Showing posts with label വായന.. Show all posts
Showing posts with label വായന.. Show all posts

Sunday, February 14, 2016

അതിരു തകരുന്ന സഞ്ചാരം

A free translation attempt of "way beyond" from Twilight Musings 

അതിരുകൾക്കപ്പുറത്തേയ്ക്ക് ...

നിങ്ങൾക്കെന്നെ വാക്കുകളുടെ ചങ്ങലയിൽ കുടുക്കണം. സമചതുരങ്ങളുടെ തടവറയിലാക്കണം. നിങ്ങൾക്കെന്നെ നിർവ്വചിക്കണം. നിങ്ങൾക്കെന്നെ നിരൂപിക്കാനായിയെന്ന അവകാശവാദം ഉന്നയിക്കണം, നിങ്ങൾക്കെന്നെയാകെ തിട്ടപ്പെടുത്തണം. നിങ്ങൾക്ക് പലതരത്തിൽ പരിശോധിക്കണം, തെളിയിക്കണം, വിശകലനം ചെയ്യണം, കീറിമുറിച്ച് പരിശോധിക്കണം. നിങ്ങൾ തന്നെ നിർമ്മിച്ചെടുത്ത മാനദണ്ഡങ്ങൾക്കകത്ത് എന്നെ നിർത്തി നിങ്ങൾക്ക് സംതൃപ്തിയടയണം. നിങ്ങൾ കരുതിക്കൂട്ടിയുണ്ടാക്കുന്ന നിയമങ്ങളെ ഞാൻ ആചരിക്കുവാൻ, നിങ്ങൾ നെയ്തെടുക്കുന്ന ചിട്ടവട്ടങ്ങളിൽ ഞാൻ നിലകൊള്ളുവാൻ, നിങ്ങൾ പറയുന്ന വസ്തുതകളെ കർക്കശമായി ഞാൻ പിൻപറ്റണമെന്ന് നിങ്ങൾ കരുതുന്നു.

നിങ്ങൾക്കെന്നെ പരിമാണപ്പെടുത്തണം, തട്ടിച്ചു നോക്കണം, ഞാൻ വിശദീകരിക്കപ്പെടണം.

നിങ്ങൾക്കെന്നെ വാക്കുകളിലൂടെ പട്ടികകളിൽ, രേഖാരൂപങ്ങളിൽ  മേച്ചിൽക്കയറിട്ടു നിര്ത്തണം. മനുഷ്യ ധിഷണയാൽ ഞാൻ മുഴുവനായും മറയ്ക്കെപ്പെടുന്നു എന്ന് നിങ്ങൾ കരുതുമ്പോൾ നിങ്ങൾ അവേശഭരിതരാകുന്നുണ്ട്, അതിനപ്പുറത്തേയ്ക്ക് എനിക്ക് നിലനിൽപ്പില്ലെന്ന് കരുതുന്നുണ്ട്. നിങ്ങളെന്നെ മുഴുവനായി നിരൂപിച്ചെടുത്തുവെന്ന് സ്വയം നിങ്ങളെ നിങ്ങൾ അഭിനന്ദിക്കുന്നുണ്ട്.

പക്ഷേ... നിങ്ങൾക്ക് തെറ്റിപ്പോയി! എന്നെ അതിനു കിട്ടുകയില്ല! ഞാനതിനു യോജിച്ചവളല്ല! വാക്കുകളുടെ, വ്യാഖ്യാനങ്ങളുടെ തടവറയിലാക്കുവാനോ, ചങ്ങലകളിൽ കുടുക്കുവാനോ എന്നെ നിങ്ങൾക്ക്  കിട്ടുകയില്ല. വസ്തുതകളിലൂടെയോ, രൂപങ്ങളിലൂടേയോ നിങ്ങൾക്കെന്നെ പിടികിട്ടുകയില്ല, എന്നെ രൂപപ്പെടുത്താനാവുകയില്ല. നിങ്ങളുടെ എക്സും വൈയും ആയുള്ള വെട്ടിച്ചുരുക്കലുകൾക്ക് അതീതമായി ഞാൻ വ്യാപിക്കുന്നുണ്ട്.

ഞാൻ അഞ്ജാതങ്ങളായ പല പ്രദേശങ്ങളിൽ, മനുഷ്യബുദ്ധി സഞ്ചരിയ്ക്കാത്ത പല സഞ്ചാരങ്ങളിൽ അലഞ്ഞുതിരിഞ്ഞെന്നിരിയ്ക്കും. ഞാൻ അതിർത്തികൾക്കും, നിർവ്വചനങ്ങൾക്കും കുറുകേ എന്നെതന്നെ വിസ്തൃതപ്പെടുത്തി എന്നും വരും. അദൃശ്യയാണ് ഞാൻ. ഞാൻ ദുർഗ്രഹമാണ്. നിങ്ങളുടെ പരിമിതമായ ബുദ്ധിശക്തി കൊണ്ട് എന്നെ പിടികൂടാമെന്ന് നിങ്ങൾ എന്തടിസ്ഥാനത്തിൽ മോഹിക്കുന്നു? അതും എന്നെ നിങ്ങൾക്ക് മുഴുവനായി ഒന്ന് കാണാൻകൂടി കഴിയാതിരിക്കുമ്പോൾ?

നിങ്ങളുടെ ചുരുട്ടിയ മുഷ്ടിക്കുള്ളിൽ നിന്നും മണൽത്തരികളെ പോലെ ഞാൻ രക്ഷപ്പെടും. ഞാൻ നിങ്ങൾ ശ്വസിക്കുന്ന വായുവിൽ ഉണ്ട്. വായുവില്ലാത്തതിലും ഉണ്ട്. ഞാൻ ശൂന്യതയിലുണ്ട്. ശൂന്യാകാശത്തുണ്ട്. പ്രകടിപ്പിക്കാനാവാത്ത ചിന്തകളിൽ നിലനിക്കുന്നുണ്ട്, ഗ്രഹിച്ചെടുക്കാനാവാത്ത വൈകാരികതകളിൽ ഉണ്ട്, നിങ്ങളുടെ നിശ്വാസത്തിലുണ്ട്, എന്തിന്! നിങ്ങളുടെ ഒരു കോട്ടുവായയിലുണ്ട്. അക്ഷരമാലകൾക്ക് ഒരിക്കലും എന്നെ ചൂഴ്ന്ന് മതിവരില്ല, ഭാഷ എന്നും ഒരു കുറവ് മാത്രമായിരിക്കും.

കടൽതീരത്തുള്ള മണൽത്തരികളേക്കാൾ തരിയാണ് ഞാൻ. കടലിലെ മുഴുവൻ ഉപ്പിനേക്കാൾ ഉപ്പാണ് ഞാൻ. ഉത്തരധ്രുവങ്ങളിലെ ഹിമപാളികളേക്കാൾ തണുത്തുറഞ്ഞതാണ് ഞാൻ. നിങ്ങളുടെ കണ്ണുകളിലെ കണ്ണുനീരിനേക്കാൾ ആഴമുള്ളതാണ് ഞാൻ. ഭൂമിയുടെ അടിയിലേക്ക് വളഞ്ഞുപുളഞ്ഞു പോകുന്ന വേരുകളിലുണ്ട് ഞാൻ, മുളപൊട്ടുന്ന ഇലകളിലും, ഉണങ്ങിവീഴുന്ന ഇലകളിലും ഉണ്ട്, ഇനിയും വിരിയാത്ത മൊട്ടുകളിൽ ഉണ്ട്.

മഴവില്ലിലെ വർണ്ണങ്ങൾക്കും അതീതമായ വർണ്ണമാണ് ഞാൻ, കാതിൽ വാങ്ങാവുന്നതിലും അപ്പുറമുള്ള ശബ്ദമാണ്. ഒരു കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കത്തേക്കാൾ പ്രകാശമുള്ളതാണ്. ഞാൻ സഞ്ചരിക്കുന്നത് അഭ്യസനങ്ങൾക്കും അപ്പുറത്തേയ്ക്കാവും, എല്ലാ ഗ്രഹണശക്തികൾക്കും അതീതമായിരിക്കും, എല്ലാ അനുഭവങ്ങൾക്കും അതീതമായിരിക്കും. എന്നിട്ടും എന്നെ രൂപപ്പെടുത്തിയെടുക്കാൻ എന്തിനാണിത്ര അതികാംക്ഷ? നിങ്ങളുടെ പിടി മുറുക്കമുള്ള കൊളുത്തിലേയ്ക്ക് എന്തിനെന്നെ കോർക്കുന്നു? എന്തിനു വ്യാകരണങ്ങളുടേയും ആകാരഘടനകളുടേയും ബന്ധനങ്ങളിൽ എന്നെ തളയ്ക്കുന്നു?

നോക്കൂ... ഞാനിതിനുമൊക്കെ മുമ്പേ നിലനിന്നിരുന്നു!

അതിർത്തികൾക്കും, പരിമിതികൾക്കും, സങ്കല്പങ്ങൾക്കും, നിർവ്വചനങ്ങൾക്കും അതീതമായും ചിലതുണ്ടാവാമെന്ന് അംഗീകരിക്കാൻ എന്താണിത്ര ബുദ്ധിമുട്ട്? അങ്ങിനെ ഉൾക്കൊള്ളുവാൻ  ഇത്രയ്ക്ക് ബുദ്ധിമുട്ടുണ്ടോ?

ഞാൻ ഒരുപാട്, ഒരുപാടൊരുപാട് അകലെയാണ്. നിങ്ങളുടെ കാഴ്ചയ്ക്കുമപ്പുറം. ദൂരെയുള്ള ചക്രവാളത്തിനും അപ്പുറം.

എന്താണു ഞാൻ?

NOTE : A free translation attempt of way beyond from  Twilight Musings 

Thursday, February 16, 2012

“പൂർവ്വ പുണ്യത്തിന്റെ ഒരു തണുത്ത കയം“ - ആതി

നോവല്‍ - ആതി
ലേഖിക - സാറാ ജോസഫ്‌.
പ്രസാധകര്‍ - കറന്റ് ബുക്സ്‌.

സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവൽ - “ആതി” വായിച്ചു മുഴുമിപ്പിച്ചതേയുള്ളു.
ജലത്തിനും ജീവനും വേണ്ടി ഒരു ‘പ്രാർത്ഥന‘ ആയി അവരെഴുതിയ ഈ പുസ്തകം വായിച്ച അനുഭവം ഇവിടെ എഴുതിയിടാമെന്നു തോന്നി.
അവരുടെ പ്രാർത്ഥനയിലേയ്ക്കു ഏതെങ്കിലും തരത്തിലൊരു പങ്കു ചേരലെന്നോണം...

ഒരിടത്തൊരു ആതി എന്ന ദേശം...

പ്രകൃതിയുടെ അമൂല്യവരദാനങ്ങളിൽ ഒന്നായ ജലം- ജലത്തിന്റെ കഥ പറയുന്ന 'ആതി' - ആതിയെ പോലുള്ള കായലുകളാലും, വയലുകളാലും, കണ്ടൽക്കാടുകളാലും ചുറ്റപ്പെട്ട ഭൂപ്രദേശങ്ങളും, ഇവിടങ്ങളിലെ മണ്ണും വെള്ളവുമായി ഒന്നുചേർന്നു ജീവിയ്ക്കുന്ന ഒരു ജനവിഭാഗം തന്നേയും നമുക്കെന്നന്നേയ്ക്കുമായി നഷ്ടമായിക്കഴിഞ്ഞോ, അഥവാ നഷ്ടപ്പെടുന്നതിൽ നിന്നും രക്ഷെപ്പെടുത്താനാവാത്ത വിധത്തിലുള്ള ഒരു പരിതസ്ഥിതി തന്നെ വന്നുചേർന്നുവോ എന്നൊരു ഭീതി ഈ പുസ്തകം അറിയാതെ ജനിപ്പിയ്ക്കുന്നുണ്ട്. ആ ഭീതി, ഒരുപക്ഷേ നിലനില്പിനെതിരെ പരോക്ഷമായും പ്രത്യക്ഷമായും പൊട്ടിപ്പുറപ്പെടുന്ന വന്‍ ഭീഷണികളുടേതാവാം, അടുത്ത തലമുറയിലേയ്ക്കു ഉത്തരവാദിത്തത്തോടെ പകർന്നു നൽകേണ്ട സംസ്ക്കാരം/മൂല്യങ്ങൾ തന്നെ ഈയിടെയായി മണ്ണടിഞ്ഞു പോകുന്നുവോ എന്നു തുടങ്ങുന്ന ആശങ്കകളുടേതുമാവാം.

“ആതി ഒരു സ്വപ്നലോകമോ, സങ്കല്പദേശമോ അല്ല. ആതിക്കു സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട്! അവസാനത്തെ മരം പോലെ, അവസാനത്തെ പുഴ പോലെ, ചില മനസ്സുകൾ, ചില ഭൂവിഭാഗങ്ങൾ...” എന്നു തന്റെ കുറിപ്പിൽ എഴുത്തുകാരി പ്രത്യേകം ഓർമ്മിപ്പിയ്ക്കുന്നുണ്ടെങ്കിലും...



വെള്ളത്തിനു മുകളിൽ പൊങ്ങികിടക്കുകയാണത്രേ "ആതി" എന്ന ദേശം. ആതിയ്ക്കു വെള്ളവുമായി അഭേദ്യമായ ബന്ധമാണുള്ളതു്. അവിടത്തെ വെള്ളത്തിനും മണ്ണിനും നെൽ‌വിത്തുകൾക്കും ഒക്കെ പറയാനുണ്ട് ഒരുപാട് പഴക്കമുള്ള കഥകൾ. ആ കഥകളൊക്കെ ഒരു ദേശത്തിന്റെ സംസ്ക്കാരമായി രൂപം കൊള്ളുകയാണ്. ആ കഥകളും അതിലെ കഥാപാത്രങ്ങളും, അവിടത്തെ നീർച്ചാലുകളും, ചതുപ്പും, വെള്ളവും, മീനുകളും, കക്കകളും, നെൽ‌വയലുകളും, കാടുകളും, പക്ഷികളും എന്നുവേണ്ട, ഒരു പുല്‍ക്കൊടി വരെ ആ ദേശവാസികളുടെ ഉള്ളിന്റെയുള്ളിലെ അടിത്തട്ടുകളിൽ മിടിച്ചുകൊണ്ടിരിയ്ക്കുന്ന ജീവശ്വാസമാണ് - നിലയ്ക്കാത്ത, ജീവന്റെ ഉറവകളാണ്!
ഇവ എല്ലാം ചേര്‍ന്നുണ്ടാകുന്ന ആതി എന്ന ദേശം മനോഹരമായ, സ്വപ്ന സദൃശമായ ഒരു ലോകമായി വായനയിലേയ്ക്കൊഴുകിയെത്തുകയാണ്...

ആതിയുടെ കഥാ സായാഹ്നങ്ങൾ-



കഥകള്‍ പങ്കുവെയ്ക്കുന്ന സായാഹ്നങ്ങള്‍ 'ആതി'ദേശത്തിന്‍റെ ഒരു സവിശേഷതയാണ്. കഥകൾ കേട്ടുവളരുന്ന ആതിയിലെ കുഞ്ഞുങ്ങളുടെ ഇടയിലേയ്ക്കു നമ്മുടെ കുഞ്ഞുങ്ങളേയും പിടിച്ചിരുത്താൻ കൊതിച്ചുപോകും. കുഞ്ഞുങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും ചെന്നിരിയ്ക്കാം ആതിയിലെ കഥാസായാഹ്നങ്ങളിൽ... അതവരുടെ പാരമ്പര്യമാണ്. ചിട്ടകൾ തെറ്റിച്ചു കൂടാത്ത ഒരനുഷ്ഠാന കർമ്മമാണ്. ദേശവാസികളോരോരുത്തരും ഗൌരവപൂർണ്ണമായി പങ്കെടുക്കുന്ന, പുനർചിന്തനങ്ങൾക്കു വഴിതുറന്നുകൊടുക്കുന്ന ഒരു ഒത്തുകൂടലാണ്.

ആതിയിലേയ്ക്ക് 'കഥാ സായാഹ്നങ്ങളി'ലേയ്ക്കായെത്തി ചേരുന്ന ഊരുതെണ്ടികളായ കഥപറച്ചിലുകാർ, കഥ പറയുന്ന രീതികളും ചിട്ടകളും, കഥ കഴിഞ്ഞാൽ അതെങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്ന ചോദ്യവും, അതിൽ വിവരിയ്ക്കപ്പെടുന്ന ഒരുപിടി കഥകളും എല്ലാം നമ്മുടെയുള്ളിന്റെയുള്ളിലേയ്ക്കു തള്ളിക്കയറി വരുന്നു.

ആതിയിലെ സമാധാനത്തിനെതിരായി പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്നങ്ങളിൽ ദേശവാസികൾക്കും, വായനക്കാർക്കും ഒരുപോലെ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശുഭ സൂചകങ്ങളായി കഥാ സായാഹ്നങ്ങളിലെ കഥകൾ പലപ്പോഴായി കടന്നുവരുന്നു.

അങ്ങനെ ആതിയിലെ ഈ കഥാ സായാഹ്നങ്ങളെ‍, നോവല്‍ ചിട്ടയോടെ കെട്ടിപ്പടുത്തുയര്ത്തുവാന്‍ മാത്രമല്ല, തന്റെ വീക്ഷണങ്ങളും, കാഴ്ചപ്പാടുകളും വായനക്കാരിലെയ്ക്കെത്തിയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു ഉപാധിയായും അതാത് സ്ഥാനങ്ങളില്‍ എഴുത്തുകാരി അഴകോടെ  ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് കാണാം.

എന്നാല്‍ ഒരു ഘട്ടത്തില്‍, ശരിതെറ്റുകൾക്കു വേണ്ടി ദേശത്തിന്റെ രണ്ടു ഭാഗത്തുനിന്നും ആയുധങ്ങളെടുക്കപ്പെടുമ്പോൾ, ആയുധങ്ങളിലൂടെയല്ല ആതിയെ രക്ഷിയ്ക്കേണ്ടതെന്നു പറയുകയും ചിന്തിയ്ക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിഷ്പക്ഷത പാലിച്ചുകൊണ്ട്, ആതിയുടെ സംസ്ക്കാരങ്ങളെ, ഇരുട്ടിനെ, തണുപ്പിനെ, അന്നത്തെ, ജലത്തെ, സമാധാനത്തെ രക്ഷിച്ചെടുക്കാൻ പെടാപാടു പെടുന്നുണ്ട് .
‘ശരി‘യ്ക്കുവേണ്ടി മനസ്സു കൊണ്ടു അവര്‍ ശക്തമായി നിലകൊള്ളുമ്പോഴും, എവിടെനിന്നെന്നില്ലാതെ ഉയര്‍ന്നു പൊങ്ങുന്ന ഭീഷണിമുഴക്കങ്ങളുടെ ആര്‍ത്തനാദം അവരിലുണ്ടാക്കുന്ന ഒട്ടും ചെറുതല്ലാത്ത മാനസിക സംഘർഷങ്ങൾ ആതി ദേശത്തിന്റെ പരിസ്ഥിതിയ്ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളുടെ ഗൌരവത്തെ സൂചിപ്പിയ്ക്കുന്നുണ്ട് . ശരിയേത്, തെറ്റേത് എന്നു വേർതിരിച്ചെടുക്കാനാവത്ത വിധത്തിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന സ്ഥി തിവിശേഷങ്ങള്‍  വായനക്കാരെ ഭീതിയിലകപ്പെടുത്തുന്നുമുണ്ട് .

ഇത്തരത്തില്, കഥകളും, വിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുന്ന  ഒരു ‍ 'സുന്ദര' ലോകത്തുനിന്നും പൊടുന്നനെയുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ഗൌരവതലങ്ങളിലേയ്ക്ക് അപ്പപ്പോള്‍ ഗതി മാറ്റുന്ന പ്രവൃത്തി അത്രയേറെ അയത്നലളിതമായി ‍നേര്‍ത്ത ഇഴകളെ‍ കൊണ്ട് അതി സൂക്ഷ്മം നെയ്തെടുത്തിട്ടുള്ളത് ഈ നോവലിലുടനീളം കാണാം.

അതിന്റെ ഭാഗമായി ആതിയിലെ ഇരുട്ടിന്റേയും, തണുപ്പിന്റേയും, നിശബ്ദതയുടേയും, മണ്ണിന്റേയും, വെള്ളത്തിന്റേയും 'രഹസ്യ'ങ്ങൾ പല അദ്ധ്യായങ്ങളിലൂടെയായി മനോഹരമായി അനാവരണം ചെയ്യപ്പെടുന്നു. എഴുത്തില്‍‍ രൂപപ്പെട്ടുവരുന്ന ഭാഷാസൌന്ദര്യം അതിന്റെ മാറ്റു കൂട്ടുന്നു.

കഥാപാത്രങ്ങള്‍ -

തന്റെ സ്വകാര്യ ദുഃഖങ്ങളെ, എല്ലു മുറിയെ പണിയെടുത്തു ജീവിയ്ക്കാനുള്ള ഇന്ധനമാക്കി മാറ്റി ഉറച്ച നിലപാടുകൾ മാത്രം ജീവിതത്തിൽ കൈകൊണ്ടിട്ടുള്ള കുഞ്ഞിമാതു എന്ന കരുത്തുറ്റ ഒരു  സ്ത്രീ കഥാപാത്രം ആതിയുടെ ഊർജ്ജമായി നിലകൊള്ളുമ്പോൾ, ചെറുപ്പത്തിന്റെ തുടിപ്പുകളായി ശൈലജയും പൊന്മണിയും നിലകൊള്ളുന്നു. മാർക്കോസും നൂറുമുഹമ്മദും ആതിയുടെ ഉള്‍ത്തടങ്ങളുടെ  സംഗീതമായൊഴുകുന്നു.
ഒടുക്കം, കഥാസായാഹ്നങ്ങളിലെ കഥകളെ ജീവിതത്തിലേയ്ക്കുപയുക്തമാക്കിയോ എന്നു സ്വയം ചോദിച്ച്, മനുഷ്യന്റെ വെള്ളത്തോടും മണ്ണിനോടുമുള്ള ആത്മീയബന്ധത്തിന്റെ മുറുക്കമറിഞ്ഞ്, സ്വന്തം ജീവിതം തന്നെ ‘സത്യ’ത്തിന്റെ സന്ദേശമാക്കി ആതിയിലെ സായാഹ്നങ്ങളിൽ ഒരിയ്ക്കൽ പറയപ്പെടാൻ പോകുന്ന ഒരു കഥയാക്കി മാറ്റുന്ന ദിനകരൻ ആതിയുടെ നിലനില്പിന്റെ പൊരുളാകുന്നു, ആത്മാവാകുന്നു.
ഇവരോടൊപ്പം ഭംഗിയിൽ വന്നു പോകുന്ന മറ്റനേകം കഥാപാത്രങ്ങളും വായനയ്ക്കൊപ്പം സഞ്ചരിയ്ക്കുന്നുണ്ട്.

എന്നാൽ ഇവരെയൊക്കെ ആതിയുമായി ഇത്രയ്ക്കധികം കൂട്ടിയിണക്കാൻ കാരണക്കാരനാകുന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട്. വികസനം എന്ന പേരിന്റെ മറവിൽ, മുന്നും പിന്നും നോക്കാതെ, സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ മടിയ്ക്കാത്ത ലാഭക്കൊതി മൂത്ത കഥാപാത്രം, അല്ലെങ്കിൽ കഥാപാത്രങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാൻ മുന്നിട്ടിറങ്ങുന്ന വൻ ഭീഷണികൾ. അതും ആതിയിലെ മണ്ണില്‍ തന്നെ പെറ്റുവീണ്, അവിടത്തെ വായു ശ്വസിച്ച് വളര്‍ന്നു വന്ന ആതിയുടെ മക്കള്‍.
ഇതിന്റെയൊക്കെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും, പ്രശ്നങ്ങളും ഇപ്പോഴത്തെ സാമൂഹ്യപരിതസ്ഥിതികളുമായി വളരെയധികം ഒന്നു ചേർന്നു പോകുന്നു, പ്രസക്തങ്ങളാകുന്നു. പ്രത്യേകിച്ചും ഇപ്പോൾ മാലിന്യനിക്ഷേപങ്ങൾക്കെതിരായി നടക്കുന്ന വിളപ്പിൽശാല പ്രക്ഷോഭങ്ങളും, ഭൂമികയ്യേറ്റങ്ങളും, കർഷകരുടെ പ്രശ്നങ്ങളും എല്ലാം ഒരൊറ്റ പുസ്തകത്തിലൂടെ  അടുത്തറിയുന്ന പോലെ - മനുഷ്യന്റെ നിസ്സഹായതകളെയല്ല, നിയമനൂലാമാലകളല്ല, രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, അവരുടെ ജീവന്റെ തുടിപ്പുകൾ നമുക്കു കേൾക്കാം - ആതിയിലെ ഒരുപിടി കഥാപാത്രങ്ങളിലൂടെ, അവിടത്തെ ഒഴുകുന്ന വെള്ളം പറയുന്ന ഈ  കഥയിലൂടെ...

 വിചിന്തനം

ആതി വായിച്ചവസാനിപ്പിയ്ക്കുമ്പോൾ ഒരുപിടി ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാവുന്നു... എങ്ങനെയായിരിയ്ക്കണം യഥാർത്ഥത്തിൽ ഒരു ദേശത്തിന്റെ വികസനം? ഇതൊരുപക്ഷേ കാലാകാലങ്ങളായി ആവര്‍ത്തിച്ചു കേട്ടുവരുന്ന വരുന്ന ഒരു ചോദ്യമാകാം.
അത് കേവലം ഒരു സ്ക്കൂളോ, ആശുപത്രിയോ, ബഹുനിലകെട്ടിടമോ, പൊതുനിരത്തോ പണിതുണ്ടാക്കിയിടുന്നതിൽ ഒതുങ്ങുന്നതാണോ ?  അതു മാത്രമാണോ വികസനം? അഥവാ ഒരു ദേശത്തിന്‍റെ വികസനം എന്നതിനു കൈവരുന്ന മാനങ്ങള്‍ എന്തെല്ലാം ?

ആതിയിലെ കഥാസായാഹ്നങ്ങൾ ഒരു കാര്യം തീര്‍ച്ചയായും  ചൂണ്ടിക്കാട്ടുന്നുണ്ട്. വികസനം എന്ന പദം മനുഷ്യമനസ്സുകൾക്കു കൂടി അത്യാവശ്യമായ, തത്തുല്യമായതോ അല്ലെങ്കിൽ അതിനുമേൽ പ്രാധാന്യമർഹിയ്ക്കുന്നതോ ആയ കാര്യമാണെന്നു ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
എന്താണീ മനസ്സിന്റെ വികസനം?
അതെങ്ങനെ സാദ്ധ്യമാക്കാം? സ്നേഹം, സത്യം, തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ക്ക് ജീവിതത്തില്‍  കൈവരുന്ന പ്രസക്തി എന്ത്? അഥവാ തത്വാധിഷ്ഠിതമായ ഒരു കാഴ്ചപ്പാട്‌ ഇന്നത്തെ പരിതസ്ഥിതിയില്‍  അസാദ്ധ്യമാണെന്നാണോ?

 പ്രകൃതിയുടെ സന്തുലനം  തച്ചുടച്ചും, മനുഷ്യമനസ്സുകളുടെ അടിത്തട്ടുകളിൽ കാലാകാലങ്ങളായി രൂപപ്പെട്ടുവരുന്ന സംസ്ക്കാരങ്ങളേയോ, ആചാരങ്ങളേയോ ഒരു ദിവസം പാടെ മായ്ച്ചുകളഞ്ഞും  വന്‍ വികസനപദ്ധതികൾ കൊണ്ടുവരുന്നതിലെ നിരർത്ഥകത ആതി കാണിച്ചുതരുന്നുണ്ട്.
ആതി എന്ന ഈ 'കഥ' എങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്നൊന്നു ചിന്തിയ്ക്കാൻ ഇതെല്ലാം വലിയൊരു പ്രേരണയേകുന്നു ...

പ്രകൃതി എന്ന ചിന്ത, അതിന്റെ ആഴം, വലുപ്പം, പ്രാധാന്യം ഒക്കെ നമ്മളിലോരോരുത്തരിലും അടിയുറച്ചുണ്ടാവേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി തന്നെ ചിത്രീകരിച്ചി രിയ്ക്കുന്നതിനോടൊപ്പം , മറ്റൊരു ചിന്ത വരുന്നത് ഇതാണ്. ഇത്തരം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളും, അടിച്ചമർത്തലുകളും നിസ്സഹായതകളോടെ നോക്കിനിലക്കാതെ, നാമോരോരുത്തരും എന്തെങ്കിലുമൊന്നു ചെയ്തു തുടങ്ങിയേ തീരൂ , മുകളിലത്തെ അറകളില്‍ നിന്നും താഴത്തെ മണ്ണിലേയ്ക്ക് ഇറങ്ങി വന്നേ മതിയാവൂ എന്ന് ഗൌരവപൂർവ്വം ആലോചിയ്ക്കേണ്ട സമയം അതിക്രമിച്ചു എന്നതു തന്നെയാണ്.
പക്ഷെ അതും എങ്ങനെ? തുടങ്ങേണ്ടത് എവിടെ നിന്നും?

 എഴുത്തുകാരി പറയുന്നതു ഇത്രമാത്രം -

“ഏറ്റവുമൊടുവിലായി, എന്റെ വായനക്കാരോട്, ഓരോ മനസ്സിലുമുണ്ട് പൂർവ്വപുണ്യത്തിന്റെ തണുത്ത കയങ്ങൾ, ആതികൾ. അതിൽ മുങ്ങിക്കിടക്കാൻ ഈ പുസ്തകത്തിന്റെ വായന സഹായമാകുമെങ്കിൽ ഞാൻ കൃതാർത്ഥയായി.”


ഒന്നു രണ്ട് ലിങ്ക് കിട്ടിയതും ഇതോടൊപ്പം ചേർക്കാമെന്നു തോന്നി.

http://ibnlive.in.com/news/valanthakad-listens-to-its-own-tale/167180-60-116.html

http://www.thehindu.com/todays-paper/tp-national/tp-kerala/article2157429.ece

Wednesday, October 10, 2007

ഒരു വായനാനുഭവം

അനാമികയുടെ സുവിശേഷങ്ങള്‍.
ഈ പുസ്തകം ഈയിടെയാണ്‌ വായിയ്ക്കാനിടയായത്‌. വായിയ്ക്കുമ്പോഴും, വായനയ്ക്കു ശേഷവും ഇങ്ങനെയൊരു കുറിപ്പെഴുതണമെന്ന് കരുതിയിരുന്നതല്ല, കാരണം ജീവിതത്തിലൂടെ ലേഖിക നടന്നു നീങ്ങിയ പാത, മനസ്സിന്റെ പാകപ്പെടല്‍, അതിന്റെ തലങ്ങള്‍ എല്ലാം സംശുദ്ധമായ, സത്യസന്ധമായ അനുഭവങ്ങളാണ്‌. വ്യക്തി ബന്ധങ്ങളെ പോലും വക വെയ്ക്കാതെ ഉള്ളില്‍ നിന്നും എഴുതിയത്‌. അവര്‍ സ്വായത്തമാക്കിയിട്ടുള്ള മനസ്സിന്റെ ഏകാഗ്രതയിലൂടെ, ധ്യാനത്തിലൂടെ കൈവരിച്ചിട്ടുള്ള ആത്മീയ ബോധം, തിരിച്ചറിഞ്ഞിട്ടുള്ള മനസ്സിന്റെ, ശരീരത്തിന്റെ, പ്രകൃതിയുടെ, എല്ലാം സൂക്ഷമഭാവങ്ങള്‍ ഇതെല്ലാം ആ എഴുത്തിലുടനീളം പരന്നു കിടക്കുന്നു. അതിലൂടെ അവര്‍ കൈവരിയ്ക്കുന്ന കരുത്തും സഹനശക്തിയും... അതിനെ കുറിച്ചെന്തെങ്കിലും എഴുതാനോ പറയുവാനോ അസാദ്ധ്യം (എനിയ്ക്ക്‌). എന്നിട്ടും, ഇപ്പോള്‍ കുറിച്ചിട്ടു, അത്‌ സത്യമായതു കൊണ്ടാവാം ഒരുപക്ഷേ, അല്ലെങ്കില്‍ ഈ വായനാനുഭവം എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലായി ഇവിടെ നിലനില്‍ക്കട്ടെ എന്നും തോന്നി പോകുന്നു, അതുകൊണ്ടുമാവാം.
നിത്യ ജീവിതത്തില്‍, മനസ്സിന്റെ ഒഴുക്കിനൊത്ത്‌ മുകള്‍ തട്ടിലൂടെ മാത്രം സഞ്ചരിയ്ക്കുന്നതിനിടയില്‍ പലപ്പോഴും അറിയാതെ പോകുന്ന 'ജീവിത സത്യങ്ങളെയാണ്‌', സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഈ ചെറിയ പുസ്തകത്തില്‍ ശ്രീമതി ആശ.ജി. വൈക്കം വിവരിച്ചിരിയ്ക്കുന്നതെന്ന് പറയാതെ വയ്യ. അതില്‍ ഡോ.ശ്രീ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു.
"ഒരു ഉദാസീന വായനയ്ക്കല്ല, ധ്യാനത്തിനും സത്യാന്വേഷണത്തിനും വേണ്ടി ഒരുക്കപ്പെട്ടതാണീ ജീവിത രഹസ്യം" എന്ന്.
ഇതു വായിയ്ക്കുന്നതിനു വളരെ മുന്‍പു തന്നെ, പലപ്പോഴായി ശ്രീമതി. ആശയുമായുള്ള അഭിമുഖങ്ങള്‍ കണ്ടിരുന്നു. പക്ഷെ, അതില്‍ നിന്നും എന്തുകൊണ്ടോ അവരെ മനസ്സിലാക്കിയത്‌, അര്‍ബുദം എന്ന രോഗത്തെ ശുഭാപ്തി വിശ്വാസത്തോടും, സഹനശക്തിയോടും കൂടി ധൈര്യത്തോടെ അഭിമുഖീകരിച്ച ഒരു സ്ത്രീ, രോഗം നിശ്ശേഷം സുഖപ്പെട്ടതിനു ശേഷവും തെല്ലും ആശങ്കകളില്ലാതെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഒരു വനിത, ഇതൊക്കെയായിരുന്നു. പക്ഷെ ആ വിശ്വാസവും, ശക്തിയും എങ്ങനെ അവര്‍ നേടിയെടുത്തു എന്നോ, രോഗത്തിനു ശേഷം കരുത്താര്‍ജ്ജിച്ചതാണോ എന്നോ, ഒന്നുമതില്‍ നിന്നും മനസ്സിലാക്കിയതായി ഓര്‍ക്കുന്നില്ല. എന്നാലും, "രോഗം സ്ഥിതീകരിച്ചതിനു ശേഷം ഭര്‍ത്താവും മകനും മടിയില്‍ കിടന്നു കരയുമ്പോഴും ഒരു തുള്ളി കണ്ണു നീര്‍ തന്റെ കണ്ണുകളില്‍ നിന്നും വന്നിരുന്നില്ല" എന്ന വാക്യം എന്നില്‍ ഒരദ്ഭുതമായി തന്നെ അവശേഷിച്ചിരുന്നു. ഏകാഗ്രതയിലൂടെ സുതാര്യമാക്കിയെടുത്ത അവരുടെ മനസ്സിനെ അറിയാന്‍ കഴിഞ്ഞത്‌ ഈ പുസ്തകത്തിലൂടെ മാത്രമാണ്‌. ഒരു പുസ്തകവും ടെലിവിഷനും എന്നാല്‍ നമ്മുടെ ഉപബോധമനസ്സും ബോധമനസ്സും പോലെയാണെന്ന് തോന്നിപ്പോയി. പുറത്തേയ്ക്ക്‌ പ്രത്യക്ഷമാകുന്നതിന്റെ എത്രയോ ഇരട്ടി ആഴം അതിന്റെ അടിയിലേയ്ക്കുണ്ടാകും. വായനയിലൂടെ ആ ആഴമാണ്‌ മനസ്സിലാക്കാനാവുന്നതെന്നിപ്പോള്‍ തോന്നുന്നു.
ഇത്‌ വായിച്ചാസ്വദിയ്ക്കുവാനുള്ള ഒരു പുസ്തകമല്ല എന്നതും തോന്നി. അദ്ഭുതം, വിശ്വസിയ്ക്കാവുന്നതിനുമപ്പുറം, ഇതെല്ലാം എങ്ങനെ, എന്നൊക്കെയുള്ള ഒരു തരം അവസ്ഥയാണെനിയ്ക്ക്‌ ചില സമയങ്ങളില്‍ അനുഭവപ്പെട്ടത്‌. നമ്മെ നിയന്ത്രിയ്ക്കുന്ന മേറ്റ്ന്തോ ഉണ്ടെന്ന അറിവും അനുഭവവും, അത്‌ ദൈവമാവാം, പ്രകൃതിയാവാം.. അതെന്താണോ അതിലേയ്ക്കുള്ള പ്രയാണം, അതിലേയ്ക്ക്‌ അവനവനെ മറന്നു കൊണ്ടുള്ള ഒരുതരം "ലയനം" അതവനവന്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്‌, അത്‌ കണ്ടെത്തുമ്പോള്‍ സ്നേഹവും, ആര്‍ദ്രതയും, ശക്തിയും, ധൈര്യവും, സഹനവും എല്ലാം തനിയെ വന്നു ചേരുന്നു. അവനവന്‍ സ്വയം സഞ്ചരിയ്ക്കേണ്ടതും അനുഭവിച്ചറിയേണ്ടതും. അവിടെ ഉറ്റവരില്ല, പ്രിയപ്പെട്ടവരില്ല, അവനവന്‍ പോലുമില്ല! അതിന്‌ നിര്‍വചങ്ങളുമില്ല.. ഒളി മങ്ങാത്ത, ശാശ്വതമായ ആനന്ദമാണവിടെയുള്ളതെന്നുമവര്‍ പറയുന്നു. അതിന്റെ ഫലങ്ങള്‍, അദ്ഭുതത്തോടെയാണ്‌ ഞാന്‍ വായിച്ചറിഞ്ഞത്‌. വളരെ ലളിതമായ ഒരു പാതയിലൂടെ തന്നെ അതിലേയ്ക്കെത്തിയ്ക്കുവാന്‍ ആ എഴുത്തിനു കഴിയുന്നുണ്ട്‌.
രോഗബാധിതയാവുന്നതിനു മുന്‍പു തന്നെ ധ്യാനത്തിനായി ഒരുക്കപ്പെട്ട ഒരു ഭാവം അവരിലുണ്ടായിരുന്നുവെന്ന് വായിച്ചു പോകുമ്പോള്‍ മനസ്സിലാക്കാം. അങ്ങേയറ്റത്തെ ഏകാഗ്രത കൈവരിയ്ക്കാന്‍ തക്കവണ്ണമുള്ള ഒരു ഘടനയാണ്‌ ആ മനസ്സിനുള്ളതെന്ന് തോന്നി, ശ്രുതി ശുദ്ധമായ ശബ്ദം ഒരു ഗായകനില്‍ നിന്നും തനിയെ ഉയരുന്ന പോലെ. അപ്പോളത്‌ ജന്മസിദ്ധമായ ഒരു കല തന്നെയോ? അതോ ധ്യാനം തന്നെയോ കല?
"ഞാന്‍" എന്ന ഭാവത്തിനെ മറന്ന് കൊണ്ട്‌, മനസ്സിനെ ഏകാഗ്രമാക്കി അതിന്റെ ഉള്ളിനെ തൊട്ടറിയുക എന്ന പ്രക്രിയയെ ധ്യാനം എന്നോ meditation എന്നോ വിളിയ്ക്കാം. സ്വന്തം ശരീരത്തിലും മനസ്സിലും നടക്കുന്ന സൂക്ഷ്മാനുഭവങ്ങളെ മൂന്നാമതൊരാളെ പോലെ കണ്ടുമനസ്സിലാക്കുക എന്നത്‌ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒന്നല്ലല്ലോ. ഈയൊരു പ്രക്രിയ, ശാരീരികവും മാനസികവുമായുണ്ടാക്കുന്ന ഫലങ്ങള്‍, അതിന്റെ അനുഭവതലങ്ങള്‍, മാനസിക പരിവര്‍ത്തനങ്ങള്‍ എല്ലാം വളരെ സൂക്ഷ്മമായി, വലിയൊരു "ആശയമായി" തന്നെ ഇതില്‍ വിവരിച്ചിട്ടുണ്ട്‌. ധ്യാനം എന്നാല്‍ അവരുടെ ഭാഷയില്‍ വളരെ വ്യക്തമാണ്‌. സൂര്യനെ നോക്കിയിരുന്ന് ധ്യാനത്തിലേയ്ക്ക്‌ വഴുതി വീണതും, കൈ എത്താവുന്ന ദൂരത്തില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പച്ചില പമ്പിന്റെ സൗ ന്ദര്യം ആസ്വദിച്ച്‌ അതില്‍ മനസ്സലിഞ്ഞു പോയതും വിവരിയ്ക്കുന്നുണ്ട്‌. അവരുടെ മനസ്സ്‌ പലപ്പോഴും പ്രകൃതിയോടാണ്‌ അലിഞ്ഞു ചേരുന്നത്‌. ഇഷ്ടജനത്തേക്കാളും സന്തോഷം തരാന്‍ പ്രകൃതിയ്ക്കാവുന്നുണ്ടെന്നവര്‍ അറിഞ്ഞ നിമിഷങ്ങളെ പറ്റിയും പറയുന്നു.
അതുപോലെ അര്‍ബുദം എന്ന മാരകരോഗത്തിനെ അവര്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരവസ്ഥയെ കുറിച്ചുള്ള വിവരണം ഉണ്ടതില്‍, അതുപോലെ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക്‌ നടന്നു പോയത്‌ "ഒരു ധീര യോദ്ധാവിനെ" പോലെ എന്നും അതിലവര്‍ പറയുന്നു. അങ്ങനെ അവര്‍ പിന്നിടുന്ന ഓരോ "പരീക്ഷണ" ഘട്ടങ്ങളേയും അതിന്റെ പരമാവധി ലോലതയിലൂടേയും മനോഹരമായുമാണവര്‍ എഴുതിയിരിയ്ക്കുന്നത്‌! കാന്‍സറിനെ ഒരു പാഠപുസ്തകം പോലെ അവര്‍ തുറന്നു വെച്ചിരിയ്ക്കുന്നു. അതിലെ ഓരോ ഏടും ഒരു പൂവിതളിന്റെ നൈര്‍മ്മല്യത്തോടെ ചിത്രീകരിച്ചിരിയ്ക്കുന്നു. രോഗം സമ്മാനിയ്ക്കുന്ന അതി കഠിനങ്ങളായ വേദനയും, പരീക്ഷണങ്ങളും, ആ മനോഹരമായ എഴുത്തിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്നു, മരണത്തെ കുറിച്ചുള്ള ചിന്തയുടെ ഒരു നിഴല്‍ പോലും വീഴാതെ.. ധ്യാനത്തിന്റെ ഗുണഗണങ്ങള്‍ അവരും സ്വയമതിലൂടെ അനുഭവിച്ചറിയുന്നു!
ജീവിത പരീക്ഷണങ്ങളെ കുറിച്ച്‌ അവരുടെ വാക്കുകള്‍ ഇങ്ങനെ -
"ദുഃഖം അറിവിന്റെ നിറപേടകങ്ങളാണെന്ന സത്യം ഞാന്‍ തൊട്ടറിഞ്ഞു. ഓരോ വീഴ്ചയും പരാജയമല്ല, വിജയമാണ്‌ ഉദ്ഘോഷിയ്ക്കുന്നത്‌. ഓരോ വീഴ്ചയിലും അറിവിന്റെ വെണ്മുത്തുകള്‍ വാരി ഞാന്‍ ഉയിര്‍ത്തെഴിന്നേല്‍ക്കുന്നു. വീഴചയില്‍ പതറിയാല്‍ അതിനു സാധിയ്ക്കുകയില്ല. വീണി കിടക്കുമ്പോള്‍ നാം സ്വാസ്ഥ്യം കൈവരിയ്ക്കണം. അത്‌ നേടിയാല്‍ അറിവിന്റെ അക്ഷയനിധി മുന്‍പില്‍ തുറക്കുകയായി. അത്‌ അനുധാവനതയോടെ നുകര്‍ന്നു നാം ജീവിതം അറിയണം; ചൈതന്യം അറിയണം. വലിയ ചങ്ങാടത്തിലേറി ശാന്തിവീചിയിലൂടെ പ്രയാണം ചെയ്യുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്‌ തട്ടിയും തടഞ്ഞും കുത്തൊഴുക്കിലൂടെ സഞ്ചരിയ്ക്കാനാവുക. അത്‌ സാഹസികമാണ്‌, ഉത്സാഹമാണ്‌, അനുഭവങ്ങളുടെ വൈവിദ്ധ്യഖനികളാണ്‌."
ഒരു നിസ്സംഗതയുടെ കവചം അണിഞ്ഞ്‌, തന്റെ ശരീരത്തില്‍ നടക്കുന്നതും, മനസ്സില്‍ നടക്കുന്നതും, മറ്റുള്ളവരുടെ ഉള്ളില്‍ നടക്കുന്നതും എല്ലാം നോക്കി കാണാനാവുന്ന അവസ്ഥ. അവയോട്‌ ദേഷ്യമോ, ഇഷ്ടമോ, വെറുപ്പോ, ഒന്നും ഇടകലര്‍ത്താതെ തന്നെ... അതുപോലെ വേദന കൊണ്ട്‌ പുളയുമ്പോഴും ആത്മീയതയിലൂടെ അതിന്റെ ശക്തിയിലൂടെ മനസ്സിനെ ശാന്തമാക്കാന്‍ കഴിയുന്ന ഒരവസ്ഥ. ആ ആത്മീയതയാണെന്നെ ആകര്‍ഷിച്ചത്‌. അത്‌ വിശാലമായ ഒരു ശാന്തി തീരം പോലെ തോന്നും. ചെടികള്‍ക്കൊപ്പം ധ്യാനത്തിലലിഞ്ഞു ചേരുന്ന അവസ്ഥകള്‍.. പ്രകൃതിയോടലിഞ്ഞു ചേരുന്ന, കണ്ണനും യേശുവും, സൂര്യനും ചന്ദ്രനും, അതുപോലെ മുരുകേശനും ഗണേശനും പാര്‍വതിയും (അതവരുടെ വീട്ടിലെ തെങ്ങുകള്‍ക്കിട്ടിരിയ്ക്കുന്ന പേരുകളാണ്‌) പിച്ചിപ്പൂക്കളും, അവരുടെ ടെറസ്സിലെ ഗ്രീന്‍ ഹൗ സ്സും, അടുത്തുള്ള പള്ളിപ്പറമ്പും എല്ലാം ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ഒരാത്മീയ പ്രപഞ്ചം. ആ പ്രപഞ്ചം തന്നെയായിരുന്നു അവരുടെ ശക്തിയുടേയും, കരുത്തിന്റേയും സ്രോതസ്സ്‌.
"മനുഷ്യന്റെ മനോഭാവങ്ങളാണ്‌ സുഖദുഃഖങ്ങള്‍ക്ക്‌ കാരണം. അവ തുളുമ്പാതെ ഹൃദയത്തിലേറ്റിയാല്‍ സാവധാനം നിസ്സംഗത കൈവരിയ്ക്കാം. പിന്നീട്‌ കയ്പും മധുരവും സമചിത്തതയോടെ, അനുധാവനതയോടെ നുകരാനാകും. പതുക്കെ മനസ്സ്‌ ശാന്തിതീരത്തണയും".
അവരുടെ വാക്കുകള്‍, കേട്ടു പഴകിയ തത്വങ്ങളെയെല്ലാം അനുഭവത്തിന്റെ ചൂടോടെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. അതിന്റെ ആവേശം എന്നിലുണരുന്നുണ്ടായിരുന്നു. ഇതുവരെ പ്രയാണം ചെയ്തിട്ടില്ലാത്ത പാതകളിലേയ്ക്കായിരുന്നു, അതിലെ ഓരോ വാക്കുകളും തുറന്നു തന്നത്‌.. ചില സമയത്ത്‌ എന്റെ ശ്വാസോച്ഛ്വാസം ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു, എനിയ്ക്കെത്തിപ്പിടിയ്ക്കാനാവാത്ത ഏതൊക്കെയോ അനുഭവതലങ്ങള്‍ അതിലൂടെ വായിച്ചറിഞ്ഞു.

വായനയ്ക്കു ശേഷം പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ജീവിതത്തിന്റെ പരിക്ഷണ ഘട്ടങ്ങളില്‍, വിശ്വാസാവിശ്വാങ്ങളുടെ ഇടയില്‍ പെട്ടുഴലുന്നതാവുമോ മനുഷ്യന്റെ ഏറ്റവും ദയനീയമായ ഭാവങ്ങള്‍? ഇഷ്ടജനങ്ങളുടെ സ്നേഹവും സാമീപ്യവും പ്രദാനം ചെയ്യുന്ന ആനന്ദം ശാശ്വതമായതല്ലെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ എന്റെ മനസ്സ്‌ അസ്വസ്ഥമായി. അതേ സമയം ഉറ്റവരും പ്രിയപ്പെട്ടവരും നിസ്സഹായരായി, ദുഃഖത്തോടെ, വിശ്വാസാവിശ്വാസങ്ങളെ മാറ്റി വെച്ച്‌ എന്തും ചെയ്യാന്‍ തയ്യാറായി പകച്ചു നില്‍ക്കുന്ന അവസ്ഥയെ കുറിച്ചും ഞാന്‍ ചിന്താധീനയായി. മനുഷ്യനൊരുപക്ഷെ ഏകാന്തതയെ ഇഷ്ടപ്പെടുന്നതപ്പൊഴായിരിയ്ക്കാം, ആത്യന്തികമായി എല്ലാവരും ഒറ്റയ്ക്കാണെന്നറിയുമ്പോള്‍, അപ്പോളവന്‍ സ്വന്തം ശക്തിയും, ധൈര്യവും തിരിച്ചറിയുമായിരിയ്ക്കാം. ഓരോ മനുഷ്യനും അനന്തമായ അജ്ഞാതമായ ശക്തി വിശേഷമാണെന്നവര്‍ പറയുന്നുണ്ട്‌. എനിയ്ക്കു ഭയം തോന്നി.
അര്‍ബുദരോഗികള്‍ക്കോ അല്ലെങ്കില്‍ സമാനമായ മറ്റു നിസ്സഹായതകളില്‍ പെട്ടുഴലുന്നവര്‍ക്കോ മാത്രമല്ല, മനുഷ്യര്‍ക്കൊക്കെ അവശ്യം വേണ്ടുന്ന "ഒരാശയത്തിന്റെ", ആഴത്തിലും പരപ്പിലും മനോഹരമായ ഭാഷയിലൂടെ ഒരു അദ്ഭുത പ്രപഞ്ചം തന്നെ അതിലൂടെ അനുഭവിയ്ക്കാം..
പക്ഷെ,
അവരറിഞ്ഞ ആ ശാന്തി തീരം, അല്ലെങ്കില്‍ മനസ്സിന്റെ ആ സ്നിഗ്ദ്ധത, ഒരു രോഗിയ്ക്ക്‌ കേവലം വായന കൊണ്ടു മാത്രം കൈവരിയ്ക്കാനാവുന്നതാണോ എന്നൊരു സംശയം മാത്രം ബാക്കി എന്നില്‍ നില്‍ക്കുന്നുണ്ട്‌. അതിലെ അനുഭവതലങ്ങള്‍ ആഴമേറിയതാണ്‌. മനസ്സിന്റെ താളം തെറ്റി നില്‍ക്കുമ്പോള്‍ ഒരാശ്വാസത്തുമ്പിനു വേണ്ടി വായിയ്ക്കേണ്ടുന്ന ഒരു പുസ്തകമല്ല അതെന്നത്‌ സത്യമാണ്‌!. അര്‍ബുദമെന്ന രോഗത്തെ അതിജീവിയ്ക്കുന്ന പശ്ചാതലം അതിനുണ്ടെങ്കിലും ഒരു 'കൗണ്‍സ്സിലിങ്ങിന്റെ' ഭാഷയിലല്ല അതെഴുതപ്പെട്ടിട്ടുള്ളത്‌, മറിച്ച്‌, ഉള്ളിന്റെ ചൈതന്യത്തെ തൊട്ടറിഞ്ഞ്‌ ജീവിത പരീക്ഷണഘട്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട്‌ ആടിയും ഉലഞ്ഞും, ധ്യാനത്തിലൂടെ അപൂര്‍വമായ തലങ്ങളിലൂടെ മുന്നേറുന്ന, ആ വ്യക്തിയ്ക്കു മാത്രം സ്വന്തമായ ഒരനുഭവസമ്പത്ത്‌.
"നമ്മുടെ കഴിവു കൊണ്ടല്ല നാം ഒന്നും ചെയ്യുന്നത്‌, എല്ലാം ഈശ്വരന്റെ വരദാനം. നമുക്കതീതമായ ഒരു ശക്തിവിശേഷം ഇവിടെയുണ്ട്‌. അജ്ഞതയുടെ താഴ്‌വരയില്‍ കഴിയുന്ന നാം വിചാരിയ്ക്കുന്നു, നമ്മുടെ സാമര്‍ഥ്യം കൊണ്ടാണ്‌ എല്ലാം നേടുന്നതെന്ന്. നാം ഉപകരണം. ജീവിതത്തിന്റെ സൂക്ഷ്മതലത്തിലേയ്ക്ക്‌ കണ്ണോടിച്ചാല്‍ അത്‌ അറിയാനാകും. അപ്പോള്‍ പതനത്തില്‍ നാം കരയുകയില്ല, വിജയത്തില്‍ അഹങ്കരിയ്ക്കയുമില്ല. എല്ലാ പ്രവൃത്തിയിലും ഈശ്വര സാന്നിദ്ധ്യം അറിയുമ്പോള്‍ ജീവിതം ധന്യമായി. കര്‍മ്മം പരിശുദ്ധമായി. അതാണ്‌ തപസ്സ്‌. എപ്പോഴും ആര്‍ക്കും ചെയ്യാവുന്ന തപസ്സ്‌."
ഇതും ഹൃദയത്തോട്‌ ചേര്‍ത്തു വെയ്ക്കാവുന്ന അതിലെ വരികളില്‍ മറ്റൊന്ന്. അനുഭവത്തിന്റെ ചൂടേന്തി നില്‍ക്കുന്ന വരികള്‍.