Tuesday, December 31, 2013

മരങ്ങൾ പുനർജ്ജനിയ്ക്കുമ്പോൾ...

ഇതിലേ.. ഇതിലേ..
എന്ന് കഴിഞ്ഞുപോയ കാലത്തെ
ഒരു മരം
വിളിച്ചുകൊണ്ടേയിരുന്നു...

ഘടികാരസൂചികളിൽ നിന്നും
നിമിഷങ്ങളിറ്റു വീണുടഞ്ഞ്
സ്വയം ജീവൻ വെടിയുന്നപോലെ
കാലം തെറ്റി നിലപതിച്ചുപോയ മരത്തിന്റെ
പൊത്തിൽനിന്നും
ഇറ്റുവീഴുന്ന ഓരോ ഓർമ്മക്കയത്തിലും പെട്ട്
ശ്വാസമോരോന്നായി പിടഞ്ഞുവീണു കൊണ്ടേയിരുന്നു...

ഏതോ ഒരു വേദന വൃക്ഷക്കൊമ്പിൽ നിന്നും കിനിഞ്ഞിറങ്ങി..

സാരമില്ല.
ഇവിടെ കാവലിരിയ്ക്കാം,
നിലംപോത്തിപ്പോയ മരത്തിനു വേണ്ടി.
ഈ കാലത്തിന്റെ ഇപ്പുറത്ത്.

കാലത്തിന്റെയപ്പുറത്ത്
ഏതോ നിമിഷത്തിൽ
ലോകം മുഴുവനും
ഒരു തൂവാല കണക്കെ താഴെ വീണുപോകുന്നവരെ....

ഇലകളിൽ ജലത്തുള്ളികൾ ഒഴുകിപ്പരന്ന്
ഇലഞരമ്പുകളിൽ
മിടിപ്പുകൾ മിടിച്ചുതുടങ്ങും വരെ...

ഒരു പുതുമഴയിൽ,
ഒരു ചുകന്ന വെയിലുദിപ്പിൽ,
ഏതോ താഴ്‌വരയിൽ അപ്പോൾ
എന്തിനോ കുറേ നീലപ്പൂക്കൾ പൂത്തുലയുംവരെ...

മരങ്ങൾ ഏറെ ഇനിയും
പുനർജ്ജനിയ്ക്കും വരെ...



1 comment:

ബൈജു മണിയങ്കാല said...

നഷ്ടങ്ങൾ ആണെങ്കിലും അവ പൂത്തുലയുന്ന വരികൾ