Tuesday, February 03, 2015

തൂക്കുപാലം

ഈ ലോകത്തിൽ ജീവിക്കുന്ന
എല്ലാവർക്കുമുണ്ടാവും, ഓരോ മനുഷ്യർക്കുമുണ്ടാവും
അടക്കിപ്പിടിച്ച സ്വന്തമായൊരു സമാന്തരാന്യലോകം.

രണ്ടു ലോകങ്ങളും കൂടി കൂട്ടിപ്പിണയാതെ
രണ്ടിലും കൂടി ഒരേ സമയത്ത് ജീവിക്കുവാൻ
ഈ മനുഷ്യജീവികൾ
ഇടയ്ക്ക് കെട്ടിയുണ്ടാക്കുന്ന തൂക്കുപാലത്തിന്റെ പേരാണ് ജീവിതം!

ചിലപ്പോഴൊക്കെ,
ആകാശത്തിൽ നിന്നും നേരെ
അദൃശ്യചങ്ങലകളാൽ കെട്ടിത്തൂങ്ങിക്കിടക്കുന്നോ
എന്ന് അതിശയിപ്പിക്കുന്ന,
രണ്ടു ഭാഗത്തും കൈവരികളില്ലാത്ത
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന
തൂക്കുപാലത്തിലെ നടത്തത്തിനിടയിൽ
മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും പൊടുന്നനെ ആലിംഗനം ചെയ്യാറുണ്ട്,
നെഞ്ചു കലങ്ങി പൊട്ടിക്കരയാറുണ്ട്,
മഴവില്ലു പോലെ പുഞ്ചിരിക്കാറുണ്ട്,
നിലനില്പിനായി പൊരുതാറുണ്ട്,
മതിവരാതെ പ്രണയിയ്ക്കാറുണ്ട്,
പിന്നെ മരിച്ചു വീഴാറുണ്ട്.

ജീവിതമേ! നിന്നെ തൂക്കിക്കെട്ടിനിർത്തിയിരിയ്ക്കുന്ന
ആ അദൃശ്യ തൂക്കുകയറുകളെ ഞാൻ വിശ്വസിച്ചോട്ടെ?
എന്റെ ആ സമാന്തരാന്യ ലോകത്തേയ്ക്ക്
എന്നെങ്കിലുമെന്നെ നീയെത്തിക്കില്ലേ?

ഞാനിതാ... ഇവിടെ..ഇവിടെ നില്പുണ്ട്!
ഈ വക്കത്ത്..
മേഘക്കുഞ്ഞുങ്ങൾ അങ്ങിങ്ങായി പൊന്തിക്കിടക്കുന്ന
നിലം കാണാത്തത്രയും അഗാധതയിലേക്കു നോക്കി
ചുറ്റുമുള്ള പച്ചക്കാടിന്റെ വന്യതയിലേക്കു ആകർഷിയ്ക്കപ്പെട്ട്
രണ്ടു കൈകളും വിശാലമായി ഇരുഭാഗങ്ങളിലേക്കും നീട്ടിപ്പിടിച്ച്
എന്റെ ഹൃദയം മിടിയ്ക്കുന്ന മിടിപ്പിനെ കാതോർത്ത്...
കണ്ണടച്ച്,
ചിറകുവിരിച്ച്,
ഒറ്റയ്ക്ക്....