തിരിഞ്ഞു നോക്കുമ്പോള്‍, കുറേ ദൂരം പിന്നിട്ടു വന്നിരിയ്ക്കുന്നു.. അങ്ങകലെയായി, ശബ്ദകോലാഹലങ്ങളും, ഉറക്കെയുള്ള ചിരികളും സന്തോഷത്തിന്റെ അലയടികളായി, പിന്നെ, സ്നേഹിയ്ക്കുന്നതിന്റേയും, സ്നേഹിയ്ക്കപ്പെടുന്നതിന്റേയും മധുരമുള്ള തേന്‍ കണങ്ങളായി, വീണ്ടുമത് സൗഹാര്‍ദ്ദങ്ങളും, ബന്ധങ്ങളും പുതുക്കി, പങ്കുവെയ്ക്കലുകളുടെ മലര്‍മണമായി, അവസാനം യാത്ര പറയലുകളുടെ വിതുമ്പലുകളായി, നേര്‍ത്ത് നേര്‍ത്ത്, ഒന്നുമില്ലാതെയായി തീരുന്നു.. മതിവരാത്ത സാമീപ്യങ്ങളുടെ ചൂട് ആറി തണുത്തു കഴിഞ്ഞു, ദൂരേയ്ക്കു മറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ കാതോര്‍ക്കുമ്പോള്‍ ശൂന്യതയുടെ മുഴങ്ങുന്ന നിശ്ശബ്ദതയാണ്... എന്നാല്‍, ആ ശബ്ദകോലാഹലങ്ങള്‍ മാത്രം, ഏതൊ ബാക്കിപത്രങ്ങള്‍ കണക്കെ, ആ നിശ്ശബ്ദതയുടെ ഒച്ചയായി, ഒരാരവം പോലെ കാതിലലയ്ക്കുന്നു...
മനസ്സിലേയ്ക്കു കയറി വരുന്ന, ആ ആരവത്തിന്റെ ബാക്കികളെ ഒന്നു കുത്തിക്കുറിച്ചിടട്ടെ..
പതിവില്‍ നിന്നും വ്യത്യസ്തമായി, ഇപ്രാവശ്യം, വേനലവധിയ്ക്കു കാത്തു നില്‍ക്കാതെ, പെട്ടെന്നൊരു മാസത്തേയ്ക്കായി നാട്ടിലേയ്ക്കൊന്നു പോയി വരുവാനുള്ള ഞങ്ങളുടെ തീരുമാനത്തിനു കാരണങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാലും, ഒരു കാര്യം മാത്രം പതിവ് തെറ്റിയ്ക്കാതെ, മുറ പോലെ നടന്നു കാണുവാനുള്ള ഭാഗ്യം ഞങ്ങള്‍ക്കു ലഭിച്ചു... വേറെയൊന്നുമല്ല- എല്ലാ വര്‍ഷത്തേയും പോലെ ഇപ്രാവശ്യവും തലേ ദിവസം വരെ, എന്റെ കണവന്റെ "ലീവ് അനുവദിച്ചു കിട്ടല്" എന്ന ഒരു മഹാ സംഭവം അനിശ്ചിതാവസ്ഥയില്‍ തന്നെ കിടന്ന് കാണാനുള്ള ആ "മഹാഭാഗ്യം".. വന്ന് വന്ന്, തലേ ദിവസം എന്തെങ്കിലും കാരണം പറഞ്ഞുകൊണ്ട് ഒന്നു നെട്ടോട്ടമോടിയാലെ സമാധാനമായി നാട്ടിലേയ്ക്കു പോകാനാവൂ എന്ന ഒരു നിലയിലായിട്ടുണ്ട് ഇപ്പോള്‍. അങ്ങിനെ, അമ്മയുടേയും അച്ഛന്റേയും, പ്രാര്‍ത്ഥനകളും വഴിപാടുകളും കൊണ്ടോ, അല്ലെങ്കില്‍ ബോസ്സിനു അവസാന നിമിഷത്തില്‍ മനസ്സലിഞ്ഞതു കൊണ്ടോ, "ഇരുപത്തിമൂന്നാമത്തെ മണിക്കൂറില്‍" എല്ലാം ശരിയാക്കി, നിമിഷങ്ങളേയും, മിനുട്ടുകളേയും കയ്യില്‍ പിടിച്ചു കൊണ്ട് ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക് കുതിച്ചു കയറി. തിരുവനന്തപുരം വഴി വളഞ്ഞ്, ഞങ്ങളുടെ ക്ഷമ മുഴുവനും പരീക്ഷിച്ച്, നീണ്ട ഒരാറ് മണിക്കൂറിന്റെ യാത്രയ്ക്കൊടുവില്‍, "ഹാവൂ ! ഒരു വിധത്തില്‍ എത്തികിട്ടി.. !" എന്ന ഒരു നെടുവീര്‍പ്പോടെ, ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങി; ഭാരങ്ങളെല്ലാം ഒന്നിറക്കി വെച്ച പ്രതീതിയായിരുന്നു മനസ്സിലപ്പോള്‍..
നാട്ടിലേയ്ക്കു പോകാനുള്ള സമയമടുക്കുമ്പോള്‍, എല്ലാ പ്രാവശ്യവും, ഞങ്ങളോരോരുത്തരും മനസ്സില്‍ നിറയെ ആശകളും, മോഹങ്ങളും ഒക്കെ നെയ്തുകൂട്ടാറുണ്ട്. ഇപ്രാവശ്യവും, ലീവ് കുറഞ്ഞാലും, അതിനു കുറവൊന്നും വരുത്തിയില്ല.
ഞങ്ങളുടെ അമ്മുവിനുമുണ്ടായിരുന്നു നിറയെ കുഞ്ഞു മോഹങ്ങള്‍ ..."ചെറിയച്ഛന്റെ മകള്‍ മീനാക്ഷിയുടെ ഒപ്പം ഇഷ്ടം പോലെ കളിയ്ക്കണം, കുളത്തില്‍ നീന്തണം, അച്ഛമ്മയുടെ കയ്യില്‍ നിന്നും നിറച്ച് വെണ്ണ വാങ്ങി കഴിയ്ക്കണം, അച്ഛന്റെ വീട്ടിലെ നന്ദിനി പശുവിനേയും കുട്ടി കിടാവിനേയും കണ്‍കുളിര്‍ക്കെ കാണണം, അവിടത്തെ മരങ്ങളിലെ കിളിക്കൂടുകളും അതിനുള്ളിലെ കൊച്ചു മുട്ടകളും കാണണം, മതിലിലൂടെ അരിച്ചരിച്ചു പോകുന്ന കല്യാണി പുഴുക്കളെ കാണണം, അമ്മമ്മയുടെ കഥകള്‍ കേള്‍ക്കണം, മുത്തശ്ശന്റെ കാലുകളില്‍ കിടന്ന് ആടണം, നിറയെ മാങ്ങകള്‍ കഴിയ്ക്കണം"... രണ്ടറ്റവും തൊടാത്ത ഒരു മാല കണക്കെ നീണ്ടു പോയി ആ മോഹമുത്തുകള്‍....
ദിവസങ്ങള്‍ അടുക്കുന്തോറും അമ്മുവിന് ഉത്സാഹം കൂടി കൂടി വന്നു.
എന്നാല്‍ പാവം, അമ്മുവിന്റെ കുഞ്ഞനുജത്തിയ്ക്കു കാര്യമായി ഒന്നും മോഹിയ്ക്കാനുണ്ടായിരുന്നില്ല.. കാരണം നാടിനെ പറ്റി ഒന്നും ഓര്‍മ്മയില്ല അവള്‍ക്ക്. ഒരു വയസ്സില്‍ നാട്ടില്‍ ഒന്നു പോയി വന്നുവെന്നല്ലാതെ വെറെ ഒന്നും ഓര്‍മ്മയില്ല.. എന്നാലും അമ്മയില്‍ നിന്നും, അച്ഛനില്‍ നിന്നും, നാടിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. അമ്മമ്മയെ പറ്റി, മുത്തശ്ശനെ പറ്റി, അമ്മാമന്മാരെ പറ്റി, പിന്നെ, അച്ഛന്റെ വീട്ടിലുള്ള, റാണി പട്ടിയെ പറ്റിയും നന്ദിനി പശുവെ പറ്റിയും, മീനാക്ഷിയെ പറ്റിയും കുഞ്ഞുവാവകളെ പറ്റിയും എല്ലാം.. അതുകൊണ്ട്, ചേച്ചിക്കുട്ടിയുടെ ഒപ്പം നില്ക്കുവാന്, ഉത്സാഹത്തിന്റെ കാര്യത്തില്‍ അനീത്തികുട്ടിയും ഒട്ടും വിട്ടു കൊടുത്തില്ല.. അങ്ങിനെ അമ്മുവും കുഞ്ഞനുജത്തിയും കാത്തിരുപ്പായി, ആ "സുദിനം" വന്നു ചേരുവാന്‍..
ഞങ്ങള്‍ക്കാകട്ടെ, എല്ലാവരേയും കാണാനുള്ള തിടുക്കവും, നാട്ടിലെ ഉത്സവക്കാലവുമായിരുന്നു മനസ്സില്‍ നിറയെ.. കൂടാതെ കുട്ടികള്‍ക്കും എല്ലാമൊന്ന് അനുഭവിച്ചറിയാനുള്ള ഒരവസരമാണല്ലോ, എന്ന ഒരു ചിന്തയും.
പൂരക്കാലത്ത് നാട്ടിലെത്തിപ്പെടുക വളരെ അപൂര്‍വമായി മാത്രമാണ് പതിവ്.എന്റെ കുട്ടിക്കാലത്ത്, ഞാന്‍ കണ്ട് വളര്‍ന്ന പൂരം പ്രധാനമായും "കോട്ടയ്ക്കല്‍ ഉത്സവം" മാത്രമായിരുന്നു. ഉത്സവക്കാലത്ത്, ആദ്യത്തെ ദിവസത്തെ വെളുപ്പാന്‍ കാലത്തെ വെടിക്കെട്ട്, രാവിലത്തെ പാഠകം, സന്ധ്യയ്ക്കുള്ള ചാക്യാര്‍കൂത്ത്, പിന്നെ, കച്ചേരികള്‍, നൃത്തങ്ങള്‍, അഞ്ചു ദിവസങ്ങളിലെ കഥകളി, പഞ്ചവാദ്യം, രാത്രിയിലുള്ള തായമ്പക, കുട്ടിക്കാലത്ത് സര്‍ക്കസ്സും കാണാന്‍ പോയിരുന്നതോര്‍മ്മയുണ്ട്. ഇതൊക്കെയാണ് എന്റെ മനസ്സിലെ ഉത്സവം. എന്നാല്‍ ഉത്സവങ്ങളുടെ മറ്റൊരു മുഖം ഞാന്‍ കണ്ടത്, വിവാഹശേഷമാണ് - ആനകളുടേയും, മേളങ്ങളുടേയും ഉത്സവം -
എന്റെ ഭര്‍തൃ ഗൃഹത്തില്‍, എല്ലാവരും പൂരങ്ങളെ ആവോളം ആസ്വദിയ്ക്കുന്നവര്‍. അമ്പലത്തില്‍ കഴകവും മറ്റും ഉള്ളതുകൊണ്ട്, പൂരങ്ങള്‍ക്കു ആനയുടെ തൊട്ടടുത്ത് വിളക്കു പിടിച്ചുകൊണ്ട് കിലോമീറ്ററുകളോളം നടക്കുവാന്‍, എല്ലാ പുരുഷ ജനങ്ങളും പോകാറുള്ള ഒരു കുടുംബം. അതുകൊണ്ടു തന്നെ ആനകളോടും ഒരു പ്രത്യേക സ്നേഹം അവിടെയെല്ലാവരും കാത്തു സൂക്ഷിച്ചിരുന്നു.. ഇപ്പോഴും അതിനു കുറവൊന്നുമില്ല.. പൂരക്കാലത്ത് അവിടത്തെ തൊടിയിലാണ്, അമ്പലത്തിലേയ്ക്കു എഴുന്നള്ളിയ്ക്കുന്ന ആനയെ കെട്ടാറുള്ളത്. അതുകൊണ്ടു തന്നെ, എല്ലാവര്ക്കും, പശുവിനോടും, ആടിനോടും ഒക്കെ തോന്നുന്ന ഒരു സ്നേഹമാണത്രേ ആനയോടും !.
വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ചു കയറി, ഓട്ടം നിര്‍ത്തിച്ചുവെന്നതും മറ്റുമായി ധാരാളം വീരസാഹസിക കഥകള്‍ കേട്ടിട്ടുണ്ട്, അവിടത്തെ അച്ഛന്റെ പഴയ കാലങ്ങളെ കുറിച്ച് പറയുമ്പോള്‍. ഒരാന ഇടഞ്ഞുവെന്നു കേട്ടാല്‍, ഇപ്പോഴും ഇരിയ്ക്കപ്പൊറുതി കിട്ടാത്ത അച്ഛന്റെ ആവേശം നിയന്ത്രിയ്ക്കുന്നത്, അച്ഛന്റെ വയ്യാത്ത കാലുകള്‍ മാത്രമായിരിയ്ക്കും, അല്ലാതെ മക്കളുടേയോ, അമ്മയുടേയൊ, വിലക്കുകളായിരിയ്ക്കില്ല എന്നതായിരിയ്ക്കും പച്ചയായ ഒരു യാഥാര്‍ത്ഥ്യം !.
ആനകളോടെന്ന പോലെ, മേളങ്ങളോടുള്ള കമ്പവും ഒട്ടും കുറവല്ല ആര്‍ക്കും -"ഇപ്രാവശ്യം എന്തായാലും എല്ലാ പൂരങ്ങള്‍ക്കും ഒന്നു കൂടണം.." കുറേ കാലങ്ങളായി മനസ്സിനുള്ളില്‍ പൂക്കാന്‍ കൊതിച്ചു നില്ക്കുന്ന ഒരു മോഹമായിരുന്നു, അമ്മുവിന്റെ അച്ഛനത്. ആ മോഹം കണ്ണുകളിലൂടെ ഒന്നു വന്നെത്തി നോക്കി പോയി, അതു പറയുമ്പോള്‍. " തൈക്കാട്ടുശ്ശേരി, ആറാട്ടുപുഴ, എടക്കുന്നി, അവിണിശ്ശേരി, തുടങ്ങിയ പല ദേശങ്ങളുടേയും പൂരങ്ങള്‍ കൊണ്ടൊരു കളിയാണ് ഈ സമയത്ത്. കൂട്ടത്തില്‍ ആറാട്ടുപുഴ പൂരത്തിന് കൊഴുപ്പു കൂടുമത്രേ.. അമ്മുവിന്റെ അച്ഛന് മനസ്സില്‍ കുറിച്ചിട്ടു - "ഒരാഴ്ച പൊടിപൊടിയ്ക്കാം"-
അങ്ങനെ, വളരെ ഉത്സാഹത്തോടെ, വെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് പൂരത്തിനു വിളക്കു പിടിയ്ക്കാന്‍ പോവലും, ഉറക്കമൊഴിയ്ക്കലും, ദൂരങ്ങളോളമുള്ള നടത്തവും, അസമയത്ത് മാത്രം ഭക്ഷണം കഴിയ്ക്കലും, എല്ലാം കൂടി ചേര്‍ന്ന് വളരെ അപ്രതീക്ഷിതമായി, അമ്മുവിന്റെ അച്ഛന്റെ "ഉദരം" ക്ഷമ കെട്ട്, ശക്തിയുക്തം പ്രതിഷേധം രേഖപ്പെടുത്തി. കുറെ കാലങ്ങളായി ഈ വക ശീലങ്ങള്‍ വിട്ടതാണെന്നും കൂടുതല്‍ ബുദ്ധിമുട്ടിപ്പിയ്ക്കരുതെന്നും പറഞ്ഞ് അത് നിരാഹാര സമരം ഇരുന്നു. നല്കുന്ന ഓരോ ഭക്ഷണത്തേയും അത് നല്ല രീതിയില്‍ തന്നെ "തിരസ്ക്കരിച്ചു". അങ്ങിനെ തീര്‍ത്തും അവശനായി, രണ്ടു ദിവസത്തെ വിശ്രമം കഴിഞ്ഞതോടെ, സ്വന്തം ദേശത്തെ "പൂരം കൂടല്‍" വളരെ "ഭംഗിയായി" തന്നെ പര്യവസാനിച്ചു.. എന്നാലും, അമ്മുവിന്റെ അച്ഛന് സ്വയം സമാധാനിച്ചു - "ഒന്നു വിളക്കുപിടിച്ചു നടക്കാനെങ്കിലും കഴിഞ്ഞുവല്ലൊ.. അതുമതി."
പക്ഷെ, മറ്റൊരു വിസ്മരിയ്ക്കാനാവാത്ത സത്യം ഉണ്ട്. ഇത്തവണത്തെ പൂരക്കാലം പതിവു പൊലെ ആസ്വാദ്യകരമായി തീര്‍ന്നില്ല എന്ന ഒരു ദുഃഖ സത്യം..
തൈക്കാട്ടുശ്ശേരിയില്‍, വെളുപ്പാന്‍ കാലത്തെ എഴുന്നള്ളിപ്പ് നടക്കുമ്പോള്‍ ആന ഇടഞ്ഞ്, ഒന്നാം പാപ്പാന്റെ ജീവന് അപഹരിയ്ക്കുക വരെ ഉണ്ടായി !, അതും പോരാഞ്ഞ് അടുത്തുള്ള മറ്റ് രണ്ട് ആനകളേയും അത് കുത്തിയത്രേ ! പൂരം നടക്കുന്ന ആ ഭാഗമാകെ ആന ചവുട്ടി മെതിച്ചു. എല്ലാം അലങ്കോലപ്പെട്ടു.
തൊട്ടടുത്ത് നിന്ന് നേരില്‍ കണ്ട്, പരിഭ്രാന്തരായ ജനക്കൂട്ടത്തിനിടയിലൂടെ, കയ്യിലെ വിളക്ക് കെടുത്തിക്കൊണ്ട് ഓടിപോകേണ്ടി വന്ന വല്ല്യച്ഛന്റെ മകന് - ശശിയേട്ടന്, ഉള്ളിലെ ഭീതി മറച്ചു വെയ്ക്കാതെ പറഞ്ഞു - " ഇങ്ങനെയൊരു മുഖം ആദ്യമായാണ് കാണുന്നത്. ആനയിലെ വന്യമൃഗം അതിഭീകരം തന്നെ !"- പശുവിനേയും ആടിനേയും പോലെ തന്നെ കുട്ടിക്കാലം മുതല്‍ക്ക്, ആനയെ സ്നേഹിയ്ക്കുകയും, ഇടപഴകുകയും ചെയ്തിട്ടുള്ള, ശശിയേട്ടന്റെ കണ്ണുകളിലെ നടുക്കം വിട്ടുമാറിയിരുന്നില്ല അപ്പോഴും.
എല്ലാം കഴിഞ്ഞ്, ഏതൊരു സംഭവത്തിനും പതിവുള്ളതു പോലെ, അവിടേയും കാര്യകാരണങ്ങള്‍ നിരന്നു തുടങ്ങി - "പ്രകൃത്യാ ആനയ്ക്കു കുറുമ്പു കൂടുതലായിരുന്നു, പിന്നില്‍ നിന്നും ആരൊ ആനയെ കുത്തിയോ എന്നൊരു സംശയം, പെട്ടെന്നു തന്നെ തിരിയാന്‍ പറഞ്ഞത് ആനയ്ക്കു പിടിച്ചില്ല, അങ്ങിനെ ആനയിടയുവാനുള്ള കാരണങ്ങള്‍ നിരവധി. നിരത്തി വെയ്ക്കുവാന്‍ കാരണങ്ങളും, കാരണങ്ങളുടെ കാരണങ്ങളും ഏറെ.. പക്ഷെ, ആനയെ വളരെയധികം സ്നേഹിച്ചിരുന്ന പാപ്പാനു നേരെ തിരിഞ്ഞ ആ "ഭ്രാന്ത് കയറിയ നിമിഷങ്ങള്‍ക്കു" മുന്നില്‍ അവയെല്ലാം അപ്രസക്തങ്ങളാകുന്നില്ലേയെന്ന് തോന്നിപോകുന്നു; അഥവാ ഏതെങ്കിലും ഒരു കാരണത്തിനോ, കാരണങ്ങളുടെ കാരണത്തിനോ എന്തെങ്കിലും പ്രസക്തിയുണ്ടെങ്കില്‍ തന്നെ, ഇതേ സംഭവങ്ങള്‍ അതേ മട്ടില്‍ തന്നെ പല ദിക്കിലും ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ഭ്രാന്ത് ആനയ്ക്കൊ അതൊ മനുഷ്യനൊ എന്നും സംശയിച്ചു പോകുന്നു...
പൂരത്തിന്റെ ഉത്സാഹങ്ങള്‍ അതോടെ ഏകദേശം അസ്തമിച്ച മട്ടായി. അമ്മുവിന്റെ അച്ഛന്റെ പൂക്കാന്‍ തുടങ്ങിയ മോഹമൊട്ടും അങ്ങനെ പകുതിയില്‍ വാടിക്കരിഞ്ഞു പോയി.
എന്നാലെന്നെ സംബന്ധിച്ചിടത്തോളം, "ഉത്സവക്കാലം" എന്നതിലുപരിയായി, ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കുള്ള ആ യാത്ര, പല സംഗതികള്‍ക്കും പ്രാധാന്യം നല്കിക്കൊണ്ടായിരുന്നു. ഉള്ള സമയം കൊണ്ടു എല്ലാവരുമൊത്ത് നല്ല കുറച്ചു സമയം ചിലവഴിയ്ക്കണം എന്നതു തന്നെയായിരുന്നു ഏറ്റവും പ്രധാനം. അച്ഛന്, അമ്മ, അനിയന്മാര്, അതുപോലെ വല്ല്യമ്മമാര്‍, വല്ല്യച്ഛന്മാര്‍, അമ്മമ്മ, അങ്ങിനെ എല്ലാവരുടേയും സ്നേഹവലയത്തില്‍, സുരക്ഷിതവലയത്തില്‍, ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മറന്ന്, കുറച്ചു ദിവസങ്ങള്‍ ഒന്നൊതുങ്ങി കൂടുവാനുള്ള ആ "സ്വാര്‍ത്ഥക്കൊതി" ഒരു "മോഹമായി" ഞാനുമുള്ളില്‍ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു വെച്ചിരുന്നു, ഏതൊരു പ്രവാസിയേയും പോലെ..
എല്ലാ തവണയും നാട്ടിലെത്തിയാലുടന്‍, വിട്ട് നിന്ന് കാലങ്ങള്‍ കഴിഞ്ഞു പോകുമ്പോള്‍, തോന്നാറുള്ള ഒരു "വിടവ്" നികത്താനുള്ള തത്രപ്പാടിലാണ് പതിവ്. പ്രസവിച്ച് ഇതുവരെ കാണാത്ത കുട്ടി, കല്യാണം കഴിഞ്ഞ് ഇതുവരെ കാണാത്ത "വരന്", പല കാരണങ്ങളാലാല്‍ കാലങ്ങളായി കാണാന്‍ പറ്റാതെയിരിയ്ക്കുന്ന മറ്റ് സ്വന്തക്കാര്, കാണാന്‍ പോകേണ്ടുന്ന മുത്തശ്ശിമാരും മറ്റു പ്രായമായവരും എന്നിങ്ങനെ ഒരവസാനമില്ലാതെ നീണ്ടു പോകുന്ന ഒരു "ലിസ്റ്റ്" തന്നെ അമ്മ ഉണ്ടാക്കിയിട്ടുണ്ടാകും. ഇതിനെല്ലാമിടയില്‍, വീണു കിട്ടുന്ന എല്ലാ നിമിഷങ്ങളും ആവോളം ആസ്വദിയ്ക്കുകയെ വഴിയുള്ളൂ.. ഒരോ നിമിഷങ്ങളുടേയും മൂല്യം ഏറ്റവുമധികം തിരിച്ചറിയുന്നത് അപ്പോഴാണെന്ന് തോന്നാറുണ്ട്.
തുടക്കത്തില്‍, നാടിനും വീടിനും വന്ന മാറ്റങ്ങള്‍ കണ്ട് അദ്ഭുതം കൂറി,
പിന്നെ, തൊടി, കുളം, അമ്പലം..,
കൂടാതെ, മാവിന് കൊമ്പിന്റെ തുമ്പത്ത് തൂങ്ങിയാടി, കുണുങ്ങി ചിരിയ്ക്കുന്ന പച്ച നിറമുള്ള മാങ്ങകളുടെ അഴകു നോക്കി..,
പിന്നെ, മഞ്ഞ നിറത്തിലുള്ള ഒരു 'താലിമാല' പോലെ കൊന്നപ്പൂക്കളെ വേണ്ടുവോളം അണിഞ്ഞു കൊണ്ട് നില്ക്കുന്ന കൊന്നമരങ്ങളെ നോക്കി..,
അതും പോരാഞ്ഞ്, കിണറ്റിലെ തണുത്ത വെള്ളം മേലാദ്യം ഒഴിയ്ക്കുമ്പോള്‍ കുളിരു കോരി, രോമങ്ങള്‍ എഴുന്നേറ്റുവരുന്നതും അറിഞ്ഞുകൊണ്ട്..,
എന്നിട്ടും മതിയാവാതെ, അമ്മയുടെ ഭരണി തുറക്കുമ്പോള്‍ കഴിഞ്ഞ കൊല്ലം ഇട്ട കടുമാങ്ങയുടെ വാസനയും, നാവിലൂറുന്ന വെള്ളവും നുണഞ്ഞു കൊണ്ട് ഭരണിയിലേയ്ക്ക് കയ്യിട്ട് വിരലിന്റെ തുമ്പില്‍ പറ്റിയ കടുമാങ്ങയുടെ ചുകന്ന നീര് നാവു കൊണ്ട് നക്കി തുടച്ച്, ചെവിയിലൂടെയും, കണ്ണിലൂടെയും അതിന്റെ എരിവു ഊര്‍ന്നിറങ്ങുമ്പോള്‍, "തോന്നീത് കാണിയ്ക്കണ്ട ട്ടൊ" എന്ന അമ്മയുടെ ഒരു താക്കിതും കേട്ട്...,
എല്ലാം മറന്ന്, ഉമ്മറത്തെ ബെഞ്ചിലിരുന്ന് കാറ്റുകൊണ്ട് അമ്മയുടെ സംസാരങ്ങള്‍ കേട്ടുകൊണ്ട്...,
അങ്ങിനെ എന്തും ഏതും.. കുറെ കാലമായി പൊടി പിടിച്ചു കിടക്കുന്ന ഉള്ളിന്റെയുള്ളിലെ, മറക്കാനാവാത്ത അന്തരീക്ഷവും ശീലിച്ചുവന്ന വാസനകളും, രുചികളും,.. ഇത്തിരി പോന്ന, നുറുങ്ങു സന്തോഷങ്ങളായി.. എല്ലാം ഒന്നുകൂടി സ്വന്തമാക്കുമ്പോള്‍, മനസ്സിലെവിടേയോ ഒളിഞ്ഞിരിയ്ക്കുന്ന ഒരാഹ്ലാദമായി..
എന്നാല്‍ ഇതിന്റെയെല്ലാമിടയിലൂടെ, ഇപ്രാവശ്യം എപ്പൊഴൊക്കെയൊ ഞാന്‍ അദ്ഭുതപ്പെട്ടു- പണ്ട് തീരെ കുട്ടികളായി തോന്നിയിരുന്നവരെല്ലാവരും ഇപ്പോള്‍ എന്നേക്കാളുമധികം പൊക്കത്തില്‍, എനിയ്ക്കു മനസ്സിലാവുക പോലും ചെയ്യാത്ത വര്‍ത്തമാനങ്ങളും, തമാശകളും പൊട്ടിച്ചുകൊണ്ട് നടക്കുന്നു, അതുപൊലെ, ഒരു അന്‍പതു വയസ്സിനു മുകളിലുള്ള മിക്കവര്‍ക്കും വന്നു പെട്ടിട്ടുള്ള മാറ്റങ്ങള്‍..
കഴിഞ്ഞ തവണ കണ്ടപ്പോള്‍ പോലും ഓടിനടന്നിരുന്നവര്‍ക്ക് ഇത്തവണ വയ്യായകളും വേദനകളും, അവര്‍ മനസ്സു തുറക്കുമ്പോള്‍ ഉള്ളില്‍ നിന്നും അറിയാതെ വരുന്ന ഒരുതരം "അരക്ഷിതത്വത്തിന്റെ" പ്രതിഫലനങ്ങള്‍, പ്രായവും അനുഭവങ്ങളും, അവരുടെ വിചാരങ്ങള്‍ക്കും, കാഴ്ചപ്പാടുകള്‍ക്കും വരുത്തിയിട്ടുള്ള ചെറിയ ചെറിയ മാറ്റങ്ങള്‍, അങ്ങിനെ ഓരോന്നും എന്റെയുള്ളില്‍ അദ്ഭുതത്തോടൊപ്പം എവിടെയൊക്കെയോ നീറ്റലുകളുമുണ്ടാക്കി. കേവലം ഒരു വര്‍ഷം കൊണ്ട് ഇത്രയധികം മാറ്റങ്ങളോ, ഞാന്‍ അമ്പരന്നു പോയി പലപ്പോഴും.
കുട്ടിക്കാലത്ത് എന്റെ മുതിര്‍ന്നവരായി, എന്തിനും ഏതിനും ഏക അഭയസ്ഥാനങ്ങളായി ഞാന്‍ കണക്കാക്കിയിരുന്നവര്‍, ഇന്നു ഞാന്‍ കാണുമ്പോള്‍, ഏതൊക്കെയോ നിമിഷങ്ങളില്‍ അവരെനിയ്ക്കെന്റെ സ്വന്തം കുട്ടികളായി മാറുന്ന പൊലെ. അവരില്‍ നിന്നും സുരക്ഷിതത്വം കൊതിച്ചു വന്ന ഞാന്‍, അവര്‍ക്കു "സുരക്ഷ" നല്‍കണമെന്ന ഒരു ഉത്തരവാദിത്ത ബോധം എന്നില്‍ താനെ ഉടലെടുക്കുന്ന പോലെ. ഒരു കാലത്ത് ഓടി നടന്നിരുന്നവര്‍ക്ക് ഇന്ന് ഓടി നടക്കുവാന്‍ കാരണങ്ങള്‍ ഇല്ലാതെ വന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ഓടുവാന്‍ ശരീരം അനുവദിയ്ക്കാതെ വന്നിരിയ്ക്കുന്നു, മനസ്സിന്റെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു, പിടിവള്ളികള്‍ക്കായി അലഞ്ഞു തുടങ്ങുന്നു, കൊതിയ്ക്കുന്നു, പിടിച്ചു വെയ്ക്കുന്നു, വിട്ടുകൊടുക്കുവാന്‍ മടിയ്ക്കുന്നു, ഓടി തളര്‍ന്ന് ക്ഷീണിച്ച ശരീരം നിസ്സഹായതയെ ഓര്‍മ്മിപ്പിയ്ക്കുന്നു.. ജിവിതത്തിലെ ആവര്‍ത്തനങ്ങളായ ജോലികള്‍ വിരസത സൃഷ്ടിച്ചു തുടങ്ങുന്നു, അങ്ങിനെയുള്ള ഒരു ഘട്ടത്തിലേയ്ക്കുള്ള ആരംഭമായെന്നു എനിയ്ക്കു തോന്നി. സ്നേഹിയ്ക്കപ്പെടാന്‍ ഏറെ കൊതിച്ചു വരുമ്പോഴും, അളവില്ലാത്ത സ്നേഹം ആവോളം കൊടുക്കുക കൂടി വേണമെന്ന, ഇതുവരെ അറിയാതെയെങ്കിലും അധികം ശ്രദ്ധ വെയ്ക്കാതെ പോയ ഒരു സത്യം, ഇപ്പോള്‍ തിരിച്ചറിയുണ്ടെന്ന് എനിയ്ക്കു തോന്നി. അവര്‍ക്ക് മാനസികമായ പിന്തുണ നല്കി ക്കൊണ്ട്, അവരെ സഹായിച്ച്, സമാശ്വസിപ്പിച്ച്, അവര്‍ക്ക് മനസ്സിന് കുറച്ചെങ്കിലും ഉല്ലാസം പകര്‍ന്നു കൊണ്ട് അവരുടെയൊപ്പം ഒരു താങ്ങായി എന്നും നില്‍ക്കണമെന്ന തീവ്രമായ ഒരു ആഗ്രഹം എന്നില്‍ ജനിച്ചു, അല്ലെങ്കില്‍ ഒരാവേശം- വര്‍ഷത്തിലൊരിയ്ക്കല്‍ വരുമ്പോള്‍, എന്തൊക്കെയോ ചെയ്യുവാനും, എല്ലാവരേയും സഹായിയ്ക്കുവാനും, സഹായിച്ചു അങ്ങേയറ്റം സന്തോഷിപ്പിയ്ക്കാമെന്നുമുള്ള ഒരു അമിത വിശ്വാസത്തിന്റെ ആവേശം - എന്നിരുന്നാലും ആ ആവേശത്തിന്റെ ഊര്‍ജ്ജം എന്നെക്കൊണ്ട്, എന്തെങ്കിലുമൊക്കെ ഗുണകരമായി ചെയ്യുവാന്‍ സഹായിച്ചുവെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു... കുറഞ്ഞത്, ഒരു കേള്‍വിക്കാരിയായി അവര്‍ക്കെല്ലാം ഇരുന്നുകൊടുക്കുവാനുള്ള ക്ഷമയും, സമയവും, സന്ദര്‍ഭവും ഉണ്ടാക്കുവാനെങ്കിലും.. അതില്‍ നിന്നും കിട്ടുന്ന, സന്തോഷത്തിന്, എന്റേത് മാത്രമാകുന്ന ആ "നുറുങ്ങു സന്തോഷങ്ങളേക്കാള്‍" ഒരിത്തിരി മധുരം കൂടുതലുണ്ടെന്ന് എനിയ്ക്കു തോന്നി.
അങ്ങിനെ ഇത്തവണത്തെ എന്റെ അവധിക്കാലം എന്നെ ഏറെ ചിന്തിപ്പിയ്ക്കുന്നതായിരുന്നു. ജീവിതത്തില്‍, ഒരു മകളായുള്ള, അല്ലെങ്കില്‍ ഒരു മരുമകളായുള്ള, അതുമല്ലെങ്കില്‍ പേരിട്ടിട്ടില്ലാത്ത പല ബന്ധങ്ങളിലും, ഞാന്‍ വഹിയ്ക്കേണ്ടുന്ന എന്റെ ഭാഗം [role], എനിയ്ക്കുള്ള ജോലി, എങ്ങനെയെല്ലാം സ്നേഹിയ്ക്കണം എന്നുകൂടി ഞാന്‍ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയുന്നുവെന്ന് എനിയ്ക്കു തോന്നി. അതുകൊണ്ടു തന്നെ, ഈ അവധിക്കാലം എനിയ്ക്കു വളരെ വിലപ്പെട്ടതായി, എന്നേയ്ക്കുമുള്ള ഒരു തിരിച്ചറിവിന്റെ പാഠമായി തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു, സമയം വളരെ കുറവായിരുന്നിട്ടു കൂടി..
വാസ്തവത്തില്‍, അമ്മുവും അമ്മുവിന്റെ കുഞ്ഞനുജത്തിയുമാണ് അവരുടെ അവധിക്കാലം, വേണ്ടുവോളം ആസ്വദിച്ചത് എന്നു വേണമെകില്‍ പറയാം. അമ്മുവിന് നാട്ടിലെ സ്ക്കൂളില്‍ പോകാന്‍ മോഹമായി തുടങ്ങി, നമുക്കു നാട്ടില്‍ തന്നെ താമസിച്ചാല്‍ പോരേയെന്ന് പല തവണ അവള് അച്ഛനോടു ചോദിച്ചു നോക്കി. അവളവിടെ സകലതും മറന്ന് മറ്റു കുട്ടികളുടെയൊപ്പം കളിച്ചു രസിച്ചു. രാവിലെ മുറ്റത്തെ വെയിലത്തേയ്ക്കു ഇറങ്ങിയാല്‍, ക്ഷീണിച്ച് വാടിക്കരിഞ്ഞ മുഖങ്ങളുമായി സന്ധ്യക്കാണ് എല്ലാ കുട്ടികളും അകത്തേയ്ക്കു കയറുന്നത്. വെയിലിന്റെ ചൂടിനെ ചൊല്ലി അകത്തിരിയ്ക്കുന്നവര്‍ അക്ഷമരാകുമ്പോള്‍, കുട്ടികള്‍ ഒന്നുമറിയാതെ അവരുടെ ലോകത്തില്‍ മുഴുകി, കളികളിലൂടെ കൊച്ചു കൊച്ചു വര്‍ണ്ണകൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുന്നത് കാണാമായിരുന്നു.. ആ പൊള്ളുന്ന വെയിലത്തും.. "കുട്ടികളുടെ ലോകം എത്ര സുന്ദരം !", അകത്തിരുന്നിട്ടും ചൂടിന്റെ ശക്തിയില്‍ ക്ഷീണിച്ചുപോയിരുന്ന ഞങ്ങളോരോരുത്തരും മാറി മാറി പറഞ്ഞു.
അങ്ങിനെ സംഭവ ബഹുലമായി തന്നെ, ഞങ്ങളുടെ ഒരു മാസത്തെ അവധിക്കാലം വളരെ വേഗം മുഴുവനായി. സമയക്കുറവിന്റെ സമ്മര്‍ദ്ദങ്ങളില്‍ പെട്ട്, ഇനിയും ചെയ്യുവാനും പറയുവാനും മനസ്സില്‍ കുറേയധികം ബാക്കിവെച്ചു കൊണ്ട്, പകുതി മനസ്സ് അവിടെയെവിടെയൊക്കെയോ കൊഴിഞ്ഞു വീഴുന്നതറിഞ്ഞു കോണ്ട്, ഒരു മാസം ഇത്ര വേഗം കഴിഞ്ഞു പോയോ എന്നു പതിവു പോലെ ആശ്ചര്യപ്പെട്ടു കൊണ്ട്, സമയത്തിനു മുന്നില്‍ തല കുനിച്ച്, ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക് തിരിച്ചു. വിമാനത്തിലിരിയ്ക്കുമ്പോള്‍, ഒഴിഞ്ഞ ഉത്സവ പറമ്പു പോലെ മനസ്സു ഒഴിഞ്ഞു കിടന്നു.. ഞങ്ങളെല്ലാവരും ഒരുപോലെ, ഓടിത്തളര്‍ന്ന്, വളരെ എളുപ്പത്തില്‍ തന്നെ, മയക്കത്തിലാണ്ടു.. വിമാനത്തിനുള്ളിലെ നിശ്ശബ്ദതയില്‍ പതുക്കെ പതുക്കെയായി, ഹൃദയഭാരം കൂടുന്നത് പരസ്പരം പറയാതെയറിഞ്ഞു കൊണ്ടു തന്നെ.. മതിവരാത്ത സാമീപ്യങ്ങള്‍ ശരീരത്തില്‍ ആറി തണുക്കുന്നതറിഞ്ഞു കൊണ്ട്, അതുവരെ കേട്ടിരുന്ന ശബ്ദകോലാഹലങ്ങളെല്ലാം, ഏതോ ബാക്കിപത്രങ്ങള്‍ കണക്കെ, നിശ്ശബ്ദതയുടെ ഒച്ചയായും, കാതിലലയ്ക്കുന്ന ഏതോ ആരവമായും മാറിക്കൊണ്ട്, ഞങ്ങളെല്ലാവരും ഒരുപോലെ ഏതോ ഒരു ശൂന്യതയിലേയ്ക്ക് വഴുതി വീണു, ഇനിയടുത്ത അവധിക്കാലത്തേയ്ക്കുള്ള സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടാനുള്ള ഒരു തയ്യാറെടുപ്പിനെന്നോണം.