Monday, September 24, 2007

രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും

രണ്ടു നിലയുള്ള ഓടിട്ട സാമാന്യം നല്ലൊരു വീട്‌. അതിലിപ്പോള്‍ സ്ഥിര താമസമായി, രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും മാത്രമേയുള്ളൂ. രണ്ടു പേരും റിട്ടയര്‍ഡ്‌ അദ്ധ്യാപകര്‍. ഇപ്പോള്‍ പ്രാരാബ്ദ്ധങ്ങളെല്ലാം ഒഴിഞ്ഞ്‌, 'സസുഖം' വാഴുന്നു.
രാഘവേട്ടന്റേയും കൊച്ചമ്മിണ്യേച്ചിയുടേയും ഏകമകളാണ്‌ സാവിത്രി. മൂന്നാണ്‍ മക്കള്‍ക്കു ശേഷം ഉണ്ടായ പൊന്നോമന പുത്രി. അവളിപ്പോള്‍ പ്രസവിച്ചു കിടക്കുകയാണ്‌. രാഘവേട്ടനും കൊച്ചമ്മിണ്യേച്ചിയും പേരക്കുട്ടിയുണ്ടായതിന്റെ, മറച്ചു വെയ്ക്കാത്ത ആഹ്ലാദത്തില്‍.. രാഘവേട്ടനാണ്‌ ആ കുഞ്ഞു കുറുമ്പനെ ഉറക്കുന്നതും, കളിപ്പിയ്ക്കുന്നതും എല്ലാം.. അച്ഛന്റെ മൃദുല ഭാവങ്ങള്‍ നോക്കി കണ്ടാസ്വദിയ്ക്കുകയാണ്‌ സാവിത്രി.
കുട്ടിക്കാലത്തൊക്കെ അച്ഛനെ വലിയ പേടിയായിരുന്നു, മക്കള്‍ക്കെല്ലാവര്‍ക്കും.. പക്ഷെ മുതിര്‍ന്നപ്പോള്‍, അച്ഛനോടുള്ള ബഹുമാനത്തിനും സ്നേഹത്തിനുമപ്പുറത്തായി, ആ 'ശുണ്ഠിയോട്‌' മാത്രം ഒരെതിര്‍പ്പ്‌ ഉള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്നുമുണ്ട്‌.
ഏട്ടന്റെ കല്യാണം തീരുമാനിച്ച സമയത്ത്‌, സാവിത്രിയ്ക്കുണ്ടായിരുന്ന ഏക ആധി അതായിരുന്നു."വന്നു കയറുന്ന കുട്ടിയ്ക്കെന്തു തോന്നും അച്ഛന്‍ ഇങ്ങനെ വെളിച്ചപ്പാട്‌ തുള്ളിയാല്‍, അച്ഛന്‌ മയത്തില്‍ സംസാരിയ്ക്കാനൊക്കെ പറ്റുമോ?.."
പക്ഷെ രാഘവേട്ടന്‍ കുറേയൊക്കെ മാറിപോയി. മിനുസപ്പെട്ടിട്ടുണ്ട്‌ അവിടവിടെയായി. കുറച്ചൊക്കെ നയത്തിലും മയത്തിലും നില്‍ക്കാനൊക്കെ ശീലിച്ചു, പക്ഷെ അതോണ്ടെന്തു കാര്യം.. കൊച്ചമ്മിണ്യേച്ച്യോടിപ്പോഴും തഥൈവ..
ദിവസവും മൂന്നു നേരം വെച്ച്‌ ഒരു നാലു ചാട്ടം പ്രിയ പത്നിയ്ക്കു നേരെ ചാടിയാലെ രാഘവേട്ടന്റെ അന്നത്തെ ഉറക്കം തൃപ്തിയാവൂ. വീട്ടില്‍ ആരുണ്ടങ്കിലും ആ പതിവുകളൊന്നും മുടക്കാറുമില്ല. കൂട്ടാനിലെ പുളിരസം ഇത്തിരി കുറഞ്ഞാല്‍ മതി രാഘവേട്ടന്റെയുള്ളിലെ 'സമ്മര്‍ദ്ദം' കൂടാന്‍, പിന്നെ പ്രത്യേകിച്ച്‌ കാര്യകാരണമൊന്നും വേണ്ട -
"അമ്പലത്തില്‍ നിന്നും വരുന്ന വഴി ആരോടെങ്കിലും കുശലം പറഞ്ഞ്‌ നിന്ന് സമയം രണ്ടു മിനിറ്റും അഞ്ചു സെക്കന്റും വൈകി, അടുപ്പത്ത്‌ പാല്‌ വെച്ച്‌ ഒരു പോക്കാ പോവും, തന്റെ സമയത്തിന്‌ പ്രാതല്‍ ഒരുക്കിയില്ല.." അങ്ങനെ നീണ്ടൊരു ലിസ്റ്റ്‌ തന്നെയുണ്ട്‌, രാഘവേട്ടന്റെ പരാതിപ്പെട്ടിയില്‍.. ലിസ്റ്റിന്റെ നീളക്കൂടുതല്‍ കാരണം കൊച്ചമ്മണ്യേച്ചിയ്ക്കു തന്നെ വലിയ തിട്ടം പോര, ആ മൂക്കിന്റെ തുമ്പത്ത്‌ ചാടാന്‍ വെമ്പി നില്‍ക്കുന്ന ശുണ്ഠിയുടെ കാര്യകാരണങ്ങളെ കുറിച്ച്‌. അതാണ്‌ മക്കള്‍ക്ക്‌ ആ ശുണ്ഠിയോടുള്ള ഉള്ളിലെ എതിര്‍പ്പും..

*****************************************************

കൊച്ചമ്മണ്യേച്ചി അടുക്കളയില്‍ തിരക്കിട്ട പണിയില്‍, സാവിത്രി കുട്ടിയെ ഉറക്കുകയാണ്‌. അപ്പോഴേയ്ക്കും രാഘവേട്ടന്റെ ഉറക്കെയുള്ള വിളി കേട്ടു തുടങ്ങി പറമ്പില്‍ നിന്നും.. ഇതിപ്പോള്‍ രണ്ടാമത്തെ വിളിയായി, ഒന്നാമത്തെ വിളിയില്‍ തന്നെ മുന്നിലെത്തി ഹാജര്‍ കൊടുത്തില്ലെങ്കില്‍, പിന്നെ രാഘവേട്ടന്റെ ഒച്ച ആരോഹണക്രമത്തില്‍ പടി പടിയായി കേറി ക്കൊണ്ടിരിയ്ക്കും.. ആ നിലയ്ക്ക്‌, ഇനി ഉണ്ടാവാന്‍ സാദ്ധ്യതയുള്ള രംഗങ്ങള്‍ സാവിത്രിയുടെ മനസ്സിലേയ്ക്കു തെളിഞ്ഞു വന്നു കൊണ്ടിരുന്നു.

"അതേയ്‌, ഒന്നിങ്ങ്ട്‌ വരാന്‍ പറ്റ്വോ ഇപ്പൊ തന്നെ? അതോ ഞാന്‍ കാക്കണോ ഇനീം?"രാഘവേട്ടന്റെ അക്ഷമ മൂക്കിന്‍ തുമ്പത്തേയ്ക്കെത്തി തുടങ്ങി.
"ഈ അമ്മ അവിടെ എന്താ ചെയ്യണാവോ"?
"അമ്മേ.. അച്ഛന്‍ ദാ വിളിയ്ക്കുന്നൂ, എന്താ ചെയ്യണത്‌ അവിടെ, ഞാന്‍ വരാം, അങ്ക്ട്‌ പൊക്കോളൂ.."

സാവിത്രി മടിയില്‍ നിന്നും കുഞ്ഞിനെ പതുക്കെ തൂക്കില്‍ കിടത്തി. അപ്പൊഴേയ്ക്കും കൊച്ചമ്മണ്യേച്ചി ധൃതിയില്‍ മുണ്ടിന്റെ അറ്റം അരയില്‍ തിരുകി, ഓടി ചെല്ലുന്നുണ്ട്‌.
"ഒന്നങ്ക്ട്‌ നടന്നെത്തണ്ടേ, അപ്പൊഴേയ്ക്കും ഇങ്ങനെ ഒച്ചയിടാന്‍ തൊടങ്ങ്യാല്‍ ഞാനെന്താ ചെയ്യാ?"...
"അടുപ്പത്ത്‌ പാലുണ്ട്‌, അതൊന്ന് നോക്കണം, പിന്നെ അച്ഛന്റെ തോര്‍ത്ത്‌ ആ അയ്ക്കോലില്‍ ഇട്ടു വെയ്ക്കണം, കാപ്പീം പലഹാരോം കൂടി എടുത്തു വെച്ചോളു ട്ടൊ, ഇല്ല്യെങ്കില്‍ പിന്നെ അതിനാവും.." ഓട്ടത്തിനിടയില്‍, മകള്‍ക്കുള്ള നിര്‍ദ്ദേശ്ശങ്ങളും..

അവള്‍ മറുപടിയൊന്നും പറയാതെ വേഗം അടുക്കളയിലേയ്ക്ക്‌ പോയി. എന്തു പറയാന്‍, കുട്ടിക്കാലം മുതല്‍ക്കു കാണുന്ന കാര്യങ്ങളല്ലേ അച്ഛന്റെയടുത്തേയ്ക്കുള്ള അമ്മയുടെ ഈ ഓട്ടം. ഇപ്പോഴും അതിനൊരു മാറ്റോം വന്നിട്ടില്ല.
അടുക്കളയില്‍ നില്‍ക്കുമ്പോള്‍ അവളുടെ മനസ്സ്‌ പതുക്കെ പുറകിലേയ്ക്ക്‌ സഞ്ചരിച്ചു.
പണ്ട്‌, അച്ഛന്‍ സ്കൂളിലേയ്ക്ക്‌ നേരത്തെത്താനുള്ള കണിശത വിടാതെ ഇറങ്ങി നടക്കും, അപ്പോഴേയ്ക്കും ചില ദിവസം ചോറ്‌ ആയിട്ടുണ്ടാവില്ല...
"ചോറും വേണ്ട ഒന്നും വേണ്ട, ഞാന്‍ പോവാണ്‌ സമയത്തിനായില്ലെങ്കില്‍, എനിയ്ക്ക്‌ കാക്കാന്‍ നേരല്ല്യ.."അത്‌ മുഴുവനാക്കാതെ അച്ഛന്‍ നടന്നകന്നു കഴിഞ്ഞിട്ടുണ്ടാകും, പിന്നെ അച്ഛന്റെ പിന്നാലെ ചോറു പാത്രവും കൊണ്ട്‌ അമ്മ ഓടും.. അല്ലെങ്കില്‍ ചിലപ്പോള്‍ ഏട്ടന്മാര്‍ ഓടും...

പിന്നീട്‌ അച്ഛന്‍ റിടയര്‍ ചെയ്തതിനു ശേഷം, അമ്മ സ്ക്കൂളില്‍ നിന്നു വരുമ്പോഴേയ്ക്കും, കണക്കു കൂട്ടി വെച്ചു കഴിഞ്ഞിട്ടുണ്ടാകും അമ്മയ്ക്കുള്ള ജോലികള്‍. സ്കൂളീല്‍ നിന്നും വന്ന് ബാഗ്‌ പടിയില്‍ വെച്ച്‌, സാരി എടുത്തു കുത്തി, അമ്മ നേരെ പോകുന്നത്‌ തൊഴുത്തിലേയ്ക്കാണ്‌, ചാണകം വാരാന്‍, പിന്നെ അത്‌ കൊട്ടയിലാക്കി തെങ്ങിന്റെ കടയ്ക്കല്‍ കൊണ്ടിടല്‍, ഷെഡ്ഡില്‍ നിന്നും വൈക്കോല്‍ കണ്ടുവന്ന് തൊഴുത്തില്‍ ഇട്ടുവെയ്ക്കല്‍ അങ്ങനെ അങ്ങനെ എല്ലാം കഴിഞ്ഞാണ്‌ അമ്മ അകത്തേയ്ക്കു കയറി ഒരു ഗ്ലാസ്സ്‌ ചായ കുടിച്ചിരുന്നത്‌. ചിലപ്പോള്‍ ചക്ക ഇടീപ്പിച്ചു വെച്ചിട്ടുണ്ടാകും, ചൊള പറച്ച്‌ അതു വറുക്കല്‍ ആവും അല്ലെങ്കില്‍ അത്‌ വരട്ടല്‍ ആകും.. അങ്ങനെ എന്തു വേണമെങ്കിലും ആവാം, അച്ഛന്റെ മനോധര്‍മ്മം പൊലെ..

അമ്മയുടെ ഓട്ടം ഇപ്പോള്‍ തളര്‍ത്തി തുടങ്ങിയിട്ടുണ്ട്‌, പണ്ടത്തെ പോലെ ഓടാനൊന്നും വയ്യ ഇപ്പോള്‍. പക്ഷെ, വിചിത്രമായി തോന്നുന്നു അമ്മയുടെയും അച്ഛന്റേയും ബന്ധം. നല്ലതൊന്നും പറയാനില്ലാത്ത അച്ഛന്‍, പറയുമെന്ന പ്രതീക്ഷയില്ലാതെ മക്കള്‍ക്കു വേണ്ടിയും അച്ഛനു വേണ്ടിയും ഓടുന്ന അമ്മ. അമ്മയും ഒരു മനുഷ്യ സ്ത്രീ തന്നെയല്ലേ, അല്ലാതെ യന്ത്രമൊന്നുമല്ലൊല്ലോ ഇങ്ങനെ പണിയെടുത്തും അച്ഛന്റെ പിന്നാലെ ഓടാനും.. അമ്മയ്ക്കും വേണ്ടേ വിശ്രമമൊക്കെ? എല്ലു മുറിയെ പണിയെടുക്കാനുള്ളതാണോ എന്നന്നേയ്ക്കുമായി?? കാലമൊക്കെ മാറിയില്ലെ..? അവളില്‍ ‍ധാര്‍മിക രോഷം തിളച്ചു മറിഞ്ഞു. ഫെമിനിസം സട കുടഞ്ഞെണീറ്റു. ഒരു തീരുമാനമെടുത്തു. അച്ഛനോട്‌ കാര്യമായി ഇതിനെ കുറിച്ച്‌ സംസാരിയ്ക്കണം. ആ പശൂനെ ആദ്യം വില്‍ക്കാന്‍ പറയണം. അതുള്ളതു കൊണ്ടാണ്‌ ഇത്രയും കോലാഹലങ്ങള്‍. അച്ഛനും അതിനെ നോക്കി നടത്താന്‍ വയ്യാതെയായിരിയ്ക്കുന്നു..
ഒരാളെ വെയ്ക്കാം എന്നു പറഞ്ഞാല്‍, അച്ഛന്റെ സമ്മതം കിട്ടീട്ട്‌ അതുണ്ടാവില്ല. അതൊഴിഞ്ഞു കിട്ടിയാല്‍ അമ്മയുടെ ഓട്ടം ഒന്നു കുറഞ്ഞു കിട്ടും.

സത്യത്തില്‍ രാഘവേട്ടന്‍ ആളൊരു നല്ല മൃഗ സ്നേഹിയാണ്‌. പശു, ആട്‌, പട്ടി, പൂച്ച എല്ലാവരും രാഘവേട്ടന്റെ സ്നേഹം അനുഭവിച്ചറിഞ്ഞ കൂട്ടരാണ്‌,ഒരുകാലത്ത്‌. ഇപ്പോള്‍ ഒരാനയെ കൂടി വാങ്ങാനുള്ള മോഹം മിണ്ടാതെ അടക്കിപ്പിടിച്ചിടിച്ചിരിയ്ക്കുകയാണ്‌ മൂപ്പര്‍!. കാലുകള്‍ പിന്‌വലിഞ്ഞതോടെ, മൃഗ സ്നേഹം തല്‍ക്കാലം, പശുവിലും പിന്നെ ഒരു പട്ടിയിലും മാത്രമായി ഒതുക്കി നിര്‍ത്തേണ്ടി വന്നു. രാഘവേട്ടന്റെ സന്തത സഹചാരികളായ ആ കറുത്ത പട്ടിയും പിന്നെ കുത്തി നടക്കുന്ന ഒരു മുട്ടന്‍ വടിയും ഉണ്ടെങ്കില്‍, വീട്ടിലേക്കോ ആ വളപ്പിലേയ്ക്കോ ഒരു കുഞ്ഞിനു പോലും കടക്കാന്‍ പറ്റില്ലെന്നാണ്‌ മൂപ്പര്‍ടെ വിശ്വാസവും, ധൈര്യവും.
പക്ഷെ പശൂനെ നോക്കലൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.. മനസ്സ്‌ വിചാരിയ്ക്കുന്നേടത്ത്‌ ശരീരം എത്തുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും..

ഏതായാലും സാവിത്രിയ്ക്ക്‌ മനസ്സിനു നല്ല തൃപ്തി തോന്നി തന്റെ ഉചിതമായ തീരുമാനത്തില്‍.

"അതേയ്‌, നിങ്ങള്‍ക്ക്‌ എന്റെ കാര്യം നോക്കാന്‍ സമയം ഉണ്ടോ? ഇല്ല്യെങ്കില്‍ ഇപ്പൊ പറയണം, ഞാന്‍ ദാ അപ്രത്ത്‌ കീഴാനിയ്ക്കല്‍ക്ക്‌ പോക്കോളാം.. ഒരു ചെറിയ കൂരയും പിന്നെ ഒരു പായയും, അത്രയേ വേണ്ടു എനിയ്ക്ക്‌.. അല്ലാ.." ഉടനെ മുന്നില്‍ ഹാജര്‍ കൊടുക്കാത്തതിന്റെ ബാക്കിയാവും..

അമ്മ അകത്തേയ്ക്ക്‌ കണ്ണും തുടച്ചു കൊണ്ട്‌ വരുന്നുണ്ട്‌.

"ഇത്രയ്ക്ക്‌ പറയാന്‍ ഇപ്പൊ എന്താ ഉണ്ടായേ ആവോ.. എനിയ്ക്കിതു വരെ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. മേപ്പട്ടും ഉഴിയാന്‍ വയ്യ, കീഴ്പ്പട്ടും ഉഴിയാന്‍ വയ്യ എന്ന മട്ടാ.."

സാവിത്രി ഒന്നും പറഞ്ഞില്ല. പറയാനൊന്നുമില്ല... ഭാര്യയ്ക്കൊരു മിനിമം ബഹുമാനമെങ്കിലും കൊടുക്കാന്‍ അച്ഛനറിയില്ലെന്നവള്‍ക്ക്‌ തോന്നി.

ദാ... ഇങ്ങനെയാണ്‌ രാഘവേട്ടന്‌ ശുണ്ഠി വന്നാല്‍..

***************************************************

എന്നാല്‍, അതെല്ലാം അമ്മയ്ക്കും മക്കള്‍ക്കും മാത്രം പരിചിതമായ രാഘവേട്ടന്റെ ഒരു മുഖം എന്നേയുള്ളു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ ബഹുരസാണ്‌.

വലിയൊരു മണ്‍കുടം കമഴ്ത്തി വെച്ച പോലെ, ഷര്‍ട്ടിട്ട്‌ മറച്ചു വെയ്ക്കാത്ത, ആ ഗണപതി വയറിനു മുകളില്‍ ചുറ്റി വെയ്ക്കുന്ന കാവി മുണ്ട്‌, അല്ലെങ്കില്‍ ലുങ്കി. പൊതുവെയുള്ള വേഷമാണിത്‌. റിടയര്‍ ചെയ്തതിനു ശേഷം ഒരല്‍പം തടി കൂടിയിട്ടുണ്ട്‌ രാഘവേട്ടന്റെ, ഒപ്പം കാലുകള്‍, മുട്ടിനു താഴെ "റ" പോലെ വളഞ്ഞു തുടങ്ങിയിട്ടുമുണ്ട്‌. കാലുകള്‍ നിലവിളിച്ചു തുടങ്ങി, ശരീരത്തെ താങ്ങുവാനുള്ള ശേഷി ഇനിയില്ലെന്ന്. എന്നാലും ആ നിലവിളിയൊന്നും രാഘവേട്ടന്റെ ചെവിയിലെത്തുന്നില്ലെന്നാണ്‌ തോന്നുന്നത്‌. കാരണം, ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും മൂപ്പര്‍ തയ്യാറാവുന്നില്ല ത്രേ.
"ഒരിത്തിരി പുളിയും എരിവും ഒക്കെയില്ലെങ്കില്‍ പിന്നെ എന്തു ഭക്ഷണം" അതാണ്‌, അതി സമ്മര്‍ദ്ദത്തോടെ ഉള്ളിലൊഴുകുന്ന രക്തം ക്ഷീണിപ്പിയ്ക്കാറുള്ള ആ വലിയ ശരീരത്തെ നോക്കി, കാലിന്റെ മുട്ടിനേയും തഴുകി കൊണ്ടുള്ള രാഘവേട്ടന്റെ ആത്മഗതം. നല്ല പുളിയുള്ള ഒരെടങ്ങഴി മോരും, പിന്നെ പച്ച മുളക്‌ ഒരു അഞ്ചാറെണ്ണം നല്ല പൂളിയും, വലിയൊരു കയ്യില്‍ വെളിച്ചെണ്ണയും കൂട്ടി ചതച്ചതും, കുടെ ഒരിത്തിരി കടുമാങ്ങയുടെ വെള്ളം കൂടി ഉണ്ടേങ്കില്‍ ഭേഷായി, വേറെയൊന്നും പ്രത്യെകിച്ച്‌ ആവശ്യമില്ല ചോറിന്റെ കൂടെ, ഒരു രണ്ടാള്‍ക്കുള്ള ഊണ്‌ പപ്പടം പോലും ഇല്ലാതെ സുഖായി അകത്തു ചെന്നോളും. ഇതാണ്‌ ഇഷ്ട ഭക്ഷണം, അല്ലെങ്കില്‍ പിന്നെ കുറഞ്ഞത്‌, നല്ല ഇഞ്ചിയും പച്ചമുളകും പുളിയും കൂട്ടിയരച്ച നല്ലൊരു നാളികേരച്ചമ്മന്തി.

"ഹൗ!, എങ്ങനെയാ ഇക്കണ്ട പുളീം പച്ചമുളകും ഒക്കെ അകത്തയ്ക്ക്‌ ചെല്ലണതാവോ" എന്നൊരു പിറുപിറുക്കലോടു കൂടി കൊച്ചമ്മണ്യേച്ചി രോഷം പൂണ്ട്‌, പ്രതിഷേധം രേഖപ്പെടുത്തി രംഗത്തു നിന്നും ഇറങ്ങി പോകും, രാഘവേട്ടന്റ ഈ 'തോന്നിവാസം' കണ്ടാല്‍..
"പിന്നാര്‍ക്കു വേണ്ടിയാ ചോറും കൂട്ടാനും ഒക്കെ ഇവിടെ വെച്ചുണ്ടാക്കണത്‌" എന്നൊരര്‍ത്ഥം കൂടി ആ ഇറങ്ങിപ്പോക്കിന്റെ വേഗതയില്‍ നിന്നും വായിച്ചെടുക്കാം.
അത്‌ കണ്ട്‌ രാഘവേട്ടന്‍ പതിവു പല്ലവിയില്‍ ഒരാത്മഗതം നടത്തും - "അവള്‍ക്ക്‌ തീരെ പിടിയ്ക്കണില്ല എന്നെ.." ന്നാലും ഞാനിതടുത്തൊന്നും നിര്‍ത്താന്‍ പോണില്ലെന്റെ കൊച്ചമ്മണ്യേ... എന്ന ഒരര്‍ത്ഥം പറയുന്ന ചിരിയോടെ, തലയൊന്നാട്ടി..
ഇങ്ങനെയൊക്കെയാണെങ്കിലും, ആള്‍ ഒട്ടും മോശമല്ലാത്ത പാചകകാരനും കൂടിയാണ്‌. മക്കളും ചെറുമക്കളും ഒക്കെ വരാറായാല്‍, വീട്ടില്‍ പിന്നെ രണ്ടു പേരും അടുക്കളയില്‍ തിരക്കിലാവും.. ശര്‍ക്കര ഉപ്പേരി, വറുത്ത ഉപ്പേരി, അട, ചക്ക വരട്ടല്‍ എന്നു വേണ്ട സകല എണ്ണങ്ങളും രാഘവേട്ടന്റെ നേതൃത്വത്തില്‍, കൊച്ചമ്മിണ്യേച്ചി ശിങ്കിടിയായി, ഉണ്ടാക്കി വെച്ചു കഴിഞ്ഞിട്ടുണ്ടാകും.

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം പിടി വിട്ടുപോകാറുണ്ടെങ്കിലും, ബാക്കി എല്ലാ കാര്യത്തിലുമുള്ള കണിശതയും, ദീര്‍ഘവീക്ഷണവും, മനസ്സിന്റെ വേഗതയും, എല്ലാം രാഘവേട്ടന്‍ കഴിഞ്ഞിട്ടേയുള്ളൂ വേറെയാരും! കണക്കില്‍, "രാഘവേട്ടന്റെ കണക്കല്ലേ കണക്ക്‌" എന്ന് എല്ലാവരാലും ഒരുപോലെ അംഗീകരിയ്ക്കപ്പെട്ട കൃത്യതയാണ്‌ . ബാക്കി കാര്യങ്ങളെല്ലാം അതുപോലെ തന്നെ പലരാലും അംഗീകരിയ്ക്കപ്പെട്ടും, പലപ്പൊഴും "നേരെ വാ, നെരെ പോ" എന്ന പ്രകൃതി കാരണം പലരാലും ഇത്തിരി അല്‍പരസങ്ങളൊക്കെ വാങ്ങി വെച്ചും, ഒക്കെയായുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്‌ രാഘവേട്ടന്‍. "വീട്ടിലെ കാര്യങ്ങളൊക്കെ അതാതു സമയങ്ങളില്‍ കൃത്യമായി നടക്കണം, അതിനൊരു വിട്ടുവീഴ്ചയും നടക്കില്ല.." എന്നതാണ്‌ മൂപ്പരുടെ പോളിസി. അല്ലാ, അതുകൊണ്ട്‌ കൊച്ചമ്മണ്യേച്ചിയ്ക്കോ, മക്കള്‍ക്കോ വീട്ടിലെ കാര്യങ്ങളെ കുറിച്ചോ, വീടിന്റെ സുരക്ഷയെ കുറിച്ചോ ഒന്നും ഇതുവരെ ചിന്തിയ്ക്കേണ്ടി വന്നിട്ടില്ല, എല്ലാ മുക്കിലും മൂലയിലും കണ്ണെത്തുന്ന ആളായി തന്നെ രാഘവേട്ടന്‍ അംഗീരിയ്ക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.

രാഘവേട്ടന്‍ പണ്ട്‌, ഓടി നടക്കുന്ന കാലത്ത്‌ നല്ല അദ്ധ്വാനി ആയിരുന്നു. രാഘവേട്ടനും കുടുമ്പവും, ഏട്ടനും കുടുമ്പവും അവരുടെ മരിച്ചു പൊയ അമ്മയും എല്ലാവരും കൂടി തറവാട്ടിലായിരുന്നു താമസം ആദ്യം. പിന്നെ, വിദ്യാഭ്യാസത്തില്‍ മുന്നിലായിരുന്ന രാഘവേട്ടന്‌ സ്കൂളില്‍ നല്ലൊരു ജൊലി കിട്ടുകയും, അദ്ദേഹത്തിനു സ്വന്തമായി ഒരു വീടു വെയ്ക്കാനും സാധിച്ചു. പൊന്നു വിളയുന്ന പറമ്പില്‍ എല്ലാം നട്ടു പിടിപ്പിച്ചു രാഘവേട്ടനും വികൃതികളായ മൂന്നാണ്മക്കളും കൂടി. വീടു പണി ഉഷാറാക്കി. ജോലി കഴിഞ്ഞു വന്നാലുടനെ, പണിക്കാരെത്തുമ്പോഴേയ്ക്കും രാഘവേട്ടന്‍ സിമന്റൊക്കെ കുഴച്ച്‌ റെഡിയാക്കി വെയ്ക്കും, പണിക്കാര്‍ക്കുള്ള പണികളില്‍ പകുതിയും രാഘവേട്ടന്‍ ചെയ്തു വെച്ചിരിയ്ക്കും. അങ്ങനെ, വീടു പണി തീര്‍ത്ത്‌ താമസം തുടങ്ങി, വര്‍ഷങ്ങള്‍ കഴിഞ്ഞതൊടു കൂടി വളപ്പിലെല്ലാം, മാങ്ങയും ചക്കയും, നാളികേരവും കശുവണ്ടിയും പുളിയും നെല്ലിയ്ക്കയും എല്ലാം തൂങ്ങി കിടന്നു. മക്കള്‍ക്കു കുടുമ്പമായതൊടു കൂടി, വീടിന്റെ വലുപ്പത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും മറന്നില്ല രാഘവേട്ടന്‍.
"പണ്ടൊക്കെ ഇത്രയും സ്ഥലം തന്നെ അധികമായിരുന്നു, ഇനിയിപ്പോള്‍ എത്ര ആയാലും തികയില്ല എന്ന അവസ്ത്ഥയിലായി" എന്നൊരിത്തിരി അഭിമാനത്തോടെ തന്നെ പറയും മൂപ്പര്‍. ആ വീടും വളപ്പും എല്ലാം രാഘവേട്ടന്‍ ഒരാളുടെ അദ്ധ്വാനത്തിന്റെ ഫലങ്ങളായി, ഉയര്‍ന്നു പരന്നു കിടന്നു, എതൊരാള്‍ക്കും ഒരിത്തിരി അസൂയ, മനസ്സിലെങ്കിലും ഉണര്‍ത്തി കൊണ്ട്‌.
ഇപ്പോള്‍ മക്കളൊക്കെ വലുതായി ചിറകിന്‍ കീഴില്‍ നിന്നും പറന്നകന്നു കഴിഞ്ഞു, എല്ലാവരും 'ഈശ്വരാധീനം' കൊണ്ട്‌ നല്ല നിലയില്‍ തന്നെ എത്തിപ്പെട്ടു. ഇനിയിപ്പോള്‍ ബാക്കി കൂടെയുള്ളത്‌ കൊച്ചമ്മിണ്യേച്ചിയും, കൂടെ കാലിന്റെ വേദനയും, ഇതുവരേയും ലവലേശം കൈവിടാത്ത സമയത്തിനോടുള്ള ക്ലിപ്തതയും, മൂക്കത്തെ ശുണ്ഠിയും.. വീടിന്റെ കാവല്‍ക്കാരനായി, ഒരു കുടുംബ സ്നേഹിയായി ഒരൊറ്റയാനായി അങ്ങനെ ജീവിച്ചു വരുകയാണ്‌ രാഘവേട്ടന്‍.

എന്നാല്‍ കൊച്ചമ്മണ്യേച്ചിയുടെ കാര്യമാണതിലും രസം. അവിടെ യാതൊന്നും ഒരു പ്രശ്നമേയല്ല, വെറുതെ കണക്കു കൂട്ടിയും ചിന്തിച്ചു കൂട്ടിയും തല പുണ്ണാക്കാനൊന്നും മെനക്കെടാറില്ല, മൂപ്പത്ത്യാര്‍ നെരെ എതിര്‍ദിശയിലേയ്ക്കാണ്‌ സഞ്ചാരം. ഒഴുകുന്ന വെള്ളം പോലെ. മുന്നും പിന്നും നോക്കാതെ വര്‍ത്തമാന കാലത്തിലൂടെ അങ്ങനെ ഒഴുകിയൊഴുകി... നിമിഷത്തില്‍ നിന്നും നിമിഷത്തിലേയ്ക്ക്‌, ഇന്നില്‍ നിന്നും നാളെയിലേയ്ക്ക്‌... ഒന്നിനേയും ഭയമില്ല.. രാത്രി പന്ത്രണ്ടു മണിയായാലും, രാഘവേട്ടന്റെ ഒരു മൂളല്‍ കേട്ടാല്‍ തൊഴുത്തിലേയ്ക്ക്‌ എണീറ്റ്‌ പോയി ചാണകം വാരുന്ന, ചിലപ്പോള്‍ എല്ലാ പണിയും കഴിച്ച്‌, കൂരിരുട്ടത്ത്‌ പിറ്റന്നേയ്ക്ക്‌ ഉപ്പേരിയ്ക്കുള്ള ചേമ്പിന്‍ തണ്ട്‌ പൊട്ടിയ്ക്കാന്‍ ലാവെലേശം കൂസലില്ലാതെ തൊടിയിലേയ്ക്ക്‌ ഇറങ്ങി പോകുന്ന, ഒരു വീരവനിത. ഭയം, ക്ഷീണം, മടി, ചിന്തകള്‍, കൃത്യനിഷ്ഠത, കണിശത, തുടങ്ങിയ വാക്കുകള്‍ ആ നിഘണ്ടുവിലേ ഇല്ല. രാഘവേട്ടന്റെ മനസ്സിന്റെ വേഗതയ്ക്കൊപ്പം എത്താനുള്ള ഈ ഓട്ടം തുടങ്ങിയിട്ട്‌ കൊല്ലം പത്തു മുപ്പത്തിയഞ്ചായി..
കൊച്ചമ്മണ്യേച്ചിയ്ക്ക്‌ പിടിച്ചാല്‍ കിട്ടാത്ത ഒന്നുള്ളത്‌ ഉറക്കം മാത്രമാണ്‌. ഒരഞ്ചു മിനിട്‌ കിട്ടിയാല്‍ മതി, നിന്ന നില്‍പില്‍ തന്നെ വീഴാതെ ഉറക്കം തൂങ്ങാനുള്ള ഒരു പ്രത്യേക കഴിവുണ്ട്‌. എന്നാലോ, "ഒന്നു മര്യാദയ്ക്കു കിടന്നൂടേ...?" എന്നു മര്യാദയോടെ രാഘവേട്ടന്‍ ചോദിച്ചാലും , കിടന്നുറങ്ങുക എന്ന കാര്യം കൊച്ചമ്മണ്യേച്ചി ചെയ്തിട്ടുള്ള അബദ്ധം ഉണ്ടാകില്ല. ഇനി ഇതിലും വലിയൊരു മാനക്കേട്‌ വേറെയുണ്ടോ? "ഇങ്ങനെ പകല്‍ കിടന്നുറങ്ങേ..?" എന്നാല്‍ ശരി രാത്രി മര്യാദയ്ക്ക്‌ നേര്‍ത്തെ കിടന്നുറങ്ങി കൂടേ എന്നു ചോദിച്ചാല്‍ അതിനും ഉത്തരമൊന്നുമില്ല, രാത്രി പന്ത്രണ്ട്‌ മണിയാവാതെ ഉറങ്ങുന്ന പ്രശ്നമില്ല. ഉറക്കം തൂങ്ങി ബാക്കി കുറച്ചു നേരം ആ ടി.വി. യുടെ ഉമ്മറത്തിരുന്ന്, ഇടയില്‍ ആകെ മൊത്തം ഒരു ഇന്‍സ്പെക്ഷനു വേണ്ടി എണീറ്റു വരുന്ന രാഘവേട്ടന്റെ ഒരു "ചാട്ടം" കൂടി കേട്ടു കഴിഞ്ഞാലെ കൊച്ചമ്മണ്യേച്ചി കോസറിയിലേയ്ക്കു വീഴു. വീഴുന്നതും കുംഭകര്‍ണ്ണന്റെ അടുത്തെത്തിയിട്ടുണ്ടാകും, പിന്നെ രാവിലേ പശൂനെ കറക്കാന്‍ സഹായത്തിന്‌ രാഘവേട്ടന്‍ വിളിച്ചുണര്‍ത്തിയാലെ അവിട്ന്ന് പൊന്തൂ, അതും ചിലപ്പോള്‍ ഒന്നു തിരിഞ്ഞു കിടന്ന്, ചിലപ്പോള്‍ എണീയ്ക്കാന്‍ വൈകിപോകും, പിന്നെ അന്ന് മുഴുവന്‍ രാഘവേട്ടന്റെ നിര്‍ത്തിപ്പൊരിയ്ക്കല്‍ ആയിരിയ്ക്കും ഫലം. എന്നിട്ടും രാത്രി നേരം കെട്ട നേരത്ത്‌ മാത്രമേ കിടക്കൂ എന്നൊരു 'കൊച്ചു വാശി' അതേപടി തുടരുന്നു..
എന്നാലും, മുണ്ടിന്റെ തലപ്പ്‌ എടുത്തു കുത്തി അടുക്കളയിലും, പറമ്പിലും രാഘവേട്ടന്റെ പിന്നാലേയും ഉരുണ്ടുരുണ്ട്‌ കൊച്ചമ്മണ്യേച്ചിയും ഇങ്ങനെയൊക്കെ ജീവിതചക്രം തിരിച്ചു കൊണ്ടിരിയ്ക്കുന്നു. ഇതിനിടയില്‍ എപ്പൊഴെങ്കിലും "വിരസത" എന്നൊന്നുണ്ടോ എന്നു ചോതിച്ചാല്‍, അതിനു വ്യക്തമായ ഒരുത്തരം മൂപ്പത്തിയാര്‍ ആര്‍ക്കും ഇതുവരെ വിട്ടുകൊടുത്തിട്ടില്ല.. ചോദിച്ചാല്‍, അങ്ങുമിങ്ങും തൊടാത്ത ഒരു ചിരിയില്‍ അവസാനിപ്പിയ്ക്കും.. ചോദിച്ചവന്‌ വ്യക്തമായ ഒരു ധാരണയൊട്ട്‌ കിട്ടുകയുമില്ല. ആര്‍ക്കും പിടി കൊടുക്കാത്ത ഒരു 'സൂത്രക്കാരി‘ !

**********************************************************

സാവിത്രി അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം ഒന്നു കൂടി ദൃഢമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നല്ലൊരവസരം കാത്തിരിയ്ക്കുകയാണ്‌. അങ്ങനെ ഉച്ച മയക്കം കഴിഞ്ഞെണീറ്റ്‌ വന്നു നോക്കിയപ്പോളുണ്ട്‌ നല്ല രംഗം.. രാഘവേട്ടന്‍ കൊച്ചമ്മിണ്യേച്ചിയ്ക്ക്‌ ടി.വി യിലെ ഏതോ സീരിയലിന്റെ കഥ പറഞ്ഞു കൊടുക്കുകയാണ്‌. കൊച്ചമ്മണ്യേച്ചി ഒക്കെ കേട്ടാസ്വദിച്ചു കൊണ്ട്‌ ഓരോ സംശയങ്ങള്‍ ചൊദിച്ചു മനസ്സിലാക്കുന്നു, ഇടയ്ക്ക്‌ അടുപ്പത്ത്‌ വെച്ചിരിയ്ക്കുന്ന ചായയുടെ കാര്യങ്ങള്‍ പോയി നോക്കുന്നു.. അപ്പൊഴേയ്ക്കും രാഘവേട്ടന്‍ രംഗം വിട്ടു പോകാതെ "റണ്ണിംഗ്‌ കമണ്ട്രി" കൊടുത്തു കൊണ്ടേയിരിയ്ക്കുന്നു.. "ഇങ്ങട്‌ വരൂ , ദാ ദ്‌ പ്പൊ കഴിയും.." എന്ന് ഇടയ്ക്ക്‌ സ്നേഹത്തോടെ വിളിയ്ക്കുന്നു..
അവളവരെ ശല്യപ്പെടുത്താതെ അകത്തു പോയി എല്ലാം ഒന്നു പ്ലാന്‍ ചെയ്തു.

"നല്ല മൂഡിലുള്ള സമയത്തു വേണം കാര്യങ്ങള്‍ അവതരിപ്പിയ്ക്കാന്‍. പതുക്കെ അമ്മയോട്‌ പറഞ്ഞു തുടങ്ങാം, എന്നിട്ടാവാം അച്ഛനോട്‌. അമ്മയെ ഇപ്പ്പോള്‍ കണ്ടാല്‍ രാവിലെ എന്തെങ്കിലും സംഭവിച്ചതായുള്ള ഒരു ഭാവം പോലുമില്ല. ഈ അമ്മയെ സമ്മതിയ്ക്കണം എന്തായാലും, ഇങ്ങനെ എളുപ്പം എല്ലാം മറക്കാന്‍ പറ്റുമോ.. "

സീരിയല്‍ കഴിഞ്ഞ്‌ രാഘവേട്ടന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍, പതുക്കെ അടുക്കളയിലേയ്ക്ക്‌ ചെന്ന്, അവള്‍ കാര്യങ്ങള്‍ മെല്ലെ അവതരിപ്പിച്ചു. ഉടനെ വന്നു കൊച്ചമ്മണ്യേച്ചിയുടെ പ്രതികരണങ്ങള്‍..

"നെനക്കെന്താ കൊറേശ്ശെ? പശൂനെ വിക്കാനൊ? നല്ല കാര്യായി.. നടക്കണ കാര്യാണോ.. പശും തൊടീം കാര്യങ്ങളൊന്നും ഇല്ലെങ്കി പിന്നെ അച്ഛന്റെ സ്ഥിതി എന്താ? ആകെയുള്ള ഒരു മേലനക്കം പശൂന്റെ പിന്നാലെ നടുക്കുമ്പോളേ ഉള്ളൂ.. ഇതല്ലാതെ വേറെ താല്‍പര്യങ്ങളൊന്നും അച്ഛനില്ലേനീം.. ഒന്നും ചെയ്യാതെ ഇരുന്നാലാവും കൂടുതല്‍ പ്രശ്നം."

"അമ്മേ, അമ്മ സ്വന്തം ആരോഗ്യം കൂടി നോക്കണ്ടേ? ഇങ്ങനെ ഓടി നടക്കാന്‍ എത്ര കാലം പറ്റും? അതോണ്ടാ ഞാന്‍..."

"അതൊക്കെ അങ്ങ്ട്‌ നടക്കും.. ഇപ്പൊ നിങ്ങളൊക്കെ എല്ലാവരും ഉള്ളതു കൊണ്ടുള്ള ഒരു തിരക്ക്‌ അത്രേയുള്ളു.. നിങ്ങള്‌ പോയാല്‍ പിന്നെ എനിയ്ക്കെന്താ വെറെ ഒരു തിരക്കും ഇല്ല. അച്ഛന്റെ പിന്നാലെ നടക്കലന്നെ പണി. വയ്യായകളും ഇതിന്റെയൊപ്പം നടന്നോളും.. അതൊന്നും ഇപ്പൊ ആലോചിയ്ക്കണ്ട, നീ പോയി ആ കുട്ടീടെ കാര്യം നോക്ക്‌. "

????

" അസ്സല്‌.. ഇപ്പൊ വാദി പ്രതിയായി".. അവള്‍ക്കൊന്നും പിടി കിട്ടിയില്ല, ഒന്നും മനസ്സിലായുമില്ല. തിരിച്ചൊന്നും പറയാതെ പതുക്കെ കുഞ്ഞിന്റെ അരികിലേയ്ക്കു പോയി..

"അച്ഛനുള്ളതു കൊണ്ട ഇവിടത്തെ കാര്യങ്ങളൊക്കെ ഇങ്ങനെ നടന്നു പോകുന്നു... അല്ലാതെ എന്നെ കൊണ്ട്‌ കൂട്ട്യാ ഒന്നും കൂടില്ല.. ന്ന് പ്പൊ കാലു വേദന കൂടുതലുണ്ടാവും, അതാണിത്ര ശുണ്ഠി.." കൊച്ചമ്മിണ്യേച്ചിയുടെ ആത്മഗതങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു..

"അതേയ്‌, ആ ചായ ഇങ്ങ്ട്‌ എടുക്കൂ ട്ടൊ, എനിയ്ക്കു വളപ്പില്യ്ക്ക്‌ പോവാറായി, വേഗം വേണം.."

ചൂട്‌ ആറിയ ചായയും കൊണ്ട്‌ കൊച്ചമ്മിണ്യേച്ചി ഗ്ലാസ്സും കൊണ്ട്‌ ഓടുന്നു.

"ചൂട്‌ ഒട്ടും ഇല്ലല്ലോ.. ഇങ്ങനെ തണുത്താല്‍ അങ്ങനെ കുടിയ്ക്കാ?" രാഘവേട്ടന്റെ ഉയരുന്ന ശബ്ദം കേള്‍ക്കാനുണ്ട്‌.

ഒന്നും മിണ്ടാതെ മുണ്ടിന്റെ തലപ്പെടുത്തു കുത്തി പശുവിന്റെ അടുത്തേയ്ക്ക്‌ നടന്നു നീങ്ങുന്ന കൊച്ചമ്മിണ്യേച്ചിയേയും, ചൂടാറിയതിന്റെ അനിഷ്ടം മുഖത്ത്‌ നിഴലിച്ചു കൊണ്ട്‌ ചായ വലിച്ചു കുടിയ്ക്കുന്ന രാഘവേട്ടനേയും, ജനാലയിലൂടെ, സാവിത്രി അകത്തു നിന്നും നോക്കി നിന്നു..
പിന്നെ പതുക്കെ തന്റെ കുഞ്ഞിന്റെ അരികെ പോയി കിടന്നു.. അവന്റെയച്ഛന്റെ അടുത്തേയ്ക്ക്‌ പോകുവാനുള്ള ദിവസങ്ങള്‍ എണ്ണിനോക്കി കൊണ്ട്‌..

വിശാലമായ ആ വളപ്പിനേയും, വൃക്ഷങ്ങളേയും, പശുക്കളേയും സ്നേഹിയ്ക്കുന്ന രാഘവേട്ടന്റെ ഒച്ചയും വേഗമേറിയ മനസ്സും, ആ വീടിന്റെ ആത്മാവായി മാറിക്കഴിഞ്ഞിട്ടുണ്ടാകും ഒരുപക്ഷെ, കൊച്ചമ്മിണ്യേച്ചിയുടെ നിശ്ശബ്ദമായ ഓടിനടത്തങ്ങള്‍ ആ വീടിന്റെ ജീവനായും. അതിനൊരു കോട്ടവും തട്ടാതെ ഇന്നും ആ വീട്‌ അവിടെ തന്നെ ഉയര്‍ന്നു നില്‍ക്കുന്നു, ജീവനോടെ!