Wednesday, November 15, 2006

ആത്മാവിന്റെ തുടിപ്പുകള്‍

അതിവേഗം മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്ന വാഹനത്തിന്റെ പിന്‍സീറ്റില്‍, ജനാലയോടു ചേര്‍ന്നിരുന്ന രജനിയുടെ മനസ്സ്‌, ഓര്‍മകളുടെ നനവിന്റെ കുളിര്‍മയില്‍ ഒരു പുത്തനുണര്‍വ്വ്‌ നേടിക്കൊണ്ടിരിയ്ക്കുകയായിരുന്നു.ജനാലയിലൂടെ അനുവാദം കൂടാതെ തള്ളിക്കയറി വന്നിരുന്ന തണുത്ത കാറ്റില്‍,നെറ്റിയിലേയ്ക്ക്‌ മുടിചുരുളുകള്‍ അനുസരണയില്ലാതെ ഊര്‍ന്നുവീണു കൊണ്ടിരുന്നു.ശരീരം തണുക്കുകയായിരുന്നു...ചര്‍മ്മത്തിലെ രോമങ്ങള്‍ ഉയര്‍ന്നെണീറ്റു...മിനുസമാര്‍ന്ന വസ്ത്രം തണുത്ത ശരീരത്തില്‍ ഉരസി വല്ലാത്ത ഒരു അസ്വസ്ത്ഥത ഉണ്ടാക്കിയിരുന്നുവെങ്കിലും രജനി അതു ശ്രദ്ധിച്ചതേയില്ല.

പുറത്ത്‌ വേളിച്ചം മങ്ങിവന്നു കൊണ്ടിരുന്നു.ആകാശം ഇരുണ്ടു.ശരീരത്തിലേയ്ക്കു മെല്ലെ മെല്ലെ മഴത്തുള്ളികള്‍ അവിടെയവിടെയായി വീണുകൊണ്ടിരുന്നു.ആ മഴത്തുള്ളികള്‍ ഓരോന്നും മുത്തുമണികള്‍ പോലെ പെറുക്കി എടുത്ത്‌ ഒരു ചെപ്പിലിട്ട്‌ സൂക്ഷിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു രജനി വെറുതെ കൊതിച്ചു.

രജനി പുറത്തേയ്ക്കു നോക്കി. ആ ചാറല്‍ മഴയില്‍ നനഞ്ഞു നില്‍ക്കുന്ന പ്രകൃതി തനിയ്ക്കെത്ര പ്രിയപ്പെട്ടതാണെന്നു അറിയുന്നതു പോലെ അവള്‍ക്കു തോന്നി.അവള്‍ കൂടുതല്‍ ഉന്മേഷവതിയായി.നനയുന്ന പ്രകൃതിയുടെ പുതുമണ്ണിന്റെ മണം തന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതു പോലെ..അത്‌ തന്റെ മനസ്സിനു പേരറിയാത്ത ഒരു ആവേശം പകര്‍ന്നു തരുന്നതു പോലെ..

രജനി തന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ ഊൂരി മേയാന്‍ വിട്ടു.വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ജന്മനാട്ടിലേയ്ക്കുള്ള ഈ വരവ്‌ തനിയ്ക്കെന്നും ഓര്‍ത്തുവെയ്ക്കാനുള്ളതാണ്‌.അവള്‍ ആവേശത്തോടെ പുറത്തേയ്ക്കു കണ്ണും നട്ടിരുന്നു.ആ പ്രകൃതി , ഒരു പച്ച ഉടയാട ചുറ്റി വര്‍ണ്ണ പുഷ്പങ്ങളാല്‍ കുട ചൂടി നനഞ്ഞു നില്‍ക്കുന്ന ഒരു സുന്ദരി പെണ്‍കുട്ടിയെ പോലെ തോന്നിച്ചു.അവള്‍ കളിച്ചു ചിരിച്ചു കൊണ്ട്‌ തന്നോടു കിന്നാരം പറയുന്നതായി തോന്നി.താനിന്ന് ആ ദേശക്കാര്‍ക്ക്‌ ഒരു അപരിചിതയായി തീര്‍ന്നെങ്കിലും ആ ദേശത്തിന്റെ ഓരോ ഗന്ധത്തിനും ശബ്ദത്തിനും നിറങ്ങള്‍ക്കും മരങ്ങള്‍ക്കും മഴത്തുള്ളികള്‍ക്കും മണ്ണിനും തന്നെ തിരിച്ചറിയാനാവുന്നുണ്ടെന്ന് രജനി വിശ്വസിച്ചു.

വാഹനം തന്റെ നാടിന്റെ ഹൃദയഭാഗത്തേയ്ക്കു നീങ്ങുകയാണു.ദൂരേ നിന്നും കാലപഴക്കം ചെന്ന വൈദ്യശാലയുടെ ഉയര്‍ന്നു നില്‍ക്കുന്ന മതില്‍ക്കെട്ടുകള്‍ കാണാം.അതിന്റെ മുന്നോടി എന്നവണ്ണം അവിടത്തെ മരുന്നുകളുടെ ഗന്ധം രജനിയുടെ മൂക്കിലേയ്ക്കു അരിച്ചു കയറി.ആ ഗന്ധം തന്റെ ചെറുപ്പകാലം അടക്കമുള്ള പഴയ കുറെ കാലഘട്ടങ്ങളുടെ സ്മരണകളുമായി അനുസ്യൂതം ഒഴുകുകയാണെന്നു തോന്നിച്ചു. രജനിയുടെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ആവേശം തിരതല്ലി ഉയര്‍ന്നു പൊങ്ങി വന്നു,കൂടെ കുറേ നല്ല നിറമുള്ള,സുഗന്ധമുള്ള,ഓര്‍മ്മകളും.

അകലെ അമ്പലത്തില്‍ നിന്നും ശംഖു വിളി..ഇടയ്ക്കയുടെ നാദം..അമ്പലത്തിനുള്ളിലെ നിശ്ശബ്ദതയില്‍ നട തുറക്കുന്ന ഒച്ച..മണിയടി മുഴങ്ങുന്നു...ചുറ്റും ദീപങ്ങളാല്‍ അലങ്കരിയ്ക്കപ്പെട്ട്‌ പൂക്കളാലും ചന്ദനത്താലും പൊതിഞ്ഞ ശ്രീകോവിലിനുള്ളിലെ വിഗ്രഹം..നിശ്ശബ്ദതയ്ക്കു ഭംഗം വരുത്താനെന്നോണം അടുത്തുള്ള ആലില വൃക്ഷത്തിന്റെ ഇലകള്‍ ചിലച്ചു കൊണ്ട്‌ തങ്ങളുടെ സാന്നിദ്ധ്യം വിളിച്ചറിയിയ്ക്കുന്നു...ചെറിയ കഷ്ണം വാഴയിലയില്‍ ഒരറ്റത്ത്‌ കുളിര്‍മയൂറുന്ന ചന്ദനവും,പിന്നെ തുളസി,തെച്ചി,നന്ദ്യാര്‍വട്ടം തുടങ്ങിയ വര്‍ണ്ണ പുഷ്പങ്ങളും..അവയുടെ നേര്‍ത്ത സുഗന്ധം നിറഞ്ഞു തുളുമ്പുന്ന അന്തരീക്ഷം ..ആളൊഴിഞ്ഞ കരിങ്കല്‍ പതിച്ച പ്രദക്ഷിണ വഴികള്‍..പച്ച വിരിച്ച ശാന്തമായി ഉറങ്ങുന്ന അമ്പലക്കുളം..വല്ലാത്ത ഒരു ശാന്തതയുടെ അനുഭൂതി ആത്മാവിലേയ്ക്ക്‌ പകര്‍ന്നു തരുന്ന നിശ്ശബ്ദതയില്‍ ഉയര്‍ന്നു നില്‍ക്കുന്ന അമ്പലവും അതിന്റെ പരിസരവും.. രജനിയുടെ മനസ്സ്‌ ആര്‍ദ്രമായി..അതു നിര്‍ത്താതെ യാത്ര തുടര്‍ന്നു..അത്‌ പതുക്കെ അമ്പലമുറ്റത്ത്‌ അണിനിരന്ന്,നെറ്റിപ്പട്ടവുമണിഞ്ഞ്‌, തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്മാരെ ഓര്‍ത്തെടുത്തു.അവരുടെ മുകളിലെഴുന്നേറ്റു നില്‍ക്കുന്ന വര്‍ണ്ണക്കുടയും ആലവട്ടവെഞ്ചാമരങ്ങളും..ഗജവീരന്മാരുടെ മുന്നില്‍ സധൈര്യം അണിനിരന്ന് പഞ്ചവാദ്യങ്ങളുടെ ശബ്ദം പുറപ്പെടുവിയ്ക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ രൂപങ്ങളും തെളിഞ്ഞു വന്നു..പഞ്ചവാദ്യത്തിന്റെ ലഹരിയില്‍ ചാടിത്തുള്ളുന്ന ജനസമുദ്രം അവര്‍ക്കു പിന്നില്‍...അവിടെ കൂടിയവര്‍ക്കെല്ലാം അപ്പൊള്‍ ഒരേ മനസ്സ്‌,ഒരേ ചിന്ത,ഒരേ ലഹരി..

വര്‍ണ്ണാഭമായ ഒരു അദ്ഭുതക്കാഴ്ച!.കേട്ടാലും കേട്ടാലും മതിവരാത്ത പഞ്ചവാദ്യത്തിന്റെ അലയടികള്‍..രജനിയുടെ കണ്ണുകള്‍ ആ മനോഹര ദൃശ്യം ഒപ്പിയെടുക്കാനായി കൊതിച്ചു.കാതുകള്‍ അതു കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു.മനസ്സ്‌ ആ ഉത്സവത്തിന്റെ ലഹരി പകര്‍ത്താനായി വെമ്പല്‍ കൊണ്ടു..അത്‌ അതിവേഗം സഞ്ചരിച്ചു..മനസ്സിന്റെ വേഗത വാഹനത്തിന്റെ വേഗതയെ മറികടന്നു..ആ വേഗതയെ, ആ വെമ്പലിനെ, ആവേശത്തെ അടക്കി നിര്‍ത്താനായി രജനി കണ്ണുകളടച്ച്‌ മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചു.അതിനെ ശാസിച്ചു,ഒന്നു മയങ്ങാനായി പാടുപെട്ടു.

പതുക്കെ പതുക്കെയായി രജനിയുടെ അടഞ്ഞ കണ്ണുകളില്‍ ഒരു വലിയ നിലവിളക്കിന്റെ തിരിനാളം തെളിഞ്ഞു വന്നു.അതിനു പിന്നിലായി ചുവപ്പ്‌,മഞ്ഞ,പച്ച,കറുപ്പ്‌ തുടങ്ങിയ വര്‍ണ്ണങ്ങള്‍ ഇടകലര്‍ത്തിയ പട്ടുതുണിയുടെ ഒരു തിരശ്ശീലയും.അതിനും പിന്നില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ ഏതോ ഒരു അസുരന്റെ അലര്‍ച്ച വ്യക്തമായി കേട്ടു.. ചെണ്ടയുടെ ഉച്ചത്തിലുള്ള ആര്‍ത്തനാദം,വണ്ടുകളുടെ മുരള്‍ച്ച പോലെ മുഴങ്ങി കേള്‍ക്കുന്ന മദ്ദളത്തിന്റെ നാദം,താളത്തില്‍ ചിലമ്പുന്ന ചേങ്ങിലയുടേയും,ഇലത്താളത്തിന്റേയും ശബ്ദം...

പതുക്കെ പതുക്കെ തിരശ്ശീല താഴ്ത്തി കൊണ്ട്‌,രണ്ടു കൈകളിലും ഉത്തരീയങ്ങളേന്തി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി പ്രത്യക്ഷമാകുന്ന കത്തിവേഷം-ചുട്ടി കുത്ത്തിയ വര്‍ണ്ണാഭമായ മുഖത്തെ കണ്ണുകളില്‍ അനിര്‍വചനീയമാം വിധത്തില്‍ വീരരസം ജ്വലിച്ചു നിന്നിരുന്നു. അതു രാവണനോ, നരകാസുരനോ അതൊ കീചകനോ- രണ്ടു ഭാഗങ്ങളിലും ആലവട്ടവെഞ്ചാമരങ്ങളേന്തി മേളക്കൊഴുപ്പിന്റെ താളത്തില്‍ വളരെ ഒതുക്കത്തിലുള്ള അംഗചലനങ്ങളോടെ നിന്നാടുന്ന ആ രംഗം ഏതൊ അസുരന്റെ പടപ്പുറപ്പാടാണ്‌-എന്തൊരു ഭംഗി! എന്തൊരു പ്രൗഢി!-ആ വര്‍ണ്ണാഭമായ അരങ്ങിന്റെ കൊഴുപ്പ്‌ മതിവരാത്ത കാഴ്ചയാണ്‌-കേട്ടു മതിവരാത്ത മേളക്കൊഴുപ്പാണ്‌..ആ കാഴ്ചയുടെയും മേളത്തിന്റേയും ആഴങ്ങളിലേയ്ക്ക്‌ വഴുതി വഴുതി വീഴുന്ന പോലെ..തന്റെ ഹൃദയ മിടിപ്പ്‌ ആ രംഗത്തിലും,മേളത്തിലും,വര്‍ണങ്ങളിലും സുഗന്ധങ്ങളിലും ഒന്നു ചേരുന്ന പോലെ ...ശൂന്യതയിലേയ്ക്കു ഒഴുകി ചേരുന്ന പോലെ...ശാന്തമായ ഇരുട്ടിലേയ്ക്ക്‌ ...അവിടെ എല്ലാം ലയിച്ചു ചേരുകയാണ്‌...ശാന്തം!...ശൂന്യം!...

എവിടേയോ എന്തോ ആഘാതമേറ്റ പോലെ രജനി ഞെട്ടി ഉണര്‍ന്നു.കൊട്ടിയടച്ച വാതിലിന്റെ അരികില്‍ ഏ.സി യുടെ മുരള്‍ച്ച വ്യക്തമായി കേള്‍ക്കാം. കണ്ണുകള്‍ തിരുമ്മിക്കൊണ്ടു രജനി സോഫയില്‍ എഴുന്നേറ്റിരുന്നു..മുന്നില്‍ ടി.വി യില്‍ ഏതോ ഒരു ചാനല്‍ ഓടുന്നുണ്ട്‌.അടുത്ത്‌ മൊബെയില്‍ ചിലയ്ക്കുവാന്‍ തുടങ്ങിയിരുന്നു.രജനി അതു കട്‌ ചെയ്ത്‌ ഓഫ്‌ ചെയ്തു വെച്ചു.പതുക്കെ കര്‍ട്ടന്‍ മാറ്റി അടച്ച ചില്ലിട്ട ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി..അംബരചുംബികളായ കെട്ടിട സൗത്ഥങ്ങളും ഓടിപ്പായുന്ന വാഹനങ്ങളും..മറ്റൊരു വശത്ത്‌ സിഗ്നല്‍ കാത്തു നില്‍ക്കുന്ന ഒരുപറ്റം വാഹനങ്ങളും പരക്കം പായുന്ന കുറെ മനുഷ്യരും...

രജനിയുടെ ശരീരം ഏ.സി. യുടെ കുളിര്‍മ്മയില്‍ തണുത്തിരുന്നു.അതില്‍ മഴത്തുള്ളികളുടെ നനവു പറ്റിയിരിയ്ക്കുന്നതായി അവള്‍ക്കു തോന്നി..തന്റെ മുറിയില്‍ പുതുമണ്ണിന്റെ മണം നിറഞ്ഞു നില്‍ക്കുന്നതായി തോന്നി...കാതില്‍ ദൂരേ നിന്നും ഏതോ പഞ്ചവാദ്യമേളങ്ങള്‍ അലയടിയ്ക്കുന്നതായി തോന്നി..കണ്ണുകള്‍ക്കു ബഹുവിധ വര്‍ണ്ണക്കാഴ്ചകള്‍ കണ്ടു കഴിഞ്ഞ പ്രതീതിയുണ്ടായി..

പേരറിയാത്ത ഏതോ ഒരു അനുഭൂതിയുടെ സുഖത്തില്‍ രജനി അലസമായി കിടന്നു.മനസ്സ്‌ ഒരു സുഖമുള്ള, നനുത്ത നൊമ്പരത്തിലൂടെ ശാന്തമായി ഒഴുകിത്തുടങ്ങി.ഓര്‍മകളുടെ ആ ഒഴുക്കിലെവിടെയോ വെച്ച്‌,എന്തുകൊണ്ടോ അവളുടെ മനസ്സ്‌ ഒന്ന് ഉടക്കി നിന്നു. തന്റെ നാട്ടിലേയ്ക്ക്‌ ഇനിയൊരു മടക്ക യാത്രയ്ക്കു സാധ്യത ഇല്ലെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ അവള്‍ പകച്ചു നിന്നു.മനസ്സില്‍ നൊമ്പരത്തിന്റെ കണികകള്‍ അണപൊട്ടി ഒഴുകി-ഒരു നിമിഷം- എന്തെല്ലാമോ തന്നില്‍ നിന്നും അടര്‍ന്നു വീണു പോകുന്ന പോലെ..അവയെല്ലാം വാരിപ്പിടിയ്ക്കാനുള്ള മനസ്സിന്റെ തീവ്രമായ ഒരു വെമ്പല്‍,വേദന..ആ വേദനയുടെ തീവ്രതയും കാഠിന്യവും കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങി,തൊണ്ടയില്‍ അവ കുരുങ്ങിക്കിടന്ന് വേദനിപ്പിച്ചു.മനസ്സില്‍ അവ തിരമാലകളായി ഉയര്‍ന്നു പൊങ്ങി.തലയ്ക്കുള്ളില്‍ അവ അസഹ്യമായ വേദന ഉണ്ടാക്കി..

ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി അലയുന്നതിനിടയില്‍,കുറച്ചു കഴിഞ്ഞെപ്പൊഴൊ തന്റെ ആറ്റ്മാവ്‌ വീണ്‌ കിട്ടിയ ഉന്മേഷത്തോടെ പതുക്കെ പതുക്കെ ഉയിര്‍ത്തെണീയ്ക്കുന്ന പോലെ രജനിയ്ക്കു തോന്നി.ആ ആത്മാവില്‍ തന്നെ തന്റെ ദേശവും ആ പ്രകൃതിയും ആ അന്തരീക്ഷവും കുടികൊള്ളുന്നതായി അവള്‍ തിരിച്ചറിഞ്ഞു.ആ നാടിന്റെ ഓരൊ നനവും മണവും സുഗന്ധവും,ഓരോ ശബ്ദവും നാദവും,ഓരോ നിറങ്ങളും,രൂപങ്ങളും ആ ആത്മാവിന്റെ തുടിപ്പുകളാണെന്നും അവള്‍ തിരിച്ചറിഞ്ഞു.ഈ അന്യ ദേശത്ത്‌ ആ തുടിപ്പുകള്‍ പലപ്പോഴായി തനിയ്ക്കു പകര്‍ന്നു തരാറുള്ള ഉണര്‍വ്വും ഉന്മേഷവും എത്ര വിലപ്പെട്ടതാണെന്നും രജനി തിരിച്ചറിഞ്ഞു.അവ തന്റെ ജീവന്റെ പ്രേരണയാണ്‌,പ്രചോദനമാണ്‌ എന്നു അവള്‍ തിരിച്ചറിഞ്ഞു.ഈ ജീവിത യാത്രയില്‍ തനിയ്ക്കുള്ള വഴി തെളിഞ്ഞു വന്ന പോലെ അവള്‍ക്കു തോന്നി.മനസ്സ്‌ തെളിഞ്ഞ ആകാശമായി മാറി.തന്റെ ആത്മാവിന്റെ തുടിപ്പുകളെ നഷ്ടപ്പെടുത്താതെ തന്റെ ജീവാഗ്നിയുടെ ഊര്‍ജസ്രോതസ്സ്‌ ആയി എന്നെന്നും കാത്ത്‌ സൂക്ഷിയ്ക്കുവാന്‍ അവള്‍ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു."എന്റെ ആത്മാവിന്റെ തുടിപ്പുകള്‍' എന്നു മനസ്സില്‍ കോറിയിട്ടു കഴിഞ്ഞിരുന്നു.

രജനിയുടെ കണ്ണുകള്‍ നനഞ്ഞു കുതിര്‍ന്നിരുന്നെങ്കിലും അവിടെ പുതിയൊരു പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും നാളം ജ്വലിച്ചു നിന്നിരുന്നു...

8 comments:

മുരളി വാളൂര്‍ said...

സുഹൃത്തേ,
ഗൃഹാതുരത്വം എന്നത്‌ ഒരു വലിയ സംഭവം തന്നെയാണ്‌. വര്‍ണ്ണനകള്‍ അല്‍പം കൂടിപ്പോയോ എന്നൊരു സംശയം.... എന്നാലും വീണ്ടുമെഴുതുമല്ലോ. പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്തിട്ട്‌ ഒരു കമന്റ്‌ താങ്കള്‍ തന്നെ ഇടുകയാണെങ്കില്‍ പിന്മൊഴിയില്‍ പരതുന്നവര്‍ക്ക്‌ കിട്ടാന്‍ എളുപ്പമാവും....

P.R said...

thank u for ur comment.yes,even I had that same feeling while writing - being descriptive-
anyway that was an attempt.also not yet got used to blogging in malayalam as my PC is of an older version.

kewlmallu said...

I liked it a lot. You get the feeling that your words and your characters cant wait to come tumbling out, to get expressed. I liked it...

P.R said...

thanks kewlmallu for ur comment & also for reading it.yes, I feel it & I miss my "naadu" so badly.

വല്യമ്മായി said...

സ്വാഗതം

P.R said...

vallyammayi..Thank u..
pichcha vechch nadannu avide eththunnathe ullu tto..

Ardra said...

soaked in nostalgia- often certain fragrances and sounds can transport us to a world of cherished memories...could relate to your thoughts and feelings more than I can express. shall look fwd to more of u'r expressions.

P.R said...

thanks Ardra...