Tuesday, June 26, 2012

നവനീതം!

ചുകന്ന... അല്ലല്ല
നല്ല കുങ്കുമത്തിന്റെ നിറമുള്ള പട്ടില്‍
സ്വര്‍ണ്ണനിറത്തിന്റെ ഉജ്ജ്വല തിളക്കം.

ലജ്ജ ഒന്ന് മിന്നിമറഞ്ഞുപോകും വിധം
ഇത്തിരിപോന്ന മുല്ലപ്പൂ... അല്ലല്ല
നല്ല തുമ്പപ്പൂമ്പോലത്തെ പല്ലുകളിലെ
ചുകപ്പിച്ച പുഞ്ചിരിയില്‍ എത്തിനോക്കുന്ന ഇത്തിരിഭ്രമം.

കണ്ണുകള്‍ക്ക്....‌ ഒരു ദിനത്തിന്റെ മുഴുവന്‍ ആകര്‍ഷകത്വം...
അല്ലേയല്ല, അല്ലല്ല
‍കണ്ണുകളിലേയ്ക്ക് കയറിയുയര്‍ന്നു നില്‍ക്കുന്ന കണ്‍തടത്തില്‍,
(ചുകപ്പിനോടു പ്രതിഷേധിച്ച്) തുടിയ്ക്കുന്ന കണ്മഷിക്കറുപ്പ്.

സന്ധ്യയ്ക്ക് നിറം പകരും ചെമ്മാനച്ചുകപ്പില്‍ തീര്‍ത്ത
പൂര്‍ണ്ണ വൃത്തത്തിനു തൊട്ടു മുകളില്‍ ചന്ദനക്കുറി വരച്ച... അല്ല,
അതെ! ചന്ദനം കൊണ്ടു മെഴുകിയെടുത്ത,
ഒന്നോ രണ്ടോ  ചുരുളിഴകള്‍ താഴേയ്ക്ക് വീണുകിടക്കുന്ന
കുളിര്‍ നെറ്റിയ്ക്ക് മുകളില്‍ ഒരു വെളുത്ത പൂവിതള് പാറിവീണത്.‍

ആ വെളുപ്പിന് സിന്ദൂരം കിനിയുന്ന നൈര്‍മല്യം!
ഇത്തിരി മുല്ലയുടെ ഗന്ധം
വിയര്‍പ്പിന്റെ നനവ്...










Thursday, February 16, 2012

“പൂർവ്വ പുണ്യത്തിന്റെ ഒരു തണുത്ത കയം“ - ആതി

നോവല്‍ - ആതി
ലേഖിക - സാറാ ജോസഫ്‌.
പ്രസാധകര്‍ - കറന്റ് ബുക്സ്‌.

സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവൽ - “ആതി” വായിച്ചു മുഴുമിപ്പിച്ചതേയുള്ളു.
ജലത്തിനും ജീവനും വേണ്ടി ഒരു ‘പ്രാർത്ഥന‘ ആയി അവരെഴുതിയ ഈ പുസ്തകം വായിച്ച അനുഭവം ഇവിടെ എഴുതിയിടാമെന്നു തോന്നി.
അവരുടെ പ്രാർത്ഥനയിലേയ്ക്കു ഏതെങ്കിലും തരത്തിലൊരു പങ്കു ചേരലെന്നോണം...

ഒരിടത്തൊരു ആതി എന്ന ദേശം...

പ്രകൃതിയുടെ അമൂല്യവരദാനങ്ങളിൽ ഒന്നായ ജലം- ജലത്തിന്റെ കഥ പറയുന്ന 'ആതി' - ആതിയെ പോലുള്ള കായലുകളാലും, വയലുകളാലും, കണ്ടൽക്കാടുകളാലും ചുറ്റപ്പെട്ട ഭൂപ്രദേശങ്ങളും, ഇവിടങ്ങളിലെ മണ്ണും വെള്ളവുമായി ഒന്നുചേർന്നു ജീവിയ്ക്കുന്ന ഒരു ജനവിഭാഗം തന്നേയും നമുക്കെന്നന്നേയ്ക്കുമായി നഷ്ടമായിക്കഴിഞ്ഞോ, അഥവാ നഷ്ടപ്പെടുന്നതിൽ നിന്നും രക്ഷെപ്പെടുത്താനാവാത്ത വിധത്തിലുള്ള ഒരു പരിതസ്ഥിതി തന്നെ വന്നുചേർന്നുവോ എന്നൊരു ഭീതി ഈ പുസ്തകം അറിയാതെ ജനിപ്പിയ്ക്കുന്നുണ്ട്. ആ ഭീതി, ഒരുപക്ഷേ നിലനില്പിനെതിരെ പരോക്ഷമായും പ്രത്യക്ഷമായും പൊട്ടിപ്പുറപ്പെടുന്ന വന്‍ ഭീഷണികളുടേതാവാം, അടുത്ത തലമുറയിലേയ്ക്കു ഉത്തരവാദിത്തത്തോടെ പകർന്നു നൽകേണ്ട സംസ്ക്കാരം/മൂല്യങ്ങൾ തന്നെ ഈയിടെയായി മണ്ണടിഞ്ഞു പോകുന്നുവോ എന്നു തുടങ്ങുന്ന ആശങ്കകളുടേതുമാവാം.

“ആതി ഒരു സ്വപ്നലോകമോ, സങ്കല്പദേശമോ അല്ല. ആതിക്കു സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട്! അവസാനത്തെ മരം പോലെ, അവസാനത്തെ പുഴ പോലെ, ചില മനസ്സുകൾ, ചില ഭൂവിഭാഗങ്ങൾ...” എന്നു തന്റെ കുറിപ്പിൽ എഴുത്തുകാരി പ്രത്യേകം ഓർമ്മിപ്പിയ്ക്കുന്നുണ്ടെങ്കിലും...



വെള്ളത്തിനു മുകളിൽ പൊങ്ങികിടക്കുകയാണത്രേ "ആതി" എന്ന ദേശം. ആതിയ്ക്കു വെള്ളവുമായി അഭേദ്യമായ ബന്ധമാണുള്ളതു്. അവിടത്തെ വെള്ളത്തിനും മണ്ണിനും നെൽ‌വിത്തുകൾക്കും ഒക്കെ പറയാനുണ്ട് ഒരുപാട് പഴക്കമുള്ള കഥകൾ. ആ കഥകളൊക്കെ ഒരു ദേശത്തിന്റെ സംസ്ക്കാരമായി രൂപം കൊള്ളുകയാണ്. ആ കഥകളും അതിലെ കഥാപാത്രങ്ങളും, അവിടത്തെ നീർച്ചാലുകളും, ചതുപ്പും, വെള്ളവും, മീനുകളും, കക്കകളും, നെൽ‌വയലുകളും, കാടുകളും, പക്ഷികളും എന്നുവേണ്ട, ഒരു പുല്‍ക്കൊടി വരെ ആ ദേശവാസികളുടെ ഉള്ളിന്റെയുള്ളിലെ അടിത്തട്ടുകളിൽ മിടിച്ചുകൊണ്ടിരിയ്ക്കുന്ന ജീവശ്വാസമാണ് - നിലയ്ക്കാത്ത, ജീവന്റെ ഉറവകളാണ്!
ഇവ എല്ലാം ചേര്‍ന്നുണ്ടാകുന്ന ആതി എന്ന ദേശം മനോഹരമായ, സ്വപ്ന സദൃശമായ ഒരു ലോകമായി വായനയിലേയ്ക്കൊഴുകിയെത്തുകയാണ്...

ആതിയുടെ കഥാ സായാഹ്നങ്ങൾ-



കഥകള്‍ പങ്കുവെയ്ക്കുന്ന സായാഹ്നങ്ങള്‍ 'ആതി'ദേശത്തിന്‍റെ ഒരു സവിശേഷതയാണ്. കഥകൾ കേട്ടുവളരുന്ന ആതിയിലെ കുഞ്ഞുങ്ങളുടെ ഇടയിലേയ്ക്കു നമ്മുടെ കുഞ്ഞുങ്ങളേയും പിടിച്ചിരുത്താൻ കൊതിച്ചുപോകും. കുഞ്ഞുങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും ചെന്നിരിയ്ക്കാം ആതിയിലെ കഥാസായാഹ്നങ്ങളിൽ... അതവരുടെ പാരമ്പര്യമാണ്. ചിട്ടകൾ തെറ്റിച്ചു കൂടാത്ത ഒരനുഷ്ഠാന കർമ്മമാണ്. ദേശവാസികളോരോരുത്തരും ഗൌരവപൂർണ്ണമായി പങ്കെടുക്കുന്ന, പുനർചിന്തനങ്ങൾക്കു വഴിതുറന്നുകൊടുക്കുന്ന ഒരു ഒത്തുകൂടലാണ്.

ആതിയിലേയ്ക്ക് 'കഥാ സായാഹ്നങ്ങളി'ലേയ്ക്കായെത്തി ചേരുന്ന ഊരുതെണ്ടികളായ കഥപറച്ചിലുകാർ, കഥ പറയുന്ന രീതികളും ചിട്ടകളും, കഥ കഴിഞ്ഞാൽ അതെങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്ന ചോദ്യവും, അതിൽ വിവരിയ്ക്കപ്പെടുന്ന ഒരുപിടി കഥകളും എല്ലാം നമ്മുടെയുള്ളിന്റെയുള്ളിലേയ്ക്കു തള്ളിക്കയറി വരുന്നു.

ആതിയിലെ സമാധാനത്തിനെതിരായി പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്നങ്ങളിൽ ദേശവാസികൾക്കും, വായനക്കാർക്കും ഒരുപോലെ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശുഭ സൂചകങ്ങളായി കഥാ സായാഹ്നങ്ങളിലെ കഥകൾ പലപ്പോഴായി കടന്നുവരുന്നു.

അങ്ങനെ ആതിയിലെ ഈ കഥാ സായാഹ്നങ്ങളെ‍, നോവല്‍ ചിട്ടയോടെ കെട്ടിപ്പടുത്തുയര്ത്തുവാന്‍ മാത്രമല്ല, തന്റെ വീക്ഷണങ്ങളും, കാഴ്ചപ്പാടുകളും വായനക്കാരിലെയ്ക്കെത്തിയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു ഉപാധിയായും അതാത് സ്ഥാനങ്ങളില്‍ എഴുത്തുകാരി അഴകോടെ  ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് കാണാം.

എന്നാല്‍ ഒരു ഘട്ടത്തില്‍, ശരിതെറ്റുകൾക്കു വേണ്ടി ദേശത്തിന്റെ രണ്ടു ഭാഗത്തുനിന്നും ആയുധങ്ങളെടുക്കപ്പെടുമ്പോൾ, ആയുധങ്ങളിലൂടെയല്ല ആതിയെ രക്ഷിയ്ക്കേണ്ടതെന്നു പറയുകയും ചിന്തിയ്ക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിഷ്പക്ഷത പാലിച്ചുകൊണ്ട്, ആതിയുടെ സംസ്ക്കാരങ്ങളെ, ഇരുട്ടിനെ, തണുപ്പിനെ, അന്നത്തെ, ജലത്തെ, സമാധാനത്തെ രക്ഷിച്ചെടുക്കാൻ പെടാപാടു പെടുന്നുണ്ട് .
‘ശരി‘യ്ക്കുവേണ്ടി മനസ്സു കൊണ്ടു അവര്‍ ശക്തമായി നിലകൊള്ളുമ്പോഴും, എവിടെനിന്നെന്നില്ലാതെ ഉയര്‍ന്നു പൊങ്ങുന്ന ഭീഷണിമുഴക്കങ്ങളുടെ ആര്‍ത്തനാദം അവരിലുണ്ടാക്കുന്ന ഒട്ടും ചെറുതല്ലാത്ത മാനസിക സംഘർഷങ്ങൾ ആതി ദേശത്തിന്റെ പരിസ്ഥിതിയ്ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളുടെ ഗൌരവത്തെ സൂചിപ്പിയ്ക്കുന്നുണ്ട് . ശരിയേത്, തെറ്റേത് എന്നു വേർതിരിച്ചെടുക്കാനാവത്ത വിധത്തിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന സ്ഥി തിവിശേഷങ്ങള്‍  വായനക്കാരെ ഭീതിയിലകപ്പെടുത്തുന്നുമുണ്ട് .

ഇത്തരത്തില്, കഥകളും, വിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുന്ന  ഒരു ‍ 'സുന്ദര' ലോകത്തുനിന്നും പൊടുന്നനെയുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ഗൌരവതലങ്ങളിലേയ്ക്ക് അപ്പപ്പോള്‍ ഗതി മാറ്റുന്ന പ്രവൃത്തി അത്രയേറെ അയത്നലളിതമായി ‍നേര്‍ത്ത ഇഴകളെ‍ കൊണ്ട് അതി സൂക്ഷ്മം നെയ്തെടുത്തിട്ടുള്ളത് ഈ നോവലിലുടനീളം കാണാം.

അതിന്റെ ഭാഗമായി ആതിയിലെ ഇരുട്ടിന്റേയും, തണുപ്പിന്റേയും, നിശബ്ദതയുടേയും, മണ്ണിന്റേയും, വെള്ളത്തിന്റേയും 'രഹസ്യ'ങ്ങൾ പല അദ്ധ്യായങ്ങളിലൂടെയായി മനോഹരമായി അനാവരണം ചെയ്യപ്പെടുന്നു. എഴുത്തില്‍‍ രൂപപ്പെട്ടുവരുന്ന ഭാഷാസൌന്ദര്യം അതിന്റെ മാറ്റു കൂട്ടുന്നു.

കഥാപാത്രങ്ങള്‍ -

തന്റെ സ്വകാര്യ ദുഃഖങ്ങളെ, എല്ലു മുറിയെ പണിയെടുത്തു ജീവിയ്ക്കാനുള്ള ഇന്ധനമാക്കി മാറ്റി ഉറച്ച നിലപാടുകൾ മാത്രം ജീവിതത്തിൽ കൈകൊണ്ടിട്ടുള്ള കുഞ്ഞിമാതു എന്ന കരുത്തുറ്റ ഒരു  സ്ത്രീ കഥാപാത്രം ആതിയുടെ ഊർജ്ജമായി നിലകൊള്ളുമ്പോൾ, ചെറുപ്പത്തിന്റെ തുടിപ്പുകളായി ശൈലജയും പൊന്മണിയും നിലകൊള്ളുന്നു. മാർക്കോസും നൂറുമുഹമ്മദും ആതിയുടെ ഉള്‍ത്തടങ്ങളുടെ  സംഗീതമായൊഴുകുന്നു.
ഒടുക്കം, കഥാസായാഹ്നങ്ങളിലെ കഥകളെ ജീവിതത്തിലേയ്ക്കുപയുക്തമാക്കിയോ എന്നു സ്വയം ചോദിച്ച്, മനുഷ്യന്റെ വെള്ളത്തോടും മണ്ണിനോടുമുള്ള ആത്മീയബന്ധത്തിന്റെ മുറുക്കമറിഞ്ഞ്, സ്വന്തം ജീവിതം തന്നെ ‘സത്യ’ത്തിന്റെ സന്ദേശമാക്കി ആതിയിലെ സായാഹ്നങ്ങളിൽ ഒരിയ്ക്കൽ പറയപ്പെടാൻ പോകുന്ന ഒരു കഥയാക്കി മാറ്റുന്ന ദിനകരൻ ആതിയുടെ നിലനില്പിന്റെ പൊരുളാകുന്നു, ആത്മാവാകുന്നു.
ഇവരോടൊപ്പം ഭംഗിയിൽ വന്നു പോകുന്ന മറ്റനേകം കഥാപാത്രങ്ങളും വായനയ്ക്കൊപ്പം സഞ്ചരിയ്ക്കുന്നുണ്ട്.

എന്നാൽ ഇവരെയൊക്കെ ആതിയുമായി ഇത്രയ്ക്കധികം കൂട്ടിയിണക്കാൻ കാരണക്കാരനാകുന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട്. വികസനം എന്ന പേരിന്റെ മറവിൽ, മുന്നും പിന്നും നോക്കാതെ, സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ മടിയ്ക്കാത്ത ലാഭക്കൊതി മൂത്ത കഥാപാത്രം, അല്ലെങ്കിൽ കഥാപാത്രങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാൻ മുന്നിട്ടിറങ്ങുന്ന വൻ ഭീഷണികൾ. അതും ആതിയിലെ മണ്ണില്‍ തന്നെ പെറ്റുവീണ്, അവിടത്തെ വായു ശ്വസിച്ച് വളര്‍ന്നു വന്ന ആതിയുടെ മക്കള്‍.
ഇതിന്റെയൊക്കെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും, പ്രശ്നങ്ങളും ഇപ്പോഴത്തെ സാമൂഹ്യപരിതസ്ഥിതികളുമായി വളരെയധികം ഒന്നു ചേർന്നു പോകുന്നു, പ്രസക്തങ്ങളാകുന്നു. പ്രത്യേകിച്ചും ഇപ്പോൾ മാലിന്യനിക്ഷേപങ്ങൾക്കെതിരായി നടക്കുന്ന വിളപ്പിൽശാല പ്രക്ഷോഭങ്ങളും, ഭൂമികയ്യേറ്റങ്ങളും, കർഷകരുടെ പ്രശ്നങ്ങളും എല്ലാം ഒരൊറ്റ പുസ്തകത്തിലൂടെ  അടുത്തറിയുന്ന പോലെ - മനുഷ്യന്റെ നിസ്സഹായതകളെയല്ല, നിയമനൂലാമാലകളല്ല, രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, അവരുടെ ജീവന്റെ തുടിപ്പുകൾ നമുക്കു കേൾക്കാം - ആതിയിലെ ഒരുപിടി കഥാപാത്രങ്ങളിലൂടെ, അവിടത്തെ ഒഴുകുന്ന വെള്ളം പറയുന്ന ഈ  കഥയിലൂടെ...

 വിചിന്തനം

ആതി വായിച്ചവസാനിപ്പിയ്ക്കുമ്പോൾ ഒരുപിടി ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാവുന്നു... എങ്ങനെയായിരിയ്ക്കണം യഥാർത്ഥത്തിൽ ഒരു ദേശത്തിന്റെ വികസനം? ഇതൊരുപക്ഷേ കാലാകാലങ്ങളായി ആവര്‍ത്തിച്ചു കേട്ടുവരുന്ന വരുന്ന ഒരു ചോദ്യമാകാം.
അത് കേവലം ഒരു സ്ക്കൂളോ, ആശുപത്രിയോ, ബഹുനിലകെട്ടിടമോ, പൊതുനിരത്തോ പണിതുണ്ടാക്കിയിടുന്നതിൽ ഒതുങ്ങുന്നതാണോ ?  അതു മാത്രമാണോ വികസനം? അഥവാ ഒരു ദേശത്തിന്‍റെ വികസനം എന്നതിനു കൈവരുന്ന മാനങ്ങള്‍ എന്തെല്ലാം ?

ആതിയിലെ കഥാസായാഹ്നങ്ങൾ ഒരു കാര്യം തീര്‍ച്ചയായും  ചൂണ്ടിക്കാട്ടുന്നുണ്ട്. വികസനം എന്ന പദം മനുഷ്യമനസ്സുകൾക്കു കൂടി അത്യാവശ്യമായ, തത്തുല്യമായതോ അല്ലെങ്കിൽ അതിനുമേൽ പ്രാധാന്യമർഹിയ്ക്കുന്നതോ ആയ കാര്യമാണെന്നു ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
എന്താണീ മനസ്സിന്റെ വികസനം?
അതെങ്ങനെ സാദ്ധ്യമാക്കാം? സ്നേഹം, സത്യം, തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ക്ക് ജീവിതത്തില്‍  കൈവരുന്ന പ്രസക്തി എന്ത്? അഥവാ തത്വാധിഷ്ഠിതമായ ഒരു കാഴ്ചപ്പാട്‌ ഇന്നത്തെ പരിതസ്ഥിതിയില്‍  അസാദ്ധ്യമാണെന്നാണോ?

 പ്രകൃതിയുടെ സന്തുലനം  തച്ചുടച്ചും, മനുഷ്യമനസ്സുകളുടെ അടിത്തട്ടുകളിൽ കാലാകാലങ്ങളായി രൂപപ്പെട്ടുവരുന്ന സംസ്ക്കാരങ്ങളേയോ, ആചാരങ്ങളേയോ ഒരു ദിവസം പാടെ മായ്ച്ചുകളഞ്ഞും  വന്‍ വികസനപദ്ധതികൾ കൊണ്ടുവരുന്നതിലെ നിരർത്ഥകത ആതി കാണിച്ചുതരുന്നുണ്ട്.
ആതി എന്ന ഈ 'കഥ' എങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്നൊന്നു ചിന്തിയ്ക്കാൻ ഇതെല്ലാം വലിയൊരു പ്രേരണയേകുന്നു ...

പ്രകൃതി എന്ന ചിന്ത, അതിന്റെ ആഴം, വലുപ്പം, പ്രാധാന്യം ഒക്കെ നമ്മളിലോരോരുത്തരിലും അടിയുറച്ചുണ്ടാവേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി തന്നെ ചിത്രീകരിച്ചി രിയ്ക്കുന്നതിനോടൊപ്പം , മറ്റൊരു ചിന്ത വരുന്നത് ഇതാണ്. ഇത്തരം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളും, അടിച്ചമർത്തലുകളും നിസ്സഹായതകളോടെ നോക്കിനിലക്കാതെ, നാമോരോരുത്തരും എന്തെങ്കിലുമൊന്നു ചെയ്തു തുടങ്ങിയേ തീരൂ , മുകളിലത്തെ അറകളില്‍ നിന്നും താഴത്തെ മണ്ണിലേയ്ക്ക് ഇറങ്ങി വന്നേ മതിയാവൂ എന്ന് ഗൌരവപൂർവ്വം ആലോചിയ്ക്കേണ്ട സമയം അതിക്രമിച്ചു എന്നതു തന്നെയാണ്.
പക്ഷെ അതും എങ്ങനെ? തുടങ്ങേണ്ടത് എവിടെ നിന്നും?

 എഴുത്തുകാരി പറയുന്നതു ഇത്രമാത്രം -

“ഏറ്റവുമൊടുവിലായി, എന്റെ വായനക്കാരോട്, ഓരോ മനസ്സിലുമുണ്ട് പൂർവ്വപുണ്യത്തിന്റെ തണുത്ത കയങ്ങൾ, ആതികൾ. അതിൽ മുങ്ങിക്കിടക്കാൻ ഈ പുസ്തകത്തിന്റെ വായന സഹായമാകുമെങ്കിൽ ഞാൻ കൃതാർത്ഥയായി.”


ഒന്നു രണ്ട് ലിങ്ക് കിട്ടിയതും ഇതോടൊപ്പം ചേർക്കാമെന്നു തോന്നി.

http://ibnlive.in.com/news/valanthakad-listens-to-its-own-tale/167180-60-116.html

http://www.thehindu.com/todays-paper/tp-national/tp-kerala/article2157429.ece

Monday, January 16, 2012

അടയാളങ്ങൾ


മരുന്നുകളുടേയോ രോഗങ്ങളുടേയോ ഗന്ധമല്ല, ചിരപരിചതമായ ചന്ദനത്തിന്റെയും കുംകുമത്തിൽന്റേയും സുഗന്ധം ശ്വസിച്ചുകൊണ്ടാണ്‌ ആ ആശുപത്രി മുറിയിലേയ്ക്കയാൾ സധൈര്യം കടന്നുചെന്നത്‌.

ഒരു പ്രാർത്ഥനാമുറിയിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴുള്ള അതേ അനുഭൂതിയോടെ അയാൾ ആർക്കും മുഖം കൊടുക്കാതെ യന്ത്രസാമഗ്രികളാൽ ചുറ്റപ്പെട്ട ആ കട്ടിലിനു നേരെ സാവധാനം നടന്നു ചെന്നു.

ഓർമ്മ നഷ്ടപ്പെട്ട, ചേതനയറ്റ ശരീരവുമായി കിടക്കുന്ന ഒരു രൂപത്തെയായിരുന്നില്ല, സ്വബോധത്തോടെ, മുഴുവനും വെളുക്കാൻ കുറച്ചുകൂടി ബാക്കി വെച്ചിട്ടുള്ള, കെട്ടിവെച്ച മുടിയുമായി കിടക്കുന്ന ഒരു രൂപത്തെയാണയാളവിടെ കണ്ടത്.
ഉള്ളിൽ ഒരു മുന്നറിയിപ്പേതുമില്ലാതെ തിങ്ങിവിങ്ങി ഉടലെടുത്തുകൊണ്ടിരിയ്ക്കുന്ന പാപബോധങ്ങളെ അയാൾ സ്വയം അറിയുന്നില്ലെന്നു നടിച്ചു.

പക്ഷേ അപ്രതീക്ഷിതമെന്നവണ്ണം താൻ തിരിച്ചറിയപ്പെടുന്നത് അയാൾ തെല്ലൊരു വിസ്മയത്തോടെ നോക്കി നിന്നു.
ഒരു പ്രേരണയാലെന്നപോലെ പതുക്കെ അടുത്തു ചെന്നിരുന്നു. തലങ്ങും വിലങ്ങും ട്യൂബുകളാൽ ബന്ധിപ്പിയ്ക്കപ്പെട്ട ശുഷ്കിച്ചു ചുളിഞ്ഞ ശരീരത്തെ പുതപ്പിച്ചിരുന്ന തുണിയിൽ അയാളുടെ ശരീരം പതുക്കെ സ്പർശിച്ചു.
പുതുക്കിപ്പുതുക്കി, തെളിമയോടെ, കേടുപാടുകളേൽപ്പിയ്ക്കാതെ, പത്തെൺപതു വർഷക്കാലമായി കൊണ്ടുനടക്കുന്ന, ഓർമ്മകളുടെ തകരുന്ന കൂടുകളിൽ നിന്നും ഒഴിഞ്ഞ തൂവലുകൾ അയാൾ ധരിച്ചിരുന്ന ജീൻസിന്റെ നീല നിറത്തിൽ തട്ടി താഴേയ്ക്കു ശബ്ദമില്ലാതെ പറന്നുവീണു.

ശാന്തമായ ആ മുഖത്തേയ്ക്കയാൾ സൂക്ഷിച്ചു നോക്കി. അടഞ്ഞ കണ്ണുകൾക്കുള്ളിൽ സാവധാനത്തിലുള്ള ചലനം. കണ്ണിൽ നിന്നുമൂറി വരുന്നത്‌, മെലിഞ്ഞുണങ്ങിയ ശരീരത്തിൽ അപ്പൊ പൊട്ടിയ ഉറവയിൽ നിന്നൊലിയ്ക്കുന്ന തെളിനീരാണെന്നയാൾക്കു തോന്നി. അയാളതു തുടച്ചുകളഞ്ഞില്ല.

വിളറിയ ചുണ്ടുകൾ ചലിയ്ക്കുന്നുണ്ടെന്നത്‌ അയാൾക്കു കാണുവാൻ കഴിഞ്ഞു.
അതെന്തോ മന്ത്രിയ്ക്കാനൊരുങ്ങുന്നുണ്ടന്നയാൾക്കു മനസ്സിലാക്കാനാവുന്നുണ്ടായിരുന്നു.

അയാൾ അരികിലേയ്ക്കു കുനിഞ്ഞു. വിറയ്ക്കുന്ന കൂപ്പുകൈകളോടെ കിടക്കുന്ന ആ ശരീരത്തിന്റെ ഇടതുവശത്ത് അയാൾ തന്റെ വലതു കൈ കിടക്കയിൽ കുത്തിനിർത്തി. ബലം പോരാഞ്ഞുണങ്ങി മെലിഞ്ഞ, ഒഴിഞ്ഞുകിടന്നിരുന്ന, വെളുത്ത കൂപ്പുകൈകളിൽ തന്റെ ഇടതുകയ്യും മൃദുവായി വെച്ചു.

തെളിച്ചത്തോടെ, ശാന്തതയോടെ, സ്വബോധത്തോടെ, അയാളുടെ നാമം ഒരു ശ്വാസത്തിന്റെ പകുതിയിൽ ഉച്ചരിച്ചു തീരുന്നത്‌ അയാൾ വ്യക്തമായി കേട്ടു. നേർത്തു പോയ ആ ശബ്ദം അപ്പോൾ   പകർന്നു കൊടുത്ത ശക്തിയിൽ അയാൾ സ്തംഭിച്ചിരുന്നു. ശിരസ്സ്‌ കുനിച്ചു.
കാലങ്ങളോളം അയാളുടെ അകത്തളങ്ങളിൽ ഉപയോഗശൂന്യമായി കിടന്നു തുരുമ്പിച്ചുപോയ ഒരു വിളി പുറത്തുവന്നത് അവിചാരിതമായി തോണ്ടയിൽ കുടുങ്ങി പോയത് അയാളൊട്ടും അറിയാതെപോയി.


മുറിയിലവിടവിടെ ദുഃഖത്തിന്റെ നനവുകളുണ്ടായിത്തീരുന്നത്‌ അയാൾ പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു.  കൈകളെ പിൻ‌വലിയ്ക്കാതെ നിമിഷങ്ങളോളം സ്തബ്ധനായി അയാളിരുന്നു.

ഭാരമേറിയ നെഞ്ചിൻ‌കൂടിനുള്ളിലെ ഒരു മുറിവ് അന്തമില്ലാതെ പൊട്ടിയൊലിയ്ക്കാറായി നിന്നു.

പാപബോധങ്ങൾ, തടയില്ലാതൊഴുകാൻ കൊതിയ്ക്കുന്ന ഉപ്പുനീരിൽ കുത്തിയൊലിച്ചുപോകാൻ തയ്യാറെടുത്തു നിന്നു.

ഉദരത്തിന്റെ നടുഭാഗത്തെ, പിറവിയുടെ ഒരു ശേഷിപ്പിൽ അപ്പോഴും ജീവന്റെ അടയാളങ്ങൾ താളം തെറ്റാതെ തുടിച്ചുകൊണ്ടിരുന്നു.



Sunday, January 08, 2012

കറുപ്പും വെളുപ്പും











ഒരു കറുത്ത ചില്ലിൻ‌കൂട്ടിലേയ്ക്കു  ഒപ്പിയെടുക്കപ്പെട്ട,
തിരികെപ്പിടിച്ചെടുക്കാൻ കൊതിപ്പിയ്ക്കുന്ന ഒരു നിമിഷം!

ആ കറുപ്പിൽ നിന്നും
വെളുപ്പ്
വല്ലാതെ ആശിപ്പിയ്ക്കുന്ന ഒരു പഴയ കൌതുകത്തെ കണ്ടെടുക്കുന്നു.
അതിനെ ഉള്ള് തൊടുന്ന നിഷ്കളങ്കതയുടെ ഉടുപ്പിടീപ്പിയ്ക്കുന്നു.
അതിനൊരുപിടി ഓർമ്മകളുടെ സുവർണ്ണതിളക്കം നൽകുന്നു.

ഈ കറുപ്പിനും വെളുപ്പിനുമിടയ്ക്കെവിടെയൊക്കെയോ
വിട്ടുവിട്ട്, അടർന്നുവീണു കൊണ്ടിരിയ്ക്കുന്ന ഭാഗത്ത്
ഇനിയുമൊരു ബാല്യത്തിന്റെ ഒരു കുഞ്ഞു ശബ്ദം കേൾക്കാനുണ്ട്.

ഇന്നലെകളുടെ കറുത്തു തുടങ്ങുന്ന ബാല്യങ്ങളെ വീണ്ടെടുത്തോമനിയ്ക്കാൻ
ഇന്നിനുണ്ടാവുന്നുണ്ട്
അത്ര തന്നെ നിഷ്ക്കളങ്കതയൂറുന്ന,
അതേ രക്തമോടുന്ന,
വെളുത്തു തുടങ്ങുന്ന മറ്റൊരു ബാല്യം!

ഇങ്ങനെ കറുത്ത് കറുത്ത്, വെളുത്തു വെളുത്ത്,
പിന്നെ വെളുത്ത് കറുത്ത്, കറുത്ത് വെളുത്ത്...

(This image was clicked by my uncle long before and I have to mention my cousin sister also here, from whom I got this photo.
And this is dedicated specially to my brother and his son! )



Monday, October 31, 2011

ശൈത്യം


ഈ വഴി ചെന്നവസാനിയ്ക്കുന്ന മുക്കിലുള്ള പള്ളിയുടെ
മാനത്തേയ്ക്കുയർന്നു നിൽക്കുന്ന മിനാറുകളുടെ
അപ്പുറത്തുനിന്നും
ഇന്നത്തെ ശക്തി ക്ഷയിച്ച വേനലിന്റെ പ്രഭാതം
എന്റെ തൊണ്ടയെ കീറിമുറിച്ചുകൊണ്ട്
ശൈത്യത്തിലേയ്ക്കു കടന്നുപോകുകയായിരുന്നു...

പോകുന്ന വഴിയ്ക്ക്
എന്റെ കുഞ്ഞുങ്ങളെ തഴുകാൻ
പ്രഭാതത്തിന്നയച്ചു കൊടുത്ത
കുളിർമയുള്ള കാറ്റ്
എന്റെ ശബ്ദം കട്ടെടുത്തു കടന്നുകളഞ്ഞു.

പള്ളിയ്ക്കു നേരെ മുൻപിലുള്ള
പച്ച വിരിച്ച ഉദ്യാനത്തിൽ പരക്കുന്ന പൊൻവെയിലിനപ്പുറം
മോഷ്ടാവിനെ ഒളിപ്പിച്ചുവെച്ച്
വിളികേൾക്കാതെ മറഞ്ഞുനിന്നിരുന്ന
ശൈത്യത്തിന്റെ മടിയിൽ,
തിരികെ വരാൻ മടിച്ച്
എന്റെ ശബ്ദം വിണ്ടുകീറി
ഉറഞ്ഞുകൂടി കിടന്നു.


എന്റെ മൌനം നിറയ്ക്കാൻ
വിരുന്നു വന്നിരുന്ന പ്രഭാതയീണങ്ങൾ
ഓരോന്നായി
ശബ്ദമില്ലാതെ മടങ്ങിപ്പോയി...

ഒന്നു നോക്കി, ധൃതിയിൽ മടങ്ങി
നാലു ചുവരുകൾക്കുള്ളിലെ ശൈത്യത്തിൽ
ഞാനും നിശ്ശബ്ദം
ഉറഞ്ഞുകൂടി



Thursday, October 13, 2011

എന്റെ പ്രണയം


ചിലപ്പോളെനിയ്ക്കു
പ്രണയത്തോടു വല്ലാത്തൊരു പ്രണയമാണ്.

പലപ്പോഴും എന്നിലുള്ള പ്രണയം
വിട്ട ഭാഗം പൂരിപ്പിയ്ക്കപ്പെടാതെ പോകുന്ന
അപൂർണ്ണവാചകങ്ങളായി മാഞ്ഞുപോകുകയാണു പതിവ്.

പ്രണയിയ്ക്കാത്തവരായാരുണ്ടെന്ന ചോദ്യത്തോടെന്നും എനിയ്ക്കു
ഒരു സംശയം കലർന്ന അദ്ഭുതമായിരുന്നു. ഒരു യഥാർത്ഥ പ്രണയം എങ്ങനെയാവും?

പക്ഷെ ഞാനും പ്രണയിയ്ക്കുന്നുണ്ടെന്നുള്ളത് ഉറപ്പ്.
നിറഞ്ഞുകത്തുന്ന ഒരു ചിരാതിൽ നിന്നും എണ്ണ ഇറ്റുവീഴും പോലെ
ചിലപ്പോൾ എന്റെ പ്രണയച്ചിരാതിൽ നിന്നും സ്നേഹം ഇറ്റുവീഴാറുണ്ട്.

ചിലപ്പോൾ നിസ്സംഗയായി നിൽക്കുന്ന ഒരു മുൾച്ചെടിയുടെ പ്രണയം പോലെ ഞാൻ പ്രണയിയ്ക്കാറുണ്ട്.
മറ്റു ചിലപ്പോൾ ശാഖകൾ തലങ്ങും വിലങ്ങും പടർത്തി, വെയിലത്തും മഴയത്തും ഒരുപോലെ ദൃഢനിശ്ചയത്തോടെ കാത്തുനിൽക്കുന്ന ഒരു വടവൃക്ഷം പോലെ...

ചില നേരത്ത്, ഒരു കാമുകൻ സ്വകാര്യമായി കാമുകിയുടെ മൂർദ്ധാവിൽ അടക്കിപ്പിടിച്ചു ചുംബിയ്ക്കുമ്പോൾ
തോന്നാവുന്ന, പലരും കൂക്കിയാർത്തുവിളിയ്ക്കാറുള്ള പുറമേയ്ക്കു “പൈങ്കിളി” എന്ന വിളിപ്പേരിലറിയപ്പെടുന്ന പ്രണയം പോലെ.

അതുമല്ലെങ്കിൽ കഥകളിലും, സിനിമകളിലും കാണാറുള്ള വിരഹിണികളായ നായികമാർക്കുണ്ടാകുന്ന
വീർപ്പുമുട്ടൽ പോലെ...

നിങ്ങൾക്കറിയാമോ? ഇന്നലെ ഞാൻ കുറേ ചിത്രങ്ങളെയാണു പ്രണയിച്ചത്.
അതിലെ നിറക്കൂട്ടുകളും, മുഖങ്ങളും എന്റെ കണ്ണുകളെയല്ല, എന്റെ ഹൃദയത്തെയാണാകർഷിച്ചത്.
അതിൽ നിന്നും പ്രവഹിച്ചിരുന്ന വൈകാരികതലങ്ങൾ എന്റെ മനസ്സിന്റെ കോണുകളിലേയ്ക്കാണ് പടർന്നുപന്തലിച്ചത്. എന്റെ വിരൽത്തുമ്പുകളെ അവ നിശ്ശബ്ദമാക്കിക്കളഞ്ഞു.

ഇന്നു ഞാനെന്നിൽ നിന്നും പുറത്തു ചാടുന്ന ഈ അക്ഷരങ്ങളെ പ്രണയിയ്ക്കുന്നു. അക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന വാക്കുകളെന്നെയാണോ, എന്നിലെ കല്ലും മണ്ണും നിറഞ്ഞ ഊടുവഴികൾ ആ വാക്കുകളെയാണോ തേടിപ്പിടിച്ചു പ്രണയിയ്ക്കുന്നതെന്ന് എനിയ്ക്കു തീർത്തുപറയാനാവില്ല.

നാളെ ഒരുപക്ഷേ ഞാനീ വീട്ടിലെ ഏകാന്തതകളെ പ്രണയിയ്ക്കുമായിരിയ്ക്കും. ഏകാന്തതകളെന്നെയും!

നേരെചൊവ്വെ പറഞ്ഞു ഫലിപ്പിയ്ക്കാനാവാത്ത ഒരുനൂറ് പ്രണയകലഹങ്ങളുടെ പ്രിയപ്പെട്ട പ്രണയിനിയാവുന്നു ഞാൻ.

- അതെ. ഞാനും പ്രണയത്തിലാണ്...




Tuesday, July 05, 2011

പുഴയും ആകാശവും


കൊട്ടിയടഞ്ഞുപോയ കിളിവാതിലുകളൊക്കെ ഒരുനാൾ മലർക്കെ തുറക്കപ്പെട്ടു.

ആകാശം പതുക്കെ കയറി വന്നു
ജനാലയിലൂടൂറി വരുന്നൊരീണം പോലെ.
പുഴകൾ ഇരമ്പി വന്നു
അകലെ ഇരമ്പിയടുക്കുന്നൊരു തീവണ്ടി പോലെ.

അടിത്തട്ടിലടിഞ്ഞുകൂടി കിടന്ന വാക്കുകളിൽ
വെളിച്ചം ചിതറി വീണു.
ഭാരമേറിയവ ഭാരമൊട്ടുമില്ലാതെ പൊന്തി വന്നു.
മൂർച്ചകൂടിയവ മിനുസപ്പെട്ടു.
ചിലത് ഒലിച്ചുപോയി.

മേഘങ്ങളും പുഴയിലെ കല്ലുകളും
കഥകൾ ചുരത്തി. ചാ‍യക്കൂട്ടുകളിൽ കലക്കി മറിച്ചു.

വഴി തെറ്റാതൊഴുകുന്ന പുഴയുടേയും
തൊടാൻ തരാതെ നീലിച്ചു കിടക്കുന്നൊരാകാശത്തിന്റേയും
നടുക്ക്
വാക്കുകൾ കൌതുകത്തോടെ നോക്കിനിന്നു
-
പുഴകൾ ഒഴുകുന്നു, ആകാശം അതിശയിച്ചു നിൽക്കുന്നു!



Tuesday, June 28, 2011

സംഗീതം

ശ്വസിച്ചുച്ഛ്വസിച്ച് ശ്വാസം ശ്രുതി ചേരുമ്പോൾ
സ്വപ്നം കണ്ടെടുക്കുന്നൊരു കവിതയായ്
പുലരിയുടെ ഗീതത്തിലേയ്ക്കു
ഉണർന്നെണീയ്ക്കുന്ന
ഉറക്കം



Wednesday, June 22, 2011

നടത്തം

പ്രകാശപൂരിതങ്ങളായ തെരുവു വിളക്കുകളുടെ ചുവട്ടിൽ ശാന്തമായുറങ്ങുന്ന നഗരം.
ഉണർത്താതെ ഞാൻ നടന്നു.

രാവിന്റെ ഉള്ളിൽ നിന്നും
ഇന്നത്തെ കൊച്ചുപ്രഭാതവും പൊടുന്നനെ
എന്റെ കൈകളിലേയ്ക്കു പെറ്റുവീണു.

ഞാൻ കണ്ടുനിൽക്കേ
എന്റെ കൈകളിൽ കിടന്നത് തുരുതുരാ വളർന്നു.
എന്റെ കൈകളിലൊതുങ്ങാതെ അതിന്റെ പ്രകാശമെമ്പാടും പരന്നു.
അത് വെയിലിന്റെ ചൂടിനോടു ചേരുന്നതും നോക്കി ഞാൻ നിന്നു,
ഒരു നിഴൽ പറ്റി.

എന്റെ ഒഴിഞ്ഞ കൈകളിൽ വിയർപ്പു പൊടിഞ്ഞിരുന്നു.

Friday, June 03, 2011

ഒരുച്ചമയക്കം

എങ്ങു നിന്നോ വന്നൊരു ചെറുമയക്കം
എപ്പൊഴോ എന്നേയും കൊണ്ടങ്ങു കടന്നുകളഞ്ഞു.

എന്റെ ചലനമറ്റു
വെളിച്ചം പാതിവഴിയിൽ മാഞ്ഞുപോയി.
മറവികളുണർന്നു പൊങ്ങി
ഉയരത്തിലേയ്ക്കങ്ങ് പറന്നുയർന്നു.

ഇനിയൊരു തിരിച്ചുവരവില്ലെന്നോണം
പറന്നു പറന്നങ്ങനെ....
വായുവിൽ തങ്ങിനിന്ന്...
ശ്വാസമടക്കിപ്പിടിച്ച്... പിടി വിട്ട്... തെന്നി തെന്നി...
ഒരു നിമിഷത്തിന്റെ അറ്റത്ത്...

പക്ഷേ,

സാവധാനം താണുപൊങ്ങുന്ന എന്റെ നെഞ്ചിൻ‌കൂടിനുള്ളിൽ
ഉണ്ടായിരുന്നിരിയ്ക്കണം,
ബാക്കിവന്ന
എന്നിലെ ഭദ്രമായ ജീവന്റെ തുടിപ്പുകൾ!
-
വെളിച്ചത്തിന്റെ ഒരു കീറ് വീണ്ടുമാരോ
മറക്കാതെ കണ്ണിലേയ്ക്കെറിഞ്ഞുതന്നിരിയ്ക്കുന്നു!

Friday, May 20, 2011

ജീവിതം നെയ്തെടുക്കപ്പെടുന്നത്
ദിവസങ്ങൾ കൊണ്ടാണോ?
സ്നേഹം കൊണ്ടാണോ?
ഓർമ്മകൾ കൊണ്ടാണോ?

അതോ മരണം കൊണ്ടോ?!

ഓർമ്മകളുടെ കൂടുകളിലേയ്ക്കു തള്ളിവിടാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത ഞങ്ങളുടെ ചെറിയ അമ്മായി ഞങ്ങളെ വിട്ടുപിരിഞ്ഞ് ഒരു വർഷം തികയ്ക്കുന്ന ഈ മെയ് 20-നെ കണ്ണുനീരിൽ കുതിർത്തെടുക്കട്ടെ!
-
അവന്റെ ദുഃഖം! 


Monday, May 16, 2011

ചൂട്


പൊള്ളുന്ന ചൂടത്ത്, ചൂടുള്ള കാറ്റത്ത്
വറ്റിയുണങ്ങുന്ന ഓർമ്മകൾ.
വരണ്ടുണങ്ങി
വിണ്ടുകീറുന്ന ഒരു ഹൃദയം.

അതിൽ
ചുട്ടു നീറുന്ന വേദന.
അതിന്റെ
ഉള്ളു തുളയ്ക്കുന്ന പിടച്ചിൽ.

ആ പിടച്ചിലിൽ
വറ്റാത്ത കിണർ പോലെ
നിറഞ്ഞുകൊണ്ടിരിയ്ക്കുന്ന
ചുടുനീരിന്റെ ചൂടിൽ
മെഴുകുപോലുരുകിയൊലിയ്ക്കുന്ന
കനലു പോലുള്ള രണ്ടു കണ്ണുകൾ!



Monday, May 02, 2011

മുറ്റം



നനഞ്ഞ മിറ്റത്ത് വെയിലു പൂക്കുന്ന മണം
വെയിലിന്റെ ചൂടിനു പൂ പരത്തുന്ന മണം

Tuesday, April 26, 2011

വലകൾ

പൂത്തു തുടങ്ങുന്ന മരത്തിൽ നിന്നും തൂങ്ങുന്ന
വെള്ളിനൂലുകൾ കൊണ്ടു നെയ്തെടുക്കുന്ന
ഉടമസ്ഥനില്ലാത്ത വലകൾ

വെയിലത്തു തിളങ്ങുന്ന നേർത്ത വെള്ളിനൂലുകൾ
വെള്ളിവട്ടങ്ങൾക്കുള്ളിൽ തൂങ്ങുന്ന ചുകന്ന പുഴുക്കൾ
വലകൾ ശരീരത്തെ പൊതിയുമ്പോൾ തൊലിപ്പുറത്ത് വല്ലാത്ത പശപശപ്പ്
പൂവിന്റെ കുത്തുന്ന മണം

ഒരു മുറ്റം മുഴുവൻ ഇറങ്ങിയിറങ്ങി വരുന്ന വലകൾ

Wednesday, April 13, 2011

ഒഴുക്ക്


കലപില കൂട്ടുന്ന രണ്ടു കൊച്ചു സന്തോഷങ്ങൾക്കു നടുവിൽ,
രണ്ടു സീറ്റുകൾ കൂടിച്ചേരുന്ന യോജിപ്പിൽ
തണുപ്പ് ഇരച്ചു കയറുന്ന ഇരുത്തം.

കറുത്ത ജനാലച്ചില്ലിലൂടെ
വെയിലു തട്ടാത്ത കാഴ്ചകൾ
പിന്നോട്ടൊഴുകിക്കൊണ്ടേയിരുന്നു...
നിശ്ശബ്ദം.



 


ചിത്രത്തിനു കടപ്പാട് 
http://www.bfg-global.com/portal/top10/english/news_images/2010-08-153586424420_f33544afc8.jpg 



Wednesday, April 06, 2011


ഒരു ഉണർവ്വിന്റെ അറ്റത്ത് നിന്നും
ഒരു സ്വപ്നത്തിന്റെ തുമ്പിലേയ്ക്ക്
ഉറക്കം
തൂങ്ങി നിൽക്കുന്നു

Thursday, March 31, 2011

തുടക്കം

പുഴു തിന്നുതീർക്കുന്ന ഇലകളിൽ
മൂർച്ചയെത്താത്ത ഇളം മുള്ളുകളുടെ കൂർപ്പിൽ
വിടരാറായ ഇതളുകൾക്കുള്ളിൽ
മഞ്ഞുതുള്ളികളായി തുടങ്ങുന്നുണ്ട്
എന്നും ഒരു ലോകം

Wednesday, March 30, 2011

ജനാലയിലൂ‍ടെ

അങ്ങു മേലേ വിരിച്ചിട്ടിരിയ്ക്കുന്ന നീല പരവതാനിയിൽ
നിറയേ ഇലകളും കൊമ്പുകളും കുത്തിവരച്ചിട്ടിരിയ്ക്കുന്നു









അല്ല
ഒരു കാറ്റിൽ പറന്നു വീഴാറായി നിൽക്കുന്നു...




Sunday, March 27, 2011

കയർ


ഏണിപ്പടികൾക്കിടയിലൂടെ ചുറ്റിപ്പിണഞ്ഞ്
അറ്റം ഒരു തല കടക്കാൻ പാകത്തിൽ വലയമാക്കി
നിലം തൊടാതെ ആടിക്കളിയ്ക്കുന്നുണ്ട്...
വലിച്ചുമുറുക്കപ്പെടാവുന്ന ഒരു കയർ.

ഒരു മുഴം
ചുകന്ന കയർ!