Wednesday, December 31, 2008

ഒരാല്‍മരം



മുടവനംകാവ്‌ അയ്യപ്പൻ.

“പതിന്നാലുദേശത്തിന്നാധാരമായ്‌ നിൽക്കും
പരമാത്മതത്വമേ പൊന്നയ്യപ്പനേ
മുടവനാംകാട്ടിലെ അണയാത്ത ദീപമായ്‌
മരുവുംചിദാനന്ദദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ്‌ മനസ്സിന്റെ സാക്ഷിയായ്‌
ദേഹിയായ്‌ വർത്തിയ്ക്കും പരമാത്മതത്വമേ
അന്ധകാരത്തിൽ ഗതിമുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
ചിത്തത്തിലാശ പെരുകാതിരിയ്ക്കണേ
തത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നു പോയീടുവാൻ
പരമാത്മതത്വത്തിലലിയാൻ തുണയ്ക്കണേ“
-
അച്ഛൻ എഴുതിയ വരികളാണിത്‌.

മുടവനംകാവ്‌ എന്ന ഈ കാവ്‌, ഞങ്ങളുടെ കുടുംബ വീടിനടുത്തുള്ള ഒരു ചെറിയ കാവാണ്‌-ഒരു ചെറിയ അയ്യപ്പൻ കാവ്‌.

റോഡിൽ നിന്നും ഉള്ളിലേയ്ക്കു തിരിയുന്ന, ടാറിടാത്ത കരിങ്കല്ലുകൾ പതിച്ചു വെച്ചിരിയ്ക്കുന്ന ഒരു വഴിയാണ്‌ ഈ കാവിലേയ്ക്കു നയിയ്ക്കുന്നത്‌. കാവിന്റെ വശത്തു കൂടി അത്‌ ചെന്നവസാനിയ്ക്കുന്നത്‌ ഒരു വീടിന്റെ ഉമ്മറത്തേയ്ക്കാണ്‌. അതിനപ്പുറത്തേയ്ക്കു പിന്നെ വഴിയില്ല.

കാവ്‌ എന്നു കേൾക്കുമ്പോൾ തന്നെ അതിനോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു ചിത്രം കൂടിയുണ്ട്‌.
അതിനു മുന്നിലുള്ള വലിയൊരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരാൽമരം. വളരെ പഴക്കമുള്ളതുമായിരിയ്ക്കണം. കാവിനേക്കാളും ശരിയ്ക്കും ഓർമ്മ വരുക ഈ ആലിനേയാണ്‌. കാരണം അത്രയും ചെറിയ ഈ കാവിന്‌ ഒരു കാവൽ പോലെയാണീ വൻമരം അവിടെ നിലകൊള്ളുന്നത്‌.

മതിൽകെട്ടൊന്നുമില്ലാതെ, ഒരു ചതുരാകൃതിയിലുള്ള ഒരു ചെറിയ കെട്ടിടം-കെട്ടിടം എന്നു പോലും പറയാനാവില്ല, നാലു ചുമരാണ്‌ യഥാർത്ഥത്തിൽ ഈ കാവ്‌. തൊഴാൻ വരുമ്പോൾ ഈ ആലിന്റെ ചുവട്ടിലാണ്‌ ചെരുപ്പ്‌ അഴിച്ചു വെയ്ക്കുക. പൊതുവേ ശാന്തമായ ഈ അന്തരീക്ഷത്തിൽ, കാറ്റത്താടുന്ന ഈ ആലിലകളുടെ കലപില ശബ്ദം മാത്രമേ ഉണ്ടാകൂ. പൂജയും മറ്റുമൊന്നും അധികമില്ലാത്ത ഈ കാവിൽ തൊഴാൻ വരുന്നവർ തന്നെ ദുർലഭമാണ്‌. തിരക്ക്‌ തീരെയുണ്ടാവാറില്ല. താലപ്പൊലി സമയത്താണ്‌ ഇവിടേയ്ക്കു ആളുകൾ വരാറുള്ളത്‌. പിന്നെ എന്റെ ഓർമ്മയിൽ മലയ്ക്കു പോകുമ്പോൾ "കെട്ട്‌ നിറയ്ക്കൽ" ഈ കാവിൽ വെച്ച്‌ ചിലപ്പോഴൊക്കെ പതിവുണ്ടായിരുന്നു. പിന്നെ ഈ കാവിനു പിന്നിൽ താമസിയ്ക്കുന്ന വീട്ടിലെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയത്‌, ഈ കാവിൽ വെച്ചു തന്നെയായിരുന്നു എന്നു തോന്നുന്നു.
ഈ കാവിനോട്‌ ചേർന്നുതന്നെയാണ്‌ വല്യമ്മ താമസിയ്ക്കുന്നത്‌. വല്യമ്മയുടെ ടെറസ്സിൽ നിന്നും നോക്കിയാൽ ആ ആലിനെ ശരിയ്ക്കും അടുത്ത്‌ കാണാം. അതിന്റെ കാറ്റ്‌ കേൾക്കാം. അതിന്റെ വിശാലതയിൽ ബഹളം വെയ്ക്കുന്ന പക്ഷികളെ കാണാം. അത്‌ വിരിയ്ക്കുന്ന തണൽ കാണാം. തണലിൽ വീണു കിടക്കുന്ന പഴുത്തതും പച്ചയും ആയ ആലിലകളേയും കാണാം.

ആ ആലില്ലാതെ കാവ്‌ പൂര്‍ണ്ണമാകുന്നില്ല ഒരിയ്ക്കലും..

ഓർമ്മയില്ലേ, കാവാലം നാരായണ പണിയ്ക്കരുടെ ഒരു കവിത?
"ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം,
ആലിന്നു ചേർന്നൊരു കുളവും വേണം."

(പക്ഷേ അതിലേതാവും ശരി?!)



ആ കാവ്‌ ഇപ്പോൾ വലുതായിട്ടുണ്ട്‌. സ്ഥിരമായി പൂജയും, വഴിപാടുകളും, പ്രാർത്ഥനകളും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്‌. ആളുകൾ ധാരാളം വന്നു തൊഴാറുണ്ട്‌. അയ്യപ്പന്‌ പണ്ടത്തെ നാലു ചുമരുകളിൽ നിന്നും നല്ല ഭംഗിയുള്ള ഒരു കൊച്ചു കെട്ടിടത്തിലേയ്ക്ക്‌ മോചനം കിട്ടിയിട്ടുണ്ട്‌. മതിൽക്കെട്ടുണ്ട്‌. റോഡരികിൽ "മുടവനംകാവ്‌" എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്‌.

എന്നാലും ഇപ്പോൾ ആ കാവിനടുത്തെത്തുമ്പോൾ വല്ലാത്തൊരു ശൂന്യത.

കാവിന്റെ പുതിയ രൂപവും ഭാവവും, ഉയർച്ചയും, നല്ല കാര്യങ്ങളും മനസ്സ്‌ ഉൾക്കൊള്ളാൻ മടി കാണിയ്ക്കുന്നു,
പകരം
അച്ഛനെഴുതിയ വരികളിൽ ഒരു വൻ ആൽമരം നിറഞ്ഞു നിൽക്കുന്നതായി തോന്നിപ്പിയ്ക്കുന്നു.

ഇനിയും ചിതലരിയ്ക്കാത്ത ഒരു പഴഞ്ചൻ ചിത്രം കണക്കെ!


ഇന്നതൊരു പഴഞ്ചൻ ഓർമ്മയാണ്‌.. ആല്‍മരം നിന്നിരുന്നയിടം ശൂന്യമാണ്.
ഒരു ആൽത്തറയ്ക്കു വേണ്ടിയോ മറ്റോ അതിന്റെ വേരുകളൊന്ന് മുറിച്ചുമാറ്റപ്പെട്ടതോടെ, ആ ആൽമരം അന്ന് വലിയൊരു ശബ്ദത്തോടെ അതിന്റെ മണ്ണിലേയ്ക്കു തന്നെ പിൻവാങ്ങപ്പെട്ടു-അയ്യപ്പനു വേണ്ടി(?)

ഒരു വലിയ കഥയവസാനിയ്ക്കുന്നതു പോലെ..

ഒരു പഴഞ്ചൻ കഥയായി അവടവിടെ ചിലപ്പോൾ മണ്ണിന്നടിയിൽ അതിന്റെ വേരിന്റെ ബാക്കി കഷ്ണങ്ങൾ തപ്പിയാൽ കിട്ടേരിയ്ക്കും.