Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Thursday, September 04, 2014

അന്നത്തെ മഴ...

തിക്കിത്തിരക്കി വരുന്ന ആൾക്കൂട്ടത്തിനിടയിലും, ഒരു വിവാഹാഘോഷത്തിന്റെ ബഹളങ്ങൾക്കുള്ളിലും ഒരു ഹോൾ മുഴുവനും പരക്കുന്ന ശൂന്യത. ചില കണ്ണുകളെങ്കിലും അപ്പപ്പോൾ പെട്ടെന്നു വന്നുചേരുന്ന ഒരോർമ്മയുടെ മിന്നൽപ്പിണരുകളിൽ നിറഞ്ഞുതുളുമ്പിയിരുന്നു.. ചില തൊണ്ടകളെങ്കിലും കനത്തുപോയിരുന്നു.. ചില ചുണ്ടുകളെങ്കിലും വിതുമ്പിപ്പോയിരുന്നു... പലരുടേയും ഓർമ്മകളിൽ ഒരു മുഖം , ഒരേയൊരു മുഖം, തടുത്തുനിർത്താനാവാത്തവിധത്തിൽ ഒളിമിന്നിയിരുന്നിരിക്കണം.. ചിലരെങ്കിലും ആരും കാണാതെ തിരക്കുകൾ ഒഴിയുമ്പോൾ തലയിണയിലോ, കുളിമുറിയിലോ ഒക്കെ ഒറ്റക്ക് ഓർമ്മത്തുരുത്തുകളിൽ അകപ്പെട്ട്, നൊന്തു നീറിയിരിക്കണം.

അന്നു രാത്രിയിൽ മാനത്തു വിരിച്ചിട്ട നക്ഷത്രപ്പരവതാനിയിൽ നിന്നും ഒരു നക്ഷത്രം എന്തായാലും ആ മുറിയിലെ ലൈറ്റ് അണയുന്നുവോ എന്നും നോക്കി, ആ മുറിജനാലയിലേക്കു നോക്കി മിന്നിത്തിളങ്ങിയിട്ടുണ്ടാവും. ഒരു വേള വർഷങ്ങൾക്കു മുൻപേ ഇതുപോലെ ഒരു രാത്രിയെ, ഒരു ചെറു പുഞ്ചിരിയെ ചുണ്ടിന്റെ ഒരു കോണിൽ തിരുകിവെച്ച്, ആ നക്ഷത്രം ഓർത്തെടുത്തിട്ടുണ്ടാവും?

വിവാഹങ്ങൾ ആഘോഷങ്ങളാണ്, എന്നും അതങ്ങിനെയാണ്. വധുവും വരനും ഒരുനൂറു സ്വപ്നങ്ങളും കൂട്ടിവെച്ച് ഒരേ ജീവിതപ്പാതയിലേക്കു കൈകൾകോർത്ത് പടവുകളോരോന്നായി കയറിത്തുടങ്ങുമ്പോൾ കൂടെ നിന്ന് ആർപ്പു വിളിച്ചും, കളി പറഞ്ഞും, അനുഗ്രഹാശിസ്സുകളുമായും ഒക്കെ ഒരു കൂട്ടം പിന്നിലുണ്ടാവും. ആ കൂട്ടത്തിൽ ഏറ്റവും, സന്തോഷം കൊണ്ടെങ്കിലും, ഏറ്റവും വ്യാകുലരാകുന്ന രണ്ടു മുഖങ്ങളാവും അച്ഛനമ്മമാരുടേത്... മക്കളുടെ വിവാഹദിവസം അച്ഛനമ്മമാർക്ക് പല പ്രകാരത്തിലുള്ള വികാരത്തള്ളിച്ചകൾ സമ്മാനിക്കുന്ന ഒരു ദിനമായിരിക്കണം. മകൻ/മകൾ ജനിച്ച ദിവസം മുതൽ അന്നു വരെയുള്ള ഓരോന്നും അവർ മനഃപ്പൂർവ്വം മനസ്സിന്റെ ഒരു കോണിലേക്കു ചുരുട്ടികൂട്ടിവെക്കുമായിരിക്കും. പകരം മനസ്സിൽ നിറയുന്ന അനുഗ്രഹപ്രാർത്ഥനകളായിരിക്കും. സ്വന്തം ജീവിതം അതേ പോലെ മക്കളിൽ കണ്ടുതുടങ്ങുന്ന ജീവിതത്തിന്റെ രണ്ടാമത്തെ കാലഘട്ടത്തിലേക്ക് അച്ഛനും അമ്മയും കൈകോർത്ത് യാത്ര തുടങ്ങുന്ന ദിനം കൂടി അന്നായിരിക്കണം.

എന്നാൽ അവരിലൊരാളുടെ നഷ്ടം, കൈ കോർക്കാൻ കൂടെയാളില്ലാതെ പോകുന്നത് അന്ന് വല്ലാതെ തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കും.. നഷ്ടത്തിന്റെ വില ആ ദിനത്തിലെ ഓരോ കുഞ്ഞുകുഞ്ഞുകാര്യങ്ങളിലും അറിഞ്ഞുകൊണ്ടിരിക്കും, നോവിച്ചുകൊണ്ടിരിക്കും. എല്ലാവരും നഷ്ടത്തെ ഓർത്ത് ദുഃഖിച്ചിരിക്കാതെ പരമാവധി സന്തോഷം നിറച്ചുവെക്കാൻ പണിപെട്ടുകൊണ്ടിരിക്കും.
അതെ! വിവാഹം സന്തോഷിക്കുവാനുള്ളതാണ് എന്നു സ്വയം ഓരോരുത്തരും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. ഓരോ ചിരിയിലും, ഓരോ ആർപ്പുവിളിയിലും ആ തീരാനഷ്ടത്തെ ഓർമ്മിച്ചുകൊണ്ടിരിക്കും. അങ്ങിനെ നഷ്ടമുണ്ടാക്കുന്ന ശൂന്യത പതുക്കെ പതുക്കെ പരന്നുവ്യാപിക്കും.

അതുകൊണ്ടൊക്കെ ആവും. അന്നത്തെ സൂര്യനൊറ്റക്ക് ഉദിച്ചുനിൽക്കാനാവാത്തതുകൊണ്ടാവും, അന്ന് മുഴുവൻ മഴയായിരുന്നു.....
മഴ നനച്ച ഈറനണിഞ്ഞ ഒരു വിവാഹമായിരുന്നു അത്.




Thursday, August 02, 2012

വല്ല്യമ്മ

വല്യമ്മ.

വല്യമ്മ എന്നു ഓർമ്മിയ്ക്കുമ്പോൾ തിടുക്കത്തില്‍ ഓടി വരുന്ന ഒരു ചിത്രം, വാതിൽ മുട്ടുമ്പോൾ, വേച്ചുവേച്ച് നടന്ന് വന്ന് ആരാവും? എന്ന ഭാവത്തില്‍ വാതിൽ തുറക്കുന്ന ക്ഷീണിച്ച ഒരു മുഖമാണ്.

അന്ന് വല്യമ്മ മരിച്ചു എന്ന വിവരം പറയുമ്പോൾ “അമ്മ“ ഒട്ടും വൈകാരികതയിൽ ആയിരുന്നില്ല സംസാരിച്ചിരുന്നത്. വന്നുകൊണ്ടിരിയ്ക്കുന്ന വിളികൾക്കുള്ള മറുപടികളൂടേയും, വിവരം വിളിച്ചു പറയുകയും, ബാക്കി ചെയ്യാനുള്ള കാര്യങ്ങളുടേയും ഉത്തരവാദിത്തങ്ങളുടെ തിരക്കിലായിരുന്നു അമ്മ.

ഈ അമ്മയും വല്യമ്മയും ഒരു ദേശത്തെ, ഒരേ കുടുമ്പത്തിലേയ്ക്കു ഒരിയ്ക്കൽ -ഏകദേശം പത്തമ്പത് വർഷങ്ങൾക്കു മുൻപ്- ആ കുടുംബത്തിലെ സഹോദരന്മാരുടെ ഓരോരുത്തര്‍ക്കുമുള്ള വധുമാരായി-  മൂത്ത സഹോദരന്റെ വധുവായി ആദ്യം ‘വല്ല്യമ്മയും‘, ഇളയ സഹോദരന്റെ വധുവായി  പിന്നീട് ‘അമ്മയും‘ - സമീപപ്രദേശങ്ങളില്‍ നിന്നും വന്നു കയറിയ സ്ത്രീകളാണ്.
പിന്നീടവർ രാപ്പകൽ അടുക്കളയിലും, പറമ്പിലുമൊക്കെ പണിയെടുത്തും, കുട്ടികളെ പ്രസവിച്ചും, അവരെ കുളിപ്പിച്ചും വളർത്തിയും, ഭർത്താവിന്റെ അമ്മയെ നോക്കിയും, ഭർത്താക്കന്മാരുടെ പിടിവാശികളെ കേട്ടും, അനുസരിച്ചും പതുക്കെ പതുക്കെ അതാതു കുടുംബങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത അവയവങ്ങളായി മാറുകയായിരുന്നു. ഒരു പത്തമ്പത് വര്‍ഷക്കാലം കൊണ്ട്  കുടുംബം കൂട്ടി ഘടിപ്പിച്ചെടുക്കുന്ന, തഴക്കം ചെന്ന കണ്ണികളായി അനായാസേന മാറി അവര്‍.

വിവാഹശേഷം ഭർതൃഗൃഹത്തിലെ ഓരോരുത്തരെയായി 'അമ്മ' പരിചയപ്പെടുത്തുമ്പോൾ, വല്യമ്മ അന്നവിടുത്തെ ഏറ്റവും ഊർജ്ജസ്വലയായ ഒരു സ്ത്രീയായാണ് ഞാന്‍ കാണുന്നത്. കുടുമ്പത്തിലെ എല്ലാവരുടേയും ഏട്ത്ത്യേമ്മയും, (മൂത്ത സഹോദരന്റെ ഭാര്യ) കുട്ടികൾക്കൊക്കെ  വല്യമ്മയും ആയ,  ഇരുണ്ട നിറത്തിൽ, ഒട്ടും നര ബാധിയ്ക്കാത്ത നീളത്തിൽ മുടിയുള്ള, (അതെപ്പോഴും കെട്ടിവെച്ചുകൊണ്ടേ കണ്ടിട്ടുള്ളു),  എന്തിനും അഭിപ്രായങ്ങളുള്ള, അതോടൊപ്പം പ്രതികരിയ്ക്കുകയും ചെയ്യുന്ന ഒരു സ്ത്രീ.
സാരിയുടുക്കുന്ന വല്ല്യമ്മയെ ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും, അശ്രദ്ധമായി ഉടുക്കുന്ന, നേര്‍ത്ത കരയുള്ള മുണ്ടും വേഷ്ടിയുമാണ് വേഷം.
വിവാഹനാളില്‍ എന്തുകൊണ്ടോ എനിയ്ക്കു വല്യച്ഛനെ അന്ന് കാണാൻ സാധിച്ചിരുന്നില്ല. വല്യച്ഛൻ അന്ന് ഓടിനടക്കുന്ന കാലമാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക്ക്... കുറേയധികം ബന്ധങ്ങളും, സമൂഹത്തിൽ നിറയേ പരിചയങ്ങളും കാത്തുസൂക്ഷിച്ച് വെയ്ക്കുന്ന ഒരു സഞ്ചാരിയയാണ് ഞാൻ ആദ്യമായി,  അന്നത്തെ വെളുത്തു നെഞ്ചു വരെ നീളത്തില്‍ താടിയുള്ള, ആ വല്യച്ഛനെ പരിചയപ്പെടുന്നത്.

പിന്നീട് കുറെ കഴിഞ്ഞാണ് ഇവരെയൊക്കെ കുറച്ചെങ്കിലും അടുത്തറിയുന്നത്. അന്ന്, കൃത്യം ഓര്‍തെടുക്കാമെങ്കില്‍, അമ്മുവിന്റെ പ്രസവകാലത്ത്,  ദിവസവും രാവിലെ അമ്പലത്തിൽ നിന്നും വരുന്ന വഴി,  വല്യമ്മയുടെ അടുത്ത് കുറച്ചധികം സമയം തന്നെ ഞാൻ ചിലവഴിയ്ക്കാറുണ്ടായിരുന്നു. അക്കാലത്ത് അറുപതുകളുടെ തുടക്കങ്ങളില്‍ എത്തിനിന്നിരുന്ന വല്യമ്മ,  പുലർച്ചെ നാലു മണിയ്ക്കു തന്നെ എഴുന്നേറ്റ്,  തേവരേയും പിന്നെ ശാസ്താവിനെയും ഭഗവതിയെയും തൊഴുത് എല്ലാവിധ  വീട്ടുത്തരവാദിത്തങ്ങളും ചെയ്തു തീർത്ത്, എണ്ണമയമുള്ള മുടി മുകളിലേയ്ക്കു വെറുതെ കെട്ടിവെച്ച് നെറ്റിയിൽ ചന്ദനപ്പൊട്ടുമായി നിൽക്കുന്നുണ്ടാവും, തൊഴുത് ഞാനെത്തുമ്പോഴേയ്ക്കും.
ഒരുപക്ഷേ അന്നത്തെ വല്ല്യമ്മയുമായുള്ള വർത്തമാനങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നത് ഒരു കുടുമ്പത്തെ മുഴുവനുമായിരുന്നു. അതിന്റെ ഏണും കോണുമായിരുന്നു.

വല്യമ്മയുടെ സ്വന്തം മക്കളുടേയും, ‘അമ്മ‘യുടെ അന്നത്തെ ജീവിതത്തേയും, അമ്മയുടെ ‘മക്കളുടേയും‘  അവരുടെ കുട്ടിക്കാലങ്ങളെയും വല്യമ്മ ഓർത്തെടുക്കും. ദിവസവും.
വർത്തമാനം പതുക്കെ പതുക്കെ വല്ല്യമ്മയിൽ ആവേശം ഉണർത്തും. വല്ല്യമ്മയുടെ ശബ്ദം ഒരു നാടൻ തൃശ്ശൂർ ശൈലിയിൽ ആ വീട്ടിൽ മുഴങ്ങും. ആ മുഖത്തുനിന്നും വർത്തമാനങ്ങളിൽ നിന്നും സ്വന്തം ഇളയ പുത്രനോടുള്ള പ്രത്യേക വാത്സല്യം പലപ്പോഴായി എനിയ്ക്ക് വായിചെടുക്കാനായിട്ടുണ്ട്. .

അന്ന്‍, ഒരു പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്,  അമ്മ സ്ക്കൂളിൽ ടീച്ചറായി ജോലി ചെയ്തിരുന്ന കാലം. ദൂരസ്ഥലങ്ങളിൽ പോയി ജോലി ചെയ്തിട്ടുണ്ട് കുറേ കാലം അമ്മ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കുട്ടികൾ എന്തു ചെയ്യുന്നുവെന്നോ,  അവരെ ശാസിയ്ക്കാനോ, ലാളിയ്ക്കാനോ അല്ലെങ്കിൽ അവർ ശരിയാം വണ്ണം പഠിയ്ക്കുന്നുണ്ടോ എന്നു നോക്കലും ആയിരുന്നില്ല, മറിച്ച് അമ്മയെ കാത്തിരുന്നിരുന്നത്, കുട്ടികള്‍ക്ക് പകരം വീട്ടിലെ അന്നന്നു ചെയ്തു തീര്‍ക്കാനുള്ള ജോലികളാരുന്നി.. അമ്മ അന്നും ഒരു പണിയിൽ നിന്നും മറ്റൊരു പണിയിലേയ്ക്കു നിരന്തരം ഒഴുകിക്കൊണ്ടിരിയ്ക്കുന്ന ഒരമ്മയായിരുന്നു, (അതു ഇന്നും അതെ.)
വല്ല്യമ്മയുടെ   സാന്നിദ്ധ്യം അവിടെ  തന്നെ ഉള്ളതുകൊണ്ടാവാം, വല്യമ്മയായിരുന്നു കുട്ടികളുടെ കളികളും, അതിലെ വഴക്കുകളുമെല്ലാം നേരിട്ടറിയുന്നതും, കാണുന്നതുമെല്ലാം. അതുകൊണ്ടുതന്നെ പ്രതികരിയ്ക്കാറുള്ളതും, ഇടപെടാറുള്ളതും വല്ല്യമ്മ തന്നെയായിരുന്നു. ഒരുപക്ഷേ അതെല്ലാം മറ്റാരേക്കാളും കൂടുതൽ ഓർത്തെടുക്കുന്നതും വല്യമ്മ തന്നെയാവും.                                                    

എന്നാല്‍ വല്ല്യംമയോട് അങ്ങോട്ടുള്ള എന്റെ ഒട്ടുമിക്ക സംഭാഷണങ്ങളും കൂടുതലായും ആരോഗ്യകാര്യങ്ങളിലും, പിന്നെ ഒട്ടും ആഴങ്ങളിലേയ്ക്കു കയറിചെല്ലാത്ത മുകൾ പരപ്പുകളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. പ്രതികരണങ്ങളുടേയും, ഓർമ്മകളുടേയും, ആരോഗ്യവിഷമങ്ങളുടേയുമൊക്കെ വിവിധ കോണുകളിലേയ്ക്കു അറിയാതെ പരക്കുന്ന വല്യമ്മയുടെ ഏറിയും കുറഞ്ഞുമിരിയ്ക്കുന്ന വികാരസ്രോതസ്സുകളുടെ ഒരു കേൾവിക്കാരിയായി മാത്രമായി ഞാൻ നിന്നുകൊടുത്തിരുന്നു. അതിൽ കൂടുതലൊരു ബന്ധം സ്ഥാപിച്ചെടുക്കാനോ, കൂ‍ടുതൽ വിസ്തൃതികളിലേയ്ക്കു കടന്നു ചെല്ലാനോ എന്റെ ഭാഗത്തു നിന്നോ വല്യമ്മയുടെ ഭാഗത്തുനിന്നുമോ പ്രത്യേകിച്ചു ശ്രമങ്ങളോന്നും ഉണ്ടായിട്ടില്ല. എന്നാലും അവധിക്കാലങ്ങളിലെ കുറച്ചു ദിവസങ്ങളിൽ, വളരെ കുറച്ചു നേരങ്ങളിലെ മാത്രം കണ്ടുമുട്ടലുകളിൽ നിന്നും അല്ലെങ്കിൽ കുറച്ചു നേരങ്ങളിലെ പങ്കുവെയ്ക്കലുകളിൽ നിന്നും ഉടലെടുക്കാവുന്ന വളരെ സ്വാഭാവികമായ ഒരടുപ്പം...
ഭര്‍തൃകുടുംബത്തിലെ, അവരുടെയൊക്കെ വല്യമ്മ എന്ന ബന്ധം...                  
അതുമല്ലെങ്കില്‍ പത്തെഴുപതു വർഷക്കാലങ്ങളുടെ പലവിധ അനുഭവങ്ങളിലൂടെ കടന്നുപോയി, ഒടുക്കം ജീവിതത്തിനു ഒരവസാനം കണ്ടെത്തിയ സ്ത്രീജീവിതം!

കുട്ടികൾക്കു വേണ്ടിയും, ഭർത്താവിനു വേണ്ടിയും, അവനവനു വേണ്ടി കൂടിയും ജീവിച്ചു തീർത്ത്, നിസ്സാരമായ ഒരു വീഴ്ച എന്ന കാരണത്തിലൂടെ ജീവിതമെന്ന പുസ്തകം അടച്ചു വെയ്ക്കുമ്പോൾ, ഒരു ജീവിതം ബാക്കിവെയ്ക്കുന്നത് ഒരുപിടി ഓർമ്മകളും, കാതിലും കണ്ണിലുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന ശബ്ദരൂപങ്ങളും മാത്രമാണെന്നോർമ്മിയ്ക്കുകയാണ്. പലപ്പോഴും ഒരാളുടെ സാന്നിദ്ധ്യത്തേക്കാളും, അയാളുടെ അസാന്നിദ്ധ്യം അയാളെ കൂടുതൽ മനസ്സിലാക്കിപ്പിയ്ക്കുന്നു, ഓർമ്മിപ്പിയ്ക്കുന്നു, കൂടെയുണ്ടായിരുന്നെങ്കിൽ എന്നാശിപ്പിയ്ക്കുന്നു...  ഒരുപക്ഷേ മരിയ്ക്കുന്നത് യഥാ സമയങ്ങളിലായിരിയ്ക്കാമെങ്കിലും, മരണത്തെ മനസ്സിലാക്കുമ്പോഴേയ്ക്കും സമയം വളരെ വൈകിപ്പോയിരിയ്ക്കും.                                                
ഭാര്യ ആദ്യം യാത്രയാകുമ്പോൾ, പലപ്പോഴും ഒറ്റപ്പെടലുകളെ കണ്ടുമുട്ടി തുടങ്ങുന്ന ഒരാളായി വല്ല്യച്ഛൻ ഇനിയും മാറിയിട്ടില്ലെന്നാശിയ്ക്കാം.  വല്ല്യമ്മയും വല്ല്യച്ഛനുമായുള്ള ബന്ധം എന്തെന്ന്, അതിന്റെ അര്‍ത്ഥം എന്തെന്നും അവർ തന്നെ പരസ്പരം തിരിച്ചറിഞ്ഞത് ഒരുപക്ഷേ വല്ല്യമ്മയുടെ ഈ അവസാനകാലത്തായിരിയ്ക്കാം. വയ്യ എന്നു സ്വയമുറപ്പിച്ച്,  ഒട്ടും ഒരു രോഗബാധിതനൊന്നുമല്ലാതിരുന്നിട്ടും തീർത്തും കിടപ്പിലായിരുന്ന വല്ല്യച്ഛൻ, വല്ല്യമ്മ കിടപ്പിലായപ്പോൾ, പലപ്പോഴും കൂടെ ചെന്നിരിയ്ക്കാനും, എപ്പൊഴോ ഒരിയ്ക്കൽ വല്ല്യമ്മയ്ക്കു ഭക്ഷണം കൊടുക്കുക വരെ ഉണ്ടായി എന്നു ക്കേൾക്കുമ്പോൾ, വല്ല്യച്ചാന്റെ പഴയകാലങ്ങളിലെ കേട്ടുകേൾവിയിലെ രൂപം- എന്നും വീട്ടിലെത്തുമ്പോൾ ദേഷ്യം മൂക്കത്തുവന്നു നിൽക്കുന്ന ആ രൂപം- ഓര്‍ത്ത് പോകാതെ വയ്യ!
തിരക്കുകളിൽപ്പെട്ട് വല്ല്യച്ഛനും, വല്ല്യച്ഛനോടുള്ള പ്രതീക്ഷകൾക്കും, കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങളിലും പെട്ട് ഉഴറിയിരുന്ന വല്ല്യമ്മയും, പണ്ടത്തെ കാലത്ത് സാധാരണമായിരുന്ന പ്രകടിപ്പിയ്ക്കപ്പെടാത്ത  ഭാര്യാഭര്‍താക്കന്മാര്‍ക്കിടയി ലുള്ള “ പരസ്പര സ്നേഹം“ ഉള്ളില്‍ കൊണ്ടുനടന്ന്, ഒടുവിൽ അത് തിരിച്ചറിയപ്പെടാൻ വൈകിപ്പോയോ എന്ന ഒരു സംശയം ബാക്കിവെച്ചിട്ടാണ് വല്ല്യമ്മ വാസ്തവത്തിൽ ഈ ലോകം വിട്ടുപോയത്  എന്ന് തോന്നുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.                                                                                               
എനിയ്ക്ക് വ്യക്തിപരമായി വല്ല്യമ്മയെ അറിയാവുന്ന ഭാഗങ്ങള്‍, വിവാഹ ശേഷം, അമ്പലങ്ങളിൽ ‘അമ്മ‘ കൊണ്ടുപോകുമ്പോൾ കൂട്ടു വന്നിരുന്ന വല്ല്യമ്മ, ഒട്ടും മറയില്ലാതെ സംസാരിച്ചിരുന്ന വല്ല്യമ്മ, അവധികാലങ്ങളിൽ കിട്ടാറുള്ള കുറച്ചു നേരത്തെ ഇടപെടലുകൾ,  ഇത്രയൊക്കെയെയുള്ളു.
ഇതുപോലെ ഒരിയ്ക്കൽ, അത്രയൊന്നും അടുത്തിടപെഴകിയിട്ടില്ലാത്ത വല്ല്യമ്മയെ കുറിച്ചിങ്ങനെയൊരു കുറിപ്പെഴുതുമെന്ന് ഒരിയ്ക്കലും വിചാരിച്ചതല്ല. അതുപോലെ തന്നെയാണ് വല്ല്യമ്മയുടെ വിയോഗവും. തൊട്ടു മീതെയുള്ള അമ്മിണി ഓപ്പോളുടെ മരണശേഷം , ഒരു തരം മരണഭീതി പാടെ  തളര്‍ത്തിക്കളഞ്ഞ വല്യച്ഛനും മുന്‍പേ ഉണ്ടായ വല്ല്യമ്മയുടെ ഈ വേര്‍പിരിയല്‍ തീത്തും അവിചാരിതമായിരുന്നു.

 വല്യമ്മ സ്വന്തം മക്കളെയും, പുതുക്കിപ്പണിത വീടിനെയും, വന്നുകയറിയ ദേശത്തെയും, തൊട്ടപ്പുറത്തെ  അമ്പലത്തെയും, വീടിനു ചേര്‍ന്നുതന്നെ നിലക്കുന്ന ആൽമരത്തെയും വിട്ടുപിരിഞ്ഞിട്ട് ഒരു കൊല്ലം!

വന്നുകയറിയ  ദേശത്ത് തന്നെ, വീട്ടുവളപ്പില്‍ ഉറങ്ങുന്ന വല്ല്യമ്മയുടെ അവസാനനാളുകളിലെ വേദനയുടെ നെടുവീര്‍പ്പുകള്‍ ആ  വീട്ടിലെ 'ഒരു മുറിയിലെ' ചുമരുകളില്‍ ഇപ്പോഴും ഉണ്ടാവണ്ടതാണ്...

Saturday, May 09, 2009

യേശുദേവൻ

യേശു ദേവനാണോ? യേശുനെന്തിനാ വേദനിയ്ക്കുന്നത്‌?
അവൾക്കൊരുപാട്‌ സംശയങ്ങളുണ്ട്‌. പക്ഷേ ആരോടും ഇതുവരെ ചോദിച്ചിട്ടില്ല.

അവിടടുത്തുള്ള ഒരു പള്ളിയിലേയ്ക്കു ആഴ്ചതോറും അച്ഛന്റെയൊപ്പം പോകാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ അനിയൻകുട്ടനും ഒപ്പം വരും. അവിടെയുള്ള പാവപ്പെട്ട കുട്ടികളെ ചികിത്സിയ്ക്കാനാണു അച്ഛൻ പോകാറുള്ളത്‌. ആ സമയത്ത്‌ അവളേയും അവളുടെ കുഞ്ഞനിയനേയും പള്ളിയ്ക്കടുത്തുള്ള ഒരു കൊച്ചു വീട്ടിലേയ്ക്കു അവിടത്തെ സിസ്റ്റർമാർ കൊണ്ടുപോകും. ആ വീടിന്റെ ചുവരുകളിൽ നിറയേ യേശുവിന്റെ ചിത്രങ്ങൾ ഉണ്ടാകും. കത്തിത്തീർന്ന മെഴുകുണ്ടാവും. അവർ നിറയേ കേക്കു കൊടുക്കും, മിഠായി കൊടുക്കും, ഇഷ്ടമുള്ളതൊക്കെ കൊടുക്കും. അമ്മയുടെ നോട്ടത്തെയൊന്നും പേടിയ്ക്കാതെ അച്ഛൻ വരുന്നവരെ ഇഷ്ടമുള്ളത്ര എന്തും വയറുനിറച്ച്‌ കഴിയ്ക്കാം. സിസ്റ്റർമാരുടെ ഇടയിൽ അവരുടെ വാത്സല്യഭാജനങ്ങളായി, കേന്ദ്രബിന്ദുക്കളായി അവിടങ്ങനെ കൂടുമ്പോൾ അവളും അനിയൻകുട്ടനും അഭിമാനപുളകിതരാകും.

പള്ളിയിൽ നിന്നും ആ കൊച്ചു വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ദൂരെ അകലേയ്ക്കു നോക്കിയാൽ നീല നിറത്തിലുള്ള വലിയ മലകൾ ഉയർന്നു നിൽക്കുന്നതു കാണാം. പരന്നു നീണ്ടു കിടക്കുന്ന സ്ഥലം കാണാം. സിസ്റ്റർമാരുടെ കൂടെ നടക്കുമ്പോൾ അവരുടെ ഒരു പ്രത്യേക മണം അവളുടെ മൂക്കിലുടെ അരിച്ചു കയറും. അവരുടെ അരയിൽ തൂങ്ങികിടക്കുന്ന വലിയ കുരിശുമാലയിൽ തൊട്ടുനോക്കാൻ തോന്നും. അവരുടെ നഗ്നമായി കിടക്കുന്ന കാതുകൾ തലയിലൂടെ ഇട്ടിരിയ്ക്കുന്ന തുണിയ്ക്കിടയിലുടെ കാണാനില്ലേന്ന് എല്ലാ പ്രാവശ്യവും അവൾ പ്രത്യേകം ശ്രദ്ധിയ്ക്കും. അവരുടെ കുപ്പായത്തിന്റെ ഇറക്കം കാൽപാദം തൊടാതെ കണങ്കാലിനു ലേശം മീതെ വരെ മാത്രം കിടക്കുന്നത്‌ അവൾ കൗതുകത്തോടെ നോക്കാറുണ്ട്‌. അവർക്കെല്ലാവർക്കും ഒരേ ശബ്ദം, ഒരേ ഭാഷ, ഒരേ സ്നേഹം എന്നവൾക്കു തോന്നും.

ഇടയ്ക്ക്‌ പള്ളിയിൽ പോയാൽ ഒരു കസേരയിലിരുന്ന് അച്ഛൻ ഓരോ കുട്ടികളേയായി സ്റ്റെതസ്കോപ്പ്‌ വെച്ചു പരിശോധിയ്ക്കുന്നത്‌ കാണാം. രണ്ടു ഭാഗത്തും ഇടവിട്ടിടവിട്ട്‌ നിറയേ വാതിലുകളുള്ള ആ നീണ്ട ഹാളിന്റെ അറ്റത്തേയ്ക്കവൾ നോക്കും. അവിടെ യേശു ചുവരിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. കയ്യിലും കാലിലും ചോരത്തുള്ളികൾ. ആ യേശുവുന്റെ മുമ്പിലിരുന്നാണ്‌ അച്ഛൻ കുട്ടികളെ നോക്കുക. കുരിശിൽ കിടക്കുന്ന യേശു എങ്ങനെ ദൈവമാവും എന്നു പലവട്ടം അവൾ സംശയിച്ചിട്ടുണ്ട്‌. യേശുവിനെ കാണുമ്പോഴൊക്കെ അവൾക്കു സങ്കടമാണു തോന്നുക. യേശുവിന്റെ മുഖത്ത്‌ വേദനയാണെന്നും തോന്നും. ദൈവങ്ങൾ എപ്പോഴും ചിരിയ്ക്കുകയല്ലേ ചെയ്യുക? നല്ല കുപ്പായമൊക്കെ ഇട്ട്‌ കണ്ണെഴുതി പൊട്ടു തൊട്ട്‌ ചിരിച്ചുകൊണ്ടു നിൽക്കുന്ന ദൈവങ്ങളെ കാണാൻ എന്തു ഭംഗിയാ എന്നവൾ ഓർക്കും.
എന്നാലും യേശുവിനേയും അവൾക്കു വലിയ ഇഷ്ടമായിരുന്നു. കുരിശു വരയ്ക്കാനും അവൾ ഇഷ്ടപ്പെട്ടിരുന്നു. അവളൊരിയ്ക്കൽ സ്കൂളിൽ ഒരുച്ചയ്ക്ക്‌ യേശുവിന്റെ സിനിമ കാണുകയുണ്ടായി. അന്ന് ആ സിനിമ കണ്ട്‌ അവളും കൂട്ടുകാരും എല്ലാവരും കരഞ്ഞു. അവളുടെ ശരീരം വേദന കൊണ്ടു പുളയുന്നതായി തോന്നി. അവളുടെ മനസ്സ്‌ അന്ന് ഒരുപാട്‌ വിഷമിച്ചു. അതിനു ശേഷമാണ്‌ യേശുവിനെ അവൾക്കു വലിയ ഇഷ്ടമായത്‌.

പക്ഷേ പിന്നെ പള്ളിയിൽ ചെല്ലുമ്പോഴൊക്കെ അവിടം മുഴുവൻ എന്തൊക്കെയോ അവൾക്കറിയാത്ത കഥകളുറങ്ങികിടപ്പുണ്ടെന്നു തോന്നുമവൾക്ക്‌. പള്ളിയിലെ നിശ്ശബ്ദത തെല്ലൊന്ന് അസ്വസ്ഥമാക്കാറുണ്ട്‌ അവളെ. പള്ളിയിരിയ്ക്കുന്ന പ്രദേശമാകെ ശാന്തമൂകമാണ്‌. മൂകതയിൽ ഉയർന്നുനിൽക്കുന്ന പള്ളിയിലേയ്ക്കു വന്നും പോയുമിരിയ്ക്കുന്ന സിസ്റ്റർമാർ നിശ്ശബ്ദതയുടെ മാലാഖമാരാണെന്ന് അവളറിയാതെ അവൾക്കു തോന്നും. സിസ്റ്റർമാരെ കാണുമ്പോൾ, അവരെല്ലാമറിഞ്ഞ്‌ ചിരിയ്ക്കുന്നതാണെന്നു തോന്നും. അവൾക്കവരോട്‌ ഇഷ്ടം തോന്നാറുണ്ടെന്നു മാത്രമേ അവൾക്കറിയൂ.

കുരിശിലെ യേശുവിനേക്കാളും ഉണ്ണിയേശുവിനെയാണു അവൾക്കു കൂടുതലിഷ്ടം. ഉണ്ണിയേശു ഉണ്ണിക്കണ്ണനെപ്പോലെയാണെന്നു തോന്നും. ഉണ്ണിയേശുവിനു വേദനയില്ല. ഉണ്ണിയേശു കാലിത്തൊഴുത്തിലാണു ജനിച്ചതെന്നവൾക്കറിയാം. ക്ലാസ്സിലെ സിനു ജോസഫിന്റെ വീട്ടിൽ ക്രിസ്ത്മസിനു സ്റ്റാർ തൂക്കുക മാത്രമല്ല ചെയ്യുക ത്രേ, വീടിനു മുന്നിൽ പുൽക്കൂടുണ്ടാക്കി, അതിൽ ഉണ്ണിയേശുവിനെ കിടത്തുകയും ചെയ്യുമത്രേ! അവൾക്കതു കാണാൻ വലിയ ആഗ്രഹമായിരുന്നു. അവളുടെ വീട്ടിലും ക്രിസ്ത്മസിനു ഉള്ളിൽബൾബു കത്തി ചെറിയ ചെറിയ സുഷിരങ്ങളിലൂടെ പ്രകാശം പരത്തുന്ന സ്റ്റാർ കെട്ടിത്തൂക്കാൻ വലിയ ആഗ്രഹമായിരുന്നു. എന്നാലുമത്‌ ആരോടും അവൾ പറഞ്ഞിരുന്നില്ല. ക്രിസ്ത്മസിന്റെ തലേന്നു രാത്രി ക്രിസ്ത്മസ്‌ അപ്പൂപ്പനും കൂട്ടുകാരും വരുന്നതു അവളും അനിയൻകുട്ടനും കാത്തിരിയ്ക്കാറുണ്ട്‌. ഓരോ വീടുകളിലായി കയറിയിറങ്ങി അവർ അവളുടെ വീട്ടിലുമെത്തും, പാട്ടു പാടിക്കൊണ്ട്‌. അപ്പോഴേയ്ക്കും അവർ ഉറങ്ങിക്കഴിയും. ഉറക്കച്ചടവോടെ അച്ഛനുമമ്മയോടൊപ്പം ക്രിസ്ത്മസ്‌ അപ്പൂപ്പനെ കാണുമ്പോൾ അപ്പൂപ്പൻ അവളുടേയും അനിയൻകുട്ടന്റേയും കയ്യിൽ ഇത്തിരിപോന്ന ജീരകമിഠായികൾ വെച്ചുകൊടുക്കാറുണ്ട്‌. ക്രിസ്ത്മസ്‌ അപ്പൂപ്പൻ വരുമ്പോൾ വരവേൽക്കാൻ ഒരു ക്രിസ്ത്മസ്‌ ട്രീ മിറ്റത്ത്‌ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആശിയ്ക്കാറുണ്ട്‌; ഓണത്തിനു മിറ്റത്ത്‌ പൂവിടുന്ന പോലെ. വിഷുവിനു മിറ്റത്ത്‌ പടക്കങ്ങൾ പൊട്ടിയ്ക്കുന്നപോലെ. ഓണവും വിഷുവും ഒക്കെ വന്നാൽ മുറ്റം എന്തു ഭംഗിയാവും എന്നവൾ ഇടയ്ക്കിടയ്ക്കു ആലോചിയ്ക്കാറുണ്ട്‌. ഓണവും വിഷുവും ഒക്കെ വരാൻ കുറേ ദിവസങ്ങൾ ഇനിയും കഴിയണമായിരിയ്ക്കും എന്നും ചിന്തിയ്ക്കും. ക്രിസ്ത്മസ്‌ വരാൻ അതിലും കുറേ ദിവസങ്ങൾ കഴിയണമായിരിയ്ക്കും എന്നും.

വിഷുവാണവൾക്കു കൂടുതൽ ഇഷ്ടം. കാരണം പടക്കം പൊട്ടിയ്ക്കാലോ. അതിലും കൂടുതൽ ഇഷ്ടം കമ്പിത്തിരിയോടും പൂത്തിരിയോടും, ചക്രത്തോടും തന്നെ. ഓലപ്പടക്കം, മാലപ്പടക്കം അതൊന്നും ഒട്ടും ഇഷ്ടമല്ല. അവളുടെ ചേച്ചിമാരൊക്കെ വലിയ ധൈര്യശാലികളാണു. അവർക്കൊക്കെ പൊട്ടുന്നവയോടും വലിയ ഇഷ്ടമാണു. ഓണത്തിനു പൂവിടാം, പക്ഷേ രാവിലെ പഴനുറുക്കും പപ്പടവുമാണു ഉണ്ടാവുക. അതവൾക്കു ഇഷ്ടമല്ല. പക്ഷേ ഓണത്തിനു പഴനുറുക്കേ ഉണ്ടാവൂ എന്നറിയാവുന്നതുകൊണ്ട്‌, അവൾ വാശിപിടിയ്ക്കാൻ പോവാറില്ല. വാശിപിടിച്ചാലും കാര്യമൊന്നുമില്ല എന്നു മാത്രമല്ല അമ്മ ദേഷ്യപ്പെടുമെന്നതും ഉറപ്പാണു. എന്നാലും അവൾ ഓണവും വിഷുവും ഒക്കെ വരാൻ എപ്പോഴും കാത്തിരിയ്ക്കാറുണ്ട്‌. സ്ക്കൂൾ അടയ്ക്കും, പുതിയ ഉടുപ്പുകൾ എല്ലാവരും തരും, പിന്നെ വീടിന്റെ മുറ്റം കാണാൻ നല്ല ഭംഗിയാവും, പഠിയ്ക്കണ്ട അതൊക്കെ അവൾക്കു വലിയ ഇഷ്ടമാണ്‌. സിനു ജോസഫിന്റെ വീട്ടിലും ക്രിസ്ത്മസ്‌ വരുമ്പോൾ അങ്ങനെയാവും എന്നവൾ ചിന്തിയ്ക്കാറുണ്ട്‌.

അവൾക്കും കുഞ്ഞനിയനും പക്ഷേ പായസത്തേക്കാളും, സദ്യയേക്കാളും ഒക്കെ കൂടുതൽ ഇഷ്ടമുള്ള വേറൊരു സാധനമുണ്ട്‌-കേക്ക്‌. ക്രിസ്ത്മസ്‌ വന്നാൽ ഒരുപാട്‌ കേക്കുകൾ അവളുടെ വീട്ടിലെത്താറുണ്ട്‌. പക്ഷേ അമ്മ കൊടുക്കന്നത്രയുമേ കഴിയ്ക്കാൻ പാടുള്ളു, കൂടുതൽ കഴിച്ചാൽ വയറു കേടുവരുമത്രേ! അമ്മ അങ്ങനെയാണ്‌ എല്ലാം കുറച്ചു കുറച്ചേ തരുള്ളൂ.
പിന്നെ ഇഷ്ടം മീനും, കോഴി ഇറച്ചിയും. അടുത്ത വീട്ടിലെ കുഞ്ഞിത്ത -ഫസലിന്റെ ഉമ്മ- ആണ്‌ അവളെ മീനും കോഴിയും ഒക്കെ കഴിയ്ക്കാൻ ശീലിപ്പിച്ചത്‌. പിന്നെ ക്ലാസ്സിലെ റസിയ ഇടയ്ക്കൊക്കെ അവൾക്കു മീൻ കൊടുക്കാറുണ്ട്‌. അവളുടെ അമ്മ അതൊന്നും വീട്ടിലുണ്ടാക്കാറില്ല, പക്ഷേ അച്ഛൻ അടുത്തു വന്നിരുന്ന്, എല്ലും മുള്ളും ഒക്കെ മാറ്റിക്കൊടുത്ത്‌ എല്ലാം കഴിയ്ക്കാൻപാകമാക്കി കൊടുക്കും. അമ്മയ്ക്കു എപ്പോഴും പേടിയാണ്‌, മുള്ളു തൊണ്ടയിൽ കുടുങ്ങിയാലോ, എല്ലു ഇറങ്ങിപ്പോയാലോ എന്നൊക്കെ. അമ്മ അതൊക്കെ ശ്രദ്ധിച്ചുകൊണ്ട്‌ കയ്യിലൊരു ഗ്ലാസ്സ്‌ വെള്ളവും പിടിച്ചുകൊണ്ട്‌, എന്നാൽ പ്ലേറ്റിലുള്ളതിലൊന്നിലും തൊടാതെ അവളുടേയും കുഞ്ഞനിയന്റേയും കൂടെയിരിയ്ക്കും.

ക്ലാസ്സിലെ സിനു ജോസഫാണ്‌ അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി. സിനു പൊട്ടു തൊടാറില്ല. പകരം നെറ്റിയിൽ സൂക്ഷിച്ചു നോക്കിയാൽ മാത്രം മനസ്സിലാക്കാൻ പറ്റുന്ന എണ്ണമയമുള്ള ഒരു കുരിശു വരച്ചിട്ടുണ്ടാവും. സിനുവിനു അഞ്ചു ചേച്ചിമാരും ഒരു ചേട്ടനും ഉണ്ട്‌. സിനു അമ്മയെ അമ്മച്ചീന്നും, അച്ഛനെ അപ്പച്ചൻ എന്നുമായിരുന്നു വിളിച്ചിരുന്നത്‌. സിനുവിന്റെ ചേച്ചിമാർക്കും ചേട്ടനുമൊക്കെ സിനുവിനെപ്പോലെ തന്നെ s-ൽ ആണ്‌ പേരുകൾ. അവരുടെയെല്ലാം പേരുകളവൾക്കു കാണാപാഠമായിരുന്നു. സിനുവിന്റെ വീട്ടിൽ എല്ലാവരും കൂടി എന്തു രസമായിരിയ്ക്കുമെന്നവൾ സങ്കൽപ്പിച്ചു നോക്കും. സിനുവും ചേച്ചിമാരും ചേട്ടനും, അമ്മച്ചിയും അപ്പച്ചനും എല്ലാവരും കൂടി ഞായറാഴ്ച പള്ളിയിൽ പോയി മുട്ടുകുത്തി നിന്ന് യേശുവിനെ നോക്കി കുരിശു വരയ്ക്കുന്നുണ്ടാവും എന്നവൾ എല്ലാ ഞായാറാഴചകളിലും വിചാരിയ്ക്കും.
സിനുവിന്റെ അമ്മച്ചി സിനുവിനെ മോളേ എന്നു വിളിയ്ക്കാറുണ്ട്‌. അവളുടെ അമ്മ അവളെ പേരു മാത്രമേ വിളിയ്ക്കു, അവളുടെ അമ്മ മാത്രമല്ല, വല്യമ്മയും എല്ലാവരും അങ്ങനെയാണ്‌. അതെന്താ അവരൊന്നും മക്കളെ, മോളേ എന്നും മോനേ എന്നുമൊക്കെ സിനുവിന്റമ്മച്ചിയെ പോലെ വിളിയ്ക്കാത്തത്‌, മടിയിലിരുത്തി കൊഞ്ചിയ്ക്കാത്തത്‌, കവിളിൽ എപ്പോഴും ഉമ്മയൊന്നും വെയ്ക്കാത്തത്‌, എന്നൊക്കെ അവൾ ഇടയ്ക്കു ആലോചിച്ചുനോക്കും.

സിനുവിന്റെ വീട്‌ കാണാൻ അവൾക്കെന്നും മോഹമായിരുന്നു. സിനുവിന്റെ വീട്‌ വലുതാണെന്നവൾ മനസ്സിലാക്കിയിട്ടുണ്ട്‌.സിനുവിന്റെ വീട്ടിലാണ്‌ അവളുടെ വീട്ടിലെക്കാളും മുൻപെ ടി.വി വാങ്ങിയത്‌. വീടിനു മുകളിലുണ്ടാവുന്ന ആന്റിന അവൾ മനസ്സിൽ സങ്കൽപ്പിച്ചു നോക്കും. ഒരിയ്ക്കൽ അവളച്ഛനോടു പറയുകതന്നെ ചെയ്തു. ടി.വി ഇല്ലെങ്കിലും സാരല്യ അച്ഛാ, ഒരു ആന്റിനയെങ്കിലും വീടിനു മുകളിൽ വെച്ചുപിടിപ്പിയ്ക്കാൻ.
അവളുടെ അച്ഛനും തൊട്ടപ്പുറത്ത്‌ പുതിയൊരു വീട്‌ വെയ്ക്കുന്നുണ്ട്‌. അതും വലുതാണ്‌. അച്ഛന്റെ ഒപ്പം വീടുപണി നടക്കുന്നേടത്തേയ്ക്ക്‌ അവളെന്നും പോകാറുണ്ട്‌. പുതിയ വീട്‌ അവൾക്കൊരുപാടിഷ്ടമായി. അവൾക്കവിടെ താമസിയ്ക്കാൻ ധൃതിയായിരിയ്ക്കുകയാണ്‌. നിലം അച്ഛൻ മൊസൈക്‌ ചെയ്യാൻ പോവാണത്രേ-അവൾക്കു സന്തോഷായി, സിനുവിന്റെ വീട്ടിലേയും നിലം മൊസൈക്കാണെന്നവൾ ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്‌.

അങ്ങനെ ഒരു ദിവസം സ്ക്കൂളിൽ നിന്നും സിനുവിന്റെ വീട്ടിലേയ്ക്കു പോകാൻ തന്നെ അവളും കൂട്ടുകാരി സിന്ധു.ജി.യും കൂടി ഉറപ്പിച്ചു. സിനു അവരെ വിളിയ്ക്കുകയും ചെയ്തു.
വലിയൊരു പുഴ കടന്നു വേണം സിനുവിന്റെ വീട്ടിലെത്താൻ. നെല്ലിപ്പുഴ എന്നാണാ പുഴയുടെ പേര്‌. പുഴയ്ക്കരികിലാണ്‌ സ്ക്കൂൾ. പുഴ കടന്നു കഴിഞ്ഞാൽ കുറേ ദൂരം നടക്കണം. ആ ഭാഗത്ത്‌ പുഴയിൽ വെള്ളം കുറവേ ഉണ്ടാകൂ, സുഖമായി വെള്ളത്തിലൂടെ ഉരുളൻകല്ലുകളിൽ ചവുട്ടി നടക്കാം. സ്കൂൾ വിടുന്നതിനു മുൻപേ തിരിച്ചെത്താനായിരുന്നു പരിപാടി ഇട്ടത്‌.
അവർ സ്ക്കൂളിൽ നിന്നും നേരെ നടന്നു. സംസാരിച്ച്‌, നടന്നു നടന്ന് എത്രയായിട്ടും വീടെത്താത്തതു കണ്ട്‌ അവളൊന്നു സംശയിച്ചു, ഇനി സ്ക്കൂൾ വിടുന്നതിനു മുൻപ്‌ തിരിച്ചെത്താൻ പറ്റില്ലേ? എന്നാലും സിനുവിന്റെ വീടൊന്നു കാണാതെ ഇനി എന്തായാലും തിരിച്ചു പോണ്ട എന്നവൾ നിശ്ചയിച്ചു.

സിനുവിന്റെ വീട്‌ നല്ല ഭംഗിയായിരുന്നു കാണാൻ. പക്ഷേ അവൾ വിചാരിച്ചതിലും ഇരുട്ടു മുറികളായിരുന്നു കൂടുതലും. എന്നാൽ വീടിന്റെ ഉമ്മറത്തു തന്നെ അവളൊട്ടും പ്രതീക്ഷിയ്ക്കാത്തെ ഒരു ചിത്രം കണ്ടു. അവളെ വല്ലാതെ ആകർഷ്യ്ക്കുന്ന ഒരു ചിത്രം, നീണ്ടിട്ടൊരു ചില്ലുകൂട്ടിൽ വലിയൊരു ചിത്രം - വലിയൊരു മാതാവും, മാതാവിന്റെ മടിയിലൊരു ഉണ്ണിയേശുവും. അവൾക്കതു കണ്ടുകൊണ്ടിരിയ്ക്കാൻ തോന്നി. ആ ഉണ്ണിയേശുവിനു ശരിയ്ക്കും വീട്ടിലെ പൂജാമുറിയിലെ ഉണ്ണിക്കണ്ണന്റെ അതേ ഛായ. അവളതും നോക്കിനിന്നു കുറേ നേരം-ഈയുണ്ണിയേശുവിനെ കാണാൻ നല്ല രസമുണ്ട്‌.
സിനുവും സിന്ധുവും മുറ്റത്തു എന്തൊക്കെയോ കളിയ്ക്കുന്നുണ്ടായിരുന്നു. സിനുവിന്റെ അപ്പച്ചൻ വീട്ടിലില്ല. അമ്മച്ചി അടുക്കളയിലാണ്‌, കേക്ക്‌ എന്തായാലും സിനുവിന്റെ അമ്മച്ചി തരാതിരിയ്ക്കില്ല. ചേച്ചിമാരൊക്കെ വീട്ടിലുണ്ട്‌. സിനുവിന്റെ മൂത്ത ചേച്ചിയ കാണാൻ നല്ല ഭംഗിയുണ്ടെന്നു തോന്നി അവൾക്ക്‌. ആ വീടും വലിയ തോട്ടവും എല്ലാം കണ്ട്‌, അവൾക്കു തിരിച്ചു പോകാനേ തോന്നിയില്ല, അവളുടെ വീടും ഇവിടെയായിരുന്നെങ്കിൽ എന്നോർത്തു കൊണ്ട്‌ അവൾ മിണ്ടാതെ വീടിനുള്ളിൽ അലങ്കരിയ്ക്കാൻ വെച്ചിട്ടുള്ള ഓരോ സാധനങ്ങളേയും നോക്കിക്കൊണ്ട്‌ ഉമ്മറത്തുള്ള വലിയ സോഫയിൽ ഒറ്റയ്ക്കിരുന്നു.

പെട്ടെന്നാണവൾക്കു ഓർമ്മ വന്നത്‌, തന്റെ കൊച്ചനുജൻ സ്ക്കൂൾ ബസ്സിൽ കേറിയിട്ടുണ്ടാകുമോ എന്ന്. എന്നും അവൻ കേറിയിട്ടില്ലേ, എന്നു നോക്കാറുള്ളതാണ്‌. അവൻ ചെറിയ ക്ലാസ്സിലായതുകൊണ്ട്‌ നേരത്തെ തന്നെ ബസ്സിൽ കയറിയിട്ടുണ്ടാവും. ആദ്യത്തെ ദിവസം അവൻ കുറേ നേരം അവളുടെ ക്ലാസ്സിനു മുന്നിൽ ജനാലയിൂടെ അവളേയും നോക്കി, ഒറ്റയ്ക്കു കാത്തു നിന്നിരുന്നു. അന്നവൾക്ക്‌ ക്ലാസ്സിൽ എടുക്കുന്നതൊന്നും ശ്രദ്ധിയ്ക്കാൻ കഴിഞ്ഞില്ല. അവൾക്കു അനിയനെ ക്ലാസ്സിലേയ്ക്കു കൊണ്ടുവന്ന് തന്റെ ഒപ്പം ഇരുത്തണമെന്നു തോന്നി, പക്ഷേ ടീച്ചറോടു പറയാൻ പേടി തോന്നി.
ഇപ്പോൾ അവളുടെ ഹൃദയം മിടിയ്ക്കാൻ തുടങ്ങി. അവൻ ക്ലാസ്സിൽ ഒറ്റയ്ക്കിരിയ്ക്കുകയാവുമോ? ടീച്ചർ അവനെ കാണാതിരിയ്ക്കുമോ? അവൻ ബാഗും മടിയിൽ വെച്ച്‌ ക്ലാസിലെങ്ങാനും ഉറങ്ങിപ്പോകുമോ? അവൾക്കു സ്ക്കൂളിലെത്താൻ ധൃതിയായി. ബസ്സിൽ നിന്നും അവനെ ഇറക്കിയ ശേഷമേ താൻ ഇറങ്ങാറുള്ളു. അവനൊന്നും അറിയില്ല. ബസ്സിൽ അവൻ ഉറങ്ങാറുണ്ട്‌. അവൻ ചെറിയ കുട്ടിയാണ്‌. ചോറുപാത്രം തുറക്കുമ്പോളുണ്ടാവുന്ന മോരിന്റെ മണം കേട്ടാൽ ഛർദ്ദിയ്ക്കും. ഫ്ലാസ്ക്കിലെ പാലിന്റെ മണം കേട്ടാലും ഓക്കാനിയ്ക്കും. അമ്മ അതുകൊണ്ട്‌ ഇപ്പോളവന്‌ മോരും പാലുമൊന്നും കൊടുത്തയയ്ക്കാറില്ല എന്നു പറയുന്നതു കേട്ടിട്ടുണ്ട്‌. സ്ക്കൂളിൽ വന്നുകഴിഞ്ഞാൽ അവൻ പാവമാണ്‌. പക്ഷേ വീട്ടിൽ അവൻ മഹാവികൃതിയാണ്‌. അവളെ കുറേ ഉപദ്രവിയ്ക്കും, ചിലപ്പോൾ അടിയ്ക്കും, ഇടിയ്ക്കും, അച്ഛന്റെ മുറിയിൽ പോയി ആവശ്യമില്ലാത്തതൊക്കെ വലിച്ചിടും, ശ്രധിച്ചില്ലെങ്കിൽ മരുന്നൊക്കെയെടുത്ത്‌ കുടിയ്ക്കും. അവൻ അടുക്കളയിലേയ്ക്കു വരാതിരിയ്ക്കുവാൻ അമ്മ അടുക്കളവാതിലിൽ അപ്പുആശാരിയോടു പറഞ്ഞ്‌ ഒരു 'അത്താണി' പിടിപ്പിച്ചു വെച്ചിട്ടുണ്ട്‌. അവൻ അടുക്കളയിലെത്തിയാൽ കിണറ്റിലേയ്ക്കു കയ്യിൽകിട്ടിയതൊക്കെ വലിച്ചെറിയും. അവിടെം ഇവിടെം ഒക്കെ മൂത്രമൊഴിയ്ക്കും.
അമ്മയുടെ തൊട്ടടുത്ത്‌ ഒരു കുഞ്ഞുവാവയായി അവൻ കിടന്നിരുന്നത്‌ ഇപ്പോഴും അവൾക്കോർമ്മയുണ്ട്‌. അവനെ അവൾക്കെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു, അത്രയ്ക്കു തടിച്ചിട്ടായിരുന്നു അവൻ. അവനുണരുമ്പോൾ അവന്റെ തൂക്ക്‌ ആട്ടുന്ന ജോലി അവൾക്കായിരുന്നു. അമ്മ പാടുന്ന പാട്ടൊക്കെ ഓർത്തെടുത്ത്‌ അവനു പാടിക്കൊടുത്തിരുന്നു അവൾ. അവന്റെ കഴുത്തിൽ ആലിലയിൽ കാലിന്റെ പെരുവിരൽ കുടിച്ചു കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ലോക്കറ്റുള്ള ഒരു മണിമാല ഇട്ടുകൊടുത്തിട്ടുണ്ടായിരുന്നു അമ്മ.

സിനുവിന്റെ അമ്മ കേക്കും ബിസ്ക്കറ്റും ഒക്കെ തന്നു. ടി.വി ഓൺ ചെയ്തു. പക്ഷേ ഒന്നും കഴിയ്ക്കാൻ തോന്നുന്നില്ല. ടി.വി യും കാണാൻ തോന്നുന്നില്ല. അവൾക്കെങ്ങനെയെങ്കിലും സ്ക്കൂളിൽ തിരിച്ചെത്താൻ ധൃതിയായി. അവളൊരു കഷ്ണം കേക്ക്‌ കയ്യിൽ തന്നെ പിടിച്ചു. എല്ലാവരും ടി.വിയിൽ നോക്കിയിരിയ്ക്കുകയാണ്‌. സിനു അവളുടെ അമ്മച്ചിടെ മടിയിൽ കയറിയിരിയ്ക്കുന്നു. അമ്മച്ചി അവളുടെ തലമുടിയിൽ തലോടിക്കൊണ്ടിരിയ്ക്കുന്നു. സിന്ധു കേക്കും ബിസ്ക്കറ്റുമൊക്കെ എടുത്തു കഴിയ്ക്കുന്നുണ്ട്‌. അവൾക്കവിടെ നിന്നും ഓടിപ്പോകാൻ തോന്നി. അനിയൻകുട്ടൻ സ്ക്കൂൾബസ്സിൽ കയറിയിട്ടുണ്ടാവില്ലേ എന്നോർത്തിട്ട്‌ അവൾക്കിരുപ്പൊറയ്ക്കാതെയായി. അവസാനം ഒരുകണക്കിന്‌ സിനുവിന്റെ വീട്ടിൽ നിന്നുമിറങ്ങി സ്ക്കൂളിലേയ്ക്കു നടക്കാൻ തുടങ്ങി. വഴിയിൽ സിന്ധുവിനൊടു പറഞ്ഞു-അപ്പോൾ അവളും ആകെ പരിഭ്രമിച്ചിരിയ്ക്കുകയാണ്‌. അവളുടെ സംശയം സ്ക്കൂൾ ബസ്സെങ്ങാനും പോയിട്ടുണ്ടാകുമോ എന്നായിരുന്നു. പിന്നീടൊന്നും ആലോചിച്ചില്ല, ഓടി. കിതച്ചുകൊണ്ടോടി. പുഴയിലുടെ ഓടി. ഓടിയും നടന്നും അവസാനം സ്ക്കൂളിലെത്തിയപ്പോൾ അവർക്കു രണ്ടുപേർക്കും വല്ലാതെ പേടി തോന്നി. ക്ലാസ്സുകളൊക്കെ അടച്ചിട്ടിരിയ്ക്കുന്നു. സ്ക്കൂളിനു ചുറ്റും പാടമായതു കൊണ്ട്‌, എല്ലാം ഒഴിഞ്ഞു നിശബ്ദമായി കിടക്കുന്നു. ഒരു കുന്നും കൂടി കയറി വേണം സ്ക്കൂൾ ബസ്‌ നിൽക്കുന്നിടത്തേയ്ക്കെത്താൻ. അവർ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. അവർ ഒഴിഞ്ഞ ക്ലാസ്‌ വരാന്തയിലൂടെ പേടിച്ചു പേടിച്ചു നടന്നു. കുന്നു കയറി. ബസ്സു കിടക്കേണ്ട സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. ഹൃദയമിടിപ്പ്‌ വർദ്ധിച്ചു വന്നു. എന്തു ചെയ്യണമെന്നൊരു നിശ്ചയവുമില്ല. ബസ്സ്‌ പോയിരിയ്ക്കുന്നു! ഇനിയെങ്ങനെ വീട്ടിലെത്തും? സ്ക്കൂളിൽ ആരുമില്ല. ഒഴിഞ്ഞുകിടക്കുന്ന പാടത്ത്‌ സ്ക്കൂൾ നെടുന്നനെ നിൽക്കുന്നത്‌ കുന്നുമ്പുറത്ത്ന്ന് നോക്കിയാൽ കാണാം.


സിന്ധു പറഞ്ഞു-നമുക്കു നടക്കാം. അവൾ വഴിയെല്ലാം ഓർത്തുവെച്ചു. ശരി നടക്കുക തന്നെ. അവൾ കുഞ്ഞനുജനെ പറ്റിയോർത്തു. അമ്മയെ പറ്റിയൊർത്തു. അച്ഛനോ? വീട്ടിലെത്തിയാലത്തെ സ്ഥിതി... അവൾ കയ്യിലെ കേക്കിന്റെ കഷ്ണം അപ്പോഴും സൂക്ഷിച്ചു വെച്ചിരുന്നു.
അവരുടെ നടത്തത്തിന്റെ വേഗത കൂടി. ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. തൊണ്ടയിൽ എന്തോ കുരുങ്ങിക്കിടന്ന് വല്ലാതെ വേദനിപ്പിച്ചു. കാലുകൾ വിറച്ചിട്ട്‌ മുൻപോട്ട്‌ നീങ്ങുന്നില്ല.
അവസാനം പകുതിയായപ്പോൾ അവരുടെ സ്ക്കൂൾ ബസ്സിലെ സുരേഷേട്ടൻ വരുന്നതു കണ്ടു. ഒന്നും മിണ്ടാതെ സുരേഷേട്ടന്റെ കൂടെ ഓട്ടോറിക്ഷയിൽ കയറി വീട്ടിൽ വന്നിറങ്ങി. സുരേഷേട്ടൻ "ദെവിടേർന്നു?"? എന്നു ചോദിച്ചു. വീട്ടിൽ വന്നിറങ്ങിയപ്പോൾ മുന്നിലുണ്ട്‌ അനിയൻകുട്ടൻ യൂണിഫോമൊക്കെ ഊരി, ഒരു ട്രൗസർ മാത്രമിട്ട്‌ അവളേയും കാത്തു നിൽക്കുന്നു.
"ഓപ്പളെന്താ ബസ്സിൽ വരാഞ്ഞ്‌"? അവനൊരൊറ്റ ചോദ്യം. "എല്ലാവരും കൊറേ നേരം തെരഞ്ഞു ഓപ്പോളെ".

അവൾക്കൊന്നും പറയാൻ പറ്റിയില്ല. അച്ഛനുണ്ട്‌ ഓടി വരുന്നു. അമ്മ എവിടെ? അനിയന്റെ ശബ്ദം പിന്നിൽ നിന്നും-"അമ്മ ഇല്ലാത്തത്‌ നന്നായി. അല്ലെങ്കിൽ ഇപ്പോൾ ഓപ്പൾക്കു നല്ല അടി കിട്ട്യേനേ." ആരോടും ഒന്നും മിണ്ടിയില്ല. സങ്കടം പൊട്ടിയൊഴുകി. സുരേഷേട്ടൻ അച്ഛനോട്‌ എന്തൊക്കെയോ സംസാരിയ്ക്കുന്നതു കേട്ടു.കയ്യിലെ കേക്കിന്റെ കഷ്ണം എവിടെയോ വീണു പോയിരുന്നു.

അന്നു രാത്രി ജനാലച്ചോട്ടിൽ, കൊതുവലയ്ക്കുള്ളിൽ അനിയൻകുട്ടന്റെ കൂടെ കിടന്നുറങ്ങുമ്പോൾ അവളൊരു സ്വപ്നം കണ്ടു. യേശൂനെ. വലിയൊരു ആലിലയിൽ നിറഞ്ഞുനിൽക്കുന്ന യേശു. യേശു ചിരിയ്ക്കുന്നുമുണ്ടായിരുന്നു, ഉണ്ണിക്കണ്ണനെ പോലെ. യേശൂനപ്പോൾ വേദനിയ്ക്കുന്നുണ്ടായിരുന്നില്ല.

Wednesday, December 31, 2008

ഒരാല്‍മരം



മുടവനംകാവ്‌ അയ്യപ്പൻ.

“പതിന്നാലുദേശത്തിന്നാധാരമായ്‌ നിൽക്കും
പരമാത്മതത്വമേ പൊന്നയ്യപ്പനേ
മുടവനാംകാട്ടിലെ അണയാത്ത ദീപമായ്‌
മരുവുംചിദാനന്ദദിവ്യപ്രകാശമേ
ദേശത്തിൻ കാവലായ്‌ മനസ്സിന്റെ സാക്ഷിയായ്‌
ദേഹിയായ്‌ വർത്തിയ്ക്കും പരമാത്മതത്വമേ
അന്ധകാരത്തിൽ ഗതിമുട്ടി നിൽക്കവേ
ഒരു തരി വെട്ടം കനിഞ്ഞു നൽകീടണേ
ചിത്തത്തിലാശ പെരുകാതിരിയ്ക്കണേ
തത്വത്തിലാശയുണ്ടാവാൻ കനിയണേ
ജനിമൃതികളകന്നു പോയീടുവാൻ
പരമാത്മതത്വത്തിലലിയാൻ തുണയ്ക്കണേ“
-
അച്ഛൻ എഴുതിയ വരികളാണിത്‌.

മുടവനംകാവ്‌ എന്ന ഈ കാവ്‌, ഞങ്ങളുടെ കുടുംബ വീടിനടുത്തുള്ള ഒരു ചെറിയ കാവാണ്‌-ഒരു ചെറിയ അയ്യപ്പൻ കാവ്‌.

റോഡിൽ നിന്നും ഉള്ളിലേയ്ക്കു തിരിയുന്ന, ടാറിടാത്ത കരിങ്കല്ലുകൾ പതിച്ചു വെച്ചിരിയ്ക്കുന്ന ഒരു വഴിയാണ്‌ ഈ കാവിലേയ്ക്കു നയിയ്ക്കുന്നത്‌. കാവിന്റെ വശത്തു കൂടി അത്‌ ചെന്നവസാനിയ്ക്കുന്നത്‌ ഒരു വീടിന്റെ ഉമ്മറത്തേയ്ക്കാണ്‌. അതിനപ്പുറത്തേയ്ക്കു പിന്നെ വഴിയില്ല.

കാവ്‌ എന്നു കേൾക്കുമ്പോൾ തന്നെ അതിനോടൊപ്പം ചേർന്നു നിൽക്കുന്ന ഒരു ചിത്രം കൂടിയുണ്ട്‌.
അതിനു മുന്നിലുള്ള വലിയൊരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരാൽമരം. വളരെ പഴക്കമുള്ളതുമായിരിയ്ക്കണം. കാവിനേക്കാളും ശരിയ്ക്കും ഓർമ്മ വരുക ഈ ആലിനേയാണ്‌. കാരണം അത്രയും ചെറിയ ഈ കാവിന്‌ ഒരു കാവൽ പോലെയാണീ വൻമരം അവിടെ നിലകൊള്ളുന്നത്‌.

മതിൽകെട്ടൊന്നുമില്ലാതെ, ഒരു ചതുരാകൃതിയിലുള്ള ഒരു ചെറിയ കെട്ടിടം-കെട്ടിടം എന്നു പോലും പറയാനാവില്ല, നാലു ചുമരാണ്‌ യഥാർത്ഥത്തിൽ ഈ കാവ്‌. തൊഴാൻ വരുമ്പോൾ ഈ ആലിന്റെ ചുവട്ടിലാണ്‌ ചെരുപ്പ്‌ അഴിച്ചു വെയ്ക്കുക. പൊതുവേ ശാന്തമായ ഈ അന്തരീക്ഷത്തിൽ, കാറ്റത്താടുന്ന ഈ ആലിലകളുടെ കലപില ശബ്ദം മാത്രമേ ഉണ്ടാകൂ. പൂജയും മറ്റുമൊന്നും അധികമില്ലാത്ത ഈ കാവിൽ തൊഴാൻ വരുന്നവർ തന്നെ ദുർലഭമാണ്‌. തിരക്ക്‌ തീരെയുണ്ടാവാറില്ല. താലപ്പൊലി സമയത്താണ്‌ ഇവിടേയ്ക്കു ആളുകൾ വരാറുള്ളത്‌. പിന്നെ എന്റെ ഓർമ്മയിൽ മലയ്ക്കു പോകുമ്പോൾ "കെട്ട്‌ നിറയ്ക്കൽ" ഈ കാവിൽ വെച്ച്‌ ചിലപ്പോഴൊക്കെ പതിവുണ്ടായിരുന്നു. പിന്നെ ഈ കാവിനു പിന്നിൽ താമസിയ്ക്കുന്ന വീട്ടിലെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയത്‌, ഈ കാവിൽ വെച്ചു തന്നെയായിരുന്നു എന്നു തോന്നുന്നു.
ഈ കാവിനോട്‌ ചേർന്നുതന്നെയാണ്‌ വല്യമ്മ താമസിയ്ക്കുന്നത്‌. വല്യമ്മയുടെ ടെറസ്സിൽ നിന്നും നോക്കിയാൽ ആ ആലിനെ ശരിയ്ക്കും അടുത്ത്‌ കാണാം. അതിന്റെ കാറ്റ്‌ കേൾക്കാം. അതിന്റെ വിശാലതയിൽ ബഹളം വെയ്ക്കുന്ന പക്ഷികളെ കാണാം. അത്‌ വിരിയ്ക്കുന്ന തണൽ കാണാം. തണലിൽ വീണു കിടക്കുന്ന പഴുത്തതും പച്ചയും ആയ ആലിലകളേയും കാണാം.

ആ ആലില്ലാതെ കാവ്‌ പൂര്‍ണ്ണമാകുന്നില്ല ഒരിയ്ക്കലും..

ഓർമ്മയില്ലേ, കാവാലം നാരായണ പണിയ്ക്കരുടെ ഒരു കവിത?
"ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം,
ആലിന്നു ചേർന്നൊരു കുളവും വേണം."

(പക്ഷേ അതിലേതാവും ശരി?!)



ആ കാവ്‌ ഇപ്പോൾ വലുതായിട്ടുണ്ട്‌. സ്ഥിരമായി പൂജയും, വഴിപാടുകളും, പ്രാർത്ഥനകളും വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട്‌. ആളുകൾ ധാരാളം വന്നു തൊഴാറുണ്ട്‌. അയ്യപ്പന്‌ പണ്ടത്തെ നാലു ചുമരുകളിൽ നിന്നും നല്ല ഭംഗിയുള്ള ഒരു കൊച്ചു കെട്ടിടത്തിലേയ്ക്ക്‌ മോചനം കിട്ടിയിട്ടുണ്ട്‌. മതിൽക്കെട്ടുണ്ട്‌. റോഡരികിൽ "മുടവനംകാവ്‌" എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്‌.

എന്നാലും ഇപ്പോൾ ആ കാവിനടുത്തെത്തുമ്പോൾ വല്ലാത്തൊരു ശൂന്യത.

കാവിന്റെ പുതിയ രൂപവും ഭാവവും, ഉയർച്ചയും, നല്ല കാര്യങ്ങളും മനസ്സ്‌ ഉൾക്കൊള്ളാൻ മടി കാണിയ്ക്കുന്നു,
പകരം
അച്ഛനെഴുതിയ വരികളിൽ ഒരു വൻ ആൽമരം നിറഞ്ഞു നിൽക്കുന്നതായി തോന്നിപ്പിയ്ക്കുന്നു.

ഇനിയും ചിതലരിയ്ക്കാത്ത ഒരു പഴഞ്ചൻ ചിത്രം കണക്കെ!


ഇന്നതൊരു പഴഞ്ചൻ ഓർമ്മയാണ്‌.. ആല്‍മരം നിന്നിരുന്നയിടം ശൂന്യമാണ്.
ഒരു ആൽത്തറയ്ക്കു വേണ്ടിയോ മറ്റോ അതിന്റെ വേരുകളൊന്ന് മുറിച്ചുമാറ്റപ്പെട്ടതോടെ, ആ ആൽമരം അന്ന് വലിയൊരു ശബ്ദത്തോടെ അതിന്റെ മണ്ണിലേയ്ക്കു തന്നെ പിൻവാങ്ങപ്പെട്ടു-അയ്യപ്പനു വേണ്ടി(?)

ഒരു വലിയ കഥയവസാനിയ്ക്കുന്നതു പോലെ..

ഒരു പഴഞ്ചൻ കഥയായി അവടവിടെ ചിലപ്പോൾ മണ്ണിന്നടിയിൽ അതിന്റെ വേരിന്റെ ബാക്കി കഷ്ണങ്ങൾ തപ്പിയാൽ കിട്ടേരിയ്ക്കും.

Thursday, May 22, 2008

ഞങ്ങളുടെ അപ്പച്ചന്‍

ഞങ്ങളുടെ അപ്പച്ചന്‍.
ഒരു നീല ബോര്‍ഡിലെഴുതിവെച്ച "വൃന്ദാവനം" എന്ന പേര്‌.
അതിന്റെ പിന്നിലൊരു മൈലാഞ്ചി മരം.
ഉയരത്തിലൊരു മതില്‍.
ഉത്സവം.
കഥകളി.
നിറം മങ്ങാത്ത കുറേയേറെ വര്‍ണ്ണചിത്രങ്ങള്‍..

'ഞങ്ങളുടെ അപ്പച്ചന്‍' - ഞങ്ങളുടെയൊക്കെ മനസ്സിന്റെ കോണില്‍ ഇപ്പോഴും ജീവിയ്ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മുത്തച്ഛന്‍/അമ്മച്ഛന്‍ ആണ്‌.
എന്റെ നാലാം ക്ലാസ്‌ വരെയുള്ള 'ഠ'വട്ടത്തിലൊതുങ്ങുന്നൊരു കാലഘട്ടം ഓര്‍മ്മിപ്പിയ്ക്കുന്ന ഞങ്ങളുടെ അപ്പച്ചനെ ഈ കുറിപ്പിലേയ്ക്കെങ്ങനെ കൊണ്ടുവരാനാവുമെന്ന് എനിയ്ക്കറിയില്ല.

എന്നാലുമെന്റെ കുടുംബാംഗങ്ങളാരുമറിയാതെ, എന്റെ ഓര്‍മ്മയും പിന്നെ കേട്ടറിഞ്ഞതും ഒക്കെ ചേര്‍ത്തു വെച്ച്‌, ഉള്ളിന്റെയുള്ളില്‍ നിന്നും അപ്പച്ചനെ പുറത്തെടുക്കാനൊരു ശ്രമം.
അതിനാദ്യം ബ്ലോഗിനൊരു സ്തുതി!

അപ്പച്ചനെ ആലോചിച്ചാല്‍ എന്റെ മനസ്സിലെത്തുന്ന പല രൂപങ്ങളിലൊന്ന് വൃന്ദാവനത്തില്‍, കോണി കയറിയ ഉടനെ വലതുഭാഗത്തുള്ള ഒരു ഇടുങ്ങിയ സ്ഥലത്ത്‌, സന്ധ്യയ്ക്ക്‌ ജനാലയ്ക്കരികിലെ ഒരു ചാരുകസേരയിലിരുന്ന്, കത്തുകള്‍ വായിച്ച്‌ "മറുപടിയെഴുത്തിനു" വേണ്ടി കുറേ അധിക സമയം ഇരിയ്ക്കുന്ന ഒരു രൂപമാണ്‌.
കോണി കയറി മുകളിലെത്തിയാലുടനെയുള്ള ജനാലയില്‍ നിന്നും നേരെ നോക്കിയാല്‍ വൈദ്യശാലയുടെ ചില ഭാഗങ്ങള്‍ കാണാം. താഴേയ്ക്ക്‌ നോക്കിയാല്‍ മുന്‍പിലേയ്ക്കു ചെരിഞ്ഞു പോകുന്ന ഓടുകളെ കാണാം. സൈറന്‍ അടിയ്ക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം.

അപ്പച്ചന്‍ പണ്ട്‌ സ്വന്തം കയ്യക്ഷരത്തില്‍ രോഗികള്‍ക്ക്‌ മറുപടി അയച്ചിരുന്നുവത്രേ. പക്ഷെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന്, പിന്നീട്‌ അദ്ദേഹം മറുപടി "ഡിക്റ്റേറ്റ്‌" ചെയ്യുകയും അതെഴുതാന്‍ ആരെങ്കിലും വൈദ്യശാലയില്‍ നിന്നും വരുകയും ചെയ്തിരുന്നു. അങ്ങനെ ഡിക്റ്റേറ്റ്‌ ചെയ്യുന്ന നേരത്ത്‌ ഞങ്ങള്‍ കുട്ടികളോട്‌ കര്‍ശനമായി അമ്മമ്മയും അമ്മയും മറ്റും ഒച്ചയുണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. ഒച്ചയില്ലാതെ താഴ്‌ന്ന സ്വരത്തില്‍, ഫാന്‍ കറങ്ങുന്ന തളത്തില്‍ പരസ്പരം കുശുകുശുത്തിരുന്ന ഞങ്ങളുടെ ഇടയിലേയ്ക്ക്‌ അപ്പച്ചന്റെ പതിഞ്ഞ സ്വരത്തില്‍ നിര്‍ത്തി നിര്‍ത്തിയുള്ള പല ഭാഷക്കാരായ രോഗികള്‍ക്കുള്ള 'മറുപടികള്‍' വടിവൊത്ത്‌ കനം തൂങ്ങി കിടന്നു.

അപ്പച്ചനെ ഓര്‍മ്മിയ്ക്കുമ്പോള്‍ വിട്ടു പോകാന്‍ പറ്റാത്ത മറ്റൊരു ഓര്‍മ്മയാണ്‌ വൃന്ദാവനം. അവിടെയാണ്‌ അപ്പച്ചനും അമ്മമ്മയും താമസിച്ചിരുന്നത്‌. അപ്പച്ചന്റെ മക്കളെല്ലാം ജനിച്ചത്‌. പേരക്കുട്ടികളില്‍ ഞാന്‍ വരെയുള്ളവര്‍ ജനിച്ചത്‌.
വൃന്ദാവനത്തിന്റെ ഭൂമിശാസ്ത്രം വിവരിയ്ക്കുക എളുപ്പമല്ല.അത്ര ഉള്‍പരപ്പായിരുന്നു അതിന്‌. എപ്പോഴും അടഞ്ഞു തന്നെ കിടക്കുന്ന കുറേ വാതിലുകള്‍ കാണാം. ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേയ്ക്കു കടക്കാന്‍ അനുവദിയ്ക്കുന്ന വാതിലുകളുണ്ട്‌. തൃകോണാകൃതികളില്‍ വരച്ചു വെച്ചിട്ടുള്ള തറയുണ്ട്‌.

ഞങ്ങളുടെ അവധിക്കാലങ്ങള്‍ മിയ്ക്കതും വൃന്ദാവനത്തിന്റെ അങ്ങേ തലയ്ക്കുള്ള ഹാള്‍ മുതല്‍ ഇങ്ങേ തലയ്ക്കുള്ള അടുക്കള വരെ ഓടിനടന്ന് ആഘോഷിയ്ക്കപ്പെട്ടിരുന്നു. വീടിന്റെ പിന്‍ഭാഗത്ത്‌ മൈലാഞ്ചിയുടെ വലിയൊരു മരമുണ്ടായിരുന്നു. ഞങ്ങളുടെ ഉച്ച നേരങ്ങള്‍ ആ മൈലാഞ്ചി മരത്തിനു ചുവട്ടില്‍ ചിലവഴിയ്ക്കപ്പെട്ടിരുന്നു. മൈലാഞ്ചി അരച്ചിട്ടിരുന്നു.
ഒരു കോണി കയറി മുകളിലെത്തിയാല്‍ പിന്നെ അങ്ങേയറ്റത്തേയ്ക്ക്‌ വേറൊരു കോണിയിലുടെ ഇറങ്ങിചെല്ലാമായിരുന്നു, വേറൊരു ലോകത്തേയ്ക്ക്‌. അവിടത്തെ ഹാളിലെ റോഡിനൊട്‌ അഭിമുഖമായി വരുന്ന ജനാലയ്ക്കലിരുന്നാല്‍ ഉത്സവക്കാലത്ത്‌ രണ്ടാം ദിവസത്തെ വെളുപ്പാന്‍ കാലത്തുള്ള വെടിക്കെട്ട്‌ നല്ലപോലെ കാണാം. അപ്പച്ചനും ഞങ്ങള്‍ക്കൊപ്പം വെടിക്കെട്ട്‌ കാണാന്‍ ഹാളിലേയ്ക്കു വന്നിരുന്നിരുന്നു.പുറം ലോകത്തില്‍ നിന്നും വേര്‍പ്പെട്ടു നിന്ന്, മരുന്നുകളുടെ ഗന്ധം തങ്ങി നിര്‍ത്തി, ഞങ്ങളുടെ അമ്മമാരുടെ, അമ്മാമന്മാരുടെ ബാല്യ - കൗമാരകാലങ്ങള്‍ ചുമരുകളിലേന്തി, ഒരു പ്രത്യേക കാലാവസ്ഥ പകര്‍ന്നുതന്നിരുന്നു വൃന്ദാവനത്തിലെ ഓരോ മുറികളും, ജനാലകളും, കോണിപ്പടികള്‍ പോലും!

അപ്പച്ചന്‍ എങ്ങനെ 'അപ്പച്ചനായി' അറിയപ്പെട്ടു എന്നറിയാമോ?
അപ്പച്ചനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.

ആദ്യമായി അപ്പച്ചനുണ്ടായ പേരക്കുട്ടിയ്ക്ക്‌, "അമ്മച്ഛാ.." എന്നു വിളിയ്ക്കാന്‍ പറഞ്ഞുകൊടുത്തപ്പോള്‍, എന്തു കൊണ്ടോ അവള്‍ വിളിച്ചു തുടങ്ങിയത്‌ "അപ്പച്ചാ.." എന്നായിരുന്നുവത്രേ. അപ്പച്ചനതിഷ്ടമാവുകയും അതു മാറ്റം വരാതെ പിന്നീടുണ്ടായ പേരക്കുട്ടികളൊക്കെ ഏറ്റു വിളിയ്ക്കുകയും ചെയ്തുവെന്നാണ്‌ കഥ.
അങ്ങനെ ഞങ്ങള്‍ക്ക് ഒരു അപ്പച്ചനെ കിട്ടി.
അപ്പച്ചന്‍ എന്ന വാക്ക്‌ ആര്‌ ഉച്ചരിയ്ക്കുമ്പോഴും അതിനു കൊടുക്കുന്ന രൂപം വേറെയാരുടേയുമല്ല ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍. മുത്തശ്ശാ എന്നോ അമ്മച്ഛാ എന്നോ വിളിയ്ക്കാന്‍ തോന്നില്ല അപ്പച്ചനെ..
എന്നിട്ടും ഞങ്ങള്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്‌, കൂട്ടുകാരോട്‌ 'അപ്പച്ചന്‍' എന്നു സംബോധന ചെയ്യാനുള്ള ജാള്യത കൊണ്ട്‌ മുത്തശ്ശന്‍ എന്നു ബുദ്ധിമുട്ടി പറഞ്ഞിരുന്നു. ആ സ്വഭാവം ഇപ്പോഴും എന്നെ പിന്‍തുടരാറുണ്ട്‌, പലപ്പോഴും. ഭര്‍ത്താവിന്റെ വീട്ടില്‍ പോയാല്‍ ഇപ്പോഴും നാവിന്‍തുമ്പത്തു നില്‍ക്കുന്ന 'അപ്പച്ചനെ' മായ്ച്ച്‌, അപ്പോഴത്തെ 'കാലാവസ്ഥയ്ക്കനുസരിച്ച്‌' മുത്തശ്ശന്‍, അമ്മച്ഛന്‍ എന്നൊക്കെ കഷ്ടപ്പെട്ടു പറയുന്ന എന്നോട്‌ എനിയ്ക്കു തന്നെ ആശ്ചര്യം തോന്നാറുണ്ട്‌!

സ്വതവേ ശീലങ്ങള്‍ക്ക്‌ വളരെ പ്രാധാന്യം കൊടുക്കാറുള്ള ഞങ്ങളുടെ കുടുംബത്തിലെ, "സ്ഥാനങ്ങള്‍ക്കനുസരിച്ചുള്ള അതാത്‌ വിളിപ്പേരുകളുപയോഗിയ്ക്കേണ്ടതാകുന്നു" എന്ന ഒരു ശീലത്തെയാണ്‌ ശരിയ്ക്കും ഈ 'അപ്പച്ചന്‍' വിളി മറികടന്നു പോയത്‌!.
എന്നിട്ടിപ്പോഴും എനിയ്ക്കു സംശയമാണ്‌, അപ്പോ അമ്മടെ അച്ഛനെ അമ്മച്ഛന്‍ ന്നാണോ മുത്തച്ഛന്‍ ന്നാണോ പറയാ?

അല്ലെങ്കിലും അപ്പച്ചന്‌ പെങ്കുട്ട്യോളെ വല്യ ഇഷ്ടായിരുന്നു!
പെണ്‍മക്കളെയൊക്കെ അപ്പച്ചന്‍ മാത്രം വിളിയ്ക്കുന്ന പേരുകള്‍ കൗതുകകരങ്ങളായിരുന്നു.
മൂത്ത മകള്‍ ശ്രീദേവിയെ പതുക്കെ അമ്മൂ എന്നും, രണ്ടാമത്തെ മകള്‍ സതിയെ നീട്ടി "സാ.." എന്നും മൂന്നാമത്തെ മകള്‍ രുഗ്മിണിയെ കുറുക്കി "ഉം..." എന്നാണത്രേ വിളിച്ചിരുന്നത്‌!
പിന്നെ, ഇംബാന്‍ഡന്‍, ശുപ്പാണ്ടന്‍, അപ്പുഞ്ചു എന്നൊക്കെ ആണ്‍കുട്ടികള്‍ക്കുള്ള ചില പ്രത്യേക പേരുകള്‍ അപ്പച്ചന്റെ കയ്യിലുണ്ടായിരുന്നു. ഈ പേരുകള്‍ മാറി മാറി പെണ്‍മക്കള്‍ക്കിടയിലുള്ള ആണ്‍മക്കളേയും അപ്പച്ചന്‍ വിളിച്ചിട്ടുണ്ടാവും.

അതുപോലെ ഓരോ പേരക്കുട്ടികള്‍ക്കും ഓരോ പേരുകളുണ്ടാക്കിയിരുന്നു അപ്പച്ചന്‍. ഞങ്ങളെല്ലാ കുട്ടികളും അപ്പച്ചന്‌ 'സ്പെഷ്യല്‍' ആയിരുന്നു.
അപ്പച്ചന്റെ ആദ്യത്തെ പേരക്കുട്ടിയെ "നരൂ.." എന്നു വിളിച്ചിരുന്നു.
പിന്നെ, തടിച്ചുരുണ്ട ഒരു 'ഗുണ്ടപ്പിയെ' "മത്തങ്ങേ.." എന്നു വിളിച്ചിരുന്നു.
ഞാനൊരു വാശിക്കാരിയായതു കൊണ്ട്‌ എന്നെ "അപ്രീതി" എന്നു വിളിച്ചിരുന്നുവത്രേ അപ്പച്ചന്‍.
എന്റെ അനിയനെ "ഇംബാന്‍ഡന്‍" എന്നു വിളിച്ചിരുന്നു.
അപ്പച്ചന്റെ പേരക്കുട്ടികള്‍ ഇനിയും നീണ്ടു കിടക്കുന്നുണ്ടെങ്കിലും പെട്ടെന്നോര്‍മ്മ വരുന്ന പേരുകളിതൊക്കെയാണ്‌.

അപ്പച്ചനെ ഓര്‍മ്മിയ്ക്കുമ്പോള്‍ മനസ്സിലേയ്ക്കു വരുന്ന മറ്റൊന്നാണ്‌ ഞങ്ങളോടു പറഞ്ഞിരുന്ന തമാശകളും, കഥകളും.കൈപത്തി മടക്കി വെച്ച്‌, ചെറുവിരല്‍ മാത്രം നിവര്‍ത്തിപിടിച്ച്‌, അപ്പച്ചന്‍ പാടും, മുകളിലേയ്ക്കു വായയും പൊളിച്ചു നില്‍ക്കുന്ന ഞങ്ങളെ നോക്കി - "അപ്പഴും പറഞ്ഞില്ലേ പോകണ്ടാ, പോകണ്ടാ ന്ന്..." ഞങ്ങള്‍ ചിരിയ്ക്കും.പിന്നെ പറയും ഒരാളെ നോക്കി, പെണ്‍കുട്ടിയാണെങ്കില്‍ - "യൂ ആറെ വേരു വേറി ഗുഡ്‌ ഗുഡ്‌ ബോയ്‌!" എന്ന്. ആണ്‍കുട്ടിയാണെങ്കില്‍ മറിച്ചും. അല്ലെങ്കില്‍ "യൂ ആറെ വേറി വേറി ബാഡ്‌ ബാഡ്‌ ഗേള്‍!" എന്ന്.
അതു കേട്ടാലും ഞങ്ങള്‍ ചിരിയ്ക്കും.
അപ്പച്ചന്റെ വെപ്പു പല്ലുകളായിരുന്നു. അതേതോ രീതിയില്‍ ഉയര്‍ത്തികാണിച്ച്‌, ഞങ്ങളെ പേടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. അപ്പോഴും ഞങ്ങള്‍ ചിരിയ്ക്കും.

അപ്പച്ചനെ നല്ല ചന്ദനത്തിന്റെ വാസനയുണ്ടായിരുന്നു. അപ്പച്ചന്റെ കുളി കഴിഞ്ഞിറങ്ങിയാല്‍, മത്സരിച്ചു ഞങ്ങളോടിയിരുന്നു, കുളിമുറിയിലേയ്ക്ക്‌. കുളിമുറി നല്ല ചന്ദനത്തിന്റെ ഗന്ധത്തില്‍ കുളിച്ചു നില്‍ക്കുന്നുണ്ടാവും. നനഞ്ഞ നിലത്ത്‌ കാല്‍ വെച്ച്‌, ഞങ്ങള്‍ വേണ്ടുവോളം അത്‌ നുകര്‍ന്നെടുക്കും. പിന്നെ വെപ്രാളപ്പെട്ട്‌ കുളിയ്ക്കും, അപ്പച്ചന്റെയൊപ്പം അമ്പലത്തില്‍ പോകാന്‍. അമ്പലത്തില്‍ പോവുമ്പോള്‍ ധാരാളം കഥകള്‍ പറയും അപ്പച്ചന്‍. അതൊന്നും ഓര്‍ക്കുന്നില്ലെങ്കിലും അപ്പച്ചന്റെ നനുത്ത ശബ്ദം കാതില്‍ വന്നു നിറയുന്നുണ്ട്‌. അപ്പച്ചന്‌ അമ്പലത്തില്‍ പോകാന്‍ ധരിയ്ക്കാനായി "മെതിയടികള്‍" ഉപയോഗിച്ചിരുന്നു. അതില്‍ ബാലന്‍സ്‌ ചെയ്ത്‌ നടക്കുന്നത്‌ ഞങ്ങള്‍ക്കൊക്കെ അത്ഭുതവും.

അപ്പച്ചനൊടെനിയ്ക്കു അന്നൊക്കെ ഇഷ്ടമായിരുന്നോ, സ്നേഹമായിരുന്നോന്ന് വ്യക്തമായറിയില്ല. എന്നാല്‍ പേടിയായിരുന്നോ ബഹുമാനമായിരുന്നോന്നും അറിയില്ല. അപ്പച്ചനെ ഒരിയ്ക്കല്‍ പോലും ഒന്നു തൊട്ടുനോക്കാനോ, എന്തെങ്കിലും മിണ്ടുവാനോ തുനിഞ്ഞിട്ടില്ലാത്ത എന്നെ ആകര്‍ഷിച്ചിരുന്നത്‌ ഞങ്ങളോടുള്ള തമാശകളും, സുഗന്ധവും, വര്‍ത്തമാനങ്ങളുമാണ്‌. അപ്പച്ചനുമായി സ്വതന്ത്രമായി ഇടപഴകുന്ന എന്റെ വല്യമ്മമാരുടെ മക്കളേ നോക്കി നില്‍ക്കാറുള്ള ശീലമായിരുന്നു എനിയ്ക്ക്‌. കുറേ കാലങ്ങള്‍ക്കു ശേഷം, അപ്പച്ചന്‍ വീട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ എന്നെ ചേര്‍ത്തു പിടിയ്ക്കാറുണ്ടായിരുന്നു. ആ വാസനയില്‍ എവിടേയും തൊടാതെ അപ്പച്ചന്റെ കൈകള്‍ക്കുള്ളില്‍ എന്തോ പറ്റിയതു പോലെ നിന്നിരുന്നു ഞാന്‍. ഒരിയ്ക്കല്‍ അപ്പച്ചന്റെ മുന്നിലൊരു കീര്‍ത്തനം പാടിയിട്ടുണ്ട്‌.

എന്നാല്‍ അച്ചടക്കത്തേയും ചിട്ടകളേയും ഗൗരവത്തോടെ കണ്ടിരുന്ന അപ്പച്ചന്‍ കുടുംബത്തില്‍ ചിലപ്പോഴൊക്കെ ഒരു ഗൗരവ സ്വഭാവം സൂക്ഷിച്ചിരുന്നു.
ഒരു കൂട്ടില്ലാതെ അപ്പച്ചന്റെ മുറിയിലേയ്ക്കു ഒന്നുമാലോചിയ്ക്കാതെ കയറിപ്പോകാന്‍ എനിയ്ക്കു ധൈര്യമുണ്ടായിരുന്നില്ല, ഇഷ്ടമായിരുന്നെങ്കിലും.
അപ്പച്ചന്‍ ഫോണില്‍ സംസാരിയ്ക്കുമ്പോള്‍, ഉച്ചയ്ക്ക്‌ വിശ്രമിയ്ക്കുമ്പോള്‍ ഒക്കെ ആ ചുറ്റുവട്ടത്ത്‌ ഒച്ചയുണ്ടാക്കരുതെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അപ്പച്ചന്റെ മേശപ്പുറത്തിരിയ്ക്കുന്ന സാധനങ്ങള്‍ തൊടാന്‍ പാടില്ല, ഊണു കഴിയ്ക്കുമ്പോള്‍ തലയ്ക്കു കൈ വെയ്ക്കാന്‍ പാടില്ല, കോണി കയറുമ്പോള്‍ ഉറക്കെ ശബ്ദമുണ്ടാക്കി കയറരുത്‌, ഒക്കെ ഞങ്ങള്‍ കൃത്യമായി അനുസരിച്ചു വന്നു.
എന്നാലും മേശപ്പുറത്തെ സാധനങ്ങളേയും, പേനകളേയും മറ്റും ആരും കാണാതെ ഒന്നു തൊട്ടു നോക്കും, തൊട്ടാല്‍ പൊട്ട്വോ.. എടുത്താല്‍ സ്ഥലം മാറ്‌വോ.. എന്ന ഭീതിയോടെ..

ചിട്ടയായ ഒരു ജീവിത ശൈലിയുണ്ടായിരുന്നു അപ്പച്ചന്‌. പക്ഷെ നിരന്തരം രോഗികളുടെ കൂടെ കഴിഞ്ഞിരുന്ന അദ്ദേഹത്തിനു സമയത്തിനാഹാരം കഴിയ്ക്കാനായിരുന്നില്ലെന്നു തോന്നുന്നു. എന്നാല്‍ മുടങ്ങാതെ ഡയറി എഴുതിയിരുന്നു. രാവിലെ ദിവസവും അടുത്തുള്ള വിശ്വംഭരന്റെ അമ്പലത്തില്‍ പോയിരുന്നു. ഒരു പത്തു പതിനൊന്നു മണി നേരത്ത്‌ നടപ്പെരയില്‍ ഒരു കസേരയിലിരുന്ന്, മരുന്നുകളുടെ ഗുണനിലവാരം നോക്കിയിരുന്നു. ദിവസവും രാവിലേയും രാത്രിയും അദ്ദേഹത്തിന്റെ മുറിയില്‍ തൂക്കിയിട്ടിരുന്ന ധന്വന്തരിയുടെ ഫോട്ടോ നോക്കി തൊഴുതിരുന്നു. വെളുത്ത ഖദര്‍ ഷര്‍ട്ടും,മുണ്ടും സ്ഥിരം വേഷം. അമ്പലത്തിലേയ്ക്കു ഷര്‍ട്ടിടാതെ തോളത്തൊരു മുണ്ടിട്ട്‌, ഉടുത്തിരിയ്ക്കുന്ന മുണ്ടിന്റെ വലത്തേയറ്റം ഇടത്തേ കക്ഷത്തില്‍ തിരുകി ഉയരത്തിലുള്ള നടത്തമാണ്‌ ഓര്‍മ്മയില്‍. വിശ്വംഭരനെ തൊഴുതു കഴിഞ്ഞാല്‍ അത്നടുത്തു തന്നെയുള്ള അദ്ദേഹത്തിന്റെ ഗുരുവിന്റെ പ്രതിമ വെച്ചിട്ടുള്ള ഒരു കൊച്ചു വള്ളിക്കുടില്‍ പോലൊരു സ്ഥലത്തും അദ്ദേഹം ദിവസവും പോയി തൊഴുതിരുന്നു. അത്‌ ഞങ്ങളും പിന്നീടൊരു പതിവാക്കി. തലയിലും രോമങ്ങളുള്ള ചെവികളുടെ പിന്നിലും തെച്ചിപ്പൂക്കളുടേയും, തുളസിയുടേയും ബാക്കികളെ കാണാം. നെറ്റിയില്‍ എന്നും ചന്ദനം കൊണ്ടുള്ള വട്ടത്തിലുള്ള ചെറിയൊരു പൊട്ടും.അവധിക്കാലങ്ങളാണെങ്കില്‍ അമ്പലത്തിലേയ്ക്കു പോകുമ്പോള്‍, പിന്നാലെ പരിവാരങ്ങളായി ഞങ്ങളെല്ലാ "പിറുങ്ങിണികളും" ഉണ്ടാകും.

അപ്പച്ചന്‍ വൈദ്യം പഠിച്ചത് വളരെ ബുദ്ധിമുട്ടിയാണെന്നു കേട്ടിട്ടുണ്ട്‌. പരീക്ഷയ്ക്കു മാര്‍ക്ക്‌ കുറയുമ്പോള്‍ അമ്മ എന്നെ ഓര്‍മിപ്പിയ്ക്കാറുള്ള, "സ്റ്റ്രീറ്റ്‌ ലൈറ്റിന്റെ ചുവട്ടിലിരുന്നു പഠിയ്ക്കുന്ന അപ്പച്ചന്റെ മറ്റൊരു പഴയകാല 'രൂപം" കുറേ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാവും അപ്പച്ചനെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ രോഗികള്‍ ഏറെയുണ്ടായിരുന്നതായിരുന്നതും. അപ്പച്ചന്റെ ജീവിതത്തിലെ പകുതി മുക്കാല്‍ ഭാഗവും ചിലവഴിച്ചത്‌ നേര്‍സിംഗ്‌ ഹോമിലും, മരുന്നുകള്‍ക്കൊപ്പവും ആയിരുന്നു. ഗര്‍ഭസ്ഥ സ്ത്രീകള്‍ക്ക്‌ ഒരാറേഴു മാസമാവുമ്പോള്‍ കഴിയ്കാനുള്ള കഷായം അപ്പച്ചനുണ്ടാക്കിയതാണെന്ന് ഞാനാദ്യമായറിയുന്നത്‌ അമ്മൂനെ ഗര്‍ഭമായിരിയ്ക്കുമ്പോഴായിരുന്നു. ഒരു സാന്ത്വനത്തിന്റെ ഭാഷയുണ്ടായിരുന്നു ആ ശബ്ദത്തിന്‌. സ്വന്തം നാട്ടിലെത്തിയാലും ധാരാളം പേര്‍ അപ്പച്ചനെ കാണാന്‍ വന്നിരുന്നു.

കാലം ചെല്ലുന്തോറും അപ്പച്ചന്റെ ആരോഗ്യം കുറഞ്ഞു വന്നു. ചെറുപ്രായത്തിലേ ഒരു പ്രമേഹ രോഗിയായിരുന്നു. രോഗം മൂര്‍ച്ഛിച്ച്‌ ഒരിയ്ക്കല്‍ കാലിലെ തള്ളവിരല്‍ മുറിച്ചു മാറ്റപ്പെട്ടു. അതിനു ശേഷം അപ്പച്ചന്റെ പഴയ ഉത്സാഹമൊക്കെ പോയിരുന്നതായി ഓര്‍ക്കുന്നു. ക്ഷീണിച്ചു വരുന്ന ഒരു രൂപമായി പിന്നെ.. യാത്രയിലൊക്കെ നന്നായി ഉറങ്ങുമായിരുന്നു, വായ പൊളിച്ചു കൊണ്ട്‌. അതുവരെ എല്ലാ വര്‍ഷവും വിടാതെ പോയിരുന്ന ശബരിമല യാത്രയും നിര്‍ത്തി വെച്ചു. അപ്പച്ചന്റെ രസാവഹമായ ശരണം വിളികളെ പറ്റി കേട്ടിട്ടുണ്ട്‌. അപ്പപ്പോള്‍ അയ്യപ്പന്‌ പര്യായങ്ങളുണ്ടാക്കി ഈണത്തില്‍ ശരണം വിളിച്ചിരുന്നുവത്രേ!

അപ്പച്ചനൊരു വൈദ്യനായതു കൊണ്ടോ, ഒരു ദീര്‍ഘകായനായതു കൊണ്ടോ അതുമല്ലെങ്കില്‍ മുത്തച്ഛനായതു കൊണ്ടോ,അപ്പച്ചന്‍ ഞങ്ങളുടെയൊക്കെ ഉള്ളിന്റെയുള്ളിലൊരു "ധൈര്യമായിരുന്നു" എന്നത്‌ എനിയ്ക്കു മനസ്സിലായത്‌ അന്നാണ്‌..
അപ്പച്ചനെല്ലാം അറിയാം, അപ്പച്ചനെ എല്ലാവര്‍ക്കും അറിയാം എന്നൊക്കെയൊരു തോന്നല്‍ പകര്‍ന്നു തന്നിരുന്ന ധൈര്യം.
1988 -ലെ ഒരിയ്ക്കലും മറക്കാത്ത ഒരു വിഷുവിന്റെ അന്ന്..
ഉത്സവക്കാലമായിരുന്നു. തലേന്ന് ഞങ്ങളെയൊക്കെ നിര്‍ബന്ധിച്ച്‌ കഥകളി കാണാന്‍ പറഞ്ഞയച്ചു അപ്പച്ചന്‍. വെളുപ്പാന്‍കാലത്തെപ്പൊഴോ, ആരോ വന്നു ഞങ്ങളെ വിളിച്ചു കൊണ്ടു പോയി. മുകളില്‍ മുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ വായ തുറന്നു കൊണ്ടു കിടന്നുറങ്ങുന്ന അപ്പച്ചനെ കണ്ട നല്ല ഓര്‍മ്മയുണ്ടെനിയ്ക്ക്‌.
ഞങ്ങളെല്ലാവരും ഒരുമിച്ച്‌ ആ മുറിയില്‍ തൊട്ടപ്പുറത്തുള്ള അമ്മമ്മയുടെ കട്ടിലിലിരുന്നു.
എന്റെ അമ്മയും വല്യമ്മമാരും ഉറക്കെ കരയുന്നത്‌ ഞാനാദ്യമായി കാണുകയായിരുന്നു.
അന്നെനിയ്ക്കു കരച്ചില്‍ വന്നില്ല. എനിയ്ക്കപ്പച്ചനോട്‌ ഇഷ്ടമില്ലേ എന്നു സംശയിച്ചു.
അപ്പച്ചനെല്ലാം അറിയണ ആളല്ലേ, അതുകൊണ്ട്‌ ഒരിയ്ക്കലും മരിയ്ക്കില്ല എന്നായിരുന്നു എന്റെ വിചാരം.
നടപ്പെരയില്‍ പുതച്ചു കിടക്കുന്ന അപ്പച്ചനെ വലം വെച്ചു നമസ്കരിയ്ക്കുമ്പോള്‍ അപ്പച്ചന്റെ വയറിലേയ്ക്ക്‌ ഉയര്‍ന്നു താഴുന്നില്ലേയെന്ന് ഉറ്റുനോക്കി.
അപ്പോള്‍ എന്റെ അച്ഛന്റെ അച്ഛന്‍ - മുത്തച്ഛനും മരിച്ചു പോകുമോ എന്നു ചിന്തിച്ചു.
വിഷുവിന്റന്ന് പൊട്ടിയ്ക്കാന്‍ വെച്ചിരുന്ന പടക്കങ്ങളെ ഓര്‍ത്ത്‌ "ഇനി നമുക്ക്‌ പൊട്ടിയ്ക്കണ്ടാ ലേ .." എന്നു കൂടെയുള്ള അമ്മ്വേട്ത്യോട്‌ പറയാന്‍ വന്നത്‌ ഇറക്കിക്കളഞ്ഞു.
വൃന്ദാവനം ആള്‍ക്കൂട്ടം കൊണ്ടു നിറഞ്ഞു.
വൃന്ദാവനം ഞങ്ങളുടേതല്ലാതായി!

പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ കുറേ അധികം കറുത്ത വലിയ ഉറുമ്പുകളെ കണ്ടു. വീടിന്റെ പല, പല ഭാഗത്തായി.. കുളിമുറിയിലും, എല്ലായിടത്തും. അതുപോലെ വര്‍ഷങ്ങളായി ദിവസവും തളത്തിലെ ചില്ലുകൊണ്ടടച്ച ഒരു ജനാലയില്‍ വന്നിരുന്നു കൊക്കു കൊണ്ട്‌ ശബ്ദമുണ്ടാക്കാറുള്ള ഒരു കാക്കയേയും പിന്നീട്‌ കാണപ്പെട്ടില്ല, ഈ 'സൂചനകളൊക്കെ' ആരൊക്കെയോ എന്തൊക്കെയോ പറയുന്നതു കേട്ട്‌ ഞങ്ങള്‍ മരണത്തിന്റെ അടയാളങ്ങളായി കണ്ടു. ആദ്യമായി മരണം അനുഭവിപ്പിയ്ക്കുന്ന 'ഒഴിവ്‌' അറിഞ്ഞു. അപ്പച്ചന്റെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേയ്ക്ക്‌ പിന്നെ കയറിചെല്ലാന്‍ തോന്നിയില്ല.

പിന്നീട്‌, ഞങ്ങള്‍ വൃന്ദാവനം വിടുകയായി എന്നറിഞ്ഞു. ഏകദേശമൊരു നാല്‍പ്പത്‌ വര്‍ഷത്തെ ജീവിതത്തിനു ശേഷം വൃന്ദാവനത്തെ അതിന്റെ 'ഉടമസ്ഥന്‌' ഭദ്രമായി തിരിച്ചേല്‍പ്പിച്ച്‌ അമ്മമ്മയും ഞങ്ങളോടൊപ്പം താമസിയ്ക്കാന്‍ വരികയാണെന്നു മനസ്സിലായി.

അങ്ങനെ വൃന്ദാവനവും അപ്പച്ചനെ പോലെ മനസ്സിലെന്നും മായാതെ കിടക്കുന്ന ഏടായി. കുറഞ്ഞത്‌ ഞാന്‍ വരേയുള്ള അപ്പച്ചന്റെ പേരക്കുട്ടികള്‍ക്ക്‌.
എനിയ്ക്കു ശേഷം വന്നവര്‍ക്ക്‌ അപ്പച്ചനെ കണ്ട ഓര്‍മ്മയുണ്ടാവുമോ?
അവസാന കാലത്ത്‌ അദ്ദേഹം ക്ഷീണിതനായിരുന്നു. തമാശകളും കഥകളും പറയാതെയായിരുന്നു. ഏകാന്തനായി കാണപ്പെട്ടിരുന്നു.
അപ്പച്ചന്‌ എല്ലാം അറിയാമായിരുന്നു..

ഇക്കഴിഞ്ഞ വിഷുവിന്റന്നും രാവിലെ എണിയ്ക്കുമ്പോള്‍ ഇരുപതു വര്‍ഷങ്ങള്‍ പിന്നിലേയ്ക്കു നിമിഷം കൊണ്ട്‌ പോയി വന്നു.
ഒരുപക്ഷെ ഉറക്കെപ്പറയാതെ, പലയിടത്തായി ചിന്നിച്ചിതറിയ ഞങ്ങളെല്ലാവരും തന്നെ.

പണ്ടു പണ്ട്‌.. ഞങ്ങള്‍ക്കൊരു അപ്പച്ചനുണ്ടായിരുന്നു..
ഒരു വൃന്ദാവനമുണ്ടായിരുന്നു..
ഒരു മൈലാഞ്ചിമരമുണ്ടായിരുന്നു....
ഒരുത്സവക്കാലമുണ്ടായിരുന്നു..
മരുന്നുകള്‍ക്കൊക്കെ ഗന്ധമുണ്ടായിരുന്നു..
അപ്പച്ചന്‍ എന്റേയും അപ്പച്ചനായിരുന്നു..
അപ്പച്ചനെ എനിയ്ക്കും ഇഷ്ടായിരുന്നു..!


കുറിപ്പ്.

ഈ പോസ്റ്റിനോട് ചേര്‍ത്ത് ഇതു രണ്ടും വായിയ്ക്കാം.

1) Fragrant memories
2) Death - The ultimate reality

Saturday, January 26, 2008

ഒരിത്തിരി ഭാഗം..

അന്നൊക്കെ….

കുട്ടിക്കാലത്ത്, രാവിലെ എണീറ്റാല്‍ ആദ്യത്തെ കര്‍മ്മപരിപാടി, അരിയിടാനുള്ള ചെമ്പ് നിറയേ വെള്ളം കോരി നിറയ്ക്കലായിരുന്നു. പിന്നത്തെ ജോലി നാളികേരം ചെരകി വെയ്ക്കല്‍. അന്നന്നത്തെ ആവശ്യത്തിനുള്ളത്, ഒന്നോ അല്ലെങ്കില്‍ രണ്ടോ നാളികേരം. അതില്ലാത്ത നാളുകള്‍ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.

അന്നൊക്കെ, കാര്യകാരണ സഹിതം പ്രായം, കാലം ഒക്കെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയെടുത്താണ് ഓരോ പ്രവൃത്തികളും ശീലിച്ചു വന്നിരുന്നത്, അഥവ ശീലിപ്പിച്ചിരുന്നത് എന്നിപ്പോള്‍ മനസ്സിലാകുന്നു.

മോട്ടോര്‍ ഉണ്ടായിരുന്നിട്ടും വെള്ളം കോരിയിരുന്നതെന്തിനെന്നറിയാമോ?
കെണറ്റിലെ വെള്ളം അനങ്ങണം, അനക്കമില്ലാത്ത വെള്ളം നന്നല്ലാത്രേ.. മോട്ടറിട്ട് വെള്ളം ടാങ്കില്‍ അടിച്ചുകേറ്റിയാലൊന്നും കെണറ്റിലെ വെള്ളം അനങ്ങാന്‍ പോണില്ല.
അതിന് വെള്ളം കോരുക തന്നെ വേണമെന്ന്..
വെള്ളം കോരിക്കഴിഞ്ഞാല്‍, ഒരു കൊട്ടകോരിക നെറച്ച് വെള്ളം അവിടെ തന്നെ
വെയ്ക്കണം, അതൊഴിച്ചിടരുത് ത്രേ.. വെള്ളം കോരുന്നതിനും, കാര്യകാരണങ്ങളും ചിട്ടവട്ടങ്ങളും.


വേറെയൊന്നുള്ളത്, ഈ വെള്ളം കോരല്‍ കര്‍മ്മത്തിലേയ്ക്കെത്തുന്നത്, ഒരു ‘പ്രമോഷന്‍‘ കിട്ടലായിരുന്നു, ‘വലിയ കുട്ടി ആയി‘ എന്ന് മുതിര്‍ന്നവര്‍ അതോടെ അംഗീകരിച്ചു കഴിഞ്ഞു. ആ സുഖം എത്ര ചെമ്പ് വേണമെങ്കിലും, പാതാളം മുട്ടുന്ന കിണറ്റില്‍ നിന്നും വെള്ളം കോരി നിറയ്ക്കാനുള്ള കരുത്ത് സംഭരിച്ചു തന്നിരുന്നു.

അന്നത്തെ പ്രഭാതം ഓര്‍മ്മയില്‍, ആകാശവാണിയിലെ “വന്ദേമാതരം..”, പിന്നെ എം.എസ്സിന്റെ കരുത്തുറ്റ ശബ്ദം. അടുക്കളയിലെ നാളികേരം ചിരവുന്ന ശബ്ദവും, വെള്ളം കോരുന്ന തുടി തിരിയുന്ന ശബ്ദവും..
ഒരു മനുഷ്യശബ്ദമായി ആകെപ്പാടെ കേള്‍‍ക്കാവുന്നത്, തൈരു കലക്കുമ്പോഴും, കഷ്ണം നുറുക്കുമ്പോഴും അമ്മമ്മ നാമം ചൊല്ലുന്ന പതിഞ്ഞ ശബ്ദമായിരിയ്ക്കും.

അതൊക്കെ പോട്ടെ, പറയാന്‍ വന്നത് അതല്ല,
ആ നാളികേരം ചെരവല്‍ മാത്രം അത്ര സുഖമുള്ള ഏര്‍പ്പാടായിരുന്നില്ല. അന്നത്തെ ചിരവ എന്നത്, ഒരു നീണ്ട പലക, അതിന്റെയറ്റത്ത് ഘടിപ്പിച്ചിരിയ്ക്കുന്ന മൂര്‍ച്ചയുള്ള “ചിരകനാക്ക്” – അതിലാണ് ചിരവേണ്ടത്. പലക മേല്‍ കഷ്ടിച്ച് ഒന്ന് ഇരുന്നൂന്ന് വരുത്താനുള്ള സ്ഥലമേ ഉണ്ടാകൂ.. നോക്കണേ. ഒരു കഷ്ടപ്പാട്.

നാളികേര മുറിയുടെ വക്കില്‍ നിന്നും ചിരകി വന്നാല്‍ എളുപ്പത്തില്‍ ചെരവിത്തീര്‍ക്കാം. (നടുക്കില്‍ നിന്നും ചിരകി വന്നാലെന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല..) ആരോ അന്ന് പറഞ്ഞു തന്ന ഒരു ‘ടിപ്’ ആണ്.
എന്തായാലും ചെരവിശീലമാക്കാന്‍ കൊറേ ‘മുറിവ്’ത്യാഗം സഹിച്ചിട്ടുണ്ട് ഈ കരങ്ങള്‍ ! ആ പ്രശ്നം പരിഹരിയ്ക്കപ്പെട്ടിരുന്നത് ഒരു ഗ്ലാസ്സ് നാളികേരവെള്ളത്തിലൂടെയായിരുന്നുവെന്നത് ഒരു മധുരമുള്ള ഓര്‍മ്മയായി നാവിന്‍ തുമ്പില്‍ തങ്ങിനില്‍ക്കുന്നു.

അതങ്ങനെ ചെയ്തു പോന്നു, പിന്നെപിന്നെ ചെരവയില്‍ നിന്നുമെങ്ങനൊക്കെ രക്ഷപ്പെടാമെന്ന വഴികളാലോചിച്ചു നടക്കാന്‍ തുടങ്ങി.
നാളികേരത്തിനോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല,
എങ്ങനെ? ഒരു കിണ്ണം നിറയേ, തുമ്പപ്പൂക്കള്‍ പോലെ, ചിരവിയ നാളികേരം .. ആരും ഒന്ന് നോക്കി പോവില്ലേ..
പിന്നെ, അടയുടെ ഉള്ളില്‍ ശര്‍ക്കരയില്‍ പൊതിഞ്ഞ നാളികേരം..
എന്തിന്.. അവീല്‍, കാളന്‍ ഇതിലൊക്കെ അരഞ്ഞു ചേര്‍ന്നു കിടക്കുന്ന (ക്ഷമിയ്ക്കുക, അവീലിന് അത്രേം അരയ്ണ്ട എന്നാണ് തല മൂത്തവരുടെ മതം.) നാളികേരത്തിന്റെ സ്വാദ് മറക്കാനാവുമോ?
അങ്ങനെ, വറന്ന്, കറുത്ത് കിടക്കുന്ന എരിശ്ശേരിയിലെ നാളികേരം മുതല്‍ നല്ല കട്ട ചട്ടിണിയിലുള്ള നാളികേരം വരെ…… ഹോ!
ഇല്ല, ഒരിയ്ക്കലും നാളികേരത്തിനോടൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല, സത്യം!

പക്ഷെ, ഈ ചെരവല്‍ മാത്രം വയ്യ..

സത്യത്തില്‍ ഇവിടെ വന്നപ്പോള്‍ നാളികേരം ചെരവി തന്നെ കിട്ടുമെന്നത് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. ഈ ധാരാളിത്തത്തിനിടയില്‍ വീട്ടില ചെരവ വേണോ എന്നൊരു സംശയമേ ഉണ്ടായിരുന്നില്ല. ചെരവ വിസ്മൃതിയിലാണ്ടു പോയി. ചെരവാന്‍ കഷ്ടിച്ച് മറന്നിട്ടില്ലേരിയ്ക്കും.. അത്രതന്നെ.

അപ്പോ അതവിടെ നിക്കട്ടെ.

ഇന്നത്തെ സ്ഥിതി -

ഹൊ! കഞ്ഞീം മൊളോഷ്യോം, കാച്ചിയ മോരും ഒക്കെയായി മതിയായി.. വീട്ടിലെ എല്ലാവരുടേയും അസുഖ പരമ്പര കഴിഞ്ഞതോടെ, വായയ്ക്കു രുചിയായി എന്തെങ്കിലും തരണേ, എന്നെല്ലാവരും നോട്ടങ്ങളിലൂടേയും, ഭംഗ്യന്തരേണയുമൊക്കെ ദയനീയമായി അപേക്ഷാപ്രകടനങ്ങള്‍ നടത്തി തുടങ്ങി.
എന്നാല്‍ ശരി. ഒരു കാളനു വേണ്ട ലക്ഷണങ്ങളൊക്കെ തെളിഞ്ഞു വന്നു.
ചേന റെഡി, മോര് റെഡി, പച്ചമുളക്, ജീരകം എല്ലാം റെഡി. നാളികേരം മാത്രം ഗ്രോസറിയില്‍. കുറച്ച സമയത്തെ കാര്യമേയുള്ളു.
കുരുമുളക് അരച്ചു ചേര്‍ത്ത്, ചേനയും നാളികേരവും ചേര്‍ന്നു ഒരിരുണ്ട മഞ്ഞ നിറത്തില്‍, കടുകും കറിവേപ്പിലകളും ഇടകലര്‍ന്ന് കിടക്കുന്ന കാളന്റെ രൂപം..
വെള്ളമൂറി!

ഒട്ടും താമസിച്ചില്ല, പോയ പോലെ മടങ്ങിയെത്തി, ഗ്രോസറിയില്‍ നിന്നും.
കാളനു പകരം, രസവും പപ്പടവും ഊണുമേശയില്‍ നിരന്നു. കുറച്ചു ദിവസത്തേയ്ക്കു കൂടി ഇങ്ങനെയൊക്കെ തന്നെയാവുമെന്നൊരു മുന്നറിയിപ്പും,.
ചമ്മന്തിയില്ലെന്നും മറ്റുമുള്ള പരാതികള്‍ സ്വീകരിയ്ക്കുന്നതല്ല, എന്നൊരു മുന്‍‌കൂര്‍ജാമ്യ പ്രഖ്യാപനവും നടത്തി.

സംഗതി വേറെയൊന്നുമല്ല,

ഒരു നാളികേരത്തിന് അഞ്ചു ദിര്‍ഹംസ് പോലും! അതും ചെറുനാരങ്ങയോളം പോന്ന ഒന്നിന്..

തേങ്ങാ സ്റ്റോക്ക് ഉണ്ടെങ്കില്‍ തന്നെ, ചെരവിത്തരാന്‍ പറ്റില്ലെന്ന് ഗ്രോസറിക്കാരന്‍ ഉറപ്പിച്ചു പറഞ്ഞു. എലക്റ്റ്രിസിറ്റി മൊതലാവില്ലത്രേ..
പക്ഷെ, അദ്ദേഹം പരമാവധി സഹായസന്നദ്ധനായാണ് കാണപ്പെട്ടത്. വീട്ടിലൊരു ചെരവ ഉണ്ടെങ്കില്‍ എവിട്ന്നെങ്കിലും ഒരു നാളികേരം കൊണ്ടുവന്നു തരാമെന്നു വരെ ആ സഹോദരന്‍ മൊഴിഞ്ഞു. ഞാന്‍ തല കുനിച്ചു ചിന്താധീനയായി..


ഒരു രക്ഷയുമില്ല, അബുദാബിയില്‍ (മാത്രമല്ലാ, യു.എ.ഇ. മൊത്തം) നാളികേരത്തിന്റെ വില കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നുവത്രേ! അങ്ങനെ അരിയ്ക്കും, ഇന്ത്യയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ക്കും പുറമേ ശ്രീലങ്കന്‍ നാളികേരവും ചതിച്ചു!

എല്ലാം കേട്ട് അവസാനം,
“ഓ, അല്ലേലും ഈ തേങ്ങായിലൊക്കെയങ്ങ് അപ്പടി കൊളസ്റ്റ്രോളും കുണ്ടാമണ്ടികളുമൊക്കെയാ.. അല്ലേയ്, ഈ മൊളോഷ്യത്തിനും, മോരുകാച്ച്യതിനുമൊക്കെ എന്തുവാ ഒരു കൊറവ്? ഹല്ലപിന്നെ! .” എന്നൊരു ഭാവത്തില്‍ ഞാനിങ്ങിറങ്ങിപ്പോന്നു.
പഞ്ചതന്ത്രത്തിലെ ആ പഴയ കുറുക്കനു സ്തുതി.


ശരി, ഇനി അതെല്ലാം മറന്നേക്കൂ..

ഇപ്പോള്‍ ഒരു ആലോചനയിലാണ് ഞാന്‍.
2008 -ലേയ്ക്കുള്ള കര്‍മ്മപരിപാടികളില്‍ ഒന്നാമത്തേതാണ്,
ഒരിത്തിരി മണ്ണ് സംഘടിപ്പിയ്ക്കല്‍, പിന്നെ കറിവേപ്പിന്റെ തൈ, തുളസി, പച്ചമുളക്, പന്നികൂര്‍ക്കെല… കണ്ണില്‍ക്കണ്ടതൊക്കെ നട്ടുവളര്‍ത്തല്‍..

ഒരു ചട്ടിയില്‍ അമ്മു വെറുതെ കൊണ്ടിട്ട ഓറഞ്ച് കുരുക്കള്‍ അതാ ഒരു ദിവസം മുളച്ചു പൊന്തി വരുന്നു.. സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അതായിരുന്നു തുടക്കം.
താമസിയ്ക്കുന്ന വില്ലയുടെ മുന്നില്‍ ഒരിത്തിരി സ്ഥലം ഞങ്ങള്‍ക്കുള്ള ഒരു മിറ്റമായി ഒഴിച്ചു തന്നിട്ടുണ്ട് വാച്ച്മാന്‍. സിമന്റിട്ട മിറ്റം.

ഇപ്പോള്‍, അതുകളുടെയൊപ്പം ഒരു തെങ്ങിന്‍ തൈ എന്നു കൂടി ചേര്‍ത്താലെന്താ പുളിയ്ക്കുമോ?
എന്ന് കാര്യമായി തന്നെ ആലോചിച്ചിരിയ്ക്കുകയാണ് ഞാന്‍.

ഇനി കാര്യം പറയാം, അതിനു മുന്‍പ്
അവസാനമായി, ഒന്നുകൂടി മുകളിലെഴുതിയതെല്ലാം മറക്കൂ !

ഒന്ന് ‘ഉപസംഹരിച്ചു‘ പറഞ്ഞാല്‍, കാര്യം ഇത്ര മാത്രം.

നാട്ടില്‍, ടെറസ്സില്‍ വരെ കൃഷി ചെയ്തു വരുന്നുണ്ടെന്ന സംഗതി അറിയാമോ നിങ്ങള്‍ക്ക്? ടെറസ്സില്‍ തെങ്ങടക്കം കുത്തനെ വളര്‍ന്ന് കൊലച്ച് നില്‍ക്കുന്നു, ടി.വി.യില്‍, ഹരിതഭാരതത്തില്‍..


വീടിന്റെ ടെറസ്സില്‍, അതാത് ചെടികള്‍ക്ക് / തൈയ്യുകള്‍ക്ക്, വേണ്ട ആഴത്തില്‍ ഇഷ്ടിക കൊണ്ട് തടം കെട്ടി, മണ്ണിട്ട് നിറച്ച് ചെടികളും, പച്ചക്കറികളും നട്ടുപിടിപ്പിയ്ക്കുക എന്ന ആശയം വളരെ അര്‍ത്ഥവത്തായി തോന്നി. താഴേയ്ക്ക് ചോര്‍ച്ചയില്ല, തെങ്ങ് വളര്‍ന്ന് വലുതായി എന്നതുകൊണ്ട് വീട് ഇടിഞ്ഞുപൊളിഞ്ഞ് വീണിട്ടുമില്ല. ആ ടെറസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാത്തതൊന്നുമുണ്ടായിരുന്നില്ല. രാവിലെ ആയാല്‍ ഭാര്യയും ഭര്‍ത്താവും കൂടി ടെറസ്സില്‍ കയറി , ഒരു കൊട്ട നിറയേ പച്ചക്കറിയും പറിച്ച് സുഖമായി ഇറങ്ങിപ്പോരുന്നു.

ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കില്‍, കാര്യമായി തന്നെ ചിന്തിയ്ക്കൂ, പ്രവര്‍ത്തിയ്ക്കൂ എന്നു മാത്രമേ ഈ പോസ്റ്റിനുദ്ദേശ്ശമുള്ളൂ..

നാട്ടില്‍ മാത്രമല്ല,
ഒരു ചാക്ക് മണ്ണിന് 10 ദിര്‍ഹംസ് (അബുദാബിയിലെ വില) കൊടുക്കാനായാല്‍, പിന്നെ മുതല്‍ക്കൂട്ടായി മനസ്സിന്റേയും സമയത്തിന്റേയും ഒരിത്തിരി ഭാഗം മതിയാവും, ഫ്ലാറ്റിലുള്ളവര്‍ക്ക് ഒരു ‘ബാല്‍കണി ക്ര്‌ഷിയെ’ (സ്ഥലമുണ്ടെങ്കില്‍) കുറിച്ചൊന്നു ചിന്തിയ്ക്കാന്‍.
ആരുകണ്ടു, കിട്ടിയതൊക്കെ ഭാണ്ഡത്തിലാക്കി, കച്ചയും മുറുക്കി നാട്ടിലെത്തുമ്പോള്‍, ഇനിയെന്ത് എന്നൊരു ചോദ്യചിഹ്നം ഉയരുമ്പോള്‍, ഒരു കൈകോട്ടും കൊണ്ട് നേരെ ടെറസ്സിലേയ്ക്ക് ധൈര്യമായി എന്തുകൊണ്ട് പൊയ്ക്കൂടാ? (ടെറസ്സുള്ളവര്‍, അല്ലാത്തവര്‍ നേരെ മണ്ണിലേയ്ക്കിറങ്ങി ചെല്ലുകായെന്നേ പറയാനുള്ളൂ..)

ഇനിയതും പോരെങ്കില്‍, ഉറപ്പ് തരുന്നു,
കുറഞ്ഞത് ഷാര്‍ജ-ദുബായ് ക്കാര്‍ക്ക്, അല്പമൊരു മനഃസുഖത്തിനെങ്കിലും പറ്റിയ ഒരു മറുമരുന്നാവും ഈ ചെടികളുമൊത്തുള്ള സഹവാസം.

വേറെയൊന്നുകൊണ്ടുമല്ല, അവിടത്തെ ട്രാഫിക് സിഗ്നലുകളുടെ അനുഗ്രഹകടാക്ഷങ്ങള്‍ക്കായി, റോഡില്‍ ഒന്നും രണ്ടും മണിക്കൂറ് നിന്നിടത്തു നില്‍ക്കുന്ന അവര്‍ക്കൊക്കെ ഓഫീസ് റ്റെന്‍ഷന്‍സിനു പുറമേ, ട്രാഫിക് സിഗ്നലുകളും ഒരുപാട് സമ്മര്‍ദ്ദങ്ങളും, മനമ്മടുപ്പും ഒക്കെ ദിവസവും രണ്ടു നേരം വെച്ച് വേണ്ടുവോളം ചൊരിയുന്നുണ്ട്.
ഇവരുടെ ജീവിതത്തിന്റെ പകുതി ഭാ‍ഗവും റോഡില്‍ തന്നെ.
മനസ്സിനും എന്തെങ്കിലുമൊക്കെയൊരു നീക്കിയിരുപ്പ് വേണ്ടേ..

ഏതായാലും ഇനിയുള്ള കാലം ഒരു ‘ടെറസ്സ് കൃഷിയെ’ കുറിച്ച് കൂടിയൊന്ന് ചിന്തിയ്ക്കാവുന്നതേയുള്ളു.. സമയത്തിന്റെ, മനസ്സിന്റെ, പിന്നെ ടെറസ്സിന്റെ / ബാല്‍ക്കണിയുടെ ഒരിത്തിരി ഭാഗം..
നമ്മുടെ സ്വന്തം മനസ്സിനു വേണ്ടി..
അത്രയും ആലോചിച്ചാല്‍ മതി. ബാക്കി തനിയേ വന്നുചേര്‍ന്നു കൊള്ളും.

ഭൂമാഫിയ, ഭൂമികയ്യേറ്റം, ഇട തൂര്‍ന്ന് പൊങ്ങിവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, തുടങ്ങിയ പദങ്ങള്‍ ഉപയോഗശൂന്യങ്ങളാകുന്ന (?) ഒരു കാലം വരുവോളം..


അടിക്കുറിപ്പുകള്‍:

1) കൊട്ടകോരിക - വെള്ളം കോരാനുപയോഗിയ്ക്കുന്ന ബക്കറ്റിനു അന്ന് പറഞ്ഞു കേട്ടിരുന്ന പേര്‍.

2) എം.എസ്സ് - M.S. സുബ്ബലക്ഷ്മി.


3) ഇവിടെ “Roof gardening" എന്ന പേരില്‍ മുകളില്‍ പറഞ്ഞ ടെറസ്സ് കൃഷിയ്ക്ക് സാമാനമായ ഒരു പരാമര്‍ശം കണ്ടു. ഇതില്‍ കൂടുതലൊന്നും എനിയ്ക്ക് എവിടേയും കണ്ടെത്താനായില്ലാ. എന്നാ‍ലുമിതിലെ പരാമര്‍ശങ്ങളും വാ‍യിച്ചു നോക്കാവുന്നതാണ്.

4) ഗ്രോസറിയില്‍ പോയി തേങ്ങയുടെ വീല അഞ്ചു ദിര്‍ഹം എന്ന് കേട്ടപ്പോഴത്തെ ഒരു മനസ്താപത്തില്‍ എഴുതിവെച്ചതായിരുന്നു ഈ പോസ്റ്റ്. ഇപ്പോളത് കുറഞ്ഞ്, നാല്, മൂന്ന് വരെയൊക്കെയായി.
എന്നാലും പോസ്റ്റുന്നുവെന്ന് മാ‍ത്രം.


4) വിലക്കയറ്റത്തിനെ കുറിച്ചു പറയുമ്പോള്‍ പോസ്റ്റ് വായിയ്ക്കാത്തവര്‍ എന്തായാലും വായിയ്ക്കൂ.


Saturday, December 29, 2007

ഒരു തുന്നല്‍ മെഷീന്റെ കഥ.

ഒരു തുന്നല്‍ മെഷീന്‍ എന്നാല്‍, സാധാരണ ഗതിയില്‍ തോന്നുന്ന ഒരു ചിത്രം,
മുറിയിലെ ഒരു മൂലയ്ക്ക്‌ ഒതുങ്ങികിടക്കുന്ന, നിരുപദ്രവകാരിയായൊരു വസ്തു. ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ലവലേശം ബന്ധമില്ലാത്ത ഒരു വസ്തു കൂടിയും.

പക്ഷെ, അങ്ങനെയൊരു വസ്തു ഒരെലക്ട്രോണിക്‌ രൂപത്തില്‍ ഇപ്പോളീ മേശപ്പുറത്തിരിയ്ക്കുമ്പോള്‍, എനിയ്ക്കതൊരു കഥയായി തോന്നുന്നു. എന്റെ അമ്മമ്മ എപ്പൊഴോ തുടങ്ങി വെച്ച വലിയൊരു കഥയായി..

ഒരു തുടക്കമില്ലാത്ത കഥ.
എന്റെ അമ്മമ്മ, വല്ല്യമ്മമാര്‍, അവരുടെ മക്കള്‍, പിന്നെ അമ്മ എല്ലാവരുടേയും കൂടെ തുന്നല്‍ മെഷീന്‍ ഉണ്ട്‌, ഒരു കുടുംബാംഗമായി.. കൂടാതെ എല്ലാവരും തുന്നല്‍ വിദഗ്ദ്ധരും. "എന്തിനാ വെറുതെ തുന്നാന്‍ കൊടുക്കുന്നത്‌?" എന്ന ചിന്താഗതിക്കാര്‍. അവനവനു ആവശ്യമുള്ളതെല്ലാം സ്വയം തുന്നി ധരിയ്ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവര്‍. ഒരു പഴയ സാരി മുറിച്ചെടുത്ത്‌ അവരത്‌ ജനാലയ്ക്ക്‌ ഭംഗിയുള്ള ഒരു കര്‍ട്ടനാക്കി തുന്നിയിടുമ്പോള്‍, പഴയത്‌ പുതിയതാകുന്നു. അതുപോലെ പഴയ തുണികള്‍ കൊണ്ട്‌ ചവുട്ടി, പിന്നെ കോസറിയ്ക്കുള്ള കവറുകള്‍, അതും പോരാതെ കസാലകള്‍ക്കും മറ്റും 'ഉടുപ്പുകള്‍' അങ്ങനെ എന്തിനും പുതിയ രൂപഭാവങ്ങള്‍ പകരുന്നവര്‍. അവരുടെ ജീവിതങ്ങളൊന്നും ഒരു വലിയ "ലക്ഷ്യത്തെ" മുന്നില്‍ കണ്ടുള്ളതായിരുന്നില്ല. എന്നാല്‍ വെറുതെ ഇരിയ്ക്കുക എന്നൊരവസ്ഥയുണ്ടാവരുത്‌ എന്നൊരു മാനസികതലവും അവര്‍ക്കെല്ലാമൊരുപൊലെയുണ്ട്‌ താനും. മാത്രവുമല്ല, ബോധമനസ്സ്‌ അനുശാസിയ്ക്കുന്ന അത്തരം 'തിയ്യറികള്‍' അണുവിട തെറ്റാതെ അവര്‍ പിന്തുടരുന്നു. ചെയ്യണം, അല്ലെങ്കില്‍ ചെയ്യേണ്ടതാണ്‌, ചെയ്തിരിയ്ക്കണം, എന്ന ബോധം, ആരോ നിര്‍ബന്ധിയ്ക്കുന്ന പോലെ, അതും ഉള്ളിലെ ഇഷ്ടാനിഷ്ടങ്ങളെ വകവെയ്ക്കാതെ, അവര്‍ സമയം തെറ്റാതെ ചെയ്തു തീര്‍ക്കുന്നു. "മടി, അലസത" തുടങ്ങിയ പദങ്ങള്‍ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കുന്നു അവര്‍ക്കു മുന്നില്‍.
അതാണവര്‍.. അവരുടെ ഊര്‍ജ്ജമാകുന്ന കവചത്തിനുള്ളില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന ഒരു കുഴിമടിച്ചി കൂടിയാണീ ഞാനെന്നും സന്തോഷപൂര്‍വം അറിയിച്ചുകൊള്ളട്ടെ!

അതുകൊണ്ട്‌, പറഞ്ഞു വരുന്നത്‌, എണ്‍പത്‌ വയസ്സിലും അമ്മമ്മയ്ക്ക്‌ സ്വന്തം ജാകറ്റ്‌, മുകളിലെ ഇടനാഴിയിലെ അരണ്ട വെളിച്ചത്തില്‍, പുതച്ചു കിടക്കുന്ന, അടിയില്‍ കാലു കൊണ്ട്‌ ചവിട്ടി "കട കട" യെന്ന് ശബ്ദിയ്ക്കുന്ന, ആ പഴയ 'മുത്തശ്ശി മെഷീനില്‍' തുന്നി ധരിയ്ക്കാന്‍ കഴിയുന്നുവെന്നത്‌ ഏതെങ്കിലുമൊരു തരത്തിലുള്ള സമാധാനം തീര്‍ച്ചയായും നല്‍കുന്നുണ്ടാവണം.. അമ്മമ്മ കുട്ടിക്കാലത്ത്‌ മാറിയുടുക്കാനില്ലാതെ ഒരു തോര്‍ത്തുമുണ്ടും ചുറ്റിയിട്ടാണത്രേ, പാടവും തോടും കടന്ന്, നാഴികകളൊളം നടന്ന് സ്കൂളില്‍ പോയിരുന്നത്‌. മാറിയുടുക്കാന്‍ എന്തോ ഒന്ന് അമ്മമ്മയ്ക്കന്ന് നല്‍കിയത്‌ പഠിപ്പിച്ചിരുന്ന ഒരു മാഷാണത്രെ.. അമ്മ എപ്പൊഴൊക്കെയോ പറഞ്ഞുതന്ന ഒരു കഥയുടെ കഷ്ണം. ഇന്നും ഒരു തോടോ പാടമോ കണ്ടാല്‍ വാചാലയാവും അമ്മമ്മ, വീടിനു പിന്നിലെ തൊടി ഒരു ദൗര്‍ബല്യവും. മാങ്ങാക്കാലത്ത്‌ മാങ്ങാകൂട്ടാനും, ചക്ക കാലത്ത്‌ ചക്ക കൂട്ടാനും, ചക്ക ഉപ്പേരിയും, ചക്കക്കുരു ഒണ്ടുള്ള ഉപ്പേരിയും ഒക്കെ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ട്‌ അമ്മമ്മയ്ക്ക്‌. അമ്മമ്മ അങ്ങനെ കഷ്ടപ്പെട്ടാണ്‌ പഠിച്ചത്‌, ഒരുപക്ഷെ പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പഠിയ്ക്കാനായ പെണ്‍കുട്ടിയും.. അമ്മമ്മ പഠിച്ചിരുന്ന കോണ്‍ വെന്റില്‍ തുന്നലും ഒരു വിഷയമായിരുന്നുവത്രെ. ആ പഠിച്ചത്‌ ഇന്നും കൈവിടാതെ മക്കള്‍ക്കും, അവരുടെ മക്കള്‍ വരേയും എത്തെപ്പെട്ടിട്ടുണ്ടെന്നു പറയാം, ഒരു കഥ പറഞ്ഞു കൊടുക്കുന്ന പോലെ..
ഇനി അടുത്ത തലമുറയ്ക്കത്‌ കൈമാറ്റം ചെയ്യേണ്ട കര്‍ത്തവ്യം ഞങ്ങളുടെ കൈകളില്‍ നിക്ഷിപ്തമായിരിയ്ക്കുന്നു!

അമ്മമ്മ തന്നെയാണ് അമ്മയ്ക്കും വല്ല്യമ്മമാര്‍ക്കുമൊക്കെ തുന്നാന്‍ പഠിപ്പിച്ചത്‌. അതുപോലെ അവരൊക്കെ അവരുടെ മക്കളേയും. അവധിക്കാലങ്ങളില്‍ അമ്മമ്മയുടെ അടുത്ത്‌ താമസിയ്ക്കാന്‍ പോകുമ്പോള്‍ കൂടെ ഒരു തുണിയും പല വര്‍ണ്ണങ്ങളിലുള്ള നൂലുകളും സൂചിയും കയ്യില്‍ കരുതാറുണ്ടായിരുന്നു ഞങ്ങള്‍. അമ്മമ്മ ഞങ്ങള്‍ക്ക്‌ പല തരത്തിലുള്ള സ്റ്റിച്ചുകള്‍ പറഞ്ഞു തരും, പൂക്കള്‍ വരച്ച്‌ കൈകൊണ്ട്‌ തുന്നും ഞങ്ങള്‍, ഇതെന്തിനു പഠിയ്ക്കുന്നു, അതിന്റെ ഗുണമെന്ത്‌ എന്നൊന്നും അറിയാതെ. ചിട്ടയോടെ ദൈനംദിന കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ക്കാനും ശീലിച്ചു. പിന്നെ ഞങ്ങള്‍ കഥകളി കണ്ടു, കച്ചേരികള്‍ കേട്ടു, പുസ്തകം വായിച്ചു. ഇത്ര പ്രായമായാല്‍, കുട്ടികള്‍ - അത്‌ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ - ഇന്നയിന്നതൊക്കെ ചെയ്തു 'പരിചയിച്ചോളണം' എന്ന ഒരലിഖിത നിയമത്തിന്റെ ഭാഗമായി ഞങ്ങളങ്ങനെ മറ്റു പലതിന്റേയുമൊപ്പം തുന്നാനും ശീലിച്ചു തുടങ്ങി, കുട്ടിക്കാലത്തു തന്നെ.

എന്നാല്‍ കുറച്ച്‌ മുതിര്‍ന്നതിനു ശേഷം, അമ്മയോടൊപ്പം നില്‍ക്കുന്ന കാലത്ത്‌ പണി പതിനെട്ടും നോക്കിയിട്ടുണ്ട്‌ അമ്മ എന്നെ തുന്നല്‍ (ആ പ്രായത്തിനനുസരിച്ചുള്ള) പഠിപ്പിയ്ക്കാന്‍. അക്കാലത്ത്‌, തുന്നല്‍ എനിയ്ക്ക്‌ പറഞ്ഞിട്ടുള്ളതല്ല എന്നൊരു മുന്‍ വിധിയോടെ, "എനിയ്ക്ക്‌ അമ്മടത്ര ബുദ്ധിയില്ല, കണക്കില്‍ പണ്ടേ ഞാന്‍ വളരെ മോശാന്നറിയില്ലേ അമ്മയ്ക്ക്‌" എന്നൊരു ഭാവത്തിലായിരുന്നു അമ്മയുടെ മുന്‍പിലിരുന്നിരുന്നത്‌. തുണി എന്റെ മുന്‍പില്‍ നിവര്‍ത്തിയിട്ടാല്‍ അതിന്റെ നീളമേത്‌, വീതിയേത്‌ എന്നുറപ്പിയ്ക്കുന്നതില്‍ പോലും ആശയകുഴപ്പത്തില്‍ പെട്ടു പോകുന്നവള്‍. പിന്നെ കാലിഞ്ചും മുക്കാലിഞ്ചും - ഈ കാലും മുക്കാലും - അതേറെ വിഷമിപ്പിയ്ക്കുന്ന അക്കങ്ങളായിരുന്നു അന്നെനിയ്ക്ക്‌. (ഇന്നും അക്കങ്ങള്‍ക്കിടയില്‍ "ബൈ" (3/4, 1/4) എന്ന ചിഹ്നം കണ്ടാല്‍ ഒന്ന് പരുങ്ങാറുണ്ട്‌!) കണക്കിനോടുള്ള ഒരു വിമുഖത അല്ലെങ്കില്‍ എങ്ങനെയോ ഉണ്ടായിത്തീര്‍ന്ന ഒരു അപകര്‍ഷതാബോധം തന്നെയായിരുന്നിരിയ്ക്കണം അന്നെന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്‌.

അതിനൊക്കെ പുറമെ, അന്ന് റെഡിമെയ്ഡ്‌ വസ്ത്രങ്ങളോടൊരു താല്‍പര്യക്കൂടുതല്‍ ഉണ്ടായിരുന്നു താനും. കുട്ടിക്കാലത്ത്‌ ഓണത്തിനും വിഷുവിനുമാണ്‌ പ്രധാനമായും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നത്‌. അതും തുണി വാങ്ങി ഞങ്ങളുടെ അമ്മമാര്‍ തുന്നിത്തരുന്ന വസ്ത്രങ്ങള്‍. റെഡിമേയ്ഡ്‌ വസ്ത്രം ധരിയ്ക്കുന്നത്‌ അന്നൊക്കെ ദുര്‍ലഭം. അന്ന് വിദേശത്തായിരുന്ന വല്ല്യമ്മ പോലും രണ്ടു വര്‍ഷം കൂടുമ്പോള്‍, സില്‍ക്കിന്റെ തുണിയായിരുന്നു തന്നിരുന്നത്‌, അതിനുണ്ടാവാറുള്ള വാസനയും, തുണിയുടെ മിനുസവും ഇന്നുമോര്‍മ്മയില്‍ തങ്ങി കിടക്കുന്നു. അമ്മ, അതൊരു കുപ്പായത്തിന്റെ രൂപത്തിലേയ്ക്കാക്കും വരെ അക്ഷമരായി കാത്തിരിയ്ക്കാറുണ്ടായിരുന്നു. അതുപോലെ അമ്മമ്മയും ഓണപ്പുടവയായി തരാറുള്ളത്‌ ഉടുപ്പിനുള്ള തുണിയായിരുന്നു, റെഡിമെയ്ഡ്‌ വസ്ത്രങ്ങളായിരുന്നില്ല. 'തുന്നാന്‍ പഠിയ്ക്കട്ടെ' എന്ന ഉദ്ദേശ്ശം അതിലൊളിപ്പിച്ചുകൊണ്ട്‌. കുട്ടിക്കാലങ്ങളില്‍ അമ്മ ധരിപ്പിച്ചു തരുന്നതെന്തും പ്രിയമായിരുന്നു, എന്നാല്‍ വലുതാവുന്തോറും വിവരങ്ങള്‍ അറിഞ്ഞു തുടങ്ങി. കിട്ടാത്തതിനോട്‌ താല്‍പര്യം കൂടുക എന്ന ഒരു (പൊതു)സ്വഭാവം എനിയ്ക്കുമുണ്ടായിത്തീര്‍ന്നിരുന്നു.

അക്കാലങ്ങളില്‍, അമ്മ തുന്നി തന്നിരുന്ന ഉടുപ്പുകള്‍ കഴിയുന്നതും ധരിയ്ക്കാതിരിയ്ക്കാന്‍ ഈയുള്ളവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു! അമ്മയോട്‌, റെഡിമേയ്ഡ്‌ കുപ്പായമാണിഷ്ടം എന്ന് പറയാനൊട്ട്‌ തോന്നിയിട്ടുമില്ല. ഇടയ്ക്ക്‌ അമ്മയെ സന്തോഷിപ്പിയ്ക്കാനായി, അമ്മ തുന്നിയവ ധരിയ്ക്കുമ്പോള്‍ അതിന്റെ അനിഷ്ടം നന്നായി കാണിച്ചിട്ടുണ്ട്‌ അമ്മയോട്‌, പലതവണ. എന്തായിരുന്നു അവയോടുണ്ടായിരുന്ന അനിഷ്ടമെന്നത്‌ ഇന്നുമെനിയ്ക്ക്‌ തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ചിലപ്പോള്‍ തോന്നും, അങ്ങനെയൊരമ്മ ഉള്ളതുകൊണ്ടായിരുന്നെന്ന്.എന്നാലും എന്റെ ഇംഗിതം അമ്മയുമറിഞ്ഞിരുന്നു എന്നത്‌ ഇപ്പോള്‍ 'ചില്‍ഡ്രന്‍സ്‌ സൈകോളജി' പ്രാക്റ്റിക്കലായി പഠിച്ചുകൊണ്ടിരിയ്ക്കുന്ന എനിയ്ക്ക്‌ മനസ്സിലാക്കാനാകുന്നുണ്ട്‌..

വീണ്ടും മുതിര്‍ന്നപ്പോള്‍, എങ്ങനേയോ ഞാനൊരു തികഞ്ഞ 'ആദര്‍ശവാദിയായി' മാറി. "സത്യം വദഃ, ധര്‍മ്മം ചരഃ" എന്നതില്‍ തുടങ്ങി, "പരോപകാരര്‍ത്ഥമിദം ശരീരം", "ലളിതമീ ജീവിതം" വരെയുള്ള ആദര്‍ശങ്ങള്‍.. മകളുടെ ആദര്‍ശശുദ്ധി കുറച്ച്‌ കൂടിപോകുന്നില്ലേ.. എന്ന് അമ്മ തീര്‍ച്ചയായും സംശയിച്ചിട്ടുണ്ടാകും. കാരണം, ആദര്‍ശം മൂത്ത്‌ അമ്മയുമായി വലിയ വലിയ 'വാഗ്വാദങ്ങളില്‍' ഏര്‍പ്പെടാറുണ്ടായിരുന്നു ഈ മകളക്കാലത്ത്‌... എന്നാലും, അമ്മയുടെ കൈകള്‍ തുന്നുന്ന വസ്ത്രങ്ങളുടെ ലാളിത്യവും, അവയിലെ അമ്മ തുന്നുന്ന ചെറിയ ചെറിയ ചിത്രങ്ങളുടെ ഭംഗിയും ആദര്‍ശം കണ്ണിലിട്ടു തന്നു. കോളേജിലെ കൂട്ടുകാരികളൊട്‌ "ഇതമ്മ തുന്നിയതാണെന്ന് അഭിമാനപൂര്‍വം പറയാന്‍ പഠിച്ചു." അതുകൊണ്ട്‌ അങ്ങനെ ചില ഗുണങ്ങള്‍ എനിയ്ക്കുമുണ്ടായി, അമ്മയ്ക്കുമുണ്ടായി എന്നതാണതിന്റെ ഒരു നഗ്ന സത്യം!

എന്നിട്ടും, അമ്മയുടെ ഈ മകള്‍ തുന്നാന്‍ പഠിയ്ക്കാതെ തന്നെ ഒരു മുഴുവന്‍ സമയ സംഗീതവിദ്യാര്‍ത്ഥിനിയായി വളര്‍ന്നാണ്‌, യു.എ.ഇ. യില്‍ എത്തിപ്പെട്ടത്‌.ഇവിടെ ജീവിതം തുടങ്ങുമ്പോള്‍, പല തരത്തിലുള്ള മിശ്രവികാരങ്ങളായിരുന്നു. സ്വാഭാവികമായുമുള്ള കടുത്ത 'ഹോംസിക്നെസ്സ്‌', ഒരുവിധം കഴിയാവുന്ന പാചകക്കുറിപ്പുകള്‍ എഴുതി നിറച്ച്‌ അമ്മ തന്നിരുന്ന ഒരു കൊച്ചു പുസ്തകം കയ്യില്‍ പിടിച്ചുകൊണ്ട്‌, പാചകപരീക്ഷണങ്ങളുടെ കയ്പും മധുരവും നിറയുന്ന ദിനങ്ങള്‍, ഒരു വീട്‌ 'വീടായിരിയ്ക്കണമെങ്കില്‍' എങ്ങനെയൊക്കെ തല കുത്തിമറിയണം എന്നറിഞ്ഞ കടുത്ത പരീക്ഷണങ്ങള്‍ അങ്ങനെ കുറേ.. പിന്നെ ഒരു ഭാര്യ, മരുമകള്‍, വന്നു കയറിയ പെണ്‍കുട്ടി, പിന്നെയൊരു അമ്മ തന്നെ, എന്നൊക്കെ തുല്യം വെച്ച്‌ വീതിയ്ക്കുമ്പോള്‍, ഒരു 'മകള്‍' എന്ന ഭാഗത്തിനു കിട്ടുന്ന ലാഘവത്വം, ലാഘവത്തോടെ ചെയ്യേണ്ടുന്ന ഉത്തരവാദിത്തങ്ങള്‍, അറിഞ്ഞു തുടങ്ങിയത്‌.. ഇവിടേയും ഒരു കഥയ്ക്കുള്ള വകുപ്പുണ്ട്‌.

എന്നാല്‍, പരീക്ഷകളില്‍ നിന്നും, കൃത്യനിഷ്ഠയോടെ, നിര്‍ബന്ധപൂര്‍വം ചെയ്തു തീര്‍ക്കേണ്ട മറ്റു പലതുകളില്‍ നിന്നുമുള്ള ഒരു മോചനമായി കുടുംബജീവിതം ആസ്വദിയ്ക്കപ്പെടണമെന്ന എന്റെ ഉല്‍ക്കടമായ ആഗ്രഹം കൊണ്ട്‌, അന്നെന്തും സഹിയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ഞാന്‍ വിവരമറിഞ്ഞു! അതിലും കഠിനമാണിതെന്ന് തോന്നി. പോരാത്തതിന്‌ ഇവിടെ വിശാലമായി, ഉയര്‍ന്നു പ്രൗഢിയോടെ നില്‍ക്കുന്ന ഹൈപ്പര്‍ / സൂപര്‍/ മാര്‍ക്കറ്റുകള്‍, മാളുകള്‍ എല്ലാം യഥേഷ്ടമുണ്ടായിട്ടും, മിനുസമാര്‍ന്ന, കുണ്ടും കുഴിയുമില്ലാത്തെ, എതിരേ നിന്നും വാഹനങ്ങള്‍ വരാത്ത, റോഡുകളുണ്ടായിട്ടും, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വര്‍ഷാവര്‍ഷം നടത്തപ്പെട്ടിട്ടും, എനിയ്ക്ക്‌ സന്തോഷം തോന്നിയില്ല. ഷോപ്പിംഗിനു പേരു കേട്ട ഇവിടെ, അത്‌ കേട്ടാലോടുന്ന അവസ്ഥ വരെ സംജാതമായി. പാര്‍ക്കുകളെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി. പതുക്കെ പതുക്കെ ഒരപൂര്‍ണ്ണത വിടവുകള്‍ സൃഷ്ടിച്ചു തുടങ്ങി. പരീക്ഷയ്ക്കല്ലാതെ, ശ്രുതി ബോക്സെടുത്ത്‌ ഞാനെനിയ്ക്കു വേണ്ടി സാധകം ചെയ്യാന്‍ തുടങ്ങി. ചിത്രം വരയ്ക്കാന്‍ തുടങ്ങി. ഒരു ലൈബ്രറിയെ തിരഞ്ഞു നടന്നു തുടങ്ങി. എഴുതാന്‍ തുടങ്ങി. ചെടികളേയും പക്ഷികളേയും സ്നേഹിയ്ക്കാന്‍ തുടങ്ങി.. വീട്ടില്‍ തുന്നാനൊരു മെഷീന്‍ ഇല്ലായെന്ന് ആദ്യമായി കണ്ടുപിടിച്ചു.
പണ്ട്‌ വിവരമുള്ളവര്‍ ഇട്ട്‌ തന്ന, ഉള്ളിലുറഞ്ഞു പോയ കുറേ പഴങ്കഥകളെ ഉരുക്കിയെടുത്തു, ഞാനെനിയ്ക്കു വേണ്ടി.. വിടവുകള്‍ നികത്താന്‍ ശ്രമിച്ചു തുടങ്ങി.. എന്നിലെ ഞാന്‍ മാറിതുടങ്ങി..


കുറച്ചു കാലം മുന്‍പു വരെ, "അമ്മ വെട്ടി (തുണി) തന്നാല്‍ തുന്നാം" എന്നൊരു പരുവത്തിലായിരുന്നു. ഇപ്പോള്‍, സ്വമനസ്സാലെ തുന്നാന്‍ തുടങ്ങുന്നു.. പണ്ട്‌ അമ്മ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത്‌, പഴയ ഒരു തുണിയെടുത്ത്‌ അമ്മൂനൊരു ഉടുപ്പ്‌ തുന്നാന്‍ വിറയ്ക്കുന്ന കൈകളോടെ ആദ്യമായി ഒരെലക്ട്രോണിക്‌ മെഷീനില്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട്‌ തുണി വെട്ടി, തുന്നി!. അമ്മു അത്‌ ധരിച്ചപ്പോള്‍ എനിയ്ക്കുണ്ടായ സന്തോഷത്തിനും സംതൃപ്തിയ്ക്കും ഒരു കുറവും ഉണ്ടായില്ല!. ഇനിയുമിനിയും ധാരാളം സ്വന്തം കൈകള്‍ കൊണ്ട്‌ അമ്മൂന്‌ കുപ്പായം തുന്നണമെന്ന മോഹം തോന്നുകയുമുണ്ടായി. അമ്മ തുന്നിയ ഉടുപ്പിടാന്‍ അവള്‍ക്കും "പെര്‌ത്ത്‌ സന്തോസാര്‌ന്ന് ട്ടാ"!!! ,,,,,,,,,,,,,,,,,,,


ഈ കഥ ഇവിടെ കോമയോടു കൂടി അവസാനിപ്പിയ്ക്കേണ്ടി വരുന്നു .. കഥയ്ക്കിനിയും തുടരേണ്ടതുണ്ട്‌..

Sunday, July 29, 2007

കര്‍ക്കിടകവും കുട്ടിക്കുപ്പായവും.

കര്‍ക്കിടകം നാട്ടില്‍ തകര്‍ത്തു പെയ്യുമ്പോള്‍, ഇവിടെ ഓരോ വര്‍ഷവും കൂടുക എന്നല്ലാതെ കുറയാന്‍ ഒട്ടും ഭാവമില്ലാതെ വേനല്‍ ചൂട്‌ കത്തി ജ്വലിയ്ക്കുകയാണ്. കര്‍ക്കിടത്തിലെ ചൂട്‌..

ഒരു സുഖമുള്ള കുളിര്‍മ മനസ്സിലേയ്ക്ക്‌ പകര്‍ന്നു തരുന്ന കര്‍ക്കിടത്തെ കുറിച്ച്‌ പണ്ട്‌ ധാരാളമായി കേട്ടിരുന്നതാണ്‌ 'കര്‍ക്കിടക മാസം പഞ്ഞ മാസം' എന്നത്‌. പെരുമഴയില്‍ നനഞ്ഞ്‌ കുളിച്ച്‌ ഭൂമി ഒരു തരം വിശ്രമാവസ്ഥയിലാവുന്നതു കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ പറയുന്നത്‌, അല്ലെങ്കില്‍ പറഞ്ഞിരുന്നത്‌. അതുമല്ലെങ്കില്‍ അതൊരുപക്ഷെ, ഒരു കൃഷിക്കാരന്റെ സുവര്‍ണ്ണ കാലമാവുന്ന ചിങ്ങമാസത്തിന്റെ വരവിനു മുന്‍പേയുള്ള പ്രകൃതിയുടെ ഒരു പെയ്തുതോരലും ആയിരിയ്ക്കാം.. ഏതായാലും മഴയുടെ വരവറിയിയ്ക്കുന്ന ഒരിരുണ്ട മുഖമാണ്‌ കര്‍ക്കിടകം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സ്‌ പെട്ടെന്ന് കൊടുക്കാറുള്ള ഒരു ചിത്രം.
അങ്ങനെ, ഇപ്പോള്‍ കര്‍ക്കടകത്തിന്റെ മഴയെ പറ്റി കേള്‍ക്കുമ്പോഴും വായിയ്ക്കുമ്പോഴും, മനസ്സിലെവിടെയൊക്കെയൊ കുട്ടിക്കാലങ്ങളിലെ കര്‍ക്കടകത്തിന്റെ നനവ്‌.. ഓര്‍മ്മകളില്‍ കര്‍ക്കിടത്തിന്റെ മറന്നു പോകാത്ത ചിലയേടുകളും..

കര്‍ക്കിടകം എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുന്നത്‌ കര്‍ക്കിടക സംക്രാന്തി തന്നെ. ചേട്ടയെ കളഞ്ഞ്‌, ശ്രീയെ അകത്തേയ്ക്കു കൊണ്ടുവരല്‍. വീടിന്റെ ഓരോ മുക്കും മൂലയും അടിച്ചു തുടച്ച്‌, പ്രത്യേകിച്ചും അന്ന്, അടുക്കളയ്ക്ക്‌ തൊട്ടടുത്തു തന്നെ കണ്ടു വരാറുള്ള, ധാരാളം സാധനങ്ങള്‍ സൂക്ഷിച്ചു വെയ്ക്കാനുപയോഗിയ്ക്കുന്ന 'കലവറ'യും മുഴുവനായി ഒഴിച്ച്‌ അടിച്ചു തുടയ്ക്കുന്നത്‌ വലിയ പ്രാധാന്യത്തോടെ ചെയ്തിരുന്നത്‌ ഓര്‍ക്കുന്നു. അതുപൊലെ ജനാല ക്കമ്പികളിലും മറ്റുമുള്ള പൊടിയും, (അതു ഞങ്ങള്‍ കുട്ടികള്‍ക്കുള്ള ജോലിയായിരുന്നു.) മുകളില്‍ തൂങ്ങി കിടക്കുന്ന മാറാലയും മറ്റു അഴുക്കും കളഞ്ഞ്‌, അടിമുടി വൃത്തിയാക്കിയെടുത്ത്‌ വീടിന്റെ ഐശ്വര്യം വീണ്ടെടുക്കല്‍ തന്നെയായിരിയ്ക്കണം അതിന്റെ ഉദ്ദേശ്ശവും. സത്യത്തില്‍, ഇപ്പോള്‍ ഗൃഹപരിപാലനം കൂടി തുടങ്ങിയപ്പോള്‍, വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഇത്തരം വിപുലമായ ഒരു അടിച്ചു തുടയ്ക്കല്‍ പരിപാടിയുണ്ടാവുന്നത്‌ വളരെ നല്ല കാര്യമായി തന്നെ തോന്നുന്നു.

അങ്ങനെ ചേട്ടയെ കളഞ്ഞ്‌, ശ്രീ ഭഗവതിയെ കുടിയിരുത്തിയതിനു ശേഷം കുളിച്ച്‌ ദശപുഷ്പങ്ങള്‍ ചൂടുക എന്നൊരു പതിവുണ്ടായിരുന്നു. അതിപ്പോഴും നാട്ടില്‍ ഗ്രാമപ്രദേശങ്ങളിലെങ്കിലും പതിവുണ്ടാവണം. പേരില്‍ പുഷ്പങ്ങള്‍ എന്നുണ്ടെങ്കിലും അതിലുള്ളതധികവും ഇലകള്‍ തന്നെയാണ്‌. പൂവാന്‍ കുറുന്നില, മുയല്‍ച്ചെവി (മോക്ഷമി), കറുക, നിലപ്പന, കയ്യൊന്നി, വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി ഇത്രയുമായാല്‍ ദശപുഷ്പങ്ങളായി. മഴക്കാലത്ത്‌ ഇവ തലയില്‍ ചൂടുന്ന ശീലം ഉണ്ടായത്‌, ഇവയുടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഔഷധ ഗുണം കണ്ടു കൊണ്ടു തന്നെയാവണം. (തലമുടിയില്‍, പ്രത്യേകിച്ച്‌ അന്നത്തെ സ്ത്രീകളുടെ മുട്ടറ്റം നീണ്ടു കിടക്കുന്ന 'കാര്‍ക്കൂന്തലില്‍', എപ്പോഴും ഈര്‍പ്പം കെട്ടിനില്‍ക്കാന്‍ സാദ്ധ്യത കൂടുതലുള്ള ഒരു സമയം കൂടിയാണല്ലൊ ഈ മഴക്കാലം.) എന്തായാലും വരും കാലങ്ങളിലും ഇതൊക്കെ തുടര്‍ന്ന് ലഭ്യമാക്കുവാന്‍ ധാരാളം പുല്ലും ചെടികളും ഒക്കെ നാട്ടിലെ തൊടികളിലും പാടവരമ്പത്തും ഇടവഴികളിലും ഒക്കെയായി എന്നെന്നേയ്ക്കുമായി അവശേഷിയ്ക്കട്ടെ!

കര്‍ക്കിടക മാസത്തില്‍ ആദ്യത്തെ പന്ത്രണ്ട്‌ ദിവസങ്ങളില്‍ കൃത്യമായി അമ്പലത്തില്‍ പോയി തൊഴുതിരുന്ന ഒരോര്‍മ്മയുണ്ട്‌. മിയ്ക്ക ദിവസങ്ങളിലും മഴയുമുണ്ടാവും കൂട്ടിന്‌.. അന്ന് മഴയോട്‌ ഒരിത്തിരി പരിഭവവും, ദേഷ്യവും ഒക്കെ തോന്നിയിരുന്ന കാലം.. എന്തിനീ വഴിയിലൊക്കെ വെള്ളച്ചാലുകള്‍ ഉണ്ടാക്കുന്നു? - കുപ്പായത്തിന്റെ അടി ഭാഗത്ത്‌ ചെളി വെള്ളം പതിപ്പിയ്ക്കുന്ന അടയാളങ്ങള്‍ തീര്‍ക്കാനോ? പെരാങ്ങോട്‌ അമ്പലത്തില്‍ തൊഴുത്‌ വര്‍ണാഷി അമ്പലത്തിലേയ്ക്ക്‌ (വടുകനാംകുറുശ്ശി അമ്പലം - അവിടെ മുടങ്ങാതെ എണ്ണ വെച്ചിരുന്നു ആ പന്ത്രണ്ടു ദിവസവും.) പാടത്തു കൂടി നടക്കുമ്പോള്‍ വഴുക്കലിനെ പേടിച്ച്‌ നടക്കണ്ടേ? അതുകഴിഞ്ഞ്‌, സ്കൂളിലേയ്ക്ക്‌ മുതുകത്ത്‌ ബാഗും തൂക്കി നടക്കുമ്പോള്‍, കുടയില്‍ നിന്നും വെള്ളം ഇറ്റ്‌ വീണ്‌ ബാഗിലെ വിടവുകളിലൂടെ പുസ്തകങ്ങള്‍ (അതും അടുത്ത വീട്ടില്‍ നിന്നും ഒരു ക്ലാസ്സ്‌ മീതെ പഠിയ്ക്കുന്ന ദീപയുടെ കയ്യില്‍ നിന്നും വാങ്ങിയ പഴയ പുസ്തകങ്ങള്‍) മുഴുവനും നനയില്ലേ? സ്കൂള്‍ വിട്ട്‌ മാധവമ്മാമന്റെയടുത്തെ റ്റ്യൂഷനും കഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ നടകുമ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞ്‌ ഇരുട്ടാവില്ലെ വേഗം? അതൊക്കെ പോട്ടെ, തണുപ്പത്ത്‌ രാവിലെ എണീറ്റ്‌ എങ്ങനെ കുളിയ്ക്കും? അങ്ങനെ മഴയുണ്ടെങ്കിലത്തെ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല...
എന്നാലും, ദിവസവും രാവിലെ അമ്പലത്തില്‍ പോയി തൊഴല്‍ ഒരു കാരണവശാലും മുടക്കിയിരുന്നില്ല.

പിന്നെ, മുടങ്ങാതെ എല്ലാവരും ചെയ്തിരുന്ന മറ്റൊരു കാര്യമായിരുന്നു രാമായണം വായന. ശരിയ്ക്കും ഉച്ചയ്ക്കു വായിയ്ക്കണമത്രേ.. എന്നാലെ ശ്രീരാമന്‍ കേള്‍ക്കൂ, മറ്റേ സമയത്തൊക്കെ രാമന്‍ ഹനൂമാന്റെ അടുത്താവും, അപ്പോള്‍ നമ്മള്‍ വായിയ്ക്കുന്നത്‌ കേള്‍ക്കില്ല. പക്ഷെ എന്തു ചെയ്യാം, ശനീം ഞായറും മാത്രമേ ഉച്ചയ്ക്ക്‌ വായിയ്ക്കാന്‍ പറ്റുകയുള്ളൂ..എന്നാല്‍, സത്യത്തില്‍ രാവിലെ വായിച്ചാലും, ഉച്ചയ്ക്കു വായിച്ചാലും, ശ്രീരാമന്‍ കേള്‍ക്കണമെന്ന ഉദ്ദേശ്ശത്തിനേക്കാള്‍ കൂടുതല്‍ കര്‍ക്കിടകം കഴിയുമ്പോഴേയ്ക്കും രാമായണം മുഴുവനും എങ്ങനെയെങ്കിലും, കുറഞ്ഞത്‌ ഒരാവര്‍ത്തിയെങ്കിലും വായിച്ചു തീര്‍ക്കാനുള്ള തത്രപ്പാടായിരുന്നു കൂടുതല്‍.. ആദ്യം വായിച്ചുതീര്‍ത്തതിനുള്ള 'ക്രെഡിറ്റ്‌' സ്വന്തമാക്കാനുള്ള വെപ്രാളം വെറെയും.. അതൊരു മാരത്തോണ്‍ വായന തന്നെയായിരുന്നു ശരിയ്ക്കും.

പിന്നത്തെ കര്‍ക്കടകത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു മൈ ലാഞ്ചി ഇടല്‍. കര്‍ക്കിടക മാസത്തിലിട്ടാല്‍ കൂടുതല്‍ ചുവക്കുമത്രേ, പിന്നെ മൂത്ത കയ്യാണെങ്കില്‍ കൂടുതല്‍ ചുവക്കും, ഇളം കയ്യില്‍ ഒരോറഞ്ചു നിറമേ വരൂ.. അങ്ങനേയും ചില പക്ഷപാതപരമായ നീക്കങ്ങള്‍ ഉണ്ടായിരുന്നു അന്നത്തെ മൈലാഞ്ചിയ്ക്ക്‌. മരത്തില്‍ നിന്നും ഇലകള്‍ പൊട്ടിച്ച്‌ അമ്മിയില്‍ നല്ല മിനുസമായി അരച്ചെടുത്തിടുന്ന മൈലാഞ്ചിയ്ക്കും ഔഷധ ഗുണമുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്‌. മഴക്കാലത്ത്‌ ഉണ്ടായേക്കാവുന്ന ത്വക്‌ രോഗങ്ങള്‍ക്കും, ചൊറിയ്ക്കും മറ്റും ഫലപ്രദമാണെന്നതു കൊണ്ടായിരിയ്ക്കാം ഒരുപക്ഷെ, കര്‍ക്കിടക മാസത്തില്‍ മൈലാഞ്ചിയിടല്‍ എന്നൊരു കര്‍മ്മം ഉണ്ടായത്‌. അതുകൊണ്ടു തന്നയാവാം, അന്നൊക്കെ ഡിസൈനില്‍ ഇടലും കുറവായിരുന്നു. കൈ മുഴുവനും ഇട്ട്‌ നിറച്ച്‌ അതു വീണ്ടും മടക്കി, കൈയ്യിന്റെ പുറം ഭാഗത്തു കൂടി ഇട്ട്‌ രാത്രി കിടന്നുറങ്ങലായിരുന്നു പതിവ്‌. (കാലുകളിലും ഇട്ടിരുന്നു.) പിറ്റെ ദിവസമാവുമ്പോഴേയ്ക്കും കൈ മുഴുവനും ചുവന്നിട്ടുണ്ടാകും. കൂടെ കിടന്ന വിരിയിലും, അത്യാവശ്യം മുഖത്തും, ചുകന്ന പാടുകളായി മൈലാഞ്ചിയുടെ വക ഒരു 'ബോണസ്‌' ചുകപ്പിയ്ക്കലും കൂടിയായാല്‍ എല്ലാം പരിപൂര്‍ണ്ണം!. ആരുടെ കയ്യാണ്‌ കൂടുതല്‍ ചുകന്നതെന്ന് നോക്കലാണ്‌ അടുത്ത പരിപാടി. അതെന്തായാലും, ചുകന്ന കൈ മണത്തു മണത്തു രസിയ്ക്കും, പിന്നെ ഓരോ തവണ വെള്ളം തട്ടുമ്പോഴും കൂടുതല്‍ ചുകക്കുന്നുണ്ടെന്ന് തോന്നും, സ്കൂളില്‍ കൂട്ടുകാര്‍ക്കും കയ്യിലെ ചുകപ്പിന്റെ കടുപ്പം കാണിയ്ക്കാനുള്ള ധൃതിയാണ്‌ പിന്നെ..

എല്ലാ വര്‍ഷവും നിശ്ചയമായും ചെയ്തു വന്നിരുന്ന ഇത്തരം കര്‍മ്മപരിപാടികള്‍ക്കു പുറമെ, കര്‍ക്കിടകത്തെ കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മയിലേയ്ക്കോടി വരാറുള്ള മറ്റൊന്നു കൂടിയുണ്ട്‌.. ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ കഥ.

പെരാങ്ങോട്‌ (പെരുമാങ്ങോട്‌) എന്ന് പഴയ കാലത്ത്‌ അറിയപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. അവിടത്തെ പ്രധാനപ്പെട്ട ഒരു സൊസൈറ്റി കെട്ടിടത്തിനടുത്ത്‌ താമരയുടെ ആകൃതിയില്‍ കമ്പികളെ വളച്ച്‌ വെച്ചുണ്ടാക്കിയെടുത്ത സാമാന്യം വലുപ്പമുള്ള ഒരു ഗെയ്റ്റും, അതിനുള്ളിലെ നീളത്തിലുള്ള ഒരു വീടും.

മൂന്നു പെണ്‍കുട്ടികള്‍ ഉള്ള ആ വീട്ടിലേയ്ക്ക്‌ നാലാമതായി വേറൊരു പെണ്‍കുട്ടിയും ഒരു ദിവസം വന്നു ചേര്‍ന്നു, അഞ്ചാം ക്ലാസ്സ്‌ മുതലുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനായി.. സന്തോഷത്തോടെ, ഉത്സാഹത്തോടെ തന്റെ വല്ല്യമ്മയുടേയും, ആ മൂന്നു സഹോദരിമാരുടേയുമൊപ്പം താമസിച്ചു പഠിയ്ക്കുവാന്‍.. ആ വീട്ടില്‍, കൊച്ചു ഗ്രാമത്തില്‍, അവിടത്തെ എല്ലാ ആചാരങ്ങളും ചിട്ടകളും പാലിച്ചു കൊണ്ട്‌ അവര്‍ക്കൊപ്പം പാടിയും, ആടിയും, കളിച്ചും, ഇണങ്ങിയും, പിണങ്ങിയും ആ പെണ്‍കുട്ടിയും പഠിച്ചു, കളിച്ചു വളര്‍ന്നു.

പിരിഞ്ഞു നില്‍ക്കുന്ന അച്ഛനമ്മമാരേയോ, കുഞ്ഞനിയന്മാരേയോ ഓര്‍ത്ത്‌ അധിക തോതിലുള്ള വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ആ പെണ്‍കുട്ടി, പക്ഷെ തന്റെ അമ്മയുടെ വരവിനായി സന്തോഷത്തോടെ, പ്രതീക്ഷയോടെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമുണ്ടായിരുന്നു, അതും കര്‍ക്കിടക മാസത്തിലെ ഒരു ദിവസം തന്നെ.. ആ കാത്തിരുപ്പിന്റെ സുഖം ആരോടും പങ്കുവെയ്ക്കാതെ, ഉള്ളില്‍ സൂക്ഷിച്ചു വെയ്കുവാനായിരുന്നു അവളിഷ്ടപ്പെട്ടിരുന്നത്‌.

അന്നാ ദിവസമായിരുന്നു... സ്കൂളില്‍ നിന്നും ഉച്ചയ്ക്ക്‌ ഊണു കഴിയ്ക്കാന്‍ വന്നപ്പോഴേ അമ്മയുടെ ചെരുപ്പും കുടയും പുറത്തിരിയ്ക്കുന്നതു കണ്ടിരുന്നു, അവളോടി അകത്തു കയറി. പ്രതീക്ഷകളൊന്നും തെറ്റിയ്ക്കാതെ, സന്തോഷം ഇരട്ടിയാക്കി കൊണ്ട്‌, അമ്മ ബാഗില്‍ നിന്നും ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഒരു കുപ്പായം പുറത്തെടുക്കുന്നത്‌ അവള്‍ കണ്ടു. മുന്നില്‍ "ഹണീകോമ്പ്‌" എന്നോ മറ്റോ പേരുള്ള ഒരു എംബ്രോയ്ടറി ചെയ്ത്‌, അമ്മ തന്നെ തുന്നിയ ഒരു കുപ്പായം.
അമ്മ അതീടിപ്പിച്ചു നോക്കി. കൈ പൊക്കാന്‍ പറഞ്ഞു, പിന്നോക്കം തിരിയാന്‍ പറഞ്ഞു, അങ്ങനെ എല്ലാം പാകമല്ലേ എന്നുറപ്പു വരുത്തി അമ്മയും വല്ല്യമ്മയും കൂടി."വണ്ണമൊക്കെ പാകമായി...". അമ്മ അവളെ തിരിച്ചു നിര്‍ത്തി അതിന്റെ രണ്ടു ഭാഗത്തുമുള്ള വള്ളികള്‍ പിന്നില്‍ കെട്ടി വെച്ചു. അമ്മയുടെ മുഖത്ത്‌ സംതൃപ്തിയുടെ തിളക്കം.

അവള്‍ക്കത്‌ ഊരി വെയ്ക്കാന്‍ ഒട്ടും മനസ്സു വന്നില്ല. ഓണം, വിഷു, പിന്നെ അവളുടെ പിറന്നാള്‍ - അങ്ങനെ പ്രത്യേക വേളകളില്‍ അമ്മ ഉടുപ്പു തുന്നാറുണ്ട്‌, എന്നാലും പിറന്നാളിന്റെയന്നു തന്നെ അമ്മ വന്ന് ഇടീപ്പിച്ചു കൊടുത്ത ആ കുപ്പായത്തിന്റെ പുതുമണവും, നിറവും എല്ലാം അവള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടു. ദിവസവും അതിടാന്‍ കഴിഞ്ഞിരുന്നെങ്കിലെത്ര നന്നായിരുന്നുവെന്നവള്‍ കൊതിച്ചു.. "ദിവസവും പിറന്നാളായിരുന്നെങ്കിലോ.." അതിലും രസമായിരുന്നേനെ എന്നുമവള്‍ വെറുതെ ഓര്‍ത്തു. എന്നാലും ഭദ്രമായി മടക്കി അലമാറിയില്‍ എടുത്തു വെച്ചു. അമ്മ തിരിച്ചു പോയതിനു ശേഷം അവളതെടുത്തു മണത്തുകൊണ്ടിരുന്നു, ആ ഭാഗത്തു കൂടി പോകുമ്പൊഴൊക്കെ... ഒളിഞ്ഞു നിന്ന്.. ചിലപ്പോള്‍ പുതുമണത്തോടൊപ്പം അതില്‍ നിന്നും അവളുടെ മൂക്ക്‌ അപ്പോളറിയാതെ പിടിച്ചെടുത്തിരുന്നത്‌ അടുത്തു വരുമ്പോഴുണ്ടാകാറുള്ള അമ്മയുടെ ആ പ്രത്യേക വാസനയും കൂടിയായിരുന്നിരിയ്ക്കാം..!!


കഴിഞ്ഞ ആഴ്ചയിലൊരു ദിവസം, പതിവു നടത്തം കഴിഞ്ഞ്‌ അകത്തു കയറിയപ്പോള്‍ ആദ്യം ചെയ്തത്‌ ഫോണിലെ clip - ല്‍ തപ്പി നോക്കലായിരുന്നു. അമ്മ വിളിച്ചിട്ടുണ്ടോ എന്ന്..
അമ്മയുടെ നമ്പര്‍ വന്നു കിടക്കുന്നു. അപ്പോഴേയ്ക്കും, കണ്ണും തിരുമ്മി വരുന്നു അമ്മൂന്റച്ഛന്‍- '" അമ്മ ദാ വിളിച്ചു വെച്ചതേയുള്ളു.'" എന്നും പറഞ്ഞു കൊണ്ട്‌...

പരീക്ഷയ്ക്ക്‌ ചോദ്യക്കടലാസ്‌ കയ്യില്‍ കിട്ടും പോലെ ഫോണ്‍ ബില്ലിന്റെ കവര്‍ കയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകാറുള്ള വിറയല്‍, മാനസിക പിരിമുറുക്കം, "അയ്യോ, ഒന്നുകൂട്ടി പഠിയ്ക്കായിരുന്നു.." എന്നു ചോദ്യം കാണുമ്പോള്‍ മാത്രം ബോധം വരാറുള്ളതു പോലെ, ബില്ല് കാണുമ്പോള്‍ മാത്രം, "അയ്യോ, ഇത്രയധികം വിളിയ്ക്കണ്ടായിരുന്നു.." എന്നു തോന്നുന്ന നിരാശ, കുറ്റബോധം തുടങ്ങിയ മാനസികാഘാതങ്ങളെ പേടിച്ച്‌ ഇനി മുതല്‍ക്ക്‌ വിളി നാട്ടില്‍ നിന്നും ഇങ്ങോട്ടാക്കാന്‍ അമ്മയെ ഏല്‍പ്പിച്ചു. മാത്രമല്ല വെപ്രാളം കൂടാതെ സമാധാനത്തോടെ രണ്ടു വാക്കു സംസാരിയ്ക്കാം എന്നൊരു ഗുണവും.. ഏതായാലും, അമ്മയുടെ നമ്പര്‍ കണ്ടപ്പോള്‍ തല്‍ക്കാലം, മാനസികാഘാതങ്ങളെ മറന്ന്, വേഗം തിരിച്ചു വിളിച്ചു.

"അമ്പലങ്ങളിലൊക്കെ പോയി, എല്ലായിടത്തും വഴിപാടു കഴിച്ചു, നല്ല മഴ തന്നെ.. പുറത്തേയ്ക്കിറങ്ങാറില്ല... കുറഞ്ഞൂന്ന് തോന്നും, പിന്നേം കൂടും, മഴ തന്നെയാണ്‌, ഒപ്പം അസുഖങ്ങളും.."
"പിറന്നാളായിട്ട്‌ അമ്പലത്തില്‍ പോവാന്‍ പറ്റിയില്ലെങ്കിലും, വിളക്കു കൊളുത്തണം, ഊണു കഴിയ്ക്കുമ്പോള്‍ ഗണപതിയ്ക്കു വെയ്ക്കണം.. അതൊന്നും എവിടെയായാലും മുടക്കണ്ട.. അധികം വട്ടങ്ങളൊന്നൂല്ല്യെങ്കിലും സാരല്ല്യ, ഒരിഞ്ചി തൈരുണ്ടായാല്‍ മതി, ന്നാല്‍ ആയിരം കറിയായി ന്നാണ്‌ പറയാ, പിന്നെ പപ്പടോം കാച്ചിയാല്‍ പെറന്നാള്‍ വട്ടങ്ങളൊക്കെയായി.." അങ്ങനെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ അമ്മയുടെ സംസാരം നീണ്ടു നീണ്ടു പോയി.

ഫോണ്‍ വെച്ചു കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏഴു മണി. ഒട്ടും സമയം കളയാതെ അടുക്കളയിലേയ്ക്ക്‌ ഓടി കയറുന്നതിനിടയില്‍ മനസ്സില്‍ അറിയാതെ വരച്ചു തുടങ്ങിയ നാട്ടിലെ കര്‍ക്കിടകത്തിന്റെ ഇരുണ്ട മുഖത്തോടൊപ്പം തെളിഞ്ഞു വന്നത്‌ ചുവപ്പും കറുപ്പും ഇടകലര്‍ന്ന, ഒളിഞ്ഞു നിന്ന് ഒരിയ്ക്കല്‍ എന്തൊക്കെയോ മണത്താസ്വദിച്ചിരുന്ന ഒരു പഴയ കുട്ടിക്കുപ്പായത്തിന്റെ ചിത്രവും കൂടിയായിരുന്നു..


വിവരങ്ങള്‍ക്കു കടപ്പാട് : എന്റെ അമ്മ, വല്ല്യമ്മ.

Monday, January 15, 2007

കഥകളി - ഒരു വിസ്മയം.

പച്ചാളത്തിന്റെ "കഥകളി" [ കുറച്ച്‌ പഴയതാണ്‌] എന്ന പോസ്റ്റ്‌ വായിച്ചതില്‍ നിന്നും കിട്ടിയ ഒരു പ്രചോദനത്തില്‍ നിന്നുമാണ്‌ ഈ പോസ്റ്റിന്റെ ജനനം എന്നു പറയാം. അന്ന് ആ പോസ്റ്റ്‌ വായിച്ച്പ്പോള്‍ മനഃപൂര്‍വം കമന്റ്‌ ഇട്ടില്ല, അതിനു പകരം ഒരു പോസ്റ്റ്‌ തന്നെ ആക്കാം എന്നു തോന്നി.

അങ്ങിനെ വലിയ ആവേശത്തോടെ എഴുതാനിരുന്നു. മനസ്സ്‌ ഭൂതകാലങ്ങളിലേയ്ക്ക്‌ ഒഴുകി തുടങ്ങി. അന്നത്തെ കഥകളിയരങ്ങുകള്‍ നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം, അന്നു കഥകളിയോടു തോന്നിയിരുന്ന ഒരു പ്രത്യേക ആവേശം, എല്ലാം അടിത്തട്ടില്‍ നിന്നും പൊന്തി വരുവാന്‍ ആരംഭിച്ചു. ഒറ്റയൊരൊഴുക്കില്‍ തന്നെ, പേനത്തുമ്പില്‍ വന്നെത്തി നില്‍ക്കുന്ന അവയെ ഒരു അടുക്കും ചിട്ടയോടും കൂടി കടലാസ്സിലേയ്ക്കു പകര്‍ത്താനുള്ള ശ്രമം പെട്ടെന്നു തന്നെ തുടങ്ങിയെങ്കിലും അത്‌ ഈ ബ്ലോഗിലേയ്ക്ക്‌ കൊണ്ടുവരുവാന്‍ കുറച്ചു സമയമെടുത്തു. കടലാസ്സില്‍ വിസ്തരിച്ച്‌ എഴുതി വെച്ചതില്‍ നിന്നും കാച്ചികുറുക്കി അതിന്റെ സത്തും നീരും മാത്രം പിഴിഞ്ഞെടുത്ത്‌ ചൂടോടെ ഇപ്പോള്‍ പോസ്റ്റ്‌ ചെയ്യുകയാണ്‌.

അന്നൊക്കെ കഥകളിയോടു ഉണ്ടായിരുന്ന [ ഇപ്പോള്‍ മനസ്സില്‍ മാത്രം കാത്തുസൂക്ഷിയ്ക്കുന്ന ] ആവേശത്തിനു എന്തു പേരിട്ടു വിളിയ്ക്കണമെന്നു അറിയുന്നില്ല. വാസ്തവത്തില്‍ കഥകളി എന്ന കലാരൂപത്തോട്‌ ഞങ്ങളുടെ കുടുംബത്തിനു തന്നെ വളരേയധികം വികാരപരമായ ബന്ധമുണ്ട്‌. എന്റെ അമ്മയുടെ തലമുറ, അതായത്‌ അമ്മ, വല്ല്യമ്മമാര്‍, അമ്മാമന്മാര്‍ എല്ലാവരും കഥകളിയുടെ ആട്ടവും, മേളവും, സംഗീതവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ്‌ വളര്‍ന്നു വന്നത്‌. എന്റെ അമ്മ ഏകദേശം ഒരു പന്ത്രണ്ട്‌ വര്‍ഷത്തോളം കഥകളി അഭ്യസിച്ചിട്ടുണ്ട്. കഥകളിയുടെ എല്ലാ സാങ്കേതികതകളും, സൂക്ഷ്മാംശങ്ങളും "അരച്ചു കലക്കി കുടിച്ചിട്ടുള്ള" അമ്മാമന്മാരേയും, കഥകളി എന്ന കലാരൂപത്തോട്‌ പ്രത്യേക ആരാധനയും ആവേശവും വെച്ചു പുലര്‍ത്തിയിരുന്ന അമ്മ വല്ല്യമ്മമാരെയും കണ്ട്‌ വളര്‍ന്ന ഞങ്ങളുടെ ഇളം  തലമുറയിലേയ്ക്കും ഈ കലാരൂപം, പതുക്കെ പതുക്കെ ഒരു വള്ളിപടര്‍പ്പ് പോലെ പടര്‍ന്നുകയറി .. .

എന്നു മുതല്‍ക്കാണ്‌ കഥകളി കണ്ട്‌ തുടങ്ങിയത്‌ എന്നെനിയ്ക്കോര്‍മ്മയില്ല. കുട്ടിക്കാലം മുതല്‍ക്കു തന്നെ കഥകളി വേഷങ്ങളും, കഥകളിപ്പദങ്ങളും, ചെണ്ടയും, മദ്ദളവും, ചേങ്ങിലയും എല്ലാം എന്നേ സുപരിചിതമായിരുന്നു.
അന്നൊക്കെ സ്കൂള്‍ പൂട്ടിയാല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തേയ്ക്കാണ്‌ ഞങ്ങള്‍-വല്ല്യമ്മ-ചെറിയമ്മ മക്കള്‍- ഒരു സംഘബലത്തോടെ ഒഴിവുകാലം ചിലവിടാന്‍ വന്നിരുന്നത്‌. അവിടെ ഞങ്ങളുടെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കൂടേ, "വൃന്ദാവനം" എന്നു പേരുള്ള വൈദ്യശാല വക വിശാലമേറിയ ഒരു ക്വാര്‍ട്ടേര്‍സിലായിരുന്നു താമസം. മിക്കവാറും ആ സമയത്തു തന്നെയായിരിയ്ക്കും അവിടെ വിശ്വംഭരന്റെ അമ്പലത്തില്‍ ഉത്സവവും തുടങ്ങുന്നത്‌. ഉത്സവക്കാലത്ത്‌ അന്നൊക്കെ അവിടെ മൂന്ന് ദിവസങ്ങളിലായാണ്‌ കളി ഉണ്ടായിരുന്നത്‌. [ പിന്നീടത്‌ 5 ദിവസങ്ങളിലേയ്ക്കായി മാറ്റി.] അങ്ങിനെ ആ മൂന്നു ദിവസങ്ങളിലും ഉത്സവ പറമ്പില്‍, ഞങ്ങള്‍ കുട്ടികള്‍, കളി കാണുവാന്‍ മുന്‍പില്‍ തന്നെയുള്ള സ്ഥലം പിടിച്ചെടുക്കുവാന്‍ തിരക്കു കൂട്ടുമായിരുന്നു. അങ്ങിനെ, അടഞ്ഞു പോകുന്ന കണ്ണുകളും, അറിയാതെ തുറന്നു പോകുന്ന വായയുമായി, തിരശ്ശീലയ്ക്കു പിന്നില്‍ നിന്നും പ്രത്യക്ഷപ്പെടാന്‍ പോകുന്ന വേഷം കാണാനുള്ള  ആവേശത്തോടെ, അക്ഷമരായി കാത്തിരിയ്ക്കുന്ന കുട്ടിക്കാലത്തെ ആ രംഗം ഓര്‍മ്മയില്‍ തിളങ്ങിവിളങ്ങി നില്‍ക്കുന്നു. ഏറ്റവും മുന്‍പില്‍ തന്നെ സ്ഥലം കിട്ടിയതിന്റെ സംതൃപ്തിയോടെ, തിരശ്ശീലയ്ക്കു നേരെ ചുവട്ടില്‍ സകലതും മറന്നിരിയ്ക്കുമ്പോള്‍, അന്ന് കൈവന്നിരുന്ന ആവേശം ഒട്ടും ചോര്‍ന്നു പോവാതെ, ഇന്നും മനസ്സിലേയ്ക്കു ആവാഹിയ്ക്കാനാകുന്നു...

ആ കഥകളി പറമ്പില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഉറക്കവും. പുലരാറാകുമ്പോള്‍ അമ്മമാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി അവസാനത്തെ യുദ്ധകഥകളിലെ കൊച്ചു കൊച്ചു തമാശകളും, യുദ്ധരംഗങ്ങളും കാണിച്ചു തന്നിരുന്നു. പാതി മയക്കത്തിലാണെങ്കിലും അതെല്ലാം കണ്ട്‌ തുടങ്ങിക്കഴിഞ്ഞാല്‍, തല്‍ക്ഷണം ഉറക്ക ചടവെല്ലാം പമ്പ കടന്ന് വേണ്ടുവോളം ആസ്വദിച്ച്‌, പൂര്‍വാധികം ഉത്സാഹത്തോടെയാണ്‌ ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങിയിരുന്നത്‌.

പിന്നീട്‌ മുതിര്‍ന്നപ്പോള്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍, ഞങ്ങള്‍ ഒരുവിധം പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ പോയി കഥകളി കണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. "ചെണ്ടപ്പുറത്ത്‌ കോല്‌ വീണാല്‍ അവിടെ ഓടിയെത്തും" എന്ന്‌ പറയുന്ന അവസ്ഥയായിരുന്നു വാസ്തവത്തില്‍ അക്കാലത്ത്‌. അന്ന് ഞങ്ങള്‍ വല്ല്യമ്മചെറിയമ്മമാരും അവരുടെ മക്കളെല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ ആയിരുന്നു കളിയ്ക്കു പോയിരുന്നത്‌. അന്നത്തെ ഞങ്ങളുടെ ആവേശത്തിന്റേയും, ആസ്വാദനത്തിന്റേയും ഒക്കെ തലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നതു കൊണ്ട്‌, അക്കാലങ്ങളിലെ ഈ  കളിയ്ക്ക്‌ പോക്കിനു ഒരു പ്രത്യേക മിഴിവും ഉണര്‍വും ഉണ്ടായിരുന്നു എന്നെനിയ്ക്കു തോന്നുന്നു. എവിടെയെങ്കിലും കളിയുണ്ടെന്നു കേട്ടാല്‍, ഏതൊക്കെയാണ്‌ കഥകള്‍, ആരൊക്കെയാണ്‌ വേഷത്തിന്‌, ആരൊക്കെയാണ്‌ സംഗീതത്തിന്‌, ആരൊക്കെയാണ്‌ മേളത്തിന്‌ ഇതൊക്കെയായിരുന്നു ആദ്യമുയരുന്ന ചോദ്യങ്ങള്‍. പിന്നെ, അന്നത്തെ ദിവസം ഉത്സാഹഭരിതമാണ്‌. രാത്രിയില്‍ ഉറക്കമൊഴിയ്ക്കാനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി, ഉച്ചയ്ക്കു കുറച്ചു നേരം ഉറങ്ങി, പഠിയ്ക്കാനുള്ളതൊക്കെ ഒരുവിധത്തില്‍ തീര്‍ത്തെന്നു വരുത്തി, സന്ധ്യക്കു തന്നെ ഭക്ഷണം കഴിച്ച്‌, [ അതും വയറ്‌ നിറയെ കഴിയ്ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ] പുതപ്പും വിരിയും മറ്റുമെടുത്ത്‌ കഥകളി പറമ്പിലേയ്ക്കുള്ള യാത്രയാണ്‌. യാത്രയില്‍ മുഴുവനും എന്തായിരിയ്ക്കും, എങ്ങിനെയായിരിയ്ക്കും എന്നൊക്കെയുള്ള ഗംഭീരന്‍ ചര്‍ച്ചകളാണ്‌. പാടിയും, മുദ്രകളിലൂടെ സംസാരിച്ചും, തമാശകള്‍ പറഞ്ഞും, ഇനി അമ്മാമന്മാരും കൂടെ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല - എല്ലാം മറന്നു കൊണ്ടുള്ള രസികന്‍ യാത്രകള്‍.

രാത്രി മുഴുവനും ഉറക്കമൊഴിച്ച്‌ കളി കാണുക സത്യത്തില്‍ കുറച്ച്‌ "കഠിനം" തന്നെയാണ്‌. എത്ര ഒരുങ്ങിയാലും ഇടയില്‍ ചെറുതായെങ്കിലും ഒന്ന് ഉറക്കം തൂങ്ങുക തികച്ചും സ്വാഭാവികം. കളി തുടങ്ങുമ്പോഴുള്ള ആവേശം പൂര്‍ണ്ണമായും ആദ്യത്തെ കഥ തീരുന്നതു വരെ ഉണ്ടായിരിയ്ക്കും. പിന്നീട്‌ രണ്ടാമത്തേ കഥയില്‍ മിയ്ക്കവാറും ഒരു "പതിഞ്ഞ പദ"ത്തോടെയായിരിയ്ക്കും [padam in a slow tempo] കഥ തുടങ്ങുന്നതു തന്നെ. അപ്പോള്‍ ഏകദേശം വെളുപ്പാന്‍ കാലം, ഒരു മണി , രണ്ടു മണി ആയിട്ടുണ്ടാകും. അപ്പോഴായിരിയ്ക്കും നമ്മുടെ "ഉറക്കം" എന്ന ആശാന്‍ പതുക്കെ പതുക്കെ കണ്ണുകളെ ഒരു മയില്‍പ്പീലി കണക്കെ തലോടിക്കൊണ്ട്‌ മയക്കത്തിലേയ്ക്കു വിഴ്ത്തുവാന്‍ തുടങ്ങുന്നത്‌. പിന്നെ, പിടിച്ചാല്‍ കിട്ടില്ല, അറിയാതെ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോയിക്കൊണ്ടിരിയ്ക്കും. പതിഞ്ഞ കാലത്തില്‍ [slow tempo] ഒരു 'പാടി" രാഗം അരങ്ങില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ പിന്നെ ഉറക്കത്തിലേയ്ക്കു വീഴുവാന്‍ കൂടുതല്‍ എളുപ്പമായി. മിയ്ക്കപ്പോഴും തിരക്കു കാരണം നേരാംവണ്ണം ഒന്നു ചമ്രം പടിഞ്ഞിരിയ്ക്കാന്‍ പോലും സ്ഥലമില്ലാതെ കാലുകള്‍ കൂട്ടി വെച്ചിരിയ്ക്കുകയായിരുന്നു പതിവ്‌. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഉറക്കത്തെ ഏറ്റവും അധികം സ്നേഹിച്ചു പോകുന്ന നിമിഷങ്ങള്‍ ഒരുപക്ഷെ അതായിരിയ്ക്കും ! ചെവിയില്‍ അലയടിയ്ക്കുന്ന ചെണ്ടമേളങ്ങളുടെ ശബ്ദത്തിന്റേയും, അരങ്ങിലെ പതിഞ്ഞകാലത്തിലുള്ള ഒരു പദത്തിന്റെ പിന്നണിയുടേയും, വെളുപ്പാന്‍ കാലത്ത്‌ ഒഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ കുളിര്‍മയുടേയും ഒരു പ്രത്യേക കൊഴുപ്പില്‍, ഉറക്കത്തെ പുണരാന്‍ അപ്പോള്‍ തോന്നുന്ന അടക്കാനാവാത്ത കൊതി ശരിയ്ക്കും വല്ലാത്ത ഒരു അവസ്ഥയിലേയ്ക്കു നയിയ്ക്കാറുണ്ട്‌.

പക്ഷെ ആവേശം മൂത്ത്‌ തീരെ ഉറങ്ങാതെ കളി മുഴുവനും ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ത്തിരുന്ന അനുഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്‌. അപ്പോഴേയ്ക്കും കഥകളിയാസ്വാദനത്തില്‍ കാര്യമായ മാറ്റങ്ങളും വന്നുപെട്ടിരുന്നു എന്നതും ഒരു വാസ്തവം തന്നെ. കുട്ടിക്കാലത്ത്‌ പാതിയുറക്കത്തില്‍ കണ്ടു പരിചയിച്ച വേഷങ്ങളിലൂടെയും, അഭിനയത്തിനൊത്ത്‌ പാടി കേള്‍ക്കുന്ന പദങ്ങളുടെ സഹായത്തോടേയും, കലാകാരന്റെ അഭിനയത്തിലൂടേയും, മുദ്രകളിലൂടെയും മറ്റും കഥകളിയിലൂടെ കഥ കാണലായിരുന്നു / ആസ്വദിയ്ക്കലായിരുന്നു തുടക്കത്തിലൊക്കെ. അന്നത്തെ കലാമണ്ഡലം ഗോപിയാശാന്റെ കര്‍ണ്ണനും, കോട്ടയ്ക്കല്‍ ശിവരാമന്റെ കുന്തിയും അരങ്ങത്ത്‌ അഭിനയിച്ചു പൊലിപ്പിയ്ക്കുന്നത്‌ കണ്ട്‌, ഞങ്ങളില്‍ പലരുടേയും കണ്ണു നനഞ്ഞു പോയ നിമിഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്‌! അതിനും മുമ്പ്‌  സന്താനഗോപാലം, കുചേലവൃത്തം പോലെയുള്ള കഥകള്‍ കൗതുകത്തോടെ നോക്കിയിരുന്നിരുന്നത്‌ ഓര്‍മ്മയിലുണ്ട്‌.  അന്നൊക്കെ ശരിയ്ക്കും "കഥയറിയാതെ ആട്ടം കാണല്‍" തന്നെയായിരുന്നു.
 പിന്നീട്‌, വളരെ പതുക്കെയായി, കളിയിലെ "കഥയ്ക്കപ്പുറത്തെ" ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞു കാണാനുള്ള / ആസ്വദിയ്ക്കാനുള്ള താല്‍പര്യം വളര്‍ന്നു വന്നു. അന്നൊക്കെ ധാരാളം ശില്‍പശാലകളും മറ്റും വളരെ സജീവമായി തന്നെ നടത്തി വന്നിരുന്നു. അതുകൊണ്ടു തന്നെ കഥകളിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച്‌ ഒരു ബോധം ഉണ്ടാക്കിയെടുക്കുവാന്‍ അതൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. അത്‌ ഞങ്ങളുടെ ആവേശം കൂട്ടിയതേയുള്ളു.

അങ്ങിനെയൊരു ഘട്ടത്തില്‍ ആണെന്നു തോന്നുന്നു, ഞങ്ങളുടെ താല്‍പര്യം മെല്ലെ, കത്തിവേഷങ്ങളിലേയ്ക്ക്‌ പടര്‍ന്നു പിടിച്ചത്‌. പ്രത്യേകിച്ചും "ഉത്ഭവത്തിലെ" [രാവണോത്ഭവം] രാവണന്‍, അല്ലെങ്കില്‍ "ബാലിവിജയത്തിലെ" രാവണന്‍, അതുമല്ലെങ്കില്‍ "തോരണയുദ്ധത്തിലെ' രാവണന്‍, എന്നിങ്ങനെയുള്ള രാവണന്മാര്‍, കൂടാതെ നരകാസുരന്‍, ദുര്യോധനന്‍, കീചകന്‍ തുടങ്ങിയ "കത്തികള്‍" - അവയെല്ലാം തന്നെ ആദ്യാവസാന വേഷങ്ങളും ഒപ്പം വളരെയധികം ആസ്വദിച്ചിരുന്നു കാണാന്‍ പറ്റിയ വേഷങ്ങളുമാണ്‌. ഇതില്‍ ഏറ്റവും പരാക്രമശാലിയായി കഥകളിയില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ ഒരുപക്ഷെ രാവണന്‍ തന്നെയായിരിയ്ക്കും. കത്തിവേഷത്തിന്റെ ഏറ്റവും മനോഹരമായ രൂപവും ഭാവവും രാവണനില്‍ കൂടുതലായി ദര്‍ശിയ്ക്കാനാകുമെന്നു പറഞ്ഞാല്‍ തെറ്റില്ലെന്നു തോന്നുന്നു. നായകനായി രാമനും, പ്രതിനായകനായി രാവണനും എന്ന രീതിയിലാണ്‌ കഥയെങ്കിലും, കഥകളിയില്‍, രാവണന്‍ "പ്രതിനായകന്‍" എന്ന പദവി വിട്ട്‌, ധീരോദ്ധതനായ ഒരു "നായകനായി" തന്നെയാണ്‌ എല്ലാ കഥകളിലും കാണപ്പെടുന്നത്‌. കത്തി വേഷങ്ങളുടെ തിരനോട്ടത്തിനു തന്നെ തനതായ ഒരു സൗന്‌തര്യം ഉണ്ട്‌. രാമന്‍ കുട്ടിനായരാശാന്റെ കത്തി വേഷങ്ങളില്‍ പലതും ഞങ്ങളെല്ലാം ഒരുപോലെ അന്തം വിട്ടു നോക്കിയിരുന്നിട്ടുണ്ട്‌ ! ഏതായാലും കഥകളിയിലൂടെ ഞങ്ങള്‍ക്ക്‌ അസുരന്മാരോടുള്ള സമീപനത്തിനു തന്നെ മാറ്റം വന്നുഭവിച്ചു എന്നതാണ്‌ മറ്റൊരു സത്യം.

അതുപോലെ കാലകേയവധം, [ നിവാതകവചകാലകേയവധം എന്നാണ്‌ അതിന്റെ പൂര്‍ണ നാമം ] കിര്‍മ്മീരവധം തുടങ്ങിയ, സാങ്കേതികതയില്‍  [ സ്ഥായീഭാവം വിടാതെ വളരെ ചിട്ടയോടു കൂടി ആടേണ്ടുന്ന ] അടിയുറപ്പിച്ചിട്ടുള്ള ചില കഥകള്‍ ഞങ്ങളുടെ ആസ്വാദനനിലവാരത്തിനെതിരെ വിരല്‍ ചൂണ്ടിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. ആ വെല്ലുവിളികളും പലപ്പോഴും വളരെ ആസ്വാദ്യകരമായി തീര്‍ന്നിരുന്നു എന്നതാണ്‌ മറ്റൊരു വാസ്തവം.

ഇന്നിപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു കളി കണ്ടിട്ട്‌ തന്നെ ഏകദേശം 8-10 വര്‍ഷങ്ങളോളമായി. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് കളി കാണുവാന്‍ പണ്ടത്തെ പോലെ ഇന്ന് സാധിയ്ക്കുമൊ എന്ന്  ചിലപ്പോള്‍ സംശയിച്ചു പോകാറുണ്ട്‌. പക്ഷെ അന്നൊരിയ്ക്കലും ജീവിതത്തില്‍ വന്നു പെട്ടേയ്ക്കാവുന്ന ഈയൊരവസ്ഥയെ കുറിച്ച്‌ ആലോചിച്ചിരുന്നില്ല. അതും കഥകളി കണ്ടു നടന്നതിനെ കുറിച്ച്‌ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതിയുണ്ടാക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല ! നാട്ടിലെ ഉത്സവക്കാലങ്ങളേയും, കഥകളിയരങ്ങുകളേയും കുറിച്ചു കേള്‍ക്കുമ്പോള്‍ ചെറിയ നിരാശാ ബോധം തുടക്കത്തിലൊക്കെ തോന്നാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ശീലിച്ചു  തുടങ്ങി.

ഇന്ന് കഥകളി കാണാനുള്ള അവസരം ഇല്ലെങ്കിലും, ഈ കലാരൂപത്തില്‍ വളരെ  ഭദ്രമായി ഉറപ്പിച്ചു വെച്ചിട്ടുള്ള  അതിന്റെ സാങ്കേതികത്തികവും മേന്മയും, അമാനുഷികരായി  പ്രത്യക്ഷപ്പെടുന്ന, അരങ്ങത്ത്‌  അത്യുജ്ജ്വലങ്ങളാവുന്ന അതിലെ കഥാപാത്രങ്ങളും, വര്‍ണ്ണപ്പകിട്ടോടെ, ഇരുയ്ക്കുന്നിടത്ത് പിടിച്ചിരുത്തുന്ന വേഷങ്ങളുടെ പകര്‍ന്നാട്ടങ്ങളും, എല്ലാം ഒരു വിസ്മയമായി ഇന്നും ഉള്ളില്‍ കൊണ്ടു നടക്കുന്നു...

Sunday, December 17, 2006

ഗൌരി എന്ന അമ്മിണിയോപ്പോള്‍

വിവാഹം കഴിഞ്ഞ്‌ ആദ്യമായി ഭര്‍തൃഗൃഹത്തില്‍ കയറി ചെല്ലുമ്പോഴാണ്‌ ഞാനാദ്യമായി 'അമ്മിണിയോപ്പോളെ" കാണുന്നത്‌.അവിടെ ഇരുന്നിരുന്ന ചില മുത്തശ്ശിമാരുടെ കൂട്ടത്തിലെ ഒരു മുത്തശ്ശി - അതില്‍ കൂടുതലായി ഒന്നും അന്നെനിയ്ക്കു തോന്നിയിരുന്നില്ല.

പിന്നീട്‌,ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍,കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ "അമ്മിണിയോപ്പോള്‍" എന്നാണവരെ വിളിയ്ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി.വാസ്തവത്തില്‍ അവിടത്തെ പ്രായം കൂടിയ ഏറ്റവും മുതിര്‍ന്ന വ്യക്തിയായിരുന്നു അവര്‍.പക്ഷെ എങ്ങിനേയൊ,എന്തുകൊണ്ടൊ, അവരെ പ്രായവ്യത്യാസമില്ലാതെ എല്ലാവരും "അമ്മിണിയോപ്പോള്‍" എന്നു വിളിച്ചു തുടങ്ങി.

നല്ല ഉയരം,ഒത്ത തടി,വെളുത്ത നിറം.പരന്ന വലിയ മുഖത്ത്‌ ചെറിയ രണ്ട്‌ കണ്ണുകള്‍.തോളറ്റം വെളുത്ത മുടി.നെറ്റിയില്‍ പിരികത്തിനു മുകളിലായി സാമാന്യം വലുപ്പമുള്ള ഒരു മറുക്‌.വേഷം ജാക്കറ്റും മുണ്ടും.ഇതായിരുന്നു അമ്മിണിയോപ്പോള്‍, ചുരുക്കത്തില്‍.

കുടുംബത്തിലേയ്ക്കു വരുന്ന "ആദ്യത്തെ മരുമകള്‍" എന്ന നിലയില്‍ അവിടെയുള്ളവരുടെ "പ്രതീക്ഷകള്‍ക്കൊത്തുള്ള" ഒരു "നല്ല" മരുമകളാവാനുള്ള എന്റെ തത്രപ്പാടിനിടയില്‍ ഞാന്‍ അമ്മിണിയോപ്പോളെ ആദ്യം തീരെ ശ്രദ്ധിച്ചിരുന്നില്ല.അതുകൊണ്ട്‌ തന്നെ കാര്യമായ ആശയവിനിമയത്തിനും ഞാന്‍ മിനക്കെട്ടിരുന്നില്ല.എല്ലാവരെയും പോലെ "അമ്മിണിയോപ്പോളേ.." എന്ന് വിളിയ്ക്കാനുള്ള ഒരു സന്ദര്‍ഭവും എനിയ്ക്കു കിട്ടിയിരുന്നില്ല.വളരെ സാധാരണ മട്ടില്‍ എല്ലാരെയും പോലെ രാവിലെ എണിറ്റ്‌ കുളിച്ചു മുണ്ടും ജാക്കറ്റും മാറി,പിന്നിലെ കോലായില്‍ ഇരുന്ന് കഷ്ണം നുറുക്കുന്നതും,തൈരു കലക്കുന്നതും,എല്ലാം ചിട്ടയോടെ ചെയ്യുന്ന ഒരു "അമ്മിണിയോപ്പോള്‍"- അവിടത്തെ അച്ഛന്റെ ഏറ്റവും മൂത്ത ഓപ്പോള്‍- ഇത്രയുമാണ്‌ എന്റെ കണ്ണിലൂടെ ഞാന്‍ കണ്ട അമ്മിണിയോപ്പ്പ്പോള്‍.

പിന്നീട്‌,പലപ്പോഴും അമ്മിണിയോപ്പോള്‍ അവ്യക്തമായി പതിഞ്ഞ സ്വരത്തില്‍ എന്തൊക്കെയൊ പിറുപിറുക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി.അതും വളരെ സാധാരണ മട്ടില്‍ തന്നെ.എന്നോടെന്തൊ പറയുകയാണ്‌ എന്നു കരുതി ഞാന്‍ പലതവണ അരികത്തു ചെന്നു ചോതിച്ചിട്ടുണ്ട്‌.പക്ഷെ അതിന്‌ എനിയ്ക്കു മറുപടിയൊ,ഒരു നൊട്ടമൊ പോലും കിട്ടിയിരുന്നില്ല.എന്നാല്‍ അവിടെയാരും അമ്മിണിയോപ്പോളുടെ ആ "പിറുപിറുക്കല്‍" അത്ര കാര്യമായി എടുക്കുന്നില്ലെന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കി.അമ്മിണിയോപ്പോള്‍, അങ്ങിനെ പ്രത്യേകിച്ച്‌ ആരുടെയും മുഖത്ത്‌ നോക്കി ഒന്നും സംസാരിയ്ക്കുന്നില്ലെന്ന് ഞാനറിഞ്ഞു തുടങ്ങി."എന്താ അമ്മിണിയോപ്പോളേ.."എന്നുള്ള സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുശലാന്വേഷണമൊ,ഒരു യാത്രയ്ക്കു പോകുമ്പോള്‍ "അമ്മിണിയോപ്പോളേ,പോയി വരട്ടെ..ട്ടൊ" എന്ന ഒരു യാത്ര പറച്ചിലൊ,ഇതിലൂടെയൊക്കെയായിരുന്നു അധികവും എല്ലാവരും ആശയവിനിമയം നടത്തിയിരുന്നത്‌.അതിനും അമ്മിണിയോപ്പോള്‍ പ്രത്യേകിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.

തളത്തിലെ ജനാലയ്ക്കടുത്തുള്ള ഒരു കട്ടിലിലായിരുന്നു അമ്മിണിയോപ്പോളുടെ ലോകം എന്നെനിയ്ക്കു തോന്നിയിരുന്നു.അവിടേയ്ക്കു ഓടി എത്താറുള്ള പൂച്ചകളോട്‌ അമ്മിണിയോപ്പോള്‍ യഥേഷ്ടം സംസാരിയ്ക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.അമ്മിണിയോപ്പോള്‍ രാവിലെ എണീയ്ക്കുമ്പോള്‍ ആ പൂച്ചകളും ഒപ്പം എണീറ്റു വരുന്നതു ഞാന്‍ കൗതുകത്തോടേ നോക്കി നിന്നിട്ടുണ്ട്‌.അവയോടുള്ള അമ്മിണീയോപ്പോളുടെ സ്നേഹം എന്നെ അദ്ഭ്ഭുതപ്പെടുത്തിയിരുന്നു.ഒരമ്മയ്ക്ക്‌ തന്റെ മക്കളോടുള്ള വാത്സല്ല്യത്തിനു തത്തുല്ല്യമായ എന്തൊ ഒരു വികാരം ആ മുഖത്ത്‌ ഉണ്ടാകുന്നതായി എനിയ്ക്കു തോന്നിയിട്ടുണ്ട്‌!.

പിന്നീട്‌ ഞാന്‍ "അവിടത്തെ അമ്മയില്‍" നിന്നും അമ്മിണിയോപ്പോളെ കുറിച്ച്‌ കൂടുതല്‍ അറിഞ്ഞു തുടങ്ങി.അമ്മിണിയോപ്പോളുടേ യഥാര്‍ഥ നാമം ഗൗരി എന്നായിരുന്നു ത്രെ."അമ്മിണീ" എന്നത്‌ വിളിപ്പേരും.കുട്ടിക്കാലത്ത്‌ ഒരിയ്ക്കല്‍ കുളിയ്ക്കാന്‍ പോയപ്പോള്‍ എന്തോ കണ്ട്‌ പേടിച്ചു.അതിനു ശേഷം അമ്മിണിയോപ്പോള്‍ ആരോടും അധികം മിണ്ടാതെയായി..എല്ലാവരെയും അറിയാം ,പക്ഷെ ഒന്നും മിണ്ടില്ല.അങ്ങിനെതന്നെ മാറ്റങ്ങള്‍ ഒന്നും വരാതെ അമ്മിണിയോപ്പോള്‍ വളര്‍ന്നു.എല്ലാം മനസ്സിലാവും ,പക്ഷെ ഒന്നും അറിഞ്ഞതായി നടിയ്ക്കില്ല.പിന്നീട്‌ തന്റെ അമ്മയുടെ മരണ ശേഷം,തന്റെ സഹോദരങ്ങളുടെ വീടുകളില്‍ മാറി മാറി താമസിച്ചിരുന്ന അമ്മിണിയോപ്പോള്‍ ഇടയ്ക്കെപ്പൊഴൊ തന്റെ ഏറ്റവും ഇളയ സഹോദരന്റെ [എന്റെ കണവന്റെ അച്ഛന്റെ] വീട്ടില്‍ [എന്റെ ഭര്‍ത്ര് ഗ്രഹത്തില്‍] സ്ഥിര താമസമാക്കിയത്രെ.അതിനുള്ള കാരണം ആരും ചോതിച്ചതുമില്ല,ആ ഇഷ്ടത്തിന്‌ ആരും എതിരും നിന്നില്ല.

ആ കാലത്ത്‌ അമ്മിണിയോപ്പോള്‍ക്ക്‌ ഒരു ശീലമുണ്ടായിരുന്നുവത്രെ,എന്തിനാണ്‌ ഏതിനാണ്‌ ഒന്നുമറിയില്ല,ഇടയ്ക്ക്‌ കൈ കൊണ്ട്‌ മാറത്ത്‌ ആഞ്ഞടിച്ച്‌ ഉറക്കെ ഉറക്കെ എന്തൊക്കെയൊ പറയുമായിരുന്നുവത്രെ.വീടും കുട്ടിയേയും അമ്മിണിയോപ്പോളെ ഏല്‍പ്പിച്ചിട്ടാണ്‌ അമ്മ സ്കൂളില്‍ പോയിരുന്നത്‌.അമ്മ തിരിച്ചു വന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ അതുപോലെ പറയുകയും വീടു ശ്രദ്ധാപൂര്‍വം നോക്കുകയും ചെയ്തിരുന്നു അമ്മിണിയോപ്പോള്‍.സ്ക്കുളില്‍ പോകുമ്പോള്‍ ചിലപ്പോള്‍ അമ്മ കാണുന്ന രംഗം- ഒരു കൈ കൊണ്ട്‌ കുട്ടിയെ മാറത്ത്‌ അടുക്കി പിടിച്ച്‌ മറു കൈ കൊണ്ട്‌ മറ്റേ മാറത്ത്‌ ആഞ്ഞടിയ്ക്കുന്നതാവും!പക്ഷെ ഒരു കാരണവശാലും കുട്ടിയെ പിടിവിടുകയൊ,ആര്‍ക്കും കൈ മാറുകയൊ ചെയ്യില്ല എന്ന വിശ്വാസമാണ്‌ അത്‌ കണ്ട്‌ സ്ക്കൂളിലേയ്ക്ക്‌ ഓടുന്ന അമ്മയുടെ നെഞ്ചിടിപ്പ്‌ കുറച്ചിരുന്നതത്രെ!

അമ്മിണിയോപ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല.സ്വഭാവത്തിലെ വ്യത്യാസങ്ങള്‍ കാരണം ഒരു പക്ഷെ, അന്നത്തെ സാഹചര്യത്തില്‍,ആരും അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടുണ്ടാകില്ല.പക്ഷെ അമ്മിണിയോപ്പോള്‍ക്ക്‌ എന്നും ചെറിയ കുട്ടികളോട്‌ പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു എന്നത്‌ സത്യം തന്നെ.

പിന്നീട്‌ ഒരിയ്ക്കല്‍ ഞാന്‍ നാട്ടില്‍ എത്തിയ സമയത്ത്‌,അമ്മിണിയോപ്പോള്‍ ഒന്ന് വീഴുകയുണ്ടായി.ഒരു കാലിന്റെ പാദത്തിനു മുകളിലായി ചെറുതായി ഫ്രാക്ച്ചര്‍ ആയി.അങ്ങിനെ തളത്തില്‍ നിന്നും അകത്തെ മുറിയിലെ കട്ടിലില്‍ കിടപ്പിലായി.ആ കാലില്‍ അധികം ബലം കൊടുക്കരുതെന്ന ഡോക്റ്റരുടെ നിര്‍ദ്ദേശ്ശ പ്രകാരം തീര്‍ത്തും കിടക്കുന്ന അവസ്ഥയിലായി.അതുവരെ ഒരാവശ്യത്തിനും ആരെയും വിളിയ്ക്കാത്ത അമ്മിണിയോപ്പോള്‍ കിടപ്പിലായതിനു ശേഷം തന്റെ ആവശ്യങ്ങള്‍ക്ക്‌ മറ്റുള്ളവരെ വിളിയ്ക്കാന്‍ നിര്‍ബന്ധിതയായി.ആ ഒരു കാലഘട്ടത്തിലാണ്‌ എന്നു തോന്നുന്നു,എനിയ്ക്ക്‌ അവരുമായി ഒരു ബന്ധം സ്ഥാപിയ്ക്കാന്‍ കഴിഞ്ഞത്‌.അമ്മയേയും അടുത്തുള്ള വല്ല്യമ്മയേയുമൊഴിച്ച്‌ വേറെയാരേയും സഹായത്തിന്‌ അടുപ്പിയ്ക്കാത്ത അമ്മിണിയോപ്പോള്‍ ഇടയ്ക്കൊക്കെ എന്നേയും പേരെടുത്ത്‌ വിളിച്ചു തുടങ്ങിയിരുന്നു.ആ അവ്യക്തമായ സംസാര ശൈലി എനിയ്ക്കു പരിചിതമായി തുടങ്ങി.അമ്മിണിയോപ്പോളുടേ ആ വിളി,എന്നോടുള്ള എന്തൊ ഒരു അടുപ്പത്തിന്റെ തെളിവായി തന്നെയാണ്‌ ഞാന്‍ കണക്കാക്കിയിരുന്നത്‌,അതൊ അങ്ങിനെ കരുതാനാണ്‌ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്‌ എന്ന് പറയുന്നതാവുമൊ കൂടുതല്‍ ശരി? അറിയില്ല.

അങ്ങിനെ കുറെ കാലത്തെ ആ കിടപ്പിനു ശേഷം,വീണ്ടും അമ്മിണിയോപ്പോള്‍ ഒരു "വാക്കറിന്റെ" സഹായത്താല്‍ കുറേശ്ശെ എണീറ്റു നടന്നു തുടങ്ങി.കാലങ്ങള്‍ കഴിഞ്ഞ്‌ ഞാന്‍ നാട്ടിലുള്ള മറ്റൊരു അവസരത്തില്‍ വീണ്ടും മറ്റെ കാല്‍ ഫ്രാക്ച്ചര്‍ ആവുകയും പിന്നെ തീര്‍ത്തും കിടപ്പിലാവുകയും ചെയ്തു.കൂടാതെ പ്രമേഹവും അവരെ കൂടുതല്‍ തളര്‍ത്തി.അമ്മിണിയോപ്പോളുടെ ഇഷ്ടപ്പെട്ട ഭക്ഷണമായ ചക്ക, മാങ്ങ എല്ലാം തീര്‍ത്തും ഒഴിവാക്കി.ഭക്ഷണ പ്രിയ ആയിരുന്ന അമ്മിണിയോപ്പോളുടെ ഭക്ഷണത്തിന്റെ അളവ്‌ വല്ലാതെ കുറഞ്ഞു തുടങ്ങി.ശരീരം ക്ഷീണിച്ചു വന്നു.

കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ അമ്മിണിയോപ്പോള്‍ തീര്‍ത്തും കിടപ്പിലായിരുന്നു.70-ആം പിറന്നാള്‍ എല്ല ബന്ധുക്കളും കൂടി ആഘോഷിച്ചു.അന്നത്തെ, മുണ്ടിന്റെ ഒപ്പമുള്ള ഒരു വേഷ്ടിയും,നെറ്റിയിലെ പൊട്ടും ചന്ദനക്കുറിയും ആ മുഖത്തിന്റെ "ചൈതന്യം" കൂട്ടിയതായി എല്ലാവര്‍ക്കും തോന്നി. അതിന്റെ പിറ്റെ ദിവസം മുതല്‍ അമ്മിണിയോപ്പോള്‍ തീരെ അവശ നിലയിലായി.വ്ര്‌ക്കയുടെ പ്രവര്‍ത്തനം മന്ദ ഗതിയിലായി.ഭക്ഷണം തീരെ അകത്തു ചെല്ലാതെയായി.എന്തൊക്കെയൊ പന്തികേടുകള്‍ എല്ലാവരുടെയും മനസ്സില്‍ രൂപം കൊണ്ടു.പക്ഷെ ആരും പരസ്പരം ഒന്നും പറയാതെ മാറി മാറി ശുശ്രൂഷിച്ചു.മരുന്നുകള്‍ കൊടുത്തു."പിറുപിറുക്കല്‍" തീര്‍ത്തും നിലച്ചു.ഒന്നു തിരിഞ്ഞു കിടക്കല്‍ പോലും ശ്രമകരമായി.അങ്ങിനെ ഒരാഴ്ചത്തെ കിടപ്പിനു ശേഷം കര്‍ക്കടക മാസം ഒന്നാം തിയ്യതി രാത്രി അമ്മിണിയോപ്പോള്‍ ഞങ്ങളൊട്‌ വിട പറഞ്ഞു.

ശാന്തമായ മരണം എന്നു തന്നെ പറയാമെന്നു തോന്നുന്നു,കുറഞ്ഞത്‌ കാണുന്നവരെ സംബന്ധിച്ചെങ്കിലും..പക്ഷെ അവസാനത്തെ ഒരാഴ്ച അമ്മിണിയോപ്പോള്‍ എന്തൊക്കെയൊ വേദനകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്‌.പക്ഷെ പതിവു പോലെ അപ്പോഴും ഒന്നും പുറത്ത്‌ പ്രകടിപ്പിയ്ക്കാതെ മിണ്ടാതെ കിടന്നു.അവസാനത്തെ കുറച്ചു മണിക്കൂറുകളില്‍ ബോധം തീര്‍ത്തും നശിച്ചിരുന്നു.ഞങ്ങളുടെ മാറി മാറിയുള്ള വിളികളൊന്നും അമ്മിണിയോപ്പോള്‍ കേട്ടിരുന്നില്ല.

"ആരെയും ബുധിമുട്ടിയ്ക്കാതെയും സ്വയം യാതനകളൊന്നുമനുഭവിയ്ക്കാതെയും അമ്മിണിയോപ്പോള്‍ പോയി,ഭാഗ്യവതിയാണ്‌" എന്നു എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു.ശരീരം കൊണ്ട്‌ മാത്രം തന്റെ സാന്നിധ്യം അറിയിച്ചിരുന്ന അമ്മിണിയോപ്പോളുടെ മനസ്സ്‌ എന്നും മറ്റുള്ളവര്‍ക്ക്‌ അഞ്ജാതമായിരുന്നു.സ്വയം എന്തൊക്കെയൊ പിറുപിറുത്തിരുന്നതും ഇടയ്ക്ക്‌ മാറത്ത്‌ അടിച്ചിരുന്നതും മനസ്സിലെ ഏതെങ്കിലും വേദനകളുടെ പ്രതിഫലനമായിരുന്നുവൊ? ഒരു കുടുംബ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ ആ മനസ്സില്‍ എന്നെങ്കിലും ഉണ്ടായിരുന്നുവൊ? എന്തായാലും,അമ്മിണിയോപ്പോളെ ഒരുപോലെ സ്നേഹിയ്ക്കുകയും ശുശ്രൂഷിയ്ക്കുകയും ചെയ്തിരുന്ന തന്റെ പ്രിയപ്പെട്ടവരുടെ നിറഞ്ഞ സാന്നിധ്യത്തില്‍ ,അധികം നരകിയ്ക്കാതെ ശാന്തമായി മരണത്തിലേയ്ക്ക്‌ പ്രവേശിയ്ക്കാന്‍ കഴിഞ്ഞതില്‍ ഒരുപക്ഷെ അവരുടെ ആത്മാവ്‌ സന്തോഷിയ്ക്കുന്നുണ്ടായിരിയ്ക്കും- എന്ന് ഞങ്ങളെല്ലാവരും വിശ്വസിയ്ക്കുന്നു.

എല്ലാവരും എന്നോട്‌ പറഞ്ഞു-"അമ്മിണിയോപ്പോള്‍ ഏറ്റവും അധികം നോക്കിയിരുന്നത്‌ അവനെയായിരുന്നു"[എന്റെ കണവനെ].അതുകൊണ്ട്‌ തന്നെ "അവനോട്‌" പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു."അവസാന സമയത്ത്‌ ഒപ്പം നില്‍ക്കാന്‍ അവന്‌ സാധിച്ചില്ലെങ്കിലും അവന്റെ ഭാര്യയ്ക്ക്‌ സാധിച്ചുവല്ലൊ" എന്ന്.അതും ഒരു നിയോഗമായിരുന്നിരിയ്ക്കാം.വിറയ്ക്കുന്ന കാലുകളോടെ അവസാന ശ്വാസം വലിയ്ക്കുന്നത്‌ കണ്ട്‌ കൊണ്ട്‌ അമ്മിണിയോപ്പോളുടെ അടുത്ത്‌ മരവിച്ചു നിന്നിരുന്ന നിമിഷങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു..