Thursday, October 16, 2008

ഒരു ചോദ്യം

അവന്‍ മുകളിലേയ്ക്കു നോക്കി, ആ കണ്ണുകളിലേയ്ക്ക്‌.

അയാളുടെ പുതിയൊരു നിറത്തിലുള്ള പാന്റില്‍ അവനേക്കാളും നീളമുള്ള കാലുകളോട്‌ അവന്‍ ചേര്‍ത്തു നിര്‍ത്തപ്പെട്ടു ഒരു നിമിഷം. അവന്റെ കുറ്റിമുടി അയാളുടെ അര മുറുക്കിയിട്ടുള്ള ബെല്‍റ്റിലെത്തുന്നില്ല.
ചുളിയാത്ത ഫുള്‍ സ്ലീവ്‌ കൈകളാല്‍ അവന്റെ മുഖം ഉയര്‍ത്തപ്പെട്ടപ്പോഴും, അവന്റെ കവിളില്‍ മീശ മറയ്ക്കുന്ന ചുണ്ടുകളാല്‍ വിറയ്ക്കുന്ന ഒരു ഉമ്മ പതിപ്പിച്ചപ്പോഴും അവന്‍ തിരിച്ചൊന്നും പറഞ്ഞില്ല. തല തിരിച്ചില്ല. ഉമ്മ കൊടുത്തില്ല.
ഒടുവില്‍ ഒരൊറ്റ പെട്ടി മാത്രമുള്ള ട്രോളി മുന്നിലേയ്ക്കുന്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ ടിക്കറ്റും പാസ്പോര്‍ട്ടും ഒരു പേനയും കുത്തനെ നിര്‍ത്തി വിമാനത്താവളമെന്ന കോണ്‍ക്രീറ്റ്‌ ഗുഹയിലേയ്ക്ക്‌ സാവധാനത്തിലയാള്‍ കയറിപോകുമ്പോള്‍ ആകാംക്ഷയോടെ അവന്‍ നോക്കി നിന്നു.
പക്ഷെ അവനു കരയാന്‍ തോന്നിയില്ല.

"അറിയോ? എന്റെ ഫ്രണ്ട്സ്‌ എല്ലാരും അവര്‌ടെ അച്ചന്മാരുടെ കൂടെയാ എപ്പഴും പൊറത്തു പോണ്‌. എനിയ്ക്ക്‌ മാത്രാ..
അച്ചനെന്തിനാ എന്നോടെപ്പഴും വരണ്ടാന്ന് പറയണത്‌?
കണ്ടോളൂ, അച്ചന്‍ ഫോണ്‍ ചെയ്യുമ്പോ ഞാന്‍നി മിണ്ടേല്യ. "

സന്ധ്യക്ക്‌ പഠിയ്ക്കാന്‍ പുസ്തകം തുറന്നപ്പോള്‍
തലേ ദിവസം എമര്‍ജന്‍സി ലാമ്പിന്റെ വെളിച്ചത്തില്‍ വൃത്തിയില്‍ പേരെഴുതി വെച്ചിട്ടുള്ള പെട്ടിയ്ക്കു മുകളിലിരുന്ന് എന്തൊക്കെയാ പറഞ്ഞത്ന്ന് അവനോര്‍മ്മ വന്നു.

അപ്പോഴാണ്‌
ഒരു മഴയത്ത്‌ അവനറിയാതെ എന്നാല്‍ അവനു മാത്രമായി വാങ്ങിക്കൊണ്ടുവന്ന സൈക്കിളോടിച്ച്‌ വീണുപൊട്ടിയ മുട്ടിലെ മുറിവ്‌ നീറാന്‍ തുടങ്ങിയത്‌.
മുന്‍പിലിരുന്ന പുസ്തകത്തിലെ അക്ഷരങ്ങള്‍ മുഴുവനും കണ്ണില്‍ കുതിര്‍ന്നത്‌.
കവിളത്തെ ഒരു ഉമ്മയില്‍ ഉപ്പുരസം കിനിഞ്ഞതും.

അച്ഛനെന്തേ ഒന്ന് തിരിഞ്ഞു നോക്കാഞ്ഞ്‌ എന്നെ?

Monday, October 13, 2008

ഓര്‍ത്തു പോയത്..

നീണ്ടൊരു അവധിക്കാലമധുരത്തിന്റെ ബാക്കിയില്‍ തൂങ്ങിയാടി മതിയായി. പൊടിയും മാറാലയും തട്ടി വെടിപ്പാക്കിയ അട്ടത്തേയ്ക്കു പെട്ടികള്‍ കേറ്റി വീട്‌ പഴയ പടിയിലാക്കിയെടുത്തു. പിന്നെ റംസാന്‍ മാസം കടന്നു പോയി. പെരുന്നാളവധിയും കഴിഞ്ഞു. ഇനിയെന്താ..
രാവിലെയുള്ള നടത്തം ഇനിയും തുടങ്ങിയിട്ടില്ല.
അല്ല, ഇരിയ്ക്കണോട്ത്ത്ന്നെണീറ്റ്‌ ഒരു പത്തടി നടക്കണോട്ത്തയ്ക്കങ്ക്ട്‌ വെയ്ക്കണ്ടേ?

വെറുതേ ഒരു മടി.

എന്നാലും ഇവിടത്തെ പ്രഭാത നടത്തം അധികമൊന്നും മുടങ്ങിപോവാറില്ല.
പൊള്ളുന്ന ചൂടില്‍ നല്ല പച്ച പുല്ലിന്റെ കുളിര്‍മ തരുന്ന ഒരിടം. ഇവിടെ സ്വതവേ കണ്ടുവരാറുള്ളതിലും കൂടുതല്‍ പക്ഷികളെ അപ്പോള്‍ കാണാം, മൈനകള്‍ ധാരാളം, കൊച്ചു കൊച്ചു കിളികള്‍ യഥേഷ്ടം, അപൂര്‍വം ചിലപ്പോള്‍ പണ്ടൊരിയ്ക്കല്‍ വല്യമ്മായിയെ പിറകില്‍ നിന്നും വിളിച്ച ഇവനേയും കണ്ടുമുട്ടും!
അവിടം രണ്ട്‌ റൗണ്ട്‌ നടക്കുക എന്നതാണ്‌ ഒരു കണക്കു വെച്ചിട്ടുള്ളത്‌, ഒരു റൗണ്ട്‌ നടക്കുമ്പോഴേയ്ക്കും വിയര്‍ത്തു തുടങ്ങും, പിന്നെ മടുക്കാന്‍ തുടങ്ങും, എങ്ങിനെയെങ്കിലും അവസാനിപ്പിച്ചോടാന്‍ തോന്നും. വീട്ടിലെത്തിക്കഴിഞ്ഞാല്‍ പക്ഷേ ഒരുത്സാഹതിമിര്‍പ്പാണ്‌.


ഇരുവശത്തും നീണ്ടു കിടക്കുന്ന റോഡാണ്‌, റോഡില്‍ ഓരോ തവണയും സിഗ്നല്‍ തുറന്നു വിട്ട്‌ ചീറിപ്പാഞ്ഞുവരുന്ന കാറുകളും, നടുക്കുള്ള പുല്‍ വിരിച്ച ഈ പച്ചപ്പായയില്‍ വരിയായി നില്‍ക്കുന്ന ഈന്തപ്പനകളും മറ്റു പേരറിയാത്ത മരങ്ങളും, രാത്രി മാത്രം നിറങ്ങളോടെ പ്രകാശിയ്ക്കുന്ന ചെറിയൊരു ഫൗണ്ടനും ഒക്കെയായി ഈയൊരു ഭാഗം നടക്കാന്‍ വേണ്ടിതന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണോ എന്നു തോന്നിയ്ക്കും. അവിടെ കുട്ടികള്‍ക്കു കളിയ്ക്കാനുള്ള സാമഗ്രികളോ ഒരു പാര്‍ക്കിന്റെ അന്തരീക്ഷമോ ഒന്നുംതന്നെയില്ല. എതിര്‍ ദിശകളിലേയ്ക്കു നീണ്ടു കിടക്കുന്ന രണ്ടു റോഡുകളുടെ നടുക്കു ഒരു പ്രത്യേകതയുമില്ലാത്ത നീണ്ടിട്ടൊരു കഷ്ണം. നടക്കന്‍ പറ്റിയ ഇടമായിരുന്നിട്ടും ആ നേരത്ത്‌ ആരേയും കണ്ടുമുട്ടാത്തത്‌ എന്നെ ചിലപ്പോഴെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ട്‌.

ആ ഭാഗം കാമറായിലൊന്നു പകര്‍ത്തി വെയ്ക്കണമെന്നെനിയ്ക്ക്‌ എന്നും തോന്നും. നടക്കാനിറങ്ങുമ്പോള്‍ ക്യാമറ കയ്യില്‍ കരുതുവാന്‍ തോന്നുമില്ല.
എന്നാലും അതിനു പറ്റിയ ഭാഗത്തു നിന്നുള്ള പല തരത്തിലുള്ള കാഴ്ചകള്‍ പല കോണുകളിലൂടെ നോക്കി വെയ്ക്കുന്നത്‌ ഒരു പതിവായി. എന്നിട്ട്‌ അയ്യേ, ക്യാമറ എട്ക്കായ്‌രുന്നു എന്നൊരു ആത്മഗതത്തിനിടയില്‍ തന്നെ ഒന്നുമാവാതെ അവ പൊടുന്നനെ പൊലിഞ്ഞുപോകുന്നത്‌ കാണാം.
അവിടെ ആ നേരത്ത്‌ കാതില്‍ കാറുകള്‍ പറക്കുന്ന ശബ്ദവും, പക്ഷികളുടെ ചിലയ്ക്കലുകളും മാത്രമാവും.
അവിടവിടെയായി പുല്ലു വൃത്തിയാക്കിയും, ഫൗണ്ടനിലെ വെള്ളം മാറ്റിയും, ഈന്തപ്പനകളെ ശുശ്രൂഷിച്ചും ഒന്നോ രണ്ടോ പുരുഷപ്രജകള്‍ വിഹരിയ്ക്കുന്നുണ്ടാവും.
മരങ്ങള്‍ക്കിടയിലൂടെ തണല്‍ നോക്കി വേഗത്തില്‍ നടക്കും ഞാന്‍, ഒറ്റയ്ക്ക്‌. വിയര്‍ക്കുവോളം.
എന്റെ കൂട്ടുകാരിയില്ലാതെ..
അവളുണ്ടെങ്കിലും അവളുടെ വാ തോരാത്ത വര്‍ത്തമാനം കേള്‍ക്കാനാ എനിയ്ക്കിഷ്ടം, എനിയ്ക്കു സംസാരിയ്ക്കാന്‍ പ്രത്യേകിച്ചൊന്നും ഉണ്ടാവാറില്ല.. മൂളിക്കൊടുക്കാനല്ലാതെ.. രണ്ട്‌ റൗണ്ട്‌ തീരുമ്പോഴേയ്ക്കും അവളെന്റെ ഒരിത്തിരി പിന്നിലായിട്ടുണ്ടാകും, കിതച്ചു കിതച്ച്‌ അപ്പോഴും നിര്‍ത്താതെ സംസാരിച്ചു കൊണ്ട്‌..

ഇപ്പൊ ചില നേരത്ത്‌ വീട്ടില്‍ നിന്നെറങ്ങാന്‍ മടി, നടക്കാനും മടി. അവളെ വിളിച്ചപ്പോള്‍ അത്‌ പറയുകയും ചെയ്തു. ഫോണില്‍ കൂടി നനുത്തൊരു ചിരി കണ്ടു.

ആളുകള്‍ വേഗം നടന്ന്, കുട്ടികളോടി കളിച്ച്‌ വിയര്‍പ്പൊലിപ്പിയ്ക്കുന്ന സായാഹ്നങ്ങളേക്കാള്‍,
പക്ഷികള്‍ കൂടണയാന്‍ കലപില കൂട്ടുന്ന, വഴിവിളക്കുകളെരിയാനൊരുങ്ങുന്ന സന്ധ്യകളേക്കാള്‍,
പുല്ലിലേയ്ക്കൂര്‍ന്നു വീഴുന്ന പ്രഭാതങ്ങളേ..
നിങ്ങളെനിയ്ക്കെത്ര പ്രിയപ്പെട്ടവരാണ്‌ എന്നൊന്നോര്‍ത്തുപോയതേയില്ലാ..!