Sunday, October 28, 2007

വാര്‍ത്തകള്‍ക്കു നാണമത്രേ...

വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍!...

എന്തൊക്കെയോ കൊണ്ട്‌..

അവയ്ക്ക്‌ ഭയമുണ്ട്‌ പോലും വാക്കിലെത്താന്‍...
വിറച്ചു കൊണ്ട്‌, വേച്ചു വേച്ച്‌ എങ്ങാനുമെ-
ത്തിയാല്‍ തന്നെ, ഉപയോഗിച്ചു മുഷിഞ്ഞ വിഴുപ്പു-
ഭാണ്ഡങ്ങളുടെ ഭാരം താങ്ങി, അര്‍ത്ഥങ്ങളുടഞ്ഞു പോയാലോ?

പിന്നെയോ...

അവയ്ക്കു ലജ്ജയുമുണ്ട്‌ പോലും വാക്കിലെത്താന്‍...
ഇനി വാക്കിലെത്തി, അര്‍ത്ഥവും പേറി, മുന്നിലെങ്ങാനും
നിരന്നുപോയാല്‍, വേദനകളും, ദുഃഖങ്ങളും 'വെറും'
വാക്കുകള്‍ മാത്രമായി കൊഴിഞ്ഞു വീണു പോയാലോ?

ഹൃദയമെന്ന വാക്കിന്‍ തുടിപ്പ്‌ പരിഹസിച്ചാലോ?
മനസ്സെന്ന വാക്കിന്നാത്മാവ്‌ പേടിച്ചോടിയാലോ?
മരണമെന്ന വാക്കിന്‍ ജീവനൊഴിഞ്ഞു പോയാലോ?
വെളിച്ചം കൊണ്ടു വരുന്ന വാക്കുകള്‍ അകന്നു നിന്നാലോ?

അതിലുമേറെയായി,

സ്വാര്‍ത്ഥതകളും, അഹങ്കാരങ്ങളും, ദുരാഗ്രഹങ്ങളും
പലവിധ മാനാഭിമാനങ്ങളുമെന്നുവേണ്ട, സാക്ഷാല്‍
'പാതകങ്ങളുമടക്കം', സകല ദുഷ്പേരും വീണ വാക്കുകള്‍
പോലും തിരിഞ്ഞു നിന്ന് കൊഞ്ഞനം കാണിച്ചെന്ന്!

അതുകൊണ്ടൊക്കെയാവാം,

വാര്‍ത്തകള്‍ക്കു നാണമത്രേ, വാക്കിലെത്തുവാന്‍...
എന്നിട്ട്‌, സാരിയുമുടുത്തൊരാ നാരീമണിതന്‍ നാവിന്‍-
തുമ്പിലും, വലിയ താളിലും, ഉടയാടകളില്ലാതെ,
വാക്കുകള്‍ക്കുമപ്പുറത്തെങ്ങോ
നാണിച്ചു നില്‍ക്കുന്നത്രേ വാര്‍ത്തകള്‍...

ഹാ! വാര്‍ത്തകള്‍ക്കു പോലും നാണം!

Thursday, October 25, 2007

ശ്രുതി ചേര്‍ന്ന വീണ.

ടാലന്റുണ്ട്‌, പര്‍ഫോമന്‍സ്‌ പോരാ
കണ്ണടച്ചതെന്തേ, ഐ കോണ്ടാക്റ്റ്‌ വേണ്ടേ,
പിച്ചും, ടെമ്പോം പര്‍ഫക്റ്റാണല്ലോ,
എന്നാലെന്തേ സ്റ്റേജ്‌ മുഴോനുമുപയോഗിച്ചീല?
ശാരീരവും നന്ന് ശരീരവും നന്ന്,
എന്നാലോ, കോസ്റ്റ്യൂമും ഹെയര്‍ സ്റ്റെയിലും അറുബോറ്‌!

ഇവ്വണ്ണം ചുട്ടുപൊള്ളും കമന്റ്സില്‍ വെന്തു നീറവേ
അന്വേഷിച്ചു നടന്നൂ അവന്‍, ഇക്കാലമത്രയും
അഭ്യസിച്ചൊരു സംഗീതത്തിന്‍ പാഠങ്ങളെ!
കണ്ണീരു തൂകി, അച്ഛനുമമ്മയും മിത്രങ്ങളും
ഏകാശ്രയമാമൊരെസ്സമ്മസ്സിനേ പൂജിച്ചു നില്‍ക്കേ,
മുന്‍പിലുയര്‍ന്നു പൊന്തീ ഭീമമാം രണ്ടു ചോദ്യചിഹ്നം.

സേഫ്‌ സോണോ, ഡെയ്ഞ്ചര്‍ സോണോ??

സോണുകള്‍ക്കിടയില്‍ പിടയുമ്മനമോടെ, കച്ചിത്തുമ്പായവര-
യച്ചൂ സരസ്വതീ ദേവിയ്ക്കുമൊരെസ്സമ്മസ്സ്‌ - സേഫാക്കാന്‍.
പാവം! അവനുമഛനുമമ്മയുമ്മറന്നുപോയത്രേ ഒരു കാര്യം,
പുഞ്ചിരിയും തൂകി, കമലത്തിലെഴുന്നൊരാ,
തൃക്കൈകള്‍ നാലുള്ളൊരാ വാണീ ദേവി തന്‍
മടിയിലമരുന്നത്‌ മൊബെയിലല്ല..

ശ്രുതി ചേര്‍ന്നൊരു വീണയാണെന്ന്!

Tuesday, October 23, 2007

പനിനീര്‍പൂ

"അമ്മേ,അമ്മേ.. തങ്കൂട്ടിയ്ക്ക്‌ മാത്രം സ്കൂളില്‌ പോണ്ട ട്ടൊ.. ഏട്ടന്‍ വേണങ്കില്‍ പൊക്കോട്ടെ.. ഇനിയ്ക്ക്‌ വീട്ടിലിര്‌ന്നാല്‍ മതി, ട്ടൊ അമ്മേ.. അമ്മേ ട്ടൊ.....ട്ടോ..."



മൂന്നര വയസ്സുള്ള തങ്കക്കുട്ടി അമ്മയുടെ സമ്മതത്തിന്റെ മൂളല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടി. രണ്ട്‌ രണ്ടര വയസ്സാകുമ്പോഴേയ്ക്കും തന്നെ നന്നായി സംസാരിയ്ക്കാന്‍ തുടങ്ങി കഴിഞ്ഞിരുന്നു അവള്‍, തങ്കം - അമ്മയുടേയും അച്ഛന്റേയും അഞ്ചില്‍ പഠിയ്ക്കുന്ന ഏട്ടന്റേയും തങ്കൂട്ടി -



ഇത്‌ പലതവണ ആവര്‍ത്തിച്ചപ്പോള്‍ അമ്മ ഉറപ്പിച്ചു, " ഉം... ഇവള്‍ സ്കൂളില്‍ പോകാറായാല്‍ വാശി പിടിയ്ക്കും എന്നതിന്‌ ഒരു സംശയവും വേണ്ട".. അമ്മ മാനസികമായും ശാരീരികമായും തയ്യാറെടുത്തു തുടങ്ങി. ബന്ധു മിത്രാദികളോട്‌ മുന്‍ കൂട്ടി പറഞ്ഞു വെച്ചു, "തങ്കം കരയുമെന്ന് ഉറപ്പാ.."



അങ്ങനെ തങ്കൂട്ടിയെ നേര്‍സറിയില്‍ ചേര്‍ക്കാനുള്ള സമയം അടുത്തെത്തിയപ്പോഴേയ്ക്കും അമ്മ ഒരു യുദ്ധത്തിനു വേണ്ട തയ്യാറെടുപ്പെടുത്തു കഴിഞ്ഞിരുന്നു. എന്തൊക്കെയാ വേണ്ടി വരാന്നറിയില്ലല്ലോ..



എന്നാല്‍, തങ്കക്കുട്ടി ഉത്സാഹത്തോടെ പുതിയ വാട്ടര്‍ബോട്ടിലും, ലഞ്ച്‌ ബോക്സും ഒക്കെ കടയില്‍ നിന്നും തിരഞ്ഞെടുത്തു. പുതിയ ബാഗില്‍ ബാര്‍ബിയുടെ ചിത്രം കണ്ട്‌ അവളുടെ മനസ്സ്‌ പൂത്തുലഞ്ഞു. അവളത്‌ നിലത്ത്‌ വെയ്ക്കാതെ കൊണ്ടു നടന്നു. വെള്ളം കുടി എപ്പോഴും പുതിയ വാട്ടര്‍ബോട്ടിലില്‍ നിന്നുമാക്കാന്‍ തീരുമാനിച്ചു. "തങ്കം, അത്‌ ഇപ്പൊ തന്നെ കേടു വരുത്തണ്ട" എന്ന അമ്മയുടെ സ്നേഹ ശാസനയൊന്നും ആ കുഞ്ഞു ചെവിയിലൂടെ പോയതേയില്ല. പുതിയ യൂണിഫോം തുന്നിച്ച്‌ അച്ഛന്‍ കൊണ്ടു വന്നപ്പോള്‍ സന്തോഷം കൊണ്ട്‌ തുളിച്ചാടി, "ഇപ്പൊ തന്നെ ഇത്‌ ഇടണം" എന്ന് പറഞ്ഞ്‌ അമ്മയുടെ പിന്നാലെ നടന്നു.



തങ്കക്കുട്ടിയുടെ സന്തോഷം അമ്മയുടെ മനസ്സിനെ ഒന്നയച്ചു വിട്ടു - "പുതിയ സാധനങ്ങളൊക്കെ കണ്ട്‌ മയങ്ങിയ സ്ഥിതിയ്ക്ക്‌ അവളിനി കരയില്ലായിരിയ്ക്കും..." ഒരു വ്യാമോഹം ഉള്ളില്‍ മൊട്ടിട്ടു.



ചേരലൊക്കെ കഴിഞ്ഞ്‌ നേര്‍സറിയില്‍ പോകേണ്ട ആദ്യ ദിവസമായി. തങ്കക്കുട്ടി ബാര്‍ബി ബാഗും, വാട്ടര്‍ ബോട്ടിലും, ലഞ്ച്‌ ബോക്സും, ഷൂസും സോക്സും ഒക്കെ എടുത്ത്‌ തയ്യാറായി. അമ്മയുടെ ഹൃദയ മിടിപ്പ്‌ വേര്‍തിരിച്ച്‌ കേള്‍ക്കാന്‍ തുടങ്ങി, "ഇപ്പൊ കരയും, ഇപ്പൊ കരയും" എന്ന് അമ്മ ഓരോ നിമിഷവും കാതോര്‍ത്തു. പക്ഷെ, അമ്മയുടെ വിരല്‍ത്തുമ്പ്‌ പിടിച്ചു കൊണ്ട്‌ സന്തോഷത്തോടെ തങ്കക്കുട്ടി ഗെയ്റ്റിനു പുറത്തു കടക്കുകയാണുണ്ടായത്‌.





സ്കൂളില്‍ ചെന്നപ്പോള്‍ സ്ഥിതി അതി ദയനീയം. കുട്ടികളുടെ അലമുറയിടല്‍ പുറത്തേയ്ക്ക്‌ കേള്‍ക്കാം. ടീച്ചര്‍മാരും ആയമാരും കുട്ടികളെ അകത്തേയ്ക്ക്‌ ബലമായി പിടിച്ചു കൊണ്ടു പോയി വാതിലടയ്ക്കുന്നു. അച്ഛനമ്മമാര്‍ എന്തു ചെയ്യണമെന്നറിയാതെ വ്യാകുല ചിത്തരായി, പുറത്ത്‌ തന്നെ നിലയുറപ്പിയ്ക്കുന്നു. ഒരു കൊച്ചു കുട്ടി നിലത്ത്‌ കിടന്നുരുണ്ട്‌ കരയാനുള്ള ശേഷി പോലും നഷ്ടപ്പെട്ട്‌, തേങ്ങല്‍ മാത്രം ബാക്കിയായി തുടുത്ത മുഖവുമായി മണ്ണില്‍ കിടക്കുന്നു. ആയ അവനെ പതുക്കെ എടുത്തു കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ട്‌, കുട്ടിയുടെ മാതാപിതാക്കളോട്‌ കണ്‍ വെട്ടത്ത്‌ നിന്നും മാറി നില്‍ക്കുവാന്‍ ആജ്ഞാപിയ്ക്കുന്നു.. അലിയുന്ന മനസ്സോടെ അച്ഛനമ്മമാര്‍ അവിടെ നിന്നും മാറി നില്‍ക്കുന്നു. അമ്മയുടെ വിരലിലെ കുഞ്ഞു കയ്യിന്റെ പിടി മുറുകി. അമ്മ സ്വയമറിയാതെ തന്നെ തങ്ക കുട്ടിയെ ഒക്കത്തെടുത്തു വെച്ചു പോയി. അവള്‍ അമ്മയുടെ തോളില്‍ തല ചായ്ച്ചു, ഭയത്തോടെ.



ഒരു ടീച്ചര്‍ വന്ന് അവളെ അമ്മയുടെ കയ്യില്‍ നിന്നും വാങ്ങി ക്ലാസ്സിലേയ്ക്ക്‌ കൊണ്ടു പോയി. അമ്മയുടെ ഹൃദയഭാരം വല്ലാതെ കൂടി, ഭാവപകര്‍ച്ചകളോടെ അമ്മ അവളെ തുളുമ്പുന്ന സ്നേഹവാല്‍സല്യങ്ങളോടെ നോക്കി.. തങ്കക്കുട്ടി ടീച്ചറുടെ തോളില്‍, അമ്മയെ നോക്കി മിണ്ടാതെ കിടക്കുന്നു!



അമ്മയ്ക്ക്‌ സമാധാനവും അഭിമാനവും ഒരുപോലെ തോന്നി, ആ രംഗം കണ്ടിട്ട്‌. മറ്റ്‌ മാതാപിതാക്കളും അദ്ഭുതത്തോടെ തന്നെ നോക്കുന്നുണ്ടെന്ന് അമ്മയ്ക്ക്‌ മനസ്സിലായി. "മോള്‍ക്ക്‌ ഒരു വാശിയുമില്ല ട്ടൊ, ഷി ഈസ്‌ പെര്‍ഫക്റ്റ്‌ ലി ആള്രൈറ്റ്‌.." ടീച്ചര്‍ അമ്മയോട്‌ പറഞ്ഞു, ക്ലാസ്സ്‌ കഴിഞ്ഞ്‌ തങ്കക്കുട്ടിയെ അമ്മയെ ഏല്‍പ്പിയ്ക്കുമ്പോള്‍. അന്ന് തങ്കക്കുട്ടിയ്ക്ക്‌ രണ്ട്‌ കവിളും നിറച്ച്‌ ഉമ്മകള്‍ കിട്ടി, അമ്മ വക.



മറ്റു മാതാപിതാക്കളുടെ 'കഷ്ടപ്പാടുകള്‍' അമ്മ ശ്രദ്ധാപൂര്‍വം കേട്ടു, ഉള്ളിലെ സന്തോഷം മറച്ചു വെച്ചു കൊണ്ട്‌. "മോള്‍ക്ക്‌ കരച്ചിലൊന്നുമില്ലേ.." തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ "ഏയ്‌ ഒട്ടുമില്ല" എന്ന് ഉത്സാഹത്തോടെ മറുപടി പറഞ്ഞു. തന്റെ ബന്ധുക്കളോടും അവര്‍ തെല്ലും ശങ്കകളില്ലാതെ സന്തോഷത്തോടെ പറഞ്ഞു, "തങ്കത്തിനൊട്ടും മടിയില്ല നേര്‍സറിയില്‍ പോകാന്‍" എന്ന്.





അങ്ങനെ തങ്കക്കുട്ടി അമ്മയുടെ മിടുക്കി കുട്ടിയായി ദിവസവും നേര്‍സറിയില്‍ പോയി വന്നു. രാവിലെ ചുറുചുറുപ്പോടെ എണീറ്റ്‌, പല്ലൊക്കെ തേച്ച്‌, ഒരു വാശിയും ബഹളവുമില്ലാതെ, ബസ്സില്‍ കേറി അമ്മയ്ക്ക്‌ റ്റാറ്റ കാണിച്ച്‌ ചിരിച്ചുകൊണ്ട്‌ പോവുകയും, ഉച്ചയ്ക്ക്‌ മിടുക്കിയായി അമ്മയുടെ അരികിലേയ്ക്ക്‌ ബസ്സില്‍ നിന്നും ഇറങ്ങി ഓടിയണയുകയും ചെയ്തു. അമ്മയ്ക്ക്‌ പുതിയ പുതിയ "റൈംസ്‌" ഒക്കെ പാടി കേള്‍പ്പിച്ചു കൊടുത്തു, അത്‌ മാത്രമല്ല, വീട്ടില്‍ വരുന്നവര്‍ക്കും വഴിയില്‍ പോകുന്നവര്‍ക്കും ഫോണിലും എന്നുവേണ്ട എല്ലാവര്‍ക്കും അവള്‍ ഉത്സാഹത്തോടെ റൈംസ്‌ പാടി കൊടുത്ത്‌, അവരുടെയൊക്കെ പ്രശംസ പിടിച്ചു പറ്റി. "സ്കൂളില്യ്ക്ക്‌ പോവാന്‍ തൊടങ്ങ്യോ"? എന്ന ചോദ്യങ്ങള്‍ക്ക്‌, "സ്കൂളില്യ്ക്കല്ല, തങ്കൂട്ടി നേര്‍സറീല്യ്ക്കാ പോണത്‌" എന്ന് തിരുത്തി കൊടുക്കന്നത്‌ കേട്ട്‌ അമ്മയ്ക്ക്‌ അവളോടുള്ള വിശ്വാസവും വര്‍ദ്ധിച്ചു വന്നു.



അപ്പോഴും മറ്റു പല കുട്ടികളും കരച്ചിലും വാശിയും തുടര്‍ന്നു കൊണ്ടിരുന്നു, അവരുടെ മാതാപിതാക്കളുടെ കഷ്ടപ്പാടുകളും. അമ്മയ്ക്കാണെങ്കിലോ, തയ്യാറാക്കി വെച്ചിരുന്ന 'യുദ്ധ സന്നാഹങ്ങള്‍' ഒരോന്നായി വലിച്ചെറിഞ്ഞ്‌, ആശ്വാസത്തോടെ ഇനി ഒന്നു കാലു നീട്ടിയിരിയ്ക്കാമല്ലോ എന്ന മട്ട്‌.





അങ്ങനെയിരിയ്ക്കെ, എല്ലാം ശാന്തമായപ്പോളാണ്‌ ഒരു ദിവസം തങ്കക്കുട്ടിയ്ക്ക്‌ ഒന്നിടയാന്‍ തോന്നിയത്‌. യോണിഫോമും ഷൂസും എല്ലാം ഇട്ട്‌ ബാഗും കയ്യില്‍ പിടിച്ച്‌ നില്‍ക്കുമ്പോള്‍, പെട്ടെന്ന് ഒരു ബോധോദയം."ഇനിയ്ക്കിന്ന് നേര്‍സറീല്‌ പോണ്ട " എന്നൊരൊറ്റ പിടിവാശി, അച്ഛന്റെ ചാരുകസേരയില്‍, കാലില്‍ന്മേല്‍ കാലും വെച്ചു കൊണ്ട്‌ ചാരി ഒറ്റയിരുത്തം. കാരണമൊന്നും കാണാനില്ല. അമ്മയും അച്ഛനും മാറി മാറി പലതും പറഞ്ഞു നോക്കി. തങ്കക്കുട്ടി ഇരുന്നിടത്തു നിന്നും ഒരിഞ്ചനങ്ങുന്നില്ല. "പോരെ പൂരം".. ഇനി ഇതെന്തൊക്കെ പൊല്ലാപ്പാണാവോ, എന്നായി അമ്മയ്ക്ക്‌. കാര്യം, "മടി തീരെയില്ലാന്ന്" എല്ലാവരോടും മേനി പറേം ചെയ്തു, കുട്ടിയാണെങ്കി ഒരിഞ്ചനങ്ങുന്നുമില്ല, സ്കൂള്‍ ബസ്സ്‌ വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയും..



ഒന്നു നിര്‍ബന്ധിച്ചെടുത്തു കൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ഉറക്കെ കരഞ്ഞ്‌, മുഖത്തെ കന്മഷിയും പൊട്ടും ഒക്കെ പരത്തി വില്ലു പോലെ വളഞ്ഞ്‌, അമ്മയുടേയും അച്ഛന്റേയും മനസ്സിനെ ഒന്നാട്ടിയുലച്ചു, ആ കൊച്ചു മിടുക്കി. രക്ഷയില്ലാതെ അച്ഛന്‍ അവളെ ചാരുകസേരയില്‍ തന്നെയിരുത്തി. അച്ഛന്റേയും അമ്മയുടേയും മുഖത്ത്‌ സംഭ്രമം.



അമ്മ ഇടയ്ക്കിടെ പുറത്ത്‌ എത്തി നോക്കി വന്നു കൊണ്ടിരിയ്ക്കുകയാണ്‌, സ്കൂള്‍ ബസ്സ്‌ ഏകദേശം വരാറായി. തങ്കക്കുട്ടി അമ്മടെ മുഖത്തേയ്ക്ക്‌ തന്നെ സൂക്ഷിച്ച്‌ നോക്കിയിരുപ്പും, മുഖവും വീര്‍പ്പിച്ച്‌. "ഇനി ഞാന്‍ സ്കൂളില്‍ പോവേ ഇല്ല" എന്നൊരു കടുത്ത തീരുമാനം ആ മുഖത്ത്‌ തറച്ച്‌ നിന്നു.



അവസാനം അമ്മയും അച്ഛനും കൂടി തങ്കക്കുട്ടിയുമായി ഒരനുനയത്തിലൂടെ കാര്യങ്ങള്‍ക്ക്‌ തീര്‍പ്പുണ്ടാക്കാമെന്ന് തീരുമാനിച്ചു. "ഇന്നു പോണില്ലെങ്കില്‍ പോണ്ട, പക്ഷെ നാളെ പോകണം... എന്താ പറ്റ്വോ?"

അച്ഛന്‍ തങ്കക്കുട്ടിയെ മടിയിലിരുത്തി ചോദിച്ചു. അമ്മ ശ്വാസം അടക്കി പിടിച്ച്‌ ക്ലോക്കിലേയ്ക്കും നോക്കി അങ്ങനെ നില്‍ക്കുമ്പോള്‍ ബസ്സ്‌ വന്നു നിന്നു, വൈകാതെ ഹോണടി തുടങ്ങി, ഡ്രൈവറംകിള്‍. അമ്മ ഓടി പോയി ഡ്രൈവറോട്‌ പറഞ്ഞു, തങ്കത്തിനെ ഇന്ന് വിടിണില്ല്യ എന്ന്.



പകുതി ആശ്വാസത്തോടെ അമ്മ അകത്തേയ്ക്ക്‌ കയറി വന്നപ്പോഴുണ്ട്‌ തങ്കകുട്ടി കസേരയില്‍ ഇരുന്ന് കുടുകുടാ ചിരിയ്ക്കുന്നു. അച്ഛന്‍ ഓഫീസിലേയ്ക്ക്‌ പോകാന്‍ തയ്യാറെടുത്തു കൊണ്ടിരിയ്ക്കുന്നു..



ബാഗ്‌ മടിയില്‍ വെച്ചു കൊണ്ട്‌, കുഞ്ഞിക്കൈകള്‍ കൊട്ടിക്കൊണ്ട്‌, കിന്നരിപല്ലുകള്‍ കാണിച്ചു കൊണ്ട്‌ അമ്മയുടെ മുഖത്തെ പിരിമുറുക്കം അയഞ്ഞു വരുന്നതും നോക്കിക്കൊണ്ട്‌ തങ്കക്കുട്ടി വിളിച്ചു പറഞ്ഞു -



"അയ്യേ.. തങ്കൂട്ടി പറ്റിച്ചേ, പറ്റിച്ചേ, നേര്‍സറീല്‌ പോണ്ടാന്ന് അമ്മെ പറ്റിയ്ക്കാന്‍ പറഞ്ഞതാണേ... അയ്യേ, പറ്റിച്ചേ, പറ്റിച്ചേ.."

ഒരു കിലുക്കാം പെട്ടി പോലെ അവള്‍ ചിരിച്ചു കൊണ്ടേയിരുന്നു, അമ്മ നില്‍ക്കണ നില്‍പും നോക്കി!



അപ്പൊഴേയ്ക്കും ആ ഓമന മുഖം ഒരു പനിനീര്‍ പൂ പോലെ ചുകന്നിരുന്നു!

Wednesday, October 10, 2007

ഒരു വായനാനുഭവം

അനാമികയുടെ സുവിശേഷങ്ങള്‍.
ഈ പുസ്തകം ഈയിടെയാണ്‌ വായിയ്ക്കാനിടയായത്‌. വായിയ്ക്കുമ്പോഴും, വായനയ്ക്കു ശേഷവും ഇങ്ങനെയൊരു കുറിപ്പെഴുതണമെന്ന് കരുതിയിരുന്നതല്ല, കാരണം ജീവിതത്തിലൂടെ ലേഖിക നടന്നു നീങ്ങിയ പാത, മനസ്സിന്റെ പാകപ്പെടല്‍, അതിന്റെ തലങ്ങള്‍ എല്ലാം സംശുദ്ധമായ, സത്യസന്ധമായ അനുഭവങ്ങളാണ്‌. വ്യക്തി ബന്ധങ്ങളെ പോലും വക വെയ്ക്കാതെ ഉള്ളില്‍ നിന്നും എഴുതിയത്‌. അവര്‍ സ്വായത്തമാക്കിയിട്ടുള്ള മനസ്സിന്റെ ഏകാഗ്രതയിലൂടെ, ധ്യാനത്തിലൂടെ കൈവരിച്ചിട്ടുള്ള ആത്മീയ ബോധം, തിരിച്ചറിഞ്ഞിട്ടുള്ള മനസ്സിന്റെ, ശരീരത്തിന്റെ, പ്രകൃതിയുടെ, എല്ലാം സൂക്ഷമഭാവങ്ങള്‍ ഇതെല്ലാം ആ എഴുത്തിലുടനീളം പരന്നു കിടക്കുന്നു. അതിലൂടെ അവര്‍ കൈവരിയ്ക്കുന്ന കരുത്തും സഹനശക്തിയും... അതിനെ കുറിച്ചെന്തെങ്കിലും എഴുതാനോ പറയുവാനോ അസാദ്ധ്യം (എനിയ്ക്ക്‌). എന്നിട്ടും, ഇപ്പോള്‍ കുറിച്ചിട്ടു, അത്‌ സത്യമായതു കൊണ്ടാവാം ഒരുപക്ഷേ, അല്ലെങ്കില്‍ ഈ വായനാനുഭവം എനിയ്ക്കു തന്നെയുള്ള ഒരോര്‍മ്മപ്പെടുത്തലായി ഇവിടെ നിലനില്‍ക്കട്ടെ എന്നും തോന്നി പോകുന്നു, അതുകൊണ്ടുമാവാം.
നിത്യ ജീവിതത്തില്‍, മനസ്സിന്റെ ഒഴുക്കിനൊത്ത്‌ മുകള്‍ തട്ടിലൂടെ മാത്രം സഞ്ചരിയ്ക്കുന്നതിനിടയില്‍ പലപ്പോഴും അറിയാതെ പോകുന്ന 'ജീവിത സത്യങ്ങളെയാണ്‌', സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഈ ചെറിയ പുസ്തകത്തില്‍ ശ്രീമതി ആശ.ജി. വൈക്കം വിവരിച്ചിരിയ്ക്കുന്നതെന്ന് പറയാതെ വയ്യ. അതില്‍ ഡോ.ശ്രീ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു.
"ഒരു ഉദാസീന വായനയ്ക്കല്ല, ധ്യാനത്തിനും സത്യാന്വേഷണത്തിനും വേണ്ടി ഒരുക്കപ്പെട്ടതാണീ ജീവിത രഹസ്യം" എന്ന്.
ഇതു വായിയ്ക്കുന്നതിനു വളരെ മുന്‍പു തന്നെ, പലപ്പോഴായി ശ്രീമതി. ആശയുമായുള്ള അഭിമുഖങ്ങള്‍ കണ്ടിരുന്നു. പക്ഷെ, അതില്‍ നിന്നും എന്തുകൊണ്ടോ അവരെ മനസ്സിലാക്കിയത്‌, അര്‍ബുദം എന്ന രോഗത്തെ ശുഭാപ്തി വിശ്വാസത്തോടും, സഹനശക്തിയോടും കൂടി ധൈര്യത്തോടെ അഭിമുഖീകരിച്ച ഒരു സ്ത്രീ, രോഗം നിശ്ശേഷം സുഖപ്പെട്ടതിനു ശേഷവും തെല്ലും ആശങ്കകളില്ലാതെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഒരു വനിത, ഇതൊക്കെയായിരുന്നു. പക്ഷെ ആ വിശ്വാസവും, ശക്തിയും എങ്ങനെ അവര്‍ നേടിയെടുത്തു എന്നോ, രോഗത്തിനു ശേഷം കരുത്താര്‍ജ്ജിച്ചതാണോ എന്നോ, ഒന്നുമതില്‍ നിന്നും മനസ്സിലാക്കിയതായി ഓര്‍ക്കുന്നില്ല. എന്നാലും, "രോഗം സ്ഥിതീകരിച്ചതിനു ശേഷം ഭര്‍ത്താവും മകനും മടിയില്‍ കിടന്നു കരയുമ്പോഴും ഒരു തുള്ളി കണ്ണു നീര്‍ തന്റെ കണ്ണുകളില്‍ നിന്നും വന്നിരുന്നില്ല" എന്ന വാക്യം എന്നില്‍ ഒരദ്ഭുതമായി തന്നെ അവശേഷിച്ചിരുന്നു. ഏകാഗ്രതയിലൂടെ സുതാര്യമാക്കിയെടുത്ത അവരുടെ മനസ്സിനെ അറിയാന്‍ കഴിഞ്ഞത്‌ ഈ പുസ്തകത്തിലൂടെ മാത്രമാണ്‌. ഒരു പുസ്തകവും ടെലിവിഷനും എന്നാല്‍ നമ്മുടെ ഉപബോധമനസ്സും ബോധമനസ്സും പോലെയാണെന്ന് തോന്നിപ്പോയി. പുറത്തേയ്ക്ക്‌ പ്രത്യക്ഷമാകുന്നതിന്റെ എത്രയോ ഇരട്ടി ആഴം അതിന്റെ അടിയിലേയ്ക്കുണ്ടാകും. വായനയിലൂടെ ആ ആഴമാണ്‌ മനസ്സിലാക്കാനാവുന്നതെന്നിപ്പോള്‍ തോന്നുന്നു.
ഇത്‌ വായിച്ചാസ്വദിയ്ക്കുവാനുള്ള ഒരു പുസ്തകമല്ല എന്നതും തോന്നി. അദ്ഭുതം, വിശ്വസിയ്ക്കാവുന്നതിനുമപ്പുറം, ഇതെല്ലാം എങ്ങനെ, എന്നൊക്കെയുള്ള ഒരു തരം അവസ്ഥയാണെനിയ്ക്ക്‌ ചില സമയങ്ങളില്‍ അനുഭവപ്പെട്ടത്‌. നമ്മെ നിയന്ത്രിയ്ക്കുന്ന മേറ്റ്ന്തോ ഉണ്ടെന്ന അറിവും അനുഭവവും, അത്‌ ദൈവമാവാം, പ്രകൃതിയാവാം.. അതെന്താണോ അതിലേയ്ക്കുള്ള പ്രയാണം, അതിലേയ്ക്ക്‌ അവനവനെ മറന്നു കൊണ്ടുള്ള ഒരുതരം "ലയനം" അതവനവന്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്‌, അത്‌ കണ്ടെത്തുമ്പോള്‍ സ്നേഹവും, ആര്‍ദ്രതയും, ശക്തിയും, ധൈര്യവും, സഹനവും എല്ലാം തനിയെ വന്നു ചേരുന്നു. അവനവന്‍ സ്വയം സഞ്ചരിയ്ക്കേണ്ടതും അനുഭവിച്ചറിയേണ്ടതും. അവിടെ ഉറ്റവരില്ല, പ്രിയപ്പെട്ടവരില്ല, അവനവന്‍ പോലുമില്ല! അതിന്‌ നിര്‍വചങ്ങളുമില്ല.. ഒളി മങ്ങാത്ത, ശാശ്വതമായ ആനന്ദമാണവിടെയുള്ളതെന്നുമവര്‍ പറയുന്നു. അതിന്റെ ഫലങ്ങള്‍, അദ്ഭുതത്തോടെയാണ്‌ ഞാന്‍ വായിച്ചറിഞ്ഞത്‌. വളരെ ലളിതമായ ഒരു പാതയിലൂടെ തന്നെ അതിലേയ്ക്കെത്തിയ്ക്കുവാന്‍ ആ എഴുത്തിനു കഴിയുന്നുണ്ട്‌.
രോഗബാധിതയാവുന്നതിനു മുന്‍പു തന്നെ ധ്യാനത്തിനായി ഒരുക്കപ്പെട്ട ഒരു ഭാവം അവരിലുണ്ടായിരുന്നുവെന്ന് വായിച്ചു പോകുമ്പോള്‍ മനസ്സിലാക്കാം. അങ്ങേയറ്റത്തെ ഏകാഗ്രത കൈവരിയ്ക്കാന്‍ തക്കവണ്ണമുള്ള ഒരു ഘടനയാണ്‌ ആ മനസ്സിനുള്ളതെന്ന് തോന്നി, ശ്രുതി ശുദ്ധമായ ശബ്ദം ഒരു ഗായകനില്‍ നിന്നും തനിയെ ഉയരുന്ന പോലെ. അപ്പോളത്‌ ജന്മസിദ്ധമായ ഒരു കല തന്നെയോ? അതോ ധ്യാനം തന്നെയോ കല?
"ഞാന്‍" എന്ന ഭാവത്തിനെ മറന്ന് കൊണ്ട്‌, മനസ്സിനെ ഏകാഗ്രമാക്കി അതിന്റെ ഉള്ളിനെ തൊട്ടറിയുക എന്ന പ്രക്രിയയെ ധ്യാനം എന്നോ meditation എന്നോ വിളിയ്ക്കാം. സ്വന്തം ശരീരത്തിലും മനസ്സിലും നടക്കുന്ന സൂക്ഷ്മാനുഭവങ്ങളെ മൂന്നാമതൊരാളെ പോലെ കണ്ടുമനസ്സിലാക്കുക എന്നത്‌ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒന്നല്ലല്ലോ. ഈയൊരു പ്രക്രിയ, ശാരീരികവും മാനസികവുമായുണ്ടാക്കുന്ന ഫലങ്ങള്‍, അതിന്റെ അനുഭവതലങ്ങള്‍, മാനസിക പരിവര്‍ത്തനങ്ങള്‍ എല്ലാം വളരെ സൂക്ഷ്മമായി, വലിയൊരു "ആശയമായി" തന്നെ ഇതില്‍ വിവരിച്ചിട്ടുണ്ട്‌. ധ്യാനം എന്നാല്‍ അവരുടെ ഭാഷയില്‍ വളരെ വ്യക്തമാണ്‌. സൂര്യനെ നോക്കിയിരുന്ന് ധ്യാനത്തിലേയ്ക്ക്‌ വഴുതി വീണതും, കൈ എത്താവുന്ന ദൂരത്തില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പച്ചില പമ്പിന്റെ സൗ ന്ദര്യം ആസ്വദിച്ച്‌ അതില്‍ മനസ്സലിഞ്ഞു പോയതും വിവരിയ്ക്കുന്നുണ്ട്‌. അവരുടെ മനസ്സ്‌ പലപ്പോഴും പ്രകൃതിയോടാണ്‌ അലിഞ്ഞു ചേരുന്നത്‌. ഇഷ്ടജനത്തേക്കാളും സന്തോഷം തരാന്‍ പ്രകൃതിയ്ക്കാവുന്നുണ്ടെന്നവര്‍ അറിഞ്ഞ നിമിഷങ്ങളെ പറ്റിയും പറയുന്നു.
അതുപോലെ അര്‍ബുദം എന്ന മാരകരോഗത്തിനെ അവര്‍ ഇഷ്ടപ്പെട്ടു തുടങ്ങുന്ന ഒരവസ്ഥയെ കുറിച്ചുള്ള വിവരണം ഉണ്ടതില്‍, അതുപോലെ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക്‌ നടന്നു പോയത്‌ "ഒരു ധീര യോദ്ധാവിനെ" പോലെ എന്നും അതിലവര്‍ പറയുന്നു. അങ്ങനെ അവര്‍ പിന്നിടുന്ന ഓരോ "പരീക്ഷണ" ഘട്ടങ്ങളേയും അതിന്റെ പരമാവധി ലോലതയിലൂടേയും മനോഹരമായുമാണവര്‍ എഴുതിയിരിയ്ക്കുന്നത്‌! കാന്‍സറിനെ ഒരു പാഠപുസ്തകം പോലെ അവര്‍ തുറന്നു വെച്ചിരിയ്ക്കുന്നു. അതിലെ ഓരോ ഏടും ഒരു പൂവിതളിന്റെ നൈര്‍മ്മല്യത്തോടെ ചിത്രീകരിച്ചിരിയ്ക്കുന്നു. രോഗം സമ്മാനിയ്ക്കുന്ന അതി കഠിനങ്ങളായ വേദനയും, പരീക്ഷണങ്ങളും, ആ മനോഹരമായ എഴുത്തിനുള്ളില്‍ ഒളിഞ്ഞു കിടക്കുന്നു, മരണത്തെ കുറിച്ചുള്ള ചിന്തയുടെ ഒരു നിഴല്‍ പോലും വീഴാതെ.. ധ്യാനത്തിന്റെ ഗുണഗണങ്ങള്‍ അവരും സ്വയമതിലൂടെ അനുഭവിച്ചറിയുന്നു!
ജീവിത പരീക്ഷണങ്ങളെ കുറിച്ച്‌ അവരുടെ വാക്കുകള്‍ ഇങ്ങനെ -
"ദുഃഖം അറിവിന്റെ നിറപേടകങ്ങളാണെന്ന സത്യം ഞാന്‍ തൊട്ടറിഞ്ഞു. ഓരോ വീഴ്ചയും പരാജയമല്ല, വിജയമാണ്‌ ഉദ്ഘോഷിയ്ക്കുന്നത്‌. ഓരോ വീഴ്ചയിലും അറിവിന്റെ വെണ്മുത്തുകള്‍ വാരി ഞാന്‍ ഉയിര്‍ത്തെഴിന്നേല്‍ക്കുന്നു. വീഴചയില്‍ പതറിയാല്‍ അതിനു സാധിയ്ക്കുകയില്ല. വീണി കിടക്കുമ്പോള്‍ നാം സ്വാസ്ഥ്യം കൈവരിയ്ക്കണം. അത്‌ നേടിയാല്‍ അറിവിന്റെ അക്ഷയനിധി മുന്‍പില്‍ തുറക്കുകയായി. അത്‌ അനുധാവനതയോടെ നുകര്‍ന്നു നാം ജീവിതം അറിയണം; ചൈതന്യം അറിയണം. വലിയ ചങ്ങാടത്തിലേറി ശാന്തിവീചിയിലൂടെ പ്രയാണം ചെയ്യുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്‌ തട്ടിയും തടഞ്ഞും കുത്തൊഴുക്കിലൂടെ സഞ്ചരിയ്ക്കാനാവുക. അത്‌ സാഹസികമാണ്‌, ഉത്സാഹമാണ്‌, അനുഭവങ്ങളുടെ വൈവിദ്ധ്യഖനികളാണ്‌."
ഒരു നിസ്സംഗതയുടെ കവചം അണിഞ്ഞ്‌, തന്റെ ശരീരത്തില്‍ നടക്കുന്നതും, മനസ്സില്‍ നടക്കുന്നതും, മറ്റുള്ളവരുടെ ഉള്ളില്‍ നടക്കുന്നതും എല്ലാം നോക്കി കാണാനാവുന്ന അവസ്ഥ. അവയോട്‌ ദേഷ്യമോ, ഇഷ്ടമോ, വെറുപ്പോ, ഒന്നും ഇടകലര്‍ത്താതെ തന്നെ... അതുപോലെ വേദന കൊണ്ട്‌ പുളയുമ്പോഴും ആത്മീയതയിലൂടെ അതിന്റെ ശക്തിയിലൂടെ മനസ്സിനെ ശാന്തമാക്കാന്‍ കഴിയുന്ന ഒരവസ്ഥ. ആ ആത്മീയതയാണെന്നെ ആകര്‍ഷിച്ചത്‌. അത്‌ വിശാലമായ ഒരു ശാന്തി തീരം പോലെ തോന്നും. ചെടികള്‍ക്കൊപ്പം ധ്യാനത്തിലലിഞ്ഞു ചേരുന്ന അവസ്ഥകള്‍.. പ്രകൃതിയോടലിഞ്ഞു ചേരുന്ന, കണ്ണനും യേശുവും, സൂര്യനും ചന്ദ്രനും, അതുപോലെ മുരുകേശനും ഗണേശനും പാര്‍വതിയും (അതവരുടെ വീട്ടിലെ തെങ്ങുകള്‍ക്കിട്ടിരിയ്ക്കുന്ന പേരുകളാണ്‌) പിച്ചിപ്പൂക്കളും, അവരുടെ ടെറസ്സിലെ ഗ്രീന്‍ ഹൗ സ്സും, അടുത്തുള്ള പള്ളിപ്പറമ്പും എല്ലാം ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ഒരാത്മീയ പ്രപഞ്ചം. ആ പ്രപഞ്ചം തന്നെയായിരുന്നു അവരുടെ ശക്തിയുടേയും, കരുത്തിന്റേയും സ്രോതസ്സ്‌.
"മനുഷ്യന്റെ മനോഭാവങ്ങളാണ്‌ സുഖദുഃഖങ്ങള്‍ക്ക്‌ കാരണം. അവ തുളുമ്പാതെ ഹൃദയത്തിലേറ്റിയാല്‍ സാവധാനം നിസ്സംഗത കൈവരിയ്ക്കാം. പിന്നീട്‌ കയ്പും മധുരവും സമചിത്തതയോടെ, അനുധാവനതയോടെ നുകരാനാകും. പതുക്കെ മനസ്സ്‌ ശാന്തിതീരത്തണയും".
അവരുടെ വാക്കുകള്‍, കേട്ടു പഴകിയ തത്വങ്ങളെയെല്ലാം അനുഭവത്തിന്റെ ചൂടോടെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. അതിന്റെ ആവേശം എന്നിലുണരുന്നുണ്ടായിരുന്നു. ഇതുവരെ പ്രയാണം ചെയ്തിട്ടില്ലാത്ത പാതകളിലേയ്ക്കായിരുന്നു, അതിലെ ഓരോ വാക്കുകളും തുറന്നു തന്നത്‌.. ചില സമയത്ത്‌ എന്റെ ശ്വാസോച്ഛ്വാസം ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു, എനിയ്ക്കെത്തിപ്പിടിയ്ക്കാനാവാത്ത ഏതൊക്കെയോ അനുഭവതലങ്ങള്‍ അതിലൂടെ വായിച്ചറിഞ്ഞു.

വായനയ്ക്കു ശേഷം പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ജീവിതത്തിന്റെ പരിക്ഷണ ഘട്ടങ്ങളില്‍, വിശ്വാസാവിശ്വാങ്ങളുടെ ഇടയില്‍ പെട്ടുഴലുന്നതാവുമോ മനുഷ്യന്റെ ഏറ്റവും ദയനീയമായ ഭാവങ്ങള്‍? ഇഷ്ടജനങ്ങളുടെ സ്നേഹവും സാമീപ്യവും പ്രദാനം ചെയ്യുന്ന ആനന്ദം ശാശ്വതമായതല്ലെന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ എന്റെ മനസ്സ്‌ അസ്വസ്ഥമായി. അതേ സമയം ഉറ്റവരും പ്രിയപ്പെട്ടവരും നിസ്സഹായരായി, ദുഃഖത്തോടെ, വിശ്വാസാവിശ്വാസങ്ങളെ മാറ്റി വെച്ച്‌ എന്തും ചെയ്യാന്‍ തയ്യാറായി പകച്ചു നില്‍ക്കുന്ന അവസ്ഥയെ കുറിച്ചും ഞാന്‍ ചിന്താധീനയായി. മനുഷ്യനൊരുപക്ഷെ ഏകാന്തതയെ ഇഷ്ടപ്പെടുന്നതപ്പൊഴായിരിയ്ക്കാം, ആത്യന്തികമായി എല്ലാവരും ഒറ്റയ്ക്കാണെന്നറിയുമ്പോള്‍, അപ്പോളവന്‍ സ്വന്തം ശക്തിയും, ധൈര്യവും തിരിച്ചറിയുമായിരിയ്ക്കാം. ഓരോ മനുഷ്യനും അനന്തമായ അജ്ഞാതമായ ശക്തി വിശേഷമാണെന്നവര്‍ പറയുന്നുണ്ട്‌. എനിയ്ക്കു ഭയം തോന്നി.
അര്‍ബുദരോഗികള്‍ക്കോ അല്ലെങ്കില്‍ സമാനമായ മറ്റു നിസ്സഹായതകളില്‍ പെട്ടുഴലുന്നവര്‍ക്കോ മാത്രമല്ല, മനുഷ്യര്‍ക്കൊക്കെ അവശ്യം വേണ്ടുന്ന "ഒരാശയത്തിന്റെ", ആഴത്തിലും പരപ്പിലും മനോഹരമായ ഭാഷയിലൂടെ ഒരു അദ്ഭുത പ്രപഞ്ചം തന്നെ അതിലൂടെ അനുഭവിയ്ക്കാം..
പക്ഷെ,
അവരറിഞ്ഞ ആ ശാന്തി തീരം, അല്ലെങ്കില്‍ മനസ്സിന്റെ ആ സ്നിഗ്ദ്ധത, ഒരു രോഗിയ്ക്ക്‌ കേവലം വായന കൊണ്ടു മാത്രം കൈവരിയ്ക്കാനാവുന്നതാണോ എന്നൊരു സംശയം മാത്രം ബാക്കി എന്നില്‍ നില്‍ക്കുന്നുണ്ട്‌. അതിലെ അനുഭവതലങ്ങള്‍ ആഴമേറിയതാണ്‌. മനസ്സിന്റെ താളം തെറ്റി നില്‍ക്കുമ്പോള്‍ ഒരാശ്വാസത്തുമ്പിനു വേണ്ടി വായിയ്ക്കേണ്ടുന്ന ഒരു പുസ്തകമല്ല അതെന്നത്‌ സത്യമാണ്‌!. അര്‍ബുദമെന്ന രോഗത്തെ അതിജീവിയ്ക്കുന്ന പശ്ചാതലം അതിനുണ്ടെങ്കിലും ഒരു 'കൗണ്‍സ്സിലിങ്ങിന്റെ' ഭാഷയിലല്ല അതെഴുതപ്പെട്ടിട്ടുള്ളത്‌, മറിച്ച്‌, ഉള്ളിന്റെ ചൈതന്യത്തെ തൊട്ടറിഞ്ഞ്‌ ജീവിത പരീക്ഷണഘട്ടങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട്‌ ആടിയും ഉലഞ്ഞും, ധ്യാനത്തിലൂടെ അപൂര്‍വമായ തലങ്ങളിലൂടെ മുന്നേറുന്ന, ആ വ്യക്തിയ്ക്കു മാത്രം സ്വന്തമായ ഒരനുഭവസമ്പത്ത്‌.
"നമ്മുടെ കഴിവു കൊണ്ടല്ല നാം ഒന്നും ചെയ്യുന്നത്‌, എല്ലാം ഈശ്വരന്റെ വരദാനം. നമുക്കതീതമായ ഒരു ശക്തിവിശേഷം ഇവിടെയുണ്ട്‌. അജ്ഞതയുടെ താഴ്‌വരയില്‍ കഴിയുന്ന നാം വിചാരിയ്ക്കുന്നു, നമ്മുടെ സാമര്‍ഥ്യം കൊണ്ടാണ്‌ എല്ലാം നേടുന്നതെന്ന്. നാം ഉപകരണം. ജീവിതത്തിന്റെ സൂക്ഷ്മതലത്തിലേയ്ക്ക്‌ കണ്ണോടിച്ചാല്‍ അത്‌ അറിയാനാകും. അപ്പോള്‍ പതനത്തില്‍ നാം കരയുകയില്ല, വിജയത്തില്‍ അഹങ്കരിയ്ക്കയുമില്ല. എല്ലാ പ്രവൃത്തിയിലും ഈശ്വര സാന്നിദ്ധ്യം അറിയുമ്പോള്‍ ജീവിതം ധന്യമായി. കര്‍മ്മം പരിശുദ്ധമായി. അതാണ്‌ തപസ്സ്‌. എപ്പോഴും ആര്‍ക്കും ചെയ്യാവുന്ന തപസ്സ്‌."
ഇതും ഹൃദയത്തോട്‌ ചേര്‍ത്തു വെയ്ക്കാവുന്ന അതിലെ വരികളില്‍ മറ്റൊന്ന്. അനുഭവത്തിന്റെ ചൂടേന്തി നില്‍ക്കുന്ന വരികള്‍.