Saturday, January 26, 2008

ഒരിത്തിരി ഭാഗം..

അന്നൊക്കെ….

കുട്ടിക്കാലത്ത്, രാവിലെ എണീറ്റാല്‍ ആദ്യത്തെ കര്‍മ്മപരിപാടി, അരിയിടാനുള്ള ചെമ്പ് നിറയേ വെള്ളം കോരി നിറയ്ക്കലായിരുന്നു. പിന്നത്തെ ജോലി നാളികേരം ചെരകി വെയ്ക്കല്‍. അന്നന്നത്തെ ആവശ്യത്തിനുള്ളത്, ഒന്നോ അല്ലെങ്കില്‍ രണ്ടോ നാളികേരം. അതില്ലാത്ത നാളുകള്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.

അന്നൊക്കെ, കാര്യകാരണ സഹിതം പ്രായം, കാലം ഒക്കെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയെടുത്താണ് ഓരോ പ്രവൃത്തികളും ശീലിച്ചു വന്നിരുന്നത്, അഥവ ശീലിപ്പിച്ചിരുന്നത് എന്നിപ്പോള്‍ മനസ്സിലാകുന്നു.

മോട്ടോര്‍ ഉണ്ടായിരുന്നിട്ടും വെള്ളം കോരിയിരുന്നതെന്തിനെന്നറിയാമോ?
കെണറ്റിലെ വെള്ളം അനങ്ങണം, അനക്കമില്ലാത്ത വെള്ളം നന്നല്ലാത്രേ.. മോട്ടറിട്ട് വെള്ളം ടാങ്കില്‍ അടിച്ചുകേറ്റിയാലൊന്നും കെണറ്റിലെ വെള്ളം അനങ്ങാന്‍ പോണില്ല.
അതിന് വെള്ളം കോരുക തന്നെ വേണമെന്ന്..
വെള്ളം കോരിക്കഴിഞ്ഞാല്‍, ഒരു കൊട്ടകോരിക നെറച്ച് വെള്ളം അവിടെ തന്നെ
വെയ്ക്കണം, അതൊഴിച്ചിടരുത് ത്രേ.. വെള്ളം കോരുന്നതിനും, കാര്യകാരണങ്ങളും ചിട്ടവട്ടങ്ങളും.


വേറെയൊന്നുള്ളത്, ഈ വെള്ളം കോരല്‍ കര്‍മ്മത്തിലേയ്ക്കെത്തുന്നത്, ഒരു ‘പ്രമോഷന്‍‘ കിട്ടലായിരുന്നു, ‘വലിയ കുട്ടി ആയി‘ എന്ന് മുതിര്‍ന്നവര്‍ അതോടെ അംഗീകരിച്ചു കഴിഞ്ഞു. ആ സുഖം എത്ര ചെമ്പ് വേണമെങ്കിലും, പാതാളം മുട്ടുന്ന കിണറ്റില്‍ നിന്നും വെള്ളം കോരി നിറയ്ക്കാനുള്ള കരുത്ത് സംഭരിച്ചു തന്നിരുന്നു.

അന്നത്തെ പ്രഭാതം ഓര്‍മ്മയില്‍, ആകാശവാണിയിലെ “വന്ദേമാതരം..”, പിന്നെ എം.എസ്സിന്റെ കരുത്തുറ്റ ശബ്ദം. അടുക്കളയിലെ നാളികേരം ചിരവുന്ന ശബ്ദവും, വെള്ളം കോരുന്ന തുടി തിരിയുന്ന ശബ്ദവും..
ഒരു മനുഷ്യശബ്ദമായി ആകെപ്പാടെ കേള്‍‍ക്കാവുന്നത്, തൈരു കലക്കുമ്പോഴും, കഷ്ണം നുറുക്കുമ്പോഴും അമ്മമ്മ നാമം ചൊല്ലുന്ന പതിഞ്ഞ ശബ്ദമായിരിയ്ക്കും.

അതൊക്കെ പോട്ടെ, പറയാന്‍ വന്നത് അതല്ല,
ആ നാളികേരം ചെരവല്‍ മാത്രം അത്ര സുഖമുള്ള ഏര്‍പ്പാടായിരുന്നില്ല. അന്നത്തെ ചിരവ എന്നത്, ഒരു നീണ്ട പലക, അതിന്റെയറ്റത്ത് ഘടിപ്പിച്ചിരിയ്ക്കുന്ന മൂര്‍ച്ചയുള്ള “ചിരകനാക്ക്” – അതിലാണ് ചിരവേണ്ടത്. പലക മേല്‍ കഷ്ടിച്ച് ഒന്ന് ഇരുന്നൂന്ന് വരുത്താനുള്ള സ്ഥലമേ ഉണ്ടാകൂ.. നോക്കണേ. ഒരു കഷ്ടപ്പാട്.

നാളികേര മുറിയുടെ വക്കില്‍ നിന്നും ചിരകി വന്നാല്‍ എളുപ്പത്തില്‍ ചെരവിത്തീര്‍ക്കാം. (നടുക്കില്‍ നിന്നും ചിരകി വന്നാലെന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല..) ആരോ അന്ന് പറഞ്ഞു തന്ന ഒരു ‘ടിപ്’ ആണ്.
എന്തായാലും ചെരവിശീലമാക്കാന്‍ കൊറേ ‘മുറിവ്’ത്യാഗം സഹിച്ചിട്ടുണ്ട് ഈ കരങ്ങള്‍ ! ആ പ്രശ്നം പരിഹരിയ്ക്കപ്പെട്ടിരുന്നത് ഒരു ഗ്ലാസ്സ് നാളികേരവെള്ളത്തിലൂടെയായിരുന്നുവെന്നത് ഒരു മധുരമുള്ള ഓര്‍മ്മയായി നാവിന്‍ തുമ്പില്‍ തങ്ങിനില്‍ക്കുന്നു.

അതങ്ങനെ ചെയ്തു പോന്നു, പിന്നെപിന്നെ ചെരവയില്‍ നിന്നുമെങ്ങനൊക്കെ രക്ഷപ്പെടാമെന്ന വഴികളാലോചിച്ചു നടക്കാന്‍ തുടങ്ങി.
നാളികേരത്തിനോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല,
എങ്ങനെ? ഒരു കിണ്ണം നിറയേ, തുമ്പപ്പൂക്കള്‍ പോലെ, ചിരവിയ നാളികേരം .. ആരും ഒന്ന് നോക്കി പോവില്ലേ..
പിന്നെ, അടയുടെ ഉള്ളില്‍ ശര്‍ക്കരയില്‍ പൊതിഞ്ഞ നാളികേരം..
എന്തിന്.. അവീല്‍, കാളന്‍ ഇതിലൊക്കെ അരഞ്ഞു ചേര്‍ന്നു കിടക്കുന്ന (ക്ഷമിയ്ക്കുക, അവീലിന് അത്രേം അരയ്ണ്ട എന്നാണ് തല മൂത്തവരുടെ മതം.) നാളികേരത്തിന്റെ സ്വാദ് മറക്കാനാവുമോ?
അങ്ങനെ, വറന്ന്, കറുത്ത് കിടക്കുന്ന എരിശ്ശേരിയിലെ നാളികേരം മുതല്‍ നല്ല കട്ട ചട്ടിണിയിലുള്ള നാളികേരം വരെ…… ഹോ!
ഇല്ല, ഒരിയ്ക്കലും നാളികേരത്തിനോടൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല, സത്യം!

പക്ഷെ, ഈ ചെരവല്‍ മാത്രം വയ്യ..

സത്യത്തില്‍ ഇവിടെ വന്നപ്പോള്‍ നാളികേരം ചെരവി തന്നെ കിട്ടുമെന്നത് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. ഈ ധാരാളിത്തത്തിനിടയില്‍ വീട്ടില ചെരവ വേണോ എന്നൊരു സംശയമേ ഉണ്ടായിരുന്നില്ല. ചെരവ വിസ്മൃതിയിലാണ്ടു പോയി. ചെരവാന്‍ കഷ്ടിച്ച് മറന്നിട്ടില്ലേരിയ്ക്കും.. അത്രതന്നെ.

അപ്പോ അതവിടെ നിക്കട്ടെ.

ഇന്നത്തെ സ്ഥിതി -

ഹൊ! കഞ്ഞീം മൊളോഷ്യോം, കാച്ചിയ മോരും ഒക്കെയായി മതിയായി.. വീട്ടിലെ എല്ലാവരുടേയും അസുഖ പരമ്പര കഴിഞ്ഞതോടെ, വായയ്ക്കു രുചിയായി എന്തെങ്കിലും തരണേ, എന്നെല്ലാവരും നോട്ടങ്ങളിലൂടേയും, ഭംഗ്യന്തരേണയുമൊക്കെ ദയനീയമായി അപേക്ഷാപ്രകടനങ്ങള്‍ നടത്തി തുടങ്ങി.
എന്നാല്‍ ശരി. ഒരു കാളനു വേണ്ട ലക്ഷണങ്ങളൊക്കെ തെളിഞ്ഞു വന്നു.
ചേന റെഡി, മോര് റെഡി, പച്ചമുളക്, ജീരകം എല്ലാം റെഡി. നാളികേരം മാത്രം ഗ്രോസറിയില്‍. കുറച്ച സമയത്തെ കാര്യമേയുള്ളു.
കുരുമുളക് അരച്ചു ചേര്‍ത്ത്, ചേനയും നാളികേരവും ചേര്‍ന്നു ഒരിരുണ്ട മഞ്ഞ നിറത്തില്‍, കടുകും കറിവേപ്പിലകളും ഇടകലര്‍ന്ന് കിടക്കുന്ന കാളന്റെ രൂപം..
വെള്ളമൂറി!

ഒട്ടും താമസിച്ചില്ല, പോയ പോലെ മടങ്ങിയെത്തി, ഗ്രോസറിയില്‍ നിന്നും.
കാളനു പകരം, രസവും പപ്പടവും ഊണുമേശയില്‍ നിരന്നു. കുറച്ചു ദിവസത്തേയ്ക്കു കൂടി ഇങ്ങനെയൊക്കെ തന്നെയാവുമെന്നൊരു മുന്നറിയിപ്പും,.
ചമ്മന്തിയില്ലെന്നും മറ്റുമുള്ള പരാതികള്‍ സ്വീകരിയ്ക്കുന്നതല്ല, എന്നൊരു മുന്‍‌കൂര്‍ജാമ്യ പ്രഖ്യാപനവും നടത്തി.

സംഗതി വേറെയൊന്നുമല്ല,

ഒരു നാളികേരത്തിന് അഞ്ചു ദിര്‍ഹംസ് പോലും! അതും ചെറുനാരങ്ങയോളം പോന്ന ഒന്നിന്..

തേങ്ങാ സ്റ്റോക്ക് ഉണ്ടെങ്കില്‍ തന്നെ, ചെരവിത്തരാന്‍ പറ്റില്ലെന്ന് ഗ്രോസറിക്കാരന്‍ ഉറപ്പിച്ചു പറഞ്ഞു. എലക്റ്റ്രിസിറ്റി മൊതലാവില്ലത്രേ..
പക്ഷെ, അദ്ദേഹം പരമാവധി സഹായസന്നദ്ധനായാണ് കാണപ്പെട്ടത്. വീട്ടിലൊരു ചെരവ ഉണ്ടെങ്കില്‍ എവിട്ന്നെങ്കിലും ഒരു നാളികേരം കൊണ്ടുവന്നു തരാമെന്നു വരെ ആ സഹോദരന്‍ മൊഴിഞ്ഞു. ഞാന്‍ തല കുനിച്ചു ചിന്താധീനയായി..


ഒരു രക്ഷയുമില്ല, അബുദാബിയില്‍ (മാത്രമല്ലാ, യു.എ.ഇ. മൊത്തം) നാളികേരത്തിന്റെ വില കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നുവത്രേ! അങ്ങനെ അരിയ്ക്കും, ഇന്ത്യയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ക്കും പുറമേ ശ്രീലങ്കന്‍ നാളികേരവും ചതിച്ചു!

എല്ലാം കേട്ട് അവസാനം,
“ഓ, അല്ലേലും ഈ തേങ്ങായിലൊക്കെയങ്ങ് അപ്പടി കൊളസ്റ്റ്രോളും കുണ്ടാമണ്ടികളുമൊക്കെയാ.. അല്ലേയ്, ഈ മൊളോഷ്യത്തിനും, മോരുകാച്ച്യതിനുമൊക്കെ എന്തുവാ ഒരു കൊറവ്? ഹല്ലപിന്നെ! .” എന്നൊരു ഭാവത്തില്‍ ഞാനിങ്ങിറങ്ങിപ്പോന്നു.
പഞ്ചതന്ത്രത്തിലെ ആ പഴയ കുറുക്കനു സ്തുതി.


ശരി, ഇനി അതെല്ലാം മറന്നേക്കൂ..

ഇപ്പോള്‍ ഒരു ആലോചനയിലാണ് ഞാന്‍.
2008 -ലേയ്ക്കുള്ള കര്‍മ്മപരിപാടികളില്‍ ഒന്നാമത്തേതാണ്,
ഒരിത്തിരി മണ്ണ് സംഘടിപ്പിയ്ക്കല്‍, പിന്നെ കറിവേപ്പിന്റെ തൈ, തുളസി, പച്ചമുളക്, പന്നികൂര്‍ക്കെല… കണ്ണില്‍ക്കണ്ടതൊക്കെ നട്ടുവളര്‍ത്തല്‍..

ഒരു ചട്ടിയില്‍ അമ്മു വെറുതെ കൊണ്ടിട്ട ഓറഞ്ച് കുരുക്കള്‍ അതാ ഒരു ദിവസം മുളച്ചു പൊന്തി വരുന്നു.. സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അതായിരുന്നു തുടക്കം.
താമസിയ്ക്കുന്ന വില്ലയുടെ മുന്നില്‍ ഒരിത്തിരി സ്ഥലം ഞങ്ങള്‍ക്കുള്ള ഒരു മിറ്റമായി ഒഴിച്ചു തന്നിട്ടുണ്ട് വാച്ച്മാന്‍. സിമന്റിട്ട മിറ്റം.

ഇപ്പോള്‍, അതുകളുടെയൊപ്പം ഒരു തെങ്ങിന്‍ തൈ എന്നു കൂടി ചേര്‍ത്താലെന്താ പുളിയ്ക്കുമോ?
എന്ന് കാര്യമായി തന്നെ ആലോചിച്ചിരിയ്ക്കുകയാണ് ഞാന്‍.

ഇനി കാര്യം പറയാം, അതിനു മുന്‍പ്
അവസാനമായി, ഒന്നുകൂടി മുകളിലെഴുതിയതെല്ലാം മറക്കൂ !

ഒന്ന് ‘ഉപസംഹരിച്ചു‘ പറഞ്ഞാല്‍, കാര്യം ഇത്ര മാത്രം.

നാട്ടില്‍, ടെറസ്സില്‍ വരെ കൃഷി ചെയ്തു വരുന്നുണ്ടെന്ന സംഗതി അറിയാമോ നിങ്ങള്‍ക്ക്? ടെറസ്സില്‍ തെങ്ങടക്കം കുത്തനെ വളര്‍ന്ന് കൊലച്ച് നില്‍ക്കുന്നു, ടി.വി.യില്‍, ഹരിതഭാരതത്തില്‍..


വീടിന്റെ ടെറസ്സില്‍, അതാത് ചെടികള്‍ക്ക് / തൈയ്യുകള്‍ക്ക്, വേണ്ട ആഴത്തില്‍ ഇഷ്ടിക കൊണ്ട് തടം കെട്ടി, മണ്ണിട്ട് നിറച്ച് ചെടികളും, പച്ചക്കറികളും നട്ടുപിടിപ്പിയ്ക്കുക എന്ന ആശയം വളരെ അര്‍ത്ഥവത്തായി തോന്നി. താഴേയ്ക്ക് ചോര്‍ച്ചയില്ല, തെങ്ങ് വളര്‍ന്ന് വലുതായി എന്നതുകൊണ്ട് വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണിട്ടുമില്ല. ആ ടെറസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാത്തതൊന്നുമുണ്ടായിരുന്നില്ല. രാവിലെ ആയാല്‍ ഭാര്യയും ഭര്‍ത്താവും കൂടി ടെറസ്സില്‍ കയറി , ഒരു കൊട്ട നിറയേ പച്ചക്കറിയും പറിച്ച് സുഖമായി ഇറങ്ങിപ്പോരുന്നു.

ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കില്‍, കാര്യമായി തന്നെ ചിന്തിയ്ക്കൂ, പ്രവര്‍ത്തിയ്ക്കൂ എന്നു മാത്രമേ ഈ പോസ്റ്റിനുദ്ദേശ്ശമുള്ളൂ..

നാട്ടില്‍ മാത്രമല്ല,
ഒരു ചാക്ക് മണ്ണിന് 10 ദിര്‍ഹംസ് (അബുദാബിയിലെ വില) കൊടുക്കാനായാല്‍, പിന്നെ മുതല്‍ക്കൂട്ടായി മനസ്സിന്റേയും സമയത്തിന്റേയും ഒരിത്തിരി ഭാഗം മതിയാവും, ഫ്ലാറ്റിലുള്ളവര്‍ക്ക് ഒരു ‘ബാല്‍കണി ക്ര്‌ഷിയെ’ (സ്ഥലമുണ്ടെങ്കില്‍) കുറിച്ചൊന്നു ചിന്തിയ്ക്കാന്‍.
ആരുകണ്ടു, കിട്ടിയതൊക്കെ ഭാണ്ഡത്തിലാക്കി, കച്ചയും മുറുക്കി നാട്ടിലെത്തുമ്പോള്‍, ഇനിയെന്ത് എന്നൊരു ചോദ്യചിഹ്നം ഉയരുമ്പോള്‍, ഒരു കൈകോട്ടും കൊണ്ട് നേരെ ടെറസ്സിലേയ്ക്ക് ധൈര്യമായി എന്തുകൊണ്ട് പൊയ്ക്കൂടാ? (ടെറസ്സുള്ളവര്‍, അല്ലാത്തവര്‍ നേരെ മണ്ണിലേയ്ക്കിറങ്ങി ചെല്ലുകായെന്നേ പറയാനുള്ളൂ..)

ഇനിയതും പോരെങ്കില്‍, ഉറപ്പ് തരുന്നു,
കുറഞ്ഞത് ഷാര്‍ജ-ദുബായ് ക്കാര്‍ക്ക്, അല്പമൊരു മനഃസുഖത്തിനെങ്കിലും പറ്റിയ ഒരു മറുമരുന്നാവും ഈ ചെടികളുമൊത്തുള്ള സഹവാസം.

വേറെയൊന്നുകൊണ്ടുമല്ല, അവിടത്തെ ട്രാഫിക് സിഗ്നലുകളുടെ അനുഗ്രഹകടാക്ഷങ്ങള്‍ക്കായി, റോഡില്‍ ഒന്നും രണ്ടും മണിക്കൂറ് നിന്നിടത്തു നില്‍ക്കുന്ന അവര്‍ക്കൊക്കെ ഓഫീസ് റ്റെന്‍ഷന്‍സിനു പുറമേ, ട്രാഫിക് സിഗ്നലുകളും ഒരുപാട് സമ്മര്‍ദ്ദങ്ങളും, മനമ്മടുപ്പും ഒക്കെ ദിവസവും രണ്ടു നേരം വെച്ച് വേണ്ടുവോളം ചൊരിയുന്നുണ്ട്.
ഇവരുടെ ജീവിതത്തിന്റെ പകുതി ഭാ‍ഗവും റോഡില്‍ തന്നെ.
മനസ്സിനും എന്തെങ്കിലുമൊക്കെയൊരു നീക്കിയിരുപ്പ് വേണ്ടേ..

ഏതായാലും ഇനിയുള്ള കാലം ഒരു ‘ടെറസ്സ് കൃഷിയെ’ കുറിച്ച് കൂടിയൊന്ന് ചിന്തിയ്ക്കാവുന്നതേയുള്ളു.. സമയത്തിന്റെ, മനസ്സിന്റെ, പിന്നെ ടെറസ്സിന്റെ / ബാല്‍ക്കണിയുടെ ഒരിത്തിരി ഭാഗം..
നമ്മുടെ സ്വന്തം മനസ്സിനു വേണ്ടി..
അത്രയും ആലോചിച്ചാല്‍ മതി. ബാക്കി തനിയേ വന്നുചേര്‍ന്നു കൊള്ളും.

ഭൂമാഫിയ, ഭൂമികയ്യേറ്റം, ഇട തൂര്‍ന്ന് പൊങ്ങിവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, തുടങ്ങിയ പദങ്ങള്‍ ഉപയോഗശൂന്യങ്ങളാകുന്ന (?) ഒരു കാലം വരുവോളം..


അടിക്കുറിപ്പുകള്‍:

1) കൊട്ടകോരിക - വെള്ളം കോരാനുപയോഗിയ്ക്കുന്ന ബക്കറ്റിനു അന്ന് പറഞ്ഞു കേട്ടിരുന്ന പേര്‍.

2) എം.എസ്സ് - M.S. സുബ്ബലക്ഷ്മി.


3) ഇവിടെ “Roof gardening" എന്ന പേരില്‍ മുകളില്‍ പറഞ്ഞ ടെറസ്സ് കൃഷിയ്ക്ക് സാമാനമായ ഒരു പരാമര്‍ശം കണ്ടു. ഇതില്‍ കൂടുതലൊന്നും എനിയ്ക്ക് എവിടേയും കണ്ടെത്താനായില്ലാ. എന്നാ‍ലുമിതിലെ പരാമര്‍ശങ്ങളും വാ‍യിച്ചു നോക്കാവുന്നതാണ്.

4) ഗ്രോസറിയില്‍ പോയി തേങ്ങയുടെ വീല അഞ്ചു ദിര്‍ഹം എന്ന് കേട്ടപ്പോഴത്തെ ഒരു മനസ്താപത്തില്‍ എഴുതിവെച്ചതായിരുന്നു ഈ പോസ്റ്റ്. ഇപ്പോളത് കുറഞ്ഞ്, നാല്, മൂന്ന് വരെയൊക്കെയായി.
എന്നാലും പോസ്റ്റുന്നുവെന്ന് മാ‍ത്രം.


4) വിലക്കയറ്റത്തിനെ കുറിച്ചു പറയുമ്പോള്‍ പോസ്റ്റ് വായിയ്ക്കാത്തവര്‍ എന്തായാലും വായിയ്ക്കൂ.


Wednesday, January 23, 2008

സ്നേഹിയ്ക്കുന്നത്..


ചിലര്‍ സ്നേഹിച്ചു തുടങ്ങിയിട്ടാണ്
പറയുന്നത്, ‘ഇഷ്ടമായി’ എന്നെങ്കിലും.
സ്നേഹം ഭ്രാന്താവുമ്പോള്‍ മാത്രം
ഗത്യന്തരമില്ലാതെ
“നിന്നെ ഞാന്‍ സ്നേഹിയ്ക്കുന്നു”വെന്നും
പറഞ്ഞൊപ്പിയ്ക്കുന്നു.
എന്നിട്ടവസാനം ഇക്കൂട്ടര്‍
സ്നേഹിച്ചങ്ങ് കൊല്ലും.


ചിലര്‍ക്കൊറ്റ സ്നേഹമേ ഉണ്ടാകൂ..
തുടക്കം മൊതല്‍ക്കേ,
ഭ്രാന്ത് പിടിച്ച ഒരൊറ്റ സ്നേഹം മാത്രം.
ഒരു ഭ്രാന്തന്‍ സ്നേഹം.

ഇനിയും ചിലര്‍
തലയും വാലുമില്ലാതെ,
മേലും കീഴും നോക്കാതെ
തലങ്ങും വിലങ്ങും കണ്ണുമടച്ചങ്ങ്
സ്നേഹിച്ചു കളയും.
അന്ധമായി.

വേറെയൊരു കൂട്ടരുണ്ട്.
സ്നേഹസാഗരം.
സ്നേഹിയ്ക്കുന്നുവെന്ന്
പറയാതെ, ഉച്ചരിയ്ക്കാതെ,
സ്വയമറിയുക പോലും ചെയ്യാതെ
ജീവശ്വാസമായി ജീവിച്ച്, മണ്ണോടു ചേര്‍ന്ന്,
ഒടുവില്‍ സ്നേഹം
മണ്ണിനു വളമാക്കി, പുല്‍നാമ്പുകളായി,
പ്രാണവായുവായി
വീണ്ടും കോരിച്ചൊരിയുന്നവര്‍.
പ്രകൃതിയായി, അമ്മയായി
.

അതിനെ മഹത്തായ സ്നേഹം എന്നു വിളിച്ചാല്‍ മതിയോ?









അടിക്കുറിപ്പ് :
‘പികാസ്സ‘യില്‍ നിന്നും കിട്ടിയ ഈ ‘മരത്തോ‍ട്’ വല്ലാത്ത ഒരു സ്നേഹം തോന്നി.
നിയന്ത്രണം വിട്ടു പോയി.

ചിത്രത്തിന് കടപ്പാട് : ഗൂഗ് ള്‍ പികാസ്സ.

Monday, January 21, 2008

മുല്ലപ്പൂവും കടലാസുപൂവും.

ഒരിയ്ക്കല്‍ ഒരു പൂന്തോട്ടത്തില്‍ ഒരു മുല്ലച്ചെടിയും കടലാസുപൂവ് ചെടിയും ഒരുമിച്ചു മുളച്ചു.
അവര്‍ രണ്ടു പേരും സുഹ്ര്‌ത്തുക്കളായി. ഇരുവരും, ദിനം പ്രതി തങ്ങള്‍ വളര്‍ച്ച വെയ്ക്കുന്നതും മേനിയില്‍ ഇലകളുണ്ടാവുന്നതും പരസ്പരം കണ്ടാനന്ദിച്ചു.
മുല്ലച്ചെടി തനിയ്ക്കായി ഒരുക്കിയിരിയ്ക്കുന്ന പന്തലില്‍ പടര്‍ന്ന് പന്തലിച്ചു. കടലാസു ചെടി നിറയേ ഇലകളുമായി തൂങ്ങി നില്‍ക്കുന്ന ചെറിയ കൊമ്പുകളോടെ തഴച്ചു വളര്‍ന്നു.
ഇരുവരും ഒരുപോലെ സൂര്യഭഗവാനെ ദിനവും ധ്യാനിച്ചു, ആരാധിച്ചു, പ്രണയിച്ചു.

അങ്ങനെയിരിയ്ക്കേ രണ്ടുപേരും ഒരേസമയത്തു തന്നെ പുഷ്പിയ്ക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. രണ്ടു പേരും അവരവരുടെ പൂവുകളെ സ്വപ്നം കണ്ടു. ആകാംക്ഷയോടെ കാത്തിരുന്നു. പരസ്പരം സ്വപ്നങ്ങള്‍ പങ്കിട്ടു.

മുല്ല അവിടവിടെയായി മൊട്ടിട്ടു. കടലാസു ചെടിയില്‍ അങ്ങിങ്ങായി ചുകന്ന പൂക്കള്‍ ഉണ്ടായി.
പൂക്കള്‍ ഉണ്ടായിക്കഴിഞ്ഞപ്പോഴേയ്ക്കും, രണ്ടു പേരും മനസ്സുകൊണ്ട് പതുക്കെപ്പതുക്കെ അകലാന്‍ തുടങ്ങിയിരുന്നു. മിണ്ടാട്ടം തിരെ കുറഞ്ഞിരുന്നു.
മുല്ല തന്റെ വിരിഞ്ഞു വന്ന പൂക്കളെ താലോലിച്ച്, അവയുടെ സുഗന്ധം ആസ്വദിച്ച്, അഴക് നോക്കികണ്ട്, എല്ലാം മറന്നു നിന്നു.
കടലാസു ചെടി, തന്റെ പൂക്കളെ ദയനീയമായി നോക്കി. അവര്‍ക്കെന്തേ സുഗന്ധമില്ലാത്തതെന്ന് വ്യസനിച്ചു. അവര്‍ക്കെന്തേ മുല്ലയുടെയത്രേം അഴകില്ലെന്ന് നിരാശ പൂണ്ടു.
മുല്ല തല ഉയര്‍ത്തിപ്പിടിച്ചു നിന്നു. കടലാസു ചെടി തല താഴ്ത്തിയും നിന്നു.

ദിവസങ്ങള്‍ കടന്നു പോയി..
രണ്ടു ചെടികളിലേയും പൂക്കള്‍ വാടി കൊഴിഞ്ഞു വീണു.
എന്നിട്ടും ചെടികള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം പഴയ പോലെ സംസാരിയ്ക്കാനായില്ല. മുല്ല കടലാസുചെടിയെ അവഗണിച്ചു. കടലാസു ചെടി മുല്ലയെ നോക്കി അസൂയ കൊണ്ടു.

അങ്ങനെയിരിയ്ക്കേ രണ്ടു പേരും വീണ്ടുമൊരുനാള്‍ സൂര്യഭഗവാന്റെ അനുഗ്രഹത്തോടെ പുഷ്പിയ്ക്കാനൊരുങ്ങി.
മുല്ലയ്ക്ക് പ്രാര്‍ത്ഥിച്ച പോലെ തന്നെ ഇലകള്‍ മറയ്ക്കുമാറ്‌ നിറയേ മൊട്ടിടാനായി. മുല്ലമൊട്ടുകള്‍ തോട്ടം മുഴുവന്‍ സുഗന്ധം പരത്തി. വഴിയില്‍ പോകുന്നവരെയൊക്കെ ആകര്‍ഷിച്ചു. മുല്ലച്ചെടി അത്യധികം സന്തോഷിച്ചു, അഭിമാനിച്ചു.
എന്നാല്‍ കടലാസു പൂവിന് പ്രാര്‍ത്ഥിച്ച പോലെ സുഗന്ധമുള്ള പൂക്കളെ പുഷ്പിയ്ക്കാനായില്ല. മുല്ലമൊട്ടിന്റെയത്രയും അഴക് അവയ്ക്കു കണ്ടെത്താനുമായില്ല.
ഇലകളെ മറച്ചു പൂത്തു നില്‍ക്കുന്ന, ഭംഗിയുള്ള അതിന്റെ ചുകന്ന പൂക്കളെ ആരും നോക്കിയതുമില്ല.

ഒരു സുപ്രഭാതത്തില്‍ ഒരു പറ്റം സ്ത്രീകള്‍ മുല്ലച്ചെടിയില്‍ ആക്ര്‌ഷ്ടരായി തോട്ടത്തിലേയ്ക്ക് വന്നു. പന്തലിച്ച മുല്ലയെ അവര്‍ പൊതിഞ്ഞു. എന്നിട്ട് മുല്ലമൊട്ടുകളെ ഇലകളോടെ കയ്യിലേന്തി വാസനിച്ചപ്പോള്‍ മുക്കുത്തിയിട്ട മൂക്കിന്റെയറ്റം അതില് സ്പര്‍ശിച്ചു. അവരുടെ ചുണ്ടുകള്‍ ഇലകളേയും. സുഗന്ധത്തില്‍
മോഹിതരായി അവരോരോ മൊട്ടുകളായി ഇറുക്കാന്‍ തുടങ്ങി.
അവര്‍ ആഞ്ഞ് കയ്യെത്തിച്ച് മൊട്ട് ഇറുക്കുമ്പോള്‍, മുല്ലവള്ളികള്‍ അവരുടെ കഴുത്ത് തൊട്ടു, മാറിലേയ്ക്ക് വീണു. എവിട്ന്നോ ഓടി വന്നൊരു കൊച്ചു പെണ്‍കുട്ടി മുല്ലയെ ഉമ്മ വെച്ചു.
കടലാസു ചെടിയ്ക്ക് അസൂയ തോന്നി. മനുഷ്യസ്പര്‍ശമേല്‍ക്കാനുള്ള വിധി തനിയ്ക്കില്ലെന്ന് ദുഃഖിച്ചു. തലയുയര്‍ത്തി അത് സൂര്യ ഭഗവാനെ മനം നൊന്ത് പ്രാര്‍ത്ഥിച്ചു.
“അടുത്ത ജന്മത്തിലെങ്കിലും ഒരു മുല്ലച്ചെടിയുടെ ജന്മമെടുക്കാനനുഗ്രഹിയ്ക്കണേ..“

അപ്പുറത്ത്, മുല്ലച്ചെടിയുടെ ഉള്ളം വേദന കൊണ്ട് പുളഞ്ഞു. അതിനകം ശൂന്യമായ തന്റെ മേനിയില്‍, ബാക്കിയിരിയ്ക്കുന്ന സുഗന്ധം അവളില്‍ നീറ്റലുണ്ടാക്കി. പുഷ്പിച്ചിടത്തു നിന്നും ചോര പൊടിഞ്ഞു.
അവള്‍ തല കുനിച്ചു. സൂര്യഭഗവാനെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു,

“അടുത്ത ജന്മത്തില്‍ സുഗന്ധവും, അഴകുമില്ലാത്ത പൂക്കളെ പുഷ്പിയ്ക്കുന്നവളായി ജന്മം തരണേ..”

സൂര്യഭഗവാന്‍ ചിരിച്ചു.