A flower is a flower not because of its looks, flesh or scent. But because of its 'LIFE'....!
Saturday, April 28, 2007
ഒരവധിക്കാലം കൂടി...
മനസ്സിലേയ്ക്കു കയറി വരുന്ന, ആ ആരവത്തിന്റെ ബാക്കികളെ ഒന്നു കുത്തിക്കുറിച്ചിടട്ടെ..
പതിവില്‍ നിന്നും വ്യത്യസ്തമായി, ഇപ്രാവശ്യം, വേനലവധിയ്ക്കു കാത്തു നില്‍ക്കാതെ, പെട്ടെന്നൊരു മാസത്തേയ്ക്കായി നാട്ടിലേയ്ക്കൊന്നു പോയി വരുവാനുള്ള ഞങ്ങളുടെ തീരുമാനത്തിനു കാരണങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാലും, ഒരു കാര്യം മാത്രം പതിവ് തെറ്റിയ്ക്കാതെ, മുറ പോലെ നടന്നു കാണുവാനുള്ള ഭാഗ്യം ഞങ്ങള്‍ക്കു ലഭിച്ചു... വേറെയൊന്നുമല്ല- എല്ലാ വര്‍ഷത്തേയും പോലെ ഇപ്രാവശ്യവും തലേ ദിവസം വരെ, എന്റെ കണവന്റെ "ലീവ് അനുവദിച്ചു കിട്ടല്‍" എന്ന ഒരു മഹാ സംഭവം അനിശ്ചിതാവസ്ഥയില്‍ തന്നെ കിടന്ന് കാണാനുള്ള ആ "മഹാഭാഗ്യം".. വന്ന് വന്ന്, തലേ ദിവസം എന്തെങ്കിലും കാരണം പറഞ്ഞുകൊണ്ട് ഒന്നു നെട്ടോട്ടമോടിയാലെ സമാധാനമായി നാട്ടിലേയ്ക്കു പോകാനാവൂ എന്ന ഒരു നിലയിലായിട്ടുണ്ട് ഇപ്പോള്‍. അങ്ങിനെ, അമ്മയുടേയും അച്ഛന്റേയും, പ്രാര്‍ത്ഥനകളും വഴിപാടുകളും കൊണ്ടോ, അല്ലെങ്കില്‍ ബോസ്സിനു അവസാന നിമിഷത്തില്‍ മനസ്സലിഞ്ഞതു കൊണ്ടോ, "ഇരുപത്തിമൂന്നാമത്തെ മണിക്കൂറില്‍" എല്ലാം ശരിയാക്കി, നിമിഷങ്ങളേയും, മിനുട്ടുകളേയും കയ്യില്‍ പിടിച്ചു കൊണ്ട് ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക് കുതിച്ചു കയറി. തിരുവനന്തപുരം വഴി വളഞ്ഞ്, ഞങ്ങളുടെ ക്ഷമ മുഴുവനും പരീക്ഷിച്ച്, നീണ്ട ഒരാറ് മണിക്കൂറിന്റെ യാത്രയ്ക്കൊടുവില്‍, "ഹാവൂ ! ഒരു വിധത്തില്‍ എത്തികിട്ടി.. !" എന്ന ഒരു നെടുവീര്‍പ്പോടെ, ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങി; ഭാരങ്ങളെല്ലാം ഒന്നിറക്കി വെച്ച പ്രതീതിയായിരുന്നു മനസ്സിലപ്പോള്‍..
നാട്ടിലേയ്ക്കു പോകാനുള്ള സമയമടുക്കുമ്പോള്‍, എല്ലാ പ്രാവശ്യവും, ഞങ്ങളോരോരുത്തരും മനസ്സില്‍ നിറയെ ആശകളും, മോഹങ്ങളും ഒക്കെ നെയ്തുകൂട്ടാറുണ്ട്. ഇപ്രാവശ്യവും, ലീവ് കുറഞ്ഞാലും, അതിനു കുറവൊന്നും വരുത്തിയില്ല.
ഞങ്ങളുടെ അമ്മുവിനുമുണ്ടായിരുന്നു നിറയെ കുഞ്ഞു മോഹങ്ങള്‍ ..."ചെറിയച്ഛന്റെ മകള്‍ മീനാക്ഷിയുടെ ഒപ്പം ഇഷ്ടം പോലെ കളിയ്ക്കണം, കുളത്തില്‍ നീന്തണം, അച്ഛമ്മയുടെ കയ്യില്‍ നിന്നും നിറച്ച് വെണ്ണ വാങ്ങി കഴിയ്ക്കണം, അച്ഛന്റെ വീട്ടിലെ നന്ദിനി പശുവിനേയും കുട്ടി കിടാവിനേയും കണ്‍കുളിര്‍ക്കെ കാണണം, അവിടത്തെ മരങ്ങളിലെ കിളിക്കൂടുകളും അതിനുള്ളിലെ കൊച്ചു മുട്ടകളും കാണണം, മതിലിലൂടെ അരിച്ചരിച്ചു പോകുന്ന കല്യാണി പുഴുക്കളെ കാണണം, അമ്മമ്മയുടെ കഥകള്‍ കേള്‍ക്കണം, മുത്തശ്ശന്റെ കാലുകളില്‍ കിടന്ന് ആടണം, നിറയെ മാങ്ങകള്‍ കഴിയ്ക്കണം"... രണ്ടറ്റവും തൊടാത്ത ഒരു മാല കണക്കെ നീണ്ടു പോയി ആ മോഹമുത്തുകള്‍....
ദിവസങ്ങള്‍ അടുക്കുന്തോറും അമ്മുവിന് ഉത്സാഹം കൂടി കൂടി വന്നു.
എന്നാല്‍ പാവം, അമ്മുവിന്റെ കുഞ്ഞനുജത്തിയ്ക്കു കാര്യമായി ഒന്നും മോഹിയ്ക്കാനുണ്ടായിരുന്നില്ല.. കാരണം നാടിനെ പറ്റി ഒന്നും ഓര്‍മ്മയില്ല അവള്‍ക്ക്. ഒരു വയസ്സില്‍ നാട്ടില്‍ ഒന്നു പോയി വന്നുവെന്നല്ലാതെ വെറെ ഒന്നും ഓര്‍മ്മയില്ല.. എന്നാലും അമ്മയില്‍ നിന്നും, അച്ഛനില്‍ നിന്നും, നാടിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. അമ്മമ്മയെ പറ്റി, മുത്തശ്ശനെ പറ്റി, അമ്മാമന്മാരെ പറ്റി, പിന്നെ, അച്ഛന്റെ വീട്ടിലുള്ള, റാണി പട്ടിയെ പറ്റിയും നന്ദിനി പശുവെ പറ്റിയും, മീനാക്ഷിയെ പറ്റിയും കുഞ്ഞുവാവകളെ പറ്റിയും എല്ലാം.. അതുകൊണ്ട്, ചേച്ചിക്കുട്ടിയുടെ ഒപ്പം നില്‍ക്കുവാന്‍, ഉത്സാഹത്തിന്റെ കാര്യത്തില്‍ അനീത്തികുട്ടിയും ഒട്ടും വിട്ടു കൊടുത്തില്ല.. അങ്ങിനെ അമ്മുവും കുഞ്ഞനുജത്തിയും കാത്തിരുപ്പായി, ആ "സുദിനം" വന്നു ചേരുവാന്‍..
ഞങ്ങള്‍ക്കാകട്ടെ, എല്ലാവരേയും കാണാനുള്ള തിടുക്കവും, നാട്ടിലെ ഉത്സവക്കാലവുമായിരുന്നു മനസ്സില്‍ നിറയെ.. കൂടാതെ കുട്ടികള്‍ക്കും എല്ലാമൊന്ന് അനുഭവിച്ചറിയാനുള്ള ഒരവസരമാണല്ലോ, എന്ന ഒരു ചിന്തയും.
പൂരക്കാലത്ത് നാട്ടിലെത്തിപ്പെടുക വളരെ അപൂര്‍വമായി മാത്രമാണ് പതിവ്.എന്റെ കുട്ടിക്കാലത്ത്, ഞാന്‍ കണ്ട് വളര്‍ന്ന പൂരം പ്രധാനമായും "കോട്ടയ്ക്കല്‍ ഉത്സവം" മാത്രമായിരുന്നു. ഉത്സവക്കാലത്ത്, ആദ്യത്തെ ദിവസത്തെ വെളുപ്പാന്‍ കാലത്തെ വെടിക്കെട്ട്, രാവിലത്തെ പാഠകം, സന്ധ്യയ്ക്കുള്ള ചാക്യാര്‍കൂത്ത്, പിന്നെ, കച്ചേരികള്‍, നൃത്തങ്ങള്‍, അഞ്ചു ദിവസങ്ങളിലെ കഥകളി, പഞ്ചവാദ്യം, രാത്രിയിലുള്ള തായമ്പക, കുട്ടിക്കാലത്ത് സര്‍ക്കസ്സും കാണാന്‍ പോയിരുന്നതോര്‍മ്മയുണ്ട്. ഇതൊക്കെയാണ് എന്റെ മനസ്സിലെ ഉത്സവം. എന്നാല്‍ ഉത്സവങ്ങളുടെ മറ്റൊരു മുഖം ഞാന്‍ കണ്ടത്, വിവാഹശേഷമാണ് - ആനകളുടേയും, മേളങ്ങളുടേയും ഉത്സവം -
എന്റെ ഭര്‍തൃ ഗൃഹത്തില്‍, എല്ലാവരും പൂരങ്ങളെ ആവോളം ആസ്വദിയ്ക്കുന്നവര്‍. അമ്പലത്തില്‍ കഴകവും മറ്റും ഉള്ളതുകൊണ്ട്, പൂരങ്ങള്‍ക്കു ആനയുടെ തൊട്ടടുത്ത് വിളക്കു പിടിച്ചുകൊണ്ട് കിലോമീറ്ററുകളോളം നടക്കുവാന്‍, എല്ലാ പുരുഷ ജനങ്ങളും പോകാറുള്ള ഒരു കുടുംബം. അതുകൊണ്ടു തന്നെ ആനകളോടും ഒരു പ്രത്യേക സ്നേഹം അവിടെയെല്ലാവരും കാത്തു സൂക്ഷിച്ചിരുന്നു.. ഇപ്പോഴും അതിനു കുറവൊന്നുമില്ല.. പൂരക്കാലത്ത് അവിടത്തെ തൊടിയിലാണ്, അമ്പലത്തിലേയ്ക്കു എഴുന്നള്ളിയ്ക്കുന്ന ആനയെ കെട്ടാറുള്ളത്. അതുകൊണ്ടു തന്നെ, എല്ലാവര്‍ക്കും, പശുവിനോടും, ആടിനോടും ഒക്കെ തോന്നുന്ന ഒരു സ്നേഹമാണത്രേ ആനയോടും !.
വിരണ്ടോടുന്ന ആനയുടെ വാലില്‍ പിടിച്ചു കയറി, ഓട്ടം നിര്‍ത്തിച്ചുവെന്നതും മറ്റുമായി ധാരാളം വീരസാഹസിക കഥകള്‍ കേട്ടിട്ടുണ്ട്, അവിടത്തെ അച്ഛന്റെ പഴയ കാലങ്ങളെ കുറിച്ച് പറയുമ്പോള്‍. ഒരാന ഇടഞ്ഞുവെന്നു കേട്ടാല്‍, ഇപ്പോഴും ഇരിയ്ക്കപ്പൊറുതി കിട്ടാത്ത അച്ഛന്റെ ആവേശം നിയന്ത്രിയ്ക്കുന്നത്, അച്ഛന്റെ വയ്യാത്ത കാലുകള്‍ മാത്രമായിരിയ്ക്കും, അല്ലാതെ മക്കളുടേയോ, അമ്മയുടേയൊ, വിലക്കുകളായിരിയ്ക്കില്ല എന്നതായിരിയ്ക്കും പച്ചയായ ഒരു യാഥാര്‍ത്ഥ്യം !.
ആനകളോടെന്ന പോലെ, മേളങ്ങളോടുള്ള കമ്പവും ഒട്ടും കുറവല്ല ആര്‍ക്കും -"ഇപ്രാവശ്യം എന്തായാലും എല്ലാ പൂരങ്ങള്‍ക്കും ഒന്നു കൂടണം.." കുറേ കാലങ്ങളായി മനസ്സിനുള്ളില്‍ പൂക്കാന്‍ കൊതിച്ചു നില്‍ക്കുന്ന ഒരു മോഹമായിരുന്നു, അമ്മുവിന്റെ അച്ഛനത്. ആ മോഹം കണ്ണുകളിലൂടെ ഒന്നു വന്നെത്തി നോക്കി പോയി, അതു പറയുമ്പോള്‍. " തൈക്കാട്ടുശ്ശേരി, ആറാട്ടുപുഴ, എടക്കുന്നി, അവിണിശ്ശേരി, തുടങ്ങിയ പല ദേശങ്ങളുടേയും പൂരങ്ങള്‍ കൊണ്ടൊരു കളിയാണ് ഈ സമയത്ത്. കൂട്ടത്തില്‍ ആറാട്ടുപുഴ പൂരത്തിന് കൊഴുപ്പു കൂടുമത്രേ.. അമ്മുവിന്റെ അച്ഛന്‍ മനസ്സില്‍ കുറിച്ചിട്ടു - "ഒരാഴ്ച പൊടിപൊടിയ്ക്കാം"-
അങ്ങനെ, വളരെ ഉത്സാഹത്തോടെ, വെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് പൂരത്തിനു വിളക്കു പിടിയ്ക്കാന്‍ പോവലും, ഉറക്കമൊഴിയ്ക്കലും, ദൂരങ്ങളോളമുള്ള നടത്തവും, അസമയത്ത് മാത്രം ഭക്ഷണം കഴിയ്ക്കലും, എല്ലാം കൂടി ചേര്‍ന്ന് വളരെ അപ്രതീക്ഷിതമായി, അമ്മുവിന്റെ അച്ഛന്റെ "ഉദരം" ക്ഷമ കെട്ട്, ശക്തിയുക്തം പ്രതിഷേധം രേഖപ്പെടുത്തി. കുറെ കാലങ്ങളായി ഈ വക ശീലങ്ങള്‍ വിട്ടതാണെന്നും കൂടുതല്‍ ബുദ്ധിമുട്ടിപ്പിയ്ക്കരുതെന്നും പറഞ്ഞ് അത് നിരാഹാര സമരം ഇരുന്നു. നല്‍കുന്ന ഓരോ ഭക്ഷണത്തേയും അത് നല്ല രീതിയില്‍ തന്നെ "തിരസ്ക്കരിച്ചു". അങ്ങിനെ തീര്‍ത്തും അവശനായി, രണ്ടു ദിവസത്തെ വിശ്രമം കഴിഞ്ഞതോടെ, സ്വന്തം ദേശത്തെ "പൂരം കൂടല്‍" വളരെ "ഭംഗിയായി" തന്നെ പര്യവസാനിച്ചു.. എന്നാലും, അമ്മുവിന്റെ അച്ഛന്‍ സ്വയം സമാധാനിച്ചു - "ഒന്നു വിളക്കുപിടിച്ചു നടക്കാനെങ്കിലും കഴിഞ്ഞുവല്ലൊ.. അതുമതി."
പക്ഷെ, മറ്റൊരു വിസ്മരിയ്ക്കാനാവാത്ത സത്യം ഉണ്ട്. ഇത്തവണത്തെ പൂരക്കാലം പതിവു പൊലെ ആസ്വാദ്യകരമായി തീര്‍ന്നില്ല എന്ന ഒരു ദുഃഖ സത്യം..
തൈക്കാട്ടുശ്ശേരിയില്‍, വെളുപ്പാന്‍ കാലത്തെ എഴുന്നള്ളിപ്പ് നടക്കുമ്പോള്‍ ആന ഇടഞ്ഞ്, ഒന്നാം പാപ്പാന്റെ ജീവന്‍ അപഹരിയ്ക്കുക വരെ ഉണ്ടായി !, അതും പോരാഞ്ഞ് അടുത്തുള്ള മറ്റ് രണ്ട് ആനകളേയും അത് കുത്തിയത്രേ ! പൂരം നടക്കുന്ന ആ ഭാഗമാകെ ആന ചവുട്ടി മെതിച്ചു. എല്ലാം അലങ്കോലപ്പെട്ടു.
തൊട്ടടുത്ത് നിന്ന് നേരില്‍ കണ്ട്, പരിഭ്രാന്തരായ ജനക്കൂട്ടത്തിനിടയിലൂടെ, കയ്യിലെ വിളക്ക് കെടുത്തിക്കൊണ്ട് ഓടിപോകേണ്ടി വന്ന വല്ല്യച്ഛന്റെ മകന്‍ - ശശിയേട്ടന്‍, ഉള്ളിലെ ഭീതി മറച്ചു വെയ്ക്കാതെ പറഞ്ഞു - " ഇങ്ങനെയൊരു മുഖം ആദ്യമായാണ് കാണുന്നത്. ആനയിലെ വന്യമൃഗം അതിഭീകരം തന്നെ !"- പശുവിനേയും ആടിനേയും പോലെ തന്നെ കുട്ടിക്കാലം മുതല്‍ക്ക്, ആനയെ സ്നേഹിയ്ക്കുകയും, ഇടപഴകുകയും ചെയ്തിട്ടുള്ള, ശശിയേട്ടന്റെ കണ്ണുകളിലെ നടുക്കം വിട്ടുമാറിയിരുന്നില്ല അപ്പോഴും.
എല്ലാം കഴിഞ്ഞ്, ഏതൊരു സംഭവത്തിനും പതിവുള്ളതു പോലെ, അവിടേയും കാര്യകാരണങ്ങള്‍ നിരന്നു തുടങ്ങി - "പ്രകൃത്യാ ആനയ്ക്കു കുറുമ്പു കൂടുതലായിരുന്നു, പിന്നില്‍ നിന്നും ആരൊ ആനയെ കുത്തിയോ എന്നൊരു സംശയം, പെട്ടെന്നു തന്നെ തിരിയാന്‍ പറഞ്ഞത് ആനയ്ക്കു പിടിച്ചില്ല, അങ്ങിനെ ആനയിടയുവാനുള്ള കാരണങ്ങള്‍ നിരവധി. നിരത്തി വെയ്ക്കുവാന്‍ കാരണങ്ങളും, കാരണങ്ങളുടെ കാരണങ്ങളും ഏറെ.. പക്ഷെ, ആനയെ വളരെയധികം സ്നേഹിച്ചിരുന്ന പാപ്പാനു നേരെ തിരിഞ്ഞ ആ "ഭ്രാന്ത് കയറിയ നിമിഷങ്ങള്‍ക്കു" മുന്നില്‍ അവയെല്ലാം അപ്രസക്തങ്ങളാകുന്നില്ലേയെന്ന് തോന്നിപോകുന്നു; അഥവാ ഏതെങ്കിലും ഒരു കാരണത്തിനോ, കാരണങ്ങളുടെ കാരണത്തിനോ എന്തെങ്കിലും പ്രസക്തിയുണ്ടെങ്കില്‍ തന്നെ, ഇതേ സംഭവങ്ങള്‍ അതേ മട്ടില്‍ തന്നെ പല ദിക്കിലും ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ഭ്രാന്ത് ആനയ്ക്കൊ അതൊ മനുഷ്യനൊ എന്നും സംശയിച്ചു പോകുന്നു...
പൂരത്തിന്റെ ഉത്സാഹങ്ങള്‍ അതോടെ ഏകദേശം അസ്തമിച്ച മട്ടായി. അമ്മുവിന്റെ അച്ഛന്റെ പൂക്കാന്‍ തുടങ്ങിയ മോഹമൊട്ടും അങ്ങനെ പകുതിയില്‍ വാടിക്കരിഞ്ഞു പോയി.
എന്നാലെന്നെ സംബന്ധിച്ചിടത്തോളം, "ഉത്സവക്കാലം" എന്നതിലുപരിയായി, ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേയ്ക്കുള്ള ആ യാത്ര, പല സംഗതികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു. ഉള്ള സമയം കൊണ്ടു എല്ലാവരുമൊത്ത് നല്ല കുറച്ചു സമയം ചിലവഴിയ്ക്കണം എന്നതു തന്നെയായിരുന്നു ഏറ്റവും പ്രധാനം. അച്ഛന്‍, അമ്മ, അനിയന്മാര്‍, അതുപോലെ വല്ല്യമ്മമാര്‍, വല്ല്യച്ഛന്മാര്‍, അമ്മമ്മ, അങ്ങിനെ എല്ലാവരുടേയും സ്നേഹവലയത്തില്‍, സുരക്ഷിതവലയത്തില്‍, ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മറന്ന്, കുറച്ചു ദിവസങ്ങള്‍ ഒന്നൊതുങ്ങി കൂടുവാനുള്ള ആ "സ്വാര്‍ത്ഥക്കൊതി" ഒരു "മോഹമായി" ഞാനുമുള്ളില്‍ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു വെച്ചിരുന്നു, ഏതൊരു പ്രവാസിയേയും പോലെ..
എല്ലാ തവണയും നാട്ടിലെത്തിയാലുടന്‍, വിട്ട് നിന്ന് കാലങ്ങള്‍ കഴിഞ്ഞു പോകുമ്പോള്‍, തോന്നാറുള്ള ഒരു "വിടവ്" നികത്താനുള്ള തത്രപ്പാടിലാണ് പതിവ്. പ്രസവിച്ച് ഇതുവരെ കാണാത്ത കുട്ടി, കല്യാണം കഴിഞ്ഞ് ഇതുവരെ കാണാത്ത "വരന്‍", പല കാരണങ്ങളാലാല്‍ കാലങ്ങളായി കാണാന്‍ പറ്റാതെയിരിയ്ക്കുന്ന മറ്റ് സ്വന്തക്കാര്‍, കാണാന്‍ പോകേണ്ടുന്ന മുത്തശ്ശിമാരും മറ്റു പ്രായമായവരും എന്നിങ്ങനെ ഒരവസാനമില്ലാതെ നീണ്ടു പോകുന്ന ഒരു "ലിസ്റ്റ്" തന്നെ അമ്മ ഉണ്ടാക്കിയിട്ടുണ്ടാകും. ഇതിനെല്ലാമിടയില്‍, വീണു കിട്ടുന്ന എല്ലാ നിമിഷങ്ങളും ആവോളം ആസ്വദിയ്ക്കുകയെ വഴിയുള്ളൂ.. ഒരോ നിമിഷങ്ങളുടേയും മൂല്യം ഏറ്റവുമധികം തിരിച്ചറിയുന്നത് അപ്പോഴാണെന്ന് തോന്നാറുണ്ട്.
തുടക്കത്തില്‍, നാടിനും വീടിനും വന്ന മാറ്റങ്ങള്‍ കണ്ട് അദ്ഭുതം കൂറി,
പിന്നെ, തൊടി, കുളം, അമ്പലം..,
കൂടാതെ, മാവിന്‍ കൊമ്പിന്റെ തുമ്പത്ത് തൂങ്ങിയാടി, കുണുങ്ങി ചിരിയ്ക്കുന്ന പച്ച നിറമുള്ള മാങ്ങകളുടെ അഴകു നോക്കി..,
പിന്നെ, മഞ്ഞ നിറത്തിലുള്ള ഒരു 'താലിമാല' പോലെ കൊന്നപ്പൂക്കളെ വേണ്ടുവോളം അണിഞ്ഞു കൊണ്ട് നില്‍ക്കുന്ന കൊന്നമരങ്ങളെ നോക്കി..,
അതും പോരാഞ്ഞ്, കിണറ്റിലെ തണുത്ത വെള്ളം മേലാദ്യം ഒഴിയ്ക്കുമ്പോള്‍ കുളിരു കോരി, രോമങ്ങള്‍ എഴുന്നേറ്റുവരുന്നതും അറിഞ്ഞുകൊണ്ട്..,
എന്നിട്ടും മതിയാവാതെ, അമ്മയുടെ ഭരണി തുറക്കുമ്പോള്‍ കഴിഞ്ഞ കൊല്ലം ഇട്ട കടുമാങ്ങയുടെ വാസനയും, നാവിലൂറുന്ന വെള്ളവും നുണഞ്ഞു കൊണ്ട് ഭരണിയിലേയ്ക്ക് കയ്യിട്ട് വിരലിന്റെ തുമ്പില്‍ പറ്റിയ കടുമാങ്ങയുടെ ചുകന്ന നീര് നാവു കൊണ്ട് നക്കി തുടച്ച്, ചെവിയിലൂടെയും, കണ്ണിലൂടെയും അതിന്റെ എരിവു ഊര്‍ന്നിറങ്ങുമ്പോള്‍, "തോന്നീത് കാണിയ്ക്കണ്ട ട്ടൊ" എന്ന അമ്മയുടെ ഒരു താക്കിതും കേട്ട്...,
എല്ലാം മറന്ന്, ഉമ്മറത്തെ ബെഞ്ചിലിരുന്ന് കാറ്റുകൊണ്ട് അമ്മയുടെ സംസാരങ്ങള്‍ കേട്ടുകൊണ്ട്...,
അങ്ങിനെ എന്തും ഏതും.. കുറെ കാലമായി പൊടി പിടിച്ചു കിടക്കുന്ന ഉള്ളിന്റെയുള്ളിലെ, മറക്കാനാവാത്ത അന്തരീക്ഷവും ശീലിച്ചുവന്ന വാസനകളും, രുചികളും,.. ഇത്തിരി പോന്ന, നുറുങ്ങു സന്തോഷങ്ങളായി.. എല്ലാം ഒന്നുകൂടി സ്വന്തമാക്കുമ്പോള്‍, മനസ്സിലെവിടേയോ ഒളിഞ്ഞിരിയ്ക്കുന്ന ഒരാഹ്ലാദമായി..
എന്നാല്‍ ഇതിന്റെയെല്ലാമിടയിലൂടെ, ഇപ്രാവശ്യം എപ്പൊഴൊക്കെയൊ ഞാന്‍ അദ്ഭുതപ്പെട്ടു- പണ്ട് തീരെ കുട്ടികളായി തോന്നിയിരുന്നവരെല്ലാവരും ഇപ്പോള്‍ എന്നേക്കാളുമധികം പൊക്കത്തില്‍, എനിയ്ക്കു മനസ്സിലാവുക പോലും ചെയ്യാത്ത വര്‍ത്തമാനങ്ങളും, തമാശകളും പൊട്ടിച്ചുകൊണ്ട് നടക്കുന്നു, അതുപൊലെ, ഒരു അന്‍പതു വയസ്സിനു മുകളിലുള്ള മിക്കവര്‍ക്കും വന്നു പെട്ടിട്ടുള്ള മാറ്റങ്ങള്‍..
കഴിഞ്ഞ തവണ കണ്ടപ്പോള്‍ പോലും ഓടിനടന്നിരുന്നവര്‍ക്ക് ഇത്തവണ വയ്യായകളും വേദനകളും, അവര്‍ മനസ്സു തുറക്കുമ്പോള്‍ ഉള്ളില്‍ നിന്നും അറിയാതെ വരുന്ന ഒരുതരം "അരക്ഷിതത്വത്തിന്റെ" പ്രതിഫലനങ്ങള്‍, പ്രായവും അനുഭവങ്ങളും, അവരുടെ വിചാരങ്ങള്‍ക്കും, കാഴ്ചപ്പാടുകള്‍ക്കും വരുത്തിയിട്ടുള്ള ചെറിയ ചെറിയ മാറ്റങ്ങള്‍, അങ്ങിനെ ഓരോന്നും എന്റെയുള്ളില്‍ അദ്ഭുതത്തോടൊപ്പം എവിടെയൊക്കെയോ നീറ്റലുകളുമുണ്ടാക്കി. കേവലം ഒരു വര്‍ഷം കൊണ്ട് ഇത്രയധികം മാറ്റങ്ങളോ, ഞാന്‍ അമ്പരന്നു പോയി പലപ്പോഴും.
കുട്ടിക്കാലത്ത് എന്റെ മുതിര്‍ന്നവരായി, എന്തിനും ഏതിനും ഏക അഭയസ്ഥാനങ്ങളായി ഞാന്‍ കണക്കാക്കിയിരുന്നവര്‍, ഇന്നു ഞാന്‍ കാണുമ്പോള്‍, ഏതൊക്കെയോ നിമിഷങ്ങളില്‍ അവരെനിയ്ക്കെന്റെ സ്വന്തം കുട്ടികളായി മാറുന്ന പൊലെ. അവരില്‍ നിന്നും സുരക്ഷിതത്വം കൊതിച്ചു വന്ന ഞാന്‍, അവര്‍ക്കു "സുരക്ഷ" നല്‍കണമെന്ന ഒരു ഉത്തരവാദിത്ത ബോധം എന്നില്‍ താനെ ഉടലെടുക്കുന്ന പോലെ. ഒരു കാലത്ത് ഓടി നടന്നിരുന്നവര്‍ക്ക് ഇന്ന് ഓടി നടക്കുവാന്‍ കാരണങ്ങള്‍ ഇല്ലാതെ വന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ഓടുവാന്‍ ശരീരം അനുവദിയ്ക്കാതെ വന്നിരിയ്ക്കുന്നു, മനസ്സിന്റെ കെട്ടുകള്‍ അഴിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു, പിടിവള്ളികള്‍ക്കായി അലഞ്ഞു തുടങ്ങുന്നു, കൊതിയ്ക്കുന്നു, പിടിച്ചു വെയ്ക്കുന്നു, വിട്ടുകൊടുക്കുവാന്‍ മടിയ്ക്കുന്നു, ഓടി തളര്‍ന്ന് ക്ഷീണിച്ച ശരീരം നിസ്സഹായതയെ ഓര്‍മ്മിപ്പിയ്ക്കുന്നു.. ജിവിതത്തിലെ ആവര്‍ത്തനങ്ങളായ ജോലികള്‍ വിരസത സൃഷ്ടിച്ചു തുടങ്ങുന്നു, അങ്ങിനെയുള്ള ഒരു ഘട്ടത്തിലേയ്ക്കുള്ള ആരംഭമായെന്നു എനിയ്ക്കു തോന്നി. സ്നേഹിയ്ക്കപ്പെടാന്‍ ഏറെ കൊതിച്ചു വരുമ്പോഴും, അളവില്ലാത്ത സ്നേഹം ആവോളം കൊടുക്കുക കൂടി വേണമെന്ന, ഇതുവരെ അറിയാതെയെങ്കിലും അധികം ശ്രദ്ധ വെയ്ക്കാതെ പോയ ഒരു സത്യം, ഇപ്പോള്‍ തിരിച്ചറിയുണ്ടെന്ന് എനിയ്ക്കു തോന്നി. അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കി ക്കൊണ്ട്, അവരെ സഹായിച്ച്, സമാശ്വസിപ്പിച്ച്, അവര്‍ക്ക് മനസ്സിന് കുറച്ചെങ്കിലും ഉല്ലാസം പകര്‍ന്നു കൊണ്ട് അവരുടെയൊപ്പം ഒരു താങ്ങായി എന്നും നില്‍ക്കണമെന്ന തീവ്രമായ ഒരു ആഗ്രഹം എന്നില്‍ ജനിച്ചു, അല്ലെങ്കില്‍ ഒരാവേശം- വര്‍ഷത്തിലൊരിയ്ക്കല്‍ വരുമ്പോള്‍, എന്തൊക്കെയോ ചെയ്യുവാനും, എല്ലാവരേയും സഹായിയ്ക്കുവാനും, സഹായിച്ചു അങ്ങേയറ്റം സന്തോഷിപ്പിയ്ക്കാമെന്നുമുള്ള ഒരു അമിത വിശ്വാസത്തിന്റെ ആവേശം - എന്നിരുന്നാലും ആ ആവേശത്തിന്റെ ഊര്‍ജ്ജം എന്നെക്കൊണ്ട്, എന്തെങ്കിലുമൊക്കെ ഗുണകരമായി ചെയ്യുവാന്‍ സഹായിച്ചുവെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു... കുറഞ്ഞത്, ഒരു കേള്‍വിക്കാരിയായി അവര്‍ക്കെല്ലാം ഇരുന്നുകൊടുക്കുവാനുള്ള ക്ഷമയും, സമയവും, സന്ദര്‍ഭവും ഉണ്ടാക്കുവാനെങ്കിലും.. അതില്‍ നിന്നും കിട്ടുന്ന, സന്തോഷത്തിന്, എന്റേത് മാത്രമാകുന്ന ആ "നുറുങ്ങു സന്തോഷങ്ങളേക്കാള്‍" ഒരിത്തിരി മധുരം കൂടുതലുണ്ടെന്ന് എനിയ്ക്കു തോന്നി.
അങ്ങിനെ ഇത്തവണത്തെ എന്റെ അവധിക്കാലം എന്നെ ഏറെ ചിന്തിപ്പിയ്ക്കുന്നതായിരുന്നു. ജീവിതത്തില്‍, ഒരു മകളായുള്ള, അല്ലെങ്കില്‍ ഒരു മരുമകളായുള്ള, അതുമല്ലെങ്കില്‍ പേരിട്ടിട്ടില്ലാത്ത പല ബന്ധങ്ങളിലും, ഞാന്‍ വഹിയ്ക്കേണ്ടുന്ന എന്റെ ഭാഗം [role], എനിയ്ക്കുള്ള ജോലി, എങ്ങനെയെല്ലാം സ്നേഹിയ്ക്കണം എന്നുകൂടി ഞാന്‍ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയുന്നുവെന്ന് എനിയ്ക്കു തോന്നി. അതുകൊണ്ടു തന്നെ, ഈ അവധിക്കാലം എനിയ്ക്കു വളരെ വിലപ്പെട്ടതായി, എന്നേയ്ക്കുമുള്ള ഒരു തിരിച്ചറിവിന്റെ പാഠമായി തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു, സമയം വളരെ കുറവായിരുന്നിട്ടു കൂടി..
വാസ്തവത്തില്‍, അമ്മുവും അമ്മുവിന്റെ കുഞ്ഞനുജത്തിയുമാണ് അവരുടെ അവധിക്കാലം, വേണ്ടുവോളം ആസ്വദിച്ചത് എന്നു വേണമെകില്‍ പറയാം. അമ്മുവിന് നാട്ടിലെ സ്ക്കൂളില്‍ പോകാന്‍ മോഹമായി തുടങ്ങി, നമുക്കു നാട്ടില്‍ തന്നെ താമസിച്ചാല്‍ പോരേയെന്ന് പല തവണ അവള്‍ അച്ഛനോടു ചോദിച്ചു നോക്കി. അവളവിടെ സകലതും മറന്ന് മറ്റു കുട്ടികളുടെയൊപ്പം കളിച്ചു രസിച്ചു. രാവിലെ മുറ്റത്തെ വെയിലത്തേയ്ക്കു ഇറങ്ങിയാല്‍, ക്ഷീണിച്ച് വാടിക്കരിഞ്ഞ മുഖങ്ങളുമായി സന്ധ്യക്കാണ് എല്ലാ കുട്ടികളും അകത്തേയ്ക്കു കയറുന്നത്. വെയിലിന്റെ ചൂടിനെ ചൊല്ലി അകത്തിരിയ്ക്കുന്നവര്‍ അക്ഷമരാകുമ്പോള്‍, കുട്ടികള്‍ ഒന്നുമറിയാതെ അവരുടെ ലോകത്തില്‍ മുഴുകി, കളികളിലൂടെ കൊച്ചു കൊച്ചു വര്‍ണ്ണകൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തുന്നത് കാണാമായിരുന്നു.. ആ പൊള്ളുന്ന വെയിലത്തും.. "കുട്ടികളുടെ ലോകം എത്ര സുന്ദരം !", അകത്തിരുന്നിട്ടും ചൂടിന്റെ ശക്തിയില്‍ ക്ഷീണിച്ചുപോയിരുന്ന ഞങ്ങളോരോരുത്തരും മാറി മാറി പറഞ്ഞു.
അങ്ങിനെ സംഭവ ബഹുലമായി തന്നെ, ഞങ്ങളുടെ ഒരു മാസത്തെ അവധിക്കാലം വളരെ വേഗം മുഴുവനായി. സമയക്കുറവിന്റെ സമ്മര്‍ദ്ദങ്ങളില്‍ പെട്ട്, ഇനിയും ചെയ്യുവാനും പറയുവാനും മനസ്സില്‍ കുറേയധികം ബാക്കിവെച്ചു കൊണ്ട്, പകുതി മനസ്സ് അവിടെയെവിടെയൊക്കെയോ കൊഴിഞ്ഞു വീഴുന്നതറിഞ്ഞു കോണ്ട്, ഒരു മാസം ഇത്ര വേഗം കഴിഞ്ഞു പോയോ എന്നു പതിവു പോലെ ആശ്ചര്യപ്പെട്ടു കൊണ്ട്, സമയത്തിനു മുന്നില്‍ തല കുനിച്ച്, ഞങ്ങള്‍ എയര്‍പ്പോട്ടിലേയ്ക്ക് തിരിച്ചു. വിമാനത്തിലിരിയ്ക്കുമ്പോള്‍, ഒഴിഞ്ഞ ഉത്സവ പറമ്പു പോലെ മനസ്സു ഒഴിഞ്ഞു കിടന്നു.. ഞങ്ങളെല്ലാവരും ഒരുപോലെ, ഓടിത്തളര്‍ന്ന്, വളരെ എളുപ്പത്തില്‍ തന്നെ, മയക്കത്തിലാണ്ടു.. വിമാനത്തിനുള്ളിലെ നിശ്ശബ്ദതയില്‍ പതുക്കെ പതുക്കെയായി, ഹൃദയഭാരം കൂടുന്നത് പരസ്പരം പറയാതെയറിഞ്ഞു കൊണ്ടു തന്നെ.. മതിവരാത്ത സാമീപ്യങ്ങള്‍ ശരീരത്തില്‍ ആറി തണുക്കുന്നതറിഞ്ഞു കൊണ്ട്, അതുവരെ കേട്ടിരുന്ന ശബ്ദകോലാഹലങ്ങളെല്ലാം, ഏതോ ബാക്കിപത്രങ്ങള്‍ കണക്കെ, നിശ്ശബ്ദതയുടെ ഒച്ചയായും, കാതിലലയ്ക്കുന്ന ഏതോ ആരവമായും മാറിക്കൊണ്ട്, ഞങ്ങളെല്ലാവരും ഒരുപോലെ ഏതോ ഒരു ശൂന്യതയിലേയ്ക്ക് വഴുതി വീണു, ഇനിയടുത്ത അവധിക്കാലത്തേയ്ക്കുള്ള സ്വപ്നങ്ങളും മോഹങ്ങളും നെയ്തുകൂട്ടാനുള്ള ഒരു തയ്യാറെടുപ്പിനെന്നോണം.
Wednesday, February 14, 2007
എന്റെ സ്വപ്നം !
എന്നിലെ എന്നെ മറന്നു കൊണ്ട്
ഭാരമില്ലാത്ത, സുതാര്യമേഘങ്ങള്‍ക്കൊപ്പം,
ഒന്നൊഴുകി നടക്കുവാന്‍..
കാര്‍മേഘങ്ങളുടെ കറുപ്പുനിറമില്ലാതെ,
മഴത്തുള്ളികളുടെ ഭാരം പേറാതെ..
ഞാന്‍ കൊതിയ്ക്കുന്നു...
എന്നിലെ എന്നെ മറന്നു കൊണ്ട്
ഇന്നിന്റെ നിമിഷങ്ങളില്‍
ഒന്ന് മുഴുകുവാന്‍..
ഇന്നലെയുടെ ബാക്കികളെ എണ്ണാതെ,
നാളേയ്ക്ക് ഒന്നും ബാക്കി വെയ്ക്കാതെ..
ഞാന്‍ ആഗ്രഹിയ്ക്കുന്നു...
എന്നിലെ എന്നെ മറന്നു കൊണ്ട്
അകന്നു പോകുന്ന കണ്ണികളെ
ഒന്നു കൂട്ടിയിണക്കുവാന്‍..
പഴകിയ തുരുമ്പിനെ തിരഞ്ഞു പിടിയ്ക്കാതെ,
പുതിയ തുരുമ്പിനെ വരാനനുവദിയ്ക്കാതെ..
ഞാന്‍ ഇഷ്ടപ്പെടുന്നു...
എന്നിലെ എന്നെ മറന്നു കൊണ്ട്
മനസ്സിനെ ഒരു കണ്ണാടിയാക്കി
ഒന്നു സ്നേഹിയ്ക്കുവാന്‍..
കുറ്റബോധങ്ങളുടെ നീറ്റലുകളില്ലാതെ,
വൈരാഗ്യ വിദ്വേഷങ്ങളില്ലാതെ..
ഞാന്‍ അമ്പരന്നു,
എന്നിലെ എന്നെ മറക്കാന്‍
ആശിയ്ക്കുന്ന, കൊതിയ്ക്കുന്ന,
ആഗ്രഹിയ്ക്കുന്ന, ഇഷ്ടപ്പെടുന്ന
ഞാന്‍, പക്ഷെ എങ്ങനെ എന്നിലെയെന്നെ മറക്കും!!?
സ്ഥാനത്തും അസ്ഥാനത്തും
തല പൊക്കി ഉയര്‍ത്തെണീയ്ക്കുന്ന
എന്നിലെയെന്നെ മറക്കലത്ര എളുപ്പമാണോ?
എന്നിട്ടും ഞാന്‍
എപ്പോഴൊക്കെയോ, അറിയാതെ,
മനസ്സിനെ കണ്ണാടിയാക്കി സ്നേഹിച്ച്,
അകന്നു പോയ കണ്ണികളെ കൂട്ടിയിണക്കി,
ഇന്നിന്റെ നിമിഷങ്ങളില്‍ മുഴുകി,
എന്നിലെ എന്നെ മറന്ന്,
ഭാരമില്ലാത്ത, സുതാര്യമേഘങ്ങള്‍ക്കൊപ്പമങ്ങിനെ
ഒഴുകി നടക്കുന്ന ഒരു സുന്ദര സ്വപ്നം കാണുന്നു..
ഭാരമില്ലാതെ, സുതാര്യമായി ഒഴുകി നടക്കുന്ന ഒരു സുന്ദര സ്വപ്നം !
Saturday, February 03, 2007
ഒരു അച്ഛന്റെ ചിത്രം !
"ഓ, പൂരൂരുട്ടാതിയാണല്ലോ...അപ്പോ ഇന്നാണ് പിറന്നാള്..." അച്ച്യുതന്‍ മാഷ് ഓര്‍ത്തു.
അദ്ദേഹം ഉമ്മറത്തുള്ള ചാരുകസേരയില്‍ ചാരിയിരുന്നു. കാലുകള്‍ കസേരയുടെ നീണ്ട കൈകളിലേയ്ക്ക് പതുക്കെ വെച്ചു കൊടുത്തു. മുഖത്തു നിന്നും കണ്ണട ഊരിമാറ്റി.
"നേര്‍ത്തെ നോക്കീര്‌ന്നൂച്ചാല്‍ എന്തെങ്കിലുമൊരു വഴിപാട് കഴിപ്പിയ്ക്കാമായിരുന്നു...ആ.. ഇനീപ്പോ സാരല്യ".. രണ്ട് വിരലുകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മി അദ്ദേഹം ഒരു ആത്മഗതം നടത്തി.
പുറത്ത്, പതുക്കെ വീശുന്ന കാറ്റ് ശരീരത്തെ തഴുകുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. മുറ്റത്ത് കൊഴിഞ്ഞു കിടക്കുന്ന കരിയിലകള്‍ ബഹളം വെച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പാറി കളിച്ചു കൊണ്ടിരുന്നു. വളരെ നാളുകള്‍ക്കു ശേഷം, പുതുമഴ കൊണ്ട് വാരിപ്പുണര്‍ന്ന്, ഭൂമിയെ നനവിന്റെ കുളിരില്‍ പൊതിയുവാന്‍ ആകാശം ഇരുണ്ടു കൂടി തയ്യാറെടുപ്പു തുടങ്ങിയിരുന്നു. അച്ച്യുതന്‍ മാഷ് ചിന്തയിലാണ്ടിരിയ്ക്കുകയാണ്.
ഈ അച്ച്യുതന്‍ മാഷ് ആ നാട്ടിലെ തന്നെ ഒരു സ്കൂളിലെ മാഷായിരുന്നു, പിന്നീട് ഹെഡ് മാഷായി കുറച്ചു കാലം, പിന്നീട് ഒരു അഞ്ചാറ് വര്‍ഷം മുന്‍പ് ജോലിയില്‍ നിന്നും വിരമിച്ച്, ഇപ്പോള്‍ ഒറ്റയ്ക്ക് വിശ്രമ ജിവിതം നയിയ്ക്കുന്ന ഒരു റിടൈര്‍ഡ് അദ്ധ്യാപകനാണ്. സ്കൂളിലെ കുട്ടികള്‍ക്കും, ഒപ്പമുള്ളവര്‍ക്കും, ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. ഉയരത്തില്‍ മെലിഞ്ഞു നീണ്ട ശരീരവും, വലത്തോട്ട് ചെരിച്ചു ചീകി വെച്ചിട്ടുള്ള മുടിയുടെ ഇടത് ഭാഗത്തേയ്ക്ക് കയറി നില്‍ക്കുന്ന ഒരു കഷണ്ടിയും, നീണ്ട മുഖവും, വളഞ്ഞ മൂക്കും, ഒക്കെയാവും മാഷെ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ കണ്ണില്‍ പെടുന്നത്. ഒരു കറുത്ത കണ്ണടയും വെച്ച്, വെളുത്ത ഷര്‍ട്ടുമിട്ട്, മുണ്ടിന്റെ വലത്തേയറ്റം ഇടത്തേ കക്ഷത്തില്‍ തിരുകി, തലയുയര്‍ത്തി പിടിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ നടത്തം. മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലെന്ന് ആര്‍ക്കും തോന്നുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാര ശൈലി. ഉച്ചത്തിലുള്ള അദ്ദേഹത്തിന്റെ ശബ്ദം അകലെ നിന്നു തന്നെ കേള്‍ക്കുമായിരുന്നു. വഴിയില്‍ കണ്ടു മുട്ടുന്ന ആരോടും ഇലാസ്റ്റിക് പോലെ നീളുന്ന ഒരു ചിരിയോടു കൂടി, ഒരു ചെറിയ കുശലം വലിയ ശബ്ദത്തില്‍ ചോതിച്ചേ അദ്ദേഹം നടന്നു പോകൂ.
അദ്ദേഹത്തിന്റെ ഭാര്യ സുഭദ്രാമ്മ മരിച്ചിട്ട് ഏകദേശം പത്ത് പന്ത്രണ്ട് വര്‍ഷങ്ങളായി. ഒരു മകള്‍ ശ്രീജ ഇപ്പോള്‍ കല്യാണം കഴിഞ്ഞ്, ഭര്‍ത്താവും ഒരു കുട്ടിയുമായി വിദേശത്ത് ജീവിയ്ക്കുന്നു. മകളുടെ കല്യാണത്തിനു ശേഷം, മാഷ് ഒരു ഏകാന്ത വാസത്തില്‍ തന്നെയാണ്. ബന്ധുക്കളെന്നു പറയാന്‍ പ്രത്യേകിച്ചാരുമില്ലാത്ത അദ്ദേഹത്തിന്, എന്തിനും ഏതിനും വിളിച്ചാല്‍ ഓടിയെത്തുന്ന നാട്ടുകാരുടെ സ്നേഹമാണ് ഇതുവരെ സമ്പാദിച്ച ആകെയുള്ള സ്വത്ത്.
അങ്ങിനെ, തറവാട്ടില്‍ ഇപ്പോള്‍ കൂട്ടായി, പറമ്പിലെ തെങ്ങും, പ്ലാവും, മാവും പിന്നെ കുറച്ച് ചെടികളും, അല്‍പം പച്ചക്കറി കൃഷിയും ഒക്കെ തന്നെ. അവയെ അദ്ദേഹം പൊന്നു പോലെ നോക്കിയും, സ്നേഹിച്ചും തന്റെ മനസ്സിന്റെ ഉന്മേഷം ഏകാന്തതയുടെ മടുപ്പില്‍ ചോര്‍ന്നു പോകാതെ ശ്രദ്ധിയ്ക്കുന്നു; ഒപ്പം ഒരു അദ്ധ്യാപകന്റെ നിഷ്കര്‍ഷയോടു കൂടിയ ജീവിത ശൈലിയും അദ്ദേഹത്തിനെ അതിനു സഹായിയ്ക്കുന്നു. ആ മരങ്ങള്‍ തറവാട്ടു മുറ്റത്ത് തന്നെ തലയും ഉയര്‍ത്തി പിടിച്ച് ഒരു കാവലെന്നോണം നില്‍ക്കുന്നത് കാണുമ്പോള്‍, അദ്ദേഹത്തിനിപ്പോള്‍ ഒരു താങ്ങും തണലും ആയി അവര്‍ മാത്രമാണുള്ളത് എന്ന ഒരു നാട്യം ആ നില്‍പിലുണ്ടോ എന്ന് ആരുമൊന്ന് സംശയിച്ചു പോകും !
പക്ഷെ, അന്ന് അദ്ദേഹത്തിനെന്തു കൊണ്ടോ ഒന്നിനും ഉത്സാഹം തോന്നുന്നുണ്ടായിരുന്നില്ല. വല്ലാത്ത ഒരു നിശ്ശബ്ദത തനിയ്ക്കു ചുറ്റും തളം കെട്ടി നില്‍ക്കുന്ന പോലെ.. അതിലെവിടെയൊ നേര്‍ത്തു വരുന്ന ഒരു തേങ്ങല്‍ കേള്‍ക്കാം. ഇതുവരെ ഇല്ലാത്ത എന്തോക്കെയോ അനാവശ്യ ആധികള്‍.. ആ നിശ്ശബ്ദതയിലെ തേങ്ങല്‍ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നി.
"ഞാനെറങ്ങട്ടെ മാഷെ..കഞ്ഞിയൊക്കെ നെരെയാക്കി വെച്ചിട്ടുണ്ട്. പപ്പടവും കാച്ചീട്ടുണ്ട്. പിന്നെ അങ്ങേ തൊടീന്ന് കിട്ടിയ ഇത്തിരി മാങ്ങ ഉപ്പിലിട്ടു വെച്ചിട്ടുണ്ട്. ന്നാ ഞാനിനി പോയിട്ടു മറ്റന്നാള്‍ വരാം."
പാറൂട്ടി ഒരു പൊതിയും കയ്യില്‍ പിടിച്ചു കൊണ്ട് മുറ്റത്തേയ്ക്കിറങ്ങി.
സുഭദ്രാമ്മ ഉള്ളപ്പോള്‍ സഹായത്തിനു നിന്നിരുന്ന സ്ത്രീയാണ് പാറൂട്ടി. എന്തിനും ഏതിനും ഒരു മടിയും പറയാതെ ഓടി വന്നിരുന്നു അവര്‍. ഇപ്പോള്‍, എപ്പോഴെങ്കിലും ഒന്ന് വന്ന് അടിച്ചു വാരി തുടച്ച്, എല്ലാം വെടിപ്പാക്കി വെയ്ക്കും, അങ്ങിനെ വന്ന ദിവസം എന്തെങ്കിലും മാഷ്ക്ക് വെച്ചുണ്ടാക്കി കൊടുക്കും. മാഷ് ആവശ്യപ്പെടാതെ തന്നെ..
മാഷ് ചിന്തയില്‍ നിന്നും ഉണര്‍ന്ന്, പെട്ടെന്നെന്തോ ഓര്‍ത്ത പോലെ മുണ്ടിന്റെ തലപ്പത്ത് നിന്നും ഒരു പത്ത് രൂപ നോട്ടെടുത്ത് നീട്ടി കൊണ്ട് പറഞ്ഞു."അതേയ് പാറൂട്ടീ...പോകുന്ന വഴിയ്ക്കെയ്, ആ നമ്പീശന്‍ കുട്ടിയെ കണ്ടാല്‍, ഇതു കൊടുത്തിട്ട് ഒരു പുഷ്പാഞ്ചലി കഴിപ്പിയ്ക്കാന്‍ ഒന്നു പറഞ്ഞോളൂ ട്ടൊ.. എന്റെ പേരും നാളും തന്നെയങ്ക്ട് പറഞ്ഞാല്‍ മതി.
"അതെന്താ ഇന്ന് വിശേഷം?"
"ഏയ്, കാര്യായിട്ടൊന്നൂല്യ, എന്റെ പിറന്നാളാണിന്ന്"...
"അതാ പ്പൊ നന്നായേ !...പാറൂട്ടി, താടിയ്ക്ക് കൈ കൊടുത്തു കൊണ്ട് തുടര്‍ന്നു...
" ഒരു വാക്കു പറയായിരുന്നില്ല്യെ.. ഞാന്‍ എന്തെങ്കിലും ഒന്ന് വെച്ച്ണ്ടാക്ക്യേര്‍ന്നു.."
"അതൊന്നും സാരല്യ പാറൂട്ട്യെ.. അവള്‍ പോയേ പിന്നെ, പിറന്നാള് എന്നൊന്നു ഉണ്ടായിട്ടില്യ,.. അല്ല, അല്ലെങ്കിലും എനിയ്ക്കീ ആഘോഷങ്ങള്‍ക്കൊന്നും വല്ല്യ താല്‍പര്യം ഇല്യാച്ചോളു... പിന്നേ ശ്രീജ ഉള്ളപ്പോള്‍ എന്തെങ്കിലും പേരിന് ചെയ്തേര്‍ന്നൂന്ന് മാത്രം.. ഇനീപ്പൊ ആരാള്ളത്..."
മാഷ് ഒന്നു നിര്‍ത്തിയിട്ട് പറഞ്ഞു - "ഇതിപ്പോ അറുപതാമത്തെ ആവും.. അതോണ്ടാ ഒരു പുഷ്പാഞ്ചലി ആയിക്കോട്ടേന്ന് വിചാരിച്ചത്"
"കഷ്ടം !, ഒരു പിടി ചോറെങ്കിലും വെയ്ക്കായിരുന്നു ട്ടൊ.." പാറൂട്ടി പിറുപിറുത്തു കൊണ്ട് നടന്നകന്നു.
മാഷ് വീണ്ടും ചാരു കസേരയില്‍ ചാരിയിരുന്നു. കണ്ണുകളടച്ചു.
പകല്‍ വെളിച്ചം ഇരുണ്ടു തുടങ്ങി, അദ്ദേഹത്തിന്റെ മനസ്സും...
കോരിച്ചൊരിയുവാന്‍ ആകാശം വെമ്പി നില്‍ക്കുന്നു..
ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് അദ്ദേഹം വീണ്ടും കണ്ണു തുറന്ന് മുന്നിലേയ്ക്കാഞ്ഞ് എത്തി നോക്കി.
പോസ്റ്റ് മാന്‍ ഗോപി കയ്യില്‍ ഒരു കവറുമായി നടന്നു വരുന്നു...
"മാഷേ.., ഒരു കത്തുണ്ടല്ലൊ..മകള്‍ടേന്നാ തോന്നുന്നത്, അക്കരേന്നാ..." ഗോപി കവര്‍ നീട്ടി കൊണ്ട് പറഞ്ഞു.
അദ്ദേഹം ചിരിച്ചു കൊണ്ട്, "ഗോപ്യേയ്, സുഖല്ലെ...കൊറേ ആയീല്ലൊ, ഈ വഴിയ്ക്കൊക്കെ ഒന്നു കണ്ടിട്ട്.. അച്ഛനും അമ്മയ്ക്കും വിശേഷിച്ചൊന്നൂല്യലോ ല്ലേ'..?
"ഇല്യ..കത്ത് ണ്ടെങ്കിലല്ലെ ഞാന്‍ വരണ്ടൂ... നല്ലൊരു മഴയ്ക്കുള്ള കോളുണ്ട്... പോട്ടെ മാഷെ.." ഗോപി ധൃതി പിടിച്ച് നടന്നകന്നു.
"ഈ ഫോണിലിങ്ങനെ ധൃതി പിടിച്ച് അവിടേം ഇവിടേം തൊടാതെയുള്ള വര്‍ത്തമാനല്ലാതെ, അവള്‍ടെ ഒരു കത്ത് വായിച്ചിട്ട് എത്ര കാലായി.." അദ്ദേഹം ഉത്സാഹത്തോടെ കവര്‍ പൊട്ടിച്ചു.
ഭംഗിയുള്ള റോസാപ്പൂക്കള്‍ പതിച്ചു വെച്ചിരിയ്ക്കുന്ന ഒരു കാര്‍ഡ് കവറില്‍ നിന്നും മാഷ് വലിച്ചെടുത്തു. തെല്ലൊരു അമ്പരപ്പോടെ, അതിനുള്ളില്‍ എഴുതിയിരുയ്ക്കുന്നത് വായിച്ചു.
"പ്രിയപ്പെട്ട ഞങ്ങളുടെ അച്ഛന് അറുപതാം പിറന്നാള്‍ ആശംസകള്‍ ! എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേര്‍ന്നു കൊണ്ട് സദാ സ്നേഹത്തോടെ, സ്വന്തം മകള്‍ ശ്രീജ, മുരളി, അനു."
അദ്ദേഹത്തിന്റെ ശരീരം അപ്പോള്‍ വീശിയ കാറ്റില്‍ കോരിത്തരിച്ചു. ഒപ്പമുള്ള കത്തിനുള്ളില്‍, അവരുടെ ഒരു ചെറിയ കുടുംബ ഫോട്ടൊ വെച്ചിരിയ്ക്കുന്നു.. അനുക്കുട്ടി ശ്രീജയുടെ കുട്ടിക്കാലത്തെ തനി പകര്‍പ്പു തന്നെയെന്നദ്ദേഹത്തിനു തോന്നി. ശ്രീജയും മുരളിയും നന്നായിരിയ്ക്കുന്നു. ഫോട്ടോയില്‍ കാണുമ്പോള്‍ , അവര്‍ തൊട്ടടുത്ത് തന്നെയുള്ള പോലെ.. അനുക്കുട്ടിയുടെ കണ്ണുകള്‍ "മുത്തശ്ശാ..." എന്ന് നീട്ടി വിളിയ്ക്കുന്നു..
തലയ്ക്കു മുകളില്‍ ശക്തിയോടെ മഴത്തുള്ളികള്‍ ഓട്ടിന്‍ പുറത്ത് വീണ് ശബ്ദമുണ്ടാക്കി. പൊടുന്നനെ മഴ കോരിച്ചൊരിഞ്ഞു.
മാഷ് പതുക്കെ കസേരയിലേയ്ക്ക് ചാരി. അദ്ദേഹത്തിന്റെ മുഖത്തു നിന്നും ഭാവങ്ങള്‍ അകന്നു നിന്നു. ഉള്ളിലെല്ലാം തണുത്തുറഞ്ഞിരുന്നു. കാര്‍ഡിനൊപ്പമുള്ള കത്ത് എന്തുകൊണ്ടോ അദ്ദേഹം അപ്പോള്‍ വായിച്ചില്ല.. പകരം, കാര്‍ഡ് ചേര്‍ത്തുപിടിച്ച് ആശംസാ വചനങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു. പിന്നെ, മഴത്തുള്ളികള്‍ പൊടി പൊടിയായി വീണ്, മിനുസമാര്‍ന്ന കാര്‍ഡിലെ നീല നിറമുള്ള മഷി പരത്തി, എഴുത്ത് പരന്ന് പരന്ന് പോകുന്നത് തടയാതെ അദ്ദേഹം കാര്‍ഡും ഫോട്ടോയും നെഞ്ചോട് ചേര്‍ത്തു വെച്ച് ചാരിയിരുന്ന് കണ്ണുകളടച്ചു.
കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം മാത്രം മുഴങ്ങുന്ന ആ തറവാട്ടുമ്മറത്ത്, ഇരുളുന്ന പകല്‍ വെളിച്ചത്തില്‍, എഴുത്തും ഫോട്ടോയും നെഞ്ചോട് ചേര്‍ത്ത് ഒറ്റയ്ക്കിരിയ്ക്കുന്ന അദ്ദേഹത്തെ നോക്കി, പുറത്ത് നനഞ്ഞു നില്‍ക്കുന്ന മരങ്ങള്‍, പതുക്കെ ആടി.. കൊമ്പുകളെ ആട്ടി ഇലകളെ ചലിപ്പിച്ചു.. ഏതോ ഒരു സാന്ത്വനത്തിന്റെ പുഞ്ചിരി പൊഴിയ്ക്കുന്ന പോലെ.. താങ്ങും തണലുമാണെന്ന നാട്യത്തില്‍..
കണ്ണുകളടച്ച്, ഒന്നുമറിയാതെ ചാരുകസേരയില്‍ ചാരിയിരിയ്ക്കുകയായിരുന്നു ആ അച്ഛനപ്പോഴും...
Monday, January 22, 2007
മുത്തശ്ശിയുടെ വര്‍ത്തമാനങ്ങള്‍
പണ്ട്, ഈ മുത്തശ്ശി ഒരു ടീച്ചറായിരുന്നു. എല്ലാ കാര്യങ്ങളും, ഓടി നടന്ന് വേണ്ട പോലെ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു മുത്തശ്ശിയ്ക്ക് എന്നു വിശ്വസിയ്ക്കാന്‍ ഇപ്പോള്‍ പ്രയാസം തോന്നും. കാരണം ഒരു വാക്കറിന്റെ സഹായമില്ലാതെ ഇപ്പോള്‍ നടക്കാന്‍ വയ്യ. എന്നാലും സംസാരത്തിന് മാത്രം യാതൊരു കുറവും വരുത്തിയിട്ടില്ല മുത്തശ്ശി. വയസ്സ് ഏകദേശം എണ്‍പതിനോട് അടുത്തെങ്കിലും കുട്ടികള്‍, ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍, എന്നിങ്ങനെ പ്രായവ്യത്യാസം എന്നൊരു വേര്‍തിരിവില്ലാതെ, വിഷയങ്ങള്‍ക്ക് യാതൊരു ക്ഷാമവും ഇല്ലാതെ ആരോടും എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിയ്ക്കാന്‍ മുത്തശ്ശി തയ്യാറാണ്. പണ്ടത്തെ കാര്യങ്ങളും, മുത്തശ്ശന്റെ കാര്യങ്ങളും, മുത്തശ്ശിയുടെ അമ്മയുടെ കാര്യങ്ങളും, പണ്ട് ജോലിയ്ക്കു പോകുവാനായി താമസിച്ചിരുന്ന മനയ്ക്കലെ കുഞ്ഞാത്തല്‍ടെ സ്നേഹത്തെ കുറിച്ചും അങ്ങിനെ ഇന്നത് എന്നില്ല, മുത്തശ്ശി പറയുന്ന ഓരോന്നും, അവിടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും പോലും എകദേശം കാണാപാഠമായി തുടങ്ങിയത്രെ. അങ്ങിനെ പഴയ ആള്‍ക്കാരെയെല്ലാം സ്നേഹത്തോടെ ഓര്‍ത്ത്, കൂടെയുള്ളവരെ ഒരുപോലെ സ്നേഹിച്ച്, മക്കളുടെയും ചെറുമക്കളുടേയും അവരുടെ മക്കളുടേയും, ഫോണ്‍ വിളികളും വരവും കാത്ത് കാത്ത് അങ്ങിനെ ജീവിയ്ക്കുകയാണ് ഈ മുത്തശ്ശി.
"അമ്മേ, എപ്പോഴും അമ്മയുടെ കൂടെയിരുന്നിങ്ങനെ സംസാരിച്ച് ഇരുന്നാല്‍ മതിയൊ? കുടുംബത്തെ കാര്യങ്ങള്‍ ഒക്കെ നടത്തണ്ടെ?" മുത്തശ്ശിയുടെ മകള്‍ ശാന്തയുടെ ചോദ്യം.
" അതെ, അതു ശരിയാണ്. കുടുംബത്തെ കാര്യങ്ങളൊക്കെ ശരിയ്ക്കു നടക്കണം, പക്ഷെ, എനിയ്ക്കു ഒന്ന് എണീറ്റ് ചെന്ന് സഹായിയ്ക്കാന്‍ പറ്റില്ലല്ലൊ. അപ്പൊ പിന്നെ ഇങ്ങനെ സംസാരിച്ചിരിയ്ക്കയല്ലാതെ വേറെ എന്താ ചീയാ?. എത്ര വര്‍ത്തമാനം പറഞ്ഞാലും എനിയ്ക്കു മതിയാവില്ല."
"എന്നാല്‍ ശരി, ഇന്ന് ഞാന്‍ അമ്മയുടെ കൂടെ സംസാരിച്ചിരിയ്ക്കാന്‍ തന്നെയാണ് വന്നത്. അമ്മ വേണ്ട്വോളം സംസാരിച്ചോളു." ശാന്ത മുത്തശ്ശിയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു.
മുത്തശ്ശിയ്ക്കു ഉത്സാഹമായി.
" അതാ, ആ വെലുപ്പില് പഴയ ആല്‍ബങ്ങളുണ്ടല്ലൊ, അതിങ്ങ്ട് എടുക്ക്" മുത്തശ്ശി മേശയുടെ അടിയിലേയ്ക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു."
"ഓ !, അപ്പോള്‍ ഇന്ന് പഴമ്പുരാണത്തില്‍ നിന്നു തന്നെയാണ് തുടങ്ങുന്നത്, ല്ലെ.." ശാന്ത ഒരു ചെറു ചിരിയോടെ പറഞ്ഞു കൊണ്ട്, വെലുപ്പില്‍ നിന്നും പഴയ ആല്‍ബങ്ങളൊക്കെ എടുത്ത് മുത്തശ്ശിയ്ക്കു കൊടുത്തു.
മുത്തശ്ശി ഓരോന്നായി മറിച്ചു തുടങ്ങി.
" ഇന്നിനി നെനക്ക് പോണോ? ഇവിടെ തന്നെയങ്ക്ട് കെടന്നൂടെ?.. രാമനെ വിളിച്ച് ഒന്നു പറഞ്ഞാല്‍ പോരേ...'?
അതിന് ശാന്തയുടെ ഉത്തരമൊന്നും മുത്തശ്ശിയ്ക്ക് കിട്ടിയില്ല..
"ദേ, നോക്ക്, നീ എന്തു കരച്ചിലാ കരയണത്...ഞാന്‍ ഇഡ്ലി വായില്‍ തരാതെ മനയ്ക്കില്യ്ക്ക് പോണേന്റെ ദേഷ്യമാണ് നിനക്ക്."
കുറെ കണ്ടു പഴകിയതെങ്കിലും, കൗതുകം വിടാതെ, ശാന്ത ആല്‍ബത്തിലേയ്ക്ക് നോക്കി. ഒരു ജെട്ടി മാത്രം ഇട്ടു കൊണ്ട് വായ മുഴുവനും പൊളിച്ച്, താന്‍ നിന്നു കാറുകയാണ്.
"ഈശ്വരാ, നീ കരയണതും കണ്ടു കൊണ്ട്, എടനെഞ്ച് പൊട്ടിയാണ് ഓരോ തിങ്കളാഴ്ചയും ഞാന്‍ മനയ്ക്കില്യ്ക്ക് പോയിരുന്നത്. ആ കാലമൊക്കെ എങ്ങനെ കഴിച്ചു കൂട്ടി എന്ന് എനിയ്ക്കന്നെ അറിയില്ല. ഓരോ ദിവസവും വിചാരിയ്ക്കും, നിന്റെ അച്ഛനോട് പറയണം- ഈ സ്കൂളില്‍ പോക്കങ്ങ്ട് നിര്‍ത്താന്‍ പൂവ്വാണ്, വയ്യ, നിന്നെ ഇങ്ങനെ പിരിഞ്ഞിരിയ്ക്കാന്‍, എന്നൊക്കെ. പക്ഷെ, എവിടെ, നിന്റെ അച്ഛനെ കണ്ടാല്‍ പിന്നെ, കഴിഞ്ഞു, ഒന്നും പറയാന്‍ നാവു പൊന്തില്ല. ദൂരെയാണെങ്കിലും എനിയ്ക്കു ഒരു ജോലി വാങ്ങി തരാന്‍ പാവം, എത്ര ബുദ്ധിമുട്ടീട്ട്ണ്ട് എന്നതിന് ഒരു കണക്കുമില്ല. പിന്നെ എങ്ങനെ പറയാന്‍ തോന്നും... അച്ഛന് വലിയ സ്നേഹമായിരുന്നു എന്നോട്...സ്ത്രീകളും ജോലിയ്ക്കു പോണമെന്നു പറഞ്ഞ്, കൊറെ നിര്‍ബന്ധിച്ച് എന്നെ കൊണ്ട് ടി.ടി.സി എടുപ്പിച്ച്, ഒരു ജോലിയും വാങ്ങിച്ചു തന്നു. നിന്നേയും കുറെ നോക്കിയിട്ടുണ്ട് അച്ഛന്‍"
"........."
"നീയ് കേക്കണുണ്ടോ"?..
"ഉവ്വമ്മേ.. അമ്മ പറഞ്ഞോളൂ...'" മുത്തശ്ശിയുടെ അടുത്ത് തന്നെയുള്ള കിടക്കയില്‍ കിടന്നു കൊണ്ട് ശാന്ത പറഞ്ഞു.'
"നിന്റെ ആ കുഞ്ഞു ഫോട്ടൊ ഉണ്ടല്ലൊ, അത് എപ്പോഴും എന്റെ ബാഗില്‍ ഉണ്ടാകും. എന്നും രാത്രി കിടക്കുമ്പോള്‍ അതെടുത്തു നോക്കും..കുറച്ചു നേരം കരയും. ഇനി ഒരാഴ്ച കഴിയണ്ടേ നിന്നെ ഒന്ന് കാണാന്‍..?'"
'"ഉം...''
"സ്ക്കൂളില്‍ ജോലി ശരിയായപ്പോള്‍ കുഞ്ഞാത്തല്‍ടെ അടുത്ത് താമസത്തിനുള്ള ഏര്‍പ്പാട് ആക്കിതന്നത്, അച്ഛന്റെ ഒരു കൂട്ടുകാരന്‍ തന്നെയായിരുന്നു. ദിവസവും ബസ്സില്‍ വന്നു പോകാനുള്ള ദൂരം അല്ല ഉള്ളൂ എന്ന് പറഞ്ഞ്, സ്കൂളിന്റെ അടുത്തു തന്നെയുള്ള, പരിചയത്തിലുള്ള ആ മനയ്ക്കല് അദ്ദേഹം താമസത്തിനുള്ള സൗകര്യം ചെയ്തു തന്നു. അങ്ങനെ താമസം തുടങ്ങി. എന്തൊരു സ്നേഹായിരുന്നൂന്നറിയൊ ആ കുഞ്ഞാത്തല്‍ന് എന്നോട്?.. ദാ..ഇന്നാളും കൂടി കുഞ്ഞാത്തല് വിളിച്ചു കൊറേ സംസാരിച്ചു ന്നേ !...
".............. '
"ഓരോ വെള്ളിയാഴ്ചയും സന്ധ്യയ്ക്ക്, നിന്റെ അടുത്ത് എത്തിയാല്‍ പിന്നെ രണ്ട് ദിവസം പറന്നു പോകുന്നതു പോലെയായിരുന്നു.. തിങ്കളാഴ്ച രാവിലെ ബസ്സ് പിടിച്ച് മനയ്ക്കില്യ്ക്ക്..അങ്ങിനെ എത്ര കാലം..." അതൊക്കെ ആലോചിച്ചിരിയ്ക്കുമ്പോള്‍, ഇപ്പോള്‍ ഓടിനടക്കാന്‍ പറ്റാത്തേന്റെ സങ്കടം കൂടാണ്"..മുത്തശ്ശിയുടെ തൊണ്ട ഒന്നിടറി..
"...................."
"...................... !!
"ചേച്ചി !, ചേച്ചി!..." അനിയത്തി രാധയുടെ ശബ്ദം കേട്ട് ശാന്ത ഞെട്ടി ഉണര്‍ന്നു !
"അവളേയ്, എന്റെ വര്‍ത്തമാനോം കേട്ട് കേട്ട്, അന്‍...ങനെ നല്ല ഒറക്കത്തിലായി..." മുത്തശ്ശി ചിരിച്ചു കൊണ്ട് രാധയോട് പറഞ്ഞു.
ശാന്ത കൈ കൊണ്ട് മുഖം തുടച്ച് എണീറ്റിരുന്നു. എന്നിട്ട് ചെറിയ ഒരു "നാണം" കലര്‍ന്ന ചിരിയോടെ പറഞ്ഞു.
'" ഹാവൂ !, എന്റമ്മെ.., ഒറങ്ങിപ്പോയത് തീരെ അറിഞ്ഞില്ല...അതെയ്, ഇന്നലെ രാത്രി രണ്ട് മണി വരെ പശൂന്റെ പെറലും കാത്ത് തൊഴുത്തിലായിരുന്നു. അതിന്റെ ആലഭാലങ്ങള്‍ ഒക്കെ കഴിഞ്ഞ് ആകെ ഒരിത്തിരി നേരം ഉറങ്ങിയെന്നു വരുത്തി, പുലര്‍ച്ചെ തന്നെ എണീറ്റു. നോക്കിയപ്പോള്‍ കറന്റ് ഇല്ല, വെള്ളം കഴിഞ്ഞു, ആകെ ചിറ്റലായി. ഒരുവിധത്തില്‍ എല്ലാം തീര്‍ത്തു വെച്ചിട്ട് ഇങ്ക്ട് ഓടിയതാണ്- ഇന്ന് നടന്നില്ലെങ്കില്‍ പിന്നേയും നീണ്ടാലൊ എന്നു വിചാരിച്ചിട്ട്. ഇനി ഏതായാലും ചെല്ലട്ടെ, അവിടെ അന്വേഷിയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും.. ഇനീപ്പൊ രാജീം കുട്ട്യോളും എല്ലാരും എത്തായീല്ല്യേ, ചക്ക ഇടീപ്പിച്ച് വെച്ചിട്ടുണ്ടാകും - ചെന്നാ വര്‍ക്കലും, വരട്ടലുമായി പണി തുടങ്ങണം.. കരന്റ് വന്ന്ണ്ടാവേരിയ്ക്കും..ഞാനെറങ്ങട്ടെ ട്ടൊ അമ്മേ... "
ശാന്ത ധൃതിയില്‍ ഹാന്റ് ബാഗ് തോളത്തിട്ട് പോകാനൊരുങ്ങി.
"അല്ലെങ്കിലും ചേച്ചിയ്ക്ക് ഒറങ്ങാന്‍ രണ്ട് സെക്കന്റ് കൂടി വേണ്ടല്ലൊ"... രാധ, ചേച്ചിയുടെ സാരി നേരെയാക്കി കൊടുത്തു കൊണ്ട് കളിയാക്കി പറഞ്ഞു.'
" സാരല്ല്യട്യേ,.. എന്നാലും കൊറച്ച് നേരം സംസാരിച്ചൂലൊ. അതുമതി. നീയൊറങ്ങീപ്പൊ, ഇനി ഒണത്തണ്ടാ എന്നു വിചാരിച്ചു ഞാന്‍ വിളിയ്ക്കാഞ്ഞതാണ്. ഞാനാ ആല്‍ബങ്ങള്‍ മുഴുവനും നോക്കിയങ്ങനെ ഇരുന്നു. ഇനി വേഗം പൊക്കൊ, അവിടെ രാമന്‍ അന്വേഷിയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും." മുത്തശ്ശി സ്നേഹത്തോടെ പറഞ്ഞു.
എത്ര പറഞ്ഞാലും തീരാത്ത വര്‍ത്തമാനങ്ങള്‍ മനസ്സില്‍ ഒരു കൂമ്പാരം കെട്ടി, ഗെയ്റ്റ് കടന്ന് ശാന്ത കണ്ണില്‍ നിന്ന് മറയുന്നതും നോക്കി ജനാലയ്ക്കരികില്‍, വാക്കറില്‍ മുറുകെ പിടിച്ചു കൊണ്ട് ആ മുത്തശ്ശിയങ്ങനെ നിന്നു.
Monday, January 15, 2007
കഥകളി - ഒരു വിസ്മയം.
അങ്ങിനെ വലിയ ആവേശത്തോടെ എഴുതാനിരുന്നു. മനസ്സ് ഭൂതകാലങ്ങളിലേയ്ക്ക് ഒഴുകി തുടങ്ങി. അന്നത്തെ കഥകളിയരങ്ങുകള്‍ നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം, അന്നു കഥകളിയോടു തോന്നിയിരുന്ന ഒരു പ്രത്യേക ആവേശം, എല്ലാം അടിത്തട്ടില്‍ നിന്നും പൊന്തി വരുവാന്‍ ആരംഭിച്ചു. ഒറ്റയൊരൊഴുക്കില്‍ തന്നെ, പേനത്തുമ്പില്‍ വന്നെത്തി നില്‍ക്കുന്ന അവയെ ഒരു അടുക്കും ചിട്ടയോടും കൂടി കടലാസ്സിലേയ്ക്കു പകര്‍ത്താനുള്ള ശ്രമം പെട്ടെന്നു തന്നെ തുടങ്ങിയെങ്കിലും അത് ഈ ബ്ലോഗിലേയ്ക്ക് കൊണ്ടുവരുവാന്‍ കുറച്ചു സമയമെടുത്തു. കടലാസ്സില്‍ വിസ്തരിച്ച് എഴുതി വെച്ചതില്‍ നിന്നും കാച്ചികുറുക്കി അതിന്റെ സത്തും നീരും മാത്രം പിഴിഞ്ഞെടുത്ത് ചൂടോടെ ഇപ്പോള്‍ പോസ്റ്റ് ചെയ്യുകയാണ്.
അന്നൊക്കെ കഥകളിയോടു ഉണ്ടായിരുന്ന [ ഇപ്പോള്‍ മനസ്സില്‍ മാത്രം കാത്തുസൂക്ഷിയ്ക്കുന്ന ] ആവേശത്തിനു എന്തു പേരിട്ടു വിളിയ്ക്കണമെന്നു അറിയുന്നില്ല. വാസ്തവത്തില്‍ കഥകളി എന്ന കലാരൂപത്തോട് ഞങ്ങളുടെ കുടുംബത്തിനു തന്നെ വളരേയധികം വികാരപരമായ ബന്ധമുണ്ട്. എന്റെ അമ്മയുടെ തലമുറ, അതായത് അമ്മ, വല്ല്യമ്മമാര്‍, അമ്മാമന്മാര്‍ എല്ലാവരും കഥകളിയുടെ ആട്ടവും, മേളവും, സംഗീതവും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ് വളര്‍ന്നു വന്നത്. എന്റെ അമ്മ ഏകദേശം ഒരു പന്ത്രണ്ട് വര്‍ഷത്തോളം കഥകളി അഭ്യസിച്ചിട്ടുണ്ട്. കഥകളിയുടെ എല്ലാ സാങ്കേതികതകളും, സൂക്ഷ്മാംശങ്ങളും "അരച്ചു കലക്കി കുടിച്ചിട്ടുള്ള" അമ്മാമന്മാരേയും, കഥകളി എന്ന കലാരൂപത്തോട് പ്രത്യേക ആരാധനയും ആവേശവും വെച്ചു പുലര്‍ത്തിയിരുന്ന അമ്മ വല്ല്യമ്മമാരെയും കണ്ട് വളര്‍ന്ന ഞങ്ങളുടെ ഇളം തലമുറയിലേയ്ക്കും ഈ കലാരൂപം, പതുക്കെ പതുക്കെ ഒരു വള്ളിപടര്‍പ്പ് പോലെ പടര്‍ന്നുകയറി .. .
എന്നു മുതല്‍ക്കാണ് കഥകളി കണ്ട് തുടങ്ങിയത് എന്നെനിയ്ക്കോര്‍മ്മയില്ല. കുട്ടിക്കാലം മുതല്‍ക്കു തന്നെ കഥകളി വേഷങ്ങളും, കഥകളിപ്പദങ്ങളും, ചെണ്ടയും, മദ്ദളവും, ചേങ്ങിലയും എല്ലാം എന്നേ സുപരിചിതമായിരുന്നു.
അന്നൊക്കെ സ്കൂള്‍ പൂട്ടിയാല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന സ്ഥലത്തേയ്ക്കാണ് ഞങ്ങള്‍-വല്ല്യമ്മ-ചെറിയമ്മ മക്കള്‍- ഒരു സംഘബലത്തോടെ ഒഴിവുകാലം ചിലവിടാന്‍ വന്നിരുന്നത്. അവിടെ ഞങ്ങളുടെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയും കൂടേ, "വൃന്ദാവനം" എന്നു പേരുള്ള വൈദ്യശാല വക വിശാലമേറിയ ഒരു ക്വാര്‍ട്ടേര്‍സിലായിരുന്നു താമസം. മിക്കവാറും ആ സമയത്തു തന്നെയായിരിയ്ക്കും അവിടെ വിശ്വംഭരന്റെ അമ്പലത്തില്‍ ഉത്സവവും തുടങ്ങുന്നത്. ഉത്സവക്കാലത്ത് അന്നൊക്കെ അവിടെ മൂന്ന് ദിവസങ്ങളിലായാണ് കളി ഉണ്ടായിരുന്നത്. [ പിന്നീടത് 5 ദിവസങ്ങളിലേയ്ക്കായി മാറ്റി.] അങ്ങിനെ ആ മൂന്നു ദിവസങ്ങളിലും ഉത്സവ പറമ്പില്‍, ഞങ്ങള്‍ കുട്ടികള്‍, കളി കാണുവാന്‍ മുന്‍പില്‍ തന്നെയുള്ള സ്ഥലം പിടിച്ചെടുക്കുവാന്‍ തിരക്കു കൂട്ടുമായിരുന്നു. അങ്ങിനെ, അടഞ്ഞു പോകുന്ന കണ്ണുകളും, അറിയാതെ തുറന്നു പോകുന്ന വായയുമായി, തിരശ്ശീലയ്ക്കു പിന്നില്‍ നിന്നും പ്രത്യക്ഷപ്പെടാന്‍ പോകുന്ന വേഷം കാണാനുള്ള ആവേശത്തോടെ, അക്ഷമരായി കാത്തിരിയ്ക്കുന്ന കുട്ടിക്കാലത്തെ ആ രംഗം ഓര്‍മ്മയില്‍ തിളങ്ങിവിളങ്ങി നില്‍ക്കുന്നു. ഏറ്റവും മുന്‍പില്‍ തന്നെ സ്ഥലം കിട്ടിയതിന്റെ സംതൃപ്തിയോടെ, തിരശ്ശീലയ്ക്കു നേരെ ചുവട്ടില്‍ സകലതും മറന്നിരിയ്ക്കുമ്പോള്‍, അന്ന് കൈവന്നിരുന്ന ആവേശം ഒട്ടും ചോര്‍ന്നു പോവാതെ, ഇന്നും മനസ്സിലേയ്ക്കു ആവാഹിയ്ക്കാനാകുന്നു...
ആ കഥകളി പറമ്പില്‍ തന്നെയായിരുന്നു ഞങ്ങളുടെ ഉറക്കവും. പുലരാറാകുമ്പോള്‍ അമ്മമാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി അവസാനത്തെ യുദ്ധകഥകളിലെ കൊച്ചു കൊച്ചു തമാശകളും, യുദ്ധരംഗങ്ങളും കാണിച്ചു തന്നിരുന്നു. പാതി മയക്കത്തിലാണെങ്കിലും അതെല്ലാം കണ്ട് തുടങ്ങിക്കഴിഞ്ഞാല്‍, തല്‍ക്ഷണം ഉറക്ക ചടവെല്ലാം പമ്പ കടന്ന് വേണ്ടുവോളം ആസ്വദിച്ച്, പൂര്‍വാധികം ഉത്സാഹത്തോടെയാണ് ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങിയിരുന്നത്.
പിന്നീട് മുതിര്‍ന്നപ്പോള്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍, ഞങ്ങള്‍ ഒരുവിധം പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ പോയി കഥകളി കണ്ടിരുന്ന ഒരു സമയമുണ്ടായിരുന്നു. "ചെണ്ടപ്പുറത്ത് കോല് വീണാല്‍ അവിടെ ഓടിയെത്തും" എന്ന് പറയുന്ന അവസ്ഥയായിരുന്നു വാസ്തവത്തില്‍ അക്കാലത്ത്. അന്ന് ഞങ്ങള്‍ വല്ല്യമ്മചെറിയമ്മമാരും അവരുടെ മക്കളെല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ ആയിരുന്നു കളിയ്ക്കു പോയിരുന്നത്. അന്നത്തെ ഞങ്ങളുടെ ആവേശത്തിന്റേയും, ആസ്വാദനത്തിന്റേയും ഒക്കെ തലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നതു കൊണ്ട്, അക്കാലങ്ങളിലെ ഈ കളിയ്ക്ക് പോക്കിനു ഒരു പ്രത്യേക മിഴിവും ഉണര്‍വും ഉണ്ടായിരുന്നു എന്നെനിയ്ക്കു തോന്നുന്നു. എവിടെയെങ്കിലും കളിയുണ്ടെന്നു കേട്ടാല്‍, ഏതൊക്കെയാണ് കഥകള്‍, ആരൊക്കെയാണ് വേഷത്തിന്, ആരൊക്കെയാണ് സംഗീതത്തിന്, ആരൊക്കെയാണ് മേളത്തിന് ഇതൊക്കെയായിരുന്നു ആദ്യമുയരുന്ന ചോദ്യങ്ങള്‍. പിന്നെ, അന്നത്തെ ദിവസം ഉത്സാഹഭരിതമാണ്. രാത്രിയില്‍ ഉറക്കമൊഴിയ്ക്കാനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി, ഉച്ചയ്ക്കു കുറച്ചു നേരം ഉറങ്ങി, പഠിയ്ക്കാനുള്ളതൊക്കെ ഒരുവിധത്തില്‍ തീര്‍ത്തെന്നു വരുത്തി, സന്ധ്യക്കു തന്നെ ഭക്ഷണം കഴിച്ച്, [ അതും വയറ് നിറയെ കഴിയ്ക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ] പുതപ്പും വിരിയും മറ്റുമെടുത്ത് കഥകളി പറമ്പിലേയ്ക്കുള്ള യാത്രയാണ്. യാത്രയില്‍ മുഴുവനും എന്തായിരിയ്ക്കും, എങ്ങിനെയായിരിയ്ക്കും എന്നൊക്കെയുള്ള ഗംഭീരന്‍ ചര്‍ച്ചകളാണ്. പാടിയും, മുദ്രകളിലൂടെ സംസാരിച്ചും, തമാശകള്‍ പറഞ്ഞും, ഇനി അമ്മാമന്മാരും കൂടെ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല - എല്ലാം മറന്നു കൊണ്ടുള്ള രസികന്‍ യാത്രകള്‍.
രാത്രി മുഴുവനും ഉറക്കമൊഴിച്ച് കളി കാണുക സത്യത്തില്‍ കുറച്ച് "കഠിനം" തന്നെയാണ്. എത്ര ഒരുങ്ങിയാലും ഇടയില്‍ ചെറുതായെങ്കിലും ഒന്ന് ഉറക്കം തൂങ്ങുക തികച്ചും സ്വാഭാവികം. കളി തുടങ്ങുമ്പോഴുള്ള ആവേശം പൂര്‍ണ്ണമായും ആദ്യത്തെ കഥ തീരുന്നതു വരെ ഉണ്ടായിരിയ്ക്കും. പിന്നീട് രണ്ടാമത്തേ കഥയില്‍ മിയ്ക്കവാറും ഒരു "പതിഞ്ഞ പദ"ത്തോടെയായിരിയ്ക്കും [padam in a slow tempo] കഥ തുടങ്ങുന്നതു തന്നെ. അപ്പോള്‍ ഏകദേശം വെളുപ്പാന്‍ കാലം, ഒരു മണി , രണ്ടു മണി ആയിട്ടുണ്ടാകും. അപ്പോഴായിരിയ്ക്കും നമ്മുടെ "ഉറക്കം" എന്ന ആശാന്‍ പതുക്കെ പതുക്കെ കണ്ണുകളെ ഒരു മയില്‍പ്പീലി കണക്കെ തലോടിക്കൊണ്ട് മയക്കത്തിലേയ്ക്കു വിഴ്ത്തുവാന്‍ തുടങ്ങുന്നത്. പിന്നെ, പിടിച്ചാല്‍ കിട്ടില്ല, അറിയാതെ കണ്ണുകള്‍ അടഞ്ഞടഞ്ഞു പോയിക്കൊണ്ടിരിയ്ക്കും. പതിഞ്ഞ കാലത്തില്‍ [slow tempo] ഒരു 'പാടി" രാഗം അരങ്ങില്‍ നിന്നും ഉയര്‍ന്നു വന്നാല്‍ പിന്നെ ഉറക്കത്തിലേയ്ക്കു വീഴുവാന്‍ കൂടുതല്‍ എളുപ്പമായി. മിയ്ക്കപ്പോഴും തിരക്കു കാരണം നേരാംവണ്ണം ഒന്നു ചമ്രം പടിഞ്ഞിരിയ്ക്കാന്‍ പോലും സ്ഥലമില്ലാതെ കാലുകള്‍ കൂട്ടി വെച്ചിരിയ്ക്കുകയായിരുന്നു പതിവ്. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഉറക്കത്തെ ഏറ്റവും അധികം സ്നേഹിച്ചു പോകുന്ന നിമിഷങ്ങള്‍ ഒരുപക്ഷെ അതായിരിയ്ക്കും ! ചെവിയില്‍ അലയടിയ്ക്കുന്ന ചെണ്ടമേളങ്ങളുടെ ശബ്ദത്തിന്റേയും, അരങ്ങിലെ പതിഞ്ഞകാലത്തിലുള്ള ഒരു പദത്തിന്റെ പിന്നണിയുടേയും, വെളുപ്പാന്‍ കാലത്ത് ഒഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ കുളിര്‍മയുടേയും ഒരു പ്രത്യേക കൊഴുപ്പില്‍, ഉറക്കത്തെ പുണരാന്‍ അപ്പോള്‍ തോന്നുന്ന അടക്കാനാവാത്ത കൊതി ശരിയ്ക്കും വല്ലാത്ത ഒരു അവസ്ഥയിലേയ്ക്കു നയിയ്ക്കാറുണ്ട്.
പക്ഷെ ആവേശം മൂത്ത് തീരെ ഉറങ്ങാതെ കളി മുഴുവനും ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ത്തിരുന്ന അനുഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. അപ്പോഴേയ്ക്കും കഥകളിയാസ്വാദനത്തില്‍ കാര്യമായ മാറ്റങ്ങളും വന്നുപെട്ടിരുന്നു എന്നതും ഒരു വാസ്തവം തന്നെ. കുട്ടിക്കാലത്ത് പാതിയുറക്കത്തില്‍ കണ്ടു പരിചയിച്ച വേഷങ്ങളിലൂടെയും, അഭിനയത്തിനൊത്ത് പാടി കേള്‍ക്കുന്ന പദങ്ങളുടെ സഹായത്തോടേയും, കലാകാരന്റെ അഭിനയത്തിലൂടേയും, മുദ്രകളിലൂടെയും മറ്റും കഥകളിയിലൂടെ കഥ കാണലായിരുന്നു / ആസ്വദിയ്ക്കലായിരുന്നു തുടക്കത്തിലൊക്കെ. അന്നത്തെ കലാമണ്ഡലം ഗോപിയാശാന്റെ കര്‍ണ്ണനും, കോട്ടയ്ക്കല്‍ ശിവരാമന്റെ കുന്തിയും അരങ്ങത്ത് അഭിനയിച്ചു പൊലിപ്പിയ്ക്കുന്നത് കണ്ട്, ഞങ്ങളില്‍ പലരുടേയും കണ്ണു നനഞ്ഞു പോയ നിമിഷങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്! അതിനും മുമ്പ് സന്താനഗോപാലം, കുചേലവൃത്തം പോലെയുള്ള കഥകള്‍ കൗതുകത്തോടെ നോക്കിയിരുന്നിരുന്നത് ഓര്‍മ്മയിലുണ്ട്. അന്നൊക്കെ ശരിയ്ക്കും "കഥയറിയാതെ ആട്ടം കാണല്‍" തന്നെയായിരുന്നു.
പിന്നീട്, വളരെ പതുക്കെയായി, കളിയിലെ "കഥയ്ക്കപ്പുറത്തെ" ശാസ്ത്രീയ വശങ്ങള്‍ അറിഞ്ഞു കാണാനുള്ള / ആസ്വദിയ്ക്കാനുള്ള താല്‍പര്യം വളര്‍ന്നു വന്നു. അന്നൊക്കെ ധാരാളം ശില്‍പശാലകളും മറ്റും വളരെ സജീവമായി തന്നെ നടത്തി വന്നിരുന്നു. അതുകൊണ്ടു തന്നെ കഥകളിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് ഒരു ബോധം ഉണ്ടാക്കിയെടുക്കുവാന്‍ അതൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്. അത് ഞങ്ങളുടെ ആവേശം കൂട്ടിയതേയുള്ളു.
അങ്ങിനെയൊരു ഘട്ടത്തില്‍ ആണെന്നു തോന്നുന്നു, ഞങ്ങളുടെ താല്‍പര്യം മെല്ലെ, കത്തിവേഷങ്ങളിലേയ്ക്ക് പടര്‍ന്നു പിടിച്ചത്. പ്രത്യേകിച്ചും "ഉത്ഭവത്തിലെ" [രാവണോത്ഭവം] രാവണന്‍, അല്ലെങ്കില്‍ "ബാലിവിജയത്തിലെ" രാവണന്‍, അതുമല്ലെങ്കില്‍ "തോരണയുദ്ധത്തിലെ' രാവണന്‍, എന്നിങ്ങനെയുള്ള രാവണന്മാര്‍, കൂടാതെ നരകാസുരന്‍, ദുര്യോധനന്‍, കീചകന്‍ തുടങ്ങിയ "കത്തികള്‍" - അവയെല്ലാം തന്നെ ആദ്യാവസാന വേഷങ്ങളും ഒപ്പം വളരെയധികം ആസ്വദിച്ചിരുന്നു കാണാന്‍ പറ്റിയ വേഷങ്ങളുമാണ്. ഇതില്‍ ഏറ്റവും പരാക്രമശാലിയായി കഥകളിയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരുപക്ഷെ രാവണന്‍ തന്നെയായിരിയ്ക്കും. കത്തിവേഷത്തിന്റെ ഏറ്റവും മനോഹരമായ രൂപവും ഭാവവും രാവണനില്‍ കൂടുതലായി ദര്‍ശിയ്ക്കാനാകുമെന്നു പറഞ്ഞാല്‍ തെറ്റില്ലെന്നു തോന്നുന്നു. നായകനായി രാമനും, പ്രതിനായകനായി രാവണനും എന്ന രീതിയിലാണ് കഥയെങ്കിലും, കഥകളിയില്‍, രാവണന്‍ "പ്രതിനായകന്‍" എന്ന പദവി വിട്ട്, ധീരോദ്ധതനായ ഒരു "നായകനായി" തന്നെയാണ് എല്ലാ കഥകളിലും കാണപ്പെടുന്നത്. കത്തി വേഷങ്ങളുടെ തിരനോട്ടത്തിനു തന്നെ തനതായ ഒരു സൗന്‌തര്യം ഉണ്ട്. രാമന്‍ കുട്ടിനായരാശാന്റെ കത്തി വേഷങ്ങളില്‍ പലതും ഞങ്ങളെല്ലാം ഒരുപോലെ അന്തം വിട്ടു നോക്കിയിരുന്നിട്ടുണ്ട് ! ഏതായാലും കഥകളിയിലൂടെ ഞങ്ങള്‍ക്ക് അസുരന്മാരോടുള്ള സമീപനത്തിനു തന്നെ മാറ്റം വന്നുഭവിച്ചു എന്നതാണ് മറ്റൊരു സത്യം.
അതുപോലെ കാലകേയവധം, [ നിവാതകവചകാലകേയവധം എന്നാണ് അതിന്റെ പൂര്‍ണ നാമം ] കിര്‍മ്മീരവധം തുടങ്ങിയ, സാങ്കേതികതയില്‍ [ സ്ഥായീഭാവം വിടാതെ വളരെ ചിട്ടയോടു കൂടി ആടേണ്ടുന്ന ] അടിയുറപ്പിച്ചിട്ടുള്ള ചില കഥകള്‍ ഞങ്ങളുടെ ആസ്വാദനനിലവാരത്തിനെതിരെ വിരല്‍ ചൂണ്ടിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. ആ വെല്ലുവിളികളും പലപ്പോഴും വളരെ ആസ്വാദ്യകരമായി തീര്‍ന്നിരുന്നു എന്നതാണ് മറ്റൊരു വാസ്തവം.
ഇന്നിപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു കളി കണ്ടിട്ട് തന്നെ ഏകദേശം 8-10 വര്‍ഷങ്ങളോളമായി. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് കളി കാണുവാന്‍ പണ്ടത്തെ പോലെ ഇന്ന് സാധിയ്ക്കുമൊ എന്ന് ചിലപ്പോള്‍ സംശയിച്ചു പോകാറുണ്ട്. പക്ഷെ അന്നൊരിയ്ക്കലും ജീവിതത്തില്‍ വന്നു പെട്ടേയ്ക്കാവുന്ന ഈയൊരവസ്ഥയെ കുറിച്ച് ആലോചിച്ചിരുന്നില്ല. അതും കഥകളി കണ്ടു നടന്നതിനെ കുറിച്ച് ഇങ്ങനെയൊരു പോസ്റ്റ് എഴുതിയുണ്ടാക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല ! നാട്ടിലെ ഉത്സവക്കാലങ്ങളേയും, കഥകളിയരങ്ങുകളേയും കുറിച്ചു കേള്‍ക്കുമ്പോള്‍ ചെറിയ നിരാശാ ബോധം തുടക്കത്തിലൊക്കെ തോന്നാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ശീലിച്ചു തുടങ്ങി.
ഇന്ന് കഥകളി കാണാനുള്ള അവസരം ഇല്ലെങ്കിലും, ഈ കലാരൂപത്തില്‍ വളരെ ഭദ്രമായി ഉറപ്പിച്ചു വെച്ചിട്ടുള്ള അതിന്റെ സാങ്കേതികത്തികവും മേന്മയും, അമാനുഷികരായി പ്രത്യക്ഷപ്പെടുന്ന, അരങ്ങത്ത് അത്യുജ്ജ്വലങ്ങളാവുന്ന അതിലെ കഥാപാത്രങ്ങളും, വര്‍ണ്ണപ്പകിട്ടോടെ, ഇരുയ്ക്കുന്നിടത്ത് പിടിച്ചിരുത്തുന്ന വേഷങ്ങളുടെ പകര്‍ന്നാട്ടങ്ങളും, എല്ലാം ഒരു വിസ്മയമായി ഇന്നും ഉള്ളില്‍ കൊണ്ടു നടക്കുന്നു...
Saturday, December 23, 2006
വൈകി വന്ന തണലില്‍...
"മോളെ,, ഉറങ്ങിയൊ,പാല് വേണ്ടേ..?"
വാതില്‍ തട്ടുന്ന ശബ്ദം.അവള്‍ക്ക് വാതില്‍ തുറക്കുവാനൊ,എന്തെങ്കിലും മറുപടി നല്‍കുവാനൊ തോന്നിയില്ല.പുതപ്പ് ശരീരത്തിലേയ്ക്ക് വലിച്ചിട്ട്, മനസ്സിനെ സ്വൈരവിഹാരത്തിനയച്ച്,അവള്‍ ഉറക്കം കാത്ത് തിരിഞ്ഞു കിടന്നു.
പതിവ് പോലെ കോളേജ് വിട്ട് വീട്ടിലേയ്ക്ക് കയറി ചെന്നപ്പോള്‍ അവിടെ ഒരു ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതു പോലെ തോന്നി.അവളകത്ത് കയറിയതും റീത്താന്റി ചിരിച്ച മുഖവുമായി അടുത്തേയ്ക്ക് വരുന്നു - ഒരു നിമിഷം, അവളന്തം വിട്ടു പോയി-
"ആന്റി എത്ര സുന്ദരിയായിരിയ്ക്കുന്നു! മഞ്ഞയില്‍ ബ്രൗണ്‍ കസവിട്ട പട്ട് സാരിയില്‍ ആന്റിയുടെ മുഖം ശോഭിയ്ക്കുന്നു.കഥ പറയുന്ന കണ്ണുകള്‍,വളഞ്ഞെഴുന്നേറ്റു നില്‍ക്കുന്ന പുരികക്കൊടികള്‍,ചുകന്ന [ ചുകപ്പിച്ച] റോസാപ്പൂവിന്റെ ഇതള്‍ പോലത്തെ ചുണ്ടുകള്‍.."
ആന്റി അടുത്തു വന്നപ്പോള്‍ തല പെരുപ്പിയ്ക്കുന്ന പെര്‍ഫ്യൂമിന്റെ "രൂക്ഷഗന്ധവും" അമിതമായ മെയ്ക്കപ്പും അവരുടെ സൗന്ദര്യം കുറയ്ക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.
"മോളെ,പെട്ടെന്ന് ഫ്രഷ് ആയി പുതിയ ഉടുപ്പൊക്കെ ഇട്ട് സുന്ദരിയായി വാ.ഇന്നിവിടെ ചെറിയൊരു പാര്‍ട്ടി വെച്ചിട്ടുണ്ട്.ജസ്റ്റ് ഒരു ഫ്രണ്ട്സ് ഗെറ്റുഗെതര്‍.പെട്ടെന്ന് റെഡിയായി വന്നേക്കണേ" ആന്റിയുടെ ആങ്കലേയത്തിന്റെ ചുവയുള്ള മലയാളം.
തന്റെ അനിഷ്ടം മുഖത്ത് പ്രതിഫലിയ്ക്കുന്നത് നിയന്ത്രിയ്ക്കുവാന്‍ ശ്രമിച്ചു കൊണ്ട് ,ഒന്നും മിണ്ടാതെ അവള്‍ മുകളിലേയ്ക്ക് കുതിച്ചു കയറി, തന്റെ മുറിയില്‍ വാതിലടച്ച്, ബാഗും മറ്റും ഒരു മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞ് കട്ടിലില്‍ ചാടിക്കയറി ഇരുന്നു.
"ശ്ശൊ,ഇതെന്തു പാര്‍ട്ടി ദൈവമേ,കഴിഞ്ഞ ആഴ്ചയില്‍ ഒന്ന് കഴിഞ്ഞതേയുള്ളു,ഇന്നിനി ഗെറ്റുഗെതര്‍ പോലും.ഇനി ഉടുത്തൊരുങ്ങി ആന്റീടെ പുറകെ എല്ലാവര്‍ക്കും ഷേക് ഹാന്റും കൊടുത്ത് ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് മസ്സിലും പിടിച്ച്..ഹൊ! ഓര്‍ക്കാന്‍ പോലും വയ്യ.."
കുറച്ചു നേരത്തെയ്ക്കെങ്കിലും ഇഷ്ടമല്ലാത്ത ഒരു വേഷം കെട്ടി, ആടി തീര്‍ക്കേണ്ട ഗതികേടാലോചിച്ച് അവള്‍ക്ക് ആന്റിയോട് ഒരല്‍പം അമര്‍ഷം തന്നെ തോന്നി പോയി.ഏറെ നേരത്തെ ഇരുപ്പിനു ശേഷം തന്റെ ഉള്ളിലെ അതൃപ്തിയെ തൃപ്തിപ്പെടുത്താനെന്നോണം,ആരോടൊ വാശി തീര്‍ക്കുന്ന മട്ടില്‍,അധികം ആകര്‍ഷകമല്ലാത്ത ഒരു വസ്ത്രം തന്നെ എടുത്തിട്ട്,പേരിനു മാത്രം മുടിയൊന്നൊതുക്കി വെച്ച് പതുക്കെ അവള്‍ താഴത്തേയ്ക്ക് ഇറങ്ങി.
വീട് നിറയെ പരിചയമില്ലാത്ത മുഖങ്ങള്‍.എല്ലാ കണ്ണുകളും തന്റെ ശരീരത്തിലേയ്ക്ക് തന്നെ തുളഞ്ഞു കയറുന്നതായി തോന്നിച്ചു.മുഖത്ത് ആര്‍ക്കൊ വേണ്ടി പുഞ്ചിരി വരുത്തുന്നത് വളരെ ആയാസകരമായി തോന്നി.അകത്ത് നിന്നും എന്തൊക്കെയൊ മസാലകളുടേ മണം, പുറത്ത് നിന്നും മദ്യത്തിന്റെ മണം,ആ അന്തരീക്ഷം അവളെ ശ്വാസം മുട്ടിച്ചു. ആ ആള്‍ക്കൂട്ടത്തില്‍ നിന്നും തന്റെ മാളത്തിലേയ്ക്ക് ഓടിയൊളിയ്ക്കുവാന്‍ അവള്‍ കൊതിച്ചു.പക്ഷെ ആന്റിയ്ക്കായി തന്റെ സാന്നിധ്യം ഇവിടെ ആവശ്യമാണെന്ന ബോധം അവളുടെ പിരിമുറുക്കം കൂട്ടി.നിമിഷങ്ങള്‍ എണ്ണിയെണ്ണി അവള്‍ തിരക്കില്‍ നിന്നും അകന്നു മാറി നിന്നു.അവളുടെ കണ്ണുകള്‍, "തേനീച്ചക്കൂട്ടത്തിലെ റാണി" എന്ന പോലെ,ആള്‍ക്കൂട്ടത്തില്‍ ഒരാകര്‍ഷക ബിന്ദുവായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്ന ആന്റിയെ തേടിപിടിച്ചു-ആ തിരക്കും ബഹളവും ആസ്വദിച്ചു കൊണ്ട്, എല്ലാവരോടും ഒരേപോലെ കുശലം പറയാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട്, പ്രായം ഒട്ടും ബാധിയ്ക്കാത്ത ഊര്‍ജ്ജം നിറഞ്ഞു തുളുമ്പുന്ന മനസ്സുമായി,ആന്റി ശോഭിയ്ക്കുന്നു.
അവള്‍ക്കെന്തുകൊണ്ടൊ അസൂയ കലര്‍ന്ന ഒരു "ഈര്‍ഷ്യയാണ്" അപ്പോള്‍ അവരോട് തോന്നിയത്.
അവള്‍ ആലോചനയിലാണ്ടു.
"ഇതിനേക്കാളും ഹോസ്റ്റലാണ് നല്ലത്.നാളെ തന്നെ അമ്മയെ വിളിച്ചു പറയണം.പക്ഷെ എന്തു കാരണം പറയും?ആന്റിയെ ഇഷ്ടപ്പെട്ടിലെന്നൊ,ഇവിടുത്തെ രിതികള്‍ ഇഷ്ടപ്പെട്ടില്ലെന്നൊ?ആന്റി ചെയ്തു തന്നിട്ടുള്ള സഹായങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത അമ്മയോട് എന്തു പറയാന്‍?
നഗരത്തിലെ കോളേജില്‍ അഡ്മിഷന്‍ ഉറപ്പായപ്പോള്‍,എന്തുകൊണ്ടും ഹോസ്റ്റലിനേക്കാളും സുരക്ഷിതം തന്റെ ഉറ്റസുഹൃത്തായ, റീത്താന്റിയുടെ വീട്ടിലാവുമെന്ന് അമ്മ വിശ്വസിച്ചു.അതിന് ആന്റിയുടെ സ്നേഹം കലര്‍ന്ന സ്വീകരണം കൂടിയായപ്പോള്‍ അമ്മയുടെ വിശ്വാസം ഇരട്ടിച്ചു.നാട്ടില്‍ റീത്താന്റിയെ കുറിച്ചു നല്ല മതിപ്പാണ്.ഭര്‍ത്താവ് മരിച്ച ശേഷം നഗരത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ അവര്‍ക്ക് തന്റെ ജന്മ നാട്ടിലെ കുട്ടികള്‍ തന്നെയായിരുന്നു സ്വന്തം കുട്ടികള്‍.അവര്‍ക്ക് എല്ലാവരേയും ഒരുപോലെ സ്നേഹിയ്ക്കാനും സഹായിയ്ക്കാനും ഉള്ള വലിയ ഒരു മനസ്സുണ്ടെന്ന് അമ്മയും മറ്റുള്ളവരും പറയുന്നത് അവള്‍ കേട്ടിട്ടുണ്ട്.ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ ഉള്ളിലെ ചിത്രവും,നേരിട്ടു കണ്ടപ്പോള്‍ പതിഞ്ഞ ആന്റിയുടെ രൂപവും ഭാവവും തമ്മില്‍ വല്ലാത്ത പൊരുത്തക്കേട്.
അവിടെ പേയിങ്ഗെസ്റ്റ്സ് ആയി താമസിയ്ക്കുന്ന മറ്റ് കുട്ടികളേക്കാളും സ്നേഹവും പരിഗണനയും ആന്റി സ്വകാര്യമായി തനിയ്ക്കു തരുന്നുണ്ടെന്ന് പലതവണ തോന്നിയിട്ടുണ്ട്.പാര്‍ട്ടികള്‍ക്കും,പുറത്തേയ്ക്കും മറ്റും തന്നെ കൂടെ കൊണ്ട് നടക്കാന്‍ ആന്റിയ്ക്ക് വലിയ ഇഷ്ടമാണ്.പക്ഷെ ആ സ്നേഹവും ശ്രദ്ധയും പലപ്പോഴും തന്നെ വിമ്മിഷ്ടപ്പെടുത്തുകയായിരുന്നു."
അവര്‍ നല്‍കുന്ന സ്നേഹം തിരിച്ച് അതേ അളവില്‍ കൊടുക്കുന്നില്ലെന്ന ബോധം അവളില്‍ തെല്ലൊരു കുറ്റബോധം ഉണര്‍ത്തി.
കോളേജിലേയ്ക്ക് ഇറങ്ങുന്നതിന്റെ കൃത്യം പത്ത് മിനിറ്റ് മുന്‍പ് മാത്രമാണ് അവള്‍ തന്റെ "മാള'ത്തില്‍ നിന്നും പുറത്ത് വന്നത്.താഴെ എത്തിയതും ആന്റി അവളെ പ്രാതല്‍ കഴിയ്ക്കാനായി അകത്തേയ്ക്ക് വിളിച്ചു.അറച്ചറച്ച് ഒന്നും പറയാതെ അവള്‍ കസേരയില്‍ ചെന്നിരുന്നു.
"വല്ലാത്ത മണം", ചമ്മന്തിയിലെ വെളുത്തുള്ളിയുടെ കുത്ത് അവളെ മനം പുരട്ടിച്ചു.ദോശയും ചമ്മന്തിയും കഴിയ്ക്കേണ്ടെന്ന് തീരുമാനിച്ച് അടുത്തു വെച്ചിട്ടുള്ള ഗ്ലാസ്സിലെ ചായ കുടിയ്ക്കാനൊരുങ്ങി."ഹൊ! ഇതിനു എന്തൊരു കയ്പ്"!.ഒന്നും തൊടാതെ അവള്‍ പുറത്തേയ്ക്ക് ഇറങ്ങി.
"മോള് ഒന്നും കഴിച്ചില്ലല്ലൊ,വിശപ്പില്ലെ.." ആന്റി വിളിച്ചു ചോതിയ്ക്കുന്നത് കേള്‍ക്കാത്ത മട്ടില്‍ അവളോടിക്കളഞ്ഞു.
അമ്മയെ വിളിച്ചെന്തു പറയണമെന്ന ചിന്തയില്‍ സ്ഥലകാലബോധം മറന്ന് റോടിലൂടെ നടക്കുമ്പോള്‍,പെട്ടെന്ന് തലയിലേയ്ക്ക് എന്തൊക്കെയൊ ഇരച്ചു കയറുന്ന പോലെ..കണ്ണുകളില്‍ ഇരുട്ട് കയറി കൂടുന്നു.."തല ചുറ്റുന്നുണ്ടോ" എന്ന സംശയിച്ചതും അവള്‍ റോട്ടില്‍ തളര്‍ന്നു വീണു.പാതി തുറന്ന കണ്ണുകളില്‍ കൂടി അവള്‍, ചുളിച്ച മുഖവുമായി പാഞ്ഞടുക്കുന്ന ഒരു ലോറിയെ അവ്യക്തമായി കണ്ടു.
കണ്ണു തുറന്നപ്പോള്‍,വലതു കയ്യില്‍ ആകെ മരവിപ്പ്..തലയില്‍ നനവുണ്ടോ..ശരീരമാകെ വേദന.ആശുപത്രി കിടക്കയിലാണെന്ന് വൈകാതെ മനസ്സിലാക്കി,ഉണ്ടായത് ആലോചിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍,തൊട്ടടുത്തു നിന്നും ഒരു നേര്‍ത്ത ശബ്ദം-
"മോളെ," എന്നു വിളിച്ചു കൊണ്ട് ഒരു കയ്യില്‍ ചൂടുള്ള ചായയും മറുകയ്യില്‍ ദോശയും ചമ്മന്തിയുമായി ആന്റി ചിരിച്ചു കൊണ്ട് നില്‍ക്കുന്നു!
"ഡോണ്ട് വറി,മോള്‍ക്ക് ആങ്ക്സൈറ്റി കാരണം ഒരു ക്ഷീണം- ചെറിയ പനിയുമുണ്ട്.ഗിഡ്ഡിനസ്സ് വന്ന് മോള്‍ റോട്ടില്‍ വീണപ്പോള്‍ ആള്‍ക്കാര്‍ നമ്പര്‍ കണ്ട് എന്നെ ഇന്‍ഫോം ചെയ്തു.ഉടനെ ഞാന്‍ വന്ന് ആശുപത്രിയില്‍ കൊണ്ടുവന്നതാണ്.ലക്കിലീ വേറെയൊന്നും ഉണ്ടായില്ല,രാവിലെ ഒന്നും കഴിയ്ക്കാതെ അല്ലെ ഇറങ്ങിയത്?“
ആന്റി ചായയും ദോശയും മുന്‍പിലേയ്ക്കു വെച്ചു.
"നൊ പ്രോബ്ലം",അവര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു-"ആദ്യമായല്ലെ അമ്മയെ പിരിഞ്ഞു നില്‍ക്കുന്നത്?കുറച്ച് കഴിഞ്ഞാല്‍ ഈ ഹോംസിക്നസ്സ് ഒക്കെ മാറിക്കോളും".ചുമലില്‍ തട്ടി കൊണ്ട് അവര്‍ തുടര്‍ന്നു-"ആന്റിയൊണ്ടല്ലൊ മോളെ നോക്കാനായി,ഒന്നും പേടിയ്ക്കണ്ട-ഓക്കെ?"
അവര്‍ അവളെ എഴുന്നേല്‍പ്പിച്ചു ഇരുത്തുമ്പോള്‍ അവള്‍ അമ്പരപ്പോടെ അവരുടെ മുഖത്തേയ്ക്ക് നോക്കുകയായിരുന്നു.
അവര്‍ സ്നേഹത്തോടെ ഒഴിച്ചു കൊടുത്ത ചായയ്ക്ക് നല്ല മധുരം തോന്നി അവള്‍ക്ക്.അതിന്റെ ചൂടും ചായപ്പൊടിയുടെ ചെറിയ കയ്പ്പും,പഞ്ചസാരയുടെ മധുരവും എല്ലാം കൂടി ആസ്വദിച്ചു വലിച്ചു കുടിയ്ക്കുമ്പോള്‍ അവള്‍ ആലോചിച്ചു.
"ശ്ശെ,ആന്റിയോട് ഒന്നും പറയാതെ രാവിലെ ഇറങ്ങി പോന്നിട്ട്, ഇപ്പോള്‍,ആന്റി തന്നെ എല്ലാം..."അവള്‍ മുഖം താഴ്ത്തിയിരുന്നു.പെട്ടെന്ന് മനസ്സില്‍ ഭയത്തിന്റെ ഒരു ഇടിവാള്‍ മിന്നി- മുഖം ചുളിച്ചു പാഞ്ഞു വരുന്ന ലോറിയെ അവളോര്‍ത്തു.
"ദൈവമെ..പരിചയമില്ലാത്ത ഈ നഗരത്തില്‍,ആ റോട്ടില്‍ എങ്ങാനും ആരുമറിയാത്ത ഒരു അനാഥശവമായി കിടന്നിരുന്നെങ്കിലൊ..??? അവളുടെ മനസ്സ് ഒരു നിമിഷം പിടഞ്ഞു.അവള്‍ തീരുമാനിച്ചു. "വേണ്ട..ഇനി അമ്മയോട് തല്‍ക്കാലം ഒന്നും പറയാന്‍ പോണ്ട".
തൊട്ടടുത്തു നില്‍ക്കുന്ന പെര്‍ഫ്യൂമിന്റെ മണമുള്ള റീത്താന്റിയുടേ സാമീപ്യം പകര്‍ന്നു കൊടുത്തിരുന്ന പേരറിയാത്ത ഒരാശ്വാസത്തിന്റെ തണലില്‍ അവള്‍ രുചിയോടെ ആ ദോശയും ചമ്മന്തിയും കഴിച്ചു തുടങ്ങി.
"ചമ്മന്തിയില്‍ വെളുത്തുള്ളി ഉണ്ടായിരുന്നില്ലെ?" ഒറ്റയിരുപ്പില്‍ അതു മുഴുവനും കഴിച്ചു തീര്‍ത്ത അവള്‍ അതിശയത്തോടെ ഓര്‍ത്തു!
Sunday, December 17, 2006
ഗൌരി എന്ന അമ്മിണിയോപ്പോള്‍
പിന്നീട്,ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍,കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ "അമ്മിണിയോപ്പോള്‍" എന്നാണവരെ വിളിയ്ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി.വാസ്തവത്തില്‍ അവിടത്തെ പ്രായം കൂടിയ ഏറ്റവും മുതിര്‍ന്ന വ്യക്തിയായിരുന്നു അവര്‍.പക്ഷെ എങ്ങിനേയൊ,എന്തുകൊണ്ടൊ, അവരെ പ്രായവ്യത്യാസമില്ലാതെ എല്ലാവരും "അമ്മിണിയോപ്പോള്‍" എന്നു വിളിച്ചു തുടങ്ങി.
നല്ല ഉയരം,ഒത്ത തടി,വെളുത്ത നിറം.പരന്ന വലിയ മുഖത്ത് ചെറിയ രണ്ട് കണ്ണുകള്‍.തോളറ്റം വെളുത്ത മുടി.നെറ്റിയില്‍ പിരികത്തിനു മുകളിലായി സാമാന്യം വലുപ്പമുള്ള ഒരു മറുക്.വേഷം ജാക്കറ്റും മുണ്ടും.ഇതായിരുന്നു അമ്മിണിയോപ്പോള്‍, ചുരുക്കത്തില്‍.
കുടുംബത്തിലേയ്ക്കു വരുന്ന "ആദ്യത്തെ മരുമകള്‍" എന്ന നിലയില്‍ അവിടെയുള്ളവരുടെ "പ്രതീക്ഷകള്‍ക്കൊത്തുള്ള" ഒരു "നല്ല" മരുമകളാവാനുള്ള എന്റെ തത്രപ്പാടിനിടയില്‍ ഞാന്‍ അമ്മിണിയോപ്പോളെ ആദ്യം തീരെ ശ്രദ്ധിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ കാര്യമായ ആശയവിനിമയത്തിനും ഞാന്‍ മിനക്കെട്ടിരുന്നില്ല.എല്ലാവരെയും പോലെ "അമ്മിണിയോപ്പോളേ.." എന്ന് വിളിയ്ക്കാനുള്ള ഒരു സന്ദര്‍ഭവും എനിയ്ക്കു കിട്ടിയിരുന്നില്ല.വളരെ സാധാരണ മട്ടില്‍ എല്ലാരെയും പോലെ രാവിലെ എണിറ്റ് കുളിച്ചു മുണ്ടും ജാക്കറ്റും മാറി,പിന്നിലെ കോലായില്‍ ഇരുന്ന് കഷ്ണം നുറുക്കുന്നതും,തൈരു കലക്കുന്നതും,എല്ലാം ചിട്ടയോടെ ചെയ്യുന്ന ഒരു "അമ്മിണിയോപ്പോള്‍"- അവിടത്തെ അച്ഛന്റെ ഏറ്റവും മൂത്ത ഓപ്പോള്‍- ഇത്രയുമാണ് എന്റെ കണ്ണിലൂടെ ഞാന്‍ കണ്ട അമ്മിണിയോപ്പ്പ്പോള്‍.
പിന്നീട്,പലപ്പോഴും അമ്മിണിയോപ്പോള്‍ അവ്യക്തമായി പതിഞ്ഞ സ്വരത്തില്‍ എന്തൊക്കെയൊ പിറുപിറുക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി.അതും വളരെ സാധാരണ മട്ടില്‍ തന്നെ.എന്നോടെന്തൊ പറയുകയാണ് എന്നു കരുതി ഞാന്‍ പലതവണ അരികത്തു ചെന്നു ചോതിച്ചിട്ടുണ്ട്.പക്ഷെ അതിന് എനിയ്ക്കു മറുപടിയൊ,ഒരു നൊട്ടമൊ പോലും കിട്ടിയിരുന്നില്ല.എന്നാല്‍ അവിടെയാരും അമ്മിണിയോപ്പോളുടെ ആ "പിറുപിറുക്കല്‍" അത്ര കാര്യമായി എടുക്കുന്നില്ലെന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കി.അമ്മിണിയോപ്പോള്‍, അങ്ങിനെ പ്രത്യേകിച്ച് ആരുടെയും മുഖത്ത് നോക്കി ഒന്നും സംസാരിയ്ക്കുന്നില്ലെന്ന് ഞാനറിഞ്ഞു തുടങ്ങി."എന്താ അമ്മിണിയോപ്പോളേ.."എന്നുള്ള സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുശലാന്വേഷണമൊ,ഒരു യാത്രയ്ക്കു പോകുമ്പോള്‍ "അമ്മിണിയോപ്പോളേ,പോയി വരട്ടെ..ട്ടൊ" എന്ന ഒരു യാത്ര പറച്ചിലൊ,ഇതിലൂടെയൊക്കെയായിരുന്നു അധികവും എല്ലാവരും ആശയവിനിമയം നടത്തിയിരുന്നത്.അതിനും അമ്മിണിയോപ്പോള്‍ പ്രത്യേകിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.
തളത്തിലെ ജനാലയ്ക്കടുത്തുള്ള ഒരു കട്ടിലിലായിരുന്നു അമ്മിണിയോപ്പോളുടെ ലോകം എന്നെനിയ്ക്കു തോന്നിയിരുന്നു.അവിടേയ്ക്കു ഓടി എത്താറുള്ള പൂച്ചകളോട് അമ്മിണിയോപ്പോള്‍ യഥേഷ്ടം സംസാരിയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.അമ്മിണിയോപ്പോള്‍ രാവിലെ എണീയ്ക്കുമ്പോള്‍ ആ പൂച്ചകളും ഒപ്പം എണീറ്റു വരുന്നതു ഞാന്‍ കൗതുകത്തോടേ നോക്കി നിന്നിട്ടുണ്ട്.അവയോടുള്ള അമ്മിണീയോപ്പോളുടെ സ്നേഹം എന്നെ അദ്ഭ്ഭുതപ്പെടുത്തിയിരുന്നു.ഒരമ്മയ്ക്ക് തന്റെ മക്കളോടുള്ള വാത്സല്ല്യത്തിനു തത്തുല്ല്യമായ എന്തൊ ഒരു വികാരം ആ മുഖത്ത് ഉണ്ടാകുന്നതായി എനിയ്ക്കു തോന്നിയിട്ടുണ്ട്!.
പിന്നീട് ഞാന്‍ "അവിടത്തെ അമ്മയില്‍" നിന്നും അമ്മിണിയോപ്പോളെ കുറിച്ച് കൂടുതല്‍ അറിഞ്ഞു തുടങ്ങി.അമ്മിണിയോപ്പോളുടേ യഥാര്‍ഥ നാമം ഗൗരി എന്നായിരുന്നു ത്രെ."അമ്മിണീ" എന്നത് വിളിപ്പേരും.കുട്ടിക്കാലത്ത് ഒരിയ്ക്കല്‍ കുളിയ്ക്കാന്‍ പോയപ്പോള്‍ എന്തോ കണ്ട് പേടിച്ചു.അതിനു ശേഷം അമ്മിണിയോപ്പോള്‍ ആരോടും അധികം മിണ്ടാതെയായി..എല്ലാവരെയും അറിയാം ,പക്ഷെ ഒന്നും മിണ്ടില്ല.അങ്ങിനെതന്നെ മാറ്റങ്ങള്‍ ഒന്നും വരാതെ അമ്മിണിയോപ്പോള്‍ വളര്‍ന്നു.എല്ലാം മനസ്സിലാവും ,പക്ഷെ ഒന്നും അറിഞ്ഞതായി നടിയ്ക്കില്ല.പിന്നീട് തന്റെ അമ്മയുടെ മരണ ശേഷം,തന്റെ സഹോദരങ്ങളുടെ വീടുകളില്‍ മാറി മാറി താമസിച്ചിരുന്ന അമ്മിണിയോപ്പോള്‍ ഇടയ്ക്കെപ്പൊഴൊ തന്റെ ഏറ്റവും ഇളയ സഹോദരന്റെ [എന്റെ കണവന്റെ അച്ഛന്റെ] വീട്ടില്‍ [എന്റെ ഭര്‍ത്ര് ഗ്രഹത്തില്‍] സ്ഥിര താമസമാക്കിയത്രെ.അതിനുള്ള കാരണം ആരും ചോതിച്ചതുമില്ല,ആ ഇഷ്ടത്തിന് ആരും എതിരും നിന്നില്ല.
ആ കാലത്ത് അമ്മിണിയോപ്പോള്‍ക്ക് ഒരു ശീലമുണ്ടായിരുന്നുവത്രെ,എന്തിനാണ് ഏതിനാണ് ഒന്നുമറിയില്ല,ഇടയ്ക്ക് കൈ കൊണ്ട് മാറത്ത് ആഞ്ഞടിച്ച് ഉറക്കെ ഉറക്കെ എന്തൊക്കെയൊ പറയുമായിരുന്നുവത്രെ.വീടും കുട്ടിയേയും അമ്മിണിയോപ്പോളെ ഏല്‍പ്പിച്ചിട്ടാണ് അമ്മ സ്കൂളില്‍ പോയിരുന്നത്.അമ്മ തിരിച്ചു വന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ അതുപോലെ പറയുകയും വീടു ശ്രദ്ധാപൂര്‍വം നോക്കുകയും ചെയ്തിരുന്നു അമ്മിണിയോപ്പോള്‍.സ്ക്കുളില്‍ പോകുമ്പോള്‍ ചിലപ്പോള്‍ അമ്മ കാണുന്ന രംഗം- ഒരു കൈ കൊണ്ട് കുട്ടിയെ മാറത്ത് അടുക്കി പിടിച്ച് മറു കൈ കൊണ്ട് മറ്റേ മാറത്ത് ആഞ്ഞടിയ്ക്കുന്നതാവും!പക്ഷെ ഒരു കാരണവശാലും കുട്ടിയെ പിടിവിടുകയൊ,ആര്‍ക്കും കൈ മാറുകയൊ ചെയ്യില്ല എന്ന വിശ്വാസമാണ് അത് കണ്ട് സ്ക്കൂളിലേയ്ക്ക് ഓടുന്ന അമ്മയുടെ നെഞ്ചിടിപ്പ് കുറച്ചിരുന്നതത്രെ!
അമ്മിണിയോപ്പോള്‍ കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല.സ്വഭാവത്തിലെ വ്യത്യാസങ്ങള്‍ കാരണം ഒരു പക്ഷെ, അന്നത്തെ സാഹചര്യത്തില്‍,ആരും അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടുണ്ടാകില്ല.പക്ഷെ അമ്മിണിയോപ്പോള്‍ക്ക് എന്നും ചെറിയ കുട്ടികളോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു എന്നത് സത്യം തന്നെ.
പിന്നീട് ഒരിയ്ക്കല്‍ ഞാന്‍ നാട്ടില്‍ എത്തിയ സമയത്ത്,അമ്മിണിയോപ്പോള്‍ ഒന്ന് വീഴുകയുണ്ടായി.ഒരു കാലിന്റെ പാദത്തിനു മുകളിലായി ചെറുതായി ഫ്രാക്ച്ചര്‍ ആയി.അങ്ങിനെ തളത്തില്‍ നിന്നും അകത്തെ മുറിയിലെ കട്ടിലില്‍ കിടപ്പിലായി.ആ കാലില്‍ അധികം ബലം കൊടുക്കരുതെന്ന ഡോക്റ്റരുടെ നിര്‍ദ്ദേശ്ശ പ്രകാരം തീര്‍ത്തും കിടക്കുന്ന അവസ്ഥയിലായി.അതുവരെ ഒരാവശ്യത്തിനും ആരെയും വിളിയ്ക്കാത്ത അമ്മിണിയോപ്പോള്‍ കിടപ്പിലായതിനു ശേഷം തന്റെ ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ വിളിയ്ക്കാന്‍ നിര്‍ബന്ധിതയായി.ആ ഒരു കാലഘട്ടത്തിലാണ് എന്നു തോന്നുന്നു,എനിയ്ക്ക് അവരുമായി ഒരു ബന്ധം സ്ഥാപിയ്ക്കാന്‍ കഴിഞ്ഞത്.അമ്മയേയും അടുത്തുള്ള വല്ല്യമ്മയേയുമൊഴിച്ച് വേറെയാരേയും സഹായത്തിന് അടുപ്പിയ്ക്കാത്ത അമ്മിണിയോപ്പോള്‍ ഇടയ്ക്കൊക്കെ എന്നേയും പേരെടുത്ത് വിളിച്ചു തുടങ്ങിയിരുന്നു.ആ അവ്യക്തമായ സംസാര ശൈലി എനിയ്ക്കു പരിചിതമായി തുടങ്ങി.അമ്മിണിയോപ്പോളുടേ ആ വിളി,എന്നോടുള്ള എന്തൊ ഒരു അടുപ്പത്തിന്റെ തെളിവായി തന്നെയാണ് ഞാന്‍ കണക്കാക്കിയിരുന്നത്,അതൊ അങ്ങിനെ കരുതാനാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത് എന്ന് പറയുന്നതാവുമൊ കൂടുതല്‍ ശരി? അറിയില്ല.
അങ്ങിനെ കുറെ കാലത്തെ ആ കിടപ്പിനു ശേഷം,വീണ്ടും അമ്മിണിയോപ്പോള്‍ ഒരു "വാക്കറിന്റെ" സഹായത്താല്‍ കുറേശ്ശെ എണീറ്റു നടന്നു തുടങ്ങി.കാലങ്ങള്‍ കഴിഞ്ഞ് ഞാന്‍ നാട്ടിലുള്ള മറ്റൊരു അവസരത്തില്‍ വീണ്ടും മറ്റെ കാല്‍ ഫ്രാക്ച്ചര്‍ ആവുകയും പിന്നെ തീര്‍ത്തും കിടപ്പിലാവുകയും ചെയ്തു.കൂടാതെ പ്രമേഹവും അവരെ കൂടുതല്‍ തളര്‍ത്തി.അമ്മിണിയോപ്പോളുടെ ഇഷ്ടപ്പെട്ട ഭക്ഷണമായ ചക്ക, മാങ്ങ എല്ലാം തീര്‍ത്തും ഒഴിവാക്കി.ഭക്ഷണ പ്രിയ ആയിരുന്ന അമ്മിണിയോപ്പോളുടെ ഭക്ഷണത്തിന്റെ അളവ് വല്ലാതെ കുറഞ്ഞു തുടങ്ങി.ശരീരം ക്ഷീണിച്ചു വന്നു.
കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ അമ്മിണിയോപ്പോള്‍ തീര്‍ത്തും കിടപ്പിലായിരുന്നു.70-ആം പിറന്നാള്‍ എല്ല ബന്ധുക്കളും കൂടി ആഘോഷിച്ചു.അന്നത്തെ, മുണ്ടിന്റെ ഒപ്പമുള്ള ഒരു വേഷ്ടിയും,നെറ്റിയിലെ പൊട്ടും ചന്ദനക്കുറിയും ആ മുഖത്തിന്റെ "ചൈതന്യം" കൂട്ടിയതായി എല്ലാവര്‍ക്കും തോന്നി. അതിന്റെ പിറ്റെ ദിവസം മുതല്‍ അമ്മിണിയോപ്പോള്‍ തീരെ അവശ നിലയിലായി.വ്ര്‌ക്കയുടെ പ്രവര്‍ത്തനം മന്ദ ഗതിയിലായി.ഭക്ഷണം തീരെ അകത്തു ചെല്ലാതെയായി.എന്തൊക്കെയൊ പന്തികേടുകള്‍ എല്ലാവരുടെയും മനസ്സില്‍ രൂപം കൊണ്ടു.പക്ഷെ ആരും പരസ്പരം ഒന്നും പറയാതെ മാറി മാറി ശുശ്രൂഷിച്ചു.മരുന്നുകള്‍ കൊടുത്തു."പിറുപിറുക്കല്‍" തീര്‍ത്തും നിലച്ചു.ഒന്നു തിരിഞ്ഞു കിടക്കല്‍ പോലും ശ്രമകരമായി.അങ്ങിനെ ഒരാഴ്ചത്തെ കിടപ്പിനു ശേഷം കര്‍ക്കടക മാസം ഒന്നാം തിയ്യതി രാത്രി അമ്മിണിയോപ്പോള്‍ ഞങ്ങളൊട് വിട പറഞ്ഞു.
ശാന്തമായ മരണം എന്നു തന്നെ പറയാമെന്നു തോന്നുന്നു,കുറഞ്ഞത് കാണുന്നവരെ സംബന്ധിച്ചെങ്കിലും..പക്ഷെ അവസാനത്തെ ഒരാഴ്ച അമ്മിണിയോപ്പോള്‍ എന്തൊക്കെയൊ വേദനകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.പക്ഷെ പതിവു പോലെ അപ്പോഴും ഒന്നും പുറത്ത് പ്രകടിപ്പിയ്ക്കാതെ മിണ്ടാതെ കിടന്നു.അവസാനത്തെ കുറച്ചു മണിക്കൂറുകളില്‍ ബോധം തീര്‍ത്തും നശിച്ചിരുന്നു.ഞങ്ങളുടെ മാറി മാറിയുള്ള വിളികളൊന്നും അമ്മിണിയോപ്പോള്‍ കേട്ടിരുന്നില്ല.
"ആരെയും ബുധിമുട്ടിയ്ക്കാതെയും സ്വയം യാതനകളൊന്നുമനുഭവിയ്ക്കാതെയും അമ്മിണിയോപ്പോള്‍ പോയി,ഭാഗ്യവതിയാണ്" എന്നു എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു.ശരീരം കൊണ്ട് മാത്രം തന്റെ സാന്നിധ്യം അറിയിച്ചിരുന്ന അമ്മിണിയോപ്പോളുടെ മനസ്സ് എന്നും മറ്റുള്ളവര്‍ക്ക് അഞ്ജാതമായിരുന്നു.സ്വയം എന്തൊക്കെയൊ പിറുപിറുത്തിരുന്നതും ഇടയ്ക്ക് മാറത്ത് അടിച്ചിരുന്നതും മനസ്സിലെ ഏതെങ്കിലും വേദനകളുടെ പ്രതിഫലനമായിരുന്നുവൊ? ഒരു കുടുംബ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ ആ മനസ്സില്‍ എന്നെങ്കിലും ഉണ്ടായിരുന്നുവൊ? എന്തായാലും,അമ്മിണിയോപ്പോളെ ഒരുപോലെ സ്നേഹിയ്ക്കുകയും ശുശ്രൂഷിയ്ക്കുകയും ചെയ്തിരുന്ന തന്റെ പ്രിയപ്പെട്ടവരുടെ നിറഞ്ഞ സാന്നിധ്യത്തില്‍ ,അധികം നരകിയ്ക്കാതെ ശാന്തമായി മരണത്തിലേയ്ക്ക് പ്രവേശിയ്ക്കാന്‍ കഴിഞ്ഞതില്‍ ഒരുപക്ഷെ അവരുടെ ആത്മാവ് സന്തോഷിയ്ക്കുന്നുണ്ടായിരിയ്ക്കും- എന്ന് ഞങ്ങളെല്ലാവരും വിശ്വസിയ്ക്കുന്നു.
എല്ലാവരും എന്നോട് പറഞ്ഞു-"അമ്മിണിയോപ്പോള്‍ ഏറ്റവും അധികം നോക്കിയിരുന്നത് അവനെയായിരുന്നു"[എന്റെ കണവനെ].അതുകൊണ്ട് തന്നെ "അവനോട്" പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു."അവസാന സമയത്ത് ഒപ്പം നില്‍ക്കാന്‍ അവന് സാധിച്ചില്ലെങ്കിലും അവന്റെ ഭാര്യയ്ക്ക് സാധിച്ചുവല്ലൊ" എന്ന്.അതും ഒരു നിയോഗമായിരുന്നിരിയ്ക്കാം.വിറയ്ക്കുന്ന കാലുകളോടെ അവസാന ശ്വാസം വലിയ്ക്കുന്നത് കണ്ട് കൊണ്ട് അമ്മിണിയോപ്പോളുടെ അടുത്ത് മരവിച്ചു നിന്നിരുന്ന നിമിഷങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു..
Thursday, November 30, 2006
'അനുഭവത്തിന്റെ ചെറുചൂടില്‍
വളരെ യാദൃശ്ചികമായാണ് ഞങ്ങള്‍ക്ക് ഒരു സ്ഥലമാറ്റത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്.പക്ഷെ കേവലം ഒരു സ്ഥലമാറ്റം മാത്രമായിരുന്നില്ല ഞങ്ങള്‍ക്കത്, പ്രവാസി ഭാഷയില്‍ പറഞ്ഞാല്‍ "ഫ്ലാറ്റില്‍" നിന്നും "വില്ലയിലേയ്ക്കുള്ള" ഒരു ചേക്കേറല്‍ കൂടിയായിരുന്നു.ഒരു "മാറ്റം" എന്ന അവസ്ത്ഥയോട് എനിയ്ക്കുണ്ടായിരുന്ന സകല ആകുലതകളെയും നീക്കി തുടച്ചു കൊണ്ട് ഈ ചെറിയ വില്ല ഞങ്ങള്‍ക്ക് ആശ്വാസത്തിനുള്ള വക നല്‍കി.ഇവിടെയുള്ള മരങ്ങളും,ചെടികളും, തിരക്കില്ലാത്ത റോടും വില്ലയുടെ തുറന്ന പരിസരവും ഞങ്ങളെ സന്തോഷിപ്പിച്ചു.അടച്ചു പൂട്ടിയ ഫ്ലാറ്റ്ജിവിതം തോന്നിപ്പിച്ചിരുന്ന ഒരു തരം "അപൂര്‍ണതയെ" ഇവിടത്തെ തുറന്ന "ഗൃഹാന്തരീക്ഷം" കുറച്ചെങ്കിലും നികത്തുന്നതായി ഞങ്ങള്‍ക്ക് തോന്നി.
ഞങ്ങളുടെ അമ്മുവിന് അഞ്ചു വയസ്സ് കഴിഞ്ഞതേയുള്ളു.പഴയ ഫ്ലാറ്റില്‍ അവള്‍ക്ക് ധാരാളം കൂട്ടുകാരുണ്ടായിരുന്നു.അവിടെ സദാസമയവും കളിയും ചിരിയും ഇത്തിരി വഴക്കു കൂടലുമൊക്കെയായി അമ്മു തിരക്കിലായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ മാറ്റം അമ്മുവിന് നല്‍കിയത് വേറൊരു ലോകമാണ്.ഇവിടെ വന്നപ്പോള്‍ തന്റെ കുഞ്ഞനുജത്തിയല്ലാതെ വേറെയാരും കളിയ്ക്കുവാനില്ല -
'കുഞ്ഞനുജത്തിയ്ക്കാണെങ്കിലോ,തന്റെ കൂടെ കളിയ്ക്കാനുമറിയില്ല" - എന്നാണ് അമ്മുവിന്റെ പരാതി.
അങ്ങിനെ അമ്മു സ്വാഭാവികമായും ടി.വി യിലെ കാര്‍ടൂണ്‍ കഥാപാത്രങ്ങളുടെ ലോകത്തില്‍ മുഴുകി തുടങ്ങി.കമ്പ്യൂടറിലെ പെയിന്റില്‍ ചിത്രങ്ങള്‍ വരച്ചും പുതിയ പുതിയ കണ്ടുപിടുത്തങ്ങളില്‍ സായൂജ്യമടഞ്ഞും ആ മിനിസ്ക്രീനുകളില്‍ മുഴുകി ഇരുന്നു.പിന്നീട് എപ്പോഴോ അമ്മുവിന്റെ ശ്രദ്ധ പതുക്കെ പതുക്കെ മുറ്റത്ത് ഓടിനടക്കുന്ന ഉറുമ്പുകളിലേയ്ക്ക് തിരിഞ്ഞു.
ചെറു പാറ്റകളെ പോലും കണ്ട് പേടിച്ചോടിയിരുന്ന അമ്മുവിന് ഈ കൊച്ചു ജീവികള്‍ ആദ്യം ഒരു "കൗതുകം" മാത്രമായിരുന്നെങ്കിലും,പിന്നീട് മെല്ലെ മെല്ലെ അവയോടുള്ള സ്നേഹം ഉണര്‍ന്നു വന്നു.
"അമ്മേ,ഉറുമ്പിനെ ചവിട്ടണ്ട ട്ടൊ"..ഞാന്‍ മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ അവളെന്നെ ഓര്‍മിപ്പിച്ചു.
"അമ്മേ,അനീത്തികുട്ടി ഉറുമ്പിനെ ചവിട്ടി കൊല്ലുന്നു"..
ചിലപ്പോള്‍ എന്നോടവള്‍ പരാതി പറഞ്ഞു.അവള്‍ ഉറുമ്പുകളെ ഇലയില്‍ കോരി കൈയ്യിലേയ്ക്കിട്ട്,അവരോട് കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവരുടേതായ ലോകത്തില്‍ ലയിച്ചു തുടങ്ങി.
പിന്നീട്,പതുക്കെ പതുക്കെയായി,വില്ലയ്ക്കരികിലുള്ള മരത്തിലെ ചിലച്ച് കൊണ്ടിരിയ്ക്കുന്ന കിളികള്‍,സ്ക്കൂള്‍ ബസ്സ്റ്റോപ്പില്‍ കണ്ടുമുട്ടാറുള്ള കോഴികള്‍,ഒരു പുലിക്കുട്ടന്റെ ശൗര്യത്തില്‍ കാറുകളുടെ മുകളില്‍ തലയെടുപ്പോടെ ഇരിയ്ക്കുന്ന പൂച്ചകള്‍,ഇവയെല്ലാം അമ്മുവിന്റെ കുഞ്ഞു മനസ്സിലേയ്ക്കു കുടിയേറി.അവരെ കുറിച്ചുള്ള ഓരോ കഥകള്‍ അമ്മു മനസ്സില്‍ മിനഞ്ഞു തുടങ്ങി.
അങ്ങിനെയിരിയ്ക്കുമ്പോഴാണ് ഒരു ദിവസം അപ്രതീക്ഷിതമായി ഞങ്ങളുടെ വില്ലയിലേയ്ക്ക് ഒരു കുഞ്ഞിക്കിളി അതിഥിയായി എത്തിയത്.അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ എങ്ങിനെയോ വീണ് കിടന്നിരുന്ന അതിനെ,പൂച്ചയ്ക്കാഹാരമാക്കണ്ട എന്ന് കരുതി അമ്മൂന്റെ അച്ഛന്‍ എടുത്തു കൊണ്ടുവന്നതായിരുന്നു.അത് അച്ഛന്റെ കൈയ്ക്കുള്ളില്‍ പരിഭ്രമിച്ച്,വിറച്ച് അനങ്ങാന്‍ വയ്യാതെ ഇരിയ്ക്കുകയായിരുന്നു.മുട്ടയില്‍ നിന്നും വിരിഞ്ഞ് അമ്മ പക്ഷിയുടെ ചൂട് വിട്ടുമാറാത്ത ഒരു കൊച്ചു കിളിക്കുഞ്ഞായിരുന്നു അത്.അതിന്റെ ചുകന്ന മൃദുവാര്‍ന്ന കൊക്കും,ചെറിയ മെലിഞ്ഞ കാലുകളും അതിന്റെ കൗതുകം വര്‍ധിപ്പിച്ചു.അതിന്റെ മിനുസമാര്‍ന്ന ചിറകുകള്‍ ഉയര്‍ത്താനാവാത്ത വിധം തീരെ ചെറുതായിരുന്നു.അമ്മൂന് അതിനെ ഇഷ്ടമായിയെന്ന് മാത്രമല്ല അതിനെ തന്റെ സ്വന്തം "പെറ്റാക്കി" വളര്‍ത്തണമെന്ന് മനസ്സില്‍ ഉറപ്പിയ്ക്കുകയും ചെയ്തു.
ഞങ്ങളുടെ അടുത്ത ദൗത്യം, അതിനെ സമാധാനിപ്പിച്ച് പുതിയ അന്തരീക്ഷവുമായി ഇണക്കുക എന്നതായി.അതിന്റെ നിസ്സഹായത അതിനെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് വ്യക്തമായിരുന്നു. ഞങ്ങളതിന് കൊക്കിലൊതുങ്ങുന്നത്ര പാലും വെള്ളവും വറ്റും ഒക്കെ കൊടുത്ത് ഒരുവിധം ശക്തിപ്പെടുത്തി.മെല്ലെ മെല്ലെ അതിന്റെ പേടിയും വിറയലും വിട്ടകന്നു.രാവിലെ അതിനെ മുറ്റത്തേയ്ക്ക് വെച്ച്, സുരക്ഷിതമായി ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അതിന്റെ മാതാപിതാക്കളെ അറിയിയ്ക്കാന്‍ ഒരു ശ്രമം നടത്തി.താമസിയാതെ തന്നെ എവിടെ നിന്നൊ രണ്ടു പക്ഷികള്‍ പറന്നു വന്ന് മരത്തില്‍ വല്ലാതെ ചിലച്ച് ബഹളം വെച്ച് തുടങ്ങി.ഞങ്ങള്‍ക്കാശ്വാസമായി.അവ തങ്ങളുടെ കുഞ്ഞിനെ എടുത്തു പറന്ന് പോകുന്നതു കാണാന്‍ ഞങ്ങള്‍ കുറെ കാത്തിരുന്നു.പക്ഷെ അവ കുഞ്ഞിനു ചുറ്റും ചിലച്ചു കൊണ്ട് പാറി പറന്നതല്ലാതെ അതിനെ കൊണ്ടു പോയില്ല.അവയുടെ നിസ്സഹായത,ഒരിത്തിരി നിരാശ ഞങ്ങളിലുണ്ടാക്കി;എങ്കിലും അമ്മുവിന് ഉത്സാഹമായി.
അമ്മു പറഞ്ഞു-
"അച്ഛാ,ഇനി നമുക്ക് ഒരു കൂട് വാങ്ങി കിളിക്കുട്ടിയെ അതിലിട്ട് വളര്‍ത്താം ല്ലെ,നല്ല രസമായിരിയ്ക്കും"..
അച്ഛന്‍ ആലോചിച്ച് മറുപടി പറഞ്ഞു-
"വേണ്ട അമ്മു,അത് വലുതാവുന്നത് വരെ വളര്‍ത്തി,തനിയെ പറക്കാറായാല്‍ നമുക്കതിനെ പറത്തി വിടാം"..
അമ്മു ആലോചിച്ചു-"എന്നാലും കുറച്ചു ദിവസം കുഞ്ഞിക്കിളി ഇവിടെ ഉണ്ടാവൂലൊ"-അമ്മൂന് ആശ്വാസമായി.
അങ്ങിനെ പതുക്കെ പതുക്കെ ആ കിളികുട്ടി, ഞങ്ങളില്‍ ഒരാളായി മാറി തുടങ്ങി.ആദ്യമൊക്കെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന അമ്മുവിന്റെ അനീത്തികുട്ടി പോലും കുഞ്ഞിക്കിളിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.അമ്മു തന്റെ പഴയ കൂട്ടുകാരെയെല്ലാം കുഞ്ഞിക്കിളിയെ കാണാന്‍ ക്ഷണിച്ച് തുടങ്ങി.ഞങ്ങളുടെ ഹാളില്‍ ഒരറ്റത്ത് ഒരു തുണി മടക്കിയതില്‍ അതിനെ വെച്ചു.പക്ഷെ അമ്മപക്ഷിയുടെ "തീറ്റി പോറ്റുന്ന" രീതി അറിയാതെ ഞങ്ങള്‍ കുഴങ്ങി.എന്നാലും വൈകാതെ അതിന് തീറ്റ കൊടുക്കുവാനുള്ള "പാടവം" അമ്മുവടക്കമുള്ള എല്ലാവരും ശീലിച്ചെടുത്തു.ഒരു "ഫില്ലര്‍" വാങ്ങി അതില്‍ക്കൂടി പാലും വെള്ളവും കുഞ്ഞു കൊക്കിലേയ്ക്കൊഴിച്ചു കൊടുത്തു..കിളികുട്ടി കുറേശ്ശെ ആരോഗ്യം വീണ്ടെടുത്ത് കുഞ്ഞിക്കാലുകള്‍ കൊണ്ട് രണ്ടുമൂന്നടി വെച്ചു തുടങ്ങി.അതിന്റെ നേര്‍ത്ത ശബ്ദം ഹാളില്‍ നിറഞ്ഞു നിന്നു..ദിവസത്തില്‍ രണ്ടു തവണ ,ആ പക്ഷികളെ കാണിയ്ക്കാനായി അതിനെ പുറത്തെടുത്തു വെച്ചിരുന്നു.ചിലപ്പോള്‍,അവയെ ആശ്വസിപ്പിയ്ക്കാനെന്നോണം അവയുടെ സാന്നിധ്യത്തില്‍ ഞങ്ങളതിന് തീറ്റ കൊടുത്തിരുന്നു.അതില്‍ ഒരു പക്ഷി ചിലപ്പോഴൊക്കെ ചിലച്ചു കൊണ്ട് കുഞ്ഞിന്റെ അടുത്തു ഒരു നിമിഷത്തേയ്ക്ക് പറന്നു വന്നിരിയ്ക്കുമായിരുന്നു.എന്തായാലും അത് അമ്മ പക്ഷി തന്നെ ആയിരുന്നിരിയ്ക്കണം.ആ പക്ഷികള്‍ ആ മരം വിട്ടു പോകാതെ അവിടെ തന്നെ ഇടവിടാതെ ചിലച്ചു കൊണ്ട് പാറി നടന്നിരുന്നു.ഈയൊരു സ്നേഹത്തിന്റെ ഭാഷ ഒന്നു മാത്രമാണ് കുഞ്ഞു അവയുടേത് തന്നെയാണെന്ന ഉറപ്പ് ഞങ്ങള്‍ക്ക് തന്നത്.അതിനപ്പുറത്തെ പക്ഷികളുടെ ഭാഷ എങ്ങിനെ മനസ്സിലാക്കാന്‍..!പക്ഷെ,കുഞ്ഞിക്കിളി വലുതായി,അതിന്റെ കഷ്ടതകളെല്ലാം ഒഴിഞ്ഞ് അവരുടെ അടുത്തേയ്ക്ക് പറന്നു പോകുമെന്ന വിശ്വാസം ഞങ്ങളില്‍ വേരുറച്ച് കഴിഞ്ഞിരുന്നു.അത് ഞങ്ങളുടെ ഒരു സ്വപ്നമായി മാറുകയായിരുന്നു.
പക്ഷെ ഒരു സുപ്രഭാതത്തില്‍ ഞങ്ങളുണര്‍ന്നപ്പോള്‍ കണ്ടത് കുഞ്ഞിക്കിളിയുടെ ജീവനറ്റ ശരീരമാണ്!.വല്ലാത്ത ഒരു ശാന്തതയില്‍ മുക്കിയെടുത്ത "നിശ്ചലതയാണ്" അതിന്റെ കുഞ്ഞു ശരീരത്തില്‍ കാണുന്നതെന്നെനിയ്ക്ക് തോന്നി.കഷ്ടതകളില്‍ നിന്നും രക്ഷ നേടിയതിന്റെ ശാന്തത.പക്ഷെ, ആ "ശാന്തമായ നിശ്ചലത" എന്റെ കണ്ണുകള്‍ക്കുള്ളില്‍ തട്ടി തെറിച്ചു പോകുന്നതു പോലെ തോന്നി..അതുവരെ തോന്നാത്ത ഒരു അപരിചിതത്വം കലര്‍ന്ന നിസ്സഹായത തോന്നി പോയി.എന്തോ ഒരു കുറ്റബോധത്തിന്റെ വേദന എന്റെ ഉള്ളില്‍ നിന്നും കിനിഞ്ഞിറങ്ങി.ഞങ്ങളുടെ ശുശ്രൂഷയും തീറ്റ കൊടുക്കലും വേണ്ട വിധത്തില്‍ ആയില്ലേ..ഒരു നിമിഷം ഞാന്‍ സംശയിച്ചു.
അമ്മുവിന്റെ അച്ഛന്‍ അതിനെ എടുത്ത് പുറത്ത് വെച്ചു.ഞാന്‍ ഉടനെ തന്നെ കുട്ടികളെ വിളിച്ചുണര്‍ത്തി.അമ്മു ഉറക്കച്ചടവോടെ എണീറ്റു വന്നു നോക്കിയപ്പോള്‍ കണ്ടത് കിളികുട്ടി പുറത്ത് അനങ്ങാതെ കിടക്കുന്നു.ചുറ്റും ഉറുമ്പുകള്‍ വന്നു തുടങ്ങിയിരുന്നു.അനീത്തികുട്ടിയും കണ്ണുതിരുമ്മി ഒപ്പം വന്നിരുന്നു.അവള്‍ക്ക് ഞാന്‍ മനസ്സിലാക്കി കൊടുത്തു-
"അമ്മൂ,നമ്മുടെ കിളികുട്ടി ചത്തു പോയി!"..
അമ്മു കുറച്ച് ആലോചിച്ചുകൊണ്ട് ചോതിച്ചു-
"അമ്മേ,നാട്ടിലെ അമ്മിണി മുത്തശ്ശി മരിച്ച പോലെയാണൊ കുഞ്ഞിക്കിളിയും മരിച്ചത്?"
അമ്മൂന്റെ നിഷ്ക്കളങ്കത "മരണം" എന്ന വാക്കിന് കൊടുക്കുന്ന ചിത്രം എന്തെന്നറിയില്ല.കുഞ്ഞിക്കിളി ഈശ്വരന്റെ അടുത്തേയ്ക്ക് അല്ലെങ്കില്‍ നാട്ടിലെ മരിച്ച അമ്മിണിമുത്തശ്ശിയുടെ അടുത്തേയ്ക്ക് പറന്നകലുന്ന ഒരു ചിത്രമായിരിയ്ക്കാം ആ കുഞ്ഞു മനസ്സ് കണ്ടത്...
ഞങ്ങള്‍ വാതിലടച്ച് അകത്തിരുന്നു.പക്ഷികള്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നതും ചിലയ്ക്കുന്നതും ഞങ്ങള്‍ അകത്തിരുന്നറിഞ്ഞു.പാവങ്ങള്‍-അവയ്ക്ക് ചിലയ്ക്കുവാനല്ലാതെ മേറ്റ്ന്ത് ചെയ്യാന്‍ കഴിയും? ഞാനൊരല്‍പം ശങ്കയോടെ വാതില്‍ തുറന്ന് പുറത്തു വന്നു - എല്ലാം ശാന്തം - ഞാന്‍ മുകളിലേയ്ക്ക് നോക്കി, ആ പക്ഷികളുടെ നിസ്സഹായതയുടെ നിഴല്‍ എന്നില്‍ പതിച്ചു.
അതിനു ശേഷം ആ പക്ഷികളെ മരത്തില്‍ കണ്ടിട്ടില്ല.അവയെല്ലാം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞങ്ങളങ്ങിനെ ഊഹിച്ചു.കുഞ്ഞിക്കിളിയുടെ അദൃശ്യ സാന്നിദ്ധ്യം കുറച്ച് ദിവസത്തേയ്ക്ക് കൂടി ഞങ്ങളില്‍ നിലനിന്നു.പിന്നീടെപ്പൊഴോ ഞങ്ങളറിയാതെ പതുക്കെ പതുക്കെ അത് ഓര്‍മ്മകളിലേയ്ക്ക് മറഞ്ഞു പോയി..
പക്ഷെ ഇവിടത്തെ പക്ഷികളുമായുള്ള ഞങ്ങളുടെ ബന്ധം അതോടെ അവസാനിയ്ക്കുന്നില്ല..അടുത്ത പ്രഭാതത്തില്‍ ഞാന്‍ മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍, മരത്തിനു ചുവടെ ഒരു മുട്ട പൊട്ടി കിടക്കുന്നു..പൊട്ടിയ ഭാഗത്തു കൂടി അപൂര്‍ണമായ ഒരു കിളിക്കുഞ്ഞിന്റെ തലയും കൊക്കും ഒപ്പം കറുത്ത് കൊഴുത്ത ഒരു ദ്രാവകവും പുറത്തേയ്ക്ക് വന്നു നില്‍ക്കുന്നു!
"ഈശ്വരാ,ഇവിടത്തെ പക്ഷികള്‍ക്കിതെന്തൊരു യോഗം!"- ഞാന്‍ അറിയാതെ പരിതപിച്ചു പോയി.
ഏതായാലും ഇപ്പോള്‍ അമ്മു വീണ്ടും തിരക്കിലാണ്.അമ്മൂന് ദിവസവും നനച്ച് വളര്‍ത്താന്‍ കുറച്ച് ചെടികള്‍ അച്ഛന്‍ വാങ്ങി വെച്ചിട്ടുണ്ട്.ആ ചെടികള്‍ ഇപ്പൊള്‍ അമ്മൂന്റെ "പെറ്റ്" ആയി മാറിക്കഴിഞ്ഞു.ദിവസത്തില്‍ രണ്ട് നേരം വളരെ ഉത്സാഹത്തോടെ അമ്മു വെള്ളം ഒഴിയ്ക്കുന്നുണ്ട്.അതിലുണ്ടാകുന്ന ഓരൊ പുതിയ ഇലയും,മൊട്ടും,പൂവും,അവളെ സന്തോഷിപ്പിയ്ക്കുന്നു...ഒപ്പം ഞങ്ങളും അത് ആസ്വദിയ്ക്കുന്നു..ജീവിതത്തിന്, ഏതൊ ഒരു "പൂര്‍ണതയുടെ" ഏതൊക്കെയൊ ചില അംശങ്ങള്‍ കണ്ടു പിടിച്ച പ്രതീതി..അമ്മുവിന്റെ ലോകത്തില്‍ ഇനിയും നിറയെ ചെടികളും പൂക്കളും നിറയ്ക്കുവാനുള്ള ശ്രമത്തില്‍ ആണ് ഞങ്ങളിപ്പോള്‍..അതിലൂടെ,ഈ ജീവിത തിരക്കിനിടയില്‍ അപൂര്‍വമായി മാത്രം വീണുകിട്ടുന്ന ഒരിത്തിരി ആത്മസംതൃപ്തിയും!