Friday, November 28, 2014

രണ്ടു പാട്ടുകൾ



റഫീക് അഹമ്മദ് എഴുതിയ വരികൾ ചിലത് ഒരു പോറൽ ആയി ഇപ്പോഴും ഉള്ളിൽ കിടക്കാറുണ്ട്. ആദ്യമായി ആ വരികൾ എന്റെ ഉള്ളിൽ തീർത്ത നോവ് ഈ പാട്ടിലൂടെ ആയിരുന്നു. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഒരേ നൊമ്പരമാണ്, ഒരേ മിസ്സിങ് ആണ്, അന്ന് കേട്ടപ്പോൾ തോന്നിയ അതേ നഷ്ടബോധമാണ്, അനാഥത്വമാണ്. എം.ജയചന്ദ്രന്റെ സംഗീതം.

ഇത്തരത്തിലുള്ള റഫീക് അഹമ്മദിന്റെ പാട്ടുകളിൽ വരികൾ തന്നെയാണ് കൂടുതൽ ജ്വലിച്ച് കാണുക, ഉദിച്ചു കേൾക്കുക. സംഗീതം വരികളെ ഏറ്റെടുത്തു കൊണ്ടുപോകുന്ന ഒരു ടൂൾ മാത്രമായി മാറും. അത്രയും ലളിതമായ ഒരു റ്റ്യൂൺ, സംഗീതത്തിന്റെ സാങ്കേതികൾ മുഴുവൻ അപ്രസക്തമായി പോകുന്ന ഏറ്റവും ആർദ്രതയിൽ മുങ്ങിപ്പോകുന്ന ഇത്തരം റ്റ്യൂണുകൾ മതി, ആ പാട്ട് അത്രയും ഹൃദ്യമാകുവാൻ...

പണ്ട് റ്റി.വിയിൽ ശ്യാമാപ്രസാദിന്റെ ശമനതാളം എന്ന നോവലിനെ ആസ്പദമാക്കിണ്വാരാന്ത്യങ്ങളിൽ മാത്രം സംപ്രേക്ഷണം ചെയ്തിരുന്ന ടി.വി. സീരിയലിനു വേണ്ടി നിർമ്മിച്ച പാട്ടായിരുന്നു ഇത്. പി.ജയചന്ദ്രന്റെ ശബ്ദത്തിലായിരുന്നു അന്നത് റ്റി.വി.യിൽ കേട്ടിരുന്നത് എന്നാണോർമ്മ, അന്നത് ആ കഥാസന്ദർഭവും, കഥാപാത്രത്തിന്റെ അവ്സഥകളും എല്ലാം ചേർന്ന് ഈ ഗാനം പി.ജയചന്ദ്രന്റെ ശബ്ദത്തിൽ കേട്ട/കണ്ട അനുഭവം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അതിലെ വരികളും, സംഗീതവും ചേർന്നൊരു മാജിക് തീർച്ചയായും ഹൃദ്യമായിരുന്നു, ഉള്ളു തൊടുന്നതായിരുന്നു. പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഈ പാട്ട് തിരഞ്ഞിട്ട് കിട്ടിയില്ല. ആ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു മോഹം... കൊതി.
ആ സന്ദർഭത്തിലെ സ്ത്രീകഥാപാത്രത്തിനെ, ആ അവസ്ഥകളെ ശബ്ദം കൊണ്ട് തലോടുന്നതു പോലെയാണ് പി. ജയചന്ദ്രന്റെ വേർഷൻ ഇന്നോർത്തെടുക്കുമ്പോൾ എനിക്കു കിട്ടുന്ന ഫീൽ....




അങ്ങിനെ ആ കാലത്തിനു ശേഷം, ഒരുപാട് വർഷങ്ങൾക്കു ശേഷം ഇന്നു വീണ്ടും സമാനമായ മറ്റൊരനുഭവം തരുന്ന റഫീക് അഹമ്മെദും ഷഹബാസ് അമനും കൂടിച്ചേർന്നു തന്ന മറ്റൊരു പാട്ടാണീത്. ഉള്ളു തൊട്ടുണർത്തുന്ന, ഏതൊക്കെയോ നഷ്ടബോധങ്ങളെ ഉണർത്തിവിടുന്നു വീണ്ടും ഇത്. കുന്തം!
സംഗീതം ഇതിലും ഒരു ടൂൾ എന്നതിനപ്പുറത്തേയ്ക്ക് ചലിക്കുന്നതേയില്ല. ലളിതമായ ഒരു റ്റ്യൂൺ കൊണ്ട് നിർമ്മിച്ചെടുത്ത ഒരു അത്ഭുതമാണീ പാട്ട്.


മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ
ചിലതുണ്ടു മണ്ണിൻ മനസ്സിൽ...
പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളിൽ...



സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം
മണലിന്റെ ആർദ്രമാം മാറിടത്തിൽ
ഒരു മൗന ശില്പം മെനഞ്ഞു തീർത്തെന്തിനു
പിരിയുന്നു സാന്ധ്യവിഷാദമായി

ഒരു സാഗരത്തിൻ മിടിപ്പുമായി....


Monday, November 10, 2014

കിസ് ഓഫ് ലൗ

സമരങ്ങൾ ഒരു ജനക്കൂട്ടത്തിന്റെ ആത്മാവിഷ്ക്കാരം കൂടിയാണ്. അതിൽ ഓരോ പൗരന്റെയും ദാർശനിക/വൈകാരിക/ ജീവിതാനുഭവ തലങ്ങളുടെ, സമരം ചെയ്യുന്നതിനെന്തിനു വേണ്ടിയാണോ, ആരുടെ നേർക്കാണോ അവർക്ക് ഒരിക്കലും തള്ളിക്കളയാനാവാത്ത സൂക്ഷ്മമായ ചില ഭാവങ്ങൾ അടങ്ങിയിട്ടുമുണ്ടാകും. അതിന്റെ ചൂടുള്ള രക്തം അടിയൊഴുക്കായി വർത്തിക്കുന്നുണ്ടാവും.

ഒരു പ്രത്യേക സാമൂഹ്യ/സാംസ്ക്കാരിക/ രാഷ്ട്രീയ കാല പശ്ചാതലത്തിൽ ഉരുത്തിരിഞ്ഞു വരുന്നതാവുന്നതുകൊണ്ട് അതിന്റെ രാഷ്ട്രീയമാനങ്ങൾ അതിനു നൽകുന്ന വലിയൊരു സാമൂഹികോദ്ദേശ്ശം ഉണ്ട്, അതുകൊണ്ട് അത് ചിലപ്പോൾ പ്രതീകാത്മകവും ആവാം. സ്ത്രീകൾ ഒരു പുതപ്പ് പുതച്ച്, പുറത്തു കാണാവുന്ന ഭാഗങ്ങൾ - ചുമൽ, കാൽമുട്ടിനു താഴെയുള്ള ഭാഗങ്ങൾ - മറക്കാതെ, സമരം ചെയ്തത് അധികം ആയിട്ടില്ല. അതിലൂടെ സമരത്തിനു സർഗ്ഗാത്മകതയുടെ ചാരുത കൂടി കൈവരുന്ന സന്ദർഭങ്ങൾ ഉണ്ടാവാം. അധികാരപ്രയോഗത്തോടുള്ള കൂട്ടപ്രതിഷേധത്തിന്റെ  ഒരു പൊലിറ്റിക്കൽ സ്റ്റെയ്റ്റ്മെന്റ് ആണ്, ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ് ഒരു സമരം, അല്ലെങ്കിൽ പ്രതിഷേധത്തിന്റെ കനമുള്ള ഒരു മൗനം പോലും! മനുഷ്യന്റെ നൈസർഗ്ഗീകമായ ചോദന ആണ് റെസ്പോണ്ട് ചെയ്യുക, റിയാക്റ്റ് ചെയ്യുക എന്നത്. അത് അധികാരത്തിനു നേരെ ആകുമ്പോൾ അത് രാഷ്ട്രീയമാവും. അതുകൊണ്ട് ഒരു ചെറിയ അണു കുടുമ്പത്തിൽ അടുക്കളയിൽ നിന്നും കേൾക്കുന്ന ഏറ്റവും ചെറിയ ഒരു പെൺപ്രതിഷേധ സ്വരത്തിൽ പോലും രാഷ്ട്രീയം ഉണ്ട്. ആണ്മേധാവിത്വത്തിനെതിരെ അവൾ ഏറ്റവും സ്വാഭാവികതയിൽ ഉയർത്തുന്ന സ്വന്തം ശബ്ദമാണത്. അതിനെ 'രാഷ്ട്രീയം' എന്ന വാക്കിന്റെ 'പൊതുബോധം' കൊടുക്കുന്ന അരാഷ്ട്രീയതയുടെ കളത്തിലിട്ട് പുച്ഛിച്ചു തള്ളാനുള്ളതല്ല. അല്ലെങ്കിൽ ജീവിതത്തിന്റെ 'പ്രാക്റ്റിക്കാലിറ്റി' യുടെ പേരിൽ 'പെൺശബ്ദങ്ങൾ' മാത്രം സപ്രസ് ചെയ്ത് ഒടുങ്ങിത്തീരേണ്ടതുമല്ല. ഓരോ മനുഷ്യനും ഒരു സാമൂഹ്യജീവി കൂടി ആയിരിക്കുന്നിടത്തോളം കാലം അവളിൽ/അവനിൽ രാഷ്ട്രീയവും ഉണ്ടാവും. അതിനു ഏറ്റവും ചുരുങ്ങീത് അവനവനെ നിരന്തരം കേൾക്കുക, അവനവനെ തന്നെ കൂടുതൽ കൂടുതൽ അറിയുക എന്നതു മാത്രം മതിയാവും. അതിനൊന്നു തയ്യാറാവുക എങ്കിലും മതിയാവും. എന്റെ ജീവിതത്തിന് ഒരു രാഷ്ട്രീയമാനണ്ടെന്നെന്നെ  പഠിപ്പിച്ചത് എന്റെ ജീവിതം തന്നെയാണ്. രാഷ്ട്രീയം എന്നെ തേടി എന്റെ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കയറി വരുകയാണുണ്ടായത്. ഇന്നെനിക്ക് തുറന്നു പറയാനാവും ഞാനൊരു രാഷ്ട്രീയ ജീവിയാണെന്ന്. സാമൂഹ്യജീവിയാണെന്ന്. അതിലെനിക്കൊരു നാണക്കേടും തോന്നുന്നുമില്ല. പുസ്തകങ്ങൾ വായിച്ചും, പ്രവർത്തിച്ചും ഉണ്ടാക്കിയെടുത്ത, പഠിച്ചുണ്ടാക്കിയ രാഷ്ട്രീയ ബോധമാവില്ലെങ്കിൽ കൂടി എന്റെ ജീവിതം എനിക്കു പറഞ്ഞുതന്ന, സമൂഹത്തിൽ പുരോഗമനാത്മക  ചിന്തകൾ ഉണ്ടാവണമെന്നതിലെ രാഷ്ട്രീയമെങ്കിലും മനസ്സിലാകുവാനുള്ള ബോധം എന്നിലുണ്ട്  എന്നു തന്നെ വിശ്വസിക്കുന്നു. സോഷ്യൽ കണ്ടീഷനിംഗുകളെ നിരന്തരം തിരിച്ചറിയുക എന്ന അടിസ്ഥാനബോധമെങ്കിലും ഉണ്ടാവേണ്ട ആവശ്യകതയെ ഞാൻ മനസ്സിലാക്കുന്നു. നിറത്തിന്റെ പേരിൽ, ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരിൽ മനുഷ്യനെ തമ്മിൽ വർഗ്ഗീകരിക്കുന്ന ചീഞ്ഞ വ്യവസ്ഥകളെ, അതിനെ അന്ധമായി പിന്തുടരുന്ന മനോരോഗികൾക്കും, സ്ത്രീകൾക്കു നേരെ, ദളിതനു നേരെ, കുട്ടികൾക്കു നേരെ, സമൂഹത്താൽ അവഗണിക്കപ്പെടുന്ന സ്വവർഗ്ഗരതി തല്പരരായ ന്യൂനപക്ഷമായ ഒരു സമൂഹത്തിനെതിരെ, വേശ്യകൾക്കു നേരെ എല്ലാം എല്ലാം ഉപയോഗിക്കപ്പെടുന്ന ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള അധികാരപ്രയോഗങ്ങൾക്കെതിരേയും ഞാൻ നിലകൊള്ളുകയും ചെയ്യും. അധികാരപ്രയോഗം നടത്തുന്നത് ഒരു മതമാണെങ്കിലും, മതസംസ്ക്കാരമാണെങ്കിലും ഇനി രാഷ്ട്രീയപ്രസ്താനങ്ങളായും, അധികാരവ്യവസ്ഥയായാലും, ആരായാലും.

പറഞ്ഞുവന്നത്, കഴിഞ്ഞ ദിവസം എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചുംബനസമരത്തിനെതിരേ നടന്ന പ്രതിഷേധങ്ങൾ തികച്ചും ബുദ്ധിശൂന്യങ്ങളായി, അർത്ഥമില്ലാത്ത ജല്പനങ്ങളായി പലയിടത്തും ചിന്നിച്ചിതറി വീഴുന്നതു കാണുമ്പോൾ അത് ആശാവഹമായി തോന്നുന്നു. പ്രതിഷേധക്കാർക്ക് ഏറ്റവും അധികം പേടി ചുംബനം കഴിഞ്ഞ് ഇനി അത് അതിന്റെ 'അടുത്ത തലമായ' (അതാരു കണ്ടുപിടിച്ചു എന്നറിയില്ല) ലൈംഗീകതയിലേക്കു പരസ്യമായി കടന്നാലോ എന്നായിരുന്നു! അതിനവർ ഉയർത്തുന്ന വാദങ്ങൾ, മനുഷ്യൻ മൃഗങ്ങളെ പോലെയല്ല, അവന് ഇത്തരം കാര്യങ്ങൾക്ക് സ്വകാര്യത ആവശ്യമുണ്ട്, മലമൂത്രവിസർജ്ജനം പരസ്യമായി മനുഷ്യൻ  ചെയ്യുമോ എന്നൊക്കെയുള്ള വിചിത്രങ്ങളായ വാദങ്ങളായിരുന്നു. സമരം എന്നാൽ എന്ത്, സമരത്തിന്റെ പ്രസക്തിയെന്ത് , സമരം ചെയ്യുന്നവർ മനുഷ്യരാണെന്നു പോലും വിസ്മരിച്ചു കൊണ്ട് ചുംബനത്തേയും ലൈംഗീകതയേയും കേട്ടപാടെ ഒറ്റത്തട്ടിൽ കൂട്ടിക്കെട്ടി എന്തിനെയൊക്കെയോ സംരക്ഷിക്കാനെന്ന ഭാവേന, ആരൊക്കെയോ സംരക്ഷിക്കാനെന്ന ഭാവേന അവരെല്ലാം എന്തിന്റെയൊക്കെയോ പേരിൽ ഈ ചുംബന സമരത്തെ ഒരുപോലെ ഭയന്നു! അതിനെ തടയണമെന്ന് ഒരേ ശബ്ദത്തിൽ നിലവിളിച്ചു. ഈ സ്യൂഡോ 'സംരക്ഷക' മനോഭാവത്തിന് സദാചാരം എന്നു പേരും ചാർത്തി കൊടുത്തു.

ഇത്തിരി സാമാന്യം ബേസിക് ബോധമുള്ള ആർക്കും തോന്നാവുന്ന ചിലത് ചോദിച്ചോട്ടെ?

1) സമരം ചെയ്യാൻ വന്നവർ ലൈംഗീകത ആസ്വദിക്കുന്നതിനു വേണ്ടി ചുംബിക്കാൻ വന്നവരായിരുന്നില്ല, അങ്ങിനെ അവർ പറഞ്ഞിട്ടുമില്ല. ചുംബനം എന്നത്, പരസ്പരം ചുംബിക്കുന്നത് അവർ തിരഞ്ഞെടുത്ത ഒരു സമരമുറ ആണെന്ന് അവർ പറയുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. അതും പരസ്പരം ചുണ്ടിൽ ചുംബിക്കുന്നതു തന്നെ. അല്ലാതെ അമ്മ കുഞ്ഞിനെ ചുംബിക്കുന്നതോ, മകൾ അച്ഛനെ ചുംബിക്കുന്നതോ, ആയ 'സെയ്ഫ്' ചുംബനങ്ങളെയല്ല തന്നെ അവർ ഉന്നം വെച്ചത്. സാക്ഷാൽ പ്രണയചുംബനങ്ങൾ തന്നെയാണ് ഉദ്ദേശ്ശം. :)

2) ലൈംഗീകതയെ മാത്രം ഉദ്ദേശ്ശിച്ചു കൊണ്ടാണോ ഒരാൾ ഒരാളെ ചുംബിക്കുന്നത്? ഇനി ആണും പെണ്ണും തമ്മിൽ ചുംബിച്ചാൽ തന്നെ അത് ലൈംഗീകതക്കുള്ള മുന്നോട്ടമായാണ് എന്നെങ്ങിനെ തീർപ്പു കല്പിച്ച് അതിനു മുന്നേ പ്രതിഷേധങ്ങളുമായി ആയുധമെടുക്കാം?

3) സ്നേഹം തോന്നുമ്പോൾ പലപ്പോഴും വാക്കുകളേക്കാൾ ആഴത്തിൽ അത് പ്രകടിപ്പിക്കാൻ വേണ്ടിയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഉമ്മ വെക്കുന്നത്. ഈ ഉമ്മ 'ഏതു തരം' ഉമ്മയാണെന്നൊക്കെ ആലോചിച്ചുണ്ടാക്കി ആരെങ്കിലും ഉമ്മ വെക്കുമോ? 'കാമം' കൊണ്ടുള്ള ഉമ്മയാണെങ്കിലും ശരി, ഒരു കുഞ്നിനെ ഉമ്മ വെക്കുന്നതായാലും, ഏതു തരം ഉമ്മയാണെങ്കിലും ശരി, ലോകത്ത് ഇത്രയും നിഷ്ക്കളങ്കമായി സ്നേഹത്തിൽ സ്വയം ഇല്ലാതായി, രണ്ടുപേർ ഒന്നായിമാറുന്ന ഒരു പ്രവൃത്തി മറ്റൊന്നില്ല തന്നെ. ആയിരം വാക്കുകൾ പുതുതായി ഇനി ഉണ്ടാക്കിയെടുത്താൽ പോലും അതിനു പകരമാവില്ല കണ്ണടച്ചുള്ള, സകല സ്നേഹവും പങ്കാളിക്കു കൊടുത്തുകൊണ്ടുള്ള ഒരു ഉമ്മ!  അത് പ്രണയിക്കുന്നവർ തമ്മിലാണെങ്കിൽ അതിന് തീർച്ചയായും മാറ്റ് കൂടും. പ്രണയിച്ചവർ, പ്രണയിക്കുന്നവർ ഒരുതവണ എങ്കിലും ഉമ്മ കൈമാറാതെയോ അതിനാഗ്രഹം പ്രകടിപ്പിക്കാതെയോ പ്രണയം പൂർണ്ണമാവുന്നില്ല എന്നതാണ്
യാഥാർത്ഥ്യം. ലൈംഗീകതക്കുള്ള പ്രസക്തി പോലും പിന്നീടാണ് വരുന്നത്, അത് തീർത്തും വ്യക്തിപരങ്ങളാണു താനും! ലൈംഗീകത എന്ന ഒരു സംഗതിക്കു പ്രസക്തിയേ വരാത്ത ഈ സമരത്തിൽ ആ വാക്കിനെ കൊണ്ടുവന്ന് കൂട്ടിക്കെട്ടിയവർ, ഒരിക്കൽ പോലും സ്നേഹം കൊണ്ടു മാത്രം, ലൈംഗീകതക്കു വേണ്ടിയല്ലാതെ എതിർലിംഗത്തിൽ പെട്ട ആരെയും ഉമ്മ വെച്ചുപോകരുതെന്നാണോ പറയുന്നത്? ലൈംഗീകത എന്നത് തീർത്തും രണ്ടുപേർ തമിലുള്ള വ്യക്തിപരമായ, അവരുടെ ഏറ്റവും സ്വകാര്യ നിമിഷങ്ങളിൽ ഒന്നാണെന്നിരിക്കേ അത് പരസ്യമായിപ്പോകുമോ എന്നു പേടിച്ച് ഇത്രയെല്ലാം രോഷാകുലരാവുന്നതിലെ മണ്ടത്തരം ഒന്നു ചിന്തിച്ചുനോക്കാമോ? ഏതെങ്കിലും മനുഷ്യർ, അതും കേരളം പോലുള്ള സംസ്ഥാനത്ത്, പരസ്യമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ ഒരുമ്പെടുമോ? ഇനി അഥവാ അങ്ങിനെ ഒന്നു സംഭവിച്ചു പോയാൽ തന്നെ, "അവരായി അവരുടെ പാടായി, അവർക്ക് സ്നേഹം മൂത്തിട്ടാവും" എന്നു പറഞ്ഞ് അവനവന്റെ പാട് നോക്കിപ്പോവാൻ ഈ പ്രതിഷേധിക്കാൻ വന്നവരിൽ എത്ര പേർക്ക് സാധിക്കും? എത്ര പേർക്ക് അതിനുള്ള മനക്കട്ടി ഉണ്ടാകും?
എല്ലാം പോട്ടെ, ഇത്രയൊക്കെ ഇതിനെ എതിർത്തുവല്ലോ, ഇത് തികച്ചും രണ്ടുപേർ പൂർണ്ണസമ്മതത്തോടെ ബലപ്രയോഗമേ ഇല്ലാതെ പരസ്പരം ചുംബിക്കുന്നതേ ഉള്ളു എന്നിരിക്കേ , അതിനെ എതിർക്കുകയും, മറിച്ച് ഒരു സെക്ഷ്വൽ അബ്യൂസ് നടന്നാലോ, ഒരു പുരുഷൻ സ്ത്രീയെ നോക്കിയാൽ പോലുമോ, സമ്മതം കൂടാതെ തൊടുകയോ, തോണ്ടുകയോ, ശരീരത്തെ കുറിച്ചുള്ള കമന്റുകൾ പാസ്സാക്കുകയും ചെയ്യുമ്പോൾ ഒക്കെ, ഏറ്റവും എളുപ്പത്തിൽ അത് ആ സ്ത്രീയുടെ /പെൺകുട്ടിയുടെ കയ്യിലിരുപ്പ് കൊണ്ടാണ് എന്നു പറയാൻ എന്തേ ഒരു പ്രശ്നവുമില്ലാത്തത്? എന്തുകൊണ്ട് ഒരു ബലാൽസംഗക്കേസിൽ, രണ്ടു പേരുടെ അടുത്തും തെറ്റുണ്ടാവും എന്നു പറയാൻ മടിയില്ലാത്തത്? എന്തുകൊണ്ട് ഈ 'സംരക്ഷകർ' അവിടെ ആയുധവും എടുത്ത് എതിർക്കുന്നില്ല? അപ്പോൾ അത് വെറുമൊരു കപടസദാചാരബോധമല്ലേ?

ഒരേ ഒരു കാര്യം മാത്രം. ചുംബനവും ലൈംഗീകതയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട് പ്രിയപ്പെട്ട സദാചാര സാംസ്ക്കാരിക രക്ഷാകർത്താക്കളേ...!

മറ്റൊന്ന്, സദാചാരസംരക്ഷകർ കരുതുന്ന, ഒരു പരസ്യ ചുംബനം കൊണ്ട് തകർന്നടിയാൻ പോകുന്ന ഈ സംസ്ക്കാരം. എന്താണീ സംസ്ക്കാരം? ചെറിയ ഒരു ഉദാഹരണം -
കുട്ടിക്കാലത്ത് അനുസരിക്കുക, ശാസനകളെ ശിരസാ വഹിക്കുക എന്നീ രണ്ടു പോയന്റുകളിൽ തൂങ്ങിയായിരുന്നു ജീവിതം കഴിച്ചുക്കൂട്ടിയിരുന്നത്. മുതിർന്നവർ ശാസിക്കുമ്പോൾ, ഉള്ളിൽ വരുന്ന ചോദ്യങ്ങളെ കടിച്ചമർത്തി മിണ്ടാതെയിരിക്കുക വഴി, മുതിർന്നവർ എന്തു പറഞ്ഞാലും അതാണു ശരി, ഞാൻ വിചാരിക്കുന്നതെന്തോ, വിചാരിക്കുന്നതോ ആണ് തെറ്റ് എന്ന ഒരു ധാരണ പതുക്കെ പതുക്കെ മനസ്സിൽ ഉറഞ്ഞുകൂടി. അതു തന്നെയാണ് ഈ സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആയി കാണിക്കുന്ന ഗുരുഭക്തി സംസ്ക്കാരത്തിന്റെ വലിയൊരു പ്രശ്നവും, അതിന്റെ ഉദ്ദേശ്ശവും! അവനവനു മീതെയുള്ള 'പോസ്റ്റു'കളോടൊക്കെ ഭക്തി.ഭക്തിയിൽ ചോദ്യങ്ങൾ ഇല്ല. അനുസരിക്കൽ മാത്രമേ ഉള്ളു. വിധേയത്വം മാത്രമേ ഉള്ളു. പൂജാരിയോട് ഭക്തി മൂത്ത് 'തിരുമേനി' ആവുന്നത് മുതൽ വീടുകളിൽ പണിക്കു വരുന്നവർ വീട്ടുക്കാരെ വിളിക്കുന്ന 'തംബ്രാ' 'തംബ്രാട്ടി' വിളികളിൽ വരെ പ്രവർത്തിക്കുന്നത് മറ്റെന്താണ്? തിരിച്ചും അതേ വീട്ടുകാർ പണിക്കു വരുന്നവരെ, അവൾ/അവൻ, നീ, എടീ/പോടീ.. എന്നൊക്കെ അധികാരത്തോടെ, അഭിമാനത്തോടെ പ്രായഭേദമെന്യേ ഉപയോഗിച്ചു വരുന്നതെന്തുകൊണ്ടാണ്?
ഭാര്യമാർക്ക് ഭർത്താക്കന്മാരെ പേരു വിളിക്കാൻ ഇനിയും കഴിയാത്തതെന്തുകൊണ്ടാണ്?

ഇതേ വികാരങ്ങൾ തന്നെയാണ് കുടുംബങ്ങളിൽ അച്ഛനും അമ്മയും കുട്ടികളും തമ്മിൽ ഉണ്ടാവുന്നതും. അച്ഛൻ ഏറ്റവും വലിയ അധികാരിയായി കുടുംബനാഥനായി വർത്തിക്കുമ്പോൾ അമ്മ രണ്ടാമത്തെ 'സിറ്റിസൻ' ആണ്. കുട്ടികൾ മൈനോരിറ്റി വിഭാഗത്തിലും പെടുന്നു. കുട്ടികളെ ശാസിക്കുകയും, തന്റെ വിധേയതവ്ത്തിൽ നിർത്തുകയും ചെയ്ത്, അവരെ നേർവഴിക്കു നടത്തുക എന്നതാണ് പരമമായ ലക്ഷ്യം. അത് അമ്മയുടെ ഉത്തരവാദിത്തം. കുട്ടികളേയും അമ്മയേയും ഒരുപോലെ നോക്കി, നേർവഴിക്കു നടത്തേണ്ടത് അച്ഛന്റെ ഉത്തരവാദിത്തവും! അച്ഛന് കുട്ടികളെ എന്നല്ല, അമ്മയോട് വരെ കയർക്കാം, എന്നാൽ അമ്മക്ക് കുട്ടികളോട് മാത്രമേ കയർക്കാനാവൂ! :) :) ചുരുക്കത്തിൽ 'ശരിയായ' മാർഗ്ഗത്തിലേക്ക് അമ്മയേയും കുട്ടികളേയും നയിക്കലാണ് ഒരു നല്ല അച്ഛന്റെ കടമ. കുടുംബനാഥന്റെ തീരുമാനങ്ങളാണ് കുടുംബത്തിലെ അവസാന തീരുമാനം! ഇതാണ് ഒരു 'നല്ല' കുടുമ്പനടത്തിപ്പിന്റെ ഏകദേശ രൂപം. കുടുംബം അങ്ങിനെയാണ് ഒരു സദാചാരവിഹാരകേന്ദ്രമാകുന്നത്! :) അതോടെ മലയാളികളുടെ ഏറ്റവും നല്ല 'കുടുംബചിത്രങ്ങളായി' ( എന്നുവെച്ചാൽ ഭർത്താവിനെ അവന്റെ  ഇംഗിതമനുസരിച്ച്, അവനെ സേവിച്ച്, സാമൂഹ്യപൊതുബോധങ്ങളോട് പൊരുതാതെ, അടങ്ങിയൊതുങ്ങി, പ്രാക്റ്റിക്കൽ ആയി/ ശരാശരി മലയാളിയുടെ പ്രശ്നങ്ങളെ സ്വയം പൊരുതി നേരിട്ട്, നന്മ/തിന്മകളെ അനുസ്അരിച്ച് ജീവിച്ചു കാണിച്ചു തരുന്ന പുരുഷകേന്ദ്രീകൃതങ്ങളായ സിനിമകൾ എന്നർത്ഥം)  അറിയപ്പെടുന്ന സത്യനന്തിക്കാടിന്റെ സിനിമ കാണാൻ കുടുംബങ്ങൾ കൂട്ടത്തോടെ 'ധൈര്യമായി' സിനിമക്കു പോകുന്നു. സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ 'ഉമ്മകൾ' സദാചാരവിരുദ്ധമാവുന്നില്ലാത്തേന്റെ കാരണം ഇതുതന്നെ. :) എന്നാൽ മറുവശത്ത് മാധവിക്കുട്ടി ഉമ്മ വെച്ചതോ, ശരീരവർണ്ണന നടത്തിയതോ, മോഹങ്ങൾ, ഇഷ്ടങ്ങൾ തുറന്നു പറയുന്നതോ, നഗ്നതയെ കുറിച്ച് ഉറക്കെ പറഞ്ഞതോ എല്ലാം മലയാളിക്ക് സദാചാരവിരുദ്ധവുമായി. :)  കാരണം ലളിതം. സ്ത്രീകൾ എപ്പോഴും പുരുഷനു തൊട്ടുതാഴെ നിൽക്കേണ്ടവളാണ്, ഉറക്കെ പറയാനുള്ള മോഹങ്ങളൊ ആഗ്രഹങ്ങളോ ആവരുത് അവളുടേത്, സ്ത്രീയെ നിർമ്മിച്ചെടുത്തത് തന്നെ എല്ലാം സഹിക്കാനുള്ള പുരുഷനേക്കാൾ ഉള്ള കഴിവു കൊണ്ടാണ്, തുടങ്ങിയ പൊതുബോധം തന്നെ. ചുരുക്കത്തിൽ സോ കോൾഡ്  'കുടുംബസദാചാരവും' ആത്യന്തികമായി ഉന്നം വെക്കുന്നത് സ്ത്രീകളെ തന്നെ.

ഇന്നും പറഞ്ഞാൽ 'അനുസരിക്കാത്ത' കുട്ടികളോട് അമ്മമാർ പറയുന്ന സ്ഥിരം വാചകമുണ്ട് - 'ദാ അച്ഛൻ ഇപ്പൊ വരും ട്ടോ, അച്ഛനോട് പറഞ്ഞുകൊടുക്കും ട്ടോ'- എന്ന്. എന്നിട്ട് അഭിമാനത്തോടെ പറയും- അവന്/ അവൾക്ക് എന്നെ പേടിയില്ല, അച്ഛനെ നല്ല പേടിയാ!- എന്ന്!!! :)

സ്ത്രീകളോടും പെൺകുട്ടികളോടും ഉള്ള പുരുഷസമീപനങ്ങൾക്ക്, അതിന്റെ അധികാരപ്രവർത്തനങ്ങൾക്ക് വളം വെച്ചുകൊടുക്കുന്ന വിധത്തിലാണ് ഈ പറയുന്ന 'സംസ്ക്കാരം' ത്തിന്റെ അടിത്തറ മുഴുവൻ.  അതിനെ പിൻപറ്റി വരുന്ന ആചാരങ്ങളോരോന്നും! എത്ര സ്ത്രീ/പെൺ വിരുദ്ധമാണ്, ജാതീയതയെ പിന്താങ്ങുന്നതാണ് സത്യത്തിൽ പല ആചാരങ്ങളും!

കിസ് ഓഫ് ലൗ എന്ന ഈ സമരം അതുകൊണ്ട് സ്ത്രീകൾക്ക് ഇനിയും ഈ സമൂഹത്തിൽ ലഭിക്കാതെ പോകുന്ന തുല്യാവകാശങ്ങൽക്കു വേണ്ടിയുള്ള സമരം കൂടിയാവുന്നത് അങ്ങിനെയാണ്. അല്ലാതെ കാമാസക്തി പൂണ്ട് ചുംബിക്കാൻ വന്ന പെൺകുട്ടികളോ ആൺകുട്ടികളോ ആയിരുന്നില്ല അവർ. കുട്ടികൾ ചെയ്യുന്നതെല്ലാം വിഢിത്തരങ്ങൾ, പാകതയില്ലായ്മകൾ, 'നമ്മളൊക്കെ എത്ര ജീവിതം കണ്ടു!' എന്ന ഫ്യൂഡൽ മനോഭാവം വെച്ചു പുലർത്തുന്ന സ്ത്രീപുരുഷ്ന്മാർക്കാർക്ക് ആർക്കും ഈ സമരത്തേയും ഉൾക്കൊള്ളാനാവില്ല എന്നത് സ്വാഭാവികം മാത്രം.

അതുകൊണ്ട് ഈ സമരത്തിന് അതിന്റെ പ്രസക്തി നഷ്ടമാവുന്നില്ല. ഈ യുവത്വത്തിന്റെ ആർജ്ജവം, അവരുടെ പുരോഗമനപരമായ ചിന്തകൾ, ലിംഗസമത്വത്തിന്റെ, സാമൂഹ്യപുരോഗതിയിലേക്കു നയിക്കുന്ന ആദ്യത്തെ ചുവടു തന്നെ എന്നു പലരും നിരീക്ഷിച്ചതിനോട് പൂർണ്ണമായും യോജിക്കുന്നു.

ഇനി, ഇത്രയൊക്കെ പറഞ്ഞുവല്ലോ, സമരത്തിൽ പോയി പങ്കെടുത്ത് കിസ് കൊടുക്കാഞ്ഞതെന്തേ എന്നൊക്കെ ചോദിച്ചാൽ, നിവർത്തിയില്ല, പരസ്യമായി ചുംബിക്കണോ വേണ്ടയോ എന്നത് ഞാൻ തീരുമാനിക്കുന്ന എന്റെ വ്യക്തിപരമായ വിഷയമാണ്. പക്ഷേ അത് ഈ സമരത്തെ അനുകൂലിക്കുവാനോ, ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനോ ഒരു തടസ്തമാണെന്നും കരുതുന്നില്ല എന്നുത്തരം.