Monday, November 19, 2007

പരിഭവം.

ഇന്ന് മനസ്സിനെന്നോട്‌ പരിഭവം.
നിറയേ..

" അന്നൊരുനാളുറഞ്ഞു പെയ്ത മഴ നനഞ്ഞെന്തേ കുളിപ്പിച്ചില്ല?
അപ്പൊഴാരോ ചൊല്ലിയ കവിതയുടെയര്‍ത്ഥവുമെടുത്തു വച്ചില്ല?
വെയിലുദിച്ചപ്പോളെന്തേ മുറ്റത്ത്‌ പരന്ന സുഗന്ധമേറ്റുവാങ്ങിയില്ല?
മരക്കൊമ്പില്‍ 'കള്ളന്‍ ചക്കെട്ട' കഥ പറയുന്നോളെ നോക്കീല? "

പിന്നെ

" അമ്മ പണ്ടു തന്നൊരുരുളയിന്‍ വാസനയെന്തേ വരുന്നില്ല?
അച്ഛന്‍ വെച്ച വീടിന്‍ സുരക്ഷ കിട്ടുന്നില്ല?
'ഓപ്പളേ..'യെന്ന നീട്ടി വിളികളുണ്ടാവുന്നില്ല? "
അങ്ങനെ തീരാത്ത പരിഭവങ്ങള്‍.

അവസാനം

ഉള്ളമറിയുന്ന രാഗങ്ങളെപ്പാടിക്കൊടുത്തും,
അനുഭവിയ്ക്കുന്ന വരികളെയര്‍ത്ഥമാക്കി കൊടുത്തും,
അമ്മയേയും അച്ഛനേയും അനിയന്മാരേയും
ഓര്‍മ്മിപ്പിയ്ക്കാതെ നോക്കിയും,
ശ്രദ്ധ തിരിച്ചു വിട്ടു, അതിന്റെ.

എന്നിട്ടും മാറാത്ത പരിഭവങ്ങളുമായത്‌ കലഹിച്ചപ്പോള്‍
‍ചെറുചൂടോടെയൊഴുകിവന്ന കണ്ണിലെ നീരുകൊണ്ടാവോളം
നനച്ചു കൊടുത്തു, ആശ്വസിപ്പിച്ചുറക്കികിടത്തിയേറെ നേരം.

പക്ഷെ ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ വീണ്ടും പരിഭവം പറച്ചില്‍...

" ഒഴുകിവന്ന് നനയ്ക്കുമ്പോള്‍ ചുടുനീരോടൊപ്പമെന്തേ
ചുണ്ടുകള്‍ വിതുമ്പിയില്ല?
പിന്നെയത്‌ തേങ്ങിപ്പിടഞ്ഞില്ല?
എന്നിട്ടങ്ങ്‌ പൊട്ടിപ്പൊട്ടി --- ല്ല " ??

ശ്വാസം മുട്ടിയെനിയ്ക്ക്‌..

"മനസ്സേ! നീയെന്തൊരു അത്യാഗ്രഹി!"

ഇടനെഞ്ച്‌ പൊട്ടി ഒച്ചയിട്ടു ഞാന്‍
സഹിയ്ക്ക വയ്യാതെയതിനോട്‌.

20 comments:

ചീര I Cheera said...

ആകെയൊരു ഹോംസിക്നെസ്സ്..
ഇങ്ങനെയൊക്കെയങ്ങ് എഴുതി, വെറുതേ..

വല്യമ്മായി said...

:)

മന്‍സുര്‍ said...

പി.ആര്‍...

നന്നായിരിക്കുന്നു......അഭിനദനങ്ങള്‍

മനസ്സേ നീയൊരു അത്യാഗ്രഹിയോ...അതിമോഹമോ
അറിയില്ലെനിക്കൊന്നുമേ..
പഴിപറയുവതെന്തിനു നീയെന്നെ


നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

നന്നായിരിക്കുന്നു......അഭിനദനങ്ങള്‍

സഹയാത്രികന്‍ said...

എന്റെ ചേച്ച്യേ... മനുഷ്യന് അല്ലെങ്കില്‍ തന്നെ ടെന്‍ഷനാ... അതിന്റിടെക്കൂടെ എന്തിനാ ഇങ്ങനേം പരീക്ഷിക്കണേ...?

അവസാന വരി ഞാന്‍ മാറ്റിയെഴുതി

“ഇടനെഞ്ച്‌ പൊട്ടി ഒച്ചയിട്ടു
‘സഹ‘യ്ക്ക് വയ്യാതെയതിനോട്‌.“

:)

കൊള്ളാം... നാട്ടിലോട്ട് ഒന്ന് പോയി വന്നു...
:)

ഓ:ടോ : എന്തിനാ ചേച്ച്യേ ഈ Word Verification...?

ഏ.ആര്‍. നജീം said...

നമ്മള്‍ ജീവിക്കാനായി പ്രവാസിയുടെ നെയിം‌പ്ലേറ്റും കെട്ടിത്തൂക്കി ഇങ്ങെറങ്ങുമ്പോഴും മനസ് പഴയതൊക്കെ ഇട്ടെറിഞ്ഞ് പെട്ടെന്ന് കൂടെ വരാന്‍ മടിക്കും അതാവും അല്ലെ...?

നന്നായിരിക്കുന്നൂട്ടോ

മയൂര said...
This comment has been removed by the author.
മയൂര said...

നന്നായിരിക്കുന്നു...ഹോംസിക്നെസ്സ് വന്നത് വെറുതെയായില്ല :)

സു | Su said...

ഹോംസിക്നസ്സ്! അതെന്താവും? ;)

പി.ആര്‍., നന്നായിരിക്കുന്നു. :)

ഹരിശ്രീ said...

" ഒഴുകിവന്ന് നനയ്ക്കുമ്പോള്‍ ചുടുനീരോടൊപ്പമെന്തേ
ചുണ്ടുകള്‍ വിതുമ്പിയില്ല?
പിന്നെയത്‌ തേങ്ങിപ്പിടഞ്ഞില്ല?
എന്നിട്ടങ്ങ്‌ പൊട്ടിപ്പൊട്ടി --- ല്ല " ??

സൂപ്പര്‍,വരികള്‍ വളരെ വളരെ ഇഷ്ടപ്പെട്ടു.ആശംസകള്‍..

Murali K Menon said...

ചിന്തകളിഷ്ടമായ്

ചീര I Cheera said...

വല്യമ്മായീ..,
മന്‍സൂറേ, പാവം ഞാന്‍ അല്ലേ... :)
വാല്‍മീകീ..
സഹാ‍ാ.. അപ്പോ അവിടേം ഹോംസിക്നെസ്സ് തന്നെ.. എന്തു ചെയ്യാം, പോട്ടെ..
ചുമ്മാ word veri അവിടെ കിടയ്ക്കട്ടെയെന്ന് തോന്നി.. :)
നജീം മാഷെ, വളരെ സന്തോഷം തോന്നുന്നു..
മയൂരാ.. ഹി,ഹി..
സൂ... അതെന്താന്ന് മാത്രം ചോദിയ്ക്കല്ലേ.. താങ്ക്യൂ..!
ഹരിശ്രീ.. സന്തോഷം തോന്നുന്നു...
മുരളി ജീ.. വളരെ സന്തോഷം, നന്ദി..

ശ്രീ said...

ചേച്ചീ...

വായിച്ചു വന്നപ്പോള്‍‌ മനസ്സില്‍‌ തോന്നിയതു തന്നെ ആദ്യ കമന്റായി കിടക്കുന്നു.

"മനസ്സേ! നീയെന്തൊരു അത്യാഗ്രഹി!" പാവം മനസ്സ്! അതിനെപ്പറഞ്ഞിട്ടെന്തു കാര്യം. മധുരിക്കുന്ന ഓര്‍‌മ്മകള്‍‌ മനസ്സില്‍‌ ബാക്കിയാ‍കുമ്പോള്‍‌ മനസ്സ് അങ്ങനെയൊക്കെ ആഗ്രഹിച്ചില്ലെങ്കിലല്ലേ കുഴപ്പം?

നല്ല ടച്ചിങ്ങ് ആയ വരികള്‍‌!

ഓ.ടോ.
Word Verification മാറ്റിക്കൂടേ?

ചീര I Cheera said...

ശ്രീയേ..!
ഹ,ഹ, മനസ്സും പാവമായിരിയ്ക്കുമല്ലേ..
തോന്നിയതൊക്കെ എഴുതാന്‍ ബ്ലൊഗര്‍നു വിഷമമില്ലാത്ത കാലത്തോളം, ഇങ്ങനെയൊക്കെ കുത്തിക്കുറിയ്ക്കാമല്ലോ.. :)

ഇതൊക്കെ സഹിയ്ക്കുന്ന എല്ലാവര്‍ക്കുമ്ം നന്ദി.

സ്വന്തം said...

നന്നായിരിക്കുന്നു......

Sapna Anu B.George said...

ഇടനെഞ്ചുപൊട്ടിയൊഴുകി നീര്‍ച്ചാലുകളായാലും, സമുദ്രത്തിലലിഞ്ഞില്ലാതെയായാലും, മനസ്സെന്നും അത്യാഗൃഹിയാണ്.. എത്ര കൊടുത്താലും,കിട്ടിയാലും മതിയാവില്ല...

ഉപാസന || Upasana said...

പീയാറേ,
വളരെ ഇഷ്ടമായി

'ഓപ്പളേ..'യെന്ന നീട്ടി വിളികളുണ്ടാവുന്നില്ല? "
അങ്ങനെ തീരാത്ത പരിഭവങ്ങള്‍

ചിലതൊക്കെ ഓര്‍മിപ്പിച്ചു ഉപാസനയെ ഈ വരികള്‍

:)
ഉപാസന

ശ്രീ said...

ചേച്ചീ...
നല്ല തിരക്കിലാണെന്നു തോന്നുന്നല്ലോ...
കുറേയായി പോസ്റ്റുകളൊന്നും കാണുന്നില്ല.

എന്തായാലും ചേച്ചിയ്ക്കും ചേട്ടനും മോള്‍‌ക്കും എല്ലാം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍‌!
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എവിടെയാണു മനസ്സ്.ദൈവം എന്തേ മനസ്സിനെ ഒരു അവയവമായി
സൃഷ്ടിക്കാത്തത്?
അല്ലെങ്കില്‍ മനസ്സെന്ന വെറുമൊരു സങ്കല്‍പ്പത്തെ സൃഷ്ടിച്ചു?
ഒത്തിരി അന്വേഷിച്ചു ഞാന്‍.പക്ഷെ ഉത്തരം കിട്ടിയില്ല.

പ്രയാസി said...

ചേച്ചീ...

യെവിടെ..!???