സ്ഥലം മാറി ഇവിടെ എത്തിപ്പെട്ടതിനു ശേഷം പറയത്തക്ക പുതിയ സുഹൃദ് ബന്ധങ്ങളൊന്നും ഉണ്ടാക്കിയെടുക്കാനായിരുന്നില്ല. പഴയ സ്ഥലത്ത് നിന്നും വിട്ടു വരുമ്പോള്‍ കുട്ടികളുടേയും ഞങ്ങളുടേയും മനം ഒരുപോലെ നൊന്തിരുന്നു, അവിടത്തെ അയല്‍ബന്ധങ്ങളെ വിട്ടകലാന്‍. അമ്മൂന്റെ കൂട്ടുകാര്‍ എല്ലാവരും പരിഭവം പറഞ്ഞു, അയല്‍പക്കക്കാര്‍ "നല്ലവണ്ണം ആലൊചിച്ചിട്ടു മതി മാറാനുള്ള തീരുമാനം" എന്നൊക്കെ പലവുരു ഓര്‍മ്മിപ്പിച്ചു.
യഥാര്‍ത്ഥത്തില്‍ അവിടെ നിന്നും വിട്ടു പോരാന്‍ കൂടുതലായും വിഷമിപ്പിച്ചിരുന്ന ഒരു ഘടകം അമ്മുവും അവിടത്തെ കുട്ടികളും തമ്മിലുള്ള അടുപ്പം തന്നെയായിരുന്നു. സാധാരണയായി ഒരു ഫ്ലാറ്റ് ജീവിതത്തില്‍ സംഭവിച്ചു പോകാറുള്ള ഒറ്റപ്പെടല്‍, നാലു ചുമരുകള്‍ക്കുള്ളിലെ കുട്ടികളുടെ തളച്ചിടപ്പെടല്‍, തുടങ്ങിയ ആധികളൊന്നും തന്നെ അവിടത്തെ ജീവിതത്തിലുണ്ടായിരുന്നില്ല. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലോറിലെ, ഇടതു വശത്തെ wing-ലെ അഞ്ചു വീടുകളിലേയ്ക്കും ആ അഞ്ചു വീട്ടിലേയും കുട്ടികള്‍ക്ക് എപ്പോഴും എന്തിനും കേറിചെല്ലാനുള്ള സ്വാതന്ത്ര്യവും, അതാത് വീട്ടിലെ അച്ഛനമ്മമാര്‍ക്ക് അത്യാവശ്യം എല്ലാ കുട്ടികളേയും സ്നേഹത്തോടെ ശാസിയ്ക്കാനുള്ള ഒരു സ്വാതന്ത്ര്യവും ഉണ്ടായിത്തീര്‍ന്നിരുന്നു. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക് ബന്ധങ്ങളുടെ നേര്‍ത്ത അതിര്‍വരമ്പുകളെ നിര്‍വീര്യമാക്കാനായിരുന്നു. അതിനു സാദ്ധ്യമാക്കി, അദൃശ്യമായ നൂലിഴകള്‍ കൊണ്ട് എല്ലാ വീടുകളിലേയും അച്ഛനമ്മമാരെ പരസ്പരം കോര്‍ത്തിണക്കിയിരുന്നത് കുട്ടികള്‍ തന്നെയായിരുന്നു. വാസ്തവത്തില്‍ അവരായിരുന്നു ഞങ്ങള്‍ അച്ഛനമ്മമാരെ പരസ്പരം കൂടുതല്‍ അടുപ്പിച്ചത്.
ആ അഞ്ചു വീടുകള്‍ തമ്മിലുള്ള ബന്ധം അത്തരത്തിലൊരു തലത്തിലേയ്ക്കെത്തി നില്‍ക്കുമ്പോഴായിരുന്നു അവിചാരിതമായി 'ജോലിമാറ്റം' എന്ന നിവര്‍ത്തികേട് വന്നുപെട്ടത്. പുതിയ സ്ഥലത്തെ ജീവിതരീതി പഴയതില്‍ നിന്നും വളരെ വ്യത്യസ്തമായി. ആരേയും തമ്മില്‍ കാണുവാനോ പരിചയപ്പെടുവാനോ അവസരങ്ങള്‍ തീരെ കുറവ്. താമസം സിറ്റിയില്‍ നിന്നും അകന്നു പോയതിനാല്‍, പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടാനാവുന്നത് ഒഴിവു ദിവസങ്ങളില്‍ മാത്രം. മറ്റു ചില നല്ല വശങ്ങളുണ്ടെങ്കിലും ഇവിടത്തെ ജീവിതരീതി, ഒരുതരം ഒറ്റപ്പെടിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിയ്ക്കുമോ എന്നുവരെ പലപ്പോഴും ഞങ്ങള്‍ ഭയപ്പെട്ടു തുടങ്ങി.
പക്ഷെ, "തേടിയ വള്ളി കാലില്‍ ചുറ്റി" എന്ന പോലെയായിരുന്നു ഒരു ദിവസം കുട്ടികള്‍ക്ക് കളിയ്ക്കാനായി പുറത്ത് പോകുമ്പോള്‍ അവിചാരിതമായി 'അവരെ' കണ്ടുമുട്ടിയതും പരിചയപ്പെട്ടതും.
കറുത്ത പര്‍ദ്ദ ധരിച്ചിരുന്ന അവര്‍ തൊട്ട അയല്‍പക്കമാണെന്നത് സന്തോഷം തന്നു. കറുത്ത മക്കന കൊണ്ട് തല മൂടി, പുറത്തേയ്ക്ക് ആകെ കാണാവുന്ന നീണ്ട മുഖത്തെ വീര്‍ത്ത അവരുടെ കണ്ണുകള്‍ ആകര്‍ഷങ്ങളായിരുന്നു. വളരെക്കാലം മുന്‍പത്തെ പരിചയം പോലെ അവര്‍ അന്നു തന്നെ വളരെക്കൂടുതല്‍ സംസാരിച്ചു. കാസര്‍കോട് ശൈലിയിലുള്ള, കേട്ടു ശീലിച്ചിട്ടില്ലാത്ത ആ ഭാഷ നേരിട്ട് കേള്‍ക്കുന്നതിന്റെ ഒരാശ്ചര്യം എന്റെ മുഖത്തും പ്രതിഫലിച്ചിരുന്നിരിയ്ക്കണം. ഇടയ്ക്ക് മനസ്സിലാവാത്ത വാക്കുകളുടെ അര്‍ത്ഥം ചോദിയ്ക്കുമ്പോള്‍, അവര്‍ തെല്ലും മടിയ്ക്കാതെ മറുപടി തന്നു, ഇതെല്ലാവരും ചോദിയ്ക്കാറുള്ളതു തന്നെയെന്ന മട്ടില്‍. കുട്ടികള്‍, ആദ്യത്തെ പരിചയക്കേടൊഴിഞ്ഞ് പെട്ടെന്ന് തന്നെ ഒരുമിച്ച് കളിച്ചു തുടങ്ങി.
ആ ബന്ധം വളര്‍ത്തണമെന്നു തന്നെ ഉള്ളില്‍ തോന്നി. നിഷകളങ്കയായ, മനസ്സ് തുറന്ന് ആത്മവിശ്വാസത്തോടെ സംസാരിയ്ക്കുന്ന, കാര്യങ്ങള്‍ തുറന്നു ചോദിയ്ക്കുന്ന, എന്നാല്‍ പുരുഷന്മാരുടെ മുഖത്തേയ്ക്കു ഒന്ന് നോക്കുക പോലും വേണമോ എന്ന സംശയം ലവലേശം ഇല്ലാത്ത അവരെ, അവരുടെ ശങ്കകളില്ലാത്ത അത്തരം ഭാവങ്ങളെ എന്തുകൊണ്ടോ എനിയ്ക്കിഷ്ടമായി, ആദ്യ കാഴ്ചയില്‍ തന്നെ.
ഒന്നാലോചിച്ചു പോയി, എന്തിനോടും ഇഷ്ടം തോന്നാനും തോന്നാതിരിയ്ക്കാനും പ്രത്യേകിച്ചു കാരണങ്ങളൊന്നും ആവശ്യമില്ലല്ലോ എന്നത്, അതങ്ങനെ തോന്നുന്ന പോലെ വരുന്നു, ചിലപ്പോള്‍ വരാതിരിയ്ക്കുന്നു.. അതുകൊണ്ടു തന്നെയാവും ഒരുപക്ഷെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു കൊടുക്കുന്ന അമിതപ്രാധാന്യം മനുഷ്യന്റെ ദുര്‍ബലതകളായി മാറുന്നതും.
ആ ബന്ധം അങ്ങനെ മൊട്ടിട്ടുനില്‍ക്കുമ്പോള്‍, ഒരു ദിവസം ഉച്ച സമയം, പുറത്ത് പൊരിയുന്ന വെയില്‍, കുട്ടികളും അച്ഛനും അവധിദിവസം വീണുകിട്ടിയത് ഉറങ്ങിയാഘോഷിയ്ക്കുന്നു, എനിയ്ക്കെന്നെ തന്നെ ഒറ്റയ്ക്ക് കിട്ടുന്ന ആ ഒരിത്തിരി സമയം ബ്ലോഗുകള്‍ക്കുള്ളില്‍ ഊളിയിട്ടിരിയ്ക്കുമ്പോള്‍, അവിചാരിതമായി അവരുടെ ഫോണ്‍ വന്നു. കാര്യം വളരെ നിസ്സാരം. ചപ്പാത്തി പരത്തുന്ന പലകയും അതിന്റെ കോലും വളരെ അത്യാവശ്യമായി വേണം; കൂടാതെ അതൊന്നിപ്പോള്‍ തന്നെയൊന്ന് കൊണ്ടുവന്ന് തരാന്‍ പറ്റുമോ എന്നൊരു വലിയ ചോദ്യചിഹ്നവും തൊടുത്തു വിട്ടു അവര്‍ ഫോണിലൂടെ എന്റെ നേര്‍ക്ക്.
സാധാരണയായി, കമ്പ്യൂട്ടറിനു മുന്നിലിരുന്നു കഴിഞ്ഞാല്‍, ലോകം മറിഞ്ഞു വീണാല്‍ പോലുമറിയില്ല എന്നൊരു ആരോപണം എന്നെ കുറിച്ച് ഈ വീട്ടില്‍ ഉയര്‍ന്നു വരാറുണ്ട്. അമ്മുവും അനീത്തിക്കുട്ടിയുമാണെങ്കില്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഞാനൊന്നിരുന്നു പോയാല്‍, ഇനി അമ്മ എപ്പൊ എണീയ്ക്കും എന്ന കാത്തിരുപ്പു തുടങ്ങും. അവരുടെ അക്ഷമ എന്റെ മനഃസമാധാനത്തെ പാടെ കെടുത്തിക്കളയും. ശ്രദ്ധ, ക്ഷമ, സ്വൈരം തുടങ്ങിയവരെല്ലാം എങ്ങോ ഓടിമറയും. അതുകൊണ്ട് വീട്ടിലെ ക്രമസമാധാനം കണക്കിലെടുത്ത്, എല്ലാവരും ഉറങ്ങുന്ന, ആരും എന്നെ കാത്തിരിയ്ക്കാത്ത സമയം നോക്കിയേ എഴുത്തും വായനയും നടത്താറുള്ളു. മനുഷ്യന് ഏറ്റവും അത്യാവശ്യം മനഃസമാധാനം തന്നെ എന്നത് ബ്ലോഗ്ഗിംഗ് തുടങ്ങിയതിനു ശേഷം ഞാന്‍ പഠിച്ച ഒന്നാം പാഠമായിരുന്നു!
അങ്ങനെയുള്ള വിലമതിയ്ക്കാനാവാത്ത മനഃസമാധാനത്തോടെ ബ്ലോഗ് വായന നടക്കുമ്പോഴായിരുന്നു, അയല്‍പ്പക്കം കാസര്‍കോട് കാരി വിഷമിപ്പിയ്ക്കുന്നൊരു ചോദ്യചിഹ്നം തൊടുത്തു വിട്ടത്. വായനയില്‍ നിന്നും പെട്ടെന്നുണര്‍ത്തപ്പെട്ട ഒരു സംഭ്രമത്തില്‍ "കൊണ്ടുവരാമല്ലോ.." എന്ന് പെട്ടെന്ന് പറഞ്ഞു പോയി. അവരുടെ മുറിയിലെത്തണമെങ്കില്‍ നാലു പടിക്കെട്ടുകള്‍.. ആകെ പത്ത് അറുപത് പടികള്‍ ചവുട്ടിക്കയറണം, അതും ഉച്ചനേരത്തെ വെയിലിന്റെ ചൂട് ഉറഞ്ഞു തുള്ളി നില്‍ക്കുന്ന നേരത്ത്, റോഡും മുറിച്ച് കടന്ന്.. നോമ്പ് തുറക്കുമ്പോഴേയ്ക്കും അവര്‍ക്കെന്തോ ഉണ്ടാകി വെയ്ക്കണമത്രേ, അതുകൊണ്ട് സംഗതി വളരെ അത്യാവശ്യവും. എന്റെ മനസ്സില്‍ ചെറിയ, വലിയൊരു മടി വന്നുപെട്ടു. അത്രയിടം വരെ കൊണ്ടു പോയി കൊടുക്കാന്‍ തോന്നിയില്ല. അതും ചപ്പാത്തി പലക എന്നൊരു നിസ്സാരപ്പെട്ട സംഗതി? എന്നൊരു സ്വാര്‍ത്ഥ ചിന്ത. കൊണ്ടുവന്നു തരാമെന്നു പറഞ്ഞുപോയതില്‍ ചെറിയൊരു നിരാശയും തോന്നി. വായന മുറിച്ചതിന്റെ പേരില്‍ അവരോട് അല്‍പമെങ്കിലും തോന്നുന്ന നീരസം എന്റെ മനഃസമാധാനത്തേയും പാടെ കെടുത്തിക്കളഞ്ഞു. ഒരാളൊരു സഹായം ചോദിച്ചതിന് ഇത്രയധികം സമാധനക്കേടുകളോ എന്ന കുറ്റബോധം വേറെയും.
അത്തരമൊരു മാനസീകാവസ്ഥയില്‍ ചപ്പാത്തി പലകയുമായി ആരേയും ഉണര്‍ത്താതെ, വെയിലത്ത് റോഡൊക്കെ മുറിച്ചു കടന്ന്, അപ്പുറത്തെത്തി പടികളോരോന്നായി എണ്ണി കേറി തുടങ്ങിയപ്പോഴേയ്ക്കും അവര്‍ മുകളില്‍ നിന്നും ചിരിച്ചു കൊണ്ട് പടികളിറങ്ങി വന്നു നിന്നു. ഞാനും ചിരിച്ചു. "ബുദ്ധിമുട്ടായോ?" എന്ന ചോദ്യത്തിന് "ഇല്ല" എന്ന് നുണ പറഞ്ഞു. പിന്നേയും അവര്‍ കുറേ സംസാരിച്ചു. അവര്‍ക്ക് സ്വതവേ തന്നെ അള്‍സറുള്ളതാണത്രെ.. നോമ്പു കാലത്ത് അതുണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങളെ കുറിച്ചും വിവരിച്ചു. അതിന്റെ പാരമ്യതയില്‍ എത്തി അങ്ങേയറ്റം വിഷമിച്ചിട്ടാണ് അവര്‍ നില്‍ക്കുന്നതെന്നും എനിയ്ക്ക് മനസ്സിലായി. എന്നിട്ടും അവര്‍ ഒരു മാസത്തെ നോമ്പെടുക്കല്‍ പകുതിയ്ക്ക് മുറിയ്ക്കുവാനോ, അതുമല്ലെങ്കില്‍ അത്താഴമൊരുക്കുന്നത് നിര്‍ത്തുവാനോ ഒന്നും തന്നെ ചിന്തിയ്ക്കുന്നതു പോലുമില്ലെന്നത് തെല്ലൊന്നെന്നെ അദ്ഭുതപ്പെടുത്തി. ഗുളികകള്‍ കഴിച്ചും, അത്താഴം കഴിച്ചതൊക്കെ ഛര്‍ദ്ദിച്ചും, വയറെരിച്ചിലും, നെഞ്ചെരിച്ചിലും മറ്റും സഹിച്ചും വെള്ളം പോലും കുടിയ്ക്കാതെ, അവര്‍ നോമ്പെടുക്കല്‍ തുടരാന്‍ തന്നെയാണുദ്ദേശ്ശം. "ആരോഗ്യമല്ലേ മുഖ്യം ?" എന്ന എന്റെ ചോദ്യത്തിന് "ഔ... ന്നാലും നൊമ്പെടുക്കാതെ കഴീല്ലാലു" എന്ന് ആത്മാര്‍ത്ഥതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. "നോമ്പെടുക്കാതേയുമിരിയ്ക്കാം" എന്നൊരു സാദ്ധ്യതയെ (?) കുറിച്ച് അവര്‍ ചിന്തിച്ചിട്ടു പോലുമില്ല എന്നതാ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു.. പര്‍ദ്ദയില്ലാതെ ചുരിദാറിട്ട വേഷത്തിലവരെ ഞാനാദ്യം കാണുകയായിരുന്നു അപ്പോള്‍. പൊടുന്നനെ, ആ ചിരിയില്‍ അവര്‍ കൂടുതല്‍ സുന്ദരിയാണെന്നു തോന്നിയെനിയ്ക്ക്. സംസാരിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ അവരെനിയ്ക്കൊരു പൊതി തന്നു, കുറച്ച് മധുരപലഹാരങ്ങള്‍.
കയ്യില്‍ പൊതിയുമായി തിരിച്ചു റോഡ് മുറിച്ചു കടന്നു വരുമ്പോള്‍ വെയിലിന്റെ ചൂട് ഞാനറിയുന്നുണ്ടായിരുന്നില്ല. ചപ്പാത്തി പലക അവിടെ കൊണ്ടുപോയി കൊടുക്കേണ്ടി വന്നതിന്റെ കാരണങ്ങള്‍ അവര്‍ മനഃപൂര്‍വം പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പോലും പതുക്കെ പതുക്കെ എന്റെ മനസ്സതറിഞ്ഞു തുടങ്ങുകയായിരുന്നു.. എന്നിലെ അവര്‍ക്കുള്ള സ്വാതന്ത്ര്യം അവര്‍ തന്നെ കണ്ടെടുത്ത്, സ്വാഭാവികമായ ഒരൊഴുക്കിലൂടെ തന്നെ അവരതുപയോഗിയ്ക്കുകയായിരുന്നെന്ന അറിവ് എന്റെ മനസ്സിനെ സന്തോഷിപ്പിയ്ക്കുകയാണുണ്ടായത്. വെയിലിന്റെ ചൂട് അവരുടെ തുറന്ന മനസ്സിന്റെ ഊഷ്മളതയായിട്ടായിരിയ്ക്കണം എനിയ്ക്കനുഭവപ്പെട്ടത് അപ്പോള്‍. ആ നേരം എനിയ്ക്കവരോട് തോന്നുന്നുണ്ടായിരുന്ന വല്ലാത്ത ഒരിഷ്ടത്തിന്റെ'കൂടുതലുകള്‍', യഥാര്‍ത്ഥത്തിലേതോ സ്നേഹത്തിന്റെ കണികകള്‍ തന്നെയായിരുന്നിരിയ്ക്കണമെന്ന് തോന്നുന്നു ഇപ്പോള്‍!
ഈ ബ്ലോഗിലെ മിക്ക പോസ്റ്റുകളും മുന്‍ കൂട്ടി വിചാരിച്ചെഴുതുന്നതാവാറില്ലെന്നതാണ് സത്യം. പിന്നീടുള്ള ചിന്തകള്‍ തന്നെയാണ് എഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്, എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലെന്ന പോലെ. ഇതും അതുപോലെ തന്നെ. ഒരുപക്ഷെ, എല്ലാത്തരം ബന്ധങ്ങളുമനുവദിയ്ക്കുന്ന അദൃശ്യങ്ങളായ അത്തരം 'സ്വാതന്ത്ര്യങ്ങള്‍' എത്രത്തോളം ഞാനുപയോഗപ്പെടുത്താറുണ്ടെന്ന ചിന്തയാവും ഇതെഴുതുവാനെന്നെ പ്രേരിപ്പിച്ചത്. ഇതിനകം നല്ലൊരു സുഹൃത്തായി തീര്‍ന്ന, തൊട്ടടുത്ത് താമസിയ്കുന്ന അവരെ കുറിച്ചെന്തെങ്കിലുമെഴുതണമെന്ന് വിചാരിച്ചതായിരുന്നില്ല. ബ്ലോഗ്ഗിംഗിന്റെ സുഖവും ഇതുതന്നെയെന്ന് തോന്നുന്നു.