Wednesday, July 18, 2007

പിഴവുകള്‍..

"ഒന്നും കയിച്ചാന്‍ പറ്റൂല.. പിന്നങ്ങട്ട്‌ ശ്ശര്‍ദ്ദ്യന്നെ... ഈ രോഗം വന്നാ കയിഞ്ഞില്ലെ കുട്ടീ.. അത്‌ മന്‌സനേം കൊണ്ടേ പോകൂ... ഇങ്ങള്‌ ഇരിയ്ക്കീ.."
അവളുടെ ദേഹം ക്ഷീണിച്ചൊട്ടി ദയനീയമായിരിയ്ക്കുന്നു. മുഖച്ഛായ തന്നെ മാറിയ പൊലെ.. നല്ല മയക്കത്തിലാണ്‌.
എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചു നില്‍ക്കുന്ന എന്നോട്‌ ഇരിയ്ക്കാന്‍ അവിടെയുണ്ടായിരുന്ന സ്ത്രീ പറഞ്ഞപ്പോഴാണ്‌ സ്ഥലകാലബോധം ഉണ്ടായത്‌.
കൈകാലുകള്‍ തളരുന്നു.. അവര്‍ നീക്കിയിട്ടു തന്ന സ്റ്റൂളില്‍ ഇരുന്നു. അവളുടെ കരിവാളിച്ച മുഖത്തെ അസാധാരണമായി തെളിഞ്ഞു കാണുന്ന ഒരു ശാന്തത വല്ലാതെ ഭയപ്പെടുത്തുന്നു.. വെളിച്ചമില്ലാത്ത ഈ അന്തരീക്ഷം മുഴുവനും അതു ഘനീഭവിച്ചു നില്‍ക്കുന്നുണ്ടെന്നു തോന്നി..

മിറ്റത്ത്‌ അഞ്ചു വയസ്സുള്ള അവളുടെ കൊച്ചു മകന്‍ ഓടികളിയ്ക്കുന്നുണ്ട്‌. അവന്റെ കണ്ണുകളില്‍ എനിയ്ക്കു പരിചയമുള്ള ആ പഴയ കുസൃതി ഒളിച്ചിരിയ്ക്കുന്നത്‌ കണ്ണില്‍ പെട്ടു.
"അപ്പോ, രാകേഷ്‌?" വളരെ പ്രയാസപ്പെട്ടു ചോദിച്ചു അവരോട്‌.

"ങ്ങളപ്പൊ അതൊന്നും അറിഞ്ഞിറ്റില്ല ലേ..? ഓനെപ്പഴും ഇവരായിറ്റ്‌ വഴക്കിലായിര്‌ന്ന്.. പോയിറ്റ്‌ പ്പൊ അഞ്ചാറ്‌ മാസം കയിഞ്ഞ്‌.. പടച്ചോനേ, ഇവര്‌ കൊറേ സഹിച്ച്ക്ക്‌ണ്‌ ഓനേ.."
ഒന്നുമറിയാതെ അവശയായി മയങ്ങുന്ന അവളെ നോക്കി കൊണ്ട്‌ ആ സ്ത്രീ പറഞ്ഞു.
"ങ്ങളെ പറ്റി പറഞ്ഞിറ്റ്ണ്ട്‌ ബര്‌.. പാട്ടിന്റെ കച്ചേരിക്കൊക്കെ പോണോലല്ലേ, കോളേജിലൊക്കെ ഒപ്പം പടിച്ചോല്‌?"
എന്തു വേണമെന്ന് പെട്ടെന്ന് തീരുമാനിയ്ക്കാന്‍ കഴിയുന്നില്ല.. പക്ഷെ എന്തെങ്കിലും ചെയ്യണം.. ഏട്ടനെ വിളിച്ചാലോ?
" അതെ.. ഞങ്ങള്‍ അഞ്ചു വര്‍ഷം ഒരുമിച്ചായിരുന്നു പഠിച്ചത്‌. നിങ്ങള്‍ടെ വീടെവിട്യാ?"

"ന്റെ കുടി ആ കാണ്‍ ണതന്നെണ്‌.. ബരായിര്‌ന്ന് ബടെ എല്ലാത്തിനും, കുട്ട്യോള്‍ക്ക്‌ റ്റൂസന്‍ പടിപ്പിയ്ക്കാനും, പാട്ട്‌ പടിപ്പിയ്ക്കാനും ഒക്കീത്തിനും.. ഞങ്ങക്കൊക്കെ എയ്താനും വായിച്ചാനും പറഞ്ഞു തരേണതും ബരന്നെ... കണ്ണില്‌ ഒരു തുള്ളി വെള്ളം ഇന്നേവരെ ഞമ്മള്‌ കണ്ടിറ്റില്ല, എപ്പഴും ചിരിച്ച്‌ വര്‍ത്താനോം പറഞ്ഞുംകൊണ്ടന്നെ... "
അവര്‍ക്ക്‌ അവളെ കുറിച്ച്‌ ഒരുപാട്‌ പറയാനുണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി.
"ഈ കുട്ടീന്റെ കാര്യാണതിലും കസ്റ്റം. ഒരു വയക്കൂം വക്കാണോം ഒന്നൂല്ലാത്ത പാവം ചെക്കന്‍.. എല്ലാര്‌ടട്‌ത്ത്ക്കും ഓന്‍ പോകും, പിന്നെ കൊറച്ച്‌ നേരം ഉമ്മാന്റട്‌ത്ത്‌ കുത്തിരിക്കും.. കൊറച്ചേരം കളിക്കും, പ്പൊ സ്കൂളിലും പോനില്ല, ഓനൊന്നും അറിയൂല്ല.. "
"അസുഖം തൊടങ്ങീട്ട്‌ എത്ര കാലായി? ഡോക്റ്ററെ കണ്ടിരുന്നില്ലേ ഇവള്‍?"
"അയിന്റെ കാര്യൊന്നും പറയണ്ട, കോറെ ആയിക്ക്‌ ണ്‌ ഇത്‌ തോടങ്ങീറ്റ്‌..
അയിന്‌ ഓന്‍ ഒരു സമാദാനോം കൊട്‌ത്തിറ്റില്ല.. ആദ്യാദ്യം ഡാകിടറെ കാണാനൊക്കെ ഓല്‌ ഒറ്റക്ക്‌ പോയേര്‍ന്ന്. ഇപ്പൊ പിന്നെ കൂട്‌തലാവുമ്പ ഞമ്മള്‌ ഡാകിറ്ററെ ബിളിക്കും. കൊറച്ചൂസായിറ്റ്‌ ബോദം വരും, പോകും അങ്ങനെയ്ക്കാരം.. ന്നും ഡക്കിറ്റരോട്‌ ബരാന്‍ പറഞ്ഞ്റ്റ്ണ്ട്‌. ബരാണാവോ.."
"പ്പൊ ഞമ്മള്‌ രാത്രീലും ബടന്നേ, ഒറ്റക്കാക്കി പോയാല്‍ സമാദാനം കിട്ടൂല.. ബര്‍ക്ക്‌പ്പോ വേറെ ആരൂല്ലലോ.. ഒക്കീത്തിനും ഞമ്മളന്നെ.. , അങ്ങനെ കയിഞ്ഞതാണ്‌ ന്നലെ വരേ.."
അപ്പൊഴേയ്ക്കും അവരുടെ ശബ്ദമൊന്നിടറി.. തലയിലെ തട്ടം കൊണ്ടവര്‍ കണ്ണുകള്‍ തുടച്ചു.
"ങ്ങനൊക്കെ വരുമ്ന്ന് പടച്ചോനാണേ വിചാരിച്ചിറ്റില്ല.." വെള്ളമൊഴുകുന്ന മൂക്ക്‌ തുടരെത്തുടരെ അവര്‍ തുടച്ചു കൊണ്ടിരുന്നു.

ആ സ്ത്രീയുടെ നല്ല മനസ്സിനോടെനിയ്ക്ക്‌ ബഹുമാനം തോന്നി.
അപ്പൊഴേയ്ക്കും, പുറത്തേയ്ക്കുള്ള വാതിലിനടുത്ത്‌ അടുത്തുള്ളവരെന്നു തോന്നിപ്പിയ്ക്കുന്ന ഒരു കൂട്ടം സ്ത്രീകളും, നിറമുള്ള തട്ടങ്ങളിട്ട പെണ്‍കുട്ടികളും കൂടി നിന്ന് അകത്തേയ്ക്ക്‌ എത്തി നോക്കി നില്‍പ്പുറപ്പിച്ചു. ആ പെണ്‍കുട്ടികളുടെ അടുത്തേയ്ക്ക്‌ അവളുടെ കൊച്ചു മോന്‍ മിറ്റത്തു നിന്നും ഓടിവന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ നിന്നു. അവനവരോടുള്ള അടുപ്പം അതില്‍ നിന്നു തന്നെ ശരിയ്ക്കും മനസ്സിലാക്കാന്‍ സാധിയ്ക്കുന്നുണ്ട്‌.
അവളിനിയും ഉണര്‍ന്നിട്ടില്ല. ഇനിയും അധിക സമയം അതിനായി കാത്തിരുന്ന് കളയേണ്ടെന്ന് തോന്നി. അവിടെ ഉണ്ടായിരുന്ന വലുപ്പകളില്‍ തപ്പി, അതിലുണ്ടായിരുന്ന പ്രിസ്ക്രിപ്ഷന്‍സും, എന്തൊക്കെയോ ടെസ്റ്റ്‌ റിപ്പോര്‍ട്ടും കിട്ടിയതെല്ലാം ബാഗിലെടുത്തിട്ടു, എന്തിനോ..

അവരുടെ കയ്യില്‍ കുറച്ചു പൈസ കൊടുക്കണോ എന്നാദ്യമൊന്നു സംശയിച്ചു. പിന്നെ വെണ്ടെന്നു തോന്നി.
ഏതായാലും വൈകീട്ട്‌ ഏട്ടനേം കൂട്ടി വരുമ്പോഴാവാം എന്നു വെച്ചു.
വീട്ടില്‍ പോയി ഏട്ടനേം കൂട്ടി വരാമ്ന്നവരോട്‌ പറഞ്ഞ്‌ വേഗം പുറത്തേയ്ക്കിറങ്ങി.
പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നിരുന്ന അവളുടെ കൊച്ചു മകനെ അടുത്തു വിളിച്ചു.
"പോരുന്നോ നീയെന്റെ കൂടെ?"
"ഇല്ല.." പക്ഷെ ഒന്നും ആലോചിച്ചില്ല, അവനെയൊന്നെടുത്തു നോക്കി. ഒന്നമ്പരന്നെങ്കിലും വലിയ പരിചയക്കേടൊന്നും കൂടാതെ അവനെന്റെ കയ്യിലിരുന്നു.
"മോനെന്താ ഇഷ്ടം കഴിയ്ക്കാന്‍? ചോക്കലേറ്റ്‌ വേണോ, ഐസ്ക്രീം വേണോ?"
അവനധികം സംസാരിച്ചില്ല.
മോനെ വൈകീട്ട്‌ കൊണ്ടുവരാമെന്ന് അവരോട്‌ പറഞ്ഞ്‌, കാറില്‍ കയറിയിരുന്നു, അവന്‍ എന്റെ മടിയിലും.

മനസ്സ്‌ നീറി പുകയുന്നു. അവളെ അറിയാന്‍ ഇത്ര വൈകിയതെന്തേ? അത്രയ്ക്ക്‌ വെറുപ്പായിരുന്നോ എനിയ്ക്കവളോട്‌?
എവിടെയൊക്കെയോ പിഴച്ചു, ഒന്നും അറിയാതെ, എല്ലാം കണ്ടുവെന്ന് നടിയ്ക്കാതെ...
ഒരിയ്ക്കലും സംഭവിച്ചു കൂടാത്ത പിഴവുകള്‍ പറ്റിയിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി...അവള്‍ക്കെന്തു പറ്റി? ഒന്നും അറിഞ്ഞില്ല... അല്ല, അറിയാന്‍ ശ്രമിച്ചില്ല..
അവളുടെ ആ പഴയ ചുറുചുറുപ്പ്‌ എവിടെ? ആഢംബരങ്ങളുടെ ലോകത്ത്‌ ജീവിച്ചിരുന്ന അവളിപ്പോള്‍ എത്തിപ്പെട്ടത്‌ എവിടെ?

സല്‍ വാറും കമ്മീസ്സും ഇട്ട്‌, മുടി പിന്നില്‍ പോണി റ്റെയില്‍ കെട്ടി, ഹയ്ഹീല്‍ഡ്‌ ചെരിപ്പും ഇടതു കയ്യില്‍ വാച്ചും, ചുണ്ടില്‍ ഇളം കളറിലുള്ള ലിപ്സ്റ്റിക്കുമായി കോളേജില്‍ പാറി നടന്നിരുന്ന അവളുടെ മുഖം കണ്മുന്‍പില്‍ തെളിഞ്ഞു വരുന്നു.. ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ മട്ടായിരുന്നു അവളെ കണ്ടാല്‍, പക്ഷെ അസ്സല്‍ പാലക്കാട്ടെ തമിഴ്‌ ബ്രാഹ്മണ കുടുമ്പത്തിലേയായിരുന്നു അച്ഛനും അമ്മയും. അച്ഛന്‍ എയര്‍ഫോര്‍സില്‍ ആയിരുന്നതു കൊണ്ട്‌ ജീവിതത്തിന്റെ പകുതി ഭാഗവും നോര്‍ത്തിന്ത്യയില്‍ പല ഭാഗങ്ങളിലായി ജീവിച്ച്‌ അവസാനം സൗത്തിലേയ്ക്ക്‌ ട്രാന്‍സ്ഫര്‍ ആയി വന്നതാണ്‌. അവളുടെ മധുരമൂറുന്ന ശബ്ദത്തില്‍ പഴയ ഹിന്ദിഗാനങ്ങളെല്ലാം എല്ലാവരേയും പുളകം കൊള്ളിച്ചിരുന്നു, പോരാത്തതിന്‌ അന്നത്തെ കോളെജിലെ ആണ്‍കുട്ടികളുടെയിടയിലെ സംസാര വിഷയമാവാനും അവള്‍ക്കു കഴിഞ്ഞിരുന്നു. അവരെ ഏറ്റവും ആകര്‍ഷിച്ചിരുന്ന അവളുടെ കണ്ണിലെ കുസൃതിയുടെ തിളക്കം മനസ്സില്‍ അതേപടി കിടക്കുന്നുണ്ട്‌.

പക്ഷെ അറിയില്ല, അന്ന് അവളെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടാന്‍ കഴിഞ്ഞിരുന്നുവോ? എന്നാല്‍ അവളെന്നും ഒരുപോലെ എന്നോട്‌ സ്നേഹം കാണിച്ചിരുന്നു എന്നതാണ്‌ സത്യം.. അല്ലെങ്കില്‍ സ്നേഹിയ്ക്കുന്നു, ഇഷ്ടപ്പെടുന്നു.. എന്തിനോ, എന്തുകൊണ്ടോ..അന്നാദ്യമായി അവളെ പരിചയപ്പെട്ട്‌, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ, അവള്‍ എന്നോട്‌ കുറേയേറെ കാര്യങ്ങള്‍ ഇടതടവില്ലാതെ സംസാരിച്ചു. ഞാന്‍ കര്‍ണ്ണാടക സംഗീതം പാടുമ്പോള്‍, അവള്‍ ലളിതഗാനങ്ങള്‍ പാടി. ഞാന്‍ ആണ്‍കുട്ടികളില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍, അവള്‍ ധൈര്യപൂര്‍വം ആണ്‍കുട്ടികളോടു സംസാരിച്ചു. അവള്‍ ഇംഗ്ലിഷും ഹിന്ദിയും സംസാരിയ്ക്കുമ്പോള്‍, ഞാന്‍ തനി മലയാളത്തില്‍ സംസാരിച്ചു. അവള്‍ ചപ്പാത്തിയും ചിക്കനും ഇഷ്ടപ്പെടുമ്പോള്‍ ഞാന്‍ സാമ്പാരും തൈരും ഇഷ്ടപ്പെട്ടു. ഞാന്‍ സംഗീതത്തിനോടുള്ള എന്റെ ആത്മാര്‍ത്ഥതയും, ജീവിത ലക്ഷ്യങ്ങളും കെട്ടിപ്പിടിച്ച്‌ നടക്കുമ്പോള്‍ അവള്‍ ഒരു കുട്ടിയുടെ കുസൃതികളോടെ കോളേജില്‍ പാറി നടന്നു. പക്ഷെ ക്ലാസ്സിലെ ആകെയുള്ള പെണ്‍കുട്ടികള്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം, അതുകൊണ്ടു തന്നെ എതിര്‍ ദിശയില്‍ സഞ്ചരിയ്ക്കുന്ന ഞങ്ങള്‍ രണ്ടുപേരും അവനവനില്‍ നിന്നും ഇറങ്ങി വന്ന് രണ്ടുപേര്‍ക്കും അനുയോജ്യമായ ഒരു പാതയിലെത്തി നിന്നു എപ്പോഴോ, സുഹൃത്തുക്കളാകാമെന്ന തീരുമാനത്തില്‍..

അവള്‍ റ്റീച്ചര്‍മാര്‍ക്കിടയില്‍ കണ്ണിര്‍ പൊഴിച്ച്‌, സ്ഥാനം പിടിയ്ക്കാന്‍ പെടാപാടു പെടുന്നത്‌ കണ്ട്‌ ഉള്ളിലൂറി ചിരിയ്ക്കുമ്പോഴും, അവളുടെ ഉള്ളിലെ ചാപല്യങ്ങളെ കാപട്യങ്ങളായി കാണുമ്പോഴും, അവള്‍ക്കില്ലെന്നും എനിയ്ക്കുണ്ടെന്നും ഞാന്‍ വിശ്വസിച്ചിരുന്ന, ജീവിതത്തോടുള്ള എന്റെ ആദര്‍ശ ശുദ്ധിയിലും, സംഗീതത്തോടുള്ള ആത്മാര്‍ത്ഥതയിലും ഞാന്‍ സ്വയം അഭിമാനം കൊള്ളുമ്പോഴും അവളെന്നോടു ഒരുപോലെയായിരുന്നു. പക്ഷെ ഞാന്‍?
അവളുടെ കൂടെയുള്ള ഓരോ നിമിഷങ്ങളിലും ഞാനവളുടെ ആത്മാര്‍ഥതയെ അളന്നുതൂക്കി കൊണ്ടിരുന്നു, അവള്‍ മറ്റുള്ളവരുടെ മുന്നില്‍, അവര്‍ക്കനുസരിച്ച്‌, പ്രത്യേകിച്ചും ആണ്‍കുട്ടികളാണെങ്കില്‍, സ്വന്തം നിറം മാറ്റി അഭിനയിയ്ക്കുകയാണെന്ന് സംശയിച്ചു കൊണ്ടിരുന്നു, അഞ്ചു വര്‍ഷം കൂടെ ഉണ്ടായിരുന്നിട്ടും അവളെന്നോടു പോലും അഭിനയിയ്ക്കുകയാണെന്ന് ഞാന്‍ സംശയിച്ചു. എന്തിന്‌ സ്വന്തം അച്ഛനുമമ്മയോടു പോലും, അവള്‍ അഭിനയിയ്ക്കുകയായിരുന്നുവെന്ന് എനിയ്ക്ക്‌ തോന്നി. സഹി കെട്ട്‌ ഞാനവളെ പലപ്പോഴായി ശകാരിച്ചു, അവളുടെ ചാപല്യങ്ങളെ കഠിനമായി വിമര്‍ശിച്ചു... "വാലന്റൈസ്‌ ഡേ" യുടേയും, "ഫ്രന്റ്സ്‌ ഡേ"യുടേയും, "മതേര്‍സ്‌ ഡേയ്‌"യുടെയും സ്വപ്ന ലോകത്ത്‌ ജീവിയ്ക്കുന്ന അവളോട്‌ ചിലപ്പൊഴെങ്കിലും എനിയ്ക്ക്‌ പുച്ഛം തോന്നി!. പതുക്കെ പതുക്കെ ഞാനെപ്പൊഴോ എന്റെ വഴിയിലൂടെ നടന്നു തുടങ്ങി, പലപ്പോഴും അവളെ കണ്ടുവെന്ന് നടിയ്ക്കാതെ തന്നെ.. എന്നിട്ടും അവളെന്നോട്‌ ഒരുപോലെയായിരുന്നു! അവള്‍ക്കല്‍പം പോലും എന്നോട്‌ ഈര്‍ഷ്യ ഉണ്ടായിരുന്നില്ലേ?

കാലങ്ങള്‍ കടന്നുപോയപ്പോള്‍, ഒരിയ്ക്കല്‍ ഞാനറിഞ്ഞു, അവളുടെ "ഒരാരാധകനെ" തന്നെ ജീവിതപങ്കാളിയാക്കി അവളൊരു കുടുമ്പിനിയായി പാലക്കാട്‌ ജില്ലയിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ ജീവിച്ചുവരികയാണെന്ന്.. അവളുടെ മൂക്കിലെ മുക്കുത്തിയും, കഴുത്തിലെ താലിമാലയും, മുല്ലപ്പൂവും ഒക്കെയായി ഭര്‍ത്താവുമൊത്തുള്ള ഫോട്ടോ കണ്ട്‌ ഞാന്‍ അദ്ഭുതപ്പെട്ടു. അവളെനിയ്ക്കെഴുതി. ഇന്നവള്‍ക്ക്‌ കര്‍ണ്ണാടക സംഗീതം ഭ്രാന്താണത്രേ! ഇപ്പോള്‍ ചപ്പാത്തിയേക്കാളും സ്വാദ്‌, തൈര്‍സാദത്തിനാണത്രേ! വീണ്ടും ഞാനവളെ അളന്നു തൂക്കി, അവള്‍ യത്ഥാര്‍ഥ ജീവിതത്തിലും അഭിനയിയ്ക്കുന്നുവോ? ആര്‍ക്കുവേണ്ടി? അതില്‍ അവള്‍ക്കെന്തെങ്കിലും സമാധാനം ഉണ്ടാകുമോ? എന്നില്‍ കുറേയേറെ സംശയങ്ങള്‍ ജനിച്ചു.

സ്വപ്നലോകത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേയ്ക്ക്‌ അവള്‍ സഞ്ചരിച്ച ദൂരം എന്നെ അമ്പരിപ്പിച്ചു. അവളൊരു അമ്മയായതും, കുഞ്ഞിനെ മുലയൂട്ടി താരാട്ടു പാടിയുറക്കുന്നതും, അച്ഛനമ്മമാര്‍ക്ക്‌ ഓമനയായിരുന്ന അവള്‍ അടുക്കളയില്‍ പെരുമാറുന്നതും അടക്കം ഓരോന്നും എനിയ്ക്ക്‌ വിശ്വസിയ്ക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങളെ പൊലെ തോന്നി. നല്ലൊരു കുടുംബ ജീവിതം നയിച്ചു കൊണ്ടുവാനുള്ള പക്വത അവള്‍ക്കായോ എന്നും ഞാന്‍ സംശയിച്ചു. അവളെ എനിയ്ക്ക്‌ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിച്ചില്ല, അതിനു മിനക്കെട്ടുമില്ല.

പക്ഷെ, മുടങ്ങാതെ അവളെനിയ്ക്ക്‌ എന്റെ വിവാഹവാര്‍ഷികത്തിനും, പിറന്നാളിനും, ആശംസാ കാര്‍ഡുകള്‍ അയച്ചുകൊണ്ടിരുന്നു, സംഗീത സാധനയ്ക്കിടയില്‍ സമയമില്ലെന്ന നാട്യത്തില്‍ ഒരു മറുപടി പോലും ഞാന്‍ എഴുതാഞ്ഞിട്ടും.. എന്തിനോ...
അവളെന്നെ ഏറ്റവും "നല്ല സുഹൃത്തെന്ന്‌" "ഫ്രന്‍സ്‌ ഡേ" യ്ക്ക്‌ വിശേഷിപ്പിയ്ക്കുമ്പോഴോ, എന്റെ ഫോടോസ്‌ സൂക്ഷിയ്ക്കുന്നുണ്ടെന്ന് പറയുമ്പൊഴോ, അവളുടെ അച്ഛനമ്മമാര്‍ അവളെ വിട്ടുപിരിഞ്ഞപ്പോള്‍ അവളെന്നെ "മിസ്സ്‌" ചെയ്യുന്നുണ്ടെന്നൊരു കാര്‍ഡ്‌ അയച്ചപ്പോഴോ, ഒരു കത്തയച്ചു എന്നല്ലാതെ അതില്‍ കൂടുതലൊരു അടുപ്പവും എനിയ്ക്കവളോട്‌ തോന്നിയിരുന്നില്ല, അവളുടെ കാര്‍ഡുകളേക്കാള്‍, എന്റെ തിരക്കുകള്‍ തന്നെയായിരുന്നു എനിയ്ക്കെന്നും പ്രാധാന്യം.
പക്ഷേ, ഒരു വര്‍ഷമായി അവളുടെ യാതൊരു വിവരവും ഇല്ലാതെയായപ്പോള്‍, ഉള്ളില്‍ തോന്നിയ ഒരു ഉത്‌കണ്ഠ, "അവള്‍ക്കെന്തു സംഭവിച്ചു" എന്നൊരു ചിന്ത.. എന്റെ മറുപടികള്‍ ഇല്ലാഞ്ഞ്‌ അവള്‍ എഴുത്തുകുത്തുകള്‍ അവസാനിപ്പിച്ചിരിയ്ക്കുമെന്ന് കരുതി വിട്ടു ആദ്യം, പക്ഷെ, മേശവെലുപ്പില്‍ ചിതറി കിടക്കുന്ന അവളുടെ കാര്‍ഡുകള്‍ കാണുമ്പോഴൊക്കെ മനസ്സിലെവിടെയൊക്കെയോ അവളുടെ ഇംഗ്ലീഷിലുള്ള വടിവൊത്ത അക്ഷരങ്ങള്‍ ഉടക്കി നിന്നു.

അപ്രതീക്ഷിതമായി ഈ പ്രദേശത്ത്‌ കച്ചേരിയ്ക്ക്‌ വിളിച്ചപ്പോഴേ മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഇവളുടെ അഡ്രസ്സ്‌ അപ്പോള്‍ തന്നെ മറക്കാതെ പേഴ്സില്‍ ഇട്ടുവെയ്ക്കാന്‍ തോന്നിയത്‌ എത്ര നന്നായി!

ഇന്ന്‌ വര്‍ഷങ്ങള്‍ക്കു ശേഷം അവളെ കണ്ടപ്പോള്‍... ആ രൂപത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍... യഥാര്‍ത്ഥത്തില്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടുകയായിരുന്നു - അവളെന്നെ സ്നേഹിച്ചിരുന്നത്‌ ഒന്നിനും വേണ്ടിയായിരുന്നില്ല- അവിടെ തല കുനിച്ചു നില്‍ക്കാനെ കഴിഞ്ഞുള്ളൂ, അവളോടുണ്ടായിരുന്ന എന്നിലെ സകല മുന്‍ വിധികളും, സംശയങ്ങളും അതില്‍ പൊലിഞ്ഞു പോകുന്നത്‌ തിരിച്ചറിഞ്ഞ നിമിഷം.. ജീവിതത്തിന്റെ ഉന്നതികളില്‍ നിന്നും ഇറങ്ങി വന്ന് , പോരാടി ജയിച്ച്‌, ഒടുക്കം തളര്‍ത്തിയ ആ നിശ്ചലതയും അവളിലെ നിശ്ശബ്ദതയും എനിയ്ക്കു മുന്നില്‍ എന്തൊക്കെയോ കോറിയിടുന്നതായി തോന്നി - അളവുകോലുകളില്ലാതെ, സമവാക്യങ്ങളില്ലാതെ എന്റെ കണ്ണുകള്‍ അതില്‍ നിന്നും അപ്പോള്‍ വായിച്ചെടുത്തത്‌, അവളിലെ ശബ്ദകോലാഹലങ്ങള്‍ ഇല്ലാത്ത നിശ്ശബ്ദ സ്നേഹത്തിന്റെ അക്ഷരങ്ങളെ ആയിരുന്നു! "ജീവിത സൗഭാഗ്യങ്ങള്‍ക്കു" നടുവില്‍ നില്‍ക്കുന്ന ഞാനാദ്യമായി അവയെ തിരിച്ചറിഞ്ഞ നിമിഷം - ഉള്ളിന്റെ അറകളില്‍ എരിയാന്‍ തുടങ്ങിയ പിഴവുകളുടെ നീറല്‍ അടക്കാന്‍ പാടുപ്പെട്ടു അപ്പോള്‍..ഒന്നുമറിയാതെയുള്ള അവളുടെ കിടപ്പും ആ ഇരുണ്ട അന്തരീക്ഷവും വല്ലാതെ ഭയപ്പെടുത്തി.. അഭിമുഖീകരിയ്ക്കാനുള്ള ശക്തി മുഴുവനും ചോര്‍ന്നു പോവുകയായിരുന്നു അപ്പോള്‍.

പക്ഷെ.. അവള്‍ക്കും പിഴച്ചു എവിടെയൊക്കെയോ.. എപ്പോഴൊക്കെയോ.. എല്ലാം തിരുത്തി ഒന്നുകൂടി ജീവിച്ചു നോക്കാനുള്ള സമയം പോലും വിധിയ്ക്കപ്പെടാതെ..
എന്നാലും അവളുടെ ജീവിതം ധന്യം! സമ്പാദിച്ചു കൂട്ടിയ ഒരു കൂട്ടം നല്ല മനസ്സുകളുടെ സ്നേഹം ഉണ്ടവള്‍ക്ക്‌, എത്ര പിഴച്ചാലും, എത്ര ഒറ്റപ്പെട്ടാലും.. അവരുടെ മനസ്സുകളില്‍ ഒരിയ്ക്കലും മരിയ്ക്കാതെ എന്നുമവള്‍ ജീവിയ്ക്കുക തന്നെ ചെയ്യും..

ഇനി താമസിയ്ക്കരുത്‌, അവള്‍ക്കേറ്റവും നല്ല ചികിത്സ തന്നെ കൊടുക്കണം. ഏട്ടനെ വിളിച്ച്‌ ഏര്‍പ്പാട്‌ ചെയ്യണം. അവളെ ഹോസ്പിറ്റലിലേയ്ക്ക്‌ മാറ്റണം... അതിനുള്ളില്‍ ഒന്നും സംഭവിയ്ക്കില്ലെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിയ്ക്കുവാന്‍ ശ്രമിച്ചു...

അവന്‍ വഴിയിലെ കാഴ്ചകള്‍ കണ്ട്‌ ഒന്നും മിണ്ടാതെ ഇരിയ്ക്കുകയാണ്‌ അപ്പൊഴും . അവനെ ചേര്‍ത്തുപിടിച്ചു.

"മോന്‍ ആന്റീടെ കൂടെ താമസിയ്ക്കുന്നോ? ആന്റീടെ മോനായിട്ട്‌?" അവനെന്റെ മുഖത്തേയ്ക്ക്‌ നോക്കി, ഒന്നും മിണ്ടാതെ. അവന്റെ മുഖം ഒന്നു വിളറിയോ?

എന്തോ അവനോട്‌ അപ്പോള്‍ അങ്ങനെ ചോദിയ്ക്കുവാനാണ്‌ തോന്നിയത്‌, കൂടുതലൊന്നും അപ്പോള്‍ ആലോചിച്ചില്ല, ആലോചിയ്ക്കേണ്ടതില്ല എന്നും തോന്നി.

"എന്നെ എപ്പഴാ വീട്ടില്യ്ക്ക്‌ കൊണ്ടാക്കാ?" അവന്റെ നേര്‍ത്ത ശബ്ദം അപ്പോഴാണ്‌ ഞാന്‍ ആദ്യമായി കേട്ടത്‌.
"വേഗം കൊണ്ടാക്കാം ട്ടൊ" അവനെ ഞാനെന്റെ മടിയിലേയ്ക്ക്‌ കിടത്തി. ഇടതൂര്‍ന്ന മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട്‌... പിഴവുകളെ തിരുത്താന്‍ അവനിലൂടെ എനിയ്ക്കു സാധിച്ചാലോ എന്ന ഒരു പ്രതീക്ഷയില്‍..

10 comments:

G.MANU said...

ishtamayi

ജാസൂട്ടി said...

ഇത് അനുഭവമോ കഥയോ?
സൌഹൃദം മനസിലാക്കാന്‍ കഴിയാത്തത് ഒരു വലിയ പിഴവു തന്നെയാണ്...
പിഴവുകളെ അവനിലൂടെ തിരുത്താന്‍ സാധിച്ചൂ എന്നു കരുതട്ടെ...

മനോജ് കുമാർ വട്ടക്കാട്ട് said...

ചില സൌഹ്ര്‌ദങ്ങള്‍ അങ്ങിനെയാണ്. അകാരണമായി വേണ്ടെന്ന് വയ്ക്കും.

(നന്നായെഴുതി)

SUNISH THOMAS said...

:-)

സു | Su said...

കഥ ഇഷ്ടമായി. മറ്റുള്ളവരെ മനസ്സിലാക്കാന്‍ വൈകുന്നതാണ് പിന്നെയുള്ള കുറ്റബോധത്തിന്റെ ആഴം കൂട്ടുന്നതെന്ന് എനിക്കറിയാം. അറിഞ്ഞുവരുന്നു.

മുസാഫിര്‍ said...

നന്നായിട്ടുണ്ട് കഥ.പ്രത്യേക സംഭാഷണ ശൈലി മനസ്സിലാക്കാന്‍ തുടക്കം ഒന്നു രണ്ടു തവണ ആവര്‍ത്തിച്ച് വായിക്കേണ്ടീ വന്നെങ്കീലും അതു വെറുതെയായില്ല.

ചീര I Cheera said...

മനൂ, വളരെ സന്തോഷമുണ്ട് ട്ടൊ..
ജാസൂ - അനുഭവമെന്നു തോന്നിയോ ശരിയ്ക്കും? എങ്കില്‍ വളരെ സന്തോഷം..
പടിപ്പുരേ.., ശരിയാണത്..
സുനിഷ്,
സൂ.. ചിലപ്പോള്‍ അങ്ങനെ പറ്റിപോകുന്നതാവും, മനഃപൂര്‍വമാവില്ല, വൈകി വരുന്ന ചില തിരിച്ചറിയലുകള്‍ മാത്രം.. അല്ലേ..
തോന്നലുകള്‍ പങ്കു വെച്ചതിനു സന്തോഷം ഉണ്ടെങ്കിലും അതിലൊരു വിഷമത്തിന്റെ കണികയൊന്നും ഇല്ലല്ലൊ അല്ലേ..
മുസാഫിര്‍.. പരീക്ഷണാടിസ്ഥാനത്തില്‍ എഴുതിയെന്നു മാത്രം.. എത്രത്തോളം ഫലിപ്പിയ്ക്കാന്‍ പറ്റിയെന്ന് അറിയില്ല..
അഭിപ്രായം പറഞ്ഞതിനു വലിയ സന്തോഷം, നന്ദി.

എല്ലാവര്‍ക്കും നന്ദി..

ശ്രീ said...

നല്ല കഥ... ഇത് അനുഭവത്തില്‍ നിന്നായാലും അല്ലെങ്കിലും നന്നായി ഇഷ്ടപ്പെട്ടു...

ഒരു നിമിഷത്തെ തോന്നലില്‍ വേണ്ടെന്നു വയ്ക്കുന്ന ചില സുഹൃത്ത് ബന്ധങ്ങള്‍ തിരിച്ചു കിട്ടാന്‍ ചിലപ്പോള്‍ ഒരുപാടു കാലമെടുത്തേക്കാം... ഒരു പക്ഷേ, പിന്നീടതിന്‍ കഴിഞ്ഞില്ലെന്നും വരാം...
ആര്‍‌ക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ, അല്ലേ?

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു....
" നഷ്ടങ്ങള്‍ പലതും നാളേക്കുള്ള പാഠങ്ങളാണു.... നിങ്ങള്‍ക്കല്ലെങ്കില്‍, നിങ്ങളിലൂടെ മറ്റു പലര്‍ക്കും... "

കാണാന്‍ മറന്നത് said...

good work