Tuesday, March 17, 2009

അടുക്കളയിലെ കൃഷി

കഴിഞ്ഞ ഒരു ആഴ്ചയിൽ അമൃതാ ടി.വി.യിലെ സഖി എന്ന പരിപാടിയിൽ, വെള്ളായനി കാർഷിക കൊളേജിലെ പ്രൊഫസറായ ശ്രീ. V.G.പത്മനാഭനുമായുള്ള ഒരു അഭിമുഖം ശ്രദ്ധിയ്ക്കാനിടയായി. സ്വന്തം വീട്ടിൽ ടെറസ്സു കൃഷി പരീക്ഷിച്ച്‌ നല്ല രീതിയിൽ തന്നെ വിജയം കൈവരിച്ച ഒരു 'കൃഷിക്കാരൻ' കൂടിയാണിദ്ദേഹം.

ടെറസ്‌ കൃഷി എന്ന ഒരാശയത്തോട്‌ തോന്നാറുള്ള ആകർഷണം, അതിനുപുറമേ ബ്ലോഗെന്ന അനുകൂലഘടകവും കൂടിചേർന്നപ്പോൾ ഈ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളൊന്നു കുറിച്ചുവെയ്ക്കണമെന്നു തോന്നി. കുട്ട്യോൾടെ പരീക്ഷാതിരക്കു കഴിഞ്ഞ്‌ പോസ്റ്റ്‌ ചെയ്യാൻ ഇപ്പോഴാണു സമയം കിട്ടിയത്‌.

അപ്പൊ തുടങ്ങാം ലേ..

പച്ചക്കറികൃഷിയുടെ പ്രസക്തി.

അദ്ദേഹം പറയുന്നു-
മുതിർന്ന ഒരാൾക്കു ഒരു ദിവസം ഏകദേശം 300ഗ്രാം പച്ചക്കറി ആവശ്യമാണ്‌.
അതായത്‌
120 ഗ്രാം ഇലക്കറികൾ - മുരിങ്ങ, ചീര, പയർ മുതലായവ.
80 ഗ്രാം കിഴങ്ങുവർഗ്ഗങ്ങൾ - മുട്ട, മരച്ചീനി, ചേന, ചേമ്പ്‌, കൂർക്ക, കാച്ചിൽ തുടങ്ങിയവ.
100 ഗ്രാം മറ്റു കായവർഗ്ഗപച്ചക്കറികൾ - വെണ്ട, വഴുതിന, കത്രിക്ക തുടങ്ങിയവ.

ഈയൊരു കണക്കു വെച്ചാൽ തന്നെ, ഒരു കുടുമ്പത്തിലേയ്ക്ക്‌ 300 ഗുണം 4-1 1/4 കിലോ പച്ചക്കറി ആവശ്യമായി വരുന്നു.
ഇവിടെയാണ്‌ ഓരോ കുടുമ്പവും അവനവന്റെ ആവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്യുക എന്ന ആശയത്തിനുള്ള പ്രസക്തി ഏറുന്നത്‌. നല്ല ഗുണനിവലവാരമുള്ള എല്ലാ തരത്തിലുള്ള പച്ചക്കറികളും നമ്മുടെ കൈപ്പാട്ടിൽ എളുപ്പത്തിൽ ലഭിയ്ക്കുന്നു എന്നത്‌ അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികൾ ഇറക്കുമതി ചെയ്യേണ്ടി വരുന്ന കേരളത്തിൽ ഒട്ടും ചെറിയ കാര്യമാകുന്നില്ല. അതും മണ്ണില്ലാത്തവർക്കു ടെറസ്സിൽ പോലും ചെറിയതോതിലെങ്കിലും കൃഷി ചെയ്യാമെന്നതു വലിയൊരാശ്വാസം തന്നെയാണു.
കൃഷി ചെയ്യണമെന്ന ഒരു തോന്നൽ വന്നാൽ പിന്നെ സത്യത്തിൽ ഏതുതരം പച്ചക്കറിയും, വളപ്പില്ലാത്ത വീടുകളിൽ പോലും അതിന്റെ ടെറസിൽ തന്നെ ചെയ്യാവുന്നതാണ്‌. പടരുന്നവ പോലും കയർ കെട്ടിക്കൊടുത്തോ, ഓല വെട്ടിയിട്ടു കൊടുത്തോ ഒരു ടെറസ്സിൽ ധാരാളം വളർത്താവുന്നതാണെന്നു പറയുന്നു അദ്ദേഹം.



ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

പ്രധാനമായും ചെറിയ ഒരു ടെറസുള്ളവർക്കു പോലും ചെയ്യാവുന്ന കൃഷിയാണ്‌ ഇഞ്ചി, വാഴ, പപ്പായ, കറിവേപ്പില മുതലായവ. ഇവ ചെടിച്ചട്ടിയിലും ചെയ്യാവുന്നതേയുള്ളൂ.
കൂടാതെ മേൽ പ്രതിപാദിച്ച എല്ലാത്തരം പച്ചക്കറികളും ടെറസ്സിൽ കൃഷി ചെയ്യാം.
മാത്രമല്ല, പച്ചക്കറി കൃഷി എല്ലായ്പ്പോഴും (എല്ലാ കാലങ്ങളിലും) ചെയ്യാവുന്ന ഒന്നാണ്‌. മട്ടുപാവിൽ കീടശല്യം താരതമ്യേന കുറവായിരിയ്ക്കുകയും ചെയ്യും. നടൽവസ്തു അടുത്തുള്ള എല്ലാ അഗ്രികൾചറൽ കോളേജുകളിലും ലഭ്യമാണ്‌.
പ്ലാസ്റ്റിക്‌ ചാക്കുകളിൽ അതായത്‌ വളചാക്ക്‌, സിമന്റ്‌ ചാക്കു തുടങ്ങിയവയിൽ ടെറസ്സിൽ കൃഷി ചെയ്യുന്നത്‌ എളുപ്പമാണ്‌. എലി ശല്യം കുറഞ്ഞുകിട്ടും, മാത്രമല്ല താഴെ സുഷിരങ്ങൾ ആവശ്യമായിവരുന്നില്ല, വെള്ളം താനേ ഊർന്നു പോകും. നേരെമറിച്ച്‌ പോളിത്തീൻ കവറുകളിൽ സുഷിരങ്ങൾ ആവശ്യമാണുതാനും. ചാക്കിൽ കിഴങ്ങുവർഗ്ഗങ്ങൾ നന്നായി വളരുമത്രേ.

ചാക്കിലെ കൃഷിയ്ക്കു ലഭിയ്ക്കുന്ന മറ്റൊരു സൗകര്യമാണ്‌, ചാക്കിന്റെ കാൽഭാഗം മണ്ണിട്ട്‌ പരത്തിയ ശേഷം, ചെടി വെച്ച്‌ ബാക്കി മുകളിലുള്ള കാൽ ഭാഗം മടക്കിവെയ്ക്കാം എന്നത്‌, ആവശ്യമുള്ളപ്പോൾ നിവർത്തിവെച്ചാൽ നല്ല തണലും ഇതു നൽകുന്നു.

ചെറിയ വിത്തുകളായ ചീര, മുളക്‌, തക്കാളി, വഴുതന, എന്നിവ പാകി മുളപ്പിയ്ക്കാം. വലിയ വിത്തുകളായ വെണ്ട, പയർ, പടവലം, പാവൽ എന്നിവ നേരിട്ടു നടാം.
ഒരു ചാക്കിൽ രണ്ടു ചെടി, രണ്ടു പോയിന്റുകളിലായി നടാം. സ്പെയർ എന്ന രീതിയിലാണ്‌ ഒരു ചാക്കിൽ രണ്ടെണ്ണം എന്നതിന്റെ ഉദ്ദേശ്ശം. ഒന്നു പിടിച്ചെല്ലെങ്കിൽ മറ്റതെടുക്കാം എന്നതു തന്നെ.
3 ആഴ്ച കഴിയുമ്പോൾ അതു പറിച്ചെടുത്ത്‌ വേറൊരു ചാക്കിലേയ്ക്കു മാറ്റി നടാം.

മണ്ണ് മിശ്രിതം തയ്യാറാക്കേണ്ടുന്ന വിധം :

ചാക്കിൽ ഏറ്റവും താഴെ മണ്ണു പരത്തുക. അതിലേയ്ക്കു കുറച്ച്‌ മണൽ ചേർത്താൽ നല്ല വായുസഞ്ചാരം ലഭിയ്ക്കും. കൂട്ടത്തിലേയ്ക്കു തൊണ്ടിന്റെ കഷ്ണങ്ങൾ, ചകിരി തുടങ്ങിയ വെള്ളം വലിച്ചെടുത്ത്‌ ഈർപ്പം നിലന്ര്ത്താൻ സഹായിയ്ക്കുന്ന തരത്തിലുള്ളവ ചേർക്കാം. 100ഗ്രാം വേപ്പും എള്ളുപൊടിയും ചേർക്കാം- ഫോസ്ഫറസിനായി.
പിന്നെ അഴുകിയ കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവയും ചേർക്കാം.
(ചാണകപ്പൊടിയ്ക്കു വില കൂടുമ്പോൾ രണ്ടുഭാഗം മണ്ണിലേയ്ക്കു ഒരു ഭാഗം മാത്രം ചാണകപ്പൊടി മതിയാവും)



വെള്ളം, വളം, ശുശ്രൂഷ.

സാധാരണയായി ചാക്കിലെ കൃഷിയ്ക്കു അരമഗ്‌, ഒരു മഗ്‌ വെള്ളം ധാരാളം മതി. അതിനായി പാത്രം കഴുകുന്ന വെള്ളം, കുളി വെള്ളം തുണി കഴുകുന്ന വെള്ളം എല്ലാം ഉപയോഗിയ്ക്കുന്നാവുന്നതാണ്‌. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിയ്ക്കേണ്ടതാണ്‌. എന്നാൽ മണ്ൺ മിശ്രിതം, ചെടിയുടെ പ്രായം, കാലാവസ്ഥ എന്നിവയെയൊക്കെ ആശ്രയിച്ച്‌ വെള്ളത്തിന്റെ അളവു കൂട്ടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്‌. അത്‌ പ്രവൃത്തിപരിചയത്തിലൂടെ മനസ്സിലാക്കാവുന്നതു തന്നേയും.

വീട്ടിൽ കൃഷി ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ്‌, വീട്ടിൽ നിന്നും കുറച്ചു ദിവസം മാറിനിൽക്കേണ്ടി വരുമ്പോൾ ചെടികൾക്കെങ്ങനെ നന ലഭിയ്ക്കുമെന്നത്‌. അതിനദ്ദേഹം പറഞ്ഞ രസകരമായ ഒരു മറുപടി നോക്കൂ-
"കൃഷി എന്നത്‌ ചെയ്യുന്നയാൾക്കു മാത്രം സ്വന്തമായുള്ളതല്ല, അത്‌ അയൽപ്പക്കക്കാർക്കു കൂടി അനുഭവിയ്ക്കാൻ സാദ്ധ്യമാക്കി നോക്കൂ- ഈ പ്രശ്നം വളരെയെളുപ്പത്തിൽ പരിഹരിച്ചെടുക്കാം!"
:)

വെറൊന്നു കൂടിയുണ്ട്‌, പാൽക്കവറുകളിൽ വെള്ളം നിറച്ച്‌, സൂചി കൊണ്ട്‌ വളരെ ചെറിയ ദ്വാരമുണ്ടാക്കി (സൂചിമുനയോളം തന്നെ ചെറുത്‌) ചാക്കിനുള്ളിൽ നിക്ഷേപിച്ചാൽ രണ്ടു ദിവസം വരേയുള്ള നനയ്ക്കൽ സുഗമമായി നടക്കും. Drip irrigation അഥവാ തുള്ളിനനയെ അനുകരിച്ചു കൊണ്ടുള്ള ഒരു രീതി കൂടിയാണിത്‌.

ഇനി, പ്രധാനപ്പെട്ട മറ്റൊന്ന് ടെറസ്‌ കൃഷിയ്ക്ക്‌ രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്‌ എന്നുള്ളതാണ്‌. കാരണം കോൺക്രീറ്റ്‌ കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത്‌ പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.

വളമായി ജൈവവളം, മണ്ണിര ക്മ്പോസ്റ്റ്‌ ഉപയോഗിയ്ക്കാം.

അസോള എന്ന വെള്ളത്തിൽ പൊങ്ങികിടന്നു വളരുന്ന സസ്യം നല്ലൊരു വളമാണെന്നു പറയുന്നു അദ്ദേഹം. ഇതിൽ 4 ശതമാനത്തോളം നൈട്രജൻ, 3 ശതമാനത്തോളം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചട്ടിണി, ഉഴുന്നു വട, തോരൻ ഇവയിലൊക്കെ ചേർത്ത്‌ മനുഷ്യർക്കും കഴിയ്ക്കാനുമുപയോഗിയ്ക്കാം, അതുപോലെ കൊഴിയ്ക്കും മറ്റും തീറ്റിയ്ക്കുമുപയോഗിയ്ക്കാമെന്നു പറയുന്നു അദ്ദേഹം. അസോളയെ കുറിച്ച് ഇവിടെ ഒരു പോസ്റ്റുണ്ട്.
പിന്നെ പച്ചിലകൾ, വൃത്തിയാക്കി കിട്ടുന്ന ഉണക്കയിലകൾ എന്നിവയും വളമായി ഉപയോഗിയ്ക്കാം.
ചാരം ഇടുക എന്ന രീതിയിൽ അദ്ദേഹം പറയുന്നത്‌ ഒരു നുള്ളു മതിയാവും എന്നതാണ്‌- പൊട്ടാഷിനു നല്ലതാണ്‌ ചാരം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക്‌, തേങ്ങാപിണ്ണാക്ക്‌, കപ്പലണ്ടിപിണ്ണാക്ക്‌, വേപ്പും പിണ്ണാക്ക്‌ ഇതൊക്കെ നല്ല വളങ്ങളാണ്‌. വേപ്പും പിണ്ണാക്കിടുമ്പോൾ ഉറുമ്പിന്റെ ശല്യം കുറയുന്നു.

വളരെ ഫലവത്തായ മറ്റൊന്നാണ്‌ മണ്ണിരകമ്പോസ്റ്റ്‌.

ഒരടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ സുഷിരങ്ങളിട്ട്‌ ചകിരി കൊണ്ടടയ്ക്കുക. (പ്ലാസ്റ്റിക്‌ പാത്രം ഒരു വലിയ ബേസിൻ പോലുള്ള പരന്ന പാത്രത്തിൽ ഒരൽപം വെള്ളം നിറച്ച്‌, മൂന്നിഷ്ടിക വെച്ച്‌ അതിനുമുകളിൽ വെച്ചാൽ ഉറുമ്പു ശല്യം കുറഞ്ഞുകിട്ടും.) ഈർപ്പത്തിനായി ഒരൽപം മണൽ ചേർക്കുക. പിന്നീട്‌ ചകിരി ഞെക്കി അത്‌ ഒരു ബെഡ്ഡിംഗ്‌ ആക്കി വെച്ചുകൊടുത്ത്‌, ചാണകം വിതറി, ജൈവമാലിന്യങ്ങളായ ചപ്പുചവറുകൾ, പഴത്തൊലി, പച്ചക്കറി-ഫലവർഗ്ഗങ്ങളുടെ തൊലി, അവശിഷ്ടങ്ങൾ തുടങ്ങിയവ പരത്തി അതിനു മീതെ മണ്ണിരകളെ ഇട്ടുകൊടുക്കുക.
അതിനു ശേഷം പാത്രം ചാക്കോ അല്ലെങ്കിൽ കട്ടിയുള്ള തുണിയിട്ടോ മൂടി അടച്ചു വെയ്ക്കണം. ഇരുട്ടും ഈർപ്പവും മണ്ണിരയ്ക്കു വളരുവാൻ പറ്റിയ അനുകൂല ഘടകങ്ങളാകുന്നു.
പറ്റുമെങ്കിൽ ഒരു നെറ്റ്‌ (കമ്പിവല) ഇട്ടു കൊടുത്താൽ എലിശല്യവും കുറഞ്ഞുകിട്ടും.

അങ്ങിനെ ഏകദേശം ഒരു 45 ദിവസങ്ങൾ കൊണ്ട്‌ അവ പ്രവർത്തിച്ചു തുടങ്ങും.
മണ്ണിരകളെ അതാത്‌ ജില്ലകളിലെ കൃഷി വിഞ്ജാനകേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്നതാണ്‌.

ചെടി വളർന്നു തുടങ്ങുമ്പോൾ പ്രധാനമായി നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ്‌ കീടങ്ങൾ വന്നുതുടങ്ങുന്നത്‌. കീട ശല്യത്തിനായി സ്പ്രേകൾ ഉണ്ടാക്കാം.

10 ലിറ്റർ വെള്ളത്തിലേയ്ക്കു ഒരു കിലോ പിണ്ണാക്ക്‌ ഒരു കലത്തിലിട്ട്‌ വെയ്ക്കുക. പുളിയ്ക്കുമ്പോൾ അതിന്റെ തെളിയെടുത്ത്‌ നേർപ്പിച്ച്‌ സ്പ്രേ ചെയ്യാം.

മരുന്നു തെളിയ്ക്കായി പുകയില കഷായം ഉണ്ടാക്കാം. ഇതിൽ നിക്കോട്ടിൻ കൂടുതലായിട്ടുണ്ടാകും.
ആദ്യം അരകിലോ പുകയില നാലര ലിറ്റർ വെള്ളത്തിലിട്ടു വെയ്ക്കുക. അതിനു ശേഷം 120 ഗ്രാം ബാർസോപ്‌ ചെറിയ കഷ്ണങ്ങളാക്കി അര ലിറ്റർ വെള്ളത്തിൽ ഇട്ടുവെയ്ക്കുക.
പിന്നീട്‌ പുകയില ഞെക്കിപ്പിഴിഞ്ഞെടുത്ത സത്തിലേയ്ക്കു സോപ്പുലായനിയും കൂട്ടി 6 ഇരട്ടി വെള്ളം ചേർത്ത്‌ സ്പ്രേ ചെയ്തു കൊടുക്കാം.

അതുപോലെ പത്തു ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്‌. കഞ്ഞിപ്പശയിൽ കീടങ്ങൾ ഒട്ടിപ്പിടിച്ച്‌ ഉണങ്ങി ചത്തു പോകാനിതു സഹായിയ്ക്കുന്നു.

അതുപോലെ പ്രാണികളെ ആകർഷിയ്ക്കാനുള്ള കെണികളുണ്ടാക്കി കൊല്ലാം.

കീടങ്ങളെ കുറിച്ചു പറയുമ്പോൾ, ഓരോ തരം പച്ചക്കറിയ്ക്കും ഓരോ തരം കീടമായിരിയ്ക്കും വന്നുതുടങ്ങുക, ഓരോ തരം ജൈവ വളവുമായിരിയ്ക്കും ഉപയോഗിയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉദാഹരണത്തിന്‌ പയറിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ്‌, നീരൂറ്റി കുടിയ്ക്കുന്ന കറുത്ത മുഞ്ഞ എന്നു പറയുന്ന ഇനം കീടം. അതിന്റെ ലക്ഷണമായി എടുക്കാവുന്നത്‌, അവിടവിടെയായി ഉറുമ്പിൻ പറ്റങ്ങൾ കൂടിയിരിയ്ക്കുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ വെളുത്ത മുട്ടയേയും കാണാം. മുഞ്ഞക്കുഞ്ഞുങ്ങളെ ഒരു മഗ്ഗിൽ വെള്ളം നിറച്ച്‌ അതിലേയ്ക്കു തട്ടിയിട്ട്‌ നശിപ്പിയ്ക്കാവുന്നതാണ്‌. പുകയില കഷായവും ഇതിനു ഉത്തമമാണ്‌.

കൃഷിയോടനുബന്ധമായി അദ്ദേഹം ചെയ്തുവരുന്ന മറ്റൊന്നാണ്‌ കോഴിവളർത്തൽ, അല്ലെങ്കിൽ കാട വളർത്തൽ.
മുട്ട ലഭിയ്ക്കുന്നു എന്നതിനു പുറമേ അവയുടെ കാഷ്ടം വളമായുപയോഗിയ്ക്കാം, മാത്രമല്ല ചെടികളുലുണ്ടാകുന്ന കീടങ്ങളെ ഇവയ്ക്കു തീറ്റിയായികൊടുക്കാം.
മുട്ടക്കോഴിയ്ക്കു അദ്ദേഹം പറയുന്നത്‌ 2 1/2 ചതുരശ്ര അടി സ്ഥലം മതിയെന്നാണ്‌.
കാടപക്ഷികൾക്ക്‌ അദ്ദേഹം പറയുന്ന ഒരു ഗുണം 36 ദിവസം കൊണ്ടവ മുട്ടയിടുന്നു. അതുപോലെ ഒരു കാടമുട്ട അഞ്ചു കൊഴിമുട്ടയ്ക്കു തുല്യമാണത്രേ.

ഈ അഭിമുഖം ഇതോടു കൂടി അവസാനിയ്ക്കുന്നു.
ഇതിവിടെ പോസ്റ്റ്‌ ചെയ്തതിന്റെ ഉദ്ദേശം-ഒരു ചെറിയ വീട്ടിലെ കൃഷി/ടെറസ്‌ കൃഷി എന്നാലെന്ത്‌, ഏത്‌, എങ്ങനെ, എന്തിന്‌ എന്നൊക്കെ ഒരേകദേശ രൂപം പകരുക എന്നതുമാത്രമാണ്‌. ചെയ്യാം, ചെയ്യാവുന്നതേയുള്ളു എന്നത്‌ ഒന്നറിയിയ്ക്കുക. വ്യക്തിപരമായി എനിയ്ക്കീ അഭിമുഖം കണ്ടപ്പോൾ ശരിയ്ക്കുമൊരു പ്രചോദനമായിരുന്നു. അതു വായനക്കാരുമായി പങ്കുവെയ്ക്കുന്നു എന്നുമാത്രം.
(ഇത്‌ കൃഷിയെ കുറിച്ചുള്ള ഒരു ആധികാരിക ലേഖനമൊന്നുമല്ലാത്തതുകൊണ്ട്‌, കൂടുതൽ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും അടുത്തുള്ള കൃഷി ഓഫീസുമായോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരേയൊ സമീപിയ്ക്കുക.)

ചില തോന്നലുകൾ.

ചാനലുകളിൽ പതിവായി വരുന്ന കൃഷിപരിപാടികളിൽ ധാരാളം പേർ അവനവനു പറ്റുന്ന രീതിയിൽ ടെറസിലും, വളപ്പിലുമൊക്കെയായി കൃഷി ചെയ്തു നല്ലൊരു വരുമാനമാർഗ്ഗം കൂടിയായി അതിനെ നിലനിർത്തിപ്പോരുന്നതു കാണാം. തീർച്ചയായും ഇതൊരാശ്വാസമാണെന്നതിനു പുറമേ താൽപര്യമുള്ളവർക്കു ഒരു പ്രചോദനം കൂടിയാകുന്നു.

കേരളത്തിൽ കണ്ടുവരുന്ന കൃഷിയിൽ മിയ്ക്കവരും (ടി.വിയിൽ ഞാൻ കണ്ടേടത്തോളം) ജൈവവളം തന്നെയാണുപയോഗിയ്ക്കുന്നത്‌. രാസവളത്തിൽ നിന്നും ജൈവവളത്തിലേയ്ക്കു മാറിവന്നവരും ധാരാളം. എന്നാൽ അന്യസംസ്ഥാനങ്ങളിൽ രാസവളങ്ങളും ധാരാളമായി ഉപയോഗിയ്ക്കുന്നുണ്ടെന്നതു ശ്രദ്ധിച്ചു. അതുപോലെത്തന്നെ നൂതന കാരിഷികോപകരണങ്ങളുപയോഗിയ്ക്കുന്നതിലും അവർ ശ്രദ്ധിയ്ക്കുന്നുണ്ടന്നു തോന്നി. (ഇതും ടി.വി മാത്രം കണ്ടതിൽ നിന്നുമുള്ള തോന്നൽ)

സത്യത്തിൽ രാസവളവും ജൈവ വളവും തമ്മിലുള്ള ഒരാശയക്കുഴപ്പത്തിലാണു ഞാൻ.
സൂപ്പർമാർക്കറ്റുകളിൽ ഫ്രഷായി പച്ചക്കറികളും ഫലങ്ങളും നിരനിരയായി കാണുമ്പോൾ ആകർഷണം കൊണ്ട്‌ എടുത്തുപോകാറുണ്ടെങ്കിലും, "അതിലെന്തൊക്കെയാണാവോ ഇനി ഉണ്ടാവുക" എന്നൊരാശങ്ക ഉപബോധമനസ്സിൽ നിന്നും വെറുതേ പൊങ്ങിവരാറുള്ളതു സത്യമാണ്‌. കുറേനേരം വെള്ളത്തിലൊക്കെയിട്ടു വെയ്ക്കും. നാട്ടിൽ കണ്ടു, ചൂടുവെള്ളത്തിൽ മഞ്ഞപ്പൊടിയൊക്കെ ഇട്ടു ആപ്പിൾ വെച്ചിരിയ്ക്കുന്നത്‌! ആ ആപ്പിളിന്റെ സ്വാദു മുഴുവനും പോയികിട്ടി. പക്ഷേ..

രാസവളം ഉപയോഗിയ്ക്കുന്നത്‌ പലപ്പോഴും ഫലങ്ങളുടെ/കായകളുടെ ഗുണമേന്മയും വലുപ്പവും നിറവും എല്ലാം കൂട്ടാൻ സഹായിയ്ക്കുമെന്നതുറപ്പാണ്‌. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രാസവളപ്രയോഗം ഉപയോഗിയ്ക്കുമ്പോൾ അതിന്റെ അളവിലും, തോതിലുമൊക്കെ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ തിർച്ചയായുമുണ്ടാകുമെന്നുതന്നെയാണ്‌ കരുതേണ്ടത്‌. പലപ്പൊഴും വ്യാപകമായ ഒരു വ്യവസായാടിസ്ഥാനത്തിൽ കൃഷി നടത്തുമ്പോൾ വലുപ്പവും, നിറവും, എണ്ണവുമൊക്കെ കണക്കിലെടുക്കേണ്ടി വരുമ്പോൾ (ഭൂരിഭാഗം) കൃഷിക്കാരനു രാസവളപ്രയോഗം കൂടാതെ കഴിയുന്നില്ല എന്നതിനാൽ (?) ഇതിനെക്കുറിച്ച്‌ (മണ്ണിന്റെ ഗുണമേന്മയെ ബാധിയ്ക്കുന്നുണ്ടോ, ഫലങ്ങൾ എത്രത്തോളം ദോഷകരമാണ്‌ തുടങ്ങിയ) കാര്യമായിതന്നെ ചിന്തിയ്ക്കേണ്ടതുണ്ടെന്നും ഇതിനെക്കുറിച്ച്‌ കൃഷിക്കാരനിലേയ്ക്കും ഉപഭോക്താക്കളിലേയ്ക്കും നല്ല വശങ്ങളും ചീത്തവശങ്ങളും ഒരുപോലെ എത്തിച്ചേരേണ്ടതുണ്ടെന്നും തോന്നുന്നു.

ഇതിനോടനുബന്ധിച്ചുള്ള ഒരു പോസ്റ്റ് നോക്കൂ.

അതുപോലെ ജൈവവളമുപയോഗിച്ച് ടണ്‍ കണക്കിനു പച്ചക്കറികളും ഫലങ്ങളും ഉത്പാദിപ്പിയ്ക്കുന്ന ഒരു കര്‍ഷകനെ ഇവിടെ കാണൂ..

നാട്ടിലിപ്പോഴും വീട്ടുമുറ്റത്തു വളരുന്ന ചേമ്പിന്റെ തണ്ട്‌, ചേനയില, വഴുതിന, പയർ, വെണ്ടക്ക, ചേന, കായ, മാങ്ങ, ചക്ക, കർമ്മൂസുംകായ (പപ്പായ) ഇരുമ്പാമ്പുളി, ഉണ്ണിപ്പിണ്ഡി, അതിന്റെ പൂവ്‌, പടുമുളയായി പോലും വളര്‍ന്നു വരുന്ന മത്തന്‍, കുമ്പളന്‍, വെള്ളരി ഒക്കെ വെച്ച്‌ കൂട്ടാനും ഉപ്പേരിയുമൊക്കെ വെയ്ക്കുന്ന വീടുകളുണ്ടാവും, അതൊന്നും ഇനിയും നമുക്കു കൈമോശം വന്നിട്ടില്ല എന്നുതന്നെയാണെന്റെ വിശ്വാസം. എണ്ണ ചൂടാവുമ്പോഴെയ്ക്കും ഓടിപ്പോയി മിറ്റത്ത്ന്ന് ഇത്തിരി കറിവേപ്പിലയും പച്ചമുളകും പൊട്ടിച്ചുകൊണ്ടുവരാനുണ്ടെങ്കില്‍ എന്തു രസായിരിയ്ക്കും!

എന്തൊക്കെയായാലും ഭക്ഷ്യസുരക്ഷ എന്നൊക്കെയുള്ള ഗൗരവമേറിയ വിഷയങ്ങളിലേയ്ക്കെത്തുന്നതിനു മുൻപേ, ഏറ്റവും ലളിതമായി ഒന്നു ചിന്തിയ്ക്കുമ്പോൾ, ഓരോ കുടുംബവും ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കി അപ്പപ്പോളാവശ്യാനുസരണം പച്ചക്കറികൾ (കുറഞ്ഞത്‌ ഒരാഴചയ്ക്കുള്ളതെങ്കിലും) 'ഫ്രഷ്‌' ആയി കൈപ്പാട്ടിൽ നിന്നെടുത്ത്‌ ലവലേശം ആശങ്കയില്ലാതെ, വില കൊടുക്കാതെ പാകം ചെയ്യാനാവുന്നുവെന്നത് ഓരോ വീട്ടമ്മയ്ക്കും അതു ഭക്ഷിയ്ക്കുന്ന വീട്ടിലുള്ളവർക്കും എത്ര വലിയ കാര്യമായിരിയ്ക്കും!


ദാ നോക്കൂ ഒരു ടെറസ് കൃഷി
(കണ്ടിട്ടുള്ളവര്‍ ഇപ്പൊ‍ ഒന്നുകൂടി കാണൂ !)

പച്ചക്കറിയല്ലെങ്കിലും ടെറസ്സിലെ ‘പച്ചപ്പ്’ ഇവിടെ നോക്കൂ, ഇങ്ങനേയും തുടങ്ങിവെയ്ക്കാം.
(വല്യമ്മായി കമന്റില്‍ തന്ന ഈ ലിങ്ക് പോസ്റ്റിലേയ്ക്കു ച്ചേര്‍ക്കുന്നു. ഇനിയും ഇത്തരം ലിങ്കുകള്‍ക്കു സ്വാഗതം!) :)

വാല്‍കഷ്ണം-ഒറ്റനോട്ടത്തില്‍ കിട്ടിയതും ഓര്‍മ്മയില്‍ നിന്നും എടുത്തിട്ട ലിങ്കുകള്‍ മാത്രമാണിതൊക്കെ.