധരിച്ചിരുന്ന ജീൻസിന്റെ നീല നിറത്തിൽ തട്ടി താഴേയ്ക്കു ശബ്ദമില്ലാതെ പറന്നുവീണു.
ശാന്തമായ ആ മുഖത്തേയ്ക്കയാൾ സൂക്ഷിച്ചു നോക്കി. അടഞ്ഞ കണ്ണുകൾക്കുള്ളിൽ സാവധാനത്തിലുള്ള ചലനം. കണ്ണിൽ നിന്നുമൂറി വരുന്നത്, മെലിഞ്ഞുണങ്ങിയ ശരീരത്തിൽ അപ്പൊ പൊട്ടിയ ഉറവയിൽ നിന്നൊലിയ്ക്കുന്ന തെളിനീരാണെന്നയാൾക്കു തോന്നി. അയാളതു തുടച്ചുകളഞ്ഞില്ല.
വിളറിയ ചുണ്ടുകൾ ചലിയ്ക്കുന്നുണ്ടെന്നത് അയാൾക്കു കാണുവാൻ കഴിഞ്ഞു.
അതെന്തോ മന്ത്രിയ്ക്കാനൊരുങ്ങുന്നുണ്ടന്നയാൾക്കു മനസ്സിലാക്കാനാവുന്നുണ്ടായിരുന്നു.
അയാൾ അരികിലേയ്ക്കു കുനിഞ്ഞു. വിറയ്ക്കുന്ന കൂപ്പുകൈകളോടെ കിടക്കുന്ന ആ ശരീരത്തിന്റെ ഇടതുവശത്ത് അയാൾ തന്റെ വലതു കൈ കിടക്കയിൽ കുത്തിനിർത്തി. ബലം പോരാഞ്ഞുണങ്ങി മെലിഞ്ഞ, ഒഴിഞ്ഞുകിടന്നിരുന്ന, വെളുത്ത കൂപ്പുകൈകളിൽ തന്റെ ഇടതുകയ്യും മൃദുവായി വെച്ചു.
തെളിച്ചത്തോടെ, ശാന്തതയോടെ, സ്വബോധത്തോടെ, അയാളുടെ നാമം ഒരു ശ്വാസത്തിന്റെ പകുതിയിൽ ഉച്ചരിച്ചു തീരുന്നത് അയാൾ വ്യക്തമായി കേട്ടു. നേർത്തു പോയ ആ ശബ്ദം അപ്പോൾ പകർന്നു കൊടുത്ത ശക്തിയിൽ അയാൾ സ്തംഭിച്ചിരുന്നു. ശിരസ്സ് കുനിച്ചു.
കാലങ്ങളോളം അയാളുടെ അകത്തളങ്ങളിൽ ഉപയോഗശൂന്യമായി കിടന്നു തുരുമ്പിച്ചുപോയ ഒരു വിളി പുറത്തുവന്നത് അവിചാരിതമായി തോണ്ടയിൽ കുടുങ്ങി പോയത് അയാളൊട്ടും അറിയാതെപോയി.
മുറിയിലവിടവിടെ ദുഃഖത്തിന്റെ നനവുകളുണ്ടായിത്തീരുന്നത് അയാൾ പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു. കൈകളെ പിൻവലിയ്ക്കാതെ നിമിഷങ്ങളോളം സ്തബ്ധനായി അയാളിരുന്നു.
ഭാരമേറിയ നെഞ്ചിൻകൂടിനുള്ളിലെ ഒരു മുറിവ് അന്തമില്ലാതെ പൊട്ടിയൊലിയ്ക്കാറായി നിന്നു.
പാപബോധങ്ങൾ, തടയില്ലാതൊഴുകാൻ കൊതിയ്ക്കുന്ന ഉപ്പുനീരിൽ കുത്തിയൊലിച്ചുപോകാൻ തയ്യാറെടുത്തു നിന്നു.
ഉദരത്തിന്റെ നടുഭാഗത്തെ, പിറവിയുടെ ഒരു ശേഷിപ്പിൽ അപ്പോഴും ജീവന്റെ അടയാളങ്ങൾ താളം തെറ്റാതെ തുടിച്ചുകൊണ്ടിരുന്നു.