Thursday, October 16, 2008

ഒരു ചോദ്യം

അവന്‍ മുകളിലേയ്ക്കു നോക്കി, ആ കണ്ണുകളിലേയ്ക്ക്‌.

അയാളുടെ പുതിയൊരു നിറത്തിലുള്ള പാന്റില്‍ അവനേക്കാളും നീളമുള്ള കാലുകളോട്‌ അവന്‍ ചേര്‍ത്തു നിര്‍ത്തപ്പെട്ടു ഒരു നിമിഷം. അവന്റെ കുറ്റിമുടി അയാളുടെ അര മുറുക്കിയിട്ടുള്ള ബെല്‍റ്റിലെത്തുന്നില്ല.
ചുളിയാത്ത ഫുള്‍ സ്ലീവ്‌ കൈകളാല്‍ അവന്റെ മുഖം ഉയര്‍ത്തപ്പെട്ടപ്പോഴും, അവന്റെ കവിളില്‍ മീശ മറയ്ക്കുന്ന ചുണ്ടുകളാല്‍ വിറയ്ക്കുന്ന ഒരു ഉമ്മ പതിപ്പിച്ചപ്പോഴും അവന്‍ തിരിച്ചൊന്നും പറഞ്ഞില്ല. തല തിരിച്ചില്ല. ഉമ്മ കൊടുത്തില്ല.
ഒടുവില്‍ ഒരൊറ്റ പെട്ടി മാത്രമുള്ള ട്രോളി മുന്നിലേയ്ക്കുന്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ ടിക്കറ്റും പാസ്പോര്‍ട്ടും ഒരു പേനയും കുത്തനെ നിര്‍ത്തി വിമാനത്താവളമെന്ന കോണ്‍ക്രീറ്റ്‌ ഗുഹയിലേയ്ക്ക്‌ സാവധാനത്തിലയാള്‍ കയറിപോകുമ്പോള്‍ ആകാംക്ഷയോടെ അവന്‍ നോക്കി നിന്നു.
പക്ഷെ അവനു കരയാന്‍ തോന്നിയില്ല.

"അറിയോ? എന്റെ ഫ്രണ്ട്സ്‌ എല്ലാരും അവര്‌ടെ അച്ചന്മാരുടെ കൂടെയാ എപ്പഴും പൊറത്തു പോണ്‌. എനിയ്ക്ക്‌ മാത്രാ..
അച്ചനെന്തിനാ എന്നോടെപ്പഴും വരണ്ടാന്ന് പറയണത്‌?
കണ്ടോളൂ, അച്ചന്‍ ഫോണ്‍ ചെയ്യുമ്പോ ഞാന്‍നി മിണ്ടേല്യ. "

സന്ധ്യക്ക്‌ പഠിയ്ക്കാന്‍ പുസ്തകം തുറന്നപ്പോള്‍
തലേ ദിവസം എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തില്‍ വൃത്തിയില്‍ പേരെഴുതി വെച്ചിട്ടുള്ള പെട്ടിയ്ക്കു മുകളിലിരുന്ന് എന്തൊക്കെയാ പറഞ്ഞത്ന്ന് അവനോര്‍മ്മ വന്നു.

അപ്പോഴാണ്‌
ഒരു മഴയത്ത്‌ അവനറിയാതെ എന്നാല്‍ അവനു മാത്രമായി വാങ്ങിക്കൊണ്ടുവന്ന സൈക്കിളോടിച്ച്‌ വീണുപൊട്ടിയ മുട്ടിലെ മുറിവ്‌ നീറാന്‍ തുടങ്ങിയത്‌.
മുന്‍പിലിരുന്ന പുസ്തകത്തിലെ അക്ഷരങ്ങള്‍ മുഴുവനും കണ്ണില്‍ കുതിര്‍ന്നത്‌.
കവിളത്തെ ഒരു ഉമ്മയില്‍ ഉപ്പുരസം കിനിഞ്ഞതും.

അച്ഛനെന്തേ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞ്‌ എന്നെ?

7 comments:

ഗുപ്തന്‍ said...

നന്നായി :)

ദിലീപ് വിശ്വനാഥ് said...

എനിക്കെന്തോ ഇതു മനസ്സില്‍ തട്ടി... അതിനുള്ള കാരണം ഉണ്ടായിരിക്കും അല്ലേ?

ശ്രീ said...

ടച്ചിങ്ങ്!

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു. ശരിക്കും touching

ശെഫി said...

ഫലിപ്പിച്ചിരിക്കുന്നു.കൊള്ളുന്നു.
നല്ല എഴുത്ത്

ഹരിത് said...

ചുരുങ്ങിയ വരികളില്‍ കാച്ചിക്കുറുക്കിയിട്ടുണ്ട്. വളരെ ഇഫെക്റ്റിവായി. ഇഷ്ടമായി. ഭാവുകങ്ങള്‍.

ഹരിത്

ഉപാസന || Upasana said...

പീയാറേ,

കുട്ടിയുടെ ചിന്തയാണല്ലോ ഭംഗിയായി കോറിയിട്ടിരിയ്ക്കുന്നെ.
അച്ഛന്റെ വാത്സല്യം അറിഞ്ഞ് തന്നെ വളര്‍ന്ന ഒരാളാണ് ഞാനും. ഊഷ്മളമായ വാത്സല്യങ്ങളല്ലാ എന്റച്ചന്‍ തരിക.
‘വെള്ള’മടിച്ചിരിയ്ക്കുമ്പോ കത്തണ്ടയില്‍ ചെറിയ വേദന തോന്നും വുധം കടിക്കും.
കള്ള് ഷാപ്പീന്ന് പോത്തെറച്ചി കൊണ്ട് വന്ന് തരും... അങ്ങിനെയങ്ങിനെ കുറച്ച് ടഫ് ആയ വാത്സല്യങ്ങള്‍.

എഴുത്ത് പതിവ് പോലെ നന്നായീട്ടോ.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന